മണിവാക: ഭാഗം 81

manivaka

രചന: SHAMSEENA FIROZ

പാർവതിയോടും തിലക രാമനോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങിയ ചിഞ്ചുവിന്റെ മിഴികൾ വീണ്ടും അകത്തളത്തിലേക്ക് നീങ്ങി.. ചൈതന്യയോട് സംസാരിക്കാൻ ചെന്നിരുന്നുവെങ്കിലും ചൈതന്യ ചിഞ്ചുവിനെ അൽപ്പം പോലും പരിഗണിച്ചിരുന്നില്ല.. ദേഷ്യത്തോടെ തന്നെ നില കൊണ്ടു ചൈതന്യ.. ഒരുവട്ടമെങ്കിലും ചന്ദന പുറത്തേക്ക് വരുമെന്ന പ്രതീക്ഷയിൽ കാറിനരികിലേക്ക് നടക്കുന്നതിനിടയിൽ ചിഞ്ചു രണ്ട് മൂന്ന് വട്ടമായി തിരിഞ്ഞു നോക്കി. "ചന്ദു വന്നു സംസാരിക്കാനായി കാത്ത് നിൽക്കുകയായിരുന്നോ നീ..? നീയാണ് അങ്ങോട്ട് അവളോട് സംസാരിക്കേണ്ടത്.. ഇത്രയും നേരം ഞാൻ കരുതി ഇറങ്ങുന്നതിനു മുൻപായെങ്കിലും നീയത് ചെയ്യുമെന്ന്.. അതുകൊണ്ടാണ് ഒന്നും ചോദിക്കാതെയിരുന്നത്. ഇതുപോലെ ഉരുകുന്ന ഹൃദയവുമായി നീ വരേണ്ടതില്ല ചിഞ്ചു.. എന്ത് കാര്യത്തിന് വേണ്ടിയാണു ഈ യാത്രയെന്നു നിനക്ക് അറിയാമല്ലോ..?

ആരോഗ്യം വീണ്ടെടുക്കുവാനാണ്.. ശരീരം സുഖപ്പെടുമ്പോഴേക്കും നിനക്ക് ചിലപ്പോൾ മനസ്സ് നഷ്ടപ്പെട്ടേക്കാം.. ഈ ഭാരമിറക്കി വെച്ചു പോയാൽ മതിയെടി നമുക്ക്.." "ചന്ദു.. ചന്ദുവെന്നോട് മിണ്ടില്ല പപ്പാ.. ക്ഷമിക്കുകയുമില്ല.. ആ വെറുപ്പ് കാണുവാൻ എനിക്ക് കഴിയില്ല പപ്പാ.. അത് സഹിക്കുവാൻ ആകില്ലെനിക്ക്.. വസുവിന് മുന്നിൽ നിൽക്കുവാനുണ്ടായ കരുത്തെനിക്ക് ചന്ദുവിനു മുന്നിൽ ചെന്നു നിൽക്കുവാൻ ഇല്ല പപ്പാ.. അവൾക്കെന്നോട് അത്രയേറെ വെറുപ്പാണ് ഇപ്പോൾ.." രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞു പോയി ചിഞ്ചു.. "നിന്റെ ചന്ദുവല്ലെ.. നിന്നെ വെറുക്കാൻ അവൾക്ക് സാധിക്കില്ലന്നെന്റെ മനസ്സ് ഉറച്ചു പറയുന്നു ചിഞ്ചു.. നിന്നെയെന്നല്ല.. ലോകത്ത് ആരെയും വെറുക്കാൻ സാധിക്കില്ലവൾക്ക്.. ഇത്രയും നേരമായിട്ടും നീ സംസാരിക്കാൻ ചെല്ലാത്തത് അവളെ വേദനിപ്പിക്കുന്നുണ്ടാകും. അപ്പോൾ നീ പറയാതെ പോകുന്നത് കൂടെ ആയാലോ.. ചെല്ല്.. പെട്ടന്ന് ചെന്നു പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ തീർത്തിട്ട് വാ.." എബ്രഹാം ചിഞ്ചുവിനെ അകത്തേക്ക് പറഞ്ഞയച്ചു.

ചന്ദന തന്റെ മുറിയിൽ ജനലോരം ചേർന്ന് നിൽക്കുകയായിരുന്നു. മുൻവശത്തേക്ക് തുറക്കുന്ന ജനലാണത്. അവിടെ നിന്നാൽ മുറ്റവും ഗേറ്റും മുന്നിലെ മണ്ണിട്ട പാതയുമെല്ലാം കാണാം.. അരികിൽ കാൽപെരുമാറ്റം അറിഞ്ഞിട്ടും ചന്ദന തിരിഞ്ഞു നോക്കിയില്ല. അടുത്ത നിമിഷം ചന്ദനയുടെ തോളിലേക്ക് ചിഞ്ചുവിന്റെ മുഖമമർന്നു.. ചുടു നീര് ചുമലിലൂടെ ഒഴുകിയിറങ്ങി അത് ചന്ദനയുടെ വസ്ത്രം നനച്ചു തുടങ്ങി. അപ്പോഴും ചന്ദന ശില കണക്കെ നിന്നു. പക്ഷെ മനസ്സിന്റെ വേദന കണ്ണുകളിലൂടെ പുറത്തേക്ക് പ്രവഹിച്ചിരുന്നു.. "ഒന്നു സംസാരിക്കടി.. ഒന്നു ദേഷ്യപ്പെടുകയെങ്കിലും ചെയ്യെന്നോട്.. ചൈതു പറയുന്നത് പോലെ ഇനി ഒരിക്കലും ഇവിടേക്ക് വരണ്ടന്നു പറയു.. മാപ്പ് പറഞ്ഞാലും തീരുകില്ല.. വെറുക്കല്ലേടീ.." ചിഞ്ചുവിന്റെ കരച്ചിൽ ഉച്ചത്തിലായി.. ഇരു കൈകൾ കൊണ്ടും ചന്ദനയെ മുറുകെ വട്ടം ചേർത്തു പിടിച്ചു ചിഞ്ചു..

"അപ്പോൾ നീ എന്നോട് പറയാതെ പോകുമായിരുന്നോ ചിഞ്ചു..?" തല ചെരിച്ചു ചിഞ്ചുവിനെ നോക്കിക്കൊണ്ടായിരുന്നു ചോദ്യം.. ചിഞ്ചുവിനതിന് മറുപടിയില്ലായിരുന്നു. വിതുമ്പി വിറച്ചു കൊണ്ട് നിന്നു.. "പറയു.. ഈ നേരമിത്രയായിട്ടും നീ എന്തുകൊണ്ടാണ് എന്നോട് സംസാരിക്കാഞ്ഞത്..?" ചന്ദന വീണ്ടും ചോദിച്ചു. "ചൈതുവിനെ പോലെ നീയുമെന്നെ വെറുത്തു കാണുമെന്നു കരുതി.." ചിഞ്ചു വിങ്ങി പറഞ്ഞു.. ചന്ദന മിണ്ടാതെ പുറത്തേക്ക് മിഴികൾ നീട്ടി നിന്നതേയുള്ളൂ. "സണ്ണിയായിരുന്നു ആ ആളെന്ന് നീ എന്നോട് പറയാതിരുന്നതെന്തേ..? " ചിഞ്ചു മറുപടി പറഞ്ഞില്ല.. "തുടക്കത്തിൽ തന്നെ തിരസ്കരിക്കപ്പെട്ടത് കൊണ്ടോ..? സണ്ണി ഇന്ന് ഒറ്റയ്ക്കാണ് ചിഞ്ചു.. സണ്ണിയ്ക്ക് ആരുമില്ല.." ചന്ദന പറഞ്ഞു.. അപ്പോഴും ചിഞ്ചു മൗനിയായി നിന്നു.. "സണ്ണി.. സണ്ണി മാത്രമല്ല.. ആ മനുഷ്യനും.. സാന്ദ്ര ഇല്ലെന്നത് എനിക്ക് വിശ്വസിക്കുവാനാകുന്നില്ല.. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം താലി ചാർത്തിയവളാണ്.. ആ അവളാണ് മരണപ്പെട്ടു പോയിരിക്കുന്നത്.. എന്തിനാണ് അവൾ തനിച്ചാക്കി പോയി കളഞ്ഞത്..

അത്രയേറെ അവൾ ആഗ്രഹിച്ചിരുന്നതല്ലേ..? അവൾക്ക് സംഭവിച്ചതിൽ ആ മനസ്സ് പിടഞ്ഞു കാണില്ലേ.. ഇന്നും വേദനിക്കുന്നുണ്ടാകില്ലേ അദ്ദേഹം.." ചന്ദന എങ്ങോ മിഴികൾ നട്ടു ആരോടെന്നില്ലാതെ പറയുന്നുണ്ട്.. "ഇല്ല.. വസു ഒരിക്കലും സാന്ദ്രയെ സ്നേഹിച്ചിരുന്നില്ല.." ചിഞ്ചു ആ കരച്ചിലിനിടയിലും ഉറപ്പിച്ചു പറഞ്ഞു.. "അത് നിനക്ക് ഇപ്പോഴല്ല.. പണ്ടും അറിയുമായിരുന്നു.." ചന്ദന ചിഞ്ചുവിനെ നോക്കിയൊന്നു പുഞ്ചിരിച്ചു.. അത്രമേൽ വേദന കലർന്നൊരു പുഞ്ചിരി.. ചിഞ്ചുവിന്റെ മിഴികൾ കവിളുകളിൽ ചാലു തീർത്തു കൊണ്ടേയിരുന്നു. "എനിക്ക് നിന്നെ വെറുക്കുവാൻ ആകില്ല ചിഞ്ചു.. നിന്നെയെന്നല്ല ആരെയും.. പക്ഷെ ഇപ്പോൾ ആരോടും അടുക്കുവാനും സാധിക്കുന്നില്ല.. ഒരു സ്നേഹത്തിനും മനസ്സ് തണുപ്പിക്കാൻ കഴിയുന്നില്ല. അത്രയേറെ കല്ലിച്ചു പോയിരിക്കുന്നു അകം മുഴുവനും.. നിന്നോട് എനിക്ക് ദേഷ്യമുണ്ട് ചിഞ്ചു.. അതൊരിക്കലും എന്നെ ഓർത്തല്ല.. ആ മനുഷ്യനെ ഓർത്താണ്.. നീ എന്നാൽ അത്രയേറെ ഇഷ്ടവും വിശ്വാസവുമായിരുന്നു.. നിന്നോട് ഒന്നു ദേഷ്യപ്പെട്ടത് കൂടിയില്ലല്ലോ.. എങ്ങനെ കഴിഞ്ഞത്ര ശാന്തമായിരിക്കാൻ അദ്ദേഹത്തിനു..?" ചന്ദന വീണ്ടും പറയുന്നുണ്ട്..

ചന്ദന എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ചെയ്താലും താൻ ചെയ്തത് വെച്ചു നോക്കുമ്പോൾ അതൊക്കെ കുറഞ്ഞു പോകുകയേയുള്ളൂവെന്ന് ചിഞ്ചുവിന് അറിയാമായിരുന്നു.. ഇതിൽ ഏറെ.. ഇതിനേക്കാൾ എത്രയോ കൂടുതൽ താൻ അർഹിക്കുന്നുണ്ട്.. "എന്തിനാണിപ്പോൾ അമേരിക്കയ്ക്ക് പോകുന്നത്..? അമ്മ പറഞ്ഞുവല്ലോ നീ നാളെ പോകുകയാണെന്ന്.." ഒട്ടൊരു നേരത്തെ മൗനത്തിനു ശേഷം ചന്ദന ചോദിച്ചു. "പപ്പയ്ക്ക് ഒപ്പം.. പപ്പ തനിച്ചല്ലേ.." അങ്ങനെയാണ് ചിഞ്ചുവിന് അപ്പോൾ പറയാൻ കഴിഞ്ഞത്. "പപ്പ തനിച്ചാകുന്നത് ഓർത്തിട്ടൊ.. അതോ നീ തനിച്ചാണെന്ന് കരുതീട്ടോ..? നിനക്ക് ഇവിടെ ആരുമില്ലെന്ന് തോന്നിയോ..? " "എന്നല്ല.. പപ്പയ്ക്ക് ഞാൻ വാക്കു നൽകി കൂടെ പോന്നോളാമെന്ന്.." "ഇനി എപ്പോഴാണ് നാട്ടിലേക്ക്..? " ചന്ദന തിരക്കി.. "അറിയില്ല.. ചിലപ്പോൾ ഉടനെ ഉണ്ടാകില്ല.." "പോകുന്നതിന് മുന്നേ സണ്ണിയെ ഒന്നു കാണാമായിരുന്നില്ലേ..? " "അത്.. അത് വേണ്ട.. സണ്ണിയെ ഞാൻ ഹോസ്പിറ്റലിൽ വെച്ചു കണ്ടിരുന്നു.. നിന്നെ കാണുവാൻ വന്ന നാളുകളിൽ.." ചിഞ്ചു പറഞ്ഞു..

"സണ്ണിയെ വെറുത്തു കളഞ്ഞോ നീ..? നിനക്കിനി സണ്ണിയെ സ്നേഹിക്കുവാൻ കഴിയുകില്ലേ..?" ചിഞ്ചു വീണ്ടും നിശബ്ദയായി.. "പറയു ചിഞ്ചു.. സണ്ണിയ്ക്ക് ആരുണ്ട് ഇന്ന് കൂട്ടിന്.. സണ്ണിയ്ക്ക് ഒരുവളെ ഇഷ്മായിരുന്നു.. ആരെന്നും എന്തെന്നുമറിയാത്ത.. എവിടുത്തുകാരിയാണെന്നു പോലുമറിയാത്ത ഒരുവളെ ആരോരുമറിയാതെ സണ്ണി പ്രണയിച്ചു പോന്നിരുന്നു.. അത്രമേൽ നിശബ്ദമായി.. അത് നീയായിരുന്നു ചിഞ്ചു.. അത് സണ്ണി തിരിച്ചറിയാൻ വൈകിയെന്നു മാത്രം.. അവിടുത്തെ അമ്മയോട് ശരൺ പറഞ്ഞിരുന്നുവത്രേ അങ്ങനൊന്ന്.. നിന്റെ മനസ്സിൽ സണ്ണിയ്ക്ക് എങ്ങനെ അങ്ങനൊരു സ്ഥാനമുണ്ടായി എന്ന് നിന്റെ പപ്പ സണ്ണിയോട് ഹോസ്പിറ്റലിൽ വെച്ചു പറയുമ്പോൾ മാത്രമാണ് സണ്ണി അത് നീയാണെന്ന് തിരിച്ചറിയുന്നത്.. സണ്ണിയാ വേദന ശരണിനോട് പങ്കു വെച്ചിരുന്നു.. അവിടുത്തെ അമ്മയോട് കാര്യങ്ങളൊക്കെ പറയുന്ന കൂട്ടത്തിൽ ശരൺ ഇതും പറഞ്ഞിരുന്നെന്ന്.." ചന്ദന പറഞ്ഞു.. ചിഞ്ചുവിന്റെ ഹൃദയമൊന്നു വിറച്ചു.. ആ ഹൃദയത്തിനടിത്തട്ടിൽ ഇനിയൊരിക്കലും തളിർക്കില്ലാത്ത വിധം വാടി കരിഞ്ഞു പോയ തന്റെ എക്കാലത്തെയുമാ പ്രണയം തന്നെ പരിഹസിക്കുന്നതായി തോന്നി അവൾക്ക്..

മുള്ളു പോൽ അത് തന്നെ വരയുന്നു.. അതിൽ നിന്നും വീണ്ടും വീണ്ടും ചോര കിനിയുന്നു.. എങ്കിലുമാ ഓർമകളിൽ വേദനിക്കുവാൻ തയാറല്ലായിരുന്നവൾ.. തിരസ്കരിക്കപ്പെട്ടവളാണ് താൻ.. ഒന്നല്ല.. പലവട്ടമായി ആ തിരസ്കരണം ഏറ്റു വാങ്ങിയവളാണ്.. നിസ്വാർത്ഥമായ തന്റെ പ്രണയത്തിന് വില ഇട്ടവനാണ് സണ്ണി.. മറ്റെന്തിലുമിന്നവൻ സ്നേഹവും സഹതാപവും അർഹിക്കുന്നുണ്ടെന്നാലും തന്റെ മനസ്സിനും പ്രണയത്തിനും മുന്നിൽ ഇനിയതുണ്ടാകുകില്ല.. അവിടെയൊരു സ്ഥാനമിനി സണ്ണിയ്ക്ക് ഒരിക്കലും നൽകുവാൻ തനിക്ക് സാധിക്കുകയുമില്ല. ചിഞ്ചു മിഴികൾ ഇറുകെ ചിമ്മി. പെയ്യാൻ അവശേഷിച്ചു നിന്ന തുള്ളികൾ പുറത്തേക്കൊഴുകി..

ചന്ദു നോക്കി കാണുകയായിരുന്നു ചിഞ്ചുവിന്റെ വേദന. അവൾ എത്രമാത്രം സണ്ണിയെ സ്നേഹിച്ചു കാണണം.. ആ മനസ്സാണ് സണ്ണിയാൽ മുറിവേറ്റത്.. മുറിവേറ്റ മനസ്സിന്റെ വേദന ശമിക്കുവാൻ ചിലപ്പോൾ കാലങ്ങൾ വേണ്ടി വന്നേക്കാം.. താനും അങ്ങനൊരുവൾ അല്ലേ..? തനിക്ക് എന്നെങ്കിലും നിഖിലിനോട് ക്ഷമിക്കുവാനോ പൊറുക്കുവാനോ ജീവിതത്തിൽ ഇനിയൊരു സ്ഥാനം നൽകാനോ സാധിക്കുമോ..? ചിഞ്ചു മുറിവേൽക്കപ്പെട്ടത് ഒരു തരത്തിലും താൻ മറ്റൊരു തരത്തിലും. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്..? ആരെയാണ് ശിക്ഷിക്കേണ്ടത്..? ആരെയാണ് ഇന്ന് അകറ്റേണ്ടത്..? ആർക്കുമാർക്കും ഒന്നിനുമൊന്നിനും സാധിക്കുകയില്ല.. അങ്ങനൊരു സ്നേഹത്തിന്റെ.. വേദനകളുടെ.. കടപ്പാടിന്റെ.. ബന്ധങ്ങളുടെ.. കണ്ണിയാൽ കോർക്കപ്പെട്ടിരിക്കുന്നു പരസ്പരമെല്ലാവരും.. ചന്ദന പതിയെ ഒന്നു നിശ്വസിച്ചു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story