മണിവാക: ഭാഗം 82

manivaka

രചന: SHAMSEENA FIROZ

"""""രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ... നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ... വിളി കേൾക്കുമെങ്കിൽ... പൊന്നേ... ഇനിയേത് ദ്വീപിൻ കോണിൽ... ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ..... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... ആളിയാളും സൂര്യതാപം മേയും കരയിൽ... കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ... നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും... ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ... തിര കേണു ചൊല്ലീ... മെല്ലെ... ഇനിയേത് ജന്മം... എങ്ങോ... ഒരുപോലെ നമ്മൾ... ചേർന്നു പാടും... ആ... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... അലപോലവൾ എന്നിൽ... വല നെയ്തൊരു സ്വപ്നം മിഴിമൂടുമീ നേരം... ഇരുൾ വീശുമീ നേരം... മായുമോ... മാറുമോ... കനൽ കാർമേഘം..""""" രണ്ടാഴ്ചയോളമായി ചന്ദന പോയിട്ട്.. വസുവിന്റെയുള്ളിലൊരു വിരഹ കടൽ ആർത്തിരമ്പുകയായിരുന്നു..

ഒരുവട്ടം അകന്നതാണ്.. നഷ്ടമായതാണവളെ.. അത് എന്നെന്നേക്കുമായാണെന്നും അവൾ മറ്റൊരു പുരുഷനു സ്വന്തമാണെന്നും വിശ്വസിച്ചു പോന്നിരുന്നു.. വൃതാ..മറക്കാൻ ഒരു ശ്രമം നടത്തിയിരുന്നു.. ഇനിയൊരിക്കലും തന്റേത് ആകില്ലന്നും തന്നിലേക്ക് എത്തി ചേരുകയില്ലന്നും കരുതിയിരുന്നവളാണ് നിനച്ചിരിക്കാത്ത നേരത്ത് വീണ്ടും വന്നു ചേർന്നത്.. തന്നെ സന്തോഷപ്പിച്ചത്.. ഒന്നുമൊന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് തോന്നിപ്പിച്ചത്.. ജീവിക്കാൻ ഉത്സാഹവും കരുത്തും തന്നത്.. വീണ്ടും സ്വപ്നങ്ങൾ കാണുവാൻ പ്രേരിപ്പിച്ചത്.. പ്രതീക്ഷയിലായിരുന്നു താൻ.. എന്നിട്ടും.. വസുവിന്റെ മിഴികൾ നനവാർന്നു.. പോയതിൽ പിന്നെ തന്നെയൊന്ന് കാണണമെന്ന് തോന്നിയില്ലല്ലോ..? പോകുമ്പോൾ പോലും തന്നോടൊന്ന് സംസാരിച്ചതില്ലല്ലോ.? കാറിൽ അത്രയും കനത്ത നിശബ്ദത മാത്രമായിരുന്നു.. താൻ സംസാരിച്ചതിന് മാത്രം ഒന്നോ രണ്ടോ വക്കിൽ മറുപടി ഒതുക്കിയ ചന്ദന.. എന്ത് ചെയ്യുകയായിരിക്കുമിപ്പോൾ. തന്നെ ഓർക്കുന്നുണ്ടാകുമോ..? ഇനിയൊരിക്കലും ഓർക്കുകില്ലേ..?

താൻ പോകണമായിരുന്നോ അതിന് ശേഷം അവിടേക്ക്..? വിളിക്കണമായിരുന്നോ ഒന്നു..? ചന്ദനയ്ക്ക് അതൊരു അസ്വസ്ഥതയായി തീരേണ്ടന്ന് ഓർത്താണ് അതിനൊന്നും മുതിരാത്തത്.. ശരൺ പറഞ്ഞത് പോലെ ചന്ദനയ്ക്ക് വളരെയേറെ സമയം വേണ്ടി വന്നേക്കാം. എങ്കിലും ഈ അകൽച്ച തനിക്ക് സഹിക്കുവാൻ കഴിയാത്തത് ആണെന്ന് തോന്നി വസുവിനു.. ഇതിനു മുന്നേയുള്ള അവസ്ഥകളിൽ പോലും താൻ ഇത്രയും വേദനിച്ചിട്ടില്ലന്നുമോർത്തു അവൻ.. വസു സിറ്റിയിലെ പ്രമുഖ കമ്പനികളിൽ ഒന്നിൽ ജോലിക്ക് പ്രവേശിച്ചിരുന്നു.. രാവിലെ പോയാൽ വൈകുന്നേരത്തോടെയാണ് തിരിച്ചെത്തുന്നത്.. ചന്ദനയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യതയും വേദനയും ഒരു പരിധി വരെ ഇല്ലാതെയാക്കുവാൻ വേണ്ടിയാണു അടുത്ത ദിവസം തന്നെ കമ്പനിയിൽ പോയി തുടങ്ങിയത്. എങ്കിലും ദിവസങ്ങൾ വളരെ വിരസതയാർന്നതായിരുന്നു വസുവിനു. ഒന്നിലുമൊന്നിലും സന്തോഷിക്കുവാനോ സന്തോഷം കണ്ടെത്തുവാനോ വയ്യാത്തൊരു അവസ്ഥ...

ചന്ദനയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.. അന്നേ ദിവസം തന്നെ ചിഞ്ചു വീട്ടിൽ നിന്നും പോയിരുന്നു.. പിറ്റേ ദിവസം വൈകുന്നേരത്തോടെ അമേരിക്കയ്ക്കും. പോകുന്ന വേളയിൽ വീണ്ടും ചൈതന്യയോട് യാത്ര പറയാൻ മുറിക്കകത്തോളം ചെന്നിരുന്നുവെങ്കിലും അപ്പോഴും ചൈതന്യ ചിഞ്ചുവിനോടുള്ള ദേഷ്യവും അകൽച്ചയും അതുപോലെ തന്നെ നില നിർത്തി.. ചന്ദനയ്ക്ക് അതിൽ പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല. ചിഞ്ചുവിനു വേണ്ടി ചൈതന്യയോട് സംസാരിക്കാനും പോയിരുന്നില്ല ചന്ദന.. തനിക്കു ക്ഷമിക്കാനും മറക്കാനും കഴിഞ്ഞത് പോൽ ചൈതന്യയ്ക്ക് ആകണമെന്നില്ലല്ലോ എന്നായിരുന്നു ചന്ദനയുടെ ഉള്ളിലെ ചോദ്യം.. താൻ അനുഭവിച്ചതു തന്റെ ഭർത്താവിൽ നിന്നുമാണ്.. അത് തനിക്ക് അങ്ങനെ സമാധാനിക്കുവാൻ കഴിയും.. പക്ഷെ ചൈതുവോ..? അവൾ നേരിട്ടത്..? അത് അവളുടെ മനസ്സിൽ എക്കാലവും അതുപോലെ തന്നെ കിടക്കും.. വലിയൊരു മുറിപാടായി.. അതിൽ എപ്പോഴും ഒരു വിധത്തിൽ എങ്കിലും അതിന് കാരണക്കാരിയായ ചിഞ്ചുവിനോടുള്ള ദേഷ്യവും മുന്നിട്ട് നിൽക്കും..

ചന്ദന സുഖപ്പെട്ട വിവരമറിഞ്ഞു ഒരിക്കൽ സേതുരാമനും സുമിത്രയും വന്നിരുന്നു അവളെ കാണുവാനും ക്ഷമ ചോദിക്കുവാനും... ആട്ടിയെന്നത് പോലെയാണ് തിലകരാമൻ അവരെ ഇറക്കി വിട്ടത്.. നിഖിലിന്റെ പ്രൊപോസലിൽ അവർക്കുണ്ടായ താല്പര്യവും നിർബന്ധവും അവനെ കുറിച്ച് അത്രയേറെ നല്ലഭിപ്രായങ്ങളുമായിരുന്നു രണ്ട് പേർക്കുമെന്നതിനാലാണ് നിഖിലിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാത്തതും ആ വിഷയത്തിൽ കൂടുതൽ ചിന്തിക്കാതെ ഉടനെ വിവാഹം നടത്തിയതും.. സേതുരാമനും സുമിത്രയ്ക്കും നിഖിലിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ ധാരണകൾ ഇല്ലായിരുന്നുവെന്നത് അവര് ഇപ്പോഴാണ് പറയുന്നത്.. അതുകൂടെ ആയപ്പോൾ തിലകരാമന് നിയന്ത്രണം വിട്ടു പോയി. ഇനിയീ പടിക്കൽ കണ്ട് പോകരുത് എന്ന് പറഞ്ഞാണ് രണ്ട് പേരെയും മടക്കിയത്. എന്നാൽ ചന്ദനയ്ക്ക് അവരോട് വലുതായി വിദ്വേഷമൊന്നും തോന്നിയിരുന്നില്ല.. സ്വന്തം മകളുടെ കാര്യത്തിൽ അച്ഛനു ഇല്ലാതിരുന്ന ശങ്കകളും ആവലാതികളും ചെറിയച്ഛനുണ്ടാകുമോ..?

ചെറിയച്ഛന് എത്രയൊക്കെ അടുപ്പമുള്ള ആളാണ് എങ്കിലും മകളെ ഏല്പിക്കുന്നവനെക്കുറിച്ച് അച്ഛൻ അന്വേഷിക്കേണ്ടതല്ലേ..? അതെങ്കിലും തനിക്ക് വേണ്ടി അന്ന് അപ്പായ്ക്ക് ചെയ്യാമായിരുന്നു.. എന്നിട്ടിപ്പോ ചെറിയച്ഛനെ ഓടിച്ചു വിടുന്നു. ചന്ദനയ്ക്ക് ചിരിയാണത് കണ്ടപ്പോൾ വന്നത്. നിഖിൽ ഇപ്പോഴും ജീവച്ഛവമായി ഒരേ കിടപ്പ് കിടക്കുകയാണെന്ന് സുമിത്ര ചെറിയമ്മ ആ അൽപ്പ നേരത്തിനുള്ളിൽ പറയുന്നത് കേട്ടിരുന്നു.. നിഖിലിനോട് വെറുപ്പ് അല്ലാതെ യാതൊരു തരത്തിലുള്ള അനുകമ്പയോ അലിവോ ചന്ദനയ്ക്ക് തോന്നിയില്ലങ്കിലും തനിക്ക് എങ്ങനെ ഒരു മനുഷ്യന്റെ പച്ച മാംസത്തിലേക്ക് കത്തി കുത്തിയിറക്കി ആ പരുവത്തിൽ ആക്കുവാൻ സാധിച്ചു എന്ന അതിശയമായിരുന്നു അവൾക്ക്.. ഇന്നുവരെ ഉറുമ്പിനെ നോവിച്ചൊരു ഓർമ പോലുമില്ല.. ഒരു നോട്ടം കൊണ്ട് പോലും ഒരു വ്യക്തിയെയും വേദനിപ്പിക്കാത്ത താൻ തന്നെയാണോ അന്നത് ചെയ്തത്.. ചൈതുവിനു വേണ്ടി.. ചൈതുവിനു വേണ്ടി മാത്രമാണ് അന്ന് താൻ പ്രതികരിച്ചത്.. തന്റെ കൈകൾ ഉയർന്നത്..

ചന്ദനയ്ക്ക് ഒരേ സമയം വേദനയും അറപ്പും തോന്നി.. പോയതിൽ പിന്നെ ചിഞ്ചു മൂന്ന് തവണയായി പാർവതിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു.. പാർവതി തന്നെയാണ് ഏറെയും സംസാരിച്ചത്.. ചന്ദന ഒന്നോ രണ്ടോ വാക്കുകൾ സംസാരിച്ചു പാർവതിയ്ക്ക് ഫോൺ കൈമാറുകയായിരുന്നു. ചന്ദന പഴയതിലും ഉൾവലിഞ്ഞു പോയിരുന്നു.. പാർവതിയോട് പോലും അധിക സംസാരമില്ല. ചൈതന്യയോട് മാത്രമാണ് അൽപ്പമെങ്കിലും. അത് ചൈതന്യ ഒരു നിമിഷം പോലും മാറാതെ ചന്ദനയ്ക്ക് അരികിൽ തന്നെ ചിലവഴിക്കുന്നത് കൊണ്ടായിരുന്നു. തിലകരാമന്റെ സ്നേഹമാണ് ചന്ദനയെ കൂടുതൽ വീർപ്പു മുട്ടിച്ചത്.. ആ സ്നേഹമിപ്പോൾ തന്നെ തണുപ്പിക്കുകയല്ല.. പകരം തപിപ്പിക്കുകയാണെന്ന് തോന്നി ചന്ദനയ്ക്ക്.. ദിനങ്ങൾ ചെല്ലവേ ചന്ദന ആ വീട്ടിൽ ഇല്ലെന്നത് പോലെയായി. അത്രമേൽ ഒരു ഒതുങ്ങി കൂടൽ. മുറിയിൽ നിന്നും പുറത്തിറങ്ങാത്ത വണ്ണം.. തിലകരാമനെയും പാർവതിയെയും അത് വലിയ ദുഃഖത്തിലാഴ്ത്തി.. വീണ്ടുമവളുടെ മനസ്സിന്റെ താളം തെറ്റിയേക്കുമോ എന്നവർ ഭയപ്പെട്ടു..

ഒരു പകൽ എബ്രഹാം വിളിച്ചപ്പോൾ തിലകരാമൻ ചന്ദനയെ കുറിച്ചുള്ള തന്റെ ആധി പ്രകടിപ്പിച്ചു.. ചന്ദനയെ കൌൺസിലിംഗിന് വിധേയമാക്കുക എന്നാണ് എബ്രഹാം നിർദേശിച്ചത്.. ഹോസ്പിറ്റലിലാണെങ്കിൽ നോർമൽ സ്റ്റേജ്ലേക്ക് എത്തുമ്പോൾ തന്നെ പലവട്ടമായി കൌൺസിലിംഗിന് വിധേയമാക്കുമായിരുന്നു.. ഒരു കൗൺസിലിംഗ് ഇപ്പോൾ ചന്ദനയ്ക്ക് അത്യാവശ്യം ആണെന്നും നാളേക്ക് വിളിച്ചു അപ്പോയിന്മെന്റ് എടുക്കാമെന്നും പറഞ്ഞാണ് എബ്രഹാം അപ്പോൾ കാൾ അവസാനിപ്പിച്ചത്.. രാത്രിയോടെ എബ്രഹാം വീണ്ടും വിളിച്ചു.. "Dr മോഹൻ ദാസ് നാളെയും മറ്റന്നാളും ഹോസ്പിറ്റലിൽ ഉണ്ടാകും.. അടുത്ത ദിവസം വിദേശത്തേക്ക് മടങ്ങുകയാണ്.. നാളെത്തെ അപ്പോയിന്മെന്റ് റെഡിയാക്കിയിട്ടുണ്ട്.. ഉച്ചയോടെ അവിടെത്തണം.." എബ്രഹാം പറഞ്ഞു.. തിലകരാമന് അത് ആശ്വാസമായി തോന്നി..

"ചന്ദനയോട് സംസാരിച്ചോ ഇതെക്കുറിച്ച്..? " എബ്രഹാം ചോദിച്ചു.. "ഇല്ല.. ഇപ്പോൾ സംസാരിക്കണം.." തിലകരാമൻ പറഞ്ഞു. "അവൾ സമ്മതിച്ചില്ലങ്കിലോ..? അവൾക്ക് വരാൻ താല്പര്യമില്ലന്ന് പറഞ്ഞാൽ..?" എബ്രഹാം സംശയിച്ചു. അപ്പോഴാണ് തിലകരാമനും അതേക്കുറിച്ച് ചിന്തിക്കുന്നത്. ചന്ദന എതിര് പറയുമോ.? "ചന്ദനയുടെ കയ്യിൽ കൊടുക്കു.. ഞാൻ സംസാരിക്കാം അവളോട്.." തിലകരാമന്റെ അപ്പോഴത്തെ സങ്കർഷം മനസ്സിലാക്കി എബ്രഹാം പറഞ്ഞു.. തിലക രാമൻ മുറിയിലേക്ക് ചെല്ലുമ്പോൾ ചന്ദന കട്ടിലിനു ഒരുവശം ചേർന്ന് വെറുതെ കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.. അവൾ ഏതൊക്കെയോ ഓർമകളിൽ ആണെന്നും എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണെന്നും താൻ അരികിൽ ചെന്നിട്ടും മിഴികൾ പോലും വെട്ടിക്കാതെ കിടക്കുന്നവളെ കണ്ട് അയാൾ മനസ്സിലാക്കി... അവളുടെ ചുമലിൽ ഒന്നു തട്ടി വിളിച്ചു എബ്രഹാം ആണെന്ന് പറഞ്ഞു ഫോൺ കൈമാറി വെളിയിലേക്ക് പോയി അയാൾ.. പത്തിരുപതു മിനുട്ട്കൾക്ക് ശേഷമാണു ചന്ദന ഫോണുമായി പുറത്തേക്ക് വരുന്നത്..

ആ മുഖത്ത് ചോദ്യ ഭവങ്ങളോ മറ്റുമോ ഒന്നുമില്ലായിരുന്നു.. അത് എബ്രഹാം അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടാണെന്നു ഉറപ്പിച്ചു തിലകരാമൻ.. ചന്ദന ഫോൺ തിരികെ നൽകി അപ്പോൾത്തന്നെ അകത്തേക്ക് പോകുകയും ചെയ്തു. "ചന്ദനയ്ക്ക് കുഴപ്പമൊന്നുമില്ല.. ഒരു കൗൺസിലിംഗ് അവളും ആഗ്രഹിക്കുന്നുണ്ടെന്നാണ് പറഞ്ഞത്.. അത്രമേൽ അവൾക്ക് മനസ്സ് നഷ്ടപ്പെടുന്നുണ്ടെന്നു.. ചില നേരത്ത് ആകെയൊരു ശൂന്യത.. മറ്റു ചില നേരത്ത് വേദന.. ആരോടൊക്കെയോ ദേഷ്യം.. അനിഷ്ടം.. അങ്ങനെ എന്തൊക്കെയോ ഉള്ളിൽ നിറയുകയാണെന്ന്.. അവിടെ മറ്റൊന്നുമിപ്പോൾ അവശേഷിക്കുന്നില്ലന്ന്.. മറ്റൊന്നിനും സ്ഥാനം നൽകാൻ കഴിയുന്നില്ലെന്ന്.. ഒതുങ്ങി കൂടുന്നതിന് അനുസരിച്ച് അവളുടെ ഈ മനോഭാവം വർധിക്കുകയെയുള്ളൂ.. അവളെ മറ്റ് എന്തെങ്കിലും കാര്യങ്ങളിലായി എൻഗേജ് ചെയ്യിപ്പിക്കാൻ ശ്രദ്ധിക്കണം. ഏതായാലും നാളെത്തന്നെ പോകൂ.. പതിയെ ശെരിയാകും. ആവശ്യമായ സമയം നൽകിയാൽ മതി അവൾക്ക്.. ഞാൻ വസുവിനോട് പറയാം നാളെ പോകുന്നുണ്ടെന്നു.. അവൻ വരും കൂടെ.. അവൻ കൂടെ ഉള്ളത് നല്ലതായിരിക്കും." എബ്രഹാം പറഞ്ഞു.. തിലക രാമൻ മറുത്തു പറഞ്ഞില്ല.. അതാശ്വാസമായി തോന്നിയിരുന്നു അയാൾക്ക്...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story