മണിവാക: ഭാഗം 83

manivaka

രചന: SHAMSEENA FIROZ

വസു രാവിലെ ഏഴു മണിയോടെ വന്നിരുന്നു.. അപ്പോഴെങ്കിലും പുറപ്പെട്ടാൽ മാത്രമേ ഉച്ചയോടെ കൊച്ചിയിൽ എത്താൻ സാധിക്കുകയുള്ളൂ.. പുറത്തേക്ക് ഇറങ്ങിയ ചന്ദന, മുറ്റത്തു കിടക്കുന്ന വസുവിന്റെ കാർ കണ്ടൊന്ന് ശങ്കിച്ചു.. അതിനകത്തിരുന്നു വസുവും നോക്കി കാണുകയായിരുന്നു ചന്ദനയെ.. ഒരുക്കങ്ങളൊന്നുമില്ലാതെ ഒരു കോട്ടൺ ചുരിദാർ ധരിച്ചു നിൽക്കുന്ന ചന്ദന.. നീണ്ട മുടിയിഴകൾ ലൂസിൽ ക്ലിപ്പ് ചെയ്ത് വെച്ചിട്ടുണ്ട്.. എത്ര തിരഞ്ഞിട്ടും ആ മുഖത്തൊരു തെളിച്ചം കണ്ട് പിടിക്കുവാൻ വസുവിനു സാധിച്ചില്ല.. വിഷാദം മാത്രം നിഴലിച്ചു നില്കുന്നു.. വസു സീറ്റ്‌ ബെൽറ്റ്‌ മാറ്റി കാറിൽ നിന്നിറങ്ങി.. ചന്ദനയെ നോക്കിയൊന്നു പുഞ്ചിരിച്ചു. തിരികെ അവളും നൽകി പതിഞ്ഞൊരു ചിരി. "അച്ഛൻ എവിടെ..? റെഡിയായി കഴിഞ്ഞുവോ..? ഒരു മണിക്കു മുന്നെയായി അവിടെത്തണമെന്നാണ് എബ്രഹാം സാർ പറഞ്ഞിരിക്കുന്നത്.. അത് കഴിഞ്ഞാൽ ചിലപ്പോൾ ഡോക്ടറെ കാണുവാൻ സാധിക്കില്ല.. സമയം കഴിഞ്ഞേക്കാം.." പൂമുഖത്ത് നിൽക്കുന്നവളുടെ അരികിലേക്ക് വന്നു അവൻ..

"അപ്പ വസ്ത്രം മാറുകയാണ്.. ഇപ്പോൾ തന്നെ ഇറങ്ങാം.." ചന്ദന പറഞ്ഞു. രാവിലെ ഏഴു മണിയോടെ ഒരുങ്ങി നിൽക്കണമെന്നും അപ്പോൾത്തന്നെ പുറപ്പെടണമെന്നും രാത്രിയിൽ തിലകരാമൻ അവളോട് പറഞ്ഞിരുന്നു. വസു വരുന്നുണ്ടെന്ന കാര്യം പറഞ്ഞിരുന്നില്ല.. ഏതെങ്കിലും ടാക്സിക്ക് പറഞ്ഞിരിക്കുമെന്നാണ് അവൾ കരുതിയിരുന്നത്.. "അകത്തേക്ക് വരു.." മൗനം നിറഞ്ഞു നിൽക്കുകയായിരുന്നു ഇരുവർക്കുമിടയിൽ.. മറ്റെന്തു സംസാരിക്കണമെന്നു അറിയാത്തതിനാൽ ചന്ദന വസുവിനെ അകത്തേക്ക് ക്ഷണിച്ചു.. "വേണ്ടാ.. ഞാൻ ഇവിടെയിരുന്നോളാം.. അച്ഛനോട് പറയു ഞാൻ വന്നിട്ടുണ്ടെന്ന്.." വസു സ്നേഹത്തോടെ അത് നിരസിച്ചു.. തന്റെ അരികിൽ നിൽക്കുന്നവളുടെ വീർപ്പു മുട്ടൽ വസുവിന് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു. എന്ത് സംസാരിക്കണമെന്ന് അറിയാത്തവൾ.. അരികിൽ നിൽക്കാൻ മടി തോന്നുന്നവൾ.. അവളുടെ ഉള്ളിൽ ഇപ്പോൾ ഒരായിരം ചിന്തകളും ചോദ്യങ്ങളും കടന്ന് പോകുകയായിരിക്കാം. വല്ലാതെ അസ്വസ്ഥത പെടുകയാണ് ആ മനസ്സ് ഇപ്പോൾ..

അതെല്ലാം അറിയാവുന്നതിനാൽ വസു ഒന്നും തന്നെ സംസാരിച്ചു ചന്ദനയെ പ്രയാസപ്പെടുത്തിയില്ല. "അപ്പായെ വിളിച്ചു വരാം.." എന്ന് പറഞ്ഞു ചന്ദന അകത്തേക്ക് നടന്നു.. തന്റെ അരികിൽ നിന്നും മാറി നിൽക്കുവാനുള്ള അവളുടെ ആ വ്യഗ്രതയാണ് വസുവിനെ നോവിക്കുന്നത്.. വേദനിക്കുവാൻ ഒരുങ്ങുന്ന മനസ്സിനെ അവൻ നിയന്ത്രണത്തിലേർപ്പെടുത്തി. അപ്പോഴേക്കും പാർവതി വസുവിനൊരു കപ്പ്‌ ചായയുമായി വന്നിരുന്നു. ചന്ദന അകത്തു ചെന്നു പറഞ്ഞേൽല്പിച്ചതാണെന്ന് വസുവിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.. രണ്ട് മൂന്ന് മിനുട്ട്കൾക്കുള്ളിൽ തിലകരാമനും പുറത്തേക്ക് വന്നു.. തിലകരാമനും പാർവതിയും ഒരുപോലെ വസുവിനെ അകത്തേക്ക് ക്ഷണിച്ചു. ഇഡലിയും സാമ്പാറും തയാറായതാണ്. അത് കഴിച്ചു പോകാമെന്നു പാർവതി നിർബന്ധിച്ചു.. പാർവതിയുടെ ശാന്തതയും ആ അലിവും സ്നേഹവും നിറഞ്ഞ പ്രകൃതവുമാണ് ചന്ദനയ്ക്ക് കിട്ടിയതെന്നു വസു ഓർത്തു. അത്രയേറെ ശാന്തത കൈവരിക്കുന്നൊരു സ്ത്രീ.. ഒരു നോക്കിൽ പോലും അതിയായ സ്നേഹവും വാത്സല്യവും..

കഴിച്ചിട്ട് ഇറങ്ങാമെന്ന് വീണ്ടുമൊരിക്കൽ കൂടെ പാർവതി പറഞ്ഞപ്പോൾ എന്തുകൊണ്ടോ അത് നിരസിക്കുവാൻ തോന്നിയില്ല വസുവിന്.. പാർവതി ദൃതിയിൽ ദോശയും സാമ്പാറും പ്ലേറ്റുകളും മേശ പുറത്ത് കൊണ്ട് വെച്ചു.. ചന്ദന അതിനോടകം ഒരു ചെറു കഷ്ണം മാങ്ങാ ഇഞ്ചി ചേർത്തു അൽപ്പം ചട്നി അരച്ചെടുത്തുണ്ടാക്കി.. പണ്ട് ഒരിക്കൽ വസു പറഞ്ഞ അവന്റെ രുചികളിൽ ഒന്നായിരുന്നു അത്.. ആദ്യം നൽകിയ ചായയിൽ നിന്നുമവൻ രണ്ട് ഇറക്കു മാത്രമേ കുടിച്ചിരുന്നുള്ളു.. രാവിലെ ചായ പതിവ് ഇല്ലെന്നും ചന്ദന അപ്പോൾ ഓർത്തു. ബ്ലാക്ക് കോഫിയാണ് ശീലം. പാർവതി തിലകരാമനു ഒരു ചില്ലു ഗ്ലാസിലേക്ക് ഏലക്ക പൊടിയിട്ട് തിളപ്പിച്ചെടുത്ത ചായ പകരുമ്പോൾ ചന്ദന മറ്റൊന്നിലായി വസുവിന് പൊടിയും മധുരവും കുറച്ച് കട്ടൻ കാപ്പിയുണ്ടാക്കി പകർന്നു.. പാർവതി തന്നെയാണ് എല്ലാം കൊണ്ട് വച്ചതും വിളമ്പി നൽകിയതും. ചന്ദന ആ അരികിൽ ചെന്നില്ല. കഴിക്കാൻ തിലകരാമൻ വിളിച്ചുവെന്നാലും അവൾ അപ്പുറത്തിരുന്നു കഴിക്കുകയാണെന്ന് പാർവതി പറഞ്ഞു..

ഓരോ കഷ്ണം ഇഡലി വായിലേക്ക് എടുത്തു വെക്കുമ്പോഴും വസുവിന് എന്തെന്നില്ലാത്തൊരു ഹൃദയവേദന അനുഭവപ്പെട്ടു. എത്ര കൊതിച്ചതാണ് ഇങ്ങനൊന്നിനു വേണ്ടി.. പക്ഷെ അരികിലെ കസേരയിൽ ചന്ദനയുണ്ടായിരുന്നു സ്വപ്നങ്ങളിൽ.. പക്ഷെ ഇന്ന് അരികിൽ ഉണ്ടായിട്ടും അകലത്തിലാണ് അവൾ.. കണ്ണ് നിറയാതിരിക്കാൻ വസു നന്നേ ശ്രമപ്പെട്ടു. തിടുക്കത്തിൽ കഴിച്ചു എണീറ്റ് ഒരുങ്ങുവാൻ തുടങ്ങുമ്പോൾ പാർവതി സ്നേഹത്തോടെ അൽപ്പം കൂടി വിളമ്പി നൽകി.. എതിർപ്പ് ഒന്നുമേ തോന്നാതെ അതുമവൻ കഴിച്ചു തീർത്തു. സമയം വൈകുകയാണെന്ന് കണ്ടതും തിലകരാമനും വേഗത്തിൽ എഴുന്നേറ്റു. പാർവതിയോട് യാത്ര പറഞ്ഞു ഏഴരയോടെ മൂവരുമിറങ്ങി. വസു ചൈതന്യയെ അന്വേഷിച്ചിരുന്നു എങ്കിലും അവൾ ഉറക്കമുണർന്നില്ലന്ന് പറഞ്ഞു പാർവതി. തിലകരാമൻ മുന്നിലും ചന്ദന പുറകിലും കയറി.. വണ്ടി മുന്നോട്ട് നീങ്ങിയെങ്കിലും വല്ലാത്തൊരു മൂകത നിറഞ്ഞു നിന്നിരുന്നതിനകത്ത്.. തിലകരാമനോട് ഒരു തരം അകൽച്ച തന്നെയായിരുന്നു വസുവിന്റെ മനസ്സിൽ..

അയാളോട് അടുത്തിടപഴകാനോ സംസാരിക്കാനോ അങ്ങനെ ഒന്നിനുമേ വസുവിന് സാധിച്ചില്ല.. ആ അകൽച്ച മനസ്സിലാക്കിയെന്നത് പോലെയായിരുന്നു തിലക രാമന്റെ പെരുമാറ്റവും. അനാവശ്യ സംസാരങ്ങൾക്ക് അയാളും മുതിർന്നില്ല.. രണ്ട് മൂന്ന് വട്ടമായി മിററിലൂടെ പുറകിൽ ഇരിക്കുന്നവളെ വസു നോക്കിയിരുന്നു. അപ്പോഴൊക്കെ അവളുടെ മിഴികൾ വഴിയോര കാഴ്ചകളിൽ ഓടുകയായിരുന്നു.. സത്യത്തിൽ ഓരോ കാഴ്ചകളും കണ്ണിൽ പതിയുന്നുണ്ടെന്നാലും അതൊന്നും ചന്ദനയുടെ മനസ്സിൽ പതിഞ്ഞിരുന്നില്ല.. മനസ്സിൽ അത്രയും കഴിഞ്ഞു പോയ ദിനങ്ങളും ജീവിതവുമായിരുന്നു. തനിക്ക് മാത്രമല്ലാ.. ആർക്കുമാർക്കും അവരാഗ്രഹിച്ച, സന്തോഷം നിറഞ്ഞ ഒരു ജീവിതമില്ലായിരുന്നു എന്നതവൾ നോവോടെ ഓർത്തെടുത്തു. ചിഞ്ചുവും സണ്ണിയും വസുവും ശരണും അങ്ങനെ എല്ലാവർക്കും ഓരോ നഷ്ടങ്ങൾ.. ഓരോ വേദനകൾ.. തനിക്ക് ഒപ്പം ചിഞ്ചുവിന്റെ ജീവിതവും എവിടെയും എത്താതെ പോയല്ലോ എന്നതിലായിരുന്നു ചന്ദനയ്ക്ക് ഏറിയ ദുഃഖവും..

എത്രകാലം ചിഞ്ചുവിങ്ങനെ ഒറ്റപ്പെട്ടു ജീവിക്കും..? സണ്ണിയ്ക്ക് ഒരവസരം അവൾ നൽകിയിരുന്നുവെങ്കിൽ..? അല്ലെങ്കിൽ ശരണിന്റെ സ്നേഹം അവൾ ഉൾക്കൊണ്ടിരുന്നുവെങ്കിൽ..? ഏതെങ്കിലും ഒന്നു ചിഞ്ചുവിന് തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ അങ്കിൾ ഇന്നിത്രയേറെ മനപ്രയാസം അനുഭവിക്കേണ്ടി വരില്ലായിരുന്നു.. ഓരോന്നോർത്തു മനസ്സിനും ശിരസ്സിനും ഒരുപോലെ ഭാരം തോന്നിയപ്പോൾ ചന്ദന സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. * തിരികെയുള്ള യാത്രയിൽ ചന്ദനയുടെ മുഖത്ത് അൽപ്പം തെളിച്ചവും ഒരു ആത്മവിശ്വാസവും നിറഞ്ഞിരിക്കുന്നതായി തോന്നിയിരുന്നു വസുവിന്.. കൗൺസിലിംഗ് കഴിഞ്ഞു ഇറങ്ങുമ്പോൾ അവളിൽ ഒരു പുതു ജീവൻ വെച്ചിരിക്കുന്നു. അടുത്ത മാസം ഒന്നാം തിയതിക്കാണ് അടുത്തതായി കൗൺസിലിങ് നടക്കുന്നത്.. അന്ന് മറ്റൊരു പ്രമുഖ സൈക്കിയേട്രൈസ്റ്റാണ് വരുന്നത്.. അന്ന് നിർബന്ധമായും പോകാൻ പറഞ്ഞിട്ടുണ്ട്.. രാത്രി പത്തുമണിയോടെ അടുത്തിരുന്നു തിരികെയെത്തുവാൻ.. വസു ഗേറ്റ്നു അകത്തേക്ക് കാർ കയറ്റുവാൻ ഒരുങ്ങിയെങ്കിലും തിലകരാമനതു നന്ദിയോടെ നിരസിച്ചു..

മുന്നിലുള്ള മണ്ണിട്ട റോഡിലാണ് രണ്ട് പേരുമിറങ്ങിയത്. തിലകരാമൻ വസുവിനോട് യാത്ര പറഞ്ഞു ഗേറ്റ് തുറക്കുവാനായി തിരിഞ്ഞു.. ചന്ദനയുടെ മിഴികൾ വസുവിലേക്ക് നീങ്ങി.. കണ്ണുകൾ കൊണ്ടവൾ യാത്ര ചൊല്ലി.. തന്റെ നന്ദിയറിയിച്ചു.. അത്രമേൽ ശാന്തമായി.. വസുവിന്റെ ഉള്ളിലൊരു കുളിർകാറ്റ് വീശി. അതവന്റെ ഹൃദയത്തെ തണുപ്പിച്ചു.. ആ മിഴികൾ തന്നിലേക്ക് നീണ്ടുവല്ലോ എന്നത് മതിയായിരുന്നു വസുവിന്.. രണ്ട് പേരും ഗേറ്റ് കടന്നപ്പോൾ അത്യധികം സന്തോഷത്തോടെ അവൻ മുന്നിലേക്ക് നീങ്ങി.. *** മാർച്ച്‌ മാസമായിരുന്നു അത്. തിലകരാമൻ ചന്ദന പഠിച്ച കോളേജ്ൽ ചെന്നു ഡിഗ്രി അവസാന വർഷത്തെ പരീക്ഷകൾ എഴുതുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വന്നു... ഈ വർഷം ഇപ്പോൾ വൈകിയെന്നും ഇനി അപേക്ഷകൾ സ്വീകരിക്കില്ലന്നും ആയതിനാൽ അടുത്ത വർഷത്തേക്ക് തയാറാകാമെന്നും തീരുമാനിച്ചു.. ഏപ്രിലോടു കൂടി ഈ അധ്യയന വർഷം അവസാനിക്കുകയാണ്..

പരീക്ഷ അടുത്ത വർഷം എഴുതി സർട്ടിഫിക്കറ്റ്നു അപ്ലൈ ചെയ്യാമെന്ന് അയാൾ ചന്ദനയോടും പാർവതിയോടും പറഞ്ഞു. അതല്ല.. ചന്ദനയ്ക്ക് മറ്റെന്തിലെങ്കിലുമാണ് താല്പര്യമെങ്കിൽ ആ ഭാഗം നോക്കാമെന്നും കൂട്ടി ചേർത്തു. ചന്ദനയ്ക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു താല്പര്യമൊന്നുമില്ലായിരുന്നു. എങ്കിലും മൈൻഡ് റിലീഫ് ചെയ്യുവാൻ എന്തെങ്കിലും കാര്യങ്ങളിൽ ബിസി ആകണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. ചൈതന്യ ഇത് പത്താം ക്ലാസ്സാണ്. ഈ മാസത്തോടെ അവളുടെ എക്സാം കഴിയും.. അത് കഴിഞ്ഞാൽ അവൾ പ്ലസ് വണ്ണിന്റെ ട്യൂഷനു പോകുവാൻ തുടങ്ങും. ആ സമയത്തു അവൾക്കൊപ്പം പോയി ടൗണിൽ വല്ല കോഴ്സ്നോ കോച്ചിങ്ങിനൊ ചേരാമെന്ന് തീരുമാനിച്ചു ചന്ദന.. *** തെരേസയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കുന്നതിനാൽ സണ്ണി ഡൽഹിയിലേക്ക് മടങ്ങിയിരുന്നില്ല. തെരേസയ്ക്ക് കൂട്ടായ് തറവാട്ടിൽ തന്നെ കഴിഞ്ഞു പോന്നിരുന്നു. ഒരുദിവസം ചില ആവശ്യങ്ങൾക്കായി സിറ്റിയിൽ വന്നപ്പോൾ സണ്ണി വെറുതെ ഒന്നു കിംസിൽ കയറി.. എന്ത് സന്തോഷത്തോടെ കടന്ന് പോയിരുന്ന ദിനങ്ങളായിരുന്നു അന്നൊക്കെ.. ഈ ഹോസ്പിറ്റലുമായി.. തന്റെ പ്രൊഫഷനുമായി തനിക്ക് വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു എന്ന് സണ്ണി കിംസിന്റെ നാല് ഭാഗങ്ങളും വീക്ഷിച്ചു കൊണ്ടോർത്തു..

ചെറുതായ് അങ്ങിങ്ങു ഓരോ പുതിയ ബിൽഡിങ്ങുകളും അതിനനനുസരിച്ച് ഹോസ്പിറ്റൽ ഫെസിലിറ്റിസും വർധിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റ് വലിയ മാറ്റങ്ങൾ ഒന്നും കിംസിനു ഇല്ലായിരുന്നു.. Dr തോമസ് അപ്പോഴും കിംസിൽ തുടരുകയായിരുന്നു. എബ്രഹാമിന്റെ അടുത്ത സുഹൃത്താണു അയാൾ.. അതുപോലെ എബ്രഹാമിനു സണ്ണിയോട് ഉണ്ടായിരുന്നതു പോലെ പ്രത്യേകമായൊരു ഇഷ്ടം അദ്ദേഹത്തിനും സണ്ണിയോട് ഉണ്ടായിരുന്നു.. വളരെ ചെറുപ്പത്തിൽ തന്നെ മികവുറ്റ ഡോക്ടർ ആയി മാറിയവന്നായിരുന്നു സണ്ണി. സണ്ണിയുടെ അപ്പോയ്ന്റ്മെന്റ്നു വേണ്ടി മാത്രം വരുന്ന പേഷ്യൻസ് അത്രയധികമായിരുന്നു അന്ന്.. ആ സണ്ണിയാണ് ഇന്ന് ഈ വിധം. അടിക്കടി സണ്ണിയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങളും അതേ തുടർന്ന് സണ്ണി ഇപ്പോൾ പ്രൊഫഷനിൽ തുടരുന്നില്ലന്നും വളരെ നാളുകളായി വിട്ടു നിൽക്കുകയാണെന്നും എബ്രഹാം മുഖേന Dr തോമസ് അറിഞ്ഞിരുന്നു. അദ്ദേഹത്തിനതു വലിയ വിഷമമായി തോന്നി.. ഒരു നഷ്ടങ്ങൾക്ക് വേണ്ടിയും ഒരുവിധത്തിലും കരിയർ ആൻഡ് ഫ്യുച്ചർ സ്പോയിൽ ചെയ്തു കളയരുത് എന്നും സണ്ണി അവിടുന്ന് മടങ്ങുന്നതിന് മുൻപേ Dr.തോമസ് ഉപദേശിച്ചിരുന്നു..

ഒപ്പം ചിഞ്ചുവിന്റെ അസുഖത്തെ പറ്റിയും അയാൾ അതിനിടയിൽ സംസാരിച്ചു.. സണ്ണിയിൽ അത് വലിയ ആഘാതം സൃഷ്ടിച്ചു. ചിഞ്ചുവിന് അങ്ങനെയൊന്ന്..? ഒന്നു അറിഞ്ഞത് പോലുമില്ല. ആരും പറഞ്ഞുമില്ല.. ശരണിനു അറിഞ്ഞു കാണില്ലേ..? അറിഞ്ഞിരുന്നേൽ അവൻ ഉറപ്പായും തന്നോട് അതേക്കുറിച്ച് സംസാരിക്കുമായിരുന്നു.. ചിഞ്ചു എബ്രഹാം സാർനൊപ്പം അമേരിക്കയ്ക്ക് പോയെന്ന് ശരൺ പറഞ്ഞിരുന്നു.. പോകുന്നതിന് മുന്നെയായി എബ്രഹാം സാർ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നെന്ന്.. തന്നെയും സാർ വിളിച്ചിരുന്നു എന്നും കാൾ കിട്ടിയില്ലെന്നുമാണ് ശരൺ അന്ന് പറഞ്ഞത്.. ആ യാത്രയ്ക്ക് പിന്നിൽ ഇങ്ങനൊരു ലക്ഷ്യമായിരുന്നോ..? ഓർക്കും തോറും സണ്ണിയ്ക്ക് ഹൃദയഭാരമേറി.. ** നാല് മാസങ്ങൾക്ക് ഇപ്പുറമാണ് ചിഞ്ചുവും എബ്രഹാമും പിന്നീട് നാട്ടിലേക്ക് വരുന്നത്.. എബ്രഹാമിന്റെ അമ്മച്ചി അൽഫോൻസയുടെ ആണ്ടു നേർച്ചയായിരുന്നു.. അസുഖ ലക്ഷണങ്ങളും ട്രീറ്റ്‌മെന്റിന്റെ എഫക്ടുമായി ചിഞ്ചു നന്നേ ക്ഷീണിച്ചു പോയിരുന്നു. ശരീരം പഴയതിലും മെലിഞ്ഞു.. തുടുത്തിരുന്ന കവിളുകൾ ഒട്ടി പിടിച്ചു.. കണ്തടങ്ങളിൽ കറുപ്പ് പടരുകയും ചുളിവുകൾ വീഴുകയും ചെയ്തിരുന്നു..

തോളൊപ്പം ഇട തൂർന്നു ബ്രൗൺ നിറത്തിൽ കളർ ചെയ്തു മിനുസമാർന്നിരുന്ന മുടിയിഴകൾ പാതിയും നശിച്ചു പോയിരുന്നു.. ചകിരി നാരുകൾ പോലവ വരണ്ടു കിടന്നു. തന്റെ മാറ്റം തറവാട്ടിലുള്ളവരും ചന്ദനയുടെ വീട്ടിൽ പോകുക ആണെങ്കിൽ അവിടെ ഉള്ളവരും ചോദ്യം ചെയ്യുമെന്നോർത്തു നാട്ടിലേക്ക് പോകുന്നതിൽ ചിഞ്ചു മടിച്ചു നിന്നിരുന്നു.. പക്ഷെ കോട്ടയത്തുള്ളവരുടെ നിർബന്ധവും വലിയമ്മച്ചിയുടെ ആണ്ടു ആണെന്നുമുള്ളത് ചിഞ്ചുവിനെ നാട്ടിലേക്ക് വരുവാൻ നിർബന്ധിതയാക്കി.. പപ്പയോളം.. അല്ലെങ്കിൽ അതിലേറെ തന്നെ സ്നേഹിച്ചയാളാണ് വലിയമ്മച്ചി.. പപ്പ അരികിൽ ഇല്ലാത്ത നേരങ്ങളിൽ ഒക്കെ ആ വാത്സല്യവും കരുതലും ആവോളം നൽകിയ വലിയമ്മച്ചി.. വലിയമ്മച്ചി മാത്രമല്ല.. തറവാട്ടിലെ ഓരോ അംഗങ്ങളും തനിക്ക് പ്രിയപ്പെട്ടവരാണ്.. അവർക്കും താൻ എന്നാൽ വലിയ കാര്യമാണ്.. ചെറിയ പപ്പയ്ക്കും ചെറിയ മമ്മയ്ക്കുമൊക്കെ അവരുടെ മക്കളോട് ഉള്ളതിനേക്കാൾ സ്നേഹം തന്നോടാണെന്ന് തോന്നും ചിലപ്പോൾ.. അത് പറഞ്ഞു എപ്പോഴും ആ വലിയ വീട്ടിൽ വലിയമ്മച്ചിയ്ക്ക് ചുറ്റുമിരുന്നു പിള്ളേരെല്ലാം കൂടി സുഖമുള്ളൊരു പരിഭവം പറച്ചിലും പിണക്കങ്ങളുമായിരുന്നു.. കോട്ടയത്തേക്കുള്ള യാത്രയിൽ ചിഞ്ചു തന്റെ കഴിഞ്ഞ കാലങ്ങളിലെ ഓരോ ഏടും ഓർത്തെടുത്തു.. ഇനി ചിലപ്പോൾ ഇത് പോലൊരു വരവ് ഉണ്ടാകില്ലന്നു ഉള്ളിരുന്നു ആ നിമിഷം ആരോ പറയുന്നത് പോൽ തോന്നിയവൾക്ക്. എന്തിനോ മിഴികളിൽ രണ്ട് തുള്ളി രൂപപ്പെട്ടു..... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story