മണിവാക: ഭാഗം 84

manivaka

രചന: SHAMSEENA FIROZ

സണ്ണിയുടെ കാൾ വന്നപ്പോൾ ബാൽക്കണിയിലേക്ക് നിന്നതാണ് ശരൺ.. സാധാരണ പതിവില്ലാത്ത സമയമാണത്. രാത്രിയിലാണ് മിക്കപ്പോഴും സണ്ണി വിളിക്കുക.. അല്ലെങ്കിൽ താൻ അങ്ങോട്ട് വിളിക്കുക.. ഇനി തെരെസാന്റിയ്ക്ക് എന്തെങ്കിലും എന്ന ആധിയോടെയാണ് ശരൺ കാൾ അറ്റൻഡ് ചെയ്തത് തന്നെ.. എന്നാൽ പതിവ് സുഖ വിവരാന്വേഷണങ്ങൾക്കൊടുവിൽ സണ്ണി പറഞ്ഞ കാര്യം ശരണിനെ പാടെ തളർത്തി കളഞ്ഞു. മറുപുറത്തു സണ്ണിയുടെ കാൾ ഡിസ്‌ക്കണക്ട് ആയിട്ടും ശരൺ ഏറെ നേരം ആ നിൽപ് തുടർന്നു.. അമേരിക്കയ്ക്ക് പോകുന്നതിന് മുന്നെയായി ചിഞ്ചു മെസ്സേജ് ചെയ്തിരുന്നു.. അതിന് ശേഷവും മൂന്നാല് വട്ടമായി ചാറ്റിൽ വന്നിരുന്നു.. അധികമൊന്നുമില്ലങ്കിലും സുഖവിവരങ്ങളും നാട്ടിലെ വിവരങ്ങളുമെല്ലാം ഷെയർ ചെയ്യുമായിരുന്നു.. എന്നിട്ടും അവൾ ഒരിക്കലും ഇതെക്കുറിച്ച് പറഞ്ഞില്ല.. ശരണിനു ചിഞ്ചുവിനെ ഓർക്കേ തന്നെ വല്ലാത്ത വേദന തോന്നി. ഹൃദയം വർധിച്ചു മിടിക്കുന്നത് പോലെ.. ചിഞ്ചുവിനെ ഒന്നു കാണണമെന്നത് പോലെ..

അവൻ ഉടനെ തന്നെ വാട്സാപ്പ് ഓപൺ ചെയ്തു ചിഞ്ചുവിന്റെ നമ്പർലേക്ക് ഒരു hai അയച്ചു. ലൈനിൽ ഉണ്ടായിരുന്നു അവൾ.. ഉടനെ വന്നു Hello Sharan എന്നൊരു മറുപടി.. ശരൺ ആദ്യം തന്നെ ടെക്സ്റ്റ്‌ ചെയ്തത് എന്നാണ് നാട്ടിലേക്ക് എന്നാണ്.. ഇപ്പോൾ നാട്ടിലാണ്.. ചിഞ്ചുവിന്റെ റിപ്ലൈയും വന്നു. അതെപ്പോൾ..? ശരണിനു അതിശയം തോന്നി.. നാട്ടിൽ പോകുന്ന വിവരവും അവൾ പറഞ്ഞതില്ല.. അതൊന്നുമില്ല.. തീരുമാനിച്ചിരുന്നില്ല. വലിയമ്മച്ചിയുടെ ആണ്ടാണ്.. ഇവിടെല്ലാവരും നിർബന്ധം പറഞ്ഞപ്പോൾ വരാതെയിരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ പെട്ടെന്ന് പോന്നതാണ്. ഇന്നലെ വൈകുന്നേരമാണ് എത്തിയത്. ഒരാഴ്ചക്കുള്ളിൽ മടങ്ങും കേട്ടോ😊 വീണ്ടും വന്നു ചിഞ്ചുവിന്റെ റിപ്ലൈ.. പോകാൻ തിരക്കെന്താണ്.? ശരൺ വീണ്ടും തിരക്കി.. ചിഞ്ചു എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയുവാൻ.. പപ്പ തനിച്ചല്ലേ.. ഇനി പപ്പയെ തനിച്ചാക്കില്ലന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്..😀 ചിരിയോടെയൊരു മറുപടി. ശരണിനു വല്ലാതെയൊരു നീറ്റൽ അനുഭവപ്പെട്ടു.. ചിഞ്ചുവിനെ ഇനിയൊന്നു കാണുവാതെ വയ്യെന്ന് തോന്നി അവന്..

Okay.. പിന്നീട് കാണാം എന്ന് പറഞ്ഞു ശരൺ വാട്സാപ്പ് ക്ലോസ് ചെയ്തു.. പതിവിന് വിപരീതമായി അന്ന് അത്താഴം പോലും ഇറങ്ങിയില്ല ശരണിനു.. വെറുതെ പ്ളേറ്റിൽ നുള്ളി പെറുക്കി ഇരുന്നു. സാധാരണ എന്തൊക്കെ ഉണ്ടെങ്കിലും അത്താഴം മുടക്കാത്തവനാണ്.. എന്ത് വന്നാലും അത് അവൻ മുന്നിൽ ഇരിക്കുന്ന അന്നത്തിനോട് കാണിക്കാറില്ല.. ഒന്നിച്ചിരിക്കുന്നവർക്കൊപ്പം സന്തോഷത്തോടെ വയറു നിറച്ചു തൃപ്തിയോടെ കഴിച്ചെഴുന്നേൽക്കും.. പക്ഷെ ഇന്നു എത്ര ശ്രമിച്ചിട്ടും ശരണിനു ഒരു വറ്റു ഇറക്കാൻ കഴിഞ്ഞില്ല. അത്രമേലൊരു ആകുലത അവനിൽ നിറഞ്ഞിരുന്നു.. പ്ലേറ്റ് നീക്കി വെച്ചവൻ കൈകഴുകി തിടുക്കത്തിൽ മുറിയിലേക്ക് നടന്നു.. ** അതിരാവിലെ കാളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടാണ് രാധിക എഴുന്നേറ്റു വന്നു ഫ്രന്റ്‌ ഡോർ തുറക്കുന്നത്.. "നീയോ..? നീയെന്താടാ ചെറുക്ക ഒരു മുന്നറിയിപ്പ് ഇല്ലാതെ...?" മുന്നിൽ ചെറു ചിരിയോടെ നിൽക്കുന്ന ശരണിനെ കണ്ട് പാർവതി അതിശയപ്പെട്ടു.. "എപ്പോഴും എപ്പോഴും മുന്നറിയിപ്പ് നൽകി വരുവാൻ ഞാൻ എന്താണ് സുനാമിയോ കൊടുങ്കാറ്റോ മറ്റുമാണോ..?"

ശരൺ രാധികയെ കൂർപ്പിച്ചു ഒന്നു നോക്കി.. "പോടാ അവിടെന്ന്.. വരുന്ന വിവരമൊന്നും പറഞ്ഞില്ലല്ലോ നീ. നീയെന്നല്ല.. ആരും പറഞ്ഞില്ല.. രാത്രിയും കൂടെ രവിയേട്ടൻ വിളിച്ചു വെച്ചതാണ്.." രാധിക പറയുന്നുണ്ട്. "അതൊക്കെ ആങ്ങളയോട് പോയി ചോദിക്കു.. അൽപ്പം മാറി നിന്നിരുന്നേൽ ഞാൻ അകത്ത് കയറുമായിരുന്നു.." ശരൺ തന്റെ ട്രോളി ബാഗ് മുന്നിലേക്ക് ഉരുട്ടി നീക്കി.. "ഇവന്റെയൊരു കാര്യം. ഇപ്പോഴും ഒരു പക്വതയുമില്ലാതെ നടക്കുകയാണോ നീ.. ഈയടുത്ത് പോയല്ലേ ഉള്ളു.. ശരത്തിനും സരിഗയ്ക്കുമിപ്പോൾ മുന്നത്തെ പോലെ ബിസ്സിനെസ്സ് കാര്യങ്ങളിൽ അത്ര കണ്ട് ശ്രദ്ധ ചെലുത്താൻ പറ്റുന്നില്ലന്ന് നിന്റെ അച്ഛൻ പറഞ്ഞു.. എപ്പോഴും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമായി തിരക്കിലാണെന്ന്. ഇപ്പോൾ നിനക്ക് അവിടെ നിൽക്കാമായിരുന്നില്ലേ ശരൺ.. ഏട്ടന് അത് വലിയ ഹെല്പ് ആകുമായിരുന്നില്ലേ.." ശരൺ അകത്തേക്ക് കയറിയതിന് പുറകെയായി രാധിക വാതിൽ ചാരി വെച്ചു. "അപ്പോൾ ഞാൻ പോകുമ്പോൾ കണ്ണ് നിറച്ചതും പോയ വഴിയേ പോയേക്കരുത് എന്നും പറഞ്ഞതൊക്കെ ചുമ്മാതെയാണല്ലേ..

നല്ലയാളാണ് കേട്ടോ.. ഇപ്പോഴല്ലേ എല്ലാരുടെയും മനസ്സിലിരുപ്പ് ഒക്കെ മനസ്സിലാകുന്നത്.." "പോടാ.. നീ ഇവിടെ ഉണ്ടാകുന്നതിൽ എനിക്ക് സന്തോഷമല്ലേ ഉള്ളു.." "അപ്പോഴേക്കും ഫീൽ ആയോ..? ഞാൻ വെറുതെ പറയുവല്ലേ ആന്റി..? എവിടെ പുരുഷ പടകൾ..? ആരുമൊന്നും എണീറ്റില്ലേ..?" ശരൺ മൊത്തത്തിൽ വീക്ഷിച്ചു. "വസു എണീറ്റ് കാണും.. ജോഗ്ഗിങ്ങിനു പോകാൻ.. വിശ്വേട്ടനു സമയമാകുന്നെയുള്ളല്ലോ.. വരുൺ പിന്നെ നിന്റെ ബാക്കിയാണല്ലോ.. അവനെ ഇപ്പോഴേ ഒന്നും നോക്കണ്ട. നിനക്ക് ചായ എടുക്കട്ടെ..?" "അൽപ്പം കഴിഞ്ഞു മതി.. ഞാൻ ഫ്രഷ് ആയി വരാം.." ശരൺ സ്റ്റെയർ കയറി.. പറഞ്ഞത് പോലെ വസു ജോഗ്ഗിങ്ങിനു പോകാൻ തയാറായി മുറിയിൽ നിന്നും പുറത്തേക്ക് വരുകയായിരുന്നു.. ശരണിനെ കണ്ട് വസു അമ്പരന്നു.. "ഇതെപ്പോ..? വിളിച്ചപ്പോൾ പോലും ഒന്നു പറഞ്ഞില്ലല്ലോ.. എന്തുപറ്റി തിരക്കിട്ടൊരു വരവ്..? ഇനി എങ്ങനെയാണ് നിന്നെയൊന്നു അങ്കിൾ വീണ്ടുമങ്ങോട്ട് കയറ്റുക..? ഞാൻ അതാണോർക്കുന്നത്.. നാട്ടിൽ വന്നാൽ പിന്നെ നീയിവിടെ അള്ളി പിടിച്ചത് പോലെയാണ്..

പോകാൻ നിന്റെ മനസ്സ് അനുവദിക്കാറില്ലല്ലോ.." വസു ചിരിക്കുന്നുണ്ട്.. ശരണും ആ ചിരിയിൽ പങ്കു ചേർന്നുവെന്നാലും ശരൺ എന്തോ ഒരു ടെൻഷൻ അനുഭവിക്കുന്നതായി തോന്നി വസുവിന്.. ആ മുഖത്ത് പതിവ് ഉത്സാഹമില്ലായിരുന്നു. "എന്തുപറ്റിയെടാ..?" വസു അലിവോടെ തിരക്കി.. "നീ പോയി വരൂ.. എനിക്ക് അൽപ്പം സംസാരിക്കാനുണ്ട് നിന്നോട്.." ശരൺ പറഞ്ഞു.. "ഞാൻ പോകുന്നില്ല.. നീ വേഗം ചെന്നു ഫ്രഷ് ആയി വാ.." ശരണിനെ മുറിയിലേക്ക് പറഞ്ഞയച്ചതിന് പുറകെ ഒഴിഞ്ഞു കിടക്കുന്ന ഹാളിന്റെ ഒരറ്റത്തായിരിക്കുന്ന ട്രെഡ് മില്ലിലേക്ക് കയറി വസു.. ** കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു വസുവും ശരണും. രണ്ട് കാര്യങ്ങളാണ് ഉള്ളത്... ഒന്നു വയ്യാതെ കിടക്കുന്ന തെരേസയെ സന്ദർശിക്കുക എന്നത്.. സണ്ണിയുടെ തറവാടു വീടിനടുത്താണു ചിഞ്ചുവിന്റേത് എന്ന് പണ്ട് ചിഞ്ചു പറഞ്ഞോരോർമ ഉണ്ടായിരുന്നു വസുവിനും ശരണിനും. മടങ്ങുമ്പോൾ അവിടെയൊന്നു കയറണം.. എബ്രഹാമിനെയും ചിഞ്ചുവിനെയും കാണണം. അതായിരുന്നു രണ്ടാമത്തെ കാര്യം.. ചിഞ്ചുവിന്റെ അസുഖ വിവരം അറിഞ്ഞത് മുതൽ വസുവും ശരണിനെ പോലെ വല്ലാത്തൊരു മനോവിഷമത്തിലായിരുന്നു.

എബ്രഹാമും ചിഞ്ചുവും ഒരിക്കൽ പോലും അതേക്കുറിച്ച് തങ്ങളെ അറിയിച്ചില്ലന്നുതുമായിരുന്നു അവരെ കൂടുതൽ വേദനിപ്പിച്ചു കളഞ്ഞത്.. തെരേസ രണ്ടര വർഷക്കാലമായി കിടപ്പിലാണ്.. സാന്ദ്രയുടെ മരണത്തോടെ തളർന്നു പോയതാണ്. മാനസികമായും ശാരീരികമായും.. നന്നേ മെലിഞ്ഞു, കൈകാലുകൾ ശോഷിച്ചു, മുടിയിഴകൾ നരച്ചു, നിറം മങ്ങി അസ്ഥികൂടം പോലൊരു രൂപം. അങ്ങനെയായി തീർന്നിരുന്നു തെരേസ.. തെരേസയുടെ അപ്പനും സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളുമാണ് അവിടെ താമസം.. ഇപ്പോൾ സണ്ണിയും.. തെരേസയുടെ അപ്പൻ ലൂസിഫറും നന്നേ തളർന്നു അത് പോലൊരു അവസ്ഥയിൽ തന്നെയായിരുന്നു.. കുടുംബത്തിൽ അടിക്കടിയുണ്ടായ ദുരന്തങ്ങൾ ഏവരെയും വേദനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിരുന്നു.. വസുവിനേം ശരണിനേം കണ്ട് സണ്ണിയ്ക്ക് കണ്ണും മനസ്സും നിറഞ്ഞു.. ശരൺ എപ്പോൾ വന്നെന്ന ചോദ്യം പോലും സണ്ണി മറന്ന് പോയിരുന്നു.. തെരേസയുടെ അരികിൽ അൽപ്പ നേരമിരുന്നു ഓരോന്നൊക്കെ സംസാരിച്ചു വസുവും ശരണും. കണ്ണുകൾ ചെന്നിയിലൂടെ ഒഴുകി ഇറങ്ങിയതല്ലാതെ മറ്റു മറുപടികൾ ഒന്നും തെരേസയിൽ നിന്നുമുണ്ടായില്ല.. "അമ്മച്ചി ഇപ്പോൾ സംസാരിക്കുകയുമില്ല.. " സണ്ണി പറഞ്ഞു..

അങ്ങേയറ്റം വേദനയോടെ.. ആകെയുള്ളത് അമ്മച്ചിയാണ്.. ഇനിയീ ഒരു നഷ്ടം കൂടെ താങ്ങില്ലന്നതു പോൽ അത്രമേൽ തളർന്നായിരുന്നു സണ്ണിയുടെ നിൽപ്.. ശരൺ അരികിൽ ചെന്നു സണ്ണിയുടെ തോളിൽ കൈകൾ അമർത്തി.. സണ്ണിയെ സമാധാനിപ്പിക്കുമ്പോൽ.. അന്നേരം വസുവും ഒന്നു ചേർത്തു നിർത്തി സണ്ണിയെ. അത് കൊതിച്ചെന്നത് പോൽ സണ്ണി വസുവിനെ മുറുകെ പുണർന്നു.. സണ്ണിയുടെ കണ്ണുനീർ വസുവിന്റെ ചുമൽ നനച്ചു താഴേക്ക് ഒഴുകി.. "എബ്രഹാം സാർന്റെ വീട് എവിടെയാണ്..? ഇവിടെ അടുത്ത് തന്നെയല്ലേ..? ഞങ്ങൾ അവിടേക്ക് പോകുന്നുണ്ട്.. നീ വരുന്നുണ്ടോ..?" യാത്ര പറഞ്ഞിറങ്ങാൻ നേരം ശരൺ സണ്ണിയോട് തിരക്കി.. ആദ്യമൊന്നു മടിച്ചുവെങ്കിലും ചിഞ്ചുവിനെ കാണാൻ ഉള്ളിലുള്ള ആഗ്രഹം വളരെ വലുതായതിനാൽ സണ്ണിയും അവർക്കൊപ്പമിറങ്ങി.. ** കുട്ടികളെല്ലാവരും മുറ്റത്തെ വലിയ മാവിന്റെ ചില്ലകളിൽ ഉത്സാഹത്തോടെ കയറുന്നതും പാകമാകാത്തതും പഴുത്തതുമായ ഓരോ മാമ്പഴങ്ങൾ പൊട്ടിച്ചിടുന്നതും നോക്കി ഉമ്മറ പടികളിൽ ഒന്നിൽ ഇരിക്കുകയായിരുന്നു ചിഞ്ചു.. പരിചിതമല്ലാത്തൊരു കാർ ഗേറ്റ് കടന്ന് ആ വലിയ മുറ്റത്തു വന്നു നിന്നപ്പോൾ ചിഞ്ചു സംശയത്തോടെ എഴുന്നേറ്റു.. സ്റ്റെല്ല ആന്റിയുടെ വീട്ടിൽ നിന്നാരെങ്കിലുമായിരിക്കാം എന്നവൾ ഊഹിക്കുമ്പോഴേക്കും മൂന്ന് പേരും ഇറങ്ങിയിരുന്നു..... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story