മണിവാക: ഭാഗം 85

manivaka

രചന: SHAMSEENA FIROZ

ചിഞ്ചുവിന്റെ മിഴികൾ ഒന്നു വിടർന്നു.. ആശ്ചര്യം.. ആഹ്ലാദം. എവിടെയോ ഒരു നോവ്.. അങ്ങനെ സമ്മിശ്രമായി ഓരോ ഭാവങ്ങൾ തെളിഞ്ഞു അവളിൽ.. "ഇതെന്താണ് ഒരു മുന്നറിയിപ്പും കൂടാതെ..? " തുടക്കത്തിലെ ആശ്ചര്യം ഒന്നു ഒതുങ്ങിയപ്പോൾ ചിഞ്ചു മുറ്റത്തേക്ക് ഇറങ്ങി ചെന്നു. "തെരെസാന്റിയെ കാണുവാൻ വന്നതാണ്.. അപ്പോൾ ഇവിടേം ഒന്നു കയറിയിട്ട് പോകാമെന്നോർത്തു.. ശരൺ പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്.." വസു പറഞ്ഞു.. "വാ..അകത്തേക്ക് കയറു.. പപ്പ അകത്തുണ്ട്.." മൂവരെയും ക്ഷണിച്ചു ചിഞ്ചു മുന്നേ നടന്നു.. "ആഹാ.. ആരൊക്കെയാണിത്..?" ഹാളിലെ സെറ്റിയിൽ ഇരുന്നു ഫോണിൽ എന്തോ നോക്കുകയായിരുന്ന എബ്രഹാം അവരെ കണ്ട് തിടുക്കത്തിൽ എണീറ്റു.. "ഇരിക്കു.." എബ്രഹാമിനു വളരെയധികം സന്തോഷം തോന്നുന്നുണ്ടായിരുന്നു.. "ഞാൻ കുടിക്കാൻ എടുക്കാം.." ചിഞ്ചു കിച്ചണിലേക്ക് നടന്നു.. അപ്പോഴേക്കും എബ്രഹാമിന്റെ അനുജൻ ഏണസ്റ്റിന്റെ ഭാര്യ സ്റ്റെല്ല ടെറസിൽ നിന്നും ഉണങ്ങിയ തുണികളുമായി താഴേക്ക് വന്നിരുന്നു..

സണ്ണിയെ നേരത്തെ അറിയാമെങ്കിലും എബ്രഹാം സ്റ്റെല്ലയ്ക്ക് മൂവരെയും പരിചയപ്പെടുത്തി. സണ്ണിയോട് വിശേഷങ്ങൾ തിരക്കുന്നതിന് ഒപ്പം അപരിചിതത്വമേതും കൂടാതെ സ്റ്റെല്ല വസുവിനോടും ശരണിനോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.. മുൻപ് ചിഞ്ചുവിന്റെ സംസാരത്തിൽ ചന്ദനയോളം തന്നെ നിറഞ്ഞു നിന്നിരുന്നവരാണ് അവര് മൂന്ന് പേരുമെന്ന് സ്റ്റെല്ല അപ്പോൾ ഓർത്തു.. "ഞാൻ എടുത്തോളാം.. നീ ചെല്ല്.. നിന്റെ ഫ്രണ്ട്സ് അല്ലേ.. നിന്നെ കാണാൻ ഇത്രേം ദൂരം വന്നപ്പോ നീയിങ്ങനെ അടുക്കളയിൽ നിൽക്കുകയാണോ വേണ്ടത്..? പൊക്കോ പൊക്കോ.." അടുക്കളയിലേക്ക് വന്ന സ്റ്റെല്ല ചിഞ്ചുവിനെ മുൻവശത്തേക്ക് പറഞ്ഞയച്ചു.. ചിഞ്ചു ചെല്ലുമ്പോൾ അവരാരും ഹാളിൽ ഇല്ലായിരുന്നു.. മുറ്റത്തു ഒരോരത്തായി നിന്ന് സംസാരിക്കുന്നത് കണ്ടു.. ചിഞ്ചു അരികിലെക്ക് ചെല്ലുമ്പോൾ സംസാരം അവസാനിപ്പിക്കുകയും ചെയ്തു. ആരുടെ മുഖത്തും അത്ര കണ്ട് തെളിച്ചമില്ല. ആ സംസാരമെന്തിനെ കുറിച്ചായിരുന്നെന്ന് ചിഞ്ചുവിന് ഊഹിക്കാവുന്നതേ ഉണ്ടാരുന്നുള്ളു..

ചിഞ്ചുവിനെ കാണും തോറും മൂവർക്കും ഒരുപോലെ വേദന തോന്നി.. അത്രമേൽ ക്ഷീണിച്ചു അവശയായിരുന്നു അവൾ.. ഒരിക്കൽ ചെയ്തു പോയ തെറ്റിനെ ഓർത്തു ഇന്നും നീറുന്നവൾ.. ആ ഓർമ്മയിൽ ഉരുകുന്നവൾ.. അസുഖ വിവരം എത്രയോ മുൻപേ അറിഞ്ഞിട്ടും അത് ദൈവം നൽകിയ ശിക്ഷയാണെന്ന് വിശ്വസിച്ചു മരണത്തെ പുൽകാൻ കാത്തിരുന്നവൾ.. വസുവിന് വല്ലാതെ നെഞ്ച് വിങ്ങി.. സാന്ദ്രയെ നഷ്ടമായിരിക്കുന്നു.. ഇനി ഇവളെക്കൂടെ.. അങ്ങനൊന്നു ഓർക്കാൻ കൂടി കഴിഞ്ഞില്ല വസുവിന്.. ഇത്രകണ്ടു ഓരോരുത്തരുടെയും ജീവിതം മാറി മറിയുവാൻ അത്രമേൽ എന്ത് ചെയ്തിരുന്നു ഓരോ പേരും..? കണ്ണുകൾ നിറയുമെന്നായതും വസു വേഗത്തിൽ മുഖം ചെരിച്ചു നിന്നു.. സ്റ്റെല്ല ഒരു ട്രെയിൽ അഞ്ചു ഗ്ലാസുകളിലായി പൈനാപ്പിൾ ജ്യൂസ്‌മായി വന്നു..

"ഡിന്നർനുണ്ടാകുമല്ലോ അല്ലേ..? " ഓരോ പേരും ഗ്ലാസ് എടുക്കുന്നതിനിടയിൽ സ്റ്റെല്ല പുഞ്ചിരിയോടെ തിരക്കി. "ഇല്ല.. ഇപ്പോൾ ഇറങ്ങുകയാണ്.." വസു പറഞ്ഞു.. "തിരക്കെന്താണ്..? ആദ്യമായി വന്നിട്ട്.. ചിഞ്ചു പറയു.. ഇന്നത്തെ ഡിന്നർ ഇവിടെന്നാകാമെന്ന്.." സ്റ്റെല്ല വീണ്ടും പറഞ്ഞു.. ചിഞ്ചു മൂവരെയും ഒന്നു നോക്കി.. "നീ നോക്കിയിട്ട് കാര്യമില്ല.. അവര് ഇറങ്ങാൻ നിൽക്കുകയാണ്. ഇവിടുന്ന് ദൂരമുണ്ടല്ലോ സ്റ്റെല്ല..." എബ്രഹാം ചിഞ്ചുവിനോടു പറഞ്ഞു സ്റ്റെല്ലയിലേക്ക് തിരിഞ്ഞു. "അതേ.. നേരത്തെ ഇറങ്ങിയാൽ അത്ര ട്രാഫിക് കുറഞ്ഞു കിട്ടും. രാത്രിയായാൽ തിരക്കാണ് ഹൈവേയിൽ. ഞങ്ങൾ സണ്ണിയുടെ വീട്ടിലേക്ക് വന്നതാണ്.. പോകുന്ന വഴിയാണ് ഇപ്പോൾ.. ചിഞ്ചു ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കയറിയിട്ട് പോകാമെന്നു കരുതി.." ശരൺ വ്യക്തമാക്കി.. സ്റ്റെല്ലയ്ക്ക് അത് മനസ്സിലാകുമായിരുന്നു.. "എന്നാൽ ഇച്ചായൻ വന്നതിന് ശേഷം പോകാം.. ടൗണിൽ പോയിരിക്കുകയാണ്.. ഇപ്പോൾ ഇങ്ങെത്തും.." സ്റ്റെല്ല പറഞ്ഞു.. അതിന് സമ്മതം നൽകി മൂവരും. സ്റ്റെല്ല ഗ്ലാസുകളുമായി അകത്തേക്ക് പോയപ്പോൾ എബ്രഹാം ഏണസ്റ്റിന്റെ നമ്പർ കാളിലിട്ടു അൽപ്പം മാറി നിന്നു.

ശരണിന്റെ ശ്രദ്ധയപ്പോൾ മാവിലേറി തങ്ങളെ വിചിത്ര ജീവികളെ പോലെ നോക്കുന്ന പിള്ളേരിലേക്ക് തെന്നി.. അവനൊരു ചിരിയോടെ അങ്ങോട്ട് നടന്നു.. ചിഞ്ചുവും സണ്ണിയും വസുവും ബാക്കിയായി. സണ്ണിയ്ക്ക് വല്ലാത്തൊരു മനോഭാരം. കാൾ ചെയ്യുവാൻ ഉണ്ടെന്ന വ്യാജേന പോക്കറ്റിൽ നിന്നും ഫോൺ എടുത്തു സണ്ണിയും മറ്റൊരു വശത്തേക്ക് നീങ്ങി.. അത്രമേൽ ചിഞ്ചുവിന് മുന്നിൽ നിൽക്കുവാൻ സാധിക്കുന്നില്ലായിരുന്നു അവന്. ഉള്ളിലെ കുറ്റബോധം പതിന്മടങ്ങു ശക്തിയോടെ തല പൊക്കുന്നു.. അത് തന്നെ കാർന്നു തിന്നുന്നു.. ചിഞ്ചു ഇന്നീ അവസ്ഥയിൽ എത്തുവാൻ കാരണക്കാരൻ താൻ ഒറ്റൊരുത്തനാണെന്ന് വീണ്ടും വീണ്ടും സണ്ണിയുടെ മനസ്സ് ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.. "എന്തുപറ്റിയെടീ നിനക്ക്.? എന്തുണ്ടെങ്കിലും ഒന്നറിയിക്കാമായിരുന്നില്ലേ..? അത്രമേൽ അന്യരാണോ ഞങ്ങൾ..?"

വസു വേദനയോടെ തിരക്കി.. അതിൽ അളവറ്റ സ്നേഹവും കലർന്നിരുന്നു.. അതൊന്നു മതിയായിരുന്നു അവൾക്ക്.. അത്രനേരം ഒതുക്കി നിർത്തിയ കണ്ണുനീർ അതിന്റെ അതിർത്തികൾ ഭേദിച്ചു പുറത്തേക്ക് ഒഴുകി. "ഒന്നുമില്ല നിനക്ക്. അങ്ങനെ ഒന്നിനും നിന്നെ ഞങ്ങൾ വിട്ടു കൊടുക്കുകയുമില്ല.." വസു അവളെ തന്നോട് ചേർത്തു പിടിച്ചു നിറഞ്ഞ വാത്സല്യത്തോടെ, കരുതലോടെ നെറുകിൽ തലോടി.. കുറച്ചകലെ നിന്നുമാ കാഴ്ച കണ്ട എബ്രഹാമിന്റെ കണ്ണുകളുമൊന്നു നനഞ്ഞു.. "ചന്ദനയ്ക്കുമൊന്നും അറിയുകില്ലേ..?" വസു ചോദിച്ചു.. ചിഞ്ചു ഇല്ലെന്ന് ശിരസ്സ് ചലിപ്പിച്ചു. "ചന്ദന സംസാരിച്ചില്ലേ നിന്നോട്..? പിണക്കമാണോ രണ്ടാളും..?" "സംസാരിച്ചിരുന്നു പോകുന്നതിന് മുന്നേ.. അതിന് ശേഷം രണ്ട് മൂന്ന് വട്ടമായി ഫോൺ കാൾസിലൂടെ.. നാട്ടിലേക്ക് വരുന്നതിന് മുന്നേ പാറുവമ്മയോട് പറഞ്ഞിരുന്നു വരുന്നുണ്ടെന്നു.. ഞാൻ ഇപ്പോൾ നാട്ടിലാണെന്ന് ചന്ദുവിന് അറിയാമായിരിക്കും.. മറ്റൊന്നുമറിയില്ല അവിടെയാർക്കും.. ചന്ദു ഒന്നും അറിയരുത്.." ചിഞ്ചു പറഞ്ഞു.

ആ സ്വരത്തിൽ അപേക്ഷ നിറഞ്ഞിരിക്കുന്നതായ് തോന്നി വസുവിന്. "ഇല്ല.. ഞാൻ പറയുകില്ല.." വസു അവൾക്ക് വാക്കു നൽകി.. "മെഡിസിൻസിനെക്കാൾ കൂടുതലായി വേണ്ടത് മെന്റൽ സ്‌ട്രെങ്ത് ആണ്.. പൊരുതുമെന്നൊരു വിശ്വാസം.. തോറ്റു കൊടുക്കില്ലന്നൊരു വാശി.. അത് കൈവിടരുത്.. മനസ്സ് എപ്പോഴും relax ആയിരിക്കണം കേട്ടോ.. ഒന്നുമൊന്നും ഓർത്തു വേദനിക്കരുത്." വസു പറയുന്നുണ്ട്. ചിഞ്ചു സമ്മതത്തോടെ കേട്ട് നിൽക്കുന്നുമുണ്ട്.. "ശരൺ.. ശരൺ വല്ലാത്ത വേദനയിലായിരുന്നു.. സണ്ണിയാണ് ശരണിനെ അറിയിച്ചത്. കിംസിലെ തോമസ് ഡോക്ടർ മുഖേനയാണ് സണ്ണി അറിയുന്നത്.. നീ നാട്ടിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഉടനെ നാട്ടിലേക്ക് വരുകയായിരുന്നു ശരൺ... നിന്നെ കാണുവാൻ വേണ്ടി മാത്രം.." ചിഞ്ചുവിന് ഹൃദയത്തിൽ ഒരു നോവ് ഇരച്ചു കയറി. ഒരിക്കലുമാ വിധം താൻ ശരണിനെ സ്നേഹിച്ചിട്ടില്ല.. എന്നും എപ്പോഴും നല്ലൊരു സുഹൃത്താണ്.. അത്ര കണ്ടൊരു സ്ഥാനം മനസ്സിലുണ്ട്. അന്നും ഇന്നും.. ഇനി എന്നും.. അതിനൊരിക്കലും പ്രണയത്തിന്റെ മേമ്പൊടി കലരുകില്ല.. അതുറപ്പാണ്..

തന്നെക്കാൾ നന്നായി അത് ശരണിനുമറിയാം.. എങ്കിലും അവൻ സ്നേഹിക്കുന്നു.. തിരിച്ചു കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും പഴയതിനേക്കാൾ ശക്തമായി സ്നേഹിക്കുന്നു.. ചിഞ്ജുവിന്റെ തൊണ്ട കുഴിയോളം എത്തി നിന്നൊരു വിങ്ങൽ.. "സണ്ണി.. അവനും വേദനയിലാണ്.. എനിക്കറിയില്ല അവരിൽ ആർക്ക് വേണ്ടിയാണു ഞാൻ നിന്നോട് സംസാരിക്കേണ്ടതെന്നും ഇപ്പോൾ ഇങ്ങനെയൊരു അവസരത്തിൽ നിന്നോട് ഇതെക്കുറിച്ച് സംസാരിക്കാൻ പാടുണ്ടോ എന്നും.. ശരണും സണ്ണിയും.. രണ്ട് പേരുടേം വേദനയുടെ കാരണങ്ങളും അതിന്റെ ആഴവും മാറ്റമുണ്ടെങ്കിലും അത് രണ്ടും നിനക്ക് വേണ്ടിയാണു.. നിന്നെ ഓർത്താണ്.." "ശരണിന്റെ സ്നേഹത്തിന് ഞാൻ ഒരിക്കലും അർഹയല്ല.. ശരണിന് മനസ്സിലൊരു സ്ഥാനമുണ്ട്.. പ്രണയമെന്നൊന്നു കലർത്തി ആ സ്ഥാനത്തിനൊരു കോട്ടം വരുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ശരണിനോട് പറയണം ജീവിച്ചിരിക്കുന്ന എക്കാലവും ഞാൻ ശരണിന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരിക്കുമെന്ന്.. എനിക്ക് വേണ്ടി കാത്തിരിക്കരുതെന്ന്..

ഒന്നിനു വേണ്ടിയും ശരണിന്റെ ലൈഫ് സ്പോയിൽ ചെയ്തു കളയരുതെന്ന്.." ചിഞ്ചു കണ്ണുകൾ തുടച്ചു നീക്കി.. "അപ്പോൾ സണ്ണിയോ..? എന്തുകൊണ്ടാണ് നിന്റെ പ്രണയം സണ്ണിയാണെന്ന് നീ എന്നോടും ശരണിനോടും പറയാതിരുന്നത്..? ഞാൻ എത്രവട്ടം ചോദിച്ചിരുന്നു അതേക്കുറിച്ച്. ഒരു സൂചന എങ്കിലും നൽകിയിരുന്നുവെങ്കിൽ..?" കഴിഞ്ഞു പോയതോർക്കുന്നതിലിനി കാര്യമില്ലന്നറിഞ്ഞിട്ടും വസു ആ വിഷയത്തിൽ അപ്പൊഴെന്ന പോൽ വിഷമിച്ചു.. "എന്നാൽ സണ്ണിയുടെ സ്നേഹം എനിക്ക് നേടി തരാൻ കഴിയുമായിരുന്നോ നിങ്ങൾക്ക്..? തുടക്കത്തിൽ തന്നെ തിരസ്കരിക്കപ്പെട്ടവളാണ് ഞാൻ.. ആ മനസ്സിൽ എന്നോട് അൽപ്പം പോലും ഇഷ്ടമില്ലായിരുന്നു.. ആദ്യമേ വിദ്വേഷം അല്ലാതെ മറ്റൊന്നും.." ചിഞ്ചുവിന്റെ സ്വരമൊന്നിടറി.. "ഇപ്പോൾ എന്റെ മനസ്സിൽ അങ്ങനൊന്നുമില്ല.. സണ്ണിയോട് സ്നേഹവുമില്ല.. ദേഷ്യവുമില്ല.. ശൂന്യത മാത്രമാണ് അവിടം.. എങ്കിലും ഇടയ്ക്ക് ഒക്കെ ഞാനാ ഓർമകളിൽ വേദനിക്കാറുണ്ട്.. അല്ലെങ്കിലും ആർക്കാണ് ആദ്യ പ്രണയം മറക്കാൻ കഴിയുക. അത് നഷ്ടപ്രണയം ആകുമ്പോൾ അതിങ്ങനെ നമ്മളെ നോവിച്ചു കൊണ്ടേയിരിക്കും. അത്രമേൽ ഒരു നീറ്റലോടെ.."

ചിഞ്ചുവിൽ നിന്നുമൊരു വരണ്ട പുഞ്ചിരി പൊഴിഞ്ഞു.. "സണ്ണിയ്ക്ക് വേണ്ടി ഞാൻ നിന്നോട് സംസാരിക്കാൻ പാടില്ല.. എങ്കിലും സണ്ണിയിപ്പോൾ വല്ലാതെ ഒറ്റപെട്ടു പോയി.. ആരുമില്ലവന്.. അതുകൊണ്ടാണ് മനസ്സിന്റെയൊരു പാതി അവനോട് അകന്ന് നിന്നപ്പോൾ മറു പാതി അവനെ ചേർത്തു നിർത്താൻ ശഠിച്ചത്.. അവനെ ഈ വിധം വേദനിച്ചു കാണുവാൻ വയ്യ.. ഒറ്റപ്പെടലിന്റെ വേദന.. അത് വളരെ വലുതാണ് ചിഞ്ചു.. എല്ലാവരുമുണ്ടായിരുന്നിട്ടും അന്ന് ഞാനും അനുഭവിച്ചിരുന്നു അങ്ങനൊന്ന്.. അങ്ങനൊരു തരം വേദന.." വസു പറഞ്ഞു.. ചിഞ്ചു മൗനത്തെ കൂട്ട് പിടിച്ചു. "തെരെസാന്റിക്ക് തീരെ വയ്യാ.. നീ പോകുന്നില്ലേ കാണുവാൻ..?" "പപ്പ പറഞ്ഞു അറിഞ്ഞിരുന്നു ഞാൻ.. ചാച്ചനും സ്റ്റെല്ല ആന്റിയും രണ്ട് ദിവസങ്ങൾക്ക് മുന്നേ പോയിരുന്നവിടെ.. പപ്പയ്ക്കൊപ്പം ഒന്നു പോയി വരണമെന്ന് കരുതിയിരിക്കുകയാണ് ഞാൻ.." "എപ്പോഴാണ് മടക്കം..?" വസു ചോദിച്ചു. "മറ്റന്നാൾ വലിയമ്മച്ചിയുടെ ആണ്ടാണ്. അത് കഴിഞ്ഞു ചന്ദുവിന്റെ വീട്ടിൽ പോകണം..

ചൊവ്വാഴ്ചയോടെ മടങ്ങും.." ചിഞ്ചു പറഞ്ഞു.. "ഏണസ്റ്റു വരുവാൻ ലേറ്റ് ആകും.. തോട്ടത്തിൽ ഇറങ്ങിയേക്കുവാണെന്ന്..." അരികിലേക്ക് വന്ന എബ്രഹാം പറഞ്ഞു.. അപ്പോഴേക്കും ശരണും പുറകെയായി സണ്ണിയും വന്നു.. "ഹോ.. എന്ത് വികൃതിയാണ് ഈ പിള്ളേർക്കൊക്കെ.. എടാന്ന് വിളിക്കുമ്പോൾ പോടാ ന്ന് പറയുന്ന ഇനങ്ങളാണ്.. എവിടുന്നിങ്ങനെ വികൃതി പഠിച്ചെന്ന് ചോദിച്ചപ്പോ എല്ലാം ചിഞ്ചു ചേച്ചി പഠിപ്പിച്ചതാണെന്ന് പറഞ്ഞു.." ശരൺ കളിയോടെ ചിഞ്ചുവിനെ നോക്കി.. "ചെറുപ്പത്തിലെ ഇവളുടെ വികൃതികൾ വെച്ചു നോക്കിയാൽ ഈ പിള്ളേര് പാവമാണ്.." വർഷങ്ങൾക്ക് മുൻപേ ചിഞ്ചു ആ മുറ്റത്തു ഓടി കളിച്ചു വികൃതികൾ കാണിച്ചിരുന്നത് എബ്രഹാമിന്റെ മനസ്സിൽ അപ്പൊഴെന്ന പോൽ തെളിഞ്ഞു.. "എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.." വസു പറഞ്ഞു.. പുറകിൽ ഉമ്മറത്തു നിൽക്കുന്ന സ്റ്റെല്ലയോടുമവർ യാത്ര പറഞ്ഞു.. ഏണസ്റ്റു വരുവാൻ വൈകുമെന്നതിനാൽ സ്റ്റെല്ല പിന്നീട് അവരെ നിർബന്ധിച്ചില്ല.. വസു കാർ റിവേഴ്സ് എടുത്തു നിർത്തുമ്പോഴേക്കും കുട്ടി പട്ടാളങ്ങൾ ഓടി അടുത്ത് വന്നിരുന്നു.

"പോയി വരാം കേട്ടോ.." ശരൺ കുഞ്ഞുങ്ങളോട് പ്രത്യേകമായി യാത്ര പറഞ്ഞു.. സണ്ണി പുറകിൽ കയറി.. ചിഞ്ചുവിലേക്ക് ഒന്നു മിഴികൾ നീങ്ങി.. അവളൊന്നു പുഞ്ചിരിച്ചു.. കനൽക്കട്ട വീണെന്ന പോൽ പൊള്ളി പിടയുന്ന സണ്ണിയുടെ മനസ്സിന് തെല്ലൊരാശ്വാസം കൈ വരിച്ചു.. ശരൺ അപ്പോഴും കയറുവാൻ മടിച്ചു നിന്നു.. എന്തോ ഒന്നു തടയുന്നത് പോലെ.. അത്രമേൽ പ്രിയപ്പെട്ടതൊന്നു എന്നെന്നേക്കുമായി അകന്ന് പോകുന്നതു പോലെ.. അടക്കാനാവാത്ത നോവോടെ ശരൺ ചിഞ്ചുവിനരികിലേക്ക് ചെന്നു.. അവളുടെ മിഴികൾ ശരണിലേക്ക് ഉയർന്നു.. ആ കണ്ണുകളിൽ നീര് പൊടിഞ്ഞിരുന്നു.. അതിലെ വേദന അവൾ വ്യക്തമായി കണ്ടു.. "എന്നും എപ്പോഴും കൂടെ ഉണ്ടാകും.. എന്തുണ്ടെലും വിളിക്കണം. അറിയിക്കണം.." ശരൺ കൈ നീട്ടി ചിഞ്ചുവിന്റെ കവിളിൽ ഒന്നു തഴുകി.. ചിഞ്ചുവിന്റെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി അടർന്നു.. ഉവ്വെന്ന മട്ടിൽ അവൾ ശിരസ്സ് ചലിപ്പിച്ചു.. "കാണാം കേട്ടോ.. ഇനി വരുമ്പോൾ ഇതുപോലെ തളർന്നു നിൽക്കുന്നവളെ കാണണ്ട.. ആ പഴയ കുസൃതിക്കാരിയെ കണ്ടാൽ മതി.."

ശരൺ ഉള്ളിൽ നിറച്ച സ്നേഹത്താലേ പറഞ്ഞു.. ഒരുവട്ടം കൂടെ എബ്രഹാമിനോട് പറഞ്ഞവൻ കാറിൽ കയറി.. വസു രണ്ട് പേരെയും നോക്കി ഒരിക്കൽ കൂടെ യാത്ര മൊഴിഞ്ഞു കാർ മുന്നോട്ടെടുത്തു... കുഞ്ഞുങ്ങൾ അപ്പോൾ ശരണിനു കൈ വീശി കാണിക്കുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മറയുന്നത് വരെ എബ്രഹാമിനരികിൽ ചിഞ്ചു അങ്ങനെയേ നിന്നു.. ** "എന്താണ് ചന്ദന ഒന്നും മിണ്ടാത്തത്..? മറന്ന് പോയോ..? അതോ ദേഷ്യമാണോ..?" രാധിക ചോദിച്ചപ്പോൾ ചന്ദന ഉടനെ അല്ലെന്ന് ശിരസ്സ് വെട്ടിച്ചു.. ചന്ദനയെ കാണുവാൻ വന്നതായിരുന്നു ശരണും രാധികയും.. ചന്ദന പോയതിന് പിറ്റേന്ന് തൊട്ടേ ചന്ദനയെ കാണുവാൻ രാധിക ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വസു ഒരിക്കലും രാധികയെ കൊണ്ട് പോകുകയോ പോകാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല.. അത് ചന്ദനയെ അസ്വസ്ഥത പെടുത്തുമെന്നു പറഞ്ഞു എല്ലായ്പോഴും തടയുകയായിരുന്നു പതിവ്.. ചന്ദനയെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കുവാൻ വസു ആഗ്രഹിച്ചിരുന്നില്ല..

എന്നാൽ ശരൺ വന്നപ്പോൾ അവൻ ചന്ദനയെ കാണുവാനായി പോകാൻ ഒരുങ്ങിയിരുന്നു.. ശരൺ ഇടയ്ക്ക് ഒക്കെ ചന്ദനയുടെ വീട്ടിലേക്ക് വിളിക്കുകയും ചന്ദനയുടെ വിവരങ്ങൾ അന്വേഷിക്കുകയും ഏറ്റവുമൊടുക്കം ചന്ദനയോട് അൽപ്പം സംസാരിക്കുകയും ചെയ്യുമായിരുന്നു.. വസു ഓഫീസിൽ പോയ നേരത്താണ് ഇരുവരും ചന്ദനയുടെ വീട്ടിലേക്ക് ഇറങ്ങിയത്.. വസു അറിഞ്ഞാൽ ചിലപ്പോൾ സമ്മതിച്ചേക്കില്ലന്ന് കരുതി രാധിക തന്നെയാണ് പോയി വന്നതിന് ശേഷം വസുവിനോടു പറഞ്ഞാൽ മതിയെന്ന് പറഞ്ഞത്.. "ആന്റി പറഞ്ഞത് ശെരിയാണല്ലോ..? ചന്ദനയ്ക്ക് ഞങ്ങളോട് എന്തോ ദേഷ്യമുണ്ടെന്നാണ് എനിക്കും തോന്നുന്നത്.." ചന്ദന ഒന്നുമൊന്നും സംസാരിക്കാതെ ഒതുങ്ങി നിൽക്കുന്നത് കണ്ട് ശരൺ കളിയായി പറഞ്ഞു.. "അയ്യോ.. അങ്ങനെയൊന്നുമല്ല.. എനിക്കെന്തു സംസാരിക്കണമെന്ന് അറിയാത്തതു കൊണ്ടാണ്. അവിടെ അച്ഛനും വരുണുമൊക്കെ സുഖമായിരിക്കുന്നോ..?" ചന്ദന പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. "അതെന്താ ചന്ദന വസുവിനെ മാത്രം ഒഴിവാക്കി കളഞ്ഞത്..?

അപ്പോൾ ദേഷ്യം വസുവിനോടാണോ..?" ശരൺ ചിരിയോടെ തിരക്കി.. ചന്ദന വല്ലാതെയായി.. ഉള്ളിലൊരു നോവും.. "നീ ഒന്നു ചുമ്മാതെയിരി ശരൺ.. ആ കൊച്ചിനെ വെറുതെ അതുമിതും ചോദിച്ചു വിഷമിപ്പിക്കാൻ..." രാധിക ശരണിന്റെ ചുമലിൽ ചെറുതായ് ഒന്നടിച്ചു. "വെറുതെയാണ് കേട്ടോ.. ഇനി ചന്ദന അതോർത്തു വിഷമിക്കണ്ട.. വേഗത്തിൽ സങ്കടവും കരച്ചിലുമൊക്കെ വരുന്നയാളല്ലേ.?" ശരൺ കണ്ണുകൾ ചിമ്മി ചിരിച്ചു.. "അങ്ങനെ വേഗത്തിൽ സങ്കടപ്പെടാനും കരയാനുമൊന്നും പാടില്ല.. എന്ത് കാര്യങ്ങളിലായാലും ഏത് അവസരങ്ങളിൽ ആയാലും എപ്പോഴും ധൈര്യത്തോടെ നിൽക്കണം കേട്ടോ. ആൺകുട്ടികൾക്ക് ആയാലും പെൺകുട്ടികൾക്ക് ആയാലും ഏറ്റവുമാദ്യം വേണ്ടത് അതാണ്.." രാധിക പറയുന്നുണ്ട്.. "വെറുതെ വീട്ടിൽ ഇരുപ്പാണോ..? അത് വേണ്ടാട്ടോ.. എന്തേലുമൊക്കെ നോക്കു..." ശരൺ പറഞ്ഞു.. "ഞാൻ ടൗണിൽ ബ്രില്ലിയന്റു അക്കാഡമിയിൽ പി എസ് സി കോച്ചിങ്ങിനു പോകുന്നുണ്ട്.." "ആഹാ.. എന്ന് തുടങ്ങി.. അതേതായാലും നന്നായി.. അല്ലേ ആന്റി..?"

"അതേ.." രാധികയുമത് ശെരി വെച്ചു.. "ഇന്ന് അവധിയാണോ അപ്പോൾ..?" ശരൺ വീണ്ടും തിരക്കി.. "ഉവ്വ്.. ശനിയും ഞായറും അവധിയാണ്.. അല്ലാത്ത ദിവസങ്ങളിൽ ഒമ്പതു മണിക്കു തുടങ്ങി ഒരു മണി വരെയാണ് ക്ലാസ്.. രണ്ടാഴ്ചയായി ഞാൻ പോകുവാൻ തുടങ്ങിയിട്ട്.." ചന്ദന പറഞ്ഞു.. "ചേച്ചി..." ചൈതന്യ രണ്ട് വലിയ ചില്ലു ഗ്ലാസുകളിൽ സംഭാരവുമായി വന്നു ചന്ദനയുടെ കയ്യിലേക്ക് നൽകി.. ചന്ദന അത് രാധികയ്ക്കും ശരണിനും കൈമാറി.. പിന്നീട് സംസാരം ചൈതന്യയുടെ സ്റ്റഡിസിനെ കുറിച്ചായി.. ഫുൾ എ പ്ലസ് ഉണ്ട് ചൈതന്യയ്ക്ക്.. ബയോളജി സയൻസ്നാണ് അവൾക്ക് താല്പര്യം.. ആ കോഴ്സ്ന്റെ ട്യൂഷനാണ് ചേർന്നിരിക്കുന്നത്.. പാർവതി അടുക്കളയിൽ ഊണിനുള്ള ഒരുക്കങ്ങളിലായിരുന്നു. വന്നപ്പോൾ തന്നെ ശരൺ പറഞ്ഞിരുന്നു ഊണ് കഴിഞ്ഞേ പോകുള്ളുവെന്ന്.. ഒരുപാട് നാളുകളായി നല്ലൊരു വെജിറ്റബിൾ സദ്യ ഉണ്ടിട്ടെന്ന്.. പാർവതിയ്ക്ക് അത് വലിയ സന്തോഷമായിരുന്നു.. അടുക്കളയിൽ സഹായത്തിനായി ഇടയ്ക്കിടെ ചൈതന്യ അങ്ങു പോയും ഇങ്ങു വന്നും കൊണ്ടിരുന്നു.. ആ സമയത്തു രാധിക കുറച്ചൂടെ ചന്ദനയ്ക്ക് അരികിലേക്ക് നീങ്ങിയിരുന്നു.. "ഞാനൊരു കാര്യം ചോദിച്ചാൽ ചന്ദന വിഷമിക്കുമോ..?" രാധിക അൽപ്പം മടിയോടെ ചോദിച്ചു.. ഇല്ലെന്നു ശിരസ്സ് ചലിപ്പിച്ചുവെങ്കിലും ആ ചോദ്യമെന്തെന്നു ഭയന്നിരുന്നു ചന്ദന..... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story