മണിവാക: ഭാഗം 87

manivaka

രചന: SHAMSEENA FIROZ

"ചന്ദന വരുന്നോ ഞങ്ങടെ കൂടെ..?" അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചന്ദനയ്ക്ക് അതിന് മറുപടി നൽകുവാൻ സാധിച്ചില്ല. വല്ലായ്മയോടെ ഇരുന്നു.. "വിഷമിക്കുവാൻ വേണ്ടി ചോദിച്ചതല്ല.. ചന്ദനയില്ലാതെ വസുവിനൊരു ജീവിതമില്ല.. അവന്റെ സന്തോഷം ചന്ദന മാത്രമാണ്.. അന്നും അതറിയാമായിരുന്നുവെങ്കിലും എല്ലാ വിധത്തിലും അവനൊപ്പം നിൽക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.. ചിലപ്പോൾ അത് സാഹചര്യങ്ങളുടെ സമ്മർദ്ധവുമായിരുന്നിരിക്കാം. അതോടൊപ്പം അവന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകളും.. നിന്റെയും വസുവിന്റെയും ജീവിതമെടുത്തു നോക്കിയാൽ ഞങ്ങൾ എല്ലാവരും തെറ്റുകാരാണ്. ഒരവസരം നൽകാൻ കഴിയില്ലേ ചന്ദനയ്ക്ക്..?" രാധിക പ്രതീക്ഷയോടെ ചന്ദനയിൽ മിഴി നട്ടു.. "എനിക്ക് പറയുവാൻ അറിയുകില്ല.. ഞാനിപ്പോൾ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല.. ഞാൻ ചേരുകയുമില്ല.."

ചന്ദന കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. "ചേരില്ലന്നാര് പറഞ്ഞു.. ആരെങ്കിലും പറഞ്ഞുവോ അങ്ങനെ.?" ആ നേരമത്രയും ചന്ദനയുടെ മറുപടിക്കായി കാതോർത്തിരുന്ന ശരൺ വേഗത്തിൽ തിരക്കി. ചന്ദന ഇല്ലെന്ന് ശിരസ്സ് ചലിപ്പിച്ചു.. "ചന്ദന എന്തിനാണ് കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത്.. അതിലിനി പ്രയോജനങ്ങളൊന്നുമില്ല. മുന്നിലേക്കുള്ള നമ്മുടെ സന്തോഷങ്ങൾ കൂടെ ഇല്ലാതാക്കി കളയുമെന്നല്ലാതെ.. ചന്ദനയ്ക്ക് പകരം ആരുമുണ്ടായിട്ടില്ല വസുവിന്റെ മനസ്സിൽ.. അന്നുമിന്നും.. കാത്തിരുന്നത് നിനക്ക് വേണ്ടിയായിരുന്നു.. ഇപ്പോൾ കാത്തിരിക്കുന്നതും നിനക്ക് വേണ്ടിയാണ്. നിനക്കാ മനസ്സ് കാണാതെ പോകുവാനാകുമോ ചന്ദന..? ഒരിക്കലും നിർബന്ധിക്കുകയാണെന്ന് കരുതരുത്.. നന്നായി ആലോചിക്കൂ.. ഇതുപോലെ രണ്ടിടങ്ങളിൽ നിന്നുരുകി ജീവിക്കുന്നതിനേക്കാൾ എത്രയോ നന്നാകും ഒന്നു ചേർന്ന് ജീവിച്ചാൽ.. ഞങ്ങളുമത് ആഗ്രഹിക്കുന്നുണ്ട്..." ശരൺ അത്രയേറെ സ്നേഹത്തോടെ പറഞ്ഞു നൽകി ചന്ദനയ്ക്ക്. ചന്ദനയോട് എന്തോ ചോദിക്കുവാനായി മുൻവശത്തേക്ക് വന്ന പാർവതിയുമത് കേട്ടിരുന്നു..

ചന്ദനയുടെ മനസ്സ് ഒന്നു മാറിയിരുന്നെങ്കിൽ എന്ന് പാർവതി അതിയായി ആഗ്രഹിച്ചു. ഇനിയൊരു മറുപടിക്കായി ചന്ദന തന്നെ ആശ്രയിച്ചേക്കുമോ എന്നുള്ള തോന്നലിൽ പാർവതി തിരികെ അടുക്കളയിലേക്ക് തന്നെ നടന്നു.. "രണ്ടാം വട്ടം കൗൺസിലിങ്ങിനു പോയിരുന്നില്ലേ..? വസു അതേക്കുറിച്ച് ഒന്നും പറഞ്ഞതായി ഓർക്കുന്നില്ലല്ലോ..?" രാധിക ചോദിച്ചു. "അപ്പായും ഞാനും ട്രെയിനിൽ പോയി വന്നു.. അങ്കിളിനോട് ഞാൻ പറഞ്ഞിരുന്നു.." ചന്ദന മറുപടി നൽകി. "എന്ത് പറഞ്ഞിരുന്നെന്ന്..? വസുവിനെ ബുദ്ധിമുട്ടിക്കണ്ടന്നോ..? ഇതെന്തൊരു കഷ്ടമാണ് നോക്കിയേ ആന്റി. ഇവിടൊരാൾ അവനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ നോക്കുന്നു.. അവിടൊരാൾ ഇവിടെയുള്ളവൾക്ക് ബുദ്ധിമുട്ടുള്ളതൊന്നും ചെയ്യാതിരിക്കാൻ നോക്കുന്നു. അതും പറഞ്ഞല്ലേ ഇത്രയും ദിവസങ്ങൾ ആന്റിയെ ഒന്നു ഇവിടേം വരെ കൊണ്ട് വരാഞ്ഞത്.."

അങ്ങനൊരു സന്ദർഭത്തിലും ശരൺ ചിരിച്ചു പോയി.. രാധികയുമൊന്നു പതിഞ്ഞു ചിരിച്ചു.. "ഒന്നുല്ലേലും അക്കാര്യത്തിലെങ്കിലും സിമിലാരിറ്റി ഉണ്ടല്ലോ.. വലിയ കാര്യം തന്നെയാണ്.." ശരൺ ചിരി ഒതുക്കി.. ചന്ദനയ്ക്ക് ചമ്മൽ അനുഭവപ്പെട്ടു.. ശരണിനു വീണ്ടും കിട്ടി തോളിലേക്ക് ഒരെണ്ണം രാധികയുടെ കയ്യിൽ നിന്ന്.. അതോടെ ഞാൻ നല്ല കുട്ടിയാണെന്ന ഭാവത്തിലിരുന്നു അവൻ. അത് കണ്ട് ചന്ദനയിലും അറിയാതെ ഒരു ചിരി വിടർന്നു. ------- ഊണിന്റെ നേരമായപ്പോൾ തിലകരാമൻ എത്തിയിരുന്നു. രാധികയും ശരണും ഇരുന്നു. എല്ലാവരും ഒരുമിച്ചിരിക്കാമെന്ന് ശരൺ പറഞ്ഞപ്പോൾ അത് മാനിച്ചു തിലകരാമാനും ചൈതന്യയുമിരുന്നു.. മടിച്ചു നിൽക്കുന്ന ചന്ദനയെ രാധിക അരികിൽ പിടിച്ചിരുത്തി. എല്ലാവർക്കും വിളമ്പി നൽകിയതിനു ശേഷം പാർവതിയുമിരുന്നു... "ഞങ്ങൾ ഇറങ്ങട്ടെ.. ചന്ദനയോട് ഞാൻ ചിലത് പറഞ്ഞിരുന്നു.

അവൾക്ക് സമ്മതമാണേൽ പൂർണ മനസ്സോടെ ഞങ്ങൾക്ക് തന്നേക്കണം അവളെ.. എന്റെ വസുവിന്റെ പെണ്ണായിട്ട്.." യാത്ര പറയുന്നതിനൊപ്പം രാധിക തിലകരാമനോടും പാർവതിയോടുമായി പറഞ്ഞു.. അവർക്ക് മുന്നിൽ താൻ വളരെ ചെറുതാണെന്ന് തോന്നി തിലകരാമന്.. അന്ന് ഈ വീട്ടു പടിക്കൽ വന്നപ്പോൾ ആട്ടിയിറക്കിയതാണ് താൻ.. എന്നിട്ടും അതൊന്നുമോർമയിൽ സൂക്ഷിക്കാതെ വീണ്ടും തന്റെ മകൾക്കായി.. അവരുടെയൊന്നും മനസ്സിന്റെ നന്മയ്ക്ക് അരികിൽ എത്തുവാനോ അവർക്ക് മുന്നിൽ നിൽക്കുവാനോ ഇനി ഏഴു ജന്മങ്ങൾ കഴിഞ്ഞാൽ പോലും താൻ യോഗ്യനല്ലന്ന് തോന്നി തിലകരാമന്.. ** "ചന്ദന സുഖമായിരിക്കുന്നോ..?" വസു ദേഷ്യപ്പെടുമെന്നാണ് രാധിക കരുതിയിരുന്നതെങ്കിലും അവൻ ആദ്യം തിരക്കിയത് അതാണ്.. "ചന്ദന ഇപ്പോൾ സ്ട്രോങ്ങ്‌ ആണ്. ഇനി നീയാണ് അൽപ്പം സ്ട്രോങ്ങ്‌ ആവേണ്ടത്.."

"പോടാ.." ചിരിയോടെ പറയുന്ന ശരണിന്റെ വയറ്റിനിട്ടൊരു പഞ്ചു നൽകി വസു.. "തമാശ എന്തെന്നാൽ ചന്ദന നിന്നെ ഒഴിച്ച് വരുണിനെയും അങ്കിളിനെയും അന്വേഷിച്ചു.. " മറുപടിയായി വസു പുഞ്ചിരിച്ചതേയുള്ളൂ.. ആ മനസ്സ് തന്നെക്കാൾ കൂടുതലായി മാറ്റാർക്കാണ് അറിയുക.. ചന്ദനയ്ക്ക് ഇപ്പോൾ അങ്ങനെ മാത്രമേ സാധിക്കുകയുള്ളൂ.. ചന്ദനയെ ഓർക്കേ തന്നെ വസുവിന്റെ മനസ്സിൽ ഒരേ സമയം സ്നേഹവും വേദനയും നിറഞ്ഞു.. "നിന്റെ മദർ ലോയെ സമ്മതിച്ചിരിക്കുന്നു.. പറയാതെ വയ്യ.. അങ്ങനൊരു കൈപ്പുണ്യം.. ഭക്ഷണത്തോടൊപ്പം സ്നേഹവും വിളമ്പിയത് കൊണ്ടാകാം.. ഞാൻ എപ്പോഴുമോർക്കുമായിരുന്നു അയാൾക്ക് എങ്ങനെ ചന്ദനയെ പോലൊരു മകളെ കിട്ടിയെന്ന്.. ഇപ്പോഴാണ് മനസ്സിലാകുന്നത്. ചന്ദന തികച്ചും അവളുടെ അമ്മയെ പോലെയാണ്.." ശരണിന്റെ നാവിൽ അപ്പോഴും പാർവതി വിളമ്പി നൽകിയ ഭക്ഷണത്തിന്റെ രുചി ബാക്കി നിൽക്കുന്നുണ്ടായിരുന്നു.. "ചന്ദനയിപ്പോൾ psc കോച്ചിങ്ങിനു പോകുന്നുണ്ട്.. " രാധിക പറഞ്ഞു.

. അത് വസുവിന് പുതിയൊരു അറിവായിരുന്നു. വസുവിന് ഒരുപാട് സന്തോഷം തോന്നി. "സത്യം പറഞ്ഞാൽ മോശമായിപ്പോയി ഇത്രയുമായിട്ട് അവിടേം വരെ ഒന്നു ചെല്ലാത്തത്.. ഒന്നുമില്ലേലും ചന്ദന ഇവിടെ ഉണ്ടായിരുന്നതല്ലേ കുറച്ചു നാളുകൾ.. അവളെ കാണുവാൻ ഇടയിൽ ഒരിക്കലെങ്കിലും ഞാൻ പോകണമായിരുന്നു. അതെങ്ങനെയാ.. നിനക്ക് ഓരോ ന്യായങ്ങൾ അല്ലേ..?" രാധിക ദേഷ്യത്തോടെ നോക്കുന്നുണ്ട് വസുവിനെ. "അങ്ങനല്ലമ്മാ.. ചന്ദനയെ പ്രയാസപ്പെടുത്തണ്ടന്ന് കരുതിയാണ് ഞാൻ.." "ഏതായാലും അവൾക്ക് ഒരു പ്രയാസവും ഉണ്ടായിട്ടില്ല.. ഇനി നിനക്ക് ഉണ്ടേൽ നീ അതങ്ങു സഹിച്ചേക്ക്.." രാധിക മുഖം വെട്ടിച്ചു.. "നിങ്ങളെന്നെ ചൊല്ലി ചന്ദനയോട് സംസാരിക്കരുതെന്നോർത്തിട്ടാണ് ഞാൻ.." വസു വ്യക്തമാക്കുവാൻ ശ്രമിച്ചു. "നിന്നെ കുറിച്ചല്ലാതെ വേറെയാരെ കുറിച്ചാണ് ഞാൻ അവളോട് സംസാരിക്കേണ്ടത്.. കാലാ കാലം നീയിങ്ങനെ ഒറ്റത്തടിയായി ജീവിക്കുമോ.. ഇന്നോ നാളെയോ എന്ന് പറഞ്ഞു വരുണിന്റെ കല്യാണം വരെയങ്ങു കഴിയും..

നീയൊന്ന് നന്നായി ജീവിക്കുന്നത് കണ്ട് കണ്ണടയ്ക്കാനുള്ള യോഗമൊന്നും ഞങ്ങൾക്കില്ല.." രാധിക പറഞ്ഞു.. "ആന്റി അവസാനത്തെ അടവ് എടുക്കുകയാണ്.. അൽ സെന്റി. എല്ലാ അമ്മമാരും മക്കളെ വീഴ്ത്തുന്നത് അതിലൂടെയാണ്.." ശരൺ ചിരിച്ചു.. "നീ മിണ്ടരുത്.. അവനാണേൽ പറയാൻ അങ്ങനെ ഓരോന്നൊക്കെ ഉണ്ട്.. നിനക്കോ..? നീയൊക്കെ ഇനി ഏതു കാലത്തു കെട്ടാനാണ്.. വയസ്സ് പത്തു മുപ്പതു ആയല്ലോ.. ഇതെന്താണ് ഈ കുടുംബത്തിൽ ഉള്ളതൊക്കെ ഈ കണക്കായി പോയത്.." രാധിക ശരണിനു നേരെ തിരിഞ്ഞു.. "അയ്യോ.. ഇതിപ്പോൾ വാദി പ്രതിയായോ..? ഐ ആം ഔട്ട്‌ ഓഫ്‌ ദിസ്‌ പിച്ചർ.." ശരൺ നിഷ്കളങ്കമായി പറഞ്ഞു.. "എല്ലാതും പൊക്കോണം അങ്ങു. മനുഷ്യന്മാരുടെ പ്രെഷർ അങ്ങു കൂട്ടാനായിട്ട്.." "ആന്റി അപ്പോഴേക്കും ദേഷ്യപ്പെടാതെ.. നമുക്ക് ആദ്യം വസുവിന്റേത് നോക്കാം. എന്നിട്ടു എന്റേത്.. " ശരൺ സ്നേഹത്തോടെ രാധികയുടെ ചുമലിലൂടെ കയ്യിട്ടു. "വേണ്ടാ വേണ്ടാ.. നിന്റെ സോപ്പിങ് ഒന്നും എന്റെയടുത്തു വേണ്ടാ.. ഞാനിതു കൊറേ കാലമായി കാണുവാൻ തുടങ്ങിയിട്ട്..

രവി ഏട്ടൻ വിളിക്കട്ടെ.. നിന്നെ ഉടനെ കെട്ടിക്കാൻ പറഞ്ഞിട്ട് തന്നെ കാര്യം.. ഓരോന്നോർത്ത് സന്യാസിക്കാനൊന്നും പോയേക്കരുതല്ലോ.. അല്ല..നിന്റെയൊക്കെ പോക്ക് അങ്ങനെയാണ്.." "അമ്മയ്ക്ക് എന്താണിപ്പോൾ..? ചന്ദനയുടെ ലൈഫിൽ അങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടല്ലേ..? അല്ലെങ്കിൽ അവളിപ്പോ നന്നായി ജീവിക്കുന്നുണ്ടാകുമായിരുന്നില്ലേ..? അപ്പൊഴെനിക്ക് ആരുണ്ടാകുമായിരുന്നു..? ഞാനിതുപോലെ ആയിരിക്കില്ലേ..? തനിച്ച്.. ആ ഓർമ്മകളുടെ തുരുത്തിൽ ഞാനിതു പോലെ ഒറ്റപ്പെട്ടു കഴിയുകയായിരിക്കില്ലേ അന്നും.. അങ്ങനൊരു അവസരത്തിൽ ചന്ദനയെ എനിക്ക് നേടി തരുവാൻ അമ്മയ്ക്ക് സാധിക്കുമായിരുന്നോ..? ഞാൻ അമ്മയെ കുറ്റപ്പെടുത്തുവല്ല. ചന്ദന.. അവളെ നിർബന്ധിക്കരുത്.. ഞങ്ങൾ ഇരുവർക്കുമിടയിലുള്ള വേദന ഒന്നു തന്നെയാണെങ്കിലും അതിന്റെ ആഴവും പരപ്പും മാറ്റമുണ്ട് അമ്മ. അത്രമേൽ മുറിവേറ്റവളാണ് അവൾ.. ആ മനസ്സ് ഒന്നു തണുക്കട്ടെ.. ഇനിയുമതിൽ വേദനകൾ നിറയ്ക്കണ്ട.." കൺകോണിൽ നനവ് പടർന്നിരുന്നു..

വസു വേഗത്തിൽ മുറിയിലേക്ക് നടന്നു.. ശരണിനു മനസ്സിലാകുമായിരുന്നു ആ മനസ്സും അതിലെ വേദനകളും.. ആ വേദനകൾ എന്നും എപ്പോഴും ചന്ദനയെ ഓർത്തു മാത്രമാണ്.. "ഒന്നുമില്ല. അൽപ്പം സാവകാശം നൽകു.. എല്ലാം ശെരിയാകും.." വിഷമിച്ചു നിൽക്കുന്ന രാധികയ്ക്ക് ശരൺ ആശ്വാസം നൽകി.. *** "ഓ..വീണ്ടും കെട്ടി എടുത്തിട്ടുണ്ട്.. എന്തിനാണാവോ..? ചേച്ചി ഇപ്പോൾ അൽപ്പം സമാധാനത്തോടെ കഴിയുന്നതോർത്തു സഹിച്ചു കാണില്ല.. ചെയ്ത ദ്രോഹങ്ങളൊന്നും മതിയായില്ലേ ഇവർക്ക്.. വീണ്ടും വീണ്ടും വലിഞ്ഞു കയറി വന്നോളും. കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു.. ഞാനൊരു കാര്യം പറഞ്ഞേക്കാം ചേച്ചി. മുന്നത്തെ പോലെ സ്നേഹവും അടുപ്പമൊന്നും ചേച്ചിയിനി അവരോട് കാണിക്കരുത്. ചേച്ചിയെ ഇനി വീണ്ടും എന്തിലേക്ക് ഒക്കെയാണ് തള്ളി വിടുന്നതെന്ന് പറയാൻ പറ്റില്ല.." പോകുന്നതിനു മുന്നെയായി ചന്ദുവിനെ കാണുവാൻ വന്നതാണ് ചിഞ്ചു.. വെളിയിൽ കാർ വന്നു നിന്നപ്പോൾ തന്നെ ചൈതന്യ അനിഷ്ടത്തോടെ അകത്തു കയറി വന്നു ചന്ദനയോട് പറഞ്ഞു.

"ചൈതു.. സംസാരിക്കുമ്പോൾ എന്താണ് പറയുന്നതെന്ന ബോധം വേണം.. നിന്റെ നാവിനിപ്പോൾ എല്ല് ഇല്ലാതെയായിരിക്കുന്നു.." അത് കേട്ട് വന്ന പാർവതി ചൈതന്യയെ ശകാരിച്ചു.. "പിന്നെ ഞാനെന്തു വേണം.? ഒരു താലവും എടുത്തു കൊണ്ടങ്ങു സ്വീകരിക്കണോ..? " ചൈതന്യയുടെ മുഖം കടുത്തു തന്നെയിരുന്നു. "നിനക്ക് ഇഷ്ടമില്ല എങ്കിൽ നീ സംസാരിക്കാതെ ഇരുന്നാൽ മതി. അല്ലെങ്കിലും നീ അവളോട് ഇപ്പോൾ സംസാരിക്കാറില്ലല്ലോ..? സ്വന്തം അനുജത്തിയായെ ചിഞ്ചു നിന്നെ കണ്ടിട്ടുള്ളു ചൈതു.. നിനക്ക് വേണ്ടതും വേണ്ടാത്തതുമായ എല്ലാം വാങ്ങിച്ചു തരുമായിരുന്നു അവൾ.. അപ്പയോട് ചോദിക്കാനും പറയാനും ഭയമുള്ള എന്തൊക്കെ കാര്യങ്ങൾ അപ്പ അറിയാതെ അവൾ നിനക്ക് ചെയ്തു തന്നിട്ടുണ്ട്.. ആ നന്ദിയെങ്കിലും നീ കാണിക്കണമവളോട്.." പാർവതിയ്ക്ക് ദേഷ്യം വന്നിരുന്നു. "നന്ദി.. എന്നിട്ട് അവർക്കുണ്ടായോ ഈ നന്ദി..? അമ്മ എന്നെക്കൊണ്ട് പറയിപ്പിക്കരുത്.." ചൈതന്യയുടെ സ്വരത്തിൽ പുച്ഛം കലർന്നിരുന്നു. പാർവതി അവളെ ഗൗനിച്ചില്ല..

ഇനിയും നിന്നു പോയാൽ ചൈതന്യയെ ചിലപ്പോൾ അടിച്ചു പോകുമെന്ന് തോന്നിയിരുന്നു പാർവതിയ്ക്ക്.. തെറ്റ് പറ്റാത്തവരായി ആരാണ് ഉള്ളത്..? ക്ഷമിക്കുന്നതും അംഗീകരിക്കുന്നതും ഒഴിവാക്കുന്നതും അകറ്റുന്നതും ഓരോ വ്യക്തിയുടെയും മനോഭാവങ്ങൾക്ക് അനുസരിച്ചിരിക്കും.. എല്ലാവർക്കും അതിനു ഒരുപോലെ സാധിക്കണമെന്നില്ല. പക്ഷെ തെറ്റ് ചെയ്‌തെന്ന് കരുതി എക്കാലവും അതിൽ തന്നെ അവരെ അടിച്ചമർത്തേണ്ടതുണ്ടോ..? വീണ്ടും വീണ്ടും അതേ തുടർന്ന് വേദനിപ്പിക്കേണ്ടതുണ്ടോ? പാർവതിയ്ക്ക് അതാണ് മനസ്സിലാകാതെ പോയത്.. ചൈതന്യ ഇനി ഏതു കാലത്തു ഇതൊക്കെയൊന്നു ചിന്തിക്കാനാണ്..

പാർവതി മുൻവശത്തേക്ക് നടന്നു.. ചന്ദന ചൈതന്യയോട് എന്തോ പറയുവാൻ ഒരുങ്ങിയെങ്കിലും അപ്പോഴേക്കുമവൾ മുറി വാതിൽ ശക്തമായി വലിച്ചടച്ചു.. *** "പപ്പാ.. ശരണാണ്.. പപ്പയുടെ ഫോണിലേക്ക് വിളിച്ചു കിട്ടിയില്ലെന്ന്.. " രാത്രിയിൽ അത്താഴം കഴിഞ്ഞു പുറത്തു തിലകരാമനോട് സംസാരത്തിൽ മുഴുകിയിരിക്കുന്ന എബ്രഹാമിനരികിലേക്ക് ചിഞ്ചു ഫോണുമായി വന്നു.. നാളെയാണ് തിരിച്ചു പോകുന്നത്.. രാവിലെ ഏഴു മണിക്കാണ് ഫ്ലൈറ്റ്.. അന്നേ ദിവസം അവിടെ തങ്ങുവാനായിരുന്നു തീരുമാനം. എബ്രഹാം വേഗത്തിൽ ഫോൺ വാങ്ങിച്ചു കാതോടു ചേർത്തു.. മറു പുറത്തു നിന്നുള്ള വാർത്തയിൽ എബ്രഹാം ഒരുനിമിഷം നിശബ്ദനായി... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story