മണിവാക: ഭാഗം 88

manivaka

രചന: SHAMSEENA FIROZ

"തെരേസ.. തെരേസ മരണപ്പെട്ടു.. വസുവും ശരണും അങ്ങോട്ട് പോകുകയാണെന്ന്.." കാൾ കട്ട്‌ ചെയ്തു എബ്രഹാം പറഞ്ഞു. ചിഞ്ചുവും ഒരുനിമിഷം നിശബ്ദയായി.. "സണ്ണിയുടെ അമ്മ.. കിടപ്പിലായിരുന്നു.. സ്ഥിതി വളരെ മോശമാണെന്ന് കണ്ടു വന്നവരൊക്കെ പറഞ്ഞിരുന്നു.. ഒന്നു കാണാൻ ചെല്ലാൻ പോലുമായില്ല.." തിലകരാമന് അത് ആരാണെന്ന് മനസ്സിലായിരുന്നില്ല. സന്ദേഹത്തോടെ നിൽക്കുകയായിരുന്നു. അത് കണ്ട് എബ്രഹാം പറയുന്നുണ്ട്.. ചിഞ്ചു അകത്തേക്ക് നടന്നു.. അങ്ങനെ തെരെസാന്റിയും പോയിരിക്കുന്നു.. സണ്ണി തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു. ഹൃദയത്തിലൊരു നോവ് ഉദിച്ചു.. എന്തൊക്കെ പറഞ്ഞാലും ഇതിനോടകം തന്നെ സണ്ണി ഒരുപാട് അനുഭവിച്ചിരിക്കുന്നു. എന്തിനായിരിക്കാം കർത്താവ് ഈ വിധം പരീക്ഷിച്ചത് സണ്ണിയെ.. ചിഞ്ചുവിന്റെ ചുവട് ഒന്നിടറി. ചന്ദനയാണ് ചിഞ്ചുവിനെ വീഴാതെ പിടിച്ചു നിർത്തിയത്.. "എന്തുപറ്റി..?" ദുഃഖം പടർന്നിരിക്കുന്ന ചിഞ്ചുവിന്റെ മുഖം കണ്ട് ചന്ദന തെല്ലു ആകുലതയോടെ ചോദിച്ചു..

"തെരെസാന്റി മരണപ്പെട്ടുവെന്ന്.. ശരൺ വിളിച്ചിരുന്നു ഇപ്പോൾ.." വയ്യാതെ കിടപ്പാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും പെട്ടെന്ന് ആ വാർത്ത ഉൾകൊള്ളുവാൻ ചിഞ്ചുവിനെ പോലെ തന്നെ ചന്ദനയ്ക്കും കഴിഞ്ഞില്ല.. "വസുവും ശരണും അങ്ങോട്ട് പോകുകയാണ്.." ചിഞ്ചു പറഞ്ഞു.. "നിങ്ങൾ.. നിങ്ങളു പോകുന്നുണ്ടോ..?" ചന്ദന ദുഃഖം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.. "മ്മ്.. പോകണം.." ചിഞ്ചു മുറിയിലേക്ക് കയറി. പാർവതിയെ വിവരം അറിയിക്കുവാനായി ചന്ദന അടുക്കളയിലേക്ക് നടന്നു. "വസുവും ശരണും അപ്പോൾത്തന്നെ ഇറങ്ങിയതാണോ പപ്പാ..? അല്ലെങ്കിൽ നമുക്കും അവരൊന്നിച്ചു പോകാമായിരുന്നു.." മുറിയിലേക്ക് വന്ന എബ്രഹാമിനോട് ചിഞ്ചു പറഞ്ഞു.. "നമ്മൾ എങ്ങനെയാണ് ഇപ്പോൾ പോകുക.? രാവിലെ മടങ്ങേണ്ടതല്ലേ.. 7 ' O ക്ലോക്കിനാണ് ഫ്ലൈറ്റ്.. അതിനുള്ളിൽ പോയി വരാൻ കഴിയില്ല..

എത്ര കിലോമീറ്റർസ് ഉണ്ടെന്ന് നിനക്ക് അറിയാവുന്നതല്ലേ..?" "ഇല്ല പപ്പ.. പോകണം. ഇന്ന് പോയില്ലെങ്കിൽ ഇനി എപ്പോഴാണ് പോകുക..? ഇത്രയും ദിവസങ്ങൾ ഉണ്ടായിട്ടും ഒന്നു ചെന്നു കാണുവാൻ പോലുമായില്ല.. സണ്ണി ഇതിനോടകം തന്നെ ജീവനില്ലാത്തത് പോലെയായി കാണും.. പോയില്ലെങ്കിൽ എന്താണ് കരുതുക..? സണ്ണിയോടുള്ള വിരോധത്താൽ ഞാൻ പോയില്ലന്നാണ്.. ചിലപ്പോൾ ഈ ദിവസങ്ങളിലൊന്നിൽ തെരെസാന്റിയുമെന്നെ പ്രതീക്ഷിച്ചിരുന്നു കാണണം പപ്പാ.." ചിഞ്ചു പറഞ്ഞു.. കണ്ണുകൾ നിറഞ്ഞിരുന്നവളുടെ.. "അതെല്ലാം ശെരി തന്നെയായിരിക്കാം. പക്ഷെ എനിക്ക് വലുത് നീയാണ് ചിഞ്ചു.. നിന്റെ ആരോഗ്യവും നിന്റെ ജീവനുമാണ്.. അതിനേക്കാൾ പ്രാധാന്യം ഞാൻ മറ്റൊന്നിനും നൽകുന്നില്ല ഇപ്പോൾ.. ഒരിക്കലും ഞാൻ സ്വാർത്ഥനായിട്ടില്ല ചിഞ്ചു.. നിന്റെ കാര്യങ്ങളിൽ പിടിവാശികൾ കാണിച്ചിട്ടില്ല.. പക്ഷെ ഇപ്പോൾ എനിക്കിതു മാത്രമേ നിർവാഹമുള്ളു. കോട്ടയത്തേക്ക് പോകുക സാധ്യമല്ല.." കൂടുതൽ ആലോചിക്കാൻ നിൽക്കാതെ എബ്രഹാം പറഞ്ഞു..

"പപ്പാ..." ചിഞ്ചുവിന്റെ സ്വരം വേദനയാൽ നേർത്തു പോയി. "ഇല്ല ചിഞ്ചു.. ട്രീറ്റ്‌മെന്റിന്റെ ഇടയിലാണ് വന്നിരിക്കുന്നത്.. സീരിയസ്നെസ് നിനക്കും അറിയാവുന്നതാണ്. ബട്ട്‌ നീ അതിനേക്കാൾ ഇമ്പോർട്ടൻസ് മറ്റെന്തിനൊക്കെയോ നൽകുന്നു. ഇങ്ങനൊന്നുണ്ടന്ന് എത്രയോ നേരത്തെ അറിഞ്ഞിട്ടും അത് മറച്ചു വെച്ചവളാണ് നീ.. ഒരു സെക്കന്റ്‌ മുന്നേ എങ്കിലും ട്രീറ്റ്‌മെന്റിനു വിധേയമാകാൻ കഴിഞ്ഞെങ്കിൽ അതത്രയും ഭാഗ്യമായി കരുതുന്നവരാണ് ഓരോ പേഷ്യൻസും.. നീ മാത്രമെന്താണ് ചിഞ്ചു ഇതുപോലെ പെരുമാറുന്നത്.. ഒരുവിധ ന്യായികരണങ്ങളും ഇനി എനിക്ക് കേൾക്കേണ്ടതില്ല.. അറിഞ്ഞു കൊണ്ട് നിന്റെ കാര്യത്തിൽ കെയർലെസ്സ് ആകുവാൻ എനിക്ക് കഴിയില്ല.. നീ ഉറങ്ങാൻ നോക്കു. രാവിലെ പോകേണ്ടതാണ്. വെറുതെ മനസ്സ് വിഷമിപ്പിച്ചിരുന്നുറക്കം കളയണ്ട. അത് നിന്നെ പ്രതികൂലമായി ബാധിക്കുകയെ ഉള്ളു.." എബ്രഹാം വെളിയിലേക്ക് കടന്നു. അവിടെ നിറഞ്ഞ കണ്ണുകളുമായി ചന്ദന നിൽക്കുന്നുണ്ടായിരുന്നു.. **

"എന്തിനാണ് ഇത്രേം വലിയ വേദന ഉള്ളിലൊതുക്കിയത്.? പോകുന്നതിന് മുന്നെയെങ്കിലുമൊന്നു അറിയിച്ചിരുന്നെങ്കിൽ.." ചന്ദനയുടെ മടിയിൽ തല ചായിച്ചു കിടക്കുകയാണ് ചിഞ്ചു.. പാതിയിലേറെ നശിച്ചു പോയ ചിഞ്ചുവിന്റെ മുടിയിഴകളിലൂടെ വേദനയോടെ തഴുകുന്നുണ്ട് ചന്ദന.. ആ വേദനയുടെ പ്രതിഫലനമെന്നോണം കണ്ണുകൾ കവിളിലൂടെ ചാലു തീർത്തു ഒഴുകുകയാണ്.. "എനിക്കൊന്നുമില്ല ചന്ദു.. ട്രീറ്റ്‌മെന്റിലൂടെ മാറുന്നതേയുള്ളൂ.." ചിഞ്ചു ചന്ദനയെ വട്ടം പിടിച്ചു ഒന്നുകൂടെ ആ മടിത്തട്ടിലേക്ക് മുഖം ചേർത്തു.. "അവസാനമായി തെരെസാന്റിയെ ഒന്നു കാണണമെന്നുണ്ടായിരുന്നു.. അതിന് കഴിയില്ലല്ലോന്നോർത്താണ് വിഷമം.." ചിഞ്ചു പറയുന്നുണ്ട്. "സാരമില്ല.. ആ ആത്മാവിന് ശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കാം. അങ്കിൾ പറഞ്ഞത് പോലെ മറ്റ് ചിന്തകളെല്ലാം മാറ്റി വെച്ചു നീ നിന്റെ കാര്യത്തിന് പ്രാധാന്യം നൽകണം ചിഞ്ചു.." "അതങ്ങനെയല്ല ചന്ദു.. ഞാനോ നീയോ ആരെങ്കിലും പോയില്ലന്നാലാണ് ആ ആത്മാവിന് ശാന്തി ലഭിക്കാതിരിക്കുക.. തെറ്റ് ചെയ്‌തെന്ന തോന്നലോടെയാണ് ഈ നാളുകൾ അത്രയും കിടന്നത്..

കുറ്റബോധം കൊണ്ട് നീറിയാവും ഓരോ നിമിഷങ്ങളും തള്ളി നീക്കിയത്.. അവസാനമായി നമ്മളെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലോ..? അത് ബാക്കി വെച്ചായിരിക്കല്ലേ ഇപ്പോൾ പോയത്. മകളോടുള്ള സ്വാർത്ഥത മൂലം അങ്ങനെയായൊരു മാതാവാണ് അവർ.. സാന്ദ്രയെ മാത്രമേ എല്ലായ്‌പോഴും അവർ മുന്നിൽ കണ്ടിരുന്നുള്ളു. മറ്റെല്ലാവരുടെയും സ്ഥിതിഗതികൾ അവഗണിച്ചിരുന്നു. അല്ല എങ്കിൽ തെരെസാന്റി ഒരിക്കലും ആ വിധമാകുകില്ലായിരുന്നു.." ചിഞ്ചു ദുഃഖത്തോടെ പറയുന്നുണ്ട്. മുറി വാതിൽക്കൽ വന്ന എബ്രഹാമിനു ആ കിടപ്പ് കിടക്കുന്നവളെ കണ്ട് സഹിക്കാൻ കഴിഞ്ഞില്ല.. ഇന്നേവരെ ഒന്നിനുമവളോട് നോ പറഞ്ഞിട്ടില്ല.. ആദ്യമായാണ് കഠിനമായി പെരുമാറുന്നത്. എബ്രഹാമിനു എന്തെന്നില്ലാത്ത വിഷമം തോന്നി. ചിഞ്ചു പറഞ്ഞതിൽ തെറ്റ് ഉണ്ടായിട്ടോ ആ ആഗ്രഹം ന്യായമല്ലാത്തത് കൊണ്ടോ അല്ല എതിര് പറഞ്ഞത്.. ഒരു പിതാവിന്റെ ആധി.. അത് മാത്രം ഇപ്പോൾ മുന്നിട്ട് നിൽക്കുന്നു.. എങ്കിലും ചിഞ്ചുവിനെ വേദനിച്ചു കാണുവാനും വയ്യ.

അൽപ്പ നേരത്തെ ആലോചനയ്ക്ക് ഒടുവിൽ എബ്രഹാം ഒരു തീരുമാനത്തിലെത്തി. ____ രാവിലെ ഒമ്പതു മണിയോടെ തെരേസയുടെ ഫ്യൂണറൽ കഴിഞ്ഞിരുന്നു. ആരെയും കാത്ത് നിൽക്കാൻ ഉണ്ടായിരുന്നില്ല. അധികമാരും വരുവാനുമില്ലായിരുന്നു. തെരേസയുടെ കുടുംബക്കാരെല്ലാം കോട്ടയത്ത്‌ തന്നെയാണ്.. ഫെർനാൻഡസിനെ ബന്ധുക്കളാണ് അൽപ്പമെങ്കിലും ദൂരത്തുള്ളത്.. അവരെല്ലാം വെളുപ്പിന് മുന്നെയായി എത്തിയിരുന്നു. വസുവും ശരണും അവർക്കൊപ്പം എല്ലാത്തിനും മുന്നിൽ നിന്നു.. തീർത്തും തളർന്നു പോകുന്ന സണ്ണിയെ ഇരുവരും ചേർത്തു നിർത്തി.. സാന്ത്വനം നൽകി.. സണ്ണിയ്ക്ക് ഒപ്പം ഇരുവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു.. ചിഞ്ചു എബ്രഹാമിനൊപ്പം ഒരോരത്തായി നിന്നതേയുള്ളൂ. വരാനുണ്ടായ തിടുക്കമൊന്നും അവിടെത്തുമ്പോൾ അവളിൽ ഉണ്ടായിരുന്നില്ല.

മരണത്തിന്റെ ഗന്ധം. ചുറ്റുപാടും ഉയർന്നു കേൾക്കുന്ന കരച്ചിലുകൾ.. അങ്ങിങ്ങായുള്ള അടക്കം പറച്ചിൽ. ഇടയിൽ അൽപ്പ നേരമുള്ള നിശബ്ദത.. ആ ശീതികരിച്ച അന്തരീക്ഷം.. അതെല്ലാമവളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയിരുന്നു.. മരണമെന്ന ലോകത്തേക്ക്. ആ ഇരുണ്ട ലോകം മാത്രം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.. നാളെ താനും ഇതുപോലെ കിടക്കുകില്ലേ.. അന്നേരം പപ്പയും ചാച്ചനും പാറുവമ്മയും സ്റ്റെല്ല ആന്റിയും ചന്ദുവും അങ്ങനെ എല്ലാവരും ഇതുപോലെ കരയുകില്ലേ..? ആ ഓർമയിൽ തന്നെ ചിഞ്ചു വെട്ടി വിയർത്തു.. ജീവ വായു കിട്ടാത്തത് പോലെ തോന്നി അവൾക്ക്. വല്ലാത്തൊരു പരവേശം. ദാഹിക്കുന്നത് പോലെ. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ.. അടുത്ത നിമിഷത്തിൽ അവൾ നിലത്തേക്ക് മലർന്നു.. അരികിൽ നിരത്തി വെച്ചിരിക്കുന്ന കസേരകളിൽ രണ്ടെണ്ണം ചെരിഞ്ഞു വീണു.. "ചിഞ്ചു..." എബ്രഹാം അവളെ കൈകളിൽ കോരി എടുത്തു. ചുറ്റുമുള്ളവർ ആ കാഴ്ചയോടെ തെരേസയെ മറന്ന് പോയിരുന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയുവാനുള്ള വ്യഗ്രതയോടെ അവരുടെയെല്ലാം നോട്ടം ചിഞ്ചുവിനെ പൊതിഞ്ഞു. അടക്കി പറച്ചിലുകൾ പിന്നീട് അവളെ കുറിച്ചായി. പള്ളിയിന്ന് തിരികെ വന്നു പുറത്തെ ടാപ്പിൽ നിന്നും കൈകാലുകൾ കഴുകുകയായിരുന്ന ശരണും വസുവും കാര്യമറിഞ്ഞു ഓടി അടുത്തു. അപ്പോഴേക്കും എബ്രഹാം അവളെ അകത്തൊരു മുറിയിലേക്ക് കൊണ്ട് കിടത്തി പൾസ് ചെക്ക് ചെയ്യുകയായിരുന്നു.. അയാളുടെ മുഖത്ത് ആശ്വാസം നിഴലിച്ചു. ശരൺ അടുത്തു കണ്ടൊരു സ്ത്രീയോട് അൽപ്പം വെള്ളം ആവശ്യപ്പെട്ടു.. അവര് ഫ്രിഡ്ജിൽ നിന്നൊരു ബോട്ടിലുമായി വന്നതും ശരൺ തിടുക്കത്തിൽ അത് വാങ്ങിച്ചു.. ശരൺ തന്നെയാണ് ചിഞ്ചുവിന്റെ മുഖത്തേക്ക് വെള്ളം തളിച്ച് അവളെ ഉണർത്തിയത്.. "ഞാൻ അപ്പൊഴെ പറഞ്ഞതാണ്.. ഈ യാത്ര ഒഴിവാക്കാമെന്ന്.." ആയാസപ്പെട്ടു മിഴികൾ തുറക്കുന്നവളെ കണ്ട് എബ്രഹാം പറഞ്ഞു. അയാൾ ആ വിധം ഭയന്നു പോയിരുന്നു ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ. ചിഞ്ചു ചുറ്റിനും നോക്കി. എബ്രഹാമിനെ കൂടാതെ ശരണും വസുവുമുണ്ട് അരികിൽ.

തൊട്ട് പുറകിലായി സണ്ണിയും.. സണ്ണിയെ ഒന്നേ നോക്കിയുള്ളു.. അത്രമേൽ ഒരു തളർച്ച ബാധിച്ചിരുന്നവനെ.. ഹൃദയമൊന്നു പിടഞ്ഞു.. പിന്നെയും അവളുടെ മിഴികൾ പുറകിലേക്ക് നീങ്ങി. ഓരോ സ്ത്രീകളായി അകത്തേക്ക് തലയിട്ട് നോക്കുന്നു.. അവൾക്ക് ആശ്വാസം തോന്നി.. താൻ ഇപ്പോഴും പപ്പയ്ക്ക് അരികിലാണ്.. ഈ ലോകം വിട്ടു പോയിട്ടില്ല. നേരത്തെ തനിക്ക് ചുറ്റും വ്യാപിച്ചിരുന്ന ഇരുട്ട് ഇപ്പോൾ കാണുവാനില്ല.. "എന്തുപറ്റി. പേടിച്ചു പോയോ നീ.." വസു അലിവോടെ തിരക്കുന്നുണ്ട്. ചിഞ്ചു ഒന്ന് പുഞ്ചിരിച്ചു.. "വയ്യെങ്കിൽ വരണ്ടായിരുന്നുവല്ലോ..? എന്തിനായിരുന്നു വാശി..?" ശരൺ ചോദിച്ചു. "ഒന്നുമില്ല. ഇപ്പോൾ വന്നിരുന്നില്ല എങ്കിൽ ഞാനിനി എന്ന് വരുവാനാണ്.. എപ്പോൾ കാണുവാനായിരുന്നു.." തളർന്ന സ്വരത്തിലൊരു മറുപടി.. സണ്ണി പിന്തിരിഞ്ഞു നടന്നു.. ചിഞ്ചുവിന്റെ വേദന.. അവൾക്ക് വല്ലതും സംഭവിച്ചു പോകുന്നത്. ഇനി അങ്ങനൊന്നു കൂടി കാണുവാൻ ആകുകില്ല. അതിനുള്ള കരുത്തില്ല.. ഇപ്പോൾത്തന്നെ നിർജീവമായിരിക്കുന്നു താൻ..

ഹാളിലെ മേശയിൽ മാലയിട്ട് വെച്ചിരിക്കുന്ന തെരേസയുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണിലെ അവസാന തുള്ളിയും തുടച്ചു നീക്കി സണ്ണി.. ഇനി കണ്ണീരു പോലുമില്ല.. അത് പോലും വറ്റിയിരിക്കുന്നു.. അത്രമേൽ താൻ തളർന്നവശനായിരിക്കുന്നു. ശരണിനെ എബ്രഹാമിനും ചിഞ്ചുവിനുമരികിൽ നിർത്തി വസു സണ്ണിയ്ക്ക് പുറകെ വന്നിരുന്നു.. സണ്ണിയെ തനിച്ചാക്കില്ലന്നത് പോൽ.. തളർന്നു പോകാൻ അനുവദിക്കില്ലന്നത് പോൽ.. എബ്രഹാമും ചിഞ്ചുവും ഉച്ചയോടെ എബ്രഹാമിന്റെ തറവാട്ടിലേക്ക് പോയി.. ചിഞ്ചുവിന് നന്നായി ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു.. വസുവും ശരണും അന്നേ ദിവസം അവിടെ തങ്ങി.. സണ്ണി ഉടനെ ഡൽഹിയിലേക്ക് മടങ്ങുമെന്ന് തീരുമാനിച്ചിരുന്നു.. ആ പോകുന്നതിനു മുന്നേയായി വരാമെന്ന് പറഞ്ഞു അടുത്ത ദിവസം ഉച്ചയോടെയാണ് ശരണും വസുവുമിറങ്ങിയത്.. ** ഉച്ചയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞു വരുകയായിരുന്ന ചന്ദനയ്ക്ക് അരികിൽ ഒരു ബുള്ളറ്റ് വന്നു നിന്നു.. തിടുക്കത്തിൽ ഓരത്തേക്ക് ഒതുങ്ങി നിന്നു മുഖമുയർത്തി നോക്കിയ ചന്ദനയിൽ ഒരു പതിഞ്ഞ പുഞ്ചിരി വിരിഞ്ഞു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story