മണിവാക: ഭാഗം 89

manivaka

രചന: SHAMSEENA FIROZ

"ക്ലാസ് കഴിഞ്ഞുവോ..?" വസു നനുത്തൊരു പുഞ്ചിരിയോടെ തിരക്കി. "ഉവ്വ്.." പതിഞ്ഞ ശബ്ദത്തിലൊരു മറുപടി.. "ഒറ്റയ്‌ക്കെയുള്ളോ..?" വസു അടുത്തതായി ചോദിച്ചു. "രാവിലെ പോകുമ്പോൾ ചൈതു ഉണ്ടാവും.. അവൾക്ക് ട്യൂഷൻ നാലു മണി വരെയാണ്.. അതുകൊണ്ട് ഉച്ചയ്ക്ക് തനിച്ചാണ്.." ചന്ദന പറഞ്ഞു. നട്ടുച്ച നേരമാണ്.. വെയിലിനു ശക്തിയേറിയിരുന്നു. നടന്നു വരുകയായിരുന്നതിനാൽ ചന്ദന നന്നേ വിയർത്തിരുന്നു. "ഒരു കുട എടുക്കാമായിരുന്നില്ലേ..?" മുഖത്തെ വിയർപ്പ് തുള്ളികൾ തൂവാല കൊണ്ട് മടുപ്പോടെ തൂത്തു കളയുന്നവളോടായി തിരക്കി. അന്നേരവും പൊള്ളുന്ന സൂര്യ രശ്മികൾ അവളുടെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. "എന്നും എടുക്കാറുണ്ട്.. ഇന്ന് മറന്നു പോയി.." ചന്ദന പതിഞ്ഞൊരു ചിരി നൽകി.. "ഞാനാ വഴിക്കാണ്.. കമ്പനിയുടെ ഒരു സൈറ്റ് വർക്ക്‌ നടക്കുന്നുണ്ട്.. ആ ചെമ്മൺ പാതയ്ക്ക് ഓപ്പോസിറ്റായുള്ള ഏരിയയിൽ.." "കണ്ടിരുന്നു.. ഞാൻ പോകട്ടെ.." ചന്ദന പറഞ്ഞു.. "ഞാനാ വഴിക്ക് തന്നെയാണ്..".

വസു വീണ്ടും പറയുകയുണ്ടായി. വരുന്നോ എന്നവൻ ചോദിക്കാതെ ചോദിക്കുകയാണ്.. എന്തുകൊണ്ടോ.. പ്രതീക്ഷയോടെ തന്നിലേക്ക് നീളുന്ന മിഴികളെ അവഗണിക്കുവാൻ ആയില്ലവൾക്ക്. ആ മുഖത്തെ തെളിച്ചം നഷ്ടപ്പെടുത്തുവാൻ ഒരിക്കലും കഴിയുമായിരുന്നില്ല. ഒന്നുമേതും പറയാതെ ബുള്ളറ്റ്നു പുറകിലായി ഒരു വശം ചേർന്നിരുന്നു. വസുവിന്റെ ഉള്ളിലൊരു കുളിർക്കാറ്റ് വീശി.. ആ ഉച്ച വെയിലിലും അതവനെ അടിമുടി തണുപ്പിച്ചു. ചുണ്ടിലൊരു പതിഞ്ഞ പുഞ്ചിരി ചേക്കേറിയിരുന്നു. ചന്ദന പുറകിൽ പിടിച്ചു ശെരിക്കുമിരുന്നെന്നുറപ്പിച്ചതിനു ശേഷം മാത്രം വസു വണ്ടി മുന്നോട്ടു എടുത്തു.. ആദ്യമായി.. ആദ്യമായായിരുന്നു അങ്ങനൊരു യാത്ര.. എത്രയോ സ്വപ്നം കണ്ടിരുന്നു. ആഗ്രഹിച്ചിരുന്നു. നിറവേറ്റാൻ കൊതിച്ചിരുന്നു. അന്നുമുണ്ടായിരുന്നില്ല.. അതിന് ശേഷവുമുണ്ടായിരുന്നില്ല.. തൊട്ട് തഴുകി പോകുന്ന കാറ്റിൽ ചന്ദന അൽപ്പം ആശ്വാസം കണ്ടെത്തി. ഒരുപരിധി വരെ ചൂട് കുറഞ്ഞതായി തോന്നി. മറ്റൊരു ചിന്തകളും അവളെ അലട്ടിയില്ല..

ഒരുപാട് നാളുകൾക്കു ശേഷം മനസ്സിന്റെ താപമൊന്നു വിട്ടൊഴിഞ്ഞതായി തോന്നി ചന്ദനയ്ക്ക്.. അത്രമേൽ ഉള്ളിലൊരു ശാന്തത.. അത് തന്നെ സ്വസ്ഥമാക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം ചന്ദനയുടെ മുഖവും തെളിഞ്ഞു നിന്നു.. * എബ്രഹാമിന്റെ ഇളയ സഹോദരൻ എബനെസ്റ്റും കുടുംബവും സിങ്കപ്പൂരിൽ നിന്നും വന്നിരുന്നു. അമ്മച്ചിയുടെ ആണ്ടിനു പങ്കെടുക്കും വിധം എത്തി ചേരണമെന്ന് കരുതിയിരുന്നെങ്കിലും എബനെസ്റ്റിനു അത് സാധിച്ചിരുന്നില്ല.. നാളെയാണ് എബ്രഹാമും ചിഞ്ചുവും പോകുന്നത്.. അതിന് മുന്നെയായി എങ്കിലും എത്തി ചേരണമെന്ന് കരുതി ഇന്നലെ വൈകുന്നേരത്തോടെയാണ് അവര് നാട്ടിൽ എത്തിയത്.. "അവിടെ പോയാൽ ജോസിച്ചായൻ ജോലിയുമായി തിരക്കിലാവും.. നീ തനിച്ചുമാകും. നീ നിന്റെ ആരോഗ്യമൊന്നും തീരെ ശ്രദ്ധിക്കുന്നില്ലന്നാണ് എനിക്ക് തോന്നുന്നത്. തത്കാലം പപ്പ പോകട്ടെ.. നീയിവിടെ നില്ക്കു.. മുൻപ് അങ്ങനെ ആയിരുന്നല്ലോ.? ഒറ്റപ്പെട്ട ലൈഫ് ഇഷ്ടമല്ലന്ന് പറഞ്ഞു പപ്പ പോകുമ്പോൾ ഒന്നും നീ കൂടെ പോകാറില്ലല്ലോ..?

ഇവിടെയോ ചന്ദനയുടെ വീട്ടിലോ ആയി നില്ക്കാറല്ലായിരുന്നോ.? അമ്മച്ചി അല്ലേടി ഇല്ലാത്തുള്ളൂ.? ഞങ്ങളൊക്കെ ഇല്ലേ ഇവിടെ..? ഞങ്ങള് അന്യരാണോ നിനക്ക്.? ഇന്നോളം വേർതിരിവ് എന്തെങ്കിലും കാണിച്ചിട്ടുണ്ടോ..?" സ്റ്റെല്ലയാണ് പറയുന്നത്.. "ഇപ്പോഴാണെങ്കിൽ എബിച്ചായനും ഞങ്ങളുമെല്ലാവരുമുണ്ട്.. നിനക്ക് ഞങ്ങളോട് അകൽച്ച എന്തെങ്കിലും ഉള്ളത് കൊണ്ടാണോ ചിഞ്ചു..?" സ്റ്റെല്ലയ്ക്ക് ഒപ്പം എബനെസ്റ്റിന്റെ വൈഫ്‌ നിമിഷയും ചേരുന്നുണ്ട്.. ഏണസ്റ്റിനും എബനെസ്റ്റിനും അതേ അഭിപ്രായം തന്നെയാണ്.. കുട്ടികൾ ചിഞ്ചു പോകുന്നത് പറഞ്ഞു ഇന്നലെ തൊട്ടേ പിണക്കത്തിലാണ്. ആ സാഹചര്യങ്ങളുടെ സമ്മർദ്ധത്തിനു മുന്നിൽ എബ്രഹാമിനു ചിഞ്ചുവിന്റെ അസുഖ വിവരം അവരോടെല്ലാം വെളിപ്പെടുത്തേണ്ടി വന്നു.. എബനെസ്റ്റും കുടുംബവും വന്നതിനെ തുടർന്ന് ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വീട്ടിലൊരു പെരുന്നാളിന്റെ മേളമുണ്ടായിരുന്നുവെങ്കിലും അന്നേ ദിവസമാ വീട് ഉറങ്ങി കിടന്നു.. ഏറെക്കുറെ നിശബ്ദതയും ചിഞ്ചുവിന് വേണ്ടിയുള്ള പ്രാർത്ഥനയുമായി നേരം വെളുപ്പിച്ചു.. **

എയർ പോർട്ടിലേക്ക് ഇറങ്ങുന്നതിനു മുന്നെയായി എബ്രഹാം സണ്ണിയുടെ വീട്ടിൽ പോയി.. അവിടെ വസുവും ശരണും വന്നിരുന്നു. സണ്ണി നാളെ ഡൽഹിയിലേക്ക് പോകുകയാണ്. സണ്ണിയ്ക്ക് ഇനിയും വയ്യായിരുന്നു അവിടം. അത്രമേൽ ഒരു ഒറ്റപ്പെടൽ അവനെ കീഴ് പെടുത്തിയിരുന്നു. "കഴിഞ്ഞു പോയതിലിനി മനസ്സ് വിഷമിപ്പിച്ചിട്ട് കാര്യമില്ല.. ചിഞ്ചുവിനെ പ്രതീക്ഷിച്ചു ഇരിക്കരുത് കേട്ടോ.. അവൾക്ക് നിന്നോട് ദേഷ്യമാണെന്നല്ല അതിനർത്ഥം.. ഇപ്പോൾ അവൾ അതേക്കുറിച്ചു ഒന്നും ചിന്തിക്കുന്നില്ല.. ഇങ്ങനൊരു സാഹചര്യത്തിൽ അവളെ ഒന്നിനും നിർബന്ധിക്കുവാനോ അവളോട് ശഠിക്കുവാനോ എനിക്ക് സാധിക്കില്ല.. ഇന്നോളം ഞാൻ അങ്ങനെ ചെയ്തിട്ടില്ല.. എല്ലാത്തിനും അവളുടേതായ ഒരു സ്പേസ് നൽകിയിരുന്നു. ശരണിനെയോ സണ്ണിയെയോ.. അതല്ല മാറ്റാരെയെങ്കിലുമൊ ചൂസ് ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ ഇപ്പോൾ ആ വിധമൊന്നു ചിന്തിക്കാൻ കഴിയില്ലെന്നാണ് അവൾ പറഞ്ഞത്. സണ്ണി ആയാലും ശരൺ ആയാലും അവൾക്ക് വേണ്ടി ലൈഫ് സ്പോയിൽ ചെയ്യരുത്..

ഒരുപാട് ഉയർച്ചകളിൽ എത്തേണ്ടവനാണ് സണ്ണി. അതിനുള്ള കഴിവ് സണ്ണിയ്ക്ക് ഉണ്ട്.." എബ്രഹാം സണ്ണിയോട് പറയുകയാണ്.. "അന്നും ഇന്നും എന്റേതാകുവാൻ ആഗ്രഹിച്ചിട്ടില്ല.. ഇടയിൽ എപ്പോഴോ നഷ്ടബോധം തോന്നിയിരുന്നു. ഇപ്പോഴും തോന്നുകയാണോ? അറിയില്ല.. ചിലപ്പോൾ ആയിരിക്കാം.. വേദനിക്കാറുണ്ട്.. അവളോട് ചെയ്തതിൽ.. ആ വിശുദ്ധ പ്രണയം തിരസ്കരിച്ചതിൽ.. എന്നും എപ്പോഴും ആഗ്രഹിച്ചത് ശരണിന് ഒപ്പം ചേർന്ന് കാണുവാനാണ്.. ചിഞ്ചു ശരണിനൊപ്പം ഒരു ലൈഫ് തുടങ്ങി കാണുന്നതാണ് ഒരുപാട് നാളുകളായി എന്റെ സ്വപ്നങ്ങളിൽ ഉള്ളത്.." "അതുമുണ്ടാകുകില്ല സണ്ണി.." ഉള്ളിൽ എവിടെയോ എബ്രഹാമും അത് ആഗ്രഹിച്ചിരുന്നു. അയാൾ നോവോടെ പറഞ്ഞു.. ശരണിനോടും അതുതന്നെയായിരുന്നു എബ്രഹാമിന് പറയുവാൻ ഉണ്ടായിരുന്നത്.. കാലമേറെ കടന്നു. ഇനിയും ചിഞ്ചുവിന് വേണ്ടി ആരും കാത്തിരിക്കുകയോ അവരുടെ സമയവും ജീവിതവും കളയുകയും വേണ്ട.. ചിഞ്ചുവിന്റെ ഭാവി തനിക്ക് തന്നെ നിശ്ചയമില്ല. ട്രീറ്റ്‌മെന്റുമായി അത് മുന്നോട്ട് പോകും.

ചിലപ്പോൾ പൂർണമായി മാറിയേക്കാം. മറ്റ് ചിലപ്പോൾ ഇടയിൽ വീണ്ടുമാ കാൻസർ സെൽസ് പൂർവാധികം ശക്തിയോടെ വളർച്ച പ്രാപിച്ചേക്കാം.. അവൾ ഈ വിധമാണ് സന്തോഷവതിയെങ്കിൽ ഇങ്ങനെ അങ്ങു പോകട്ടെ.. അല്ലെങ്കിലും വിവാഹവും കുട്ടികളുമൊന്നുമല്ലല്ലോ ജീവിതത്തിന്റെ ലക്ഷ്യവും അവസാനവും.. അവിടെ മറ്റെന്തൊക്കെയുണ്ട്.. ഓരോ പേരും അവരുടേതായ വഴികളിൽ സന്തോഷമായിരിക്കുന്നുവെങ്കിൽ അതുതന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയവും. എബ്രഹാം ഒന്ന് നിശ്വസിച്ചു. ശരണിന്റെ കണ്ണുകൾ നനഞ്ഞിരുന്നു. ആദ്യമായി നെഞ്ചിലേറിയ പെണ്ണാണ്. അന്ന് തൊട്ട് ഇന്നോളം സ്വന്തമാകില്ലന്ന് ഉറപ്പുണ്ടായിരുന്നു.. എങ്കിലും.. എന്നെങ്കിലും.. അങ്ങനൊരു പ്രതീക്ഷ. അല്ലെങ്കിലും വെറുതെ പ്രതീക്ഷിക്കുവാനും മോഹിക്കുവാനുമാണ് മനുഷ്യർക്ക് എന്നുമിഷ്ടം. തനിക്കു സ്വന്തമാകുന്നില്ലല്ലോന്നുള്ളതിനേക്കാൾ ചിഞ്ചുവിന്റെ പ്രണയം തീർത്തും നശിച്ചു പോയതിലായിരുന്നു ശരണിനു വിഷമം.. അതെങ്ങുമെത്താതെ പോയി. വേദനയില്ലന്ന് എത്രയാവർത്തി സണ്ണി പറയുന്നുണ്ടെന്നാലും ചിഞ്ചുവിന്റെ ഓർമയിൽ സണ്ണി ഉരുകുകയാണ് ഓരോ നിമിഷവും. അത് തനിക്കും വസുവിനുമല്ലാതെ മറ്റാർക്കു മനസ്സിലാക്കാൻ സാധിക്കും.

. "ചന്ദനയോട് ഒന്ന് മനസ്സ് തുറന്നു സംസാരിച്ചു നോക്കു. ഇടയിലുള്ള ഈ അകൽച്ച പൂർണമായും.. അല്ല.. എന്നെന്നേക്കുമായി മാറിയേക്കാം.. നിങ്ങളിനി ഒന്നിന് വേണ്ടിയും വിട്ടു കൊടുത്തേക്കരുത്. പരസ്പരം നഷ്ടപ്പെടുത്തിയേക്കരുത്..." ഇറങ്ങുന്നതിനു മുന്നേയായി എബ്രഹാം വസുവിനെ ഓർമിപ്പിച്ചു.. അവനൊരു പതിഞ്ഞ പുഞ്ചിരിയോടെ ആ വാക്കുകൾക്ക് സമ്മതം നൽകി.. ** ദിവസങ്ങൾ ഓടി മറഞ്ഞു.. ചൈതന്യ ഓണ പരീക്ഷയുടെ ചൂടിലാണ്.. ചന്ദന ആറു മാസ കോച്ചിങ് പൂർത്തിയാക്കി ആദ്യത്തെ എക്സാമിനായി തയാറെടുത്തു തുടങ്ങി.. ഒപ്പം തന്നെ ഡിഗ്രി അവസാന വർഷത്തെ എക്സാം എഴുതുന്നതിനെ കുറിച്ചും ബോധവതിയായിരുന്നു. ഇടയിൽ അഞ്ചാറു വട്ടമായി വസുവിനെ കണ്ടു.. അപ്പോഴൊക്കെ പതിവ് പോലെ പതിഞ്ഞൊരു പുഞ്ചിരി കൈ മാറുകയോ അൽപ്പം മാത്രം സംസാരിക്കുകയോ ചെയ്തു പോന്നു.. ശരൺ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ദുബായിലേക്ക് തിരിച്ചു പോയിരുന്നു. ശരൺ അപ്പോഴും പഴയത് പോലെത്തന്നെ.. ഫ്രീ ആകുന്ന സമയങ്ങളിൽ എല്ലാവരെയും കോൺടാക്ട് ചെയ്യുമായിരുന്നു അവൻ..

അതുകൊണ്ട് വസുവിനെ കണ്ടപ്പോഴൊക്കെ സണ്ണിയുടെ വിവരം മാത്രമേ ചന്ദനയ്ക്ക് അന്വേഷിക്കേണ്ടതായ് വന്നുള്ളൂ. ചിഞ്ചു ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടമായി ചന്ദനയുടെ വീട്ടിലേക്ക് വിളിക്കും. മറ്റു ദിവസങ്ങളിൽ കോട്ടയത്തേക്കും. വസുവിനെയും ശരണിനെയും വാട്സപ്പിൽ കോൺടാക്ട് ചെയ്യും. അങ്ങനെ പരസ്പരം വിവരങ്ങളും വിശേഷങ്ങളും പങ്കുവെച്ചു അവരാ സൗഹൃദം നില നിർത്തിക്കൊണ്ടു പോന്നു.. ചൈതന്യയ്ക്ക് ഇപ്പോൾ ചിഞ്ചുവിനോട് ആ പഴയ വിദ്വേഷമില്ല. വിളിച്ചാൽ ചൈതന്യയും ചിഞ്ചുവിനോടു അൽപ്പമൊക്കെ സംസാരിക്കും. എങ്കിലും ആ പഴയ അടുപ്പവുമില്ല. സഹതാപത്തിലൂടെ അങ്ങനൊന്നുണ്ടാക്കിയെടുക്കുവാൻ ചിഞ്ചുവും ശ്രമിച്ചിരുന്നില്ല. ഒന്ന് സംസാരിച്ചുവല്ലോ.. ആ കഠിനമായ വിദ്വേഷം മാഞ്ഞു പോയല്ലോ.. അത്രയും മതിയായിരുന്നു ചിഞ്ചുവിന്..

ഇടയിൽ രണ്ട് വട്ടമായി രാധികയും വരുണും വന്നിരുന്നു ചന്ദനയെ കാണുവാൻ. അന്നൊക്കെ അറിയാതെ എങ്കിലും ചന്ദനയുടെ മിഴികൾ ഒന്ന് വസുവിനെ ആ പരിസരത്ത് തേടിയിരുന്നു. "ഇനി വരുമ്പോൾ വസുവും അച്ഛനുമുണ്ടാകും കേട്ടോ.. മിണ്ടാതെയും പറയാതെയും നിന്നെക്കരുത്.. സന്തോഷത്തോടെ ഇരുന്നോണം അന്ന്.." രണ്ടാം വട്ടം വന്നു പോകുമ്പോൾ രാധിക ചന്ദനയുടെ കൈകൾ കവർന്ന് കൊണ്ട് പറഞ്ഞു.. ** രാവിലെ ജോഗിങ് കഴിഞ്ഞു വന്നു പത്രം നിവർത്തിയ വസുവിന്റെ കണ്ണുകൾ ആഹ്ലാദത്താൽ ഒന്ന് വിടർന്നു.. "അമ്മാ... ഇത് കണ്ടുവോ..?" ഉള്ളിലെ സന്തോഷം അടക്ക വയ്യാതെ അവൻ പത്രവുമായി അകത്ത് കയറി...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story