മണിവാക: ഭാഗം 90

manivaka

രചന: SHAMSEENA FIROZ

"ഡൽഹി ഹെൽത് കെയർ അവാർഡ് കേരള സ്വദേശിക്ക് ഡൽഹി : യുവ ഗൈനകോളജിസ്റ്റു എഡ്വിൻ ഫെർനാൻഡസാണ് അവാർഡിന് അർഹനായിരിക്കുന്നത്..............." പത്രത്തിലേക്ക് നോക്കിയതേ രാധികയുടെ മിഴികളും ആഹ്ലാദത്താൽ ഒന്ന് വിടർന്നു.. "കഴിവുള്ളവനാണ്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.." രാധിക അതിയായ സന്തോഷത്തോടെ പറയുന്നുണ്ട്. വസു ഉടനെ സണ്ണിയെ വിളിച്ചു ആശംസകൾ അറിയിച്ചു.. ശേഷം ആ വാർത്ത ഫോണിൽ പകർത്തിയെടുത്തു ചിഞ്ചുവിനും ശരണിനും വാട്സപ് ചെയ്തു.. പരാജയപ്പെട്ടിട്ടില്ല.. വിജയത്തിന്റെ പടികളിലേറുകയാണ്.. വസു നിറഞ്ഞ മനസ്സോടെ സണ്ണിയെ ഓർക്കുകയുണ്ടായി.. അന്നേ ദിവസം ഒരുപാട് സന്തോഷത്തോടെയാണ് വസു തന്റെ ഓരോ കാര്യങ്ങളിലും ഏർപ്പെട്ടത്.. ** ജനൽ കമ്പികളിലൊന്നിൽ പിടുത്തമിട്ടു പുറത്തേക്ക് നോക്കി നിൽക്കുക്കയാണ് ചന്ദന.. അരികിലായ് ആ ജനൽ പടിയിൽ ചാരി, കൈകൾ പിണച്ചു കെട്ടി വസുവും.. ചന്ദനയുടെ ഉള്ളിലൊരു തണുപ്പാണ്.. ഒരിളം തണുപ്പ്..

വസുവിന്റെ മിഴികൾ അത്രയും ചന്ദനയിലായിരുന്നു. തനിക്കു മുഖം നൽകാതെ മറ്റെങ്ങോ നോക്കി നിൽപ്പാണ്. ആ മിഴികളിൽ ഇപ്പോൾ എന്തായിരിക്കും.? മനസ്സാലെ ആയിരിക്കില്ലേ സമ്മതം മൂളിയത്.? അതോ സമ്മർദ്ധം മൂലമോ..? വസുവിൽ അപ്പോഴും ചെറുതായ് ആശങ്ക നില നിന്നിരുന്നു. "ചന്ദനാ..." പതിഞ്ഞൊരു വിളി. അത്രയേറെ സ്നേഹം നിറഞ്ഞൊരു വിളി. ചന്ദനയുടെ ഉള്ളിൽ വീണ്ടുമൊരു തണുപ്പ് ഇരച്ചു കയറി. "അര മണിക്കൂറോളമായി കേട്ടോ ഈ നിൽപ് തുടങ്ങീട്ട്.. എന്താണ് ഒന്നും സംസാരിക്കാത്തത്..?" വസു ചോദിക്കുന്നുണ്ട്. ചന്ദന പതിയെ ചെരിഞ്ഞു വസുവിലേക്ക് മിഴികൾ നീട്ടി. വർഷങ്ങൾക്കിപ്പുറവും ആ കണ്ണുകളിലെ പ്രണയ സാഗരത്തിനു അൽപ്പം പോലും വ്യതിയാനമില്ലന്നത് അവൾ അത്ഭുതത്തോടെ നോക്കി കണ്ടു. അത് പഴയതിലും ഇരട്ടിയായി ശാന്തമായ തിരമാല കണക്കെ അറ്റമില്ലാതെ പരന്നു കിടക്കുന്നു.. "ചന്ദനാ..." വീണ്ടുമൊരു വിളി. തിടുക്കത്തിൽ മിഴികൾ പിൻവലിച്ചു അവൾ. അത്രയും നേരം താനാ മിഴികളിൽ ആഴ്ന്നിറങ്ങുകയായിരുന്നെന്നു അൽപ്പമൊരു ജാള്യതയോടെ അവൾ ഓർത്തു..

"വരില്ലേ എന്റൊപ്പം.?" ജനൽ കമ്പിയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ചന്ദനയുടെ ഇടം കൈക്ക് മുകളിൽ വസുവിന്റെ വലം കൈ ചേർന്നു.. ചന്ദനയുടെ കണ്ണുകൾ പിടച്ചു.. ഉടലൊന്നു വിറച്ചു.. നെഞ്ചിലൊരു വിങ്ങൽ.. അത്രമേൽ വലുതായൊരു വിങ്ങൽ. അന്നും വന്നിരുന്നു ഇതുപോലെ.. കൂടെ ചെല്ലുവാൻ വിളിച്ചിരുന്നു.. യാചിച്ചിരുന്നു തന്നോട്.. അന്ന് താൻ ആ ഒപ്പം പോയിരുന്നുവെങ്കിൽ.. ഇന്നിത്രമേലാരും വേദനിക്കുകില്ലായിരുന്നു.. തെറ്റ് ഏറെയും തന്റെ ഭാഗത്തായിരുന്നെന്ന് തോന്നി ചന്ദനയ്ക്കാ നിമിഷത്തിൽ.. തൊണ്ട കുഴിയോളം വന്നു നിന്നൊരു ഗദ്ഗദം. "കരയുവാണോ..? അരുത്.." ഇരു ചുമലുകളിലും കൈ ചേർത്തു വസു അവളെ തനിക്ക് അഭിമുഖമായി നിർത്തി. പെരു വിരൽ വെച്ചവളുടെ കണ്ണീരിറങ്ങിയ കവിൾ തടങ്ങൾ തുടച്ചു നൽകി. "മനസ്സിന് അത്രയേറെ സമ്മതമാണെന്നാൽ മാത്രം മതി. ആരുടെയും അഭിപ്രായത്തിനോ നിർബന്ധത്തിനോ വഴങ്ങേണ്ടതില്ല. ഇനിയും ചന്ദന അങ്ങനൊന്ന് ആവർത്തിക്കേണ്ടതില്ല.." സ്വരത്തിൽ അലിവും കരുതലും ആവോളം നിറഞ്ഞിരുന്നു..

അതിന് മുന്നിൽ ഹൃദയം വീണ്ടും തണുത്തു പോയി. ആ നിമിഷത്തിൽ അരികിൽ നിൽക്കുന്നവന്റെ നെഞ്ചോട് ഒന്ന് ചേരണമെന്നും ആ സ്നേഹ ചൂട് ഏറ്റു വാങ്ങണമെന്നുമല്ലാതെ മറ്റൊന്നുമേ തോന്നിയില്ല ചന്ദനയ്ക്ക്.. മറ്റൊന്നുമവളെ അലട്ടിയില്ല. ചിന്തകളുടെ വേലിയേറ്റം എങ്ങോ പോയി മറഞ്ഞിരുന്നു.. വസുവിൽ അവശേഷിച്ചിരുന്ന അവസാന ആശങ്കയും മാഞ്ഞു പോയി. ഹൃദയം അത്രമേൽ ആർദ്രമായി. അവിടെ സ്നേഹം നിറയുന്നു. പ്രണയം തുളുമ്പുന്നു. ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിടർന്നു.. ഇടതു കരം അവളെ ചേർത്തു പിടിക്കുകയും വലതു കരം അവളുടെ മുടിയിഴകളെ തലോടുകയും ചെയ്തു.. ** ചന്ദനയെ അന്ന് തന്നെ കൂടെ കൂട്ടണമെന്നായിരുന്നു രാധികയ്ക്ക്.. എന്നാൽ വിശ്വനാഥനും തിലകരാമനും മറ്റൊരാഭിപ്രായം പങ്ക് വെച്ചു. ചെറുതായെങ്കിലും ഒരു താലി കെട്ട്. വസുവും അതിനോട് യോജിച്ചു.. വസുവിന്റെ സ്വപ്നമായിരുന്നത്. ചന്ദനയ്ക്ക് ഏറെ പ്രിയപ്പെട്ട അവളുടെ ഭഗവതി ക്ഷേത്രത്തിൽ.. ദേവിയെ സാക്ഷി നിർത്തി ഒരു താലി കെട്ട്. ആ ഓർമയിൽ തന്നെ വസുവിന്റെ ഹൃദയം തരളിതമായി..

കാർമേഘം മാഞ്ഞു പോയി വാനം തെളിഞ്ഞിരിക്കുന്നു. പ്രസന്നമായിരിക്കുന്ന വസുവിന്റെ മുഖം കാൺകെ വിശ്വനാഥനും രാധികയും വരുണുമേറെ സന്തോഷിച്ചു. അച്ഛനും ശരത്തിനുമൊപ്പം ശരൺ പൂർണമായും ബിസ്സിനെസ്സ് കാര്യങ്ങളിലേക്ക് തിരിഞ്ഞിരുന്നു. തിരക്കിലാണ് അവൻ ഇപ്പോൾ.. ചന്ദനയുടെ വീട്ടിൽ നിന്നും ശരണിനു വീഡിയോ കാൾ ചെയ്തിരുന്നുവെങ്കിലും ശരൺ അപ്പോൾ ലൈനിൽ ഉണ്ടായിരുന്നില്ല.. വീട്ടിൽ എത്തിയപ്പോൾ രാധികയും വസുവും ശരണിനു മെസ്സേജ് അയച്ചു വിട്ടു. സണ്ണിയ്ക്കും ചിഞ്ചുവിനും ടെക്സ്റ്റ്‌ ചെയ്യാൻ മറന്നില്ല വസു.. വൈകുന്നേരത്തോടെ ശരൺ ലൈനിൽ വന്നു.. രാധികയാണ് ശരണിനോട്‌ കാര്യങ്ങൾ പറഞ്ഞത്. ഉടനെ വസുവിന് കൈമാറുകയും ചെയ്തു. ശരൺ ഒരു കൊടുമുടിയിലായിരുന്നു. ആനന്ദത്തിന്റെ കൊടുമുടിയിൽ. ഉടനെ നാട്ടിൽ എത്തണമെന്നും വസുവിനെ ഒന്ന് ആലിംഗനം ചെയ്യണമെന്നും തോന്നി ശരണിനു. അവന്റെ അത്രമേലൊരു സ്വപ്നമായിരുന്നത്.. വസുവും ചന്ദനയും ഒന്നു ചേരുന്നത്. **

രാത്രിയിൽ വസുവിനെ അത്താഴത്തിനു താഴേക്ക് കാണാഞ്ഞു രാധിക മുകളിലേക്ക് കയറി ചെന്നു. വസു അപ്പോൾ സാന്ദ്രയുടെ മുറിയിൽ ആയിരുന്നു. "എന്താടാ..?" സാന്ദ്രയുടെ ഫോട്ടോയിൽ ശിരസ്സ് ചേർത്തു നിൽക്കുന്ന വസുവിന്റെ ചുമലിൽ ഒന്ന് തൊട്ടു രാധിക.. വസു മുഖമുയർത്തി. അവന്റെ കണ്ണുകൾ നനവാർന്നിരുന്നു. "എന്തുപറ്റിയെടാ..?കരയുകയാണോ..?" രാധിക വേവലാതി പൂണ്ടു. "ഒന്നുമില്ലമ്മാ.. സാന്ദ്രയെ ഓർത്തപ്പോൾ.. ഞാൻ കാരണമാണോ അമ്മാ. എന്നെ ശപിച്ചു കളയുമോ അവൾ..? ചന്ദനയോട് വെറുപ്പ് ആയിരിക്കുമോ..?" വസു വേദനയോടെ പറയുന്നുണ്ട്. "നീ എന്ത് ചെയ്തിട്ടാണ്.? നീയല്ല.. ഞങ്ങളൊക്കെയാണ് തെറ്റുകാര്.. അത് പക്ഷെ സാന്ദ്രയുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല.. അത് ഈശ്വരന്റെ കയ്യിൽ മാത്രമാണ്. നമുക്ക് എന്ത് ചെയ്യാൻ പറ്റുമെടാ.." രാധികയുടെ കണ്ണുകളുമൊന്നു നനഞ്ഞു. സാന്ദ്രയോട് പ്രത്യേകമായൊരു ഇഷ്ടമായിരുന്നു. വസുവിനോളം.. വരുണിനോളം സ്നേഹമുണ്ടായിരുന്നു അവളോട്.. സണ്ണിയുടെ കുഞ്ഞ് അനുജത്തിയാണെന്ന പരിഗണനയും വാത്സല്യവുമായിരുന്നു ഏറെ.

അതാണ് ഒടുക്കം അങ്ങനൊരു സ്നേഹത്തിൽ പരിണമിച്ചത്. അതുകൊണ്ടാണ് തെരേസ സാന്ദ്രയെ വസുവിന് ആലോചിച്ചപ്പോൾ അതിൽ യാതൊരു വിധ കുറ്റങ്ങളും എതിർപ്പുകളും തോന്നാഞ്ഞതും കാണാതെ പോയതും. ഇടയിൽ ചന്ദന ഉണ്ടെന്നതല്ലാതെ മറ്റൊന്നും. സാന്ദ്ര മരിച്ചു പോയെന്നത് ആദ്യമൊക്കെ ഉൾക്കൊള്ളുവാൻ പ്രയാസമായിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു വന്നു. അത്രേയുള്ളൂ ഓരോ മനുഷ്യന്റെയും അവസ്ഥകൾ. മറവി അനുഗ്രഹമായി തീരുന്നത് അപ്പോഴൊക്കെയാണ്.. അല്ലെങ്കിൽ എക്കാലവും ഓരോ ഓർമകളിൽ ഉരുകി ഉരുകി അങ്ങനെ.. രാധിക ഓർക്കുകയുണ്ടായി. വസും മുറിയിൽ നിന്നും ഇറങ്ങിയിരുന്നു. പുറകെയായി രാധികയുമിറങ്ങി കതകു ചാരി വെച്ചു. * വസുവിനേറേ ഇഷ്ടമുള്ള മാമ്പഴ നിറത്തിലുള്ള പട്ടു സാരിയായിരുന്നു ചന്ദനയുടെ വേഷം.. മുത്തുകളും കല്ലുകളുമില്ല.. കടും പച്ച നിറത്തിലുള്ള ബ്ലൗസ്സും ബോർഡറുമാണതിന്. മിതമായ ആഭരണങ്ങളാലും മേക്കപ്പിനാലും ചന്ദന വളരെ സുന്ദരിയായിരുന്നു. ദേവി സന്നിധിയിൽ അവളുമൊരു ദേവിയേ പോൽ വിളങ്ങി നിന്നു..

വസുവിന്റെ താലി കഴുത്തിലേറുമ്പോൾ പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിന്നു ചന്ദന. കൺപീലിക്കിടയിൽ നിന്നുതിർന്നൊരു ആനന്ദാശ്രു ആ ആലില താലിയെ പുണർന്നു.. ചൊടികളിൽ വിടർന്ന പുഞ്ചിരിയോടെ വസു ഒരു നുള്ളു കുങ്കുമത്താൽ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു.. സണ്ണിയും ശരണും മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു. ചിഞ്ചുവിന്റെ അഭാവം എല്ലാവരെയും ചെറിയ തോതിൽ വിഷമിപ്പിച്ചിരുന്നു. ശരൺ ആ മാംഗല്യ ദൃശ്യങ്ങൾ വളരെ ഭംഗിയായി ഫോട്ടോസ് ആയും വീഡിയോസ് ആയും ഫോണിൽ പകർത്തിയെടുത്തു ചിഞ്ചുവിന് ഷെയർ ചെയ്തു.. പാർവതിയുടെ നെഞ്ചിൽ ചേർന്ന് കരയുന്ന ചന്ദനയെ ശരൺ മൂക്കത്ത് വിരൽ വെച്ചു കളിയാക്കി. അതോടെ കണ്ണീര് മാഞ്ഞു ചെറു ചിരിയോടെ ചന്ദന വസുവിനൊപ്പം കാറിൽ കയറി.. * രാത്രി അത്താഴ സമയമാണ്. ആ വീട്ടിൽ വലുതായി അപരിചിതത്വമൊന്നും തോന്നിയില്ല എങ്കിലും ചന്ദനയ്ക്ക് നന്നായി പരിഭ്രമം അനുഭവപ്പെടുന്നുണ്ടായിരുന്നു. "ചന്ദനയും ഇരിക്കൂ.. എന്താണ് മാറി നിൽക്കുന്നത്..?"

രാധിക ഒഴിച്ച് മറ്റെല്ലാവരും ഇരുന്നിട്ടും ഒരോരത്തായി മടിച്ചു നിൽക്കുന്ന ചന്ദനയെ രാധിക വസുവിനരികിലുള്ള കസേരയിലേക്ക് പിടിച്ചിരുത്തി. "ഞങ്ങളുമതാണ് പറഞ്ഞു കൊണ്ടിരുന്നത്..? എത്ര നേരമായെന്നോ വസു വിളിക്കാൻ തുടങ്ങിയിട്ട്.. അമ്മ വരട്ടെ.. അമ്മ ഇരിക്കട്ടെ എന്നാണ് പറയുന്നത്.. എന്റെ ചന്ദനക്കുട്ടി.. ഇവിടെ അന്തർജനമെന്നോ പുരുഷ ജനമെന്നോ ഇല്ല കേട്ടോ.. അതൊക്കെ അങ്ങു തിലക രാമയ്യരുടെ അഗ്രഹാരത്തിൽ.. ഇവിടെല്ലാവരും തുല്യരാണ്. ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും വന്നിരുന്നു കഴിക്കാം. വിശപ്പ് ഉണ്ടായാൽ മാത്രം മതി. ഇവിടങ്ങനെ പ്രത്യേകിച്ച് ചിട്ടകളും വട്ടകളുമൊന്നുമില്ല.." ശരൺ പറഞ്ഞു.. വസു പതിഞ്ഞു ചിരിക്കുന്നുണ്ട്. "ആ കുട്ടി വന്നു കയറിയതേയുള്ളൂ. അപ്പൊഴേക്കും അവൻ അങ്ങു തുടങ്ങി.." ശരണിന്റെ തോളിൽ രാധിക ചെറുതായ് ഒന്ന് അടിച്ചു. "അല്ലാന്റി.. ഞാൻ പറഞ്ഞു കൊടുക്കുവായിരുന്നു.. ഇനി ചന്ദന ഈ വീട്ടുകാരിയല്ലേ.. അപ്പോൾ ഇവിടുത്തെ കാര്യങ്ങളും രീതികളുമൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..

വസുവൊന്നും പറഞ്ഞു കൊടുത്തില്ലന്ന് കരുതി നമുക്കും അത് പറ്റുവോ..? " പറഞ്ഞുവന്നവസാനം ശരൺ വസുവിനിട്ടൊന്നു താങ്ങി. സണ്ണിയും വരുണും ചിരിക്കുന്നുണ്ട് അത് കേട്ട്.. ചന്ദന ഇരിക്കെ നല്ല തോതിലൊരു മറുപടി ശരണിനു നൽകുവാൻ വയ്യാത്തത് കാരണം കടുപ്പിച്ചൊരു നോട്ടത്തിലൊതുക്കി വസു.. ശരൺ ഒരാഴ്ചയോളം കാണും നാട്ടിൽ.. സണ്ണിയ്ക്ക് നാളെ രാവിലെ തന്നെ മടങ്ങണം. അത്താഴം കഴിഞ്ഞു എല്ലാവരും പുറത്തെ നീളൻ വരാന്തയിലിരുന്നു. ആ രാത്രിയിൽ ആർക്കുമുറക്കമില്ലന്ന് തോന്നി. എത്രയോ നാളുകൾക്കു ശേഷമാണു ഇത്രയും സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചു കൂടുന്നൊരു ദിവസം. ശരണും വസുവും ചന്ദനയും ചിഞ്ചുവിനെ ഒരുപോലെ മിസ്സ്‌ ചെയ്തു. ചിഞ്ചുവിനെ ഓർക്കുവാൻ പോലും താൻ അർഹനല്ലന്നു സണ്ണി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. എങ്കിലും ചില നേരത്ത് വാശിയോടെ ഓർമ്മകൾ ശിരസ്സ് പൊക്കും. അതിങ്ങനെ ഉണർന്നുദിച്ചു നില്ക്കും.. അപ്പോഴൊക്കെ വേദനയോടെ എന്നെന്നേക്കുമായി ഹൃദയത്തിനടിത്തട്ടിൽ ഒതുക്കി വെക്കും.. മനസ്സിൽ വിദ്വേഷമൊന്നും സൂക്ഷിക്കാതെ ചിഞ്ചു തന്നോട് കോൺടാക്ട് ഉള്ളത് തന്നെ വലിയ കാര്യമാണെന്ന് എപ്പോഴും ആശ്വസിക്കും സണ്ണി.. വല്ലപ്പോഴും ഓരോ മെസ്സേജ്സ്. സുഖവിവരാന്വേഷണം.

അല്ലെങ്കിൽ തന്റെ പ്രൊഫഷനെ കുറിച്ചെന്തെങ്കിലും തിരക്കും. അത് അവൾ മറക്കാറുമില്ല. മുടക്കാറുമില്ല.. അവസാനമായി മെസ്സേജ് ചെയ്തത് അവാർഡ് വിവരം അറിഞ്ഞപ്പോഴാണ്. ആദ്യം തന്നെ ആശംസകളും പിന്നീട് അതേ കുറിച്ച് ഒന്നോ രണ്ടോ ചോദ്യങ്ങളും. സണ്ണി വാട്സപ് ഓപ്പൺ ചെയ്തു ചിഞ്ചുവിന്റെ കോൺടാക്ട്ൽ കയറി. ലൈനിൽ ഉണ്ടെന്ന് ഓർക്കവേ തന്നെ അടുത്ത് നിന്നും ഹായ് എൽസമ്മോ എന്ന ശരണിന്റെ സംബോധന കേട്ടു. ശരൺ വീഡിയോ കാൾ ചെയ്തതാണ് ചിഞ്ചുവിന്. സണ്ണിയൊരു നിശ്വാസത്തോടെ ഫോൺ പോക്കറ്റിലേക്കിട്ടു ശരണിന്റെ ഫോൺ സ്ക്രീനിലേക്ക് നോട്ടം പായിച്ചു. അന്ന് അമ്മച്ചിയുടെ മരണത്തിന് കണ്ടതിൽ പിന്നെ കണ്ടിരുന്നില്ല. സണ്ണി ഒന്നുകൂടെ സ്ക്രീനിലേക്ക് ശ്രദ്ധിച്ചു.. അന്നത്തെ ആ ക്ഷീണിതയിൽ നിന്നും അൽപ്പം മാറ്റമുണ്ടെന്ന് തോന്നി സണ്ണിയ്ക്ക്.. ശരണിനോട് എന്തോ പറഞ്ഞു ചിരിക്കുകയാണ് അവൾ. മുഖത്തും ചിരിയിലും വാക്കുകളിലും അതിയായ സന്തോഷമുണ്ട്. വസുവും ചന്ദനയും ഒരുമിച്ചതിന്റെ ആവാം. സണ്ണി ഓരോന്ന് ഓർത്തു കൊണ്ടിരുന്നു.

അപ്പോഴേക്കും ശരൺ ഫോൺ വസുവിന് കൈമാറിയിരുന്നു. "മിസ്സിസ് എവിടെ..? ഇനി അത് ഞാൻ പ്രത്യേകം ചോദിക്കണോ..?" ചിഞ്ചു ചോദിക്കുന്നുണ്ട്.. ചന്ദന താഴത്തെ നീളൻ പടികളിൽ ഒന്നിൽ രാധികയ്ക്ക് അരികിലായി ഇരിക്കുകയാണ്. വസു ചിഞ്ചുവിനോട് സംസാരിക്കവേ തന്നെ ഫോണുമായി ചന്ദനയ്ക്ക് അടുത്ത് വന്നിരുന്നു ചന്ദനയെ കാണിച്ചു.. "പോരല്ലോ.." ചിഞ്ചു കുസൃതിയോടെ പറഞ്ഞു.. വസു ഉടനെ ചന്ദനയുടെ ചുമലിലൂടെ കയ്യിട്ട് അവളോട് ചേർന്നിരുന്നു.. "ഇപ്പോഴോ..?" വസു ചിരിയോടെ ചോദിക്കുന്നുണ്ട്.. "മതി..മതി.. അല്ലേൽ തല്ല് കിട്ടും.. സീറ്റ്‌ ഔട്ട്‌ ആണ് കേട്ടോ.. ആന്റി ആണേൽ അടുത്തുമുണ്ട്.." പൊട്ടിച്ചിരിയോടെയൊരു മറുപടി. "പോടീ..." വസു ഫോൺ ചന്ദനയ്ക്ക് നൽകി.. ചന്ദന കഴിഞ്ഞു രാധികയും സംസാരിച്ച ശേഷമാണു ഫോൺ പിന്നീട് ശരണിന് കിട്ടിയത്.. ശരൺ സണ്ണിയ്ക്ക് നീട്ടി.. "സണ്ണി ഉണ്ടായിരുന്നോ..? ഞാൻ അറിഞ്ഞുമില്ല.. കണ്ടുമില്ല.. ആരും പറഞ്ഞുമില്ല.." ആദ്യമൊന്നു മടിച്ചു നിന്ന സണ്ണി, ചിഞ്ചുവിന്റെ പുഞ്ചിരിയോടെ..

അതിലേറെ അകൽച്ചയേതും കൂടാതെയുള്ള സംസാരത്തിൽ ഫോൺ വാങ്ങിച്ചു.. അൽപ്പ നേരം സംസാരം തുടർന്നു.. "എന്നാൽ ശെരി.. നീ വെച്ചേക്കു.. ഇവിടെ ചിലവർക്ക് മണിയറ കൂടാനുള്ളതാണു.. എങ്ങനേലും ഒന്ന് എല്ലാവരും സ്ഥലം വിട്ടേക്കാൻ കാത്ത് നിൽപ്പാണ്.." സണ്ണി നീട്ടി പിടിച്ച ഫോൺ വാങ്ങിച്ചു കൊണ്ട് വസുവിനെയും ചന്ദനയേയും നോക്കി ചിരിയോടെ പറഞ്ഞു ശരൺ.. "നടക്കട്ടെ.. നടക്കട്ടെ.. ഞാൻ പോയേക്കുവാ.. ഗുഡ്‌നൈറ്റ്.. ചന്ദു..നാളെ വിളിക്കാം കേട്ടോ.." മറുപുറത്തു കാൾ കട്ട്‌ ആയി.. "മതി പിള്ളേരെ.. എല്ലാരും പോയെണീറ്റു കിടക്കാൻ നോക്കു.. സമയമെന്തായെന്നാ വിചാരം.. അല്ലേൽ വരുണിനും ശരണിനുമൊന്നും ഈ നേരത്ത് കണ്ണ് മിഴിയില്ലല്ലോ.. ഞാൻ ഏതായാലും കിടക്കാൻ പോകുവാ.. ചന്ദന വായോ.. വെള്ളമൊക്കെ എടുത്തു തന്നേക്കാം.." രാധിക ചന്ദനയുമായി അകത്തേക്ക് നടന്നു..

"ആന്റി.. വെള്ളമല്ലാ.. പാല്.. ഫസ്റ്റ് നൈറ്റ്‌ തന്നെ വെള്ളത്തിൽ ആക്കരുത്.." ശരൺ വിളിച്ചു പറഞ്ഞു.. സണ്ണിയും വിശ്വനാഥനും ഒതുക്കി ചിരിച്ചു. "ഇവനെക്കൊണ്ട്.." വസു നെറ്റിയിൽ അടിച്ചു. "അമ്മ കേട്ടില്ലെന്ന് തോന്നുന്നു.. കെട്ടിരുന്നേൽ ഇപ്പോ ഒന്ന് വീണേനെ പുറത്തേക്ക്.. ശരൺ ഏട്ടൻ വന്നാൽ എനിക്ക് ആകെയൊരു സമാധാനവും സന്തോഷവുമാണ്.. ആ ദിവസങ്ങളിൽ മിസ്സിസ് രാധികയുടെ തല്ല് എനിക്ക് കുറഞ്ഞു കിട്ടും. അതൊക്കെ ഏതേലും വഴികളിലൂടെ കൃത്യമായി ശരൺ ഏട്ടൻ വേടിച്ചു കൂട്ടിക്കോളും.." വരുൺ പറയുന്നുണ്ട്.. "സണ്ണിയ്ക്ക് രാവിലെ പോകേണ്ടതല്ലേ..? ഉറക്കം കളയണ്ട.. ചെന്നു കിടന്നോ.. ഞാനും പോകുവാ.. വാതിലൊക്കെ അടച്ചേച്ചു വാ പിള്ളേരെ.. ഗേറ്റ് ലോക്ക് ചെയ്തേക്ക് ട്ടോ.." വിശ്വനാഥനും എണീറ്റു.. ആ രണ്ട് ജോലിയും തലയിൽ ആകുമെന്നോർത്തു ശരണും വരുണും വിശ്വനാഥനു മുന്നേ അകത്തേക്കോടി. "ഇതിനൊക്കെയെ കൊള്ളു രണ്ടെണ്ണത്തിനെയും.." മുറ്റത്തേക്ക് ഇറങ്ങി ഗേറ്റ് ലോക്ക് ചെയ്യുമ്പോൾ വസു സണ്ണിയോട് പറയുന്നുണ്ടായിരുന്നു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story