മണിവാക: ഭാഗം 91

manivaka

രചന: SHAMSEENA FIROZ

വിവാഹം കഴിഞ്ഞുവെന്നാലും ചന്ദനയിലേക്ക് ഒരു കടന്ന് കയറ്റം വസുവോ വീട്ടുകാരോ ആഗ്രഹിച്ചിരുന്നില്ല. ചന്ദന ഒരു ഭാര്യയും മരുമകളുമാണെന്നതിലുപരി സ്വന്തമായ ഇഷ്ടങ്ങളും നിലപാടുകളുമുള്ളൊരു വ്യക്തിയായി കണ്ടിരുന്നു അവളെ.. പക്ഷെ ചന്ദന പഴയതിൽ നിന്നും ഒരുപാട് ഒന്നും വ്യത്യാസപ്പെട്ടിരുന്നില്ല. പറയത്തക്ക വണ്ണം ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ചന്ദനയ്ക്ക് ഇന്നുമില്ലായിരുന്നു.. താൻ സ്നേഹിക്കുന്നവരുടെ.. തനിക്ക് ചുറ്റുമുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളിൽ ജീവിക്കുവാനായിരുന്നു അവൾക്ക് എന്നുമിഷ്ടം.. ദിവസങ്ങൾ കടക്കവേ ജീവിതത്തിലെ കറുത്ത ഏടുകൾ പൂർണമായും അവളിൽ നിന്നും മറവിയിലേക്ക് ചേക്കേറിയിരുന്നു.. ഒരുപാട് സ്നേഹവും കരുതലും നൽകുന്ന.. എന്തിനും ഏതിനും പിന്തുണ നൽകുന്ന.. എന്നുമെപ്പോഴും സ്വാതന്ത്ര്യവും ധൈര്യവും പകരുന്നവരാണ് ചുറ്റിനുമുള്ളത്..

ഇരുപത് വർഷക്കാലത്തോളം സ്വന്തം വീട്ടിൽ അന്യമായിരുന്നതെല്ലാം വസുവിന്റെ വീട്ടിൽ നിന്നും ചന്ദനയ്ക്ക് ലഭിച്ചു തുടങ്ങിയിരുന്നു.. അതിൽ അവൾ വളരെ സന്തോഷവതിയായി കാണപ്പെട്ടു.. പഴയതിലും മനോബലവും കൈ വന്നിരുന്നു അവൾക്ക്.. വസു ഓഫീസിൽ പോയാൽ വൈകുന്നേരമാകും തിരിച്ചെത്താൻ.. വരുൺ കോളേജിൽ പോകും.. വിശ്വനാഥനും കേസുകളും ക്ലയിന്റ്റുകളുമായി തിരക്കിലായിരുന്നു. രാധിക വീട്ട് ജോലികളിൽ ഏർപ്പെടും. ചന്ദന അൽപ്പ സ്വല്പം സഹായങ്ങൾ ചെയ്താൽ മതിയാകും.. മുഴുവൻ ജോലി ഭാരങ്ങളും ചന്ദനയിലേക്ക് അധിഷ്ടിതമാക്കുവാൻ രാധിക ആഗ്രഹിച്ചിരുന്നില്ല.. വിരസമാകുന്ന പകൽ സമയങ്ങൾ ചന്ദന പരീക്ഷ പഠനത്തിനായി ഉപയോഗിച്ചു പോന്നു. എന്തൊക്കെ തിരക്കുകൾ ഉണ്ടെന്നാലും ഞായറാഴ്ചയെ അത് ഒരു വിധത്തിലും ബാധിക്കാറില്ലായിരുന്നു. അന്നേ ദിവസം വിശ്വനാഥനും വസുവും വരുണും വീട്ടിൽ ഉണ്ടാകും.. ആ ദിവസം ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞു ഔട്ടിങ്ങാണ്.. എല്ലാ അർത്ഥത്തിലും ജീവിതമിപ്പോൾ മഴവില്ല് പോലെ വർണശോഭമാണെന്ന് തോന്നി തുടങ്ങിയിരുന്നു ചന്ദനയ്ക്ക്..

അത് അവളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ മാറ്റങ്ങൾ വരുത്തി തുടങ്ങി.. * """"'ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്രമേൽ ഒന്നാണു നമ്മൾ... നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ.. മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം... മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം....""""" വിയർപ്പ് തിങ്ങിയ ചന്ദനയുടെ മാറിൽ തികഞ്ഞ സംതൃപ്തിയോടെ മുഖം ചേർത്തു കിടക്കുകയാണ് വസു.. ചന്ദനയുടെ വെളുത്തു മെലിഞ്ഞ വിരലുകൾ വസുവിന്റെ മിനുസമാർന്ന മുടിയിഴകളിലലയുന്നുണ്ട്.. "ചന്ദന..." പ്രണയാർദ്രമായൊരു വിളി... "മ്മ്മ്..." പതിഞ്ഞൊരു മൂളൽ. "ചന്ദനാ..." മുഖമുയർത്തി ചന്ദനയുടെ മിഴികളിലേക്ക് ഇറങ്ങി അവൻ.. പ്രണയത്താലും നാണത്താലും വിവശയായി അവൾ.

മിഴികൾ താനേ കൂമ്പി അടഞ്ഞു പോയി.. "ഇനി നാണിച്ചിട്ട് കാര്യമില്ല.." വസു കുസൃതിയോടെ പറയുന്നുണ്ട്.. ആ ചിരിയിൽ ചന്ദന തീർത്തും വിവശയായി.. കവിളിണകൾ രക്തവർണ്ണമായി.. ഭൂമിയെ തണുപ്പിക്കുന്ന ചെറു ചാറ്റൽ മഴ പോൽ വസു വീണ്ടുമവളെ നനച്ചു പെയ്തിറങ്ങി.. അത്രമേൽ മൃദുലമായി.. അണിവയറിൽ അവശേഷിച്ചു കിടക്കുന്ന പാടുകൾ അവൻ പ്രണയത്താൽ മായിച്ചു കളഞ്ഞു.. """നീയെന്റെ ദേവീ ഞാൻ തൊഴുതു പോകുന്ന രൂപം.. നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം..""'" തളർന്നു പോയവളെ തന്റെ നെഞ്ചിലേക്ക് ചായിച്ചു കിടത്തുമ്പോൾ അവന്റെ ചുണ്ടുകൾ വീണ്ടും മൂളുന്നുണ്ടായിരുന്നു.. ** ദിവസങ്ങൾ വീണ്ടുമോടി മറഞ്ഞു.. അതിനിടയിൽ ചന്ദന രണ്ട് psc കൾ എഴുതി.. ഡിഗ്രി അവസാന വർഷ പരീക്ഷകളും എഴുതിയെടുത്തു.. പിജി കൂടെ ചെയ്യൂ എന്നായിരുന്നു വസുവിന്റെ അഭിപ്രായം.. വിശ്വനാഥനും രാധികയും അത് തന്നെ അഭിപ്രായപ്പെട്ടു.. വരുൺ ഡിഗ്രി കഴിഞ്ഞു നിൽപ്പാണ്. ഈ വർഷം പിജി ക്ക് അഡ്മിഷൻ എടുക്കുന്നുണ്ട്. ആ കൂടെ ചന്ദനയ്ക്കും നോക്കാമെന്നാണ് വസു പറയുന്നത്..

എല്ലാവരുടെയും അഭിപ്രായത്തോട് താല്പര്യപ്പെട്ടു ചന്ദനയുമതുമായി മുന്നോട്ട് നീങ്ങി. ഒരധ്യാപിക ആകണമെന്നാണ് ആഗ്രഹമെന്നു ആദ്യമായി ഒരിക്കൽ ചന്ദന പറഞ്ഞത് വസു എപ്പോഴുമോർക്കുമായിരുന്നു.. അത് അവൾ സഫലീകരിക്കണമെന്ന് മറ്റാരേക്കാളും കൂടുതലായി അവൻ മോഹിച്ചു. എന്നുമെപ്പോഴും അതിന് കൂട്ടായ്.. കരുത്തായി ചന്ദനയെ മുന്നോട്ട് നയിക്കേണ്ടത് താൻ ആണെന്ന തികഞ്ഞ ബോധ്യത്തോടെ ഓരോ നിമിഷവും അവളുടെ മനസ്സിൽ ആ സ്വപ്നത്തെ പഴയതിലും ശക്തിയായി നിറച്ചു കൊണ്ടിരുന്നു അവൻ.. * ശരൺ ഇടയ്ക്ക് ഒക്കെ നാട്ടിൽ വന്നും പോയുമിരുന്നു.. സണ്ണി തന്റെ ജീവനും ജീവിതവുമെല്ലാം തീർത്തും ആധുരസേവനത്തിനായി മാറ്റി വെച്ചിരുന്നു. സണ്ണിയെ സംബന്ധിച്ചിടത്തോളം അത്രയേറെ സ്വപ്നം കണ്ട്.. ആഗ്രഹിച്ചു.. പ്രയത്നിച്ചു നേടിയെടുത്തതാണു ഡോക്ടർ പട്ടം. പ്ലസ് ടു കഴിഞ്ഞു വസു എഞ്ചിനീയറിങ് തിരഞ്ഞെടുത്തപ്പോഴും സണ്ണി മെഡിസിൻ എന്നതിൽ ഉറച്ചു നിൽക്കുകയായിരുന്നു.. ജോലിയിൽ കയറിയ അന്ന് മുതൽ ഒരു ഡോക്ടറുടെ കർമ്മവും ധർമ്മവും എന്താണെന്ന പൂർണ ബോധത്തോടെ..

ഉത്തരവാദിത്തത്തോടെ മാത്രമാണ് ഓരോ പേഷ്യൻസിനോടും ഇട പെട്ടതും പ്രവർത്തിച്ചതും.. എന്നിരുന്നാലും ആ തിരക്കിനിടയിലും എപ്പോഴും ഒരു പടി സ്ഥാന കൂടുതൽ കുടുംബത്തിനു നൽകിയിരുന്നു.. എന്നിട്ടുമത് മുന്നോട്ട് നയിക്കുന്നതിൽ... നില നിർത്തി പോകുന്നതിൽ താൻ പരാജയപ്പെട്ടു പോയി.. കൂട പിറപ്പുകൾ തമ്മിൽ എത്രയൊക്കെ സ്നേഹമാണെന്ന് പറഞ്ഞാലും അവിടെയും സ്വാർത്ഥത ഇടം പിടിക്കുമായിരുന്നു.. അതിനേറ്റവും വലിയ ഉദാഹരണമാണല്ലോ സ്വന്തം ആഗ്രഹം നേടുവാൻ സാന്ദ്ര എത്രയോ നാളുകൾ തന്നോട് പിണങ്ങിയും അകന്നും നിന്നത്.. അവളോടുള്ള അമിതമായ സ്നേഹത്താൽ താനും സ്വാർത്ഥനായി. ഇന്ന് തനിക്ക് ചുറ്റുമാ ബന്ധങ്ങളുടെ കുരുക്കില്ല.. ഒറ്റയ്ക്കാണ് താൻ.. എങ്കിലും ആ ദിനങ്ങളിൽ താൻ ഇതിലേറെ ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു എന്നോർത്തു സണ്ണി.. സാന്ദ്രയ്ക്ക് വേണ്ടി അമ്മച്ചിയും അപ്പച്ചനും തന്നോട് വിദ്വേഷവും അകലവും കാണിച്ചിരുന്നു.. ഇന്ന് ജീവിക്കണമെന്ന തോന്നലുണ്ട്.. മടുപ്പ് തോന്നാറില്ല..

ഓരോ ദിനങ്ങളും കൂടുതൽ സന്തോഷത്തോടെ കടന്ന് പോകുന്നുണ്ട്.. ജീവിക്കാൻ തോന്നിക്കുന്ന ഒട്ടേറെ ഘടകം ഇന്ന് തനിക്ക് ചുറ്റുമുണ്ട്.. എബ്രഹാം സാർ പറഞ്ഞത് എത്ര വലിയ സത്യമാണ്.. കുടുംബമോ ബന്ധമോ വിവാഹമോ കുട്ടികളോ അങ്ങനെ ഒന്നും തന്നെയല്ല ജീവിതത്തിന്റെ ലക്ഷ്യവും അവസാനവും.. അർത്ഥവത്തായ ജീവിതത്തിന്റെ മാനദണ്ഡവും സന്തോഷത്തിന്റെ അളവ് കോലും അതൊന്നിനെയും ആശ്രയിച്ചിരിക്കുന്നില്ല.. മനസ്സിന് സന്തോഷം പകരുന്നത് എന്താണോ അതിൽ വ്യാപൃതമാകുന്ന നിമിഷങ്ങളിലാണ് നാം ജീവിക്കുന്നത്.. ഇന്ന് തനിക്കതിന് സാധിക്കുന്നുണ്ട്.. മറ്റൊരു ചിന്തകളും മനസ്സിനെ അലട്ടാറില്ല.. കരയുന്ന കണ്ണുകൾ ഒപ്പി... തളരുന്ന കൈകൾക്ക് താങ്ങായി.. വേദനിക്കുന്ന മനസ്സിന് സാന്ത്വനമായി... തന്നെ തേടി വരുന്ന ഓരോ പേരെയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആ വിധം സന്തോഷിപ്പിക്കാൻ തനിക്ക് കഴിയുന്നുണ്ട്.. അവരുടെ എത്ര എത്ര പ്രാർത്ഥനകളിലാണ് ഇന്ന് താൻ ഇടം നേടുന്നത്.. അതൊന്നു മാത്രം മതിയാകും ഈ ജീവിതം മുന്നോട്ട് നയിക്കുവാൻ.. തണുത്തു ആശ്വാസം നിറഞ്ഞ ഹൃദയത്തോടെ സണ്ണി തന്റെ ചെയർൽ ഒന്നുകൂടെ നിവർന്നിരുന്നു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story