മണിവാക: ഭാഗം 92

manivaka

രചന: SHAMSEENA FIROZ

"ഇതെങ്ങോട്ടാ..?" വസു കുളി കഴിഞ്ഞിറങ്ങുമ്പോൾ ചന്ദന സെറ്റും മുണ്ടും ധരിച്ചു നീല കണ്ണാടിയ്ക്ക് മുന്നിലാണ്.. "അമ്മ അമ്പലത്തിൽ പോകുന്നുണ്ട്.." തലയിലെ തോർത്ത്‌ അഴിച്ചെടുത്തു, മുടി തുമ്പിലെ ഈറൻ കളഞ്ഞു കൊണ്ട് പറയുകയാണ് അവൾ.. "ഇവിടെ വന്നതിൽ പിന്നെ അമ്പലവും കാര്യങ്ങളുമൊന്നും ശെരിക്ക് നടക്കുന്നില്ലല്ലേ..? കടുത്ത ദേവി ഭക്തയല്ലേ..? നിരാശരാക്കേണ്ട.. വേഗം ചെല്ലു.." വസു ഹാങ്കറിൽ നിന്നൊരു ടവൽ എടുത്തു തല തുവർത്തുന്നതിനൊപ്പം ചിരിക്കുന്നുണ്ട്.. "കളിയാക്കരുത് കേട്ടോ.. ഈശ്വരാനുഗ്രഹമുണ്ടാവില്ല.." മുടി കോതി കുളിപ്പിന്നൽ ഇടുന്നതിനിടയിൽ അവൾ ചെരിഞ്ഞു വസുവിനെ നോക്കി.. "എന്റെ ഭാര്യേ.. നീയിപ്പോഴും ആ പഴയ ചന്ദന തന്നെയാണ്.. ആ സാധു പെണ്ണ്.." ചന്ദനയുടെ പുറകിലൂടെ ചെന്നു വട്ടം പിടിച്ചു കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു വസു.. ചന്ദന ഒന്ന് പുളഞ്ഞു..

"ദേ..വേണ്ടാട്ടോ.. അമ്മ ഇപ്പൊ ഒരുങ്ങി നിൽക്കുകയാവും.." ചിരിയോടെ വസുവിന്റെ കൈകൾക്ക് മീതെ കൈകൾ ചേർത്തു പിടിച്ചു ചന്ദന.. "ഉള്ളിലെ ദേവി ഭക്ത ഉണരുന്നുണ്ട്.. ഞാനായി മുടക്കുന്നില്ല.. പോയി വാ കേട്ടോ.." അവളുടെ തുടുത്ത കവിളിൽ ചുണ്ടുകൾ ചേർത്തകന്നു മാറി അവൻ.. ** ചിഞ്ചുവിന്റെ വിഷയത്തിൽ സണ്ണി എന്നും മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നതിനാൽ പിന്നീട് ഒരിക്കലും ശരണോ ശരണിന് വേണ്ടി മാറ്റാരുമോ ചിഞ്ചുവിനോട് ആ വിധം സമീപിച്ചിരുന്നില്ല.. ചിഞ്ചുവിന്റെ മനസ്സിൽ അന്നുമിന്നും തനിക്ക് ഒരു സുഹൃത്തിന്റെ അല്ലെങ്കിൽ വസുവിനെ പോലെ ഒരു സഹോദരന്റെ സ്ഥാനമാണെന്ന് ശരണിനു വ്യക്തമായി അറിയാമായിരുന്നു.. അതെന്നും അതുപോലെ നില നിൽക്കട്ടെ എന്നാണ് ശരൺ ഇപ്പോൾ ആഗ്രഹിക്കുന്നത്.. അവളോടുള്ള പ്രണയം.. പ്രതീക്ഷ.. കാത്തിരിപ്പ്.. ഇതൊക്കെയും ചിഞ്ചുവിനെ വേദനിപ്പിക്കുന്ന ഘടകങ്ങൾ ആയതിനാൽ ശരൺ അതിൽ നിന്നെല്ലാം വ്യതിചലിച്ചിരുന്നു.. ദിനങ്ങൾ പോകവേ അവൻ മനസ്സിനെ പാകപ്പെടുത്തി..

ഒരിക്കലും താൻ മൂലം.. തന്റെ പേരിൽ ചിഞ്ചുവിന് യാതൊരു വിധ വേദനകളും ഉണ്ടാകരുതെന്നത് ശരണിന് നിർബന്ധമായിരുന്നു.. എന്നും എപ്പോഴും അവൾ സന്തോഷവതിയായിരിക്കാൻ മാത്രമാഗ്രഹിച്ചു അവൻ.. സൗഹൃദത്തോളം വലുപ്പമോ മേന്മയോ ഒന്നുമില്ല പ്രണയത്തിനെന്ന് തോന്നി പോകും ചിലപ്പോൾ.. ആ വിധമൊരു സൗഹൃദ വലയത്തിലായിരുന്നു അവര് അഞ്ചു പേരും. മുന്നേ പ്രണയം തോന്നിയപ്പോഴും പറഞ്ഞപ്പോഴും അത് സ്വപ്നം കണ്ട് നടന്നപ്പോൾ പോലും ഇത്രമേലൊരു അടുപ്പവും ബന്ധവും ചിഞ്ചുവിനോട് തനിക്കും ചിഞ്ചുവിന് തന്നോടും ഉണ്ടായിരുന്നില്ലെന്ന് ഓർത്തു ശരൺ.. ഓർമിക്കുവാൻ ഏറെ ഇഷ്ടമുള്ള.. ഓർമിക്കുന്ന നിമിഷങ്ങളിൽ എല്ലാം സുഖമുള്ളൊരു നോവ് നൽകുന്ന ഒന്നായ് അവൻ ആ പ്രണയം തന്റെ ഹൃദയത്തിനടിത്തട്ടിൽ സൂക്ഷിച്ചു വെച്ചു.. അടുത്തൊരു ജന്മത്തിൽ തന്നിലേക്ക് വന്നു ചേരുവാനായി.. തനിക്ക് നേടുവാനായി.. ** മൂന്ന് വർഷങ്ങൾക്ക് ശേഷമാണു ചിഞ്ചു പിന്നീട് നാട്ടിലേക്ക് വരുന്നത്..

അമേരിക്കയിലെ ഉന്നത ചികിത്സ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിരുന്നു.. ശരീരത്തെ കാർന്നു തിന്ന കാൻസർ കോശങ്ങളോട് പൊരുതി ആരോഗ്യം വീണ്ടെടുത്തിരുന്നു അവൾ.. മുടിയിഴകൾ പഴയതിലും വളർന്നു.. തളർന്നു പോയ മനസ്സിനും ശരീരത്തിനുമിപ്പോൾ പ്രസരിപ്പും കരുത്തും മാത്രം.. ജീവിക്കാൻ ആഗ്രഹം തോന്നുന്നത് പോലെ. ജീവിച്ചു കൊതി തീർന്നിട്ടില്ലാത്തത് പോലെ. ആ വിധമൊരു സന്തോഷ വലയമാണ് ഇന്ന് അവൾക്ക് ചുറ്റും.. എങ്കിലും ഭാവിയിൽ എന്നെങ്കിലും ആ മാരകമായ കോശങ്ങൾ തല പൊക്കിയെക്കുമോ എന്നൊരു ആശങ്ക എബ്രഹാമിനുണ്ടായിരുന്നു.. അസുഖം തീർത്തും മാറുന്ന കേസെസ് അപൂർവമാണ്.. പക്ഷെ ചിഞ്ചു ഒരുവിധത്തിലും തന്റെ മനസ്സിനെ അങ്ങനൊരു ചിന്തയിൽ കുരുക്കി നിർത്തിയില്ല.. അത് മുന്നിലേക്കുള്ള ദിവസങ്ങളുടെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തിയെക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു. ജീവിക്കുന്ന ഓരോ നിമിഷവും വേദനകളും വിഷമങ്ങളും ആധികളുമില്ലാതെ ജീവിക്കാൻ അവൾ ആഗ്രഹിച്ചു.

കോട്ടയത്താണു ഇപ്പോൾ ഉള്ളത്.. ഇന്നലെ വൈകുന്നേരത്തോടെയാണ് എത്തി ചേർന്നത്. സന്തോഷ വാർത്തകൾ രണ്ടാണ്. ചന്ദന ഡെലിവറി കഴിഞ്ഞു കിടപ്പാണ്. പെൺകുഞ്ഞാണ്. നാളെയാണ് നൂല് കെട്ടും പേരിടലും.. ഏഴാം മാസത്തെ കൂട്ടി കൊണ്ട് പോകൽ ചടങ്ങിനും ചിഞ്ചു ഇല്ലെന്നു പറഞ്ഞു പരിഭവിച്ച ചന്ദുവിന് ചിഞ്ചു വാക്ക് നൽകിയതാണു ഇനി അടുത്ത ചടങ്ങിന് താൻ ആയിരിക്കും ആരെക്കാളും മുന്നിലുണ്ടാകുക എന്ന്.. പ്രസവം കഴിഞ്ഞു ചന്ദനയെ വീട്ടിലേക്ക് തന്നെ കൊണ്ട് പോകാൻ പാർവതിയ്ക്കും തിലകരാമനും ആഗ്രഹമുണ്ടായിരുന്നു എങ്കിലും അങ്ങോട്ട് കൊണ്ട് പൊയ്ക്കോട്ടേ എന്നുള്ള വസുവിന്റെയും വീട്ടുകാരുടെയും പ്രതീക്ഷ നിറഞ്ഞ ചോദ്യത്തിന് മുന്നിൽ എതിർപ്പ് പറയുവാൻ തിലകരാമന് സാധിച്ചില്ല.. ഒപ്പം ചന്ദനയുടെ സന്തോഷവും കണക്കിലെടുത്തു. അവൾക്കും അങ്ങോട്ട് പോകുന്നതിലായിരുന്നു താല്പര്യം. കൂടുതലും വസുവിനെ പിരിഞ്ഞിരിക്കാൻ വയ്യെന്നതായിരുന്നു കാരണം. ഏഴാം മാസത്തിൽ ചന്ദനയെ കൂട്ടി കൊണ്ട് വന്നതിൽ ഏറ്റവും ബുദ്ധിമുട്ടിയത് വസുവാണ്..

ചന്ദനയെ കാണാതെ വയ്യെന്ന് പറഞ്ഞു ഒന്നിടവിട്ട ദിവസങ്ങളിൽ വന്നു പോകുമായിരുന്നു അവൻ.. ശരണിന്റെ വിവാഹമുറപ്പിച്ചു എന്നതാണ് രണ്ടാമത്തെ സന്തോഷ വാർത്ത.. ശരത്തിന്റെ വൈഫ് സരിഗയുടെ കസിൻ ശ്രേയയാണ് പെൺകുട്ടി.. വരുന്ന മാസം രണ്ടിനാണു നിശ്ചയം.. ഒരു വർഷം കഴിഞ്ഞാണ് വിവാഹം. ശ്രേയ എംബിബിസ് കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യുകയാണ്. ഓരോ വിവരങ്ങളും ശരണോ അല്ലെങ്കിൽ വസുവോ അവര് അഞ്ചു പേര് അടങ്ങുന്ന ഗ്രൂപ്പിൽ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്യുമായിരുന്നു. സ്റ്റെല്ലയുടെ ബ്രദർന്റെ ഹൗസ് വാർമിംഗ് ആണ് നാളെ.. ഏണസ്റ്റും സ്റ്റെല്ലയും കുട്ടികളും പോകാൻ തയാറെടുക്കുകയാണ്. *** വൈകുന്നേരത്തോടെ ചിഞ്ചുവും എബ്രഹാമും ചന്ദുവിന്റെ വീട്ടിലെത്തി. നാളെ ഹൗസ് വാർമിംഗ് ഉള്ളതിനാൽ എബ്രഹാമിന് ഇന്ന് തന്നെ മടങ്ങണം. അതിന് മുന്നെയായി വസുവിന്റെ വീട്ടിൽ ഒന്ന് കയറി ചന്ദനയെയും കുഞ്ഞിനേയും കാണണം.. ചിഞ്ചു നാളെ പാർവതിയ്ക്കും തിലകരാമനും ചൈതന്യയ്ക്കുമൊപ്പം പോകാനാണ് തീരുമാനം..

ഇനി കുറച്ച് നാളുകൾ പാറുവമ്മയ്ക്കൊപ്പമാണെന്ന് കോട്ടയത്തുന്ന് ഇറങ്ങുമ്പോഴേ ചിഞ്ചു എബ്രഹാമിനോട് പറഞ്ഞിരുന്നു.. പാർവതി അത്യധികം സ്നേഹത്തോടെ.. വാത്സല്യത്തോടെ.. കണ്ണീരോടെ.. ചിഞ്ചുവിനെ ചേർത്തു പിടിച്ചു ചുംബനങ്ങൾ നൽകി.. ഈ കഴിഞ്ഞ വർഷങ്ങളിൽ ചിഞ്ചുവിനെ ഓർത്തു അവരെത്രത്തോളം വേദനിച്ചിരുന്നെന്ന് ആ ചുടു കണ്ണീരു പറയുകയുണ്ടായി.. തിലകരാമനും നിറഞ്ഞ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.. അതിന് സാക്ഷിയായ എബ്രഹാമിന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു.. "ചേച്ചി..." പുറകിൽ നിന്നും പതിഞ്ഞൊരു വിളി കേട്ട് ചിഞ്ചു തിരിഞ്ഞു. ചൈതന്യയാണ്.. ക്ലാസ്സ്‌ കഴിഞ്ഞു വരുന്നതാണു.. അവളിപ്പോൾ ബിഫാം ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. അവളെ കണ്ട ചിഞ്ചുവിന്റെ മിഴികൾ ഒരു മാത്ര വിടർന്നു.. ഒത്ത ഉയരവും വണ്ണവും വെച്ചു വലിയ പെണ്ണായിരിക്കുന്നു. അതേ തോതിൽ ഉള്ളിൽ സങ്കടവും നിറഞ്ഞു. എത്ര കാലങ്ങൾക്ക് ശേഷമാണു ചേച്ചി എന്നൊരു വിളി. "ചേച്ചി..." ഇപ്രാവശ്യം കരച്ചിലോടെയാണ് ചൈതന്യ വിളിച്ചത്..

"ഞാൻ.. ഞാൻ ഭയന്നു പോയിരുന്നു ചേച്ചിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന്.. ചന്ദു ചേച്ചിയുടെ ജീവിതം അങ്ങനെയൊക്കെ ആയി തീർന്നത് കണ്ടുള്ള ദേഷ്യമായിരുന്നു എനിക്ക് ചേച്ചിയോട്.. അല്ലാതെ ഞാൻ വെറുത്തിട്ടില്ല.. ഇനിയും ചന്ദു ചേച്ചി വേദനിക്കുന്നത് കാണാൻ എനിക്ക് കഴിയില്ലായിരുന്നു.. അന്ന് നിഖിൽ ഏട്ടൻ ചെയ്തതൊക്കെ എന്റയാ കുഞ്ഞ് മനസ്സിനെ വലുതായി മുറുവേൽപ്പിച്ചിരുന്നു.. ആ ഈർഷ്യയൊക്കെയാണ് ഞാൻ ചേച്ചിയോട് കാണിച്ചത്.. തിരിച്ചു വന്നുവല്ലോ.." ചൈതന്യ കരയുകയാണ്.. സ്വരം വിറക്കുകയും വാക്കുകൾ ചിതറുന്നുമുണ്ട്.. "സാരമില്ല.. കഴിഞ്ഞു പോയില്ലേ.." ചിഞ്ചു സ്നേഹത്തോടെ ചൈതന്യയെ ഒന്ന് തഴുകി. "എല്ലാവരും എന്നോട് എന്നും വഴക്ക് ആയിരുന്നു ഞാൻ ചിഞ്ചു ചേച്ചിയോട് മിണ്ടണില്ല ന്നും പറഞ്ഞു.. മിണ്ടുന്നുണ്ടേൽ തന്നെ അത് മനസ്സിൽ ദേഷ്യവും അകൽച്ചയും സൂക്ഷിച്ചാണെന്ന്.. ചന്ദു ചേച്ചിയ്ക്ക് അത് വലിയ വിഷമവുമായിരുന്നു.. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ചിഞ്ചു ചേച്ചി വേദനിക്കുമ്പോൾ ആണ് സത്യത്തിൽ ചന്ദു ചേച്ചി വിഷമിക്കുന്നതെന്ന്.. സോറി ചേച്ചി.."

ചൈതന്യ വിതുമ്പി കൊണ്ട് ചിഞ്ചുവിനെ വട്ടം പിടിച്ചു.. അവൾക്ക് ആശ്വാസമെന്ന പോൽ ചിഞ്ചു അവളെ ചേർത്തു പിടിച്ചു.. ** രാവിലെ ഒമ്പതോടെ നാല് പേരും പോകാൻ തയാറായി. ശരൺ വന്നിരുന്നു അവരെ കൂട്ടാൻ.. തിലകരാമൻ അപ്പോൾ ടാക്സിക്ക് വിളിക്കാൻ ഒരുങ്ങുകയായിരുന്നു. ശരണിനെ കണ്ട് അത് ഒഴിവാക്കി. "ഇവിടെ ചിലോരു അമേരിക്കയ്ന്ന് വന്നുന്നൊക്കെ പറയണ കേട്ടല്ലോ.." തിലകരാമനോട് സംസാരിച്ചു നിൽക്കേ ഉമ്മറത്തേക്ക് വന്ന ചിഞ്ചുവിനോട് കളിയായി പറയുകയാണ് ശരൺ.. "കേട്ടതേയുള്ളോ..? ആളെ കണ്ടീലെ..?" ചിഞ്ചുവും അതേ ചിരിയോടെ ചോദിച്ചു. "ഉവ്വ് ഉവ്വ്.. ദേ ഇപ്പോൾ കണ്ടു.. എന്താണ് ഇന്നലെ പപ്പയോടൊപ്പം അങ്ങോട്ട് വരാഞ്ഞേ.." ശരൺ ചോദിച്ചു. "ഏതായാലും ഇന്ന് വരികയല്ലേ.. അതുകൊണ്ടാണ്.. ഞങ്ങൾ ഇറങ്ങാൻ നിൽപ്പായിരുന്നു.." ചിഞ്ചു പറഞ്ഞു.. "ചന്ദന അവിടെ വഴിക്കണ്ണിലാണ്.. നിന്നെ കാണാനാണ്.." "എനിക്കും കണ്ണ് തുടിച്ചിട്ട് വയ്യ.. അവളെ കാണാനല്ല. കുഞ്ഞി പെണ്ണിനെ കാണാനാണ്.."

ചിഞ്ചു കണ്ണിറുക്കി ചിരിച്ചു. ശരൺ നോക്കി കാണുകയായിരുന്നു ചിഞ്ചുവിനെ.. തികച്ചും അവളാ പഴയ ചിഞ്ചുവിലേക്ക് എത്തിയിരിക്കുന്നു.. ആ സൗന്ദര്യം. പ്രസരിപ്പ്.. കളി തമാശകൾ.. അതെല്ലാം വീണ്ടുമവളിലേക്ക് വന്നു ചേർന്നിരിക്കുന്നു. ശരണിന്റെ മനസ്സ് സന്തോഷത്താൽ ഒന്ന് തുടിച്ചു. "ഇറങ്ങിയാലോ..?" ശരൺ തിലകരാമനോട് തിരക്കി. "കുടിക്കാൻ ഒന്നും വേണ്ടേ..?" ചിഞ്ചു ചോദിച്ചു.. "വേണ്ടാ.. ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞുടനെ ഇറങ്ങിയതാണ്... പിന്നെ ഉച്ചയ്ക്ക് നല്ല സദ്യയുള്ളതാണ്.. അതോണ്ട് വയറ്റിൽ സ്ഥലം ആവശ്യമാണ്.." "ഓഹ്.. ഒരു ഗ്ലാസ് ചായ കൂടുതൽ കുടിച്ചെന്ന് കരുതി സദ്യ കഴിക്കാൻ പറ്റാതെ ആകുമോ..? എന്നാൽ അതൊന്നു എനിക്ക് കാണണം.." പറഞ്ഞിട്ട് ചിഞ്ചു അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും പാർവതി കയ്യിലൊരു ചില്ലു ഗ്ലാസ്സിൽ ചായയുമായി വരുന്നുണ്ടായിരുന്നു..

അവരത് പുഞ്ചിരിയോടെ ശരണിന് നീട്ടി.. "താങ്ക് യു ആന്റി.. കറക്റ്റ് ടൈമിൽ എന്നെ സേവ് ചെയ്തതിന്.. ഞാൻ ഒരുനിമിഷം ഭയന്ന് പോയി.. എങ്ങാനും ചിഞ്ചു ഉണ്ടാക്കുന്ന ചായ കുടിക്കേണ്ടി വരുമോ എന്ന്.. ഷുഗറും സാൾട്ടും തിരിച്ചറിയില്ലന്ന് ചിഞ്ചുവിന്റെ പപ്പ പറഞ്ഞിരുന്നു.." ശരൺ ചിരി ഒതുക്കി. "അത് പണ്ടല്ലേ.. ഇപ്പോൾ ഞാൻ നന്നായി കുക്ക് ചെയ്യും.. പാറുവമ്മയോട് ചോദിച്ചു നോക്കു.." ചിഞ്ചു വീർത്ത മുഖത്തോടെ പറഞ്ഞു. "അതെ അതെ.. ഇപ്പോൾ ചിഞ്ചു ചേച്ചി നന്നായി പാചകം ചെയ്യും. രാത്രിയിൽ ചപ്പാത്തിയും ഗ്രീൻ പീസ് കറിയും ഉണ്ടാക്കിയിരുന്നു. നല്ല ടേസ്റ്റ് ആയിരുന്നതിന്.." മുറിയിൽ നിന്നും പുറത്തേക്ക് വന്ന ചൈതന്യ ചിഞ്ചുവിനെ പിന്തുണച്ചു. "അയ്യോ.. ഭൂരിഭാഗം അവിടെയാണോ..? ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ.. നീ പിണങ്ങല്ലേ മുത്തേ.." ശരൺ കുസൃതിയോടെ കണ്ണുകൾ ചിമ്മി ചിരിച്ചു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story