മണിവാക: ഭാഗം 93

manivaka

രചന: SHAMSEENA FIROZ

"ഇങ്ങു വാ.. പറ വിശേഷങ്ങളൊക്കെ.. കേൾക്കട്ടെ.." ചിഞ്ചു അകത്തേക്ക് കയറിയതേ വസു നിറഞ്ഞ സന്തോഷത്തോടെ, സ്നേഹത്തോടെ ചിഞ്ചുവിന്റെ ചുമലിലൂടെ കയ്യിട്ട് അവളെ ചേർത്തു നിർത്തി. ആ മൂന്ന് വർഷങ്ങൾ അവളെ എന്തുമാത്രം മിസ്സ്‌ ചെയ്തിരുന്നെന്ന് പറയാതെ പറയുകയാണ് അവൻ.. "വിശേഷങ്ങളൊക്കെ ഇവിടെയല്ലേ..? എവിടെ കുഞ്ഞി പെണ്ണും അമ്മയുമൊക്കെ..? കാണാൻ അത്രയ്ക്ക് കണ്ണ് തുടിച്ചിട്ട് വയ്യ.." ചിഞ്ചു ചോദിക്കുന്നുണ്ട്.. "ഇതേ അവസ്ഥ തന്നെയാണ് നിന്റെ ചന്ദുവിനും.. കേട്ടോ അമ്മാ.. ഈ നേരം വരെ വാതിൽക്കൽ വന്നു നിൽപ്പായിരുന്നു അവൾ... അമ്മേടെ വഴക്ക് കിട്ടിയപ്പോൾ മുറിക്കകത്തേക്ക് പോയിട്ടുണ്ട്.. കുഞ്ഞി പെണ്ണിനെ അമ്മ കുളിപ്പിക്കുകയാണ്.. ചന്ദനയും കുളി കഴിഞ്ഞു കാണും.." വസു ചിഞ്ചുവിനെയും പാർവതിയെയും ചൈതന്യയെയും കൂട്ടി മുറിയിലേക്ക് നടന്നു..

താഴത്തെ മുറിയാണ് ഇപ്പോൾ വസുവും ചന്ദനയും ഉപയോഗിക്കുന്നത്.. പുരുഷന്മാരെല്ലാം ഹാളിലാണ്. സ്ത്രീകൾ ഓരോ ഭാഗങ്ങളിലായി സംസാരത്തിൽ മുഴുകിയിരിക്കുകയാണ്.. രാധികയുടെ സഹോദരങ്ങളും കുടുംബവും വന്നിട്ടുണ്ട്.. രാധികയുടെ അച്ഛനും അമ്മയും വിശ്വനാഥന്റെ അച്ഛനും ഇപ്പോൾ ജീവിച്ചിരിപ്പില്ല.. മരിച്ചിട്ട് വർഷങ്ങൾ ആകുന്നു.. വിശ്വനാഥന്റെ അമ്മ സുമംഗലയും സഹോദരൻ രഘുനാഥനും കുടുംബവും വന്നിട്ടുണ്ട്. വിശ്വനാഥനു ഒരു സഹോദരൻ മാത്രമാണുള്ളത്.. ഇന്നലെ വൈകുന്നേരത്തോടെയും രാവിലെയുമായി എത്തി ചേർന്നതാണ് ഓരോ കുടുംബവും.. ഏഴാം മാസത്തിലെ ചടങ്ങ് വിപുലമായി നടത്തിയതിനാൽ കൂടുതൽ പേരെ ക്ഷണിച്ചിരുന്നില്ല. അടുത്ത മാസം ശരണിന്റെ വിവാഹ നിശ്ചയം ആർഭാടത്തോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇനി അതിനായിരിക്കും എല്ലാ കുടുംബങ്ങളും ഒത്തു ചേരുക.. അവര് മുറിയിലേക്ക് ചെല്ലുമ്പോൾ കുഞ്ഞ് രാധികയുടെ കയ്യിലാണ്. സ്പോഞ്ചു പോലൊരു പിങ്ക് ടർക്കി വെച്ചു കുഞ്ഞിന്റെ നനവ് ഒപ്പുകയാണ് രാധിക.. ചന്ദന കണ്ണാടിയ്ക്ക് മുന്നിലാണ്. കരിം പച്ച നിറത്തിലൊരു ബ്ലൗസും അതേ കരയോട് കൂടിയ സെറ്റ് സാരിയുമാണ് അവളുടെ വേഷം. നീണ്ടു സമൃദ്ധമായ മുടിയിഴകൾ അവളുടെ പുറം നിറഞ്ഞു നിന്നു.. കണ്ണുകൾ എഴുതി.. നെറ്റിയിൽ പൊട്ട് കുത്തി.. നെറുകിൽ സിന്ദൂരവും ചാർത്തി തിരിഞ്ഞ ചന്ദനയെ കണ്ട് ചിഞ്ചുവിന്റെ കണ്ണും മനസ്സും നിറഞ്ഞു.. ദേവി പോലൊരു രൂപം. അത്രമേലൊരു സൗന്ദര്യം.. അത് വസുവിന് അവളോടുള്ള തീവ്ര പ്രണയത്തിന്റെയും പവിത്രമായ സ്നേഹത്തിന്റെയും പ്രതിഫലനമാണെന്ന് ചിഞ്ചുവിന് അറിയാമായിരുന്നു. വസുവിലേക്ക് പാളി ചിഞ്ചുവിന്റെ നോട്ടം.

പ്രണയം തിങ്ങിയ മിഴികളോടെ.. ചൊടികളിൽ വിരിഞ്ഞ ചിരിയോടെ ചന്ദനയെ നോക്കുകയാണ്.. അത് കണ്ട് ചിഞ്ചുവിന്റെ ചുണ്ടുകളിലുമൊരു പുഞ്ചിരി ചേക്കേറി. ചന്ദനയുടെ കണ്ണുകൾ നിറഞ്ഞു. അത് കവിളിണകളെ നനച്ചു താഴേക്ക് ഒഴുകി. "ചിഞ്ചു..." ഹൃദയം തുളുമ്പുന്ന ആഹ്ലാദത്തോടെ ചന്ദന ചിഞ്ചുവിന്റെ മാറിലേക്ക് അണഞ്ഞു.. ചിഞ്ചു ചന്ദനയെ ഇറുകെ പുണർന്നു.. "അയ്യേ.. ദേ വസുവും ആന്റിയൊക്കെ ചിരിക്കുന്നു.." തന്റെ ചുമലിൽ മുഖമമർത്തി ചന്ദന വീണ്ടും കരയുകയാണെന്ന് കണ്ടതും ചിഞ്ചു തിടുക്കത്തിൽ അവളെ അടർത്തി മാറ്റി. അപ്പോൾ മാത്രമാണ് ചന്ദന ചുറ്റുപാടിനെ കുറിച്ച് ബോധവതിയാകുന്നത്.. രാധികയും വസുവും ഒരിളം പുഞ്ചിരിയോടെ ഇരുവരെയും നോക്കുകയാണ്. പാർവതിയെയും ചൈതന്യയെയും കണ്ട് ചന്ദന ആ അരികിലേക്ക് നീങ്ങി. "എനിക്ക് ഉറപ്പായിരുന്നു ചന്ദനയെ കണ്ടാൽ നീ കുഞ്ഞി പെണ്ണിന്റെ കാര്യം മറന്ന് പോകുമെന്ന്.." വസു ചിരിക്കുന്നുണ്ട്.. ചിഞ്ചുവും അതാണോർത്തത്.. കുഞ്ഞിനെ കാണാൻ അത്രമേലൊരു തിടുക്കവും കൊതിയുമുണ്ടായിരുന്നു.

എന്നിട്ടും ചന്ദുവിനെ കണ്ടപ്പോൾ അവളെ മറന്ന് പോയിരിക്കുന്നു.. ചന്ദനയുടെ സ്ഥാനം മാറ്റാർക്കുമില്ലെന്ന് ചിഞ്ചു സ്നേഹത്തോടെ ഓർത്തു.. രാധിക കുഞ്ഞിനെ ബേബി ബെഡിലേക്ക് കിടത്തിയിരുന്നു. ചിഞ്ചു അരികിൽ ചെന്നിരുന്നു.. കുഞ്ഞിനെ എടുക്കുവാൻ അറിയില്ലന്നത് ചന്ദുവിലേക്ക് നീണ്ട അവളുടെ മിഴികൾ വ്യക്തമാക്കി. പൊതിഞ്ഞു കിടത്തിയിരിക്കുന്ന കുഞ്ഞിനെ രാധിക ചിഞ്ചുവിന്റെ കൈകളിലേക്ക് എടുത്തു നൽകി. ചിഞ്ചു ശ്രദ്ധയോടെ അവളെ ഒതുക്കി പിടിച്ചു. "ചിറ്റേടെ വാവേ..." ചിഞ്ചു നിറഞ്ഞ വാത്സല്യത്തോടെ വിളിക്കുന്നുണ്ട്.. "ഇങ്ങു നോക്കടി.. ഉറക്കമാണോ നീ.." കണ്ണുകൾ ചിമ്മി അടക്കുന്ന കുഞ്ഞിന്റെ നെറുകിൽ ഒന്ന് മുകർന്നു ചിഞ്ചു.. അമ്മ ചൂടേറ്റത് പോൽ അവൾ ചിഞ്ചുവിന്റെ മാറിൽ ഉരസി.. അതോടൊപ്പം കരച്ചിലും തുടങ്ങി. "അയ്യോ.. കരയാതെ.. "

ചിഞ്ചു ആ കുഞ്ഞിളം വിരലുകളിൽ പയ്യെ പിടുത്തമിട്ട് താലോലിച്ചു കരച്ചിൽ ഒതുക്കാൻ ശ്രമിക്കുന്നുണ്ട്. "നിന്നെപ്പോലെയല്ല.. ഇവളെന്നോട് ഇണങ്ങുന്ന കൂട്ടത്തിൽ അല്ലെന്നാ തോന്നണേ.. കരച്ചില് നോക്കിയേ.." കരച്ചിൽ പിന്നേം കൂടിയതും ചിഞ്ചു കുഞ്ഞിനെ ശ്രദ്ധയോടെ അരികിലേക്ക് വന്ന ചന്ദനയുടെ കയ്യിൽ ഏല്പിച്ചു.. "പാല് കൊടുക്കൂ ചന്ദന.. കുളി കഴിഞ്ഞുറങ്ങുന്ന നേരമാണ് അവൾ.." രാധിക ചന്ദനയോട് പറയുന്നുണ്ട്.. "നിങ്ങളിരിക്കു കേട്ടോ.. ഞാൻ കുടിക്കാൻ എടുത്തു വരാം.. അവിടൊക്കെ എന്തായോ ആവോ.. എല്ലാവരും വന്നിട്ടുണ്ടെന്നല്ലാതെ ആരെയുമൊട്ടു ശെരിക്ക്‌ ശ്രദ്ധിക്കാനും നേരം കിട്ടിയില്ല.." രാധിക ദൃതിയിൽ മുറിക്കു പുറത്തേക്ക് നടന്നു.. "ചേച്ചി.. ഞാൻ എടുത്തോട്ടെ.. ഞാൻ അന്ന് വന്നപ്പോഴും എനിക്ക് എടുക്കാൻ തന്നീല.." ചൈതന്യ ചന്ദനയുടെ അരികു പറ്റി നിൽക്കുകയാണ്.

"കരച്ചിൽ ഒതുങ്ങട്ടെ.. എന്നിട്ട് എടുക്കാം കേട്ടോ നിനക്ക്.." ചന്ദന പറഞ്ഞു.. "അപ്പോഴേക്കും അവൾ ഉറങ്ങില്ലേ.. ഞാൻ ഇപ്പൊ എടുത്തോളാം.." ചൈതന്യ കുഞ്ഞിന്റെ കവിളും മൂക്കുമൊക്കെ തൊട്ടും തലോടിയും കുഞ്ഞിനെ വാങ്ങിച്ചു പിടിക്കാൻ ശ്രമിക്കുവാണ്. "കുഞ്ഞ് കരയുന്നത് കേൾക്കുന്നില്ലേ ചൈതു നിനക്ക്..? നീ കുഞ്ഞിന് പാൽ കൊടുത്തുറക്കാൻ നോക്കു ചന്ദു.. ഇനി ഇപ്പോൾ ആളും ബഹളവും കൈമാറി എടുക്കലുമൊക്കെ ആകുമ്പോൾ കരച്ചില് കൂടുകയേ ഉള്ളു.. ഇപ്പോൾ ഉറങ്ങട്ടെ അവള്.." പാർവതി ചൈതന്യയെ ശകാരിക്കുകയും ചന്ദനയോട് പറയുകയും ചെയ്തു. ചൈതന്യ അതോടെ മുഖം വെട്ടി തിരിച്ചു ഒരു സൈഡിലായി പോയി ഇരുന്നു. "വന്നതേ ഇതുപോലെ മുറിയിൽ ഇരിക്കരുത് ചൈതു.. മോശമാണ് അത്.. പുറത്തു എത്ര പേരാണ് ഉള്ളത്.. അവരൊക്കെ എന്ത് കരുതും.. വാ.. അവള് കുഞ്ഞിനെ ഉറക്കിക്കോട്ടെ.." "ഹോ..ഈ അമ്മാ.. ഇതെന്തൊരു കഷ്ടാണ്.. പറയണ കേട്ടാൽ തോന്നും അവരൊക്കെ എന്നെ കാണാൻ വന്നവരാണെന്ന്.." "വേണേൽ ആ വഴി കൂടെ നോക്കാം..

പക്ഷെ എല്ലാം മുതിർന്നവരാണ്.. നിനക്ക് പറ്റിയ പയ്യന്മാരൊന്നും ഇല്ല ആക്കൂട്ടത്തിൽ.." വസു ചിരിക്കുകയാണ്.. "എനിക്കൊന്നും വേണ്ടാ.. എനിക്ക് വേണ്ടത് ഞാൻ തന്നെ നോക്കി വെക്കുന്നുണ്ട്.. കോളേജിൽ എന്തോരം ഉണ്ടെന്നോ..? ഓഹ്.. ചിലതിനെയൊക്കെ കണ്ടാൽ പിന്നെ കണ്ണെടുക്കാൻ തോന്നൂല.. സാറമ്മാരാണ് മെയിൻ.." ചൈതന്യ അങ്ങു വർണിച്ചു കയറുകയാണ്. "പാറുവമ്മാ.. ഇതിനെ ശെരിക്ക്‌ ഒന്ന് ശ്രദ്ധിച്ചോ കേട്ടോ.." ചിഞ്ചു ചൈതന്യയെ ആകെ മൊത്തമൊന്നുഴിഞ്ഞു കൊണ്ട് പറഞ്ഞു.. "അങ്ങനെ വല്ലതും ഉണ്ടേൽ ഞാൻ പറഞ്ഞേക്കാം. ഞാൻ എങ്ങും വഴി തെറ്റി പോകില്ല.. കേട്ടോ അമ്മാ.." ചൈതന്യ പാർവതിയെ ചേർന്ന് നിന്നു പറഞ്ഞു.. ചന്ദന ആ സംസാരമൊന്നും ശ്രദ്ധിച്ചതേയില്ല. മുലപ്പാല് നുണയുന്ന തന്റെ കുഞ്ഞിലായിരുന്നു അവളുടെ ശ്രദ്ധയത്രയും.. മൂന്ന് പേരും വെളിയിൽ പോയി വസു മാത്രം ബാക്കിയായി. ചന്ദന കട്ടിലിൽ ചാരി കാലുകൾ നീട്ടിയിരുപ്പാണ്. മടിയിൽ ഫീഡിങ് ബെഡിലായാണ് കുഞ്ഞുള്ളത്. വളരെ പതിയെ അത്രയേറെ ശ്രദ്ധയോടെയാണ് അവൾ കുഞ്ഞിനെ മുലയൂട്ടുന്നത്.. കുളി കഴിഞ്ഞതിനാൽ കുഞ്ഞ് വേഗം ഉറക്കം പിടിച്ചിരുന്നു. വസു കുഞ്ഞിനെ എടുത്തു ബേബി ബെഡിലേക്ക് കിടത്തി നെറ്റിയിൽ പതിഞ്ഞൊരു മുത്തം നൽകി..

അത് കണ്ട് ചിരിയോടെ എഴുന്നേൽക്കാൻ തുടങ്ങിയ ചന്ദനയുടെ മടിയിലേക്ക് തല വെച്ചു കിടന്നു അവൻ. "അയ്യോ...എന്താ..? " "എന്താണെന്നോ..? ഈയിടെയായി ഇങ്ങോട്ടൊരു ശ്രദ്ധയുമില്ല.." വസു പരിഭവിക്കുകയാണ്.. ചന്ദന ഒതുക്കി ചിരിച്ചു. "ചിരിക്കുന്നോ..?" "എഴുന്നേറ്റോ കേട്ടോ.. വാതിൽ കുറ്റിയിട്ടിട്ടില്ല.. ആരേലും വന്നാൽ നാണക്കേടാണ്.." "എന്ത്...? ഭാര്യയുടെ മടിയിൽ തല വെച്ചു കിടക്കുന്നതൊ..? നീയിപ്പോഴും ആ പഴയ ചന്ദന തന്നെയാണ്.." വസു എന്നത്തേയും പോലെ അത് തന്നെ പറഞ്ഞു. ഒരുദിവസം പത്തു വട്ടമായെങ്കിലും അവനത് പറയും. അത് കേൾക്കാൻ അവളും ഏറെ ഇഷ്ടപ്പെട്ടിരുന്നു. "സമയം പോവുന്നു.. വേഷം മാറുന്നില്ലേ..? " നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മിനുസമാർന്ന മുടി ഇഴകൾ ഒതുക്കി നൽകിയവൾ ചോദിച്ചു.. "മ്മ്.. കുളിക്കണം.. ഞാൻ ആകെ മുഷിഞ്ഞു. എന്തൊരു ചൂടാണ്.." വസു ചന്ദനയുടെ വിരലുകളിൽ പിടുത്തമിട്ടു അവയെ തഴുകി കൊണ്ട് പറയുകയാണ്. "ചന്ദനാ.. കുഞ്ഞുറങ്ങിയോ. നിങ്ങളെ അമ്മ അന്വേഷിക്കുന്നു.."

ചാരി വെച്ച വാതിലിൽ ഒന്ന് മുട്ടി വസുവിന്റെ ചെറിയമ്മ വിളിച്ചു പറയുന്നുണ്ട്. "ദേ..വരുവാ.." വസു വേഗത്തിൽ എണീറ്റ് വാതിൽ തുറന്നവരോട് പറഞ്ഞു.. "കുളിച്ചു മാറിയിട്ട് വായോ.. ഞാൻ ചെല്ലട്ടെ..." ചന്ദന മുറി വിട്ടിറങ്ങി.. വസു കുളി കഴിഞ്ഞു വന്നു ചന്ദനയുടെ ബ്ലൗസ്നു ചേരും വിധം കരിം പച്ച നിറത്തിൽ ഒരു ഷർട്ടും കസവു മുണ്ടും ധരിച്ചു.. ഉറങ്ങുന്ന കുഞ്ഞി പെണ്ണിനെ ഒന്നൂടെ നോക്കി വസുവും ഹാളിലേക്ക് നടന്നു.. ** വേദാത്മിക.. വേദങ്ങളുടെ ആത്മാവോട് കൂടിയവൾ.. എല്ലാവരും കണ്ടെത്തിയ ഒരുപാട് പേരുകളിൽ നിന്നും ശരൺ ആണ് ആ പേര് തിരഞ്ഞെടുത്തത്.. ഏവർക്കുമത് സ്വീകാര്യമായിരുന്നു. "വേദാത്മീക വസുദേവ്..." വസു കുഞ്ഞിന്റെ കാതിൽ പേര് ചൊല്ലി വിളിച്ചു.. ചന്ദനയുടെ മഞ്ഞ നിറവും വസുവിന്റെ ഛായയുമാണവൾക്ക്.. വിടർന്ന കണ്ണുകളും കുഞ്ഞ് നാസിക തുമ്പും ചെറു ചുണ്ടുകളുമായൊരു സുന്ദരി പൈതൽ.. ഏവരും സമ്മാനിച്ച പൊന്നിൽ മൂടിയിരുന്നു അവൾ...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story