മണിവാക: ഭാഗം 94

manivaka

രചന: SHAMSEENA FIROZ

"ചിഞ്ചു..നീ പരിചയപ്പെട്ടുവോ..? This is my one and only മാതാശ്രീ.. അതുപോലെ ഇത് ഒരേയൊരു അച്ഛൻ.. ഏട്ടനും ഏട്ടത്തിയും അതുപോലെ.. ഒന്നേയുള്ളു രണ്ടും.. പിന്നെ ദേ ഇതാണ് ഒന്നിൽ കൂടുതൽ ഉള്ളത്.. ഈ രണ്ട് കുറുമ്പന്മാര്.." ശരൺ ചിഞ്ചുവിന് തന്റെ ഫാമിലിയെ പരിചയപ്പെടുത്തുകയാണ്. ശരണിന്റെ പെണ്ണ് കാണൽ പ്രമാണിച്ചു നാട്ടിൽ വന്നതായിരുന്നു അവർ.. ഇനി നിശ്ചയം കഴിഞ്ഞാണ് മടക്കം. പോകുന്നതിനു മുന്നെയായി നിശ്ചയം നടത്തി വെക്കണമെന്നത് ശരണിന്റെ അച്ഛന്റെ തീരുമാനമായിരുന്നു. അതുകൊണ്ടാണ് വരുന്ന മാസം ആദ്യത്തെ ഡേറ്റ് തന്നെ എടുത്തത്.. ഇനിയും ശരണിനെ അതുപോലെ വിടാൻ ശരണിന്റെ അച്ഛൻ രവീന്ദ്രൻ ഉദ്ദേശിച്ചിരുന്നില്ല. ചിഞ്ചു അവരെ നോക്കി പുഞ്ചിരിച്ചു.. ചിഞ്ചുവിനെ നോക്കുന്ന കണ്ണുകളിലൊക്കെയുമൊരു നിരാശ സ്ഥാനം പിടിച്ചിരുന്നു.. ശരൺ അത്രയേറെ മനസ്സിൽ കൊണ്ട് നടന്ന പെൺകുട്ടി.. സ്വന്തമാകണം അല്ലെങ്കിൽ സ്വന്തമാക്കണം എന്നൊരു ശാട്യമല്ലായിരുന്നു അവനിൽ... തികച്ചും നിസ്വാർത്ഥമായൊരു പ്രണയം..

എങ്കിലും അവൻ ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു.. ആഗ്രഹിച്ചിരുന്നു.. എന്തിനോ..ഇനി കാര്യമില്ലന്ന് അറിഞ്ഞിട്ടും പാടില്ലെന്ന് അറിഞ്ഞിട്ടും ശരണിന്റെ അമ്മയ്ക്ക് ഉള്ളിലൊരു സങ്കടം തിങ്ങി.. സരിഗയും നന്നായി നോക്കി കാണുകയായിരുന്നു ചിഞ്ചുവിനെ. കാലങ്ങളായി അമ്മയിൽ നിന്നും ശരത്തേട്ടനിൽ നിന്നും ശരണിൽ നിന്നും കേൾക്കുന്ന പേരാണ് ചിഞ്ചു എന്നത്.. തങ്ങളോട് ഷെയർ ചെയ്യാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ല ശരണിന്.. അങ്ങനൊരു ഓപ്പൺ ആൻഡ് ഫ്രണ്ട്ലി ക്യാരക്ടർ ആണ് അവൻ.. ആർക്കും വേഗത്തിൽ ഇഷ്ടം തോന്നുന്നൊരു സംസാരവും പെരുമാറ്റവും.. തന്നെ ഏട്ടത്തിയായി കണ്ടിട്ടില്ല.. സ്വന്തം ചേച്ചിയാണ് താൻ അവന്.. വിളിക്കുന്നതും ചേച്ചി എന്ന് തന്നെയാണ്.. ശരണിന്റെ വിളി കേട്ടാണ് വസുവും വരുണും ഏട്ടത്തിന്ന് മാറി ചേച്ചി ന്ന് വിളിച്ചു തുടങ്ങിയത്.. ലാവെൻഡർ ഷേഡിൽ ഉള്ള ഒരു സിംപിൾ അനാർക്കലിയാണ് മുന്നിൽ നിൽക്കുന്നവളുടെ വേഷം.. ചുമലിന് അൽപ്പം താഴെയായി U ഷേപ്പിൽ പരന്നു കിടക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള മിനുസമാർന്ന മുടിയിഴകൾ..

നെറ്റിയിൽ കടുക് മണിയോളം മാത്രമുള്ള ഒരു കറുത്ത പൊട്ട്.. കഴുത്തിൽ നേർത്തൊരു പ്ലാറ്റിനം ചെയിൻ.. കാതുകളിൽ കുഞ്ഞു വെളുത്ത മൊട്ടുകൾ.. അത്രമാത്രം.. മറ്റു യാതൊരു ചമയങ്ങളോ ഒരുക്കങ്ങളൊ മുന്നിൽ നിൽക്കുന്നവളിൽ കണ്ടെത്താൻ സരിഗയ്ക്ക് സാധിച്ചില്ല. എന്തുകൊണ്ടും ശ്രേയയേക്കാൾ സുന്ദരി.. സരിഗ ഓർത്തു.. "എപ്പോഴാണ് വന്നത്..? അച്ഛൻ എവിടെ..?" ശരത് ചോദിക്കുന്നുണ്ട്.. "രണ്ടു ദിവസമായി നാട്ടിൽ എത്തിയിട്ട്.. പപ്പ ഇന്നലെ വന്നിരുന്നു. ഫാമിലിയിൽ ഒരു ഹൌസ് വാർമിംഗ് ഉണ്ട്.. ഇന്ന് അവിടെ പോയിരിക്കുകയാണ്.." ചിഞ്ചു മറുപടി നൽകി. ആ ഒപ്പം ശരണിന്റെ അമ്മയും സരിഗയും ചിഞ്ചുവിനോട് ഓരോന്നൊക്കെ ചോദിച്ചു.. അതിനിടയിൽ ചിഞ്ചു ശരത്തിന്റെ മക്കളെ വരുതിയിലാക്കി. ശരൺ ഇടയ്ക്ക് ഒക്കെ അവരുടെ ഫോട്ടോസും വിഡിയോസും ഗ്രൂപ്പിൽ ഷെയർ ചെയ്യുമായിരുന്നു.

രണ്ടാളും പരസ്പരം ഇണങ്ങുന്നില്ല. അടിയും ഇടിയുമാണ്.. അതിനിടയിൽ പരാതി പറച്ചിലും.. ശരൺ പറഞ്ഞത് പോലെ കുറുമ്പന്മാര് തന്നെയാണ്. ചിഞ്ചു ചിരിയോടെ ഓർത്തു. ** തിലകരാമനും പാർവതിയും ചൈതന്യയും സന്ധ്യയ്ക്ക് മുന്നെയായി മടങ്ങി. ശരണിന്റെ ഫാമിലി ഒഴികെ മറ്റുള്ളവരൊക്കെ വൈകുന്നേരത്തോടെ പോയിരുന്നു. ചന്ദനയുടെ നിർബന്ധമേറിയതിനാൽ ചിഞ്ചു അന്ന് അവിടെ കൂടി.. കുഞ്ഞി പെണ്ണ് പകലിലെ കരച്ചിൽ കാരണം നന്നേ ക്ഷീണിച്ചിരുന്നു.. പതിവിലും നേരത്തെ ഉറക്കമായി അവൾ.. "പാവമാണ് ശരൺ.. ഇത്രയും വർഷങ്ങൾ വേണ്ടി വന്നവന് മനസ്സൊന്നു പാക പെടുത്താൻ.." രാത്രിയിൽ മുറിയിലിരുന്നു ഓരോന്നു പറയുന്നതിന്റെ ഇടയിൽ ചന്ദന ചിഞ്ചുവിനോട് പറയുകയാണ്.. "ശ്രേയയുടെ പ്രൊപോസൽ വളരെ മുന്നേ സരിഗ ചേച്ചി കൊണ്ട് വന്നതാണ്. അന്നൊക്കെ ശരൺ ഒഴിഞ്ഞു മാറിയതിനാൽ പിന്നീട് അത് വേണ്ടന്ന് വെച്ചു.. ഇപ്പോൾ ശരൺ അർദ്ധ സമ്മതം മൂളിയപ്പോൾ എല്ലാരും പിടിച്ച പിടിയാലേ പിടിച്ചു. ശ്രെയയുടെ വീട്ടുകാര് ശരണിന്റെ പ്രൊപോസൽ വിട്ടു കളഞ്ഞിരുന്നില്ല..

അന്നത്തെ അതേ താല്പര്യം അവർക്ക് ഇന്നുമുണ്ട്. സരിഗ ചേച്ചിയുടെ ബന്ധത്തിൽ ഉള്ളതാണ്.. നേരെ കസിൻ ഒന്നുമല്ല.. ഏതായാലും അവർക്കൊക്കെ ഇഷ്ടപ്പെട്ടിട്ടുണ്ട് ശ്രേയയെയും വീട്ടുകാരെയും.." ചന്ദന പറഞ്ഞു. "ശരണിനും ഇഷ്ടപ്പെട്ടിട്ടുണ്ടല്ലോ.? പിന്നെന്താണ് കുഴപ്പം..?" "ശരൺ അതിന് ആകെ ഒന്നോ രണ്ടോ വട്ടം കണ്ടതേയുള്ളൂ.. പെണ്ണ് കാണലിനും പിന്നെ അതിന് മുൻപ് ഒരിക്കൽ ശരത്തേട്ടന്റെ കല്യാണത്തിനും. അന്ന് ശ്രേയ നന്നേ ചെറുതാണ്.. ശ്രേയയ്ക്ക് നമ്മളെക്കാൾ പ്രായം കുറവാണു.." "എന്റെ ചന്ദു.. നീ എപ്പോഴാണ് ഇത്രയ്ക്ക് സംസാരിക്കാൻ പഠിച്ചത്..? ഇപ്പോൾ നീ നോൺ സ്റ്റോപ്പ്‌ ആണല്ലോ.." ചിഞ്ചു ചിരിക്കുകയാണ്. "പോ ചിഞ്ചു.. നീ ചിരിക്കുകയൊന്നും വേണ്ടാ. എല്ലാവരോടൊന്നുമില്ല.. നിന്നോട് അല്ലേയുള്ളു.. അന്നും നിന്നോട് ഉണ്ടായിരുന്നു.. എന്താണ് നിന്റെ ഉദ്ദേശം.? അത് പറയു..? " "എന്തുദ്ദേശം..?"

ചിഞ്ചു മനസ്സിലാകാത്ത പോൽ ചോദിച്ചു.. "എത്ര കാലമാണ് ഇങ്ങനെ ഒറ്റയ്ക്ക്..? ഇവിടെ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു നീയീ കുടുംബത്തിലേക്ക് തന്നെ വന്നിരുന്നെങ്കിൽ എന്ന്.." ചിഞ്ചു ഒന്ന് പുഞ്ചിരിച്ചു. "ഇനിയിപ്പോ എന്ത് കാരണം പറഞ്ഞാണ് നീ ഒഴിഞ്ഞു മാറുന്നത്..? നിനക്കൊരു ജീവിതം വേണ്ടെ ചിഞ്ചു..? എത്ര കാലമെന്ന് വെച്ചാണ് ഇങ്ങനെ തനിച്ച്.. ഇനി ശരൺ ഇല്ല മുന്നിൽ. സണ്ണിയുമില്ല. രണ്ടാളെയും നീ മാറ്റി നിർത്തി. മാറ്റാരെയെങ്കിലും തിരഞ്ഞെടുക്കാൻ പാടില്ലേ..?" "അയ്യോന്റെ ചന്ദു.. ഇപ്പോ മോള് ഉണരും.. അപ്പൊഴേക്കും നീയും കുറച്ചുറങ്ങാൻ നോക്കു.. വസു പറഞ്ഞിരുന്നു നിനക്ക് ഇപ്പോൾ രാത്രിയിൽ ഉറക്കം കുറവാണെന്നു.." "നീ വിഷയം മറ്റുവാൻ ശ്രമിക്കേണ്ട.." "ഇല്ലടി.. എത്രയോ സമയം കിടപ്പുണ്ട് ഇനിയും.. ആലോചിക്കാം നമുക്ക്.. കേട്ടോ... നീ അൽപ്പം മയങ്ങിക്കോ.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.." ചിഞ്ചു പുറത്തേക്ക് നടന്നു.. രാധികയും ശരണിന്റെ അമ്മയും കിച്ചനിലാണ്... വസുവും ശരത്തും അച്ഛന്മാരും ഹാളിലുണ്ട്... സരിഗ ചേച്ചി ഒരു പ്ളേറ്റുമായി രണ്ടെണ്ണത്തിന്റെ പുറകെയാണ്. ശരണിനെ മാത്രം കണ്ടില്ല..

കയ്യിലെ ഫോൺ റിങ് ചെയ്തപ്പോൾ അടുക്കളയിലേക്ക് പോകാൻ ഒരുങ്ങിയ ചിഞ്ചു നേരെ മുറ്റത്തേക്ക് ഇറങ്ങി നിന്നു.. "എവിടെയാടി.?" "ഞാൻ വസുവിന്റെ വീട്ടിലാണ് പപ്പാ.." "ഇന്നവിടെ കൂടിയോ..?" "ഉവ്വ്.. ചന്ദു വിടുന്നതേ ഇല്ലായിരുന്നു.. ശരണിന്റെ ഫാമിലിയുമുണ്ട്.. ഇവിടെന്തു രസമാണെന്നറിയാമോ..?" "അതിനല്ലേ ശരണിനെ കെട്ടി അവിടെ സ്ഥിരമാക്കിക്കോളാൻ ഞാൻ പറഞ്ഞത്..." "ഈ പപ്പാ.. ചന്ദുവിന്റേത് ഇപ്പോൾ കഴിഞ്ഞേയുള്ളൂ.. ഇനി പപ്പയുടെ വകയുമായിക്കോളു. നിങ്ങൾക്ക് ഒക്കെ എന്താണെന്നാ എനിക്ക് മനസ്സിലാകാത്തത്.? ഇത് പേടിച്ചാണ് ഞാൻ നാട്ടിൽ വരാൻ മടിച്ചത്.." "ചന്ദു എന്ത് പറഞ്ഞു..? ശരണിനെ വിവാഹം ചെയ്യാൻ പറഞ്ഞൊ..?" "എന്നല്ല.. പപ്പയെ പോലെ.. എന്നെ ഓർത്തു വറി ചെയ്യുകയാണ് അവൾ..." "പക്ഷെ എന്ത് കാര്യം.. നിന്നെ അതൊന്നും ബാധിക്കുന്നില്ലല്ലോ.." "പപ്പാ..." "ഇല്ലായെ.. ഞാനൊന്നും പറയുന്നില്ലായെ.. വെച്ചേക്കുവാ.. ഇവിടെ പരിപാടി കഴിഞ്ഞിട്ടില്ല.." "ഓ..രാത്രിയിലെ പരിപാടി.. ഓവർ ആക്കിയേക്കരുത് കേട്ടോ.." "ഇല്ലടീ.."

എബ്രഹാം ചിരിക്കുന്നുണ്ട്. "അതാ ചിരി കേട്ടാൽ എനിക്ക് അറിഞ്ഞൂടെ.." "പോടീ.. നീ ചെല്ലു.. എല്ലാരും ഉണ്ടെന്നല്ലേ പറഞ്ഞെ.." "ശെരി പപ്പാ.. ഗുഡ് നൈറ്റ്‌.. മിസ്സ്‌ യൂ.." "ഗുഡ് നൈറ്റ്‌.. മിസ്സ്‌ യൂ ടൂ.." കാൾ കട്ട്‌ ചെയ്തു സീറ്റ്‌ ഔട്ടിലേക്ക് കയറിയപ്പോഴാണ് ഗാർഡനരികിലുള്ള സിമന്റ് ബെഞ്ചിൽ ശരൺ ഇരിക്കുന്നത് കണ്ടത്.. "ആരോടാണ്..? ശ്രേയയാണോ..?" ചിഞ്ചു അരികിലേക്ക് ചെന്നു കുസൃതിയോടെ ചോദിച്ചു. "സണ്ണിയാണ്.." ശരൺ ഫോൺ ചെവിയിൽ നിന്നെടുത്തു സ്ക്രീൻ അവൾക്ക് നേരെ തിരിച്ചു. "അപ്പുറത്തുള്ള ആള് കാൾ കട്ട്‌ ചെയ്തല്ലോ.. എന്താണാവോ..? ഞാൻ വന്നോണ്ടാണോ..? " "ഏയ്‌.. ഹോസ്പിറ്റലിൽ നിന്നും കാൾ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു അവൻ.. നാളെ വിളിക്കാമെന്ന്.. നിന്നെ കാണുമ്പോൾ കട്ട്‌ ചെയ്യാൻ നീ അറിയാത്ത എന്ത് സീക്രെട് ആണ് ഞങ്ങൾക്ക്..?" ശരൺ ചിരിയോടെ ചോദിക്കുന്നുണ്ട്.. "അത് പറയാൻ പറ്റില്ല.. എന്തൊക്കെ പറഞ്ഞാലും പുരുഷൻമാര് പുരുഷൻമാര് തന്നെയാണ്.. എന്തോരം കാണും ലേഡീസ് അറിയാത്തതായി അവിടെ.." ആ ബെഞ്ചിനൊരറ്റത്തു അവളും ഇരുപ്പുറപ്പിച്ചു.

"എന്നാൽ ഉണ്ട് കേട്ടോ.. നീ അങ്ങനെ കരുതിയ സ്ഥിതിക്ക് ഇനിയത് ഞാനായി തിരുത്തുന്നില്ല.. സണ്ണിയോടും കൂടെ പറഞ്ഞേക്കാം നിനക്ക് ഈ വക സംശയങ്ങളാണെന്ന്.." ആ കെറുവിച്ചുള്ള സംസാരം കേട്ട് ചിഞ്ചു ചിരിച്ചു.. "എന്താണ് സണ്ണി വരാഞ്ഞേ..? വസു പറഞ്ഞിരുന്നല്ലോ വരുമെന്ന്.." ചിഞ്ചു അന്വേഷിച്ചു.. "ഉറപ്പ് പറഞ്ഞിരുന്നില്ല.. വരാൻ ആഗ്രഹം ഉണ്ടായിരുന്നവന്.. പക്ഷെ അവന്റെ ജോലിയും തിരക്കും അതുപോലെയല്ലേ.. മറ്റെന്തിനെക്കാളും പ്രാധാന്യം സണ്ണി ഇപ്പോൾ അതിനാണ് നൽകുന്നത്.." ശരണിന്റെ സ്വരത്തിൽ സണ്ണിയെ ഓർത്തുള്ള അഭിമാനം കലർന്നിരുന്നു.. "അവൻ കഴിഞ്ഞ മാസം വന്നു പോയതാണ്.. സെലിന്റെ ആണ്ട് ആയിരുന്നു.. ഇനി അടുത്ത മാസമേയുള്ളൂ അവൻ നാട്ടിലേക്ക്.. നിശ്ചയത്തിനു. അന്നേ ദിവസം ഇങ്ങെത്തിക്കോളാമെന്ന് ഏറ്റിട്ടുണ്ട്.." "ആരുടെ നിശ്ചയത്തിനു..?" ചിഞ്ചു ചിരി ഒതുക്കി.. ശരൺ ചിഞ്ചുവിനെ കടുപ്പിച്ചു ഒന്ന് നോക്കി. "എന്ത് പറയുന്നു ശ്രേയ..? സുഖമായിരിക്കുന്നോ..? വിളിക്കാറില്ലേ..?" "അമ്മയും സരിഗേച്ചിയുമൊക്കെ വിളിച്ചു സംസാരിക്കാറുണ്ട്.."

"അപ്പൊ ശരണോ..?" "ഇപ്പോഴേ സംസാരിച്ചു തീർത്താൽ പിന്നീട് എന്താണ് സംസാരിക്കുക..? One ഇയർ ഉണ്ട് മാര്യേജ് നു.." ശരൺ കണ്ണിറുക്കി. "One ഇയർ ഉണ്ടേലും മറു സൈഡിൽ ഉള്ളയാൾക്ക് സമയം കുറവായിരിക്കും കേട്ടോ.. ഡോക്ടർ അല്ലേ..? എപ്പോഴും തിരക്കായിരിക്കും.. കാണുന്നില്ലേ സണ്ണിയേം എന്റെ പപ്പേമൊക്കെ.." "അത് കുഴപ്പമില്ല.. ഡോക്ടർ ആണല്ലോ.. അതുമതി.." "അയ്യടാ..നോക്കിയേ.. അപ്പോ അങ്ങനൊക്കെയാണ് മനസ്സിൽ.. ഇതൊന്നുമാരും അറിയുന്നില്ലല്ലോ ഈശ്വരാ.. ചന്ദുവും വസുവുമൊക്കെ പറഞ്ഞു ശരൺ ഇപ്പോഴും പാതി മനസ്സിൽ ആണെന്ന്.. ഞാനും അതോർത്തു ചെറിയ ടെൻഷനിൽ ആയിരുന്നു.. ഹാവൂ.. ഇപ്പോഴാണ് സമാധാനമായത്.." "ഒരു ഡിഗ്രി പോലുമില്ലാത്ത തല തെറിച്ചൊരുവളാണ് വധു എന്ന് പറയുന്നതിനേക്കാൾ എത്രയോ ഗും ഉണ്ട് വധു ഡോക്ടർ ആണെന്ന് പറയുന്നതിനു.." ശരൺ ചിരി ഒതുക്കി. "കളിയാക്കിക്കോ.. എനിക്കും വരും ഒരുദിവസം.. അന്ന് കാണിച്ചു തന്നേക്കാം.." "വരട്ടെ.. നിനക്കായ്‌ ഒരു ദിവസം വരട്ടെ.. എന്നായാലും എവിടെയായാലും ഉയർച്ചയിലെത്തിയാൽ മതി കേട്ടോ.." ശരൺ പുഞ്ചിരിച്ചു..

അത് അംഗീകരിക്കുമ്പോൽ ശിരസ്സ് അനക്കി അവളും തിരിച്ചു നൽകിയൊരു പുഞ്ചിരി.. "എന്നെ കെട്ടിക്കാൻ മാത്രേ തിരക്കുള്ളോ..? മിസ്സ്‌ ചഞ്ചല എലിസബത്തിന് കെട്ടി പോകാൻ ഉദ്ദേശമൊന്നുമില്ലേ..? " ശരൺ ചോദിക്കുകയാണ്.. "ആദ്യം ചന്ദു... പിന്നെ പപ്പാ.. ദേ ഇപ്പോൾ ശരണും.. ഇന്നിതു മൂന്നാമത്തെതാണ്.." അത് കേട്ട് ശരൺ ചിരിച്ചു. "അങ്ങനെ ഉദ്ദേശമില്ലായ്കയൊന്നുമില്ല.. പപ്പയും ഞാനും ഇപ്പോൾ തീരെ ഒത്തു പോകുന്നില്ല. വീട്ടു ജോലികളും പാചകവും ഞാൻ പഠിച്ചെടുത്തത്തിൽ പിന്നെ പപ്പയെ ഒരു കൈ സഹായത്തിനു പോലും കിട്ടാറില്ല.. എല്ലാമെന്റെ തലയിലാണ്.. ചോദിക്കുമ്പോൾ ഒരു ന്യായവും. ഇത്രയും കാലം ഞാൻ ഒറ്റയ്ക്കു ചെയ്തില്ലേ ഇനി നീയങ്ങു ചെയ്താൽ മതിയെന്ന്. മിക്കവാറും ഉടനെ ഞങ്ങൾ കൂട്ട് വെട്ടി രണ്ട് വഴിക്കാവും.. അപ്പോഴേക്കും ഞാൻ പുതിയ കൂട്ട് തേടേണ്ടിയിരിക്കുന്നു.." "ആരായാലും അയാളുടെ കഷ്ട കാലമാണ്.." ശരൺ ചിരിച്ചു. "ഓ.. ആയിക്കോട്ടെ.. " ചിഞ്ചു മുഖം വെട്ടി തിരിച്ചു. എത്ര വേണ്ടന്ന് വെച്ചിട്ടും ശരണിന്റെ മിഴികൾ ഒരുമാത്ര ചിഞ്ചുവിൽ തങ്ങി..

നിലാ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. കാറ്റിൽ പാറി പറക്കുന്ന ബ്രൗൺ മുടിയിഴകൾ ആ സൗന്ദര്യത്തിനു മാറ്റേകി. എങ്ങനെയാണ് ഈയൊരുവൾ അത്രമാത്രം ഹൃദയത്തിൽ വേരൂന്നി പിടിച്ചത്.. എന്നെന്നേക്കുമായി അടിത്തട്ടിൽ ഒതുക്കി, ഒളിച്ചു വെച്ചിട്ടും അത് എങ്ങനെയാണു വീണ്ടും ആഴത്തിലേക്കിറങ്ങി ചെല്ലുന്നത്... എന്തുകൊണ്ടാണ്..? ഒരു സുഖമുള്ള.. അതിലേറെ വേദന കലർന്നൊരു നോവുണർന്നു ശരണിൽ.. പാടില്ല. ബുദ്ധി മനസ്സിനെ വിലക്കുകയാണ്. ഉടനെ മനസ്സിനെ നിയന്ത്രണത്തിലേക്ക് കൊണ്ട് വരുകയും ചെയ്തു.. തിടുക്കത്തിൽ മിഴികൾ പിൻവലിച്ചു.. "ഇവിടെ കാറ്റൊക്കെ കിട്ടും അല്ലേ..?പകൽ എന്ത് ചൂടായിരുന്നു..." തഴുകി തലോടുന്ന കാറ്റിൽ മുഖത്തേക്ക് വന്നു വീഴുന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ടവൾ പറഞ്ഞു. "രാത്രിയിൽ കാറ്റുണ്ട്.. നീ അകത്ത് ചെല്ലു.. തണുത്ത കാറ്റാണ്. ശീലമില്ലാത്തത് അല്ലേ.? ചിലപ്പോൾ പിടിക്കില്ല.. ക്ലൈമറ്റ് ഒക്കെ ചേഞ്ച്‌ ആയതിനാൽ.." "ശരൺ വരുന്നില്ലേ..?" ചിഞ്ചു എഴുന്നേറ്റു.. "വരുവാ.." രണ്ട് പേരും അകത്തേക്ക് നടന്നു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story