മണിവാക: ഭാഗം 95

manivaka

രചന: SHAMSEENA FIROZ

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞുടനെ ശരണിന്റെ വീട്ടുകാര് പോകാൻ ഇറങ്ങി. ശരൺ നാളെ വന്നോളാമെന്ന് പറഞ്ഞു.. തിരുവനന്തപുരത്ത് വീടുകളും എറണാകുളത്തും തൃശ്ശൂരുമായി ഫ്ലാറ്റുകളും രവീന്ദ്രൻ വാങ്ങിയിട്ടുണ്ട് എന്നാലും നാട്ടിൽ വരുമ്പോഴൊക്കെ തറവാട്ടിൽ തന്നെയാണ് രവീന്ദ്രനും കുടുംബവും താമസിക്കുന്നത്.. വസുവിന്റെ വീട്ടിൽ നിന്നും ഒരു മണിക്കൂർ യാത്രയുണ്ടവിടേക്ക്.. രാധികയ്ക്ക് പിന്നെയുള്ളത് ഒരു സഹോദരിയാണ്. രാധികയേക്കാൾ മുതിർന്നതാണ്.. അയല്പക്കത്തേക്കു തന്നെയാണ് വിവാഹം കഴിഞ്ഞത്. അതിനാൽ തറവാടും പരിസരവും പൊടി പിടിച്ചു കിടക്കാറില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കയറി വൃത്തിയാക്കിയിടും.. രണ്ട് പെണ്മക്കളാണ് അവർക്ക്.. വിവാഹം കഴിഞ്ഞു വിദേശത്തു സെറ്റിൽഡ് ആണ്.. ജോലിയും കുട്ടികളുടെ പഠനവുമായി എന്നും തിരക്കിലായത് കൊണ്ട് നാട്ടിലേക്ക് വരുന്നത് വളരെ ചുരുക്കമാണ് അവർ.. കുഞ്ഞിലേ മുതൽ ശരണിന് പ്രിയം രാധികയോടാണ്.

അതുകൊണ്ട് വെക്കേഷന് വരുമ്പോൾ ഒക്കെ അവൻ ഓടി വരുന്നതും രാധികയ്ക്ക് അരികിലേക്കാണ്. വസു അന്ന് ഓഫീസിൽ പോയിരുന്നില്ല. അവധി പറഞ്ഞു. വരുണിനു മാച്ച് ഉള്ളതിനാൽ രാവിലെ കോളേജിലേക്ക് പോയിരുന്നു. തലേ ദിവസത്തെ പോലെ തന്നെ അന്നും വിഭവ സമൃദ്ധമായ ഊണ് തയ്യാറാക്കിയിരുന്നു. ചിഞ്ചു ഇപ്പോൾ പാചകം ചെയ്യുമെന്നു അറിഞ്ഞതിനാൽ ശരണും വസുവും അവളോട് ചിക്കൻ ഐറ്റം എന്തെങ്കിലും ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. തനിക്ക് മാർക്ക്‌ ഇടാനാണെന്ന് ചിഞ്ചുവിന് അറിയാമായിരുന്നു. അവൾ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു.. "അയ്യോ..ഇടല്ലേ.." ശരണിനും വസുവിനും വിളമ്പി കഴിഞ്ഞു ചന്ദനയുടെ പ്ലേറ്റിലേക്ക് വിളമ്പാൻ തുടങ്ങിയതും ചന്ദന തിടുക്കത്തിൽ അത് തടഞ്ഞു. "അതെന്താ..? നീ ഇപ്പോഴും ഇതൊന്നും കഴിക്കില്ലേ..?"

ചിഞ്ചു അതിശയിച്ചു. "എവിടുന്ന്.. അവൾക്ക് ഇപ്പോഴും വെള്ളരിക്ക സാമ്പാറും മോരു കറിയുമൊക്കെ മതി.." വസു ചിരിയോടെ മോര് കറി ചന്ദനയ്ക്ക് അരികിലേക്ക് നീക്കി വെച്ചു അൽപ്പം സാമ്പാർ കോരി എടുത്തു അവളുടെ പ്ലേറ്റിൽ ചോറിനു മുകളിലായി ഒഴിച്ചു നൽകി. "അയ്യേ.. ഇതെന്തൊരു ജന്മം..? ഞാൻ കരുതി ഇവളിപ്പോ മിശ്ര ബുക്ക്‌ ആയിക്കാണുമെന്ന്.. ഇവിടെ എല്ലാം കുക്ക് ചെയ്യുന്നുണ്ടല്ലോ.. അച്ഛനും വരുണിനും വസുവിനുമൊക്കെ നോൺ വെജ് ആണ് ഇഷ്ടമെന്ന് ഇവള് ഇടയ്ക്ക് ഒക്കെ പറയും.." ചിഞ്ചു പറയുന്നുണ്ട്.. "വസുന് ആ ഇഷ്ടമൊക്കെ പണ്ടാണ്.. ഇപ്പോൾ വെജ് തന്നെയാണ് പ്രിയം.." രാധിക പറഞ്ഞു. "ചന്ദന വന്നതിന് ശേഷം.." ശരൺ കുസൃതിയോടെ ചന്ദുവിനെയും വസുവിനെയും നോക്കി. "ഞാനെന്ത് ചെയ്യാനാണ്..? തുടക്കത്തിൽ ഇവൾക്ക് ഇറച്ചിയും മീനുമൊക്ക കാണുമ്പോൾ തന്നെ വിമ്മിഷ്ടമായിരുന്നു..

കഴിച്ചു കഴിഞ്ഞു ഞാൻ അടുത്ത് ചെല്ലുമ്പോൾ ഓക്കാനവും വരുമവൾക്ക്.. അതോടെ ഞാൻ നോൺ വെജ് അൽപ്പം കുറച്ചു. അപ്പോഴേക്കും ഇവള് റെഡി ആയിരുന്നു കേട്ടോ.. കഴിക്കില്ലന്നാലും അമ്മയോടൊപ്പം ചേർന്ന് ഇവിടെ വേണ്ടവർക്ക് വേണ്ടത് പോലെ കുക്ക് ചെയ്തൊക്കെ തരും.. പിന്നെ ഇവളുടെ ഒപ്പം ഉണ്ണാൻ ഇരുന്നു ഇരുന്നു വെജ്നോട്‌ കുറച്ചു ഇഷ്ടം കൂടി.." "രൂപത്തിൽ മാറ്റം വന്നെന്നല്ലാതെ ഇവൾക്ക് സ്വാഭാവത്തിൽ വലിയ മാറ്റങ്ങളൊന്നും ഇല്ലാല്ലേ..?" ചിഞ്ചു ചന്ദനയെ നോക്കി വസുവിനോട് പറയുകയാണ്.. "ഇല്ല കേട്ടോ.. ഇവൾ ഇപ്പോഴും ആ പഴയ ചന്ദന തന്നെയാണ്.." വസു ചിരിയോടെ പറഞ്ഞു.. അത് കേട്ട് ചന്ദനയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ചേക്കേറി. "അപ്പോൾ ചൈതന്യ പറഞ്ഞത് നേരാണല്ലെ.. ഞാൻ കരുതി വെറുതെ നിന്നെ സുഖിപ്പിച്ചതാണെന്ന്.. ചിക്കൻ പെപ്പർ അസ്സലായിട്ടുണ്ട്.." ശരൺ എരിവ് വലിച്ചു കൊണ്ട് പറയുകയാണ്.. "അത് നിന്റെയാ വലി കാണുമ്പോൾ അറിയുന്നുണ്ട്.." വസു ചിരിച്ചു. "അപ്പോൾ കൊള്ളില്ലന്നാണോ വസു പറയുന്നത്..?" ചിഞ്ചു മുഖം കൂർപ്പിച്ചു.

"ഒപ്പിക്കാം.. അല്ലേ അമ്മാ.." "ആണോ ആന്റി..?" ചിഞ്ചു രാധികയെ നോക്കി. "അല്ല കേട്ടോ.. നന്നായിട്ടുണ്ട്.. അവൻ ചുമ്മാതെയാണ്.." അത് കേട്ടതെ ചിഞ്ചു വസുവിനെ നോക്കി എങ്ങനുണ്ടെന്ന മട്ടിൽ പുരികം പൊക്കി.. വസു ഒതുക്കി ചിരിച്ചതും പോടാ ന്നും പറഞ്ഞൊരു കോക്രി കാണിച്ചു അവൾ.. "ഉച്ചയ്ക്ക് ശേഷം എന്താണ് പരിപാടി..? ചിഞ്ചു ഇന്ന് പോകുന്നുണ്ടോ.." രാധിക ചോദിക്കുന്നുണ്ട്.. "അയ്യോ.. പോകണം..." "അതെന്താണ് നിനക്ക് അത്ര തിരക്ക്..? നീയിനി ഏതായാലും കുറച്ചു ഡേയ്‌സ് ഇവിടെ ഉണ്ടല്ലോ..? കോട്ടയത്തിനു പോകുന്നുണ്ടോ വേഗം.?" വസു അന്വേഷിച്ചു. "ഇല്ല.. ആ കുറച്ചു ഡേയ്‌സ് പാറുവമ്മയോട് ഒപ്പമാണെന്ന് ഞാൻ ആദ്യമേ തീരുമാനിച്ചതാണ്.. പിന്നെ ഇനിയിപ്പോ ശരണിന്റെ നിശ്ചയത്തിനു കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളു.. അത് കഴിഞ്ഞേ ഞാൻ കോട്ടയത്തേക്ക് പോകുന്നുള്ളൂ. അതാകുമ്പോൾ പപ്പ നിശ്ചയത്തിന് വന്നു പോകുമ്പോൾ ആ കൂടെ പോയാൽ മതി.. അല്ലേൽ പപ്പയെ ഇത്രയും ദൂരം ഓടിക്കണ്ടേ..?" ചിഞ്ചു പറഞ്ഞു.

"എന്നാൽ നമുക്ക് ഒരു ഔട്ടിങ്ങിനു ഇറങ്ങിയാലോ..? ഇന്നാണേൽ ശരണും നീയുമുണ്ട്. ഞാൻ ആണേൽ അവധി എടുക്കുകയും ചെയ്തു.. അത് വെറുതെ കളയണ്ടല്ലോ.. മുൻപ് ഒക്കെ എല്ലാ സൺ‌ഡേയുമാണ് ഞങ്ങൾ കറങ്ങാൻ പോകുക. ചന്ദന ഏഴാം മാസം കഴിഞ്ഞതിൽ പിന്നെ അതൊന്നും പതിവില്ല. നിന്നെ രാത്രിയിൽ ഡിന്നറും കഴിഞ്ഞു വീട്ടിൽ കൊണ്ട് വിടാം.." വസു പറഞ്ഞു. ചിഞ്ചു അതിനോട് യോജിച്ചു. കുഞ്ഞി പെണ്ണിന്റെ കരച്ചിൽ കേട്ട് വസു വേഗത്തിൽ എഴുന്നേറ്റു കൈ കഴുകി മുറിയിലേക്ക് നടന്നു.. പുറകെ ശരണും ചെന്നു.. പത്തു പതിനൊന്നു മണിയോടെ കുളിപ്പിച്ച് പൊതിഞ്ഞു കെട്ടി ഉറക്കിയാൽ ഉച്ചയോടെയാണ് അവൾ ഉണരുക. നല്ലപോലെ ഒരുറക്കം കഴിഞ്ഞു എഴുന്നേൽക്കുന്നതിനാൽ അപ്പോൾ അവളുടെ മുഖം തെളിഞ്ഞു കാണും. അല്ലാത്തപ്പോൾ ഒക്കെ കരച്ചിലാണ്.. ആ നേരം ശരൺ അവളെ താഴെ വെക്കാറില്ല.. മടിയിൽ കിടത്തി കൊഞ്ചിച്ചു ചിരിപ്പിക്കലാണ്.. "എന്റെ കുഞ്ഞിനെ കൊണ്ട് വല്യച്ഛൻ ന്ന് വിളിപ്പിക്കാൻ കാത്തു നിന്നവനാണ്.. ഇപ്പോ കണ്ടീലെ..

നിന്റെ കുഞ്ഞിനേം മടിയിൽ വെച്ചു ഇരിക്കുന്ന ഞാൻ.." ശരൺ വസുവിനോട് പറയുന്നുണ്ട്. "നിനക്ക് കൂടും കുടുംബവും വേണ്ടാത്തതിന് ഞാൻ എന്ത് പിഴച്ചു.." "ഞാൻ കെട്ടുമല്ലോ.. ഉടനെ കെട്ടും.. നിനക്ക് അതുവരെ കാത്തിരിക്കാൻ പാടില്ലായിരുന്നോ.? ആക്രാന്തം. അല്ലാണ്ട് എന്ത്.." "ഓ.. പിന്നെ.. നീയെന്നു കെട്ടും ന്ന് വെച്ചായിരുന്നു ഞാൻ കാത്തിരിക്കേണ്ടത്..? ഈ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ എങ്കിലും നീ സമ്മതം മൂളിയല്ലോ.. അതുതന്നെ ഭാഗ്യം.. പിന്നെ നാട്ടു നടപ്പ് അനുസരിച്ചു ഞാൻ വലിയച്ഛൻ ആകുന്നതിനു മുന്നേ നീ ചെറിയച്ഛൻ ആകണം.." വസു ഒതുക്കി ചിരിച്ചു.. "നന്ദി വേണമെടാ.. നന്ദി.. " ശരൺ വസുവിനെ കടുപ്പിച്ചു ഒന്ന് നോക്കി. "എന്ത് കാര്യത്തിന്.. കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചിരിക്കുന്നതിനോ..?" വസു വീണ്ടും ചിരി ഒതുക്കി പിടിച്ചു. "നീ തന്നെ അങ്ങു നോക്കിയിരുന്നാൽ മതി.. എനിക്ക് വേറെ പണിയുള്ളതാണ്.." ശരൺ പറഞ്ഞു തീരേണ്ട താമസം മടിയിലേക്ക് ഒരിളം ചൂട് പരന്നൊഴുകി.. "ടാ.. പണി കിട്ടിയെടാ.." ശരൺ ദയനീയമായി തന്റെ പാന്റ്സിലേക്ക് നോക്കി..

"ആഹാ.. മിടുക്കി.. പിന്നെ നീ എന്ത് കരുതി.. എന്നെ പറഞ്ഞാൽ അവൾ വെറുതെ ഇരിക്കുമെന്നോ " ഇപ്രാവശ്യം വസു ഉറക്കെ ചിരിച്ചു.. "ഓ..നിന്റെ തന്നെ മോള്.. എടുക്കെടാ.. ഞാൻ മാറ്റിയിട്ടു വരാം.. രാവിലെ കുളിച്ചതാണ്.. രാത്രി വരെ ആ കുളിയിൽ ഒപ്പിക്കണമെന്ന് വിചാരിച്ചതായിരുന്നു.. ഈ ചെറിയച്ഛനിട്ട് ഇതുപോലെ പണി തരല്ലേ പൊന്നെ.." ശരൺ കുഞ്ഞിനെ ശ്രദ്ധയോടെ വസുവിന്റെ കയ്യിൽ ഏല്പിച്ചു. "എന്തുപറ്റി.." മുറിയിൽ നിന്നും തിടുക്കത്തിൽ മുകളിലേക്ക് കയറി പോകുന്ന ശരണിനോട് ചന്ദന തിരക്കി. "നിന്റെ കുഞ്ഞു എനിക്ക് പണി തന്നിട്ടുണ്ട്.. ദേ.. പാന്റ്സ് മൊത്തം നനഞ്ഞാ കിടക്കണേ.. ചേഞ്ച്‌ ചെയ്തിട്ട് വരാം കേട്ടോ.. നിങ്ങളു റെഡി ആയിക്കോ.. പോവണ്ടേ.." ചന്ദനയോടും അവൾക്ക് അരികിലേക്ക് വന്ന ചിഞ്ചുവിനോടുമായി പറഞ്ഞു ശരൺ.. മുകളിലെ ചന്ദനയുടെയും വസുവിന്റെയും മുറി ആയിരുന്നു ചിഞ്ചുവിന് ഇന്നലെ നൽകിയത്. മറ്റൊന്നിൽ ശരൺ.. പിന്നൊന്നു സാന്ദ്ര ഉപയോഗിച്ചിരുന്നത്. വല്ലപ്പോഴും ക്ലീൻ ചെയ്യാൻ മാത്രമാണ് അത് തുറക്കാറ്.

മറ്റൊന്നിനും ആ മുറി ഉപയോഗിക്കാറില്ല. ഇടയ്ക്ക് ശരണോ വസുവോ രാധികയോ അൽപ്പ നേരം ചെന്നകത്തു ഇരിക്കുന്നത് കാണാം. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ആയാലും അകാലത്തിൽ പൊലിഞ്ഞു പോയവൾ ഏവർക്കുമുള്ളിൽ ദുഃഖം നില നിർത്തിയിരുന്നു.. മുന്നിലേക്ക് എത്ര കാലങ്ങൾ ഉണ്ടായിരുന്നു.. അത്രേം ചെറു പ്രായത്തിൽ.. വിധിയാണ്.. ചിലപ്പോൾ കർത്താവിനോട് ഏറ്റവും അടുത്ത് നിൽക്കുന്നവരിൽ ഒരുവൾ ആയിരിക്കാം അവൾ. വല്യമ്മച്ചി പറയാറുണ്ട് കർത്താവിനു അത്രയേറെ ഇഷ്ടമുള്ളവരെയാണ് തിടുക്കത്തിൽ ആ ചാരത്തേക്ക് വിളിക്കുക എന്ന്.. മുറിയിലേക്ക് കയറവേ സാന്ദ്രയുടെ മുറിക്ക് നേർക്ക് നോട്ടം ചെന്നപ്പോൾ ചിഞ്ചു ദുഃഖത്തോടെ ഓർക്കുകയുണ്ടായി.. ** കിടക്കാനായി മേല് കഴുകിയിറങ്ങുന്ന ചന്ദന കാണുന്നത് ഒരു മൂളിപ്പാട്ടോടെ തൊട്ടിൽ പതിയെ ആട്ടുന്ന വസുവിനെയാണ്.

"എഴുന്നേറ്റുവോ..? ഞാനിപ്പോ കിടത്തിയങ്ങു പോയെ ഉള്ളു.." ഉയർത്തി കെട്ടി വെച്ചിരിക്കുന്ന കേശഭാരം അഴിച്ചിട്ടു തൊട്ടിലിലേക്ക് എത്തി നോക്കി അവൾ.. "ഞാൻ വരുമ്പോൾ ഉണർന്ന് കിടപ്പായിരുന്നു.." "അപ്പോഴേക്കുമോ..? കള്ളി പെണ്ണാണ്.. ദേ ഇപ്പോ ഉറങ്ങിയിട്ടുണ്ട്.." ചന്ദന മുടിയിൽ വിരൽ കടത്തി കെട്ടു കളഞ്ഞു കൊണ്ട് നീല കണ്ണാടിയ്ക്ക് മുന്നിലേക്ക് നിന്നു.. പൊടുന്നനെ വയറിനു മീതെ രണ്ട് കൈകൾ അമർന്നു.. ചന്ദന ചിരിയോടെ കണ്ണാടിയിൽ വസുവിന്റെ മുഖത്തേക്ക് നോക്കി.. "ചിഞ്ചു പറഞ്ഞു ചന്ദു ഇപ്പോൾ വളരെ സുന്ദരിയായിരിക്കുന്നു എന്ന്.. എന്നോട് അതിന്റെ സീക്രെട് ചോദിച്ചു.. ഞാനത് പറഞ്ഞു കൊടുക്കുകയും ചെയ്തു.." "എന്ത് പറഞ്ഞെന്ന്..?" ചന്ദന കണ്ണുകൾ മിഴിച്ചു. "ഉള്ളതങ്ങു പറഞ്ഞു.." "അതെന്താണെന്ന്..?" ചന്ദന തെല്ലു സംശയത്തോടെ തിരക്കി. "ദേ..ഇത്.." വസു അവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി ചുംബിച്ചു. ചന്ദന ഒന്ന് പുളഞ്ഞുയർന്നു.. വസുവിന്റെ കൈകൾ അവളുടെ അണിവയറിൽ മുറുകി.. "സൗന്ദര്യം മാത്രല്ല.. തടിയും അൽപ്പം കൂടിയിട്ടുണ്ടോ എന്നാണെന്റെ സംശയം.." വസുവിന്റെ ചിരി കേട്ട് അവൾ പരിഭവത്തോടെ അവന്റെ കൈകൾ അകത്തി.. "എനിക്കിഷ്ടാണ് കേട്ടോ." പറയുന്നതോടൊപ്പം വസു അവളെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി.. പ്രണയത്തോടെ തന്നിൽ അലയുന്ന വസുവിന്റെ മിഴികൾ കാൺകെ ചന്ദന പരവശയായി.. "ദേ..വിയർക്കുന്നു..വിറയ്ക്കുന്നു..

നീ ഇപ്പോഴും ആ പഴയ ചന്ദന തന്നെയാണ്.." വസു ഉറക്കെ ചിരിച്ചു. "അയ്യോ..പതിയെ..കുഞ്ഞുണരും.." ചന്ദന വേഗത്തിൽ വസുവിന്റെ ചുണ്ടുകൾക്ക് മീതെ കൈ വെച്ചു. "ഇല്ലെന്ന്.. അവൾ അങ്ങനെ ഇടം കോലിടുവോ..? അവൾക്ക് അറിയാം അച്ഛന് അമ്മയെ സ്നേഹിക്കാൻ ഈ സമയം ആവശ്യമാണെന്ന്.." വസു താളത്തിൽ പറഞ്ഞു കൊണ്ട് ചന്ദനയുടെ നീണ്ട വിരലുകൾ കൈകൾക്കുള്ളിലാക്കി പതിയെ അവയെ തഴുകി.. "വേണ്ടന്ന്.." ചന്ദന വെറുതെ തടയാൻ ശ്രമിച്ചു.. "വേണമെന്ന്..." "അയ്യോ.. ദേവേട്ടാ.. വേണ്ടന്ന്.. മോളുണരും കേട്ടോ.." "ഇല്ലെന്ന്..." വസുവിന്റെ വിരലുകൾ അവളുടെ തുടുത്ത ദേഹത്തിലൊരു ചിത്രം വരയുവാൻ തുടങ്ങി.. "ഞാൻ ആദ്യമായി കാണുമ്പോൾ ഈ കണ്ണുകളിൽ ഭയമായിരുന്നു.. പിന്നീട് അത് പരിഭ്രമത്തിന് വഴി മാറി.. ഒടുവിൽ എപ്പോഴോ പ്രണയം നിറഞ്ഞു തുളുമ്പി. വർഷങ്ങൾക്ക് ഇപ്പുറം കാണുമ്പോൾ തികച്ചും അപരിചിതത്വം മാത്രമായിരുന്നു അവിടം.. അന്ന് ഞാൻ എത്ര വേദനിച്ചുവെന്നോ..?? വിവാഹം കഴിഞ്ഞുവെന്നാലും നിന്റെ മിഴികളിലെ പ്രണയക്കടൽ എനിക്ക് അന്യമായിരുന്നു.. എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് പിന്നീട് ഞാൻ നിന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു കണ്ടത്.. അന്ന് ഞാൻ എത്ര സന്തോഷിച്ചുവെന്നോ..?

ഈ ലോകം കൈ പിടിയിൽ ഒതുക്കിയ സന്തോഷമായിരുന്നെനിക്ക്.. സുഖമുള്ള പ്രണയ കാലത്തേക്കാൾ ഏറെ നോവുന്ന വിരഹ കാലമായിരുന്നു നമുക്ക് ഇടയിൽ.. എന്നിരുന്നാലും എന്നുമെപ്പോഴും നീ എന്റെ ചന്ദനയായിരുന്നു. നിന്നിൽ കവിഞ്ഞു മറ്റൊരു ലോകം ഞാൻ സ്വപ്നം കണ്ടിരുന്നില്ല ചന്ദന.. വരും ജന്മങ്ങളിലും നീ എന്റേതാണ്.. എന്റേത് മാത്രം. അന്ന് ദുഃഖങ്ങളും വേദനകളുമൊന്നുമില്ലാതെ നമുക്ക് ഒന്ന് ചേരണം.." ചന്ദനയുടെ മടിയിൽ തല വെച്ചു മലർന്ന് കിടന്നു അവളോട് പറയുകയാണ് വസു.. അത് അംഗീകരിക്കും പോൽ ചന്ദന വലം കൈ വിരലുകളാലെ വസുവിന്റെ ഇടതു കൈ വിരലുകൾ കൊരുത്തു പിടിച്ചു. ഇനി വരുന്ന ഏതേതു ജന്മങ്ങളിലും ഈ വസുദേവിന്റെ പ്രാണനും പാതിയുമായാൽ മതി എനിക്ക്.. വസുദേവിന്റെ മാത്രം. തന്റെ ദേവേട്ടന്റെ മാത്രം.. ചന്ദനയുടെ മനസ്സ് അത്യധികം പ്രണയത്തോടെ ഉരുവിടുകയാണ്.. കുനിഞ്ഞു വസുവിന്റെ നെറ്റിയിൽ സ്നേഹവും പ്രണയവും വാത്സല്യവും കരുതലും നിറഞ്ഞൊരു ചുംബനം നൽകി.. ** "അപ്പോൾ ചഞ്ചല രണ്ട് പേരെയും സ്വീകരിച്ചില്ല.. എഡ്വിനും ശരണും ഇപ്പോൾ അവൾക്ക് ഏറ്റവും നല്ല സുഹൃത്തുക്കൾ ആണ്.. എനിക്ക് തോന്നുന്നു ചഞ്ചലയുടെ തീരുമാനമാണ് ശെരിയെന്നു.. " അഞ്ജലി പറയുകയാണ്.. ഡ്രൈവിങ്ങിലായിരിക്കുന്ന സണ്ണി തല ചെരിച്ചു അഞ്ജലിയെ നോക്കി പുഞ്ചിരിച്ചു..... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story