മണിവാക: ഭാഗം 96

manivaka

രചന: SHAMSEENA FIROZ

ശരണിന്റെ വിവാഹമാണ് ഇന്ന്.. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സണ്ണിയും അഞ്‌ജലിയും.. ഇന്നലെ രാത്രി പതിനൊന്നോടെയാണ് കോട്ടയത്തേക്ക് എത്തിയത്.. തെരേസയുടെ അപ്പൻ ലൂസിഫറിന്റെ ആരോഗ്യ സ്ഥിതി നന്നേ മോശമാണ്. അദ്ദേഹത്തെ സന്ദർശിക്കുവാനാണ് സണ്ണി കോട്ടയത്തേക്ക് വന്നത്.. അല്ലെന്നാൽ നേരിട്ടു തിരുവനന്തപുരത്തു തന്നെ വന്നിറങ്ങുമായിരുന്നു. ശരണിന്റെ വിവാഹത്തിൽ പങ്കെടുത്തു വൈകുന്നേരത്തോടെ കോട്ടയത്തേക്ക് പോകാമെന്നു വെച്ചാൽ എന്തെങ്കിലും തിരക്കുകളാൽ ചിലപ്പോൾ അത് മുടങ്ങിയെന്ന് വരാം.. വെളുപ്പിന് അഞ്ചര മണിയോടെ സണ്ണിയും അഞ്‌ജലിയും ഇറങ്ങിയിരുന്നു.. നാലര മണിക്കൂറിനേക്കാൾ ദൂരമുണ്ട് തിരുവനന്തപുരത്തെ ശരണിന്റെ വീട്ടിലേക്ക്.. ശരണിന്റെ വീടിനടുത്തുള്ള ഓഡിറ്റോറിയത്തിലാണ് വിവാഹം. എല്ലാവർക്കും പങ്കെടുക്കാൻ എളുപ്പവും സൗകര്യവും അവിടെയാണെന്നാണ് ശരൺ പറഞ്ഞത്.. സണ്ണി പറഞ്ഞു അഞ്‌ജലിയ്ക്ക് എല്ലാവരെയും നന്നായി അറിയാമായിരുന്നു..

എല്ലാവരും അഞ്ജലിയുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. അവരെയെല്ലാം നേരിട്ടു കാണുവാനും പരിചയപ്പെടുവാനുമുള്ള ആഗ്രഹത്തോടെയാണ് സണ്ണിയ്ക്ക് ഒപ്പം ഇന്നലെ ഡൽഹിയിൽ നിന്നും വന്നത്.. പിന്നെ ശരണിന്റെ പ്രത്യേക ക്ഷണവുമുണ്ട് അഞ്‌ജലിയ്ക്ക്. ലാസ്റ്റ് ഫ്രൈഡേ അഞ്ജലിയുടെ പേരെന്റ്സ്ന്റെ 30 th ആന്നിവേഴ്സറിയായിരുന്നു. ശരൺ രാത്രിയിൽ വീഡിയോ കാൾ ചെയ്യുമ്പോൾ സണ്ണി ആ പാർട്ടിയിൽ ആയിരുന്നു. അന്നേ ദിവസം അഞ്‌ജലിക്ക് ഫോൺ കൈ മാറുകയും ശരൺ അഞ്ജലിയെയും ഫാമിലിയെയും മാര്യേജ്നു ഇൻവൈറ്റ് ചെയ്യുകയും ചെയ്തിരുന്നു.. അഞ്ജലി ഡൽഹിയിലെ മാക്സ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ന്യുറോളജിസ്റ്റ് ആണ്.. പത്തനംതിട്ടക്കാരിയാണെന്നാലും പഠിച്ചതും വളർന്നതുമെല്ലാം കേരളത്തിന്‌ പുറത്താണ്.. അഞ്ജലിയുടെ അച്ഛൻ ജയപാൽ മേനോൻ ഇന്ത്യൻ പോലീസ് സെർവിസിൽ ആയിരുന്നു.

ഇപ്പോൾ റിട്ടയർഡ് ആണ്.. അമ്മ സുവിധ മാക്സിൽ തന്നെ ഫിസിഷ്യനാണ്. അഞ്ജലിയുടെ ബ്രദർ അഭിറാം ഐഎഎസ് ട്രെയിനിങ്ങിലാണ്. മുംബൈയിലായിരുന്നു ആദ്യമവർ.. ഇപ്പോൾ കഴിഞ്ഞ ആറു വർഷത്തോളമായി ഡൽഹിയിൽ സെറ്റിൽഡ് ആണ്. ഒപോസിറ്റുള്ള വില്ലയിൽ തന്നെയാണ് അഞ്ജലിയും കുടുംബവുമെന്നാലും സണ്ണിയ്ക്ക് അഞ്ജലിയെ അറിയുകയില്ലായിരുന്നു.. അവാർഡ് ഫങ്ക്ഷനിൽ വെച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്.. ഫങ്ക്ഷൻ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയ സണ്ണിയെ അഞ്ജലി ആശംസകൾ അറിയിക്കുകയായിരുന്നു. അതോടൊപ്പം നെയ്‌ബർ ആണെന്ന് പരിചയപ്പെടുത്തുകയും മാക്സ് ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുകയാണെന്നും അറിയിച്ചു. പഠന കാലം മുതൽക്കെ സണ്ണി പെൺകുട്ടികളോട് സൗഹൃദം സ്ഥാപിക്കുന്നത് കുറവായിരുന്നു.. ഒരുപാട് ഒച്ചപ്പാടും ബഹളങ്ങളുമുണ്ടാക്കി, കളിതമാശകളിൽ ഏർപ്പെടുന്ന പെൺകുട്ടികളോട് കൂട്ട് കൂടുവാൻ സണ്ണിയ്ക്ക് താല്പര്യമില്ലായിരുന്നു.. പൊതുവെ അങ്ങനെയുള്ള പെൺകുട്ടികളെ അവൻ ഇഷ്ടപ്പെട്ടിരുന്നില്ല.

അതാണ് ചിഞ്ചുവിനോട് തുടക്കത്തിൽ തോന്നിയ അനിഷ്ടത്തിനു കാരണം. എങ്കിലും സൗഹൃദത്തോടെ വന്നവരെ മടക്കിയിട്ടുമില്ല.. ഇന്നുമുണ്ട് പത്തിനും പ്ലസ് ടൂവിനും കൂടെ പഠിച്ച ആര്യയും ആയിഷയും വർഷയുമൊക്കെ കോൺടാക്ട് ലിസ്റ്റിൽ. അഞ്ജലിയുടെ തികച്ചും പക്വവും മാന്യവുമായ പെരുമാറ്റം സണ്ണിയ്ക്ക് അഞ്ജലിയോട് ഒരു സൗഹൃദം രൂപപ്പെടുത്തിയിരുന്നു. "എഡ്വിൻ എന്താണ് ആലോചിക്കുന്നത്..?" സണ്ണി എന്തോ ഓർമകളിൽ മുഴുകിയിരിക്കുകയാണെന്ന് തോന്നി അഞ്ജലി ചോദിച്ചു. ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവൻ തല ചെരിച്ചു അഞ്ജലിയെ നോക്കി പുഞ്ചിരിയോടെ ഒന്നുമില്ലന്ന് കണ്ണുകൾ ചിമ്മി.. "ആള് നല്ല സന്തോഷത്തിൽ ആണല്ലോ..? ഇത്രയും ദിവസങ്ങൾക്കുള്ളിൽ ഇന്നാണ് എഡ്വിനെ ഞാൻ ഏറെ സന്തോഷവാനായി കാണുന്നത്.." "മനസ്സ് കൊണ്ട് നാം ഏറെ ആഗ്രഹിച്ച ഒരു കാര്യം.. പെട്ടെന്നതങ്ങു നടക്കാൻ പോകുന്നു.. അല്ലെങ്കിൽ നടന്നു കാണുകയാണെന്ന് കണ്ടാൽ നാം സന്തോഷിക്കില്ലേ..? ആ സമയത്തു നമ്മൾ അനുഭവിക്കുന്ന സന്തോഷം..

അതെത്രയെന്ന് നമുക്ക് തന്നെ പറയുവാൻ കഴിയില്ല.." സണ്ണി നിറഞ്ഞ സന്തോഷത്തോടെ വീണ്ടും ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി. "ശരണിന്റെ വിവാഹ കാര്യമല്ലേ എഡ്വിൻ പറയുന്നത്..? ബട്ട്‌ എഡ്വിൻ.. ശരൺ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനേക്കാൾ കൂടുതൽ ശരണും ചിഞ്ചുവും ഒന്ന് ചേരണമെന്ന് ആയിരുന്നില്ലേ എഡ്വിൻ ആഗ്രഹിച്ചിരുന്നത്.." അഞ്ജലി സംശയം പൂണ്ടു.. "അതേ.." സണ്ണിയിൽ അപ്പോഴും അതേ പുഞ്ചിരിയുണ്ടായിരുന്നു. "പിന്നെന്താണ് അൽപ്പം മുൻപ് പറഞ്ഞത്. എനിക്ക് മനസ്സിലാകുന്നില്ല.. വ്യക്തമാക്കു.." "ഞാനേറെ ആഗ്രഹിച്ചത് പോലെ ശരണിന്റെയും ചിഞ്ചുവിന്റെയും വിവാഹമാണ് ഇന്ന്.." അഞ്ജലിയ്ക്ക് അപ്പോഴും കാര്യങ്ങൾ വ്യക്തമായിരുന്നില്ല.. അത് മനസ്സിലാക്കിയെന്ന പോൽ സണ്ണി പറഞ്ഞു തുടങ്ങി.. "ചിഞ്ചുവിന്റെ തീരുമാനമാണ് ശെരിയെന്ന് അഞ്ജലി പറഞ്ഞുവല്ലോ.. പക്ഷെ ശരണിന്റെ ഭാഗം നോക്കുകയാണെങ്കിൽ അവന് ചിഞ്ചുവിനോട് ഉണ്ടായ പ്രണയം നിസ്വാർത്ഥമായ ഒന്നായിരുന്നു.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എത്ര കാലത്തോളമാണ് അവൻ ചിഞ്ചുവിനെ പ്രണയിച്ചത്. എനിക്കുറപ്പാണ്.. അതിനിടയിൽ എന്നെങ്കിലും ചിഞ്ചു ശരണിന്റെ പ്രണയം സ്വീകരിക്കുമായിരുന്നു.. അവളുടെ മനസ്സിൽ സൗഹൃദത്തേക്കാൾ ഉപരി മറ്റെന്തെങ്കിലുമൊന്നു ശരണിനോട് തോന്നുമായിരുന്നു.. അത്രയേറെയുണ്ടായിരുന്നു ശരണിനു അവളോടുള്ള സ്നേഹം.. പക്ഷെ എന്നുമെപ്പൊഴും ചിഞ്ചു എല്ലാത്തിൽ നിന്നുമകന്നുമാറിയതും ശരണിന്റെ അകമഴിഞ്ഞ സ്നേഹം കണ്ടില്ലന്നു നടിച്ചതും ഞാൻ കാരണമാണ്.. മനസ്സിൽ ഞാൻ ഒരു നോവായി അവശേഷിക്കുന്നതിനാലാണ്.. ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന തോന്നൽ.. ഞാൻ വേദനിക്കുകയാണെന്ന ചിന്ത.. അതേ കാരണം കൊണ്ട് തന്നെയാണ് പിന്നീട് ഒരിക്കലും ശരൺ ചിഞ്ചുവിനെ തന്റെ ഇഷ്ടം പറഞ്ഞു സമീപിക്കാതിരുന്നതും.. സത്യത്തിൽ ശരൺ അതിനും എത്രയോ മുന്നേ തന്നെ ആ പ്രണയം എന്നെന്നേക്കുമായി മറക്കുവാൻ ശ്രമിച്ചിരുന്നു.. വർഷങ്ങൾക്ക് ഇപ്പുറം ചിഞ്ചുവിനെ കണ്ട നാൾ. ഞാനാണ് അവളുടെ പ്രണയമെന്ന് അവൾ പറഞ്ഞു അറിഞ്ഞപ്പോൾ.. അതുവരെയൊരു പ്രതീക്ഷയിലും കാത്തിരുപ്പിലുമായിരുന്നു അവൻ.. പിന്നീട് അത് അവസാനിച്ചുവോ എന്ന് ചോദിച്ചാൽ.. ഇല്ല..

പിന്നെയും അവൻ എന്തിനോ.. വെറുതെ ഒരു കാത്തിരിപ്പായിരുന്നു.. സ്വന്തമാകില്ലന്നൊരു വിശ്വാസമുണ്ടായിട്ടും.. അവന്റെ പ്രണയം അത്രമേൽ തീവ്രമായി ഹൃദയത്തിൽ നില കൊള്ളുകയായിരുന്നു.. ചിഞ്ചുവിനോട് ശരണിനു വേണ്ടി സംസാരിക്കുവാൻ പലവട്ടമായി തുനിഞ്ഞുവെങ്കിലും അതിനുള്ള അർഹതയോ സ്വാതന്ത്ര്യമോ ധൈര്യമോ അങ്ങനെ ഒന്നുമേതും എനിക്കില്ലെന്ന തോന്നലെന്നെ അതിൽ നിന്നും വിലക്കി കളഞ്ഞു.. ചിഞ്ചു എന്നെയും സണ്ണിയെയുമെന്നല്ല.. മറ്റെരെയും ഇനി ലൈഫിലേക്ക് സ്വീകരിക്കാൻ തയാറാകില്ലായിരുന്നു.. ഏവരുടെയും സമാധാനത്തിനു നോക്കാം,ആലോചിക്കാം എന്നൊക്കെ പറയുമവൾ.. എന്നിരുന്നാലും ഒരിക്കലും അവൾ അതിന് തയാറാകില്ലെന്ന് എനിക്കും വസുവിനും ശരണിനും ഉറപ്പുള്ള കാര്യമായിരുന്നു. ആദ്യമൊന്നും ശരണിനു ഇപ്പോഴേ ഒരു വിവാഹത്തിനു താല്പര്യമില്ലായിരുന്നു.. പിന്നീട് അവൻ സമ്മതിക്കുകയായിരുന്നു.. മനസ്സ് ഒരുവിധത്താൽ അതിനോട് പൊരുത്തപ്പെട്ടു യോജിച്ചു വന്നിരുന്നു.. അപ്പോഴാണ് ശ്രേയ... "

സണ്ണി ഒരു ചെറു നിശ്വാസത്തോടെ പറഞ്ഞു നിർത്തി. അഞ്‌ജലിയുടെ മുഖത്ത് അതിന് ശേഷമെന്തെന്നു അറിയുവാനുള്ള വ്യഗ്രത നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ മാസം സണ്ണി നാട്ടിൽ പോയിരുന്നു. അത് ശരണിന്റെ നിശ്ചയത്തോടനുബന്ധിച്ചായിരുന്നെന്നും അഞ്‌ജലിക്ക് അറിയാമായിരുന്നു. ഈ മാസം വിവാഹമാണെന്നും സണ്ണി പറയുകയുണ്ടായി.. വിവാഹത്തിന് ക്ഷണം കിട്ടിയതിനാലും സണ്ണി പോകുമ്പോൾ ആ ഒപ്പം പോകാൻ തീരുമാനിച്ചതിനാലും പിന്നീട് അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരത്തിൽ വന്നിരുന്നില്ല. അതിനിടയിൽ എന്ത് നടന്നുവെന്ന ചോദ്യം ചോദിക്കാൻ ഒരുങ്ങുന്നവളെ നോക്കി സണ്ണി വീണ്ടും പറയുകയുണ്ടായി.. ** ശരണിനു വാക്ക് നൽകിയത് പോലെ തലേ ദിവസം തന്നെ സണ്ണി എത്തിയിരുന്നു. വസുവിന്റെ വീട്ടിലായിരുന്നു അന്നേ ദിവസം എല്ലാവരും. പിറ്റേ ദിവസം നിശ്ചയം നടക്കുന്നത് ടൗണിലെ വലിയ പാർട്ടി ഹാളിലാണ്. ആർഭാടമായൊരു ചടങ്ങ്. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. "എന്നാലും ഇവന് ബുദ്ധിയില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്..?

നാളെ നിശ്ചയം കഴിയേണ്ട പെണ്ണിനെയാണവൻ ഒളിച്ചോടാൻ സമ്മതം നൽകി അനുഗ്രഹിച്ചു വിട്ടിരിക്കുന്നത്..." ടാക്സി ചാർജും നൽകി അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ സണ്ണി കേൾക്കുന്നത് അതാണ്. എല്ലാവരും ഹാളിലുണ്ട്. മുതിർന്നവരെല്ലാം സോഫയിലും കസേരകളിലുമായി ഇരിക്കുകയാണ്. മറ്റുള്ളവർ അങ്ങ്മിങ്ങുമായി ഭിത്തിയിൽ ചാരി നിൽക്കുകയാണ്.. ആരുടെ മുഖത്തും സന്തോഷമില്ല.. പകരം ദേഷ്യവും സങ്കടവും നാണക്കേടും അങ്ങനെ എന്തൊക്കെയോ സമ്മിശ്രമായി കാണാം.. "ചേച്ചി എന്താണ് പറയുന്നത്..? മറ്റൊരുത്തനെ ഇഷ്ടമാണെന്നും അവന്റൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞവളെ ഇവൻ പിടിച്ചു നിർത്തണോ..? അതുകൊണ്ടെന്താണ് കാര്യം. അത് ഇവന്റെ ജീവിതം നശിപ്പിക്കാമെന്നെയുള്ളൂ.." രാധിക തന്റെ സഹോദരി രേണുകയോട് പറയുന്നുണ്ട്.. വാതിൽക്കൽ സണ്ണിയെ കണ്ട് എല്ലാവരുടെയും ശ്രദ്ധ ഒരു സെക്കന്റ്‌ അങ്ങോട്ട് തെന്നി.. വീണ്ടും പറയുവാൻ ഒരുങ്ങിയവർ സണ്ണിയെ കണ്ടാണ് പെട്ടെന്ന് നിശബ്ദരായത്..

സണ്ണിയെ മുൻപേ പരിചയമുള്ളതിനാൽ, അവൻ വെളിയിൽ നിന്നുള്ള ഒരാളല്ലെന്ന തോന്നലാലേ പറയേണ്ടുന്നവർ വീണ്ടും പറഞ്ഞു തുടങ്ങി.. "ഏതായാലും നന്നായെന്നെ ഞാൻ പറയുള്ളു.. ഇപ്പോഴേങ്കിലും അവൾക്ക് പറയുവാൻ തോന്നിയല്ലോ..? എങ്ങാനും നാളെ രാവിലെയോ മറ്റുമായിരുന്നെങ്കിലോ..? എന്ത് ചെയ്യുമായിരുന്നു..? വിളിച്ചു വരുത്തിയ അത്രേം ആളുകളോട് എന്ത് പറയുമായിരുന്നു..? പെണ്ണിന് വേറെ ബന്ധമുണ്ടെന്നോ..? നാണം കെട്ടു മരിച്ചേനെ എല്ലാരും. ശിരസ്സ് ഉയർത്തി നടക്കാൻ പറ്റാതെ വന്നേനെ.." രേണുകയുടെ ഭർത്താവ് പ്രതാപനാണ് പറയുന്നത്. വസു അതിനോടകം സണ്ണിയെ അകത്തെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയിരുന്നു. ആ ഒപ്പം തന്നെ ഹാളിലായിരുന്ന ചന്ദനയും ചിഞ്ചുവും മുറിയിലേക്ക് നടന്നു. ശരണിനുമൊന്നവിടുന്നു രക്ഷപെട്ടാൽ മതിയെന്ന് തോന്നിയെന്നാലും അവനതിന് സാധിച്ചില്ല. ചോദ്യം ചെയ്യലും വിചാരണയും നടക്കുകയാണ്. ഒന്നുമേതും ഉരിയാടാതെ, മറുപടി ഒന്നും നൽകാതെ പോകുന്നത് വീണ്ടുമവരെ താഴ്ത്തി കെട്ടുന്നതിനു തുല്യമാകുമെന്ന് തോന്നിയവൻ അവിടെ അങ്ങനെയേ നിന്നു. "എന്ത് നന്നായെന്ന നിങ്ങളൊക്കെ ഈ പറയുന്നത്..? അവളിപ്പോഴാണോ ഇത് പറയേണ്ടത്..?

ഒരു മാസം കഴിഞ്ഞില്ലേ പെണ്ണ് കാണൽ കഴിഞ്ഞിട്ട്..? അതിനും എത്രയോ മുൻപേ ആലോചിച്ചു വെച്ചിരുന്നു. ശരണിന് താല്പര്യം ഇല്ലെന്ന് വെച്ചിട്ട് ഇടയിൽ ഞങ്ങളു അതങ്ങു ഒഴിവാക്കി വിട്ടിരുന്നു. അവരാണ് പിടിച്ച പിടിയാലേ പിടിച്ചത്.. എന്നിട്ടിപ്പോ അവൾക്ക് എന്റെ മോനെ വേണ്ടന്ന്.. സരിഗേ.. നീയാണ് ഇതിലൊരു തീരുമാനം ഉണ്ടാക്കേണ്ടത്.. നിന്നെക്കൊണ്ടാണ് ഇത് മുഴുവനും ഉണ്ടായിരിക്കുന്നത്.." ശരണിന്റെ അമ്മ ശാന്തി ദേഷ്യപ്പെടുകയും കരയുകയുമൊക്കെ ചെയ്യുന്നുണ്ട്. "അമ്മ എന്നോട് ദേഷ്യപ്പെട്ടിട്ട് എന്താണ് കാര്യം.? ശ്രേയയെന്റെ ബന്ധുവാണെന്നത് നേരാണ്.? പക്ഷെ ഞാൻ ആരെയും ഈ ആലോചനയും പറഞ്ഞു നിർബന്ധിച്ചിട്ടില്ല.. ഉണ്ടോ ശരൺ..? അതുമാത്രമല്ല.. ശരണിന് ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് നമുക്ക് ഒക്കെ..? മറ്റൊരാളെ ഇഷ്ടമാണെന്നും അയാൾക്ക് ഒപ്പം പോകുകയാണെന്നും ശരണിനെ അറിയിച്ചിട്ട് തന്നെയാണ് ശ്രേയ പോയത്. അതുകൊണ്ട് പൂർണമായും ശ്രെയയെ കുറ്റപ്പെടുത്തുവാനും കഴിയില്ല. അവസാന നിമിഷത്തിൽ ആണെങ്കിലും അങ്ങനൊരു മര്യാദ അവൾ കാണിച്ചുവല്ലോ.

പ്രതാപൻ അങ്കിൾ പറഞ്ഞത് പോലെ നാളെ രാവിലെയാണ് നമ്മൾ ഇത് അറിയുന്നതെങ്കിലോ..? എന്ത് ചെയ്യുമായിരുന്നു.." സരിഗ പറയുന്നുണ്ട്. "ആരെ പറഞ്ഞിട്ടും കാര്യമില്ല.. എല്ലാം ഇവനെ കൊണ്ട് തന്നെയാണ്.. മനസ്സില്ല മനസ്സോടെയല്ലേ സമ്മതിച്ചത്.. അപ്പോ ഇങ്ങനൊക്കെ ആയില്ലെങ്കിലേ ഉള്ളു.." ശാന്തി ശരണിനെ കടുപ്പിച്ചു നോക്കി. "നിനക്കൊന്നും പറയാനില്ലേ ശരൺ..?" രവീന്ദ്രൻ ചോദിച്ചു. "ഞാനെന്തു പറയാനാണ് അച്ഛാ.? മറ്റൊരാളെ ഇഷ്ടമുണ്ടെന്ന് അറിഞ്ഞു വെച്ചിട്ടും കുടുംബത്തിനു ഏൽക്കുന്ന അപമാനത്തിന്റെ പേരും പറഞ്ഞു എനിക്ക് ശ്രെയയോട് നാളത്തെ ചടങ്ങിന് ശ്രേയ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ശാട്യം പറയുവാൻ സാധിക്കുമായിരുന്നോ..? അതുകൊണ്ട് എന്താണ് പ്രയോജനം..? ഒരേ സമയം രണ്ട് പേരുടെ.. അല്ല മൂന്ന് പേരുടെ ലൈഫ് നഷ്ടപ്പെടാമെന്നേയുള്ളൂ.. അതിനേക്കാളും എത്രയോ നല്ലതാണ് അവളെ അവളുടെ ഇഷ്ടത്തിന് വിടുന്നത്. അമ്മ എന്തിനാണ് വിഷമിക്കുന്നത്..? ഒന്നുമായില്ലല്ലോ അമ്മേ.. വിവാഹമൊന്നും അല്ലല്ലോ.. ചെറിയൊരു നിശ്ചയമല്ലേ..

എല്ലാം ക്യാൻസൽ ചെയ്യുവാൻ ഇപ്പോൾ തന്നെ ഏർപ്പാട് ചെയ്യാം.. അല്ലേ അച്ഛാ.." ശരൺ അഭിപ്രായത്തിനായി രവീന്ദ്രനെ നോക്കി.. "പിന്നെ ഇനി എന്ത് ചെയ്യാനാണ്..? നടക്കാത്ത ചടങ്ങിന് എല്ലാവരും വന്നു സദ്യ ഉണ്ണണോ..?" രവീന്ദ്രൻ മടുത്തെന്നത് പോൽ എഴുന്നേറ്റു പോയി. അത്രയേറെ കാത്തിരുന്നാണ് ശരണിന്റെ വിവാഹ കാര്യത്തിൽ ഒരു തീരുമാനമായത്.. സത്യത്തിൽ രവീന്ദ്രന് നന്നായി വിഷമം തോന്നുന്നുണ്ടായിരുന്നു.. എംബിബിസ് കഴിഞ്ഞൊരു പെൺകുട്ടി.. പക്വമായ സംസാരവും പെരുമാറ്റവും. ശരണിനോളം നിറവും സൗന്ദര്യവും ഇല്ലെന്നാലും അവളുടേതായ രൂപത്തിൽ സുന്ദരിയായിരുന്നു അവൾ.

പറയത്തക്ക സ്വത്തു വകകൾ ഒന്നുമില്ലാത്ത സാധാരണ കുടുംബം. അവൾ വന്നാൽ ശരണിന്റെ ലൈഫ് നന്നാകുമെന്ന് തോന്നിയിരുന്നു. ശരൺന്റെ ജീവിതം കൂടുതൽ സുന്ദരമാക്കുവാൻ അവൾക്ക് സാധിക്കുമെന്ന് കരുതിയിരുന്നു. അതുകൊണ്ടാണ് രേണുകയും പ്രതാപനും ശാന്തിയുടെ കുടുംബക്കാരുമെല്ലാം എതിർത്തിട്ടും ഈ ആലോചനയിൽ തന്നെ ഉറച്ചു നിന്നത്.. രവീന്ദ്രനിൽ നിന്നൊരു നെടുവീർപ്പ് ഉതിർന്നു. "നിങ്ങളെല്ലാം കൂടെ അവനെ ഇട്ടങ്ങു വിഷമിപ്പിക്കാതെ.. എന്തുകൊണ്ടും ഞാൻ ശരണിന്റെ ഭാഗത്താണ്. അവൻ ചെയ്തത് നൂറു ശതമാനം ശെരിയുമാണ്.. നീ വിഷമിക്കാതെടാ.." വിശ്വനാഥൻ ശരണിന്റെ അരികിലേക്ക് വന്നവന്റെ ചുമലിലൂടെ കയ്യിട്ട് ചേർത്തു നിർത്തി. അതേ അഭിപ്രായം തന്നെയായിരുന്നു രാധികയ്ക്കും....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story