മണിവാക: ഭാഗം 97 || അവസാനിച്ചു

manivaka

രചന: SHAMSEENA FIROZ

ഹാളിലെ സംസാരങ്ങൾ മുറിയിലേക്ക് ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. "ഇനിയിപ്പോ എന്ത് ചെയ്യാനാണ്..?" സണ്ണി വിഷമത്തോടെ ചോദിക്കുകയാണ്. "രവി അങ്കിളും ശാന്തി ആന്റിയും ദേഷ്യത്തിലാണ്.. യഥാർത്ഥത്തിൽ അത് ദേഷ്യമല്ല.. സങ്കടമാണ്. പക്ഷെ ശരണിനെ പറഞ്ഞിട്ടെന്തു കാര്യം.. ഇനിയിപ്പോ എല്ലാരേം വിളിച്ചു അറിയിക്കേം ക്യാൻസൽ ചെയ്യേമൊക്കെ ചെയ്യാം.. ഇങ്ങനെ അവിടേം ഇവിടേം നിന്നിട്ടെന്താണ് പ്രയോജനം.." "അയ്യോ.. എത്ര പേരെ വിളിച്ചറിയിക്കണം..? അഥവാ അറിയിച്ചാൽ തന്നെ അത് മോശമല്ലേ..? മാത്രമല്ല.. എല്ലാം ക്യാൻസൽ ചെയ്യുന്നത് നഷ്ടവുമാണ്.. ആൾറെഡി ഓഡിറ്റോറിയത്തിന്റെയും ഫുഡിന്റെയുമൊക്കെ കാശ് പേ ചെയ്തു കഴിഞ്ഞുവല്ലോ.." അതുവരെ ആലോചനയോടെ നിൽക്കുകയായിരുന്ന ചിഞ്ചു വേഗത്തിൽ പറഞ്ഞു. "പിന്നെ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്..?

അങ്കിൾ പറഞ്ഞത് പോലെ നടക്കാത്ത ചടങ്ങിന് എല്ലാവരും വന്നു ഭക്ഷണം കഴിച്ചു പോകട്ടെ എന്നാണോ..?" വസു ചിഞ്ചുവിനെ സംശയത്തോടെ നോക്കി.. "എന്നല്ല.. ചടങ്ങ് നടന്നാൽ പോരെ..? അപ്പോൾ പ്രശ്നം സോൾവ് ആയില്ലേ.? ശ്രെയയ്ക്ക് പകരം ഞാൻ ഒരാളെ suggest ചെയ്യട്ടെ.." "നീ എന്തൊക്കെയാണ് ചിഞ്ചു ഈ പറയുന്നത്.. ഈ അവസാന നിമിഷത്തിൽ വേറെ പെൺകുട്ടിയോ..? അതും ശരണിന്.. അവൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..? ഇതൊന്ന് തന്നെ കരയ്ക്ക് അടുപ്പിക്കാൻ പെട്ട പാട്.. അത് ദേ ഇങ്ങനേം ആയി.." "അയ്യോ.. ശരണിന് സമ്മതമല്ലങ്കിൽ വേണ്ടാ.. ശരണിനോട് ചോദിച്ചു ആലോചിച്ചൊരു തീരുമാനം എടുക്കാൻ പറയു.." "ശെരി പെൺകുട്ടിയെ പറയു.." വസു ചോദിച്ചു. വസുവിനെ പോലെ സണ്ണിയും ചന്ദുവും ആകാംഷയോടെ നിൽക്കുകയാണ്. "പറഞ്ഞാൽ നിങ്ങൾ അറിയും.. ചഞ്ചല എലിസബത്ത് എന്ന സാക്ഷാൽ ഈ ഞാൻ തന്നെ.." ചിഞ്ചു ചിരിച്ചു. "നീ തമാശ കളയൂ ചിഞ്ചു.. ഇവിടെ ഇത്രയും സീരിയസ് ആയി ഒരു കാര്യം നടക്കുമ്പോൾ..

നിന്റെ കുസൃതികൾ ഇപ്പോൾ വീണ്ടും പഴയത് പോലെയാകുന്നുണ്ട്.." ചന്ദന ചെറുതായ് ചിഞ്ചുവിന്റെ കയ്യിൽ ഒന്നടിച്ചു. "കണ്ടോ.. ഞാൻ സീരിയസ് ആയി ഒരു കാര്യം പറഞ്ഞപ്പോൾ ഇങ്ങനെ.." "നീ കാര്യമായിട്ടാണോ ചിഞ്ചു..?" വസുവിന് തന്റെ സന്തോഷം ഒതുക്കുവാൻ സാധിക്കുന്നില്ലായിരുന്നു... അത് അവന്റെ സ്വരത്തിൽ വിറയലുണ്ടാക്കി. "കാര്യമായിട്ട് തന്നെയാണ്.. എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം..? അതറിഞ്ഞിട്ട് ശരണിനോട് അവതരിപ്പിക്കാം.." "അയ്യോ.. നൂറു വട്ടം സമ്മതം.." ചന്ദുവിന് ഇപ്പോൾ മിഴികൾ നിറയുമെന്നായി. വസുവിന്റെ നോട്ടം സണ്ണിയിലേക്ക് നീങ്ങി. ചിഞ്ചുവും ശ്രദ്ധിക്കുകയായിരുന്നു സണ്ണിയെ. ആ കണ്ണുകളിൽ എവിടെയെങ്കിലും വേദനയുണ്ടോ എന്നവൾ തിരഞ്ഞു.. ആഹ്ലാദത്തിന്റെ ഒരു വേലിയേറ്റമല്ലാതെ മറ്റൊന്നും കാണുവാൻ അവൾക്ക് സാധിച്ചില്ല. ചിഞ്ചുവിന്റെ മനസ്സ് തണുത്തു.. "സണ്ണി.. സണ്ണി എന്ത് പറയുന്നു..? ശരണിനോട് ഞാൻ ഇക്കാര്യം അവതരിപ്പിക്കട്ടെ.." സണ്ണിയാ നിമിഷം വളരെ സന്തോഷവാനാണെന്ന് വസുവിനു തിരിച്ചറിയുവാൻ സാധിച്ചുവെങ്കിലും സണ്ണിയോട് അത് ചോദിക്കാതെ ഇരിക്കാൻ വസുവിനു കഴിഞ്ഞില്ല.

"എന്തിനാണ് താമസം.. ശരണിനോട് സംസാരിച്ചിട്ട് വരൂ.." സണ്ണി നിറഞ്ഞ മനസ്സോടെ പറയുകയാണ്. "നിങ്ങളും വാ.." വസു ചന്ദനയോടും സണ്ണിയോടുമായി പറഞ്ഞിട്ട് മുന്നേ നടന്നു.. ചിഞ്ചുനേയും സണ്ണിയേം ഒന്ന് നോക്കിയിട്ട് ചന്ദനയും പുറത്തേക്ക് പോയി.. "ഇങ്ങനൊരു കാര്യത്തെ കുറിച്ച് ഞാനിതു വരെ ചിന്തിച്ചിട്ടില്ലായിരുന്നു.. അൽപ്പം മുന്നേ പോലും.. പക്ഷെ ഇപ്പോൾ.. ഈ നിമിഷത്തിൽ.. എനിക്ക് തോന്നുന്നു ഈ തീരുമാനം നല്ലതായിരിക്കുമെന്ന്..." "ആയിരിക്കുമെന്നല്ല. ആണെന്ന് പറയു.. നിന്റെ ലൈഫിലെ ബെസ്റ്റ് ഡിസിഷനാണിത്.. എന്നും സന്തോഷവതിയായിരിക്കു.." സണ്ണി നിറഞ്ഞു പുഞ്ചിരിച്ചു.. സണ്ണിയെ ഓർത്തു ഉള്ളിൽ തിങ്ങിയിരുന്ന വേദനയുടെ അവസാന കണികയും ആ പുഞ്ചിരിയിൽ മാഞ്ഞു പോകുന്നത് ചിഞ്ചു അറിഞ്ഞു. പതിയെ അവളുടെ ചുണ്ടുകളിലും ഹൃദയം തണുത്ത് നനുത്തൊരു പുഞ്ചിരി ചേക്കേറി. ** "എന്താടി..? നീ എന്ത് കാര്യത്തിനാണ് ഇങ്ങനെ സെക്കന്റ്‌ നേരം വെച്ചു വിളിച്ചോണ്ടിരിക്കുന്നത്..? കാൾ എടുക്കാതെ ഇരിക്കുമ്പോൾ ഞാൻ ഡ്രൈവിങ്ങിലാണെന് ഊഹിക്കാൻ പാടില്ലേ നിനക്ക്..?

ഒരു ഇരുപതു മിനുട്ടിൽ ഞാൻ അങ്ങെത്തും.. നാളെയല്ലേ ഫങ്ക്ഷൻ.. നിന്റെ വിളി കണ്ടാൽ തോന്നും ഇന്ന് രാത്രിയിലാണെന്ന്.." "ഒക്കുകയാണേൽ നാളേക്ക് വെയിറ്റ് ചെയ്യണ്ട.. ഇന്ന് രാത്രിയല്ല.. ഇപ്പോ ഈ സന്ധ്യയ്ക്ക് വേണേലും നടത്താം.." ചിഞ്ചു ചിരിച്ചു. "ഒന്ന് തെളിച്ചു പറയെന്റെ എൽസമ്മോ..? " എബ്രഹാം വണ്ടി ഒതുക്കി. "അതൊന്നു അറിയിക്കാനാണ് ഞാൻ ഇത്രേം കാൾ ചെയ്തത്.. അതിലൊരെണ്ണം എടുത്തിരുന്നെങ്കിലോ..? പപ്പാ.. ശ്രേയയ്ക്ക് വേറെ പ്രണയമുണ്ടെന്ന്.. ആ ആൾക്കൊപ്പം പോയി അവൾ.. അതും ശരണിന്റെ പെർമിഷനോടെ.." ചിഞ്ചു കാര്യങ്ങൾ വിശദീകരിച്ചു. "ഇനി പറയു.. എന്താണ് പപ്പയുടെ അഭിപ്രായം..? ഒരു സൺ ഇൻ ലോയെ കിട്ടാൻ വലിയ പൂതി അല്ലേ പപ്പയ്ക്ക്..? അത് ഞാൻ അങ്ങു സാധിച്ചു തരട്ടെ. ശരൺ ആയാൽ കൂടുതൽ നന്നാവുമെന്ന് പലപ്പോഴായി പപ്പ പറഞ്ഞിട്ടില്ലേ..?" "കർത്താവിനു സ്തുതി.. നിനക്ക് ഇപ്പോഴേലും നല്ല ബുദ്ധി തോന്നിയല്ലോ..?" "അപ്പോൾ ഇത്രയും കാലം നല്ലത് അല്ലായിരുന്നെന്നോ..?" "ആയിരുന്നേൽ നീയീ കണ്ട കാലമൊക്ക കളയുമായിരുന്നോ.?"

"ഇനിയിപ്പോ അത് പറഞ്ഞിട്ട് കാര്യമില്ല. പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ലന്നാണല്ലോ.. പിന്നെ എന്താന്ന് വെച്ചാൽ അൽപ്പം മുന്നേ പോലും ഇങ്ങനൊരു കാര്യം എന്റെ മനസ്സിലൊ ചിന്തയിലോ ഇല്ലായിരുന്നു.." "പിന്നെ പെട്ടെന്ന് ഇതെന്തുപറ്റി..? ശ്രേയ ഒളിച്ചോടിപ്പോയി ശരൺ വേദനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ലെ നിനക്ക്.? ശരണിനൊരു ജീവിതം കൊടുക്കാമെന്നു തോന്നിയോ..?" എബ്രഹാമിന്റെ ചിരി ഉയർന്നു കേട്ടു. "പോ പപ്പാ... ഞാൻ എപ്പോഴും പറയാറുള്ളതാണ് സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ അതിനിടയിൽ തമാശിക്കാൻ നിൽക്കരുതെന്ന്.. ഞാൻ മനസ്സാലെയാണ്.. ശരൺ ഇപ്പോൾ വേദനിക്കുകയാണോ..? അതെനിക്ക് അറിയില്ല പപ്പാ.. നേരത്തെ അവിടെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾക്കും അഭിപ്രായങ്ങൾക്കും നിന്നു കൊടുത്തിരുന്നു ശരൺ.. അപ്പോൾ ആ മുഖത്തെ ഭാവം എന്തെന്ന് കാണുവാൻ സാധിച്ചിരുന്നില്ല.. വേദനിക്കുകയായിരിക്കാം ചിലപ്പോൾ.. ശരൺ മനസ്സാലെ തയാറെടുത്തിരുന്നു ശ്രേയയുമായുള്ള വിവാഹത്തിന്..

ഇനിയിപ്പോ ഇക്കാര്യത്തിൽ ശരൺ എന്താണ് പറയുക എന്നതെനിക്ക് അറിയില്ല.. വസുവും സണ്ണിയും സംസാരിക്കുകയാണ് ശരണിനോട്.. ഞാൻ ആ ഏരിയയിൽ പോയിട്ടില്ല.. ചിലപ്പോൾ ശരൺ എനിക്ക് രണ്ട് തന്നെന്നു വരാം.." "ശരൺ തന്നാൽ നീയത് വാങ്ങിച്ചോണം.. അതിനുള്ള ബാധ്യസ്ഥത നിനക്കുണ്ട്.. ഒന്നും രണ്ടുമല്ല.. വർഷംഎത്ര കടന്നു.." "അതേ.. സത്യത്തിൽ ഞാൻ സണ്ണിയെ ഓർത്തായിരുന്നു. ശരണും അതേ കാരണത്താൽ തന്നെയല്ലേ..? പക്ഷെ സണ്ണിയ്ക്കുള്ളിൽ ഞാനൊരിക്കലും പ്രണയമായിരുന്നില്ല പപ്പാ.. സണ്ണിയാൽ ഞാൻ വേദനിച്ചുവെന്നൊരു തോന്നൽ.. കുറ്റബോധം.. അതിൽ നിന്നുടലെടുത്ത വേദന.. അതൊക്കെയായിരുന്നു സണ്ണിയ്ക്ക് എന്നോട്.. ഈയൊരു അവസരത്തിൽ പോലും ഇങ്ങനൊരു തീരുമാനവുമായി ശരണിനെ സമീപിച്ചില്ല എങ്കിൽ ഇനിയെപ്പോഴാണ്..? എന്നുമെപ്പൊഴും കൂടെ നിന്നവനാണ്.. സന്തോഷിപ്പിച്ചവനാണ്. ഞാൻ നൽകിയ പ്രണയവേദന കളി തമാശയോടെ ഏറ്റു വാങ്ങിയവനാണ്.. ഇനിയും വേദനിപ്പിക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല പപ്പാ..

അതിനി ഞാൻ കാരണമെന്നല്ല.. മറ്റൊന്നിനെ കൊണ്ട് പോലും.." "നീ ശരണിനോട് സംസാരിക്കു.. അപ്പൊഴെക്കും ഞാൻ അങ്ങു എത്തും.. ബാക്കി അവിടെന്നാകാം.." എബ്രഹാം കാർ മുന്നോട്ടെടുത്തു. "ചിഞ്ചു..നീ വന്നേ.. ശരൺ വിളിക്കുന്നുണ്ട്.." ചന്ദനയ്ക്ക് ഒപ്പം ചിഞ്ചു ശരണിന്റെ മുറിയിലേക്ക് ചെന്നു. അപ്പോഴേക്കും വസുവും സണ്ണിയും വെളിയിലേക്ക് പോയിരുന്നു. "സംസാരിക്കു കേട്ടോ.. കുഞ്ഞുണർന്നിട്ടുണ്ട്.. ഞാൻ താഴേക്ക് പോകുവാണ്.." ചിഞ്ചുവിന്റെ കയ്യിൽ ഒന്ന് തട്ടി ചന്ദുവും പുറത്ത് പോയി. ചിഞ്ചു ശരണിനെ നോക്കി. ഒന്നും മിണ്ടുന്നില്ല. ഇങ്ങനൊരാൾ മുറിയിലേക്ക് വന്നെന്ന ശ്രദ്ധ പോലുമില്ല. വെറുതെ മറ്റെങ്ങോ നോക്കിയൊരു നിൽപ് നിൽക്കുകയാണ്. "ശരൺ.. ശരൺ എന്താണ് ഒന്നും സംസാരിക്കാത്തത്..?" ശരണിന്റെ മനസ്സിൽ അപ്പോൾ എന്തായിരിക്കുമെന്ന ആശങ്കയായിരുന്നു ചിഞ്ചുവിൽ.. എങ്കിലും അവൾ സംസാരത്തിന് തുടക്കം കുറിച്ചു.

"ഒന്നുമില്ല.. സണ്ണിയും വസുവും ഒരു കാര്യം പറഞ്ഞു.. ഇവിടെയാരോ എന്റെ നിശ്ചയം മുടങ്ങാതെയിരിക്കുവാൻ എനിക്കൊരു പെൺകുട്ടിയെ കണ്ടെത്തിയെന്ന്.. നിശ്ചയം മുടങ്ങിയെന്നത് കൊണ്ട് ഞാൻ മാനസ മൈനയൊന്നും പാടുവാൻ തീരുമാനിച്ചിട്ടില്ല.. ആ ഒരു തോന്നലിലാണ് ഇതെങ്കിൽ.." ശരൺ പറഞ്ഞു നിർത്തി. "ശരൺ..അതങ്ങനെയല്ല.." ചിഞ്ചുവൊന്ന് മടിച്ചു.. "പിന്നെങ്ങനെയാണ്..? ഇപ്പോഴാണോ നിനക്ക് ഇത് പറയുവാൻ തോന്നിയത്.? ഈ കാലമത്രയും ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. വെറുതെ എന്റെ കുറെ വർഷങ്ങൾ തുലച്ചു കളഞ്ഞു അവൾ.. ഒരു മാസം മുന്നേ എങ്കിലും നീയിങ്ങനെയൊരു തീരുമാനത്തിൽ എത്തിയിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ എല്ലാരുടെയും വായിൽ ഇരിക്കുന്നത് കേൾക്കണമായിരുന്നോ എന്റെ ചിഞ്ചു.." സത്യത്തിൽ ശരൺ കരയുകയായിരുന്നു..

അത്രമേലൊരു ആഹ്ലാദം കീഴടക്കിയിരുന്നു അവനെ.. ഒരിക്കലും തന്നിലേക്ക് വന്നു ചേരില്ലന്ന് കരുതിയത്. തനിക്ക് സ്വന്തമാകില്ലന്ന് കരുതിയത്.. എന്നെന്നേക്കുമായി താൻ മറന്ന് കളയാൻ ഒരുങ്ങിയത്. തന്റെ പ്രണയം.. ആദ്യ പ്രണയം.. നഷ്ട പ്രണയം.. ശരണിന്റെ കണ്ണുകൾ നനഞ്ഞു.. ഹൃദയത്തിൽ ആ നേരം വരെ നിറഞ്ഞു നിന്നിരുന്നൊരു വേദന എങ്ങോ പോയി മറയുന്നത് അറിഞ്ഞു അവൻ. അത്രമേലൊരു സന്തോഷം. തണുപ്പ്.. അങ്ങനെയെന്തൊക്കെയോ.. പരിഭവത്തോടെയാണ് അവൻ ചിഞ്ചുവിനെ നോക്കുന്നത്. "എന്നാൽ ഞാനും അതങ്ങോട്ട് തിരിച്ചു പറഞ്ഞാലോ..? അതിൽ പിന്നീട് എന്നോട് ഇഷ്ടമാണെന്നോ മറ്റും ശരൺ പറഞ്ഞിരുന്നോ..? ഇല്ലല്ലോ.? എപ്പോഴും മനസ്സിൽ ഒതുക്കി ഒഴിഞ്ഞു മാറുകയല്ലായിരുന്നോ..? ആ പരാതി ഞാനും പറഞ്ഞാലോ..?" ചിഞ്ചു കെറുവിച്ചു..

"അത് പിന്നെ.. അതെന്തുകൊണ്ടാണെന്ന്...." ശരൺ പറഞ്ഞു വരുമ്പോഴേക്കും ചിഞ്ചു വേഗത്തിൽ ശരണിന്റെ വാ മൂടി പിടിച്ചു. "വേണ്ടാ.. എനിക്ക് അറിയാം എന്താണ് പറയാൻ പോകുന്നതെന്ന്.. സണ്ണി എത്രയോ മുന്നേ ഇത് ആഗ്രഹിച്ചിരുന്നു.. ചിലപ്പോൾ ഞാനൊരു ജീവിതം തിരഞ്ഞെടുക്കാതെ നിൽക്കുന്നതായിരിക്കാം സണ്ണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വേദന.." ചിഞ്ചു പറയുന്നുണ്ട്. "അല്ലെങ്കിൽ വേണ്ടാ.. ഞാനെന്തു കാര്യത്തിനാണ് ശരണിനെ വിവാഹം കഴിക്കേണ്ടത്.? ശരണിനു ഡിഗ്രി പോലുമില്ലാതെ തല തെറിച്ചു നടക്കുന്ന പെൺകുട്ടികളോട് താല്പര്യമില്ലല്ലോ.. എന്ത് അഹങ്കാരമായിരുന്നു ഭാവി വധു ഡോക്ടർ ആണെന്നും പറഞ്ഞ്.. നിലത്തൊന്നും അല്ലായിരുന്നു ശരൺ.. ആ അഹങ്കാരത്തിനു കിട്ടിയതാണ് ഇത്." ചിഞ്ചു മുഖം വെട്ടി തിരിച്ചു കളഞ്ഞു. "കുഴപ്പമില്ല.. അത് ഞാനങ്ങു സഹിച്ചു. അല്ലേലും ഈ വലിയ ഉദ്യോഗമുള്ളതിനേക്കാൾ ഒക്കെ നല്ലത് ഇങ്ങനെ ഡിഗ്രിയൊന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്നവളുമാര് തന്നെയാണ്..

ഒന്നുമില്ലേലും മൂന്ന് നേരം വെച്ചു വിളമ്പി തരാൻ ആളു കാണുമല്ലോ.. നമ്മുടെ കാര്യങ്ങളൊക്കെ മെനയായി നടന്നു കിട്ടും." ശരൺ ഒതുക്കി ചിരിച്ചു. ചിഞ്ചു കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി.. "മിസ്സ്‌ ചഞ്ചല എലിസബത്ത് എബ്രഹാം പൂർണ മനസ്സോടെ തന്നെയാണല്ലോ..? അല്ലാതെ ഈ അവസരത്തിൽ എന്നോട് തോന്നിയ അനുകമ്പയൊന്നും അല്ലല്ലോ..?" "പോടാ.. പറയാനുള്ളത് ഞാൻ അങ്ങു പറഞ്ഞു.. ഇനിയൊക്കെ ശരണിന്റെയും വീട്ടുകാരുടെയും ഇഷ്ടം.. പപ്പ ഇപ്പോൾ ഇങ്ങെത്തും.." "പപ്പയോടു പറഞ്ഞുവോ..?" ശരൺ ആകാംഷയോടെ തിരക്കി.. "ഉവ്വ്.. ആളു ഒന്നല്ല..മുന്നൂറു വട്ടം സമ്മതത്തിലാണ്.. എനിക്ക് നല്ല ബുദ്ധി വന്നല്ലോന്നുള്ള സന്തോഷം.." ചിഞ്ചു പതിയെ ചിരിച്ചു. പുറത്തേക്ക് പോകാൻ തുനിഞ്ഞവളുടെ കൈ തണ്ടയിൽ ശരണിന്റെ കൈത്തലം വീണു. ചിഞ്ചു എന്തെന്ന അർത്ഥത്തിൽ തല ചെരിച്ചവനെ നോക്കി. "നിങ്ങടെയൊക്കെ സമ്മതം മാത്രം പോരല്ലോ.. തത്കാലം എനിക്കിതിന് സമ്മതം അല്ല കേട്ടോ.. എത്രയോ കാലങ്ങൾ ഇങ്ങനൊന്നു ആഗ്രഹിച്ചിരുന്നു.

ഇപ്പോൾ അങ്ങനൊരു ആഗ്രഹവുമില്ല.." ശരൺ അവളുടെ കയ്യിലുള്ള പിടി അയച്ചു. ചിഞ്ചുവിന് ഒരുമാത്ര കണ്ണുകളും ഹൃദയവും പുകഞ്ഞു നീറി. വീണ്ടുമൊരു തിരസ്കരണം. ശരീരത്തിൽ നിന്നും തൊലി വലിച്ചടർത്തിയെടുക്കും പോലൊരു വേദന.. തൊണ്ട കുഴിയിൽ ഒരു നോവ് തിങ്ങി നിറഞ്ഞു.. ശരണിന്റെ മുഖത്തേക്ക് പോലും നോക്കാൻ ആവുന്നില്ല.. ആ മുന്നിൽ നിൽക്കാൻ കഴിയുന്നില്ല. എവിടെയെങ്കിലും ഓടി ഒളിച്ചാൽ മതിയെന്ന് തോന്നി അവൾക്ക്.. നിലം പതിച്ചു പോകുമാറ് തളർന്നു പോയി അവൾ.. അതിന് മുന്നെയായി ശരൺ അവളെ ചുമലിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചിരുന്നു. "എന്നെ വട്ടം കറക്കിയതിന് വലിയ ഡോസ് തന്നെ തരണം നിനക്ക്.. ഇതൊന്നും തികയില്ല.." ശരൺ കുസൃതിയോടെ ചിരിക്കുന്നുണ്ട്. കണ്ണുനീര് ഊറി കൂടിയ മിഴികളോടെയവൾ മുഖമുയർത്തിയവനെ നോക്കി..

"എന്നാൽ എനിക്കും വേണ്ടന്ന് പറഞ്ഞു പോകുന്ന നിന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്.. അങ്ങനെ പറഞ്ഞിരുന്നേൽ ഞാൻ എന്ത് ചെയ്തേനെ..? അയ്യോ..അതോർത്താണ് നിനക്ക് വലിയ ഡോസ് ഒന്നും തരാൻ ഞാൻ മുതിരാത്തത്.." "പോടാ.." ചിഞ്ചു കരച്ചിലോടെ.. അതിലേറെ ചിരിയോടെ കണ്ണുകൾ തുടച്ചു ശരണിന്റെ വയറ്റിന്നിട്ട് ശക്തിയായി പഞ്ചു ചെയ്തു. "നീ അതിനിടയിൽ കരാട്ടെയും പഠിച്ചിരുന്നോ..? ഇതൊന്നും ശെരിയാകില്ല കേട്ടോ.. " വയർ അമർത്തി തിരുമ്മി വേദനയാൽ ചുളിഞ്ഞ മുഖത്തോടെ ശരൺ പറഞ്ഞു. "അതുതന്നെയാ എനിക്കും പറയാൻ ഉള്ളത്.. ഇപ്പോഴേ ഇതൊന്നും ശെരിയാകില്ല കേട്ടോ.. രണ്ടാളും താഴേക്ക് വാ.. കാര്യങ്ങളൊക്കെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്.. ഇനി വന്നു നിന്ന് കൊടുത്താൽ മതി രണ്ടാളും.. " മുറി വാതിൽക്കലോളം വന്നു വസു പറഞ്ഞു.. "അയ്യോ... നിശ്ചയം മുടങ്ങിയപ്പോഴും വിസ്താരം എന്നോട്.. നടക്കാൻ പോകുന്നതിനുമെന്നോട്.. ഇതെവിടുത്തെ ന്യായമാണ്." "അല്ലടാ.. ചിഞ്ചുവിന്റെ പപ്പ എത്തിയിട്ടുണ്ട്.. നിങ്ങളെ അങ്ങോട്ട് വിളിക്കുന്നുണ്ട്.."

വസു ആദ്യം ഇറങ്ങി ചെന്നു.. പുറകെയായി ശരണും ചിഞ്ചുവും.. പിന്നീട് ഒന്നിനുമേതിനും താമസമുണ്ടായില്ല. എല്ലാ മുഖങ്ങളിലും സന്തോഷവും തൃപ്തിയും മുന്നിട്ട് നിന്നു.. ക്ഷണം സ്വീകരിച്ചെത്തിയ ഏവർക്കു മുന്നിൽ, അതേ ശുഭ മുഹൂർത്തത്തിൽ ശരൺ ചിഞ്ചുവിനും ചിഞ്ചു ശരണിനും മോതിരം അണിയിച്ചു നൽകി.. വിവാഹം വേഗത്തിൽ വേണമെന്നത് രവീന്ദ്രന്റെ നിർബന്ധമായിരുന്നു. ആർക്കുമതിനോട് എതിർപ്പും ഉണ്ടായില്ല. ഒരു മാസത്തിനുള്ളിൽ വരുന്ന ഏറ്റവും നല്ല മുഹൂർത്തമുള്ള തീയതിയും കുറിച്ചെടുത്തു.. * "മനഃപൂർവം മറച്ചു വെച്ചതായിരുന്നുവോ ചിഞ്ചു ആണ് വധുവെന്നത്..? " അഞ്ജലി നേരിയ പരിഭവത്തോടെ ചോദിച്ചു. "തനിക്ക് ചെറിയൊരു സർപ്രൈസ് തരാമെന്ന് കരുതിയിരിക്കുകയായിരുന്നു.. പക്ഷെ അപ്പോഴേക്കും ഓരോന്ന് ചോദിച്ചു താൻ അത് പുറത്തെടുത്തു.." സണ്ണി പുഞ്ചിരിയോടെ പറഞ്ഞു. "സണ്ണിയ്ക്ക്.. സണ്ണിയ്ക്ക് വേദനയില്ലേ..? " അൽപ്പം മടിച്ചാണ് അഞ്ജലിയത് ചോദിച്ചത്. "സത്യത്തിൽ അത് വേദനയായിരുന്നുവോ..? ചിലപ്പോൾ ആയിരുന്നിരിക്കാം..

അത് പക്ഷെ ശരണിന്റെ അത്രയുമില്ലായിരുന്നു.. മാത്രവുമല്ല.. ഞാൻ കാരണമാണ് ചന്ദനയും ചിഞ്ചുവുമൊക്കെ ജീവിതത്തിൽ അങ്ങനെയൊക്കെ ആയി തീർന്നതെന്ന വേദനയായിരുന്നു എപ്പോഴും മുന്നിട്ട് നിന്നിരുന്നത്.. കുറ്റബോധം.. അതായിരുന്നു ഏറെയും.. അല്ലാതെ പ്രണയ വേദന അനുഭവിച്ചിരുന്നുവോ ഞാൻ.. ചിഞ്ചുവാണ് മനസ്സിൽ ഉണ്ടായിരുന്നവൾ എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെയൊന്നുലഞ്ഞു പോയിരുന്നു. നിരാശ തോന്നിയിരുന്നു.. നഷ്ടബോധം തോന്നിയിരുന്നു.. നഷ്ടപ്പെടുത്തിയത് എന്തിനെന്നു പലയാവർത്തി മനസ്സിനോട് ചോദിക്കുകയും ചെയ്തിരുന്നു.. പിന്നീട് അതിനുള്ള ഉത്തരങ്ങളും കണ്ടെത്തി. ഒരിക്കലും ഞാൻ ചിഞ്ചുവിനെ പ്രണയിച്ചിട്ടില്ല.. ആരെന്നും എന്തെന്നും അറിയാത്തൊരുവളെ മനസ്സിൽ ഇട്ടു പോന്നിരുന്നു. അത് ചിഞ്ചുവാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ പ്രണയവും വേദനയുമായിരുന്നെന്നിൽ. അല്ലാതെ ചിഞ്ചുവിനെ ഞാൻ ഒരിക്കലും ആ സ്ഥാനത്തു കണ്ടിരുന്നില്ല.. കണ്ടിരുന്നുവെങ്കിൽ അവളുടെ പ്രണയം നിഷ്കരുണം തള്ളി കളയുമായിരുന്നില്ല..

അതിനാൽ തന്നെ അവളെ നേടുവാൻ ഞാൻ അർഹനല്ല.. ചിഞ്ചുവിന് എന്നോടിപ്പോൾ യാതൊരു വിധ അകൽച്ചയുമില്ല.. ആ മനസ്സിൽ സ്നേഹവും അനുകമ്പയുമാണ്. പക്ഷെ അവളുടെ പ്രണയത്തിന് മുന്നിൽ ഞാനെന്നും തെറ്റ്കാരനാണ്. അതിനാൽ ഒരിക്കലും ഇനിയാ വിധം എന്നെ സ്നേഹിക്കുവാനോ സ്വീകരിക്കുവാനോ അവളിലെ സ്ത്രീയ്ക്ക് സാധിക്കില്ല.. എന്നും എപ്പോഴും ശരൺ ആണ് യോഗ്യൻ.. ശരണിനെക്കാൾ വലിയൊരു ഭാഗ്യം ചിഞ്ചുവിന് ഇനി ലഭിക്കുവാനുമില്ല.. എന്തുകൊണ്ടും അവളുടെ ഈ തീരുമാനമാണ് ശെരി.. അതിൽ അവൾ എക്കാലവും സന്തോഷിക്കുകയും ചെയ്യും.. " സണ്ണി അത്രയേറെ വിശ്വാസത്തോടെ.. ഉറപ്പോടെ പറയുകയാണ്.. അഞ്ജലി ചിന്തിക്കുകയായിരുന്നു അവരഞ്ചു പേരടങ്ങുന്ന സൗഹൃദ വലയത്തെ കുറിച്ച്.. ഇടയിൽ എപ്പോഴോ ആ വലയത്തിലെ കെട്ടു നൂലുകൾക്ക് ശക്തി കുറഞ്ഞിരിന്നു..

അവ പൊട്ടി പോയി അവരകന്ന് പോയിരുന്നു. എന്നിട്ടും പൂർവാധികം ശക്തിയോടെ അവരാ വലയം വീണ്ടും നെയ്തെടുത്തിരിക്കുന്നു.. അതിലെ ഓരോ നൂൽ കണ്ണികൾക്കും പഴയതിനേക്കാൾ കരുത്തുണ്ട് ഇന്ന്.. സ്നേഹം കൊണ്ട് അടിത്തറ പാകി.. വിശ്വാസം കൊണ്ട് ചുമര് കെട്ടി.. കൂട്ട് കെട്ടും കരുതലും കൊണ്ട് മേൽക്കൂര വാർത്തെടുത്ത കൊച്ചൊരു സ്വപ്നവീട്ടിലാണ് അവരഞ്ചു പേരെന്ന് തോന്നി അഞ്ജലിയ്ക്ക്.. അതിലൊരു അംഗമാകുവാൻ വെറുതെ അവളുടെ ഉള്ളൊന്നു മോഹിച്ചു. * ട്രാഫിക്കിൽ പെട്ട് പോയതിനാൽ വിചാരിച്ചതിലും ഒരുമണിക്കൂർ വൈകിയാണ് സണ്ണിയും അഞ്‌ജലിയും എത്തിയത്.. നേരെ ഓഡിറ്റൊറിയത്തിലേക്ക് തന്നെയാണ് വന്നത്.. അപ്പോഴേക്കും താലി കെട്ട് കഴിഞ്ഞിരുന്നു.. റിസപ്ഷൻ മറ്റന്നാൾ ഉച്ച കഴിഞ്ഞാണ്. ഗൾഫിലുള്ള ശരണിന്റെ ബാക്കി ഫാമിലിസിന്റെ സൗകര്യം നോക്കിയാണ് മറ്റന്നാളേക്ക് വെച്ചത്.. നാളെയോടെയാണ് അവരെല്ലാം എത്തി ചേരുക..

കയറുമ്പോൾ തന്നെ സണ്ണിയുടെയും അഞ്ജലിയുടെയും നോട്ടം നേരെ ചെന്നു നിന്നത് സ്റ്റേജ്ന്റെ ഒത്ത നടുക്കാണ്‌.. ഫാമിലിക്കൊപ്പം ഫോട്ടോ ഷൂട്ട്‌ നടക്കുകയാണ് അവിടെ.. "സണ്ണി.." വസു തിടുക്കത്തിൽ സ്റ്റേജിൽ നിന്നിറങ്ങി വന്നു സണ്ണിയെ ഒന്നു പുണർന്നു. "അഞ്ജലി.." സണ്ണിയ്ക്ക് അരികിൽ നിൽക്കുന്നവളെ നോക്കി സംശയത്തോടെ വസു ചോദിച്ചു. "അതെ.." അഞ്ജലി പുഞ്ചിരിച്ചു.. "സണ്ണി പറഞ്ഞു അറിയാം കേട്ടോ.. ശരണും പറഞ്ഞിരുന്നു.. വിവാഹത്തിന് വരുമെന്ന് ശരൺ ഉറച്ചു പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. അഞ്ജലി കൂടെയുണ്ടെന്നത് സണ്ണിയൊട്ടു പറഞ്ഞതുമില്ല.." വസു പറയുന്നുണ്ട്.. സണ്ണി ഒന്നു കണ്ണുകൾ ചിമ്മി ചിരിച്ചു.. "ഞാൻ വസുദേവ്..." വസു അഞ്‌ജലിയോട് പറഞ്ഞു.. ശേഷം ചുറ്റിനുമാരെയോ തിരഞ്ഞു.. "ഇപ്പോൾ വരാവേ.." വസു തിടുക്കത്തിൽ ചെന്നു ചന്ദനയെ കൂട്ടി വന്നു.. "ഇതെന്റെ വൈഫ് ചന്ദനാ.. ഞങ്ങടെ മോളാണ്.. വേദാത്മിക..." ചന്ദനയുടെ കയ്യിൽ ടർക്കിക്കുള്ളിൽ ഉറങ്ങുന്ന കുഞ്ഞിനേ വസു അഞ്‌ജലിയ്ക്ക് കാണിച്ചു നൽകി..

"ചന്ദന..ഇത് അഞ്ജലി.." മനസ്സിലാകാതെ നിൽക്കുന്ന ചന്ദനയോടായി വസു പറയുന്നുണ്ട്.. "അറിയാം കേട്ടോ..സണ്ണിയും ദേവേട്ടനും ശരണുമൊക്കെ പറഞ്ഞ്.." ചന്ദന പുഞ്ചിരിയോടെ പറഞ്ഞു.. "വാ..അങ്ങോട്ട് ചെല്ലാം.. ശരൺ കുറെ നേരമായി നിന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട്.. എന്താണ് ഇത്രേം വൈകിയേ..?" "ട്രാഫിക്കിൽ പെട്ടെടാ.." സണ്ണി പറഞ്ഞു.. "വാ.. അഞ്ജലി..വരൂ.. പുതു പെണ്ണിനേം ചെറുക്കനേം നേരിട്ടു പരിചയപ്പെടണ്ടെ.." വസു ചിരിയോടെ രണ്ടു പേരുമായി സ്റ്റേജിലേക്ക് നടന്നു.. "കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് വായോ..." സ്റ്റേജിൽ കയറുന്നതിനു മുന്നേയായി വസു തിരിഞ്ഞു ചന്ദനയോട് പറഞ്ഞു.. രാധിക അവിടേം ഇവിടെമായി തിരക്കിലായിരുന്നു.. കുഞ്ഞിനെ പാർവതിയുടെ കയ്യിൽ കൊടുത്തു.. വെറുതെ അങ്ങുമിങ്ങും വായ് നോക്കി നിക്കുന്ന ചൈതന്യയെയും വലിച്ചു ചന്ദന സ്റ്റേജിലേക്ക് പോയി.. വാടാ മല്ലി നിറത്തിലൊരു കാഞ്ചിപുരം പട്ടു സാരിയിൽ സർവ്വാഭരണ വിഭൂഷിതയാണ് ചിഞ്ചു.. കഴുത്തിൽ ശരൺ അണിയിച്ച താലി ആഭരങ്ങൾക്കിടയിലും കൂടുതൽ തിളങ്ങി നിന്നു..

വെളുത്ത ഷർട്ടും കസവു മുണ്ടുമാണ് ശരണിന്റെ വേഷം.. സണ്ണി നിറഞ്ഞ മനസ്സോടെ രണ്ടുപേരെയും നോക്കി.. അതിനിടയിൽ വസു അഞ്ജലിയെ രാധികയ്ക്കും വിശ്വനാഥനും എബ്രഹാമിനും രവീന്ദ്രനുമെല്ലാം പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. "ഇപ്പോഴെങ്കിലും എത്തിയല്ലോ..? നിനക്ക് എങ്കിലും ഒന്നു പറഞ്ഞൂടായിരുന്നോ അഞ്ജലി നേരത്തും കാലത്തും ഇങ്ങെത്തണമെന്ന്.." ശരണിന്റെയാ സംസാരത്തിൽ അഞ്ജലി അന്തം വിട്ടു. ഒരു വട്ടം വീഡിയോ കാളിൽ സംസാരിച്ചിരുന്നു എന്നേയുള്ളു.. അല്ലാതെ ഇന്നോളം കണ്ടിട്ടില്ല. മറ്റു മുൻപരിചയങ്ങളുമില്ല. എന്നിട്ടും എത്ര ഫ്രീയായിട്ടാണ് ശരൺ പെരുമാറുന്നത്.. സണ്ണിയിൽ നിന്നും അറിഞ്ഞ ശരൺ തന്നെ.. ഒരു മാറ്റവുമില്ല. അഞ്ജലി ഓർത്തു. "Congrats..Happy wedding.." അഞ്ജലി ശരണിനു കൈ നൽകി ആശംസകൾ അറിയിച്ചു. "Best wishes.." ഒപ്പം തന്നെ ചിഞ്ചുവിനെ ഒന്നു പുണർന്നു അവളോടും ആശംസ ചൊല്ലി. "താങ്ക് യൂ മിസ്സ്‌ അഞ്ജലി മേനോൻ.. തിരക്കുകൾ എല്ലാം മാറ്റി വെച്ചു ക്ഷണം സ്വീകരിച്ചു ഡൽഹിയിൽ ന്ന് ഇങ്ങു വന്നതിന്..

അതുകൊണ്ട് മാത്രം സദ്യയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്തേക്കാം. അല്ല എങ്കിൽ വൈകി വന്നതിനെ തുടർന്ന് സദ്യക്ക് ഇരുത്തണ്ടന്ന് ഓർത്തതാണ്.." സണ്ണിയെ കൂർപ്പിച്ചു നോക്കിയാണ് ശരൺ അഞ്ജലിയോട് പറയുന്നത്. "തിരക്കായത് കൊണ്ടാണെടാ.. അല്ലങ്കിൽ രണ്ട് ഡേയ്‌സ് മുന്നേ എങ്കിലും വരില്ലായിരുന്നോ ഞാൻ.." സണ്ണി ക്ഷമാപണം നടത്തുന്നുണ്ട്.. "ഉവ്വ്.. എനിക്കറിയാം.. അതുകൊണ്ടാണ് എനിക്കീ ഡോക്ടർമാരെ ഒന്നും ഇപ്പോൾ തീരെ ഇഷ്ടമല്ലാത്തത്.. എപ്പോ നോക്കിയാലും തിരക്കോട് തിരക്ക്.." "അല്ലാതെ ഡോക്ടർ ശ്രേയ തേച്ചിട്ട് പോയൊണ്ടല്ല അല്ലേ..?" വസു ചിരിച്ചു.. അത് കേട്ടവിടെ കൂട്ടച്ചിരി മുഴങ്ങി.. പിന്നീട് ഫോട്ടോ എടുക്കലായിരുന്നു. ശരണിനും ചിഞ്ചുവിനും അപ്പുറവും ഇപ്പുറവുമായി മാറി മാറി ഓരോ പോസിൽ എല്ലാവരും ചേർന്ന് അനേകം ഫോട്ടോസ് എടുത്തു.. എല്ലാത്തിലും അവരഞ്ചു പേരും അഞ്ജലിയെ ഒഴിവാക്കാതെ ചേർത്തു നിർത്തിയിരുന്നു.. അതഞ്‌ജലിയെ സന്തോഷപ്പെടുത്തി.. "ഇതാരാണ് സ്വപ്നക്കൂടിൽ പുതിയൊരഥിതി..?" ചൈതന്യയുടേതാണ് ചോദ്യം..

സണ്ണിക്കൊപ്പം ഓഡിറ്റോറിയത്തിലേക്ക് കയറുമ്പോഴേ അഞ്ജലിയെ ശ്രദ്ധിച്ചിരുന്നു. എങ്കിലും ഇപ്പോഴാണ് ചൈതന്യയ്ക്ക് ചോദിക്കാൻ അവസരം കിട്ടിയത്. "സണ്ണിയുടെ ഫ്രണ്ട് ആണ്.. അഞ്ജലി.. ഡോക്ടർ തന്നെയാണ്.. ഡൽഹിയിൽ.." ചന്ദന പറഞ്ഞു. "ഫ്രണ്ട് തന്നെയാണോ..?" ചൈതന്യ ചെറഞ്ഞൊന്നു ചോദിച്ചു. "പിന്നെയാരാണ്..?" ചന്ദനയവളെ കണ്ണ് ചുരുക്കി നോക്കി. "അല്ല.. ഞാൻ കരുതി സണ്ണി ചേട്ടന്റെ ലൈൻ ആകുമെന്ന്.." "വേണ്ടാത്തത് ഒന്നും പറയല്ലേ ചൈതു.. സണ്ണിയോ അഞ്ജലിയൊ മറ്റും കേട്ടാൽ എന്താണ് കരുതുക..?" ചന്ദന ചൈതുവിന്റെ കയ്യിൽ ഒന്നടിച്ചു. "ഞാൻ കേട്ടുവല്ലോ.. സണ്ണിയോട് ഇതേ കുറിച്ച് പറയുകയും ചെയ്യും.." പുറകിൽ നിന്ന് അഞ്ജലിയുടെ സ്വരം കേട്ടു രണ്ട് പേരും തിരിഞ്ഞു നോക്കി.. "അയ്യോ.. ചേച്ചി.. എനിക്ക് അങ്ങനെയൊരു സംശയം തോന്നിയപ്പോ ഞാൻ ചന്ദു ചേച്ചിയോട് ചോദിച്ചുന്നെ ഉള്ളു.." ചൈതന്യ പറഞ്ഞു. "കുഴപ്പമില്ല കേട്ടോ.. ഞാനെങ്ങും പറയില്ല.." അഞ്ജലി പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു. "പറഞ്ഞാലും പ്രോബ്ലമില്ല കേട്ടോ..

എങ്ങാനും ഇനി സണ്ണി ചേട്ടന് അഞ്ജലി ചേച്ചിയോട് പ്രേമമുണ്ടെങ്കിലോ.. അതീ വഴി അറിയാൻ പറ്റുമല്ലോ.." ചൈതന്യ കുസൃതിയോടെ പറഞ്ഞു. "ആഹാ.. ചന്ദുവിനെ പോലൊന്നുമല്ല.. ആള് സ്മാർട്ട്‌ ആണല്ലോ.." "പിന്നല്ലാഹ്.. ഇന്നത്തെ കാലത്തു ആരാണ് ചന്ദു ചേച്ചിയെ പോലെ.." ചൈതന്യ പറയുന്നുണ്ട്.. ഒന്നും രണ്ടും സംസാരിച്ചു അതങ്ങു നീണ്ടു പോകുമ്പോൾ വസു വന്നു അവരോട് അടുത്ത പന്തിയിലായി കഴിക്കാൻ ഇരിക്കാൻ നിർദേശിച്ചു.. ഉച്ചയോടെ ആളും ബഹളവും കുറഞ്ഞു.. ചിഞ്ചു ശരണിന്റെ വീട്ടിലേക്ക് യാത്രയായി.. അന്നേ ദിവസം എല്ലാവരും ശരണിന്റെ വീട്ടിലായിരുന്നു. വൈകുന്നേരം സണ്ണിയും അഞ്‌ജലിയും പോകാൻ ഒരുങ്ങിയെന്നാലും ആരുമതിന് അനുവദിച്ചില്ല.. പിടിച്ച പിടിയാലേ അങ്ങു പിടിച്ചവിടെ നിർത്തിച്ചു.. താൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടത് പോലെയായിരുന്നു അഞ്ജലിയ്ക്ക്.. അത്രയധികം ആളുകളോടൊപ്പം ഒരു വീട്ടിൽ കഴിയുന്നത് ആദ്യമായിരുന്നു അവൾ. ബന്ധുക്കൾ ഏറെ ഉണ്ടെന്നാലും ചെറുപ്പം തൊട്ടേ പഠിച്ചതും വളർന്നതുമെല്ലാം വെളിയിൽ ആയതിനാൽ ആരെയുമൊട്ടും കൂടുതൽ അറിയുകയോ അടുപ്പമോ ഇല്ല.

അച്ഛനും അമ്മയും താനും അഭിയും അടങ്ങുന്ന ജീവിതം. അവിടെയും നാല് പേരും തങ്ങളുടേതായ തിരക്കുകളിൽ.. ആർക്കുമാർക്കും പരസ്പരം സംസാരിക്കാനോ കാര്യങ്ങൾ പങ്ക് വെക്കാനോ വിശേഷങ്ങൾ തിരക്കാനോ സമയമില്ല.. സത്യത്തിൽ അവിടമൊരു സ്വർഗമാണെന്ന് തോന്നി അഞ്ജലിയ്ക്ക്. ഒരിക്കൽ വന്നാൽ പിന്നീട് തിരിച്ചു പോകാൻ മടിക്കുംവിധമൊരു സ്നേഹ സ്വർഗം.. രാത്രിയിൽ എല്ലാവരും മുറ്റത്തെ ഗാർഡനിലായിരുന്നു. സണ്ണിയും അഞ്‌ജലിയും മാറ്റന്നാളത്തെ റിസപ്‌ഷനു ഇല്ലെന്നതിനാൽ ഒരു കേക്ക് കട്ടിങ്ങും മറ്റു സെറ്റപ്പുകളുമായി കുഞ്ഞൊരു പാർട്ടി വസു ശരണിനും ചിഞ്ചുവിനുമായി അറേഞ്ച് ചെയ്തിരുന്നു.. എല്ലാവരും ഒരുമിച്ചു ആ രാത്രി നിറമുള്ളതാക്കി.. നേരം വെളുക്കും വരെ അതുപോലെ ഇരുന്നു സമയം പങ്കിടാൻ അവരെല്ലാം ആശിച്ചു.. ചന്ദനയ്ക്ക് നാളെ ലാസ്റ്റ് സെം എക്സാം തുടങ്ങുകയാണ്.

പ്രെഗ്നൻസിയും ഡെലിവറിയുമൊക്കെയായി സെക്കന്റ്‌ ഇയർ കോളേജ്ൽ പോകാൻ കഴിഞ്ഞില്ലെന്നാലും തേർഡ് സെം എക്സാം അവൾ എഴുതിയിരുന്നു.. കുറെ ദിവസങ്ങളായി കല്യാണത്തിന്റെ അലച്ചിലാണ്.. നാളെ എക്സാം ഹാളിൽ ചെന്നിരുന്നു കണ്ണ് മിഴിയില്ലെന്ന് പറഞ്ഞു വസു ചന്ദനയെ നേരത്തെ കിടക്കാൻ പറഞ്ഞയച്ചു. സണ്ണിയ്ക്കും അഞ്‌ജലിയ്ക്കും നാളെ വെളുപ്പിന് തന്നെ മടങ്ങണം. അവരെയും വസു നിർബന്ധിച്ചകത്ത് കയറ്റി. ആ പുറകെ എണീറ്റ് അകത്ത് പോകാൻ ഒരുങ്ങുന്ന ശരണിനെ വസു പിടിച്ചു നിർത്തി. "എന്താണ് അത്രയും തിരക്ക്.. ഫസ്റ്റ് ഡേയ് ആണ്... ആക്രാന്തം വേണ്ടാ ട്ടോ.." വസു ചിരി ഒതുക്കി. "ആക്രാന്തം നിന്റെ.. എന്നെക്കൊണ്ട് പറയിപ്പിക്കരുത്.. ഇവിടെ മനുഷ്യന് കാലു കഴച്ചിട്ട് വയ്യാ.. അതുപോലെത്തെ നിർത്തമായിരുന്നു ഇന്ന്.." "ശെരി.. നീ എന്നാൽ അകത്തു പൊക്കോ.. ഇവൾക്ക് കുഴപ്പമൊന്നുമില്ല.. ഇവള് ഇവിടെ നിൽക്കട്ടെ എനിക്ക് ഒരു കമ്പനിക്ക്.. ചിഞ്ചു എന്ത് പറയുന്നു.." വസു ചിഞ്ചുവിനെ നോക്കി. അവളും ശരണിനെ നോക്കി ചിരി ഒതുക്കുകയാണ്.

"അയ്യടാ.. ആദ്യം നീ അകത്ത് കയറി പോടാ.. നിനക്ക് കമ്പനിക്ക് ആണ് ചന്ദനയുള്ളത്.. തത്കാലം നീയെന്റെ കമ്പനി പൂട്ടണ്ട.." വസു പിന്നെന്തെങ്കിലും പറയുന്നതിന് മുന്നേ ശരൺ ചിഞ്ചുവിനെയും വലിച്ചു അകത്തേക്ക് ഓടി.. എല്ലാവരും ഓരോ സൈഡ് പോയി സെറ്റ് ആയെന്ന് കണ്ടതും ഗേറ്റ് ലോക്ക് ചെയ്തു വസുവും അകത്ത് കയറി. * വർഷങ്ങൾ വീണ്ടുമോടിമറഞ്ഞു.. ചന്ദന psc നേടി എൽപി വിഭാഗം അധ്യാപികയായി കയറി.. വസു ജോലിയിൽ പ്രൊമോഷൻ നേടി.. ശരണും ചിഞ്ചുവും വിവാഹം കഴിഞ്ഞു മൂന്ന് മാസത്തോളം നാട്ടിൽ ഉണ്ടായിരുന്നു.. അത് കഴിഞ്ഞു ഗൾഫിൽ പോയി. ഇപ്പോൾ നാട്ടിലുണ്ട്.. അവർക്കൊരു ആൺകുഞ്ഞു പിറന്നു.. ഋഗ് വേദ് ശരൺ.. രണ്ട് മാസമാകുന്നു അവന്. വസുവിന്റെയും ചന്ദുവിന്റെയും വിധുക്കുട്ടി പ്ലേ സ്കൂളിൽ പോയി തുടങ്ങിയിരുന്നു.. വരുൺ എംകോം കഴിഞ്ഞുടനെ ഗൾഫിൽ പോയി..

ശരത്തിനും ശരണിനുമൊപ്പം ചേർന്ന് അവൻ ബിസ്സിനെസ്സ് കാര്യങ്ങൾ പഠിച്ചെടുത്തു.. നാട്ടിൽ പുതുതായി എന്തെങ്കിലും തുടങ്ങണമെന്നൊരു പ്ലാനിങ്ങിലാണ് വരുൺ.. ചൈതന്യയ്ക്ക് വിവാഹ പ്രായമെത്തി എന്നാലും ജോലിയായതിന് ശേഷം മതിയെന്നൊരു അഭിപ്രായത്തിലായിരുന്നു അവൾ.. അതിനാൽ ആരും അവളെ നിർബന്ധിച്ചതുമില്ല.. വേദിന്റെ ഒന്നാം പിറന്നാളിന് സണ്ണി നാട്ടിൽ വരുമ്പോൾ അഞ്‌ജലിയുമുണ്ടായിരുന്നു.. അന്ന് അവൾ സുഹൃത്ത് മാത്രമായിരുന്നില്ലവന്.. അവന്റെ മിന്നിന് അവകാശിയായി തീർന്നിരുന്നു.. സണ്ണിയുടെ പതിയായി മാറിയിരുന്നു.. ഏറെ നഷ്ടങ്ങൾ വന്നു ചേരുമ്പോഴും സണ്ണിയ്ക്ക് വലുതായി എന്തോ ഒന്നു കർത്താവ് കാത്തു വെച്ചിരുന്നെന്ന് ചിഞ്ചുവിന് അറിയാമായിരുന്നു. എന്നും എപ്പോഴും അവൾ അതേക്കുറിച്ച് ഓർക്കുമായിരുന്നു.. അത് ഇതാണ്.. അഞ്ജലിയാണ്..

അഞ്ജലിയോളം സണ്ണിയ്ക്ക് ചേരുന്ന മറ്റൊരുവൾ ഇല്ല.. തുടക്കത്തിൽ തന്റെ പ്രണയം സണ്ണി സ്വീകരിച്ചിരുന്നു എങ്കിൽ അത് സണ്ണിയ്ക്ക് പറ്റാവുന്ന ഏറ്റവും വലിയ വിഡ്ഢിത്തമാകുമായിരുന്നു. ഒരിക്കലും ഒത്തു ചേർന്ന് പോകാത്ത രണ്ട് വ്യക്തിത്വങ്ങൾക്കുടമയാണ് താനും സണ്ണിയും. ഓർക്കവേ തന്നെ ചിഞ്ചു ചിരിച്ചു പോയി. എന്തൊക്കെയായിരുന്നു ജീവിതത്തിൽ.. കർത്താവ് എത്ര നന്നായി ഓരോരുത്തരുടെയയും വിധി എഴുതി വെച്ചിരിക്കുന്നു.. ജീവിതം വരച്ചിട്ടിരിക്കുന്നു.. അതിൽ തങ്ങളുടേത് എല്ലാം ഈ വിധമായിരുന്നു.. അതിലോരോപേരുമിന്നു സന്തുഷ്ടരാണ്. അത്രയേറെ.. ഇനി എന്തുണ്ടെങ്കിലും അടുത്ത ജന്മത്തിൽ ആകട്ടെ. അവസാനിച്ചു.. അവസാന ഭാഗം നിങ്ങൾക്കൊക്കെ എത്രത്തോളം സ്വീകര്യമാണെന്ന് അറിയില്ല.. എന്താണേലും എങ്ങനെയാണേലും എനിക്കായി രണ്ട് വരി.. എഴുതില്ലേ ഈ അവസാന ഭാഗത്തിൽ.. ♥♥

രണ്ടര വർഷം മുന്നേ തുടങ്ങി വെച്ച സ്റ്റോറിയാണിത്.. കുറച്ചേറേ കാര്യങ്ങളിൽ പെട്ടതിനാൽ ഇടയിൽ വലിയൊരു ബ്രേക്ക്‌ എടുക്കേണ്ടി വന്നു.. അത് കഴിഞ്ഞു വന്നപ്പോൾ ഇത് തുടർന്ന് എഴുതണോ എന്ന് സംശയിച്ചിരുന്നു. എല്ലാവരും സ്റ്റോറി മറന്ന് പോയി കാണില്ലേ എന്ന്.. അപ്പോൾ അറിഞ്ഞു ഒരുപാട് പേര് ഇതിന് വേണ്ടി വെയ്റ്റിംഗ് ആണെന്ന്.. ഇൻബോക്സിലും കമന്റ്സിലുമൊക്കെയായി കണ്ടിരുന്നു ആ മെസ്സേജ്സ് ഒക്കെ.. ഒരുപാട് സ്നേഹം.. നന്ദി.. കാത്തിരുന്നതിന്.. പിന്തുണച്ചതിന്..♥♥ വെറുമൊരു കഥയായിരുന്നിട്ട് പോലും ഇതിലെ ഓരോ കഥാപാത്രങ്ങളെയും നെഞ്ചിലേറ്റിയതിന്.. അവർക്ക് വേണ്ടി കരഞ്ഞതിന്. അവർക്കൊപ്പം ചിരിച്ചതിന്.. ഇനിയും നീട്ടി വലിച്ചങ്ങു പോകണ്ടന്നു തോന്നി..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story