മഞ്ഞുരുകും കാലം : ഭാഗം 1

Manjurukumkalam

രചന: ഷംസീന

 നേരം ഇരുട്ടി തുടങ്ങിയതും ബാഗും എടുത്തുകൊണ്ടു വേഗത്തിൽ ഇറങ്ങി.. "നാളെ ഇത്തിരി നേരത്തെ വരണേ ദീപ്തി.." മേനേജർ പറഞ്ഞതിന് തലയാട്ടി കൊണ്ട് പുറത്തേക്കിറങ്ങി.. "ഞാൻ വരണോ മോളെ ബസ്സ്റ്റാൻഡ് വരെ.. " പുറത്ത് നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ചോദിച്ചു.. "വേണ്ട രാമേട്ടാ.. നേരം ഒത്തിരിയൊന്നും വൈകിയിട്ടില്ല ഞാൻ തനിയെ പൊക്കോളാം.. " അവളവിടെ നിന്നും ബസ്സ്സ്റ്റാൻഡ് ലക്ഷ്യം വെച്ചു നടന്നു..തലങ്ങും വിലങ്ങും വാഹനങ്ങൾ പാഞ്ഞു പോകുന്നത് കൊണ്ട് തന്നെ റോഡിനോരം ചേർന്നാണ് നടപ്പ്.. പത്തു മിനിറ്റ് നടന്നതും ബസ്സ്റ്റാൻഡിലേക്കെത്തി...അവിടെ എത്തിയപ്പോഴേ വീടിനവിടേക്കുള്ള ബസ് കിട്ടി.. രാത്രിയായത് കൊണ്ട് തിരക്ക് കുറവായിരുന്നു.. ബസിൽ കയറി സൈഡ് സീറ്റിലേക്കിരുന്നു.. ഇന്നൊരു കല്യാണ പാർട്ടി ആഭരണങ്ങൾ എടുക്കാനായി വന്നിരുന്നു..

അതാണ് ഇത്രയും ലേറ്റ് ആയത് അല്ലേൽ ആറ് മണിക്ക് മുന്നേ ഇറങ്ങാറുള്ളതാണ്.. ഇപ്പോൾ തന്നെ നേരം വൈകിയത് കൊണ്ട് അമ്മ ഒത്തിരി തവണയായി വിളിക്കുന്നു... കവലയിൽ എത്തുമ്പോൾ വിളിച്ചാൽ മതി ദീപുവിനെ പറഞ്ഞയക്കാമെന്ന് പറഞ്ഞെങ്കിലും താനത് വേണ്ടെന്ന് വെച്ചു.. അവന് നാളെ പത്തിലെ മോഡൽ എക്സാം ആണ്.. എന്നെ കൂട്ടാൻ വന്നാൽ അവന്റെ പഠിത്തം മുടങ്ങും.. ഞാൻ ഒരു ഓട്ടോ പിടിച്ചു അങ്ങോട്ടത്തിക്കോളാം എന്ന് പറഞ്ഞു അമ്മയെ ഒരുവിധം സമാധാനിപ്പിച്ചാണ് ഫോൺ വെച്ചത്.. ഇവിടെ നിന്നും അര മണിക്കൂർ യാത്രയുണ്ട് വീടിനടുത്തേക്ക്.. കവലയിൽ ഇറങ്ങി ഒരു ഇടറോഡിലൂടെ ഇരുപത് മിനുറ്റ് നടക്കണം വീട്ടിലേക്ക് എത്തണമെങ്കിൽ.. ഇടറോഡിൽ അങ്ങനെ വെട്ടവും വെളിച്ചവുമൊന്നും ഇല്ല.. അതാണ് അമ്മക്കിത്രയും പേടി.. കവലയിൽ എത്തിയതും വേഗം തന്നെ ഇറങ്ങി...

കവലയിലെ തിരക്കെല്ലാം കുറഞ്ഞിട്ടുണ്ട് ഒട്ടുമിക്ക കടകളും അടച്ചിട്ടുണ്ട്..വാച്ചിലേക്കൊന്ന് നോക്കി സമയം എട്ടേമുക്കാൽ കഴിഞ്ഞിട്ടുണ്ട്... പതിയെ അവിടെ നിന്നും നീങ്ങി ഓട്ടോ സ്റ്റാൻഡിലേക്ക് പോയി.. ഒരു ഓട്ടോ പോലും അവിടെ ഉണ്ടായിരുന്നില്ല.. ഇനിയിപ്പോ എന്ത് ചെയ്യും.. ദീപുവിനോട് തന്നെ വരാൻ പറയാം.. ബാഗിൽ നിന്നും ഫോൺ എടുക്കാൻ തുടങ്ങുമ്പോഴാണ് മുന്നിലൊരു ബൈക്ക് വന്നു നിന്നത്..അവളൊരടി പിറകിലേക്ക് നീങ്ങി.. "കയറ് ദീപ്തി.." വിഷ്ണു പറഞ്ഞതും ദീപ്തി അവനായി ഒരു നനുത്ത പുഞ്ചിരി നൽകികൊണ്ട് ബൈക്കിനു പിന്നിൽ കയറി.. വിഷ്ണു കവലയിൽ തന്നെ ചെറിയൊരു പലചരക്ക് കട നടത്തുകയാണ്..കട പൂട്ടി വരുന്ന വഴിയാണ്. ദീപ്തിയുടെ അച്ഛന്റെ സഹോദരിയുടെ മകനാണ് വിഷ്ണു..പറഞ്ഞുവരുമ്പോൾ ദീപ്തിയുടെ മുറച്ചെറുക്കൻ.. "നീയെന്താ ഇന്ന് വൈകിയേ.. "

"ഇന്നൊരു കല്യാണപാർട്ടിക്കാർ വന്നിരുന്നു..അവരോടൊപ്പം നിൽക്കേണ്ടി വന്നു.." "ഞാൻ പറഞ്ഞിട്ടുള്ളതല്ലേ നേരം വൈകുവാണേൽ തനിയെ വരരുത് എന്നെ വിളിക്കണം എന്ന്.." അവന്റെ വാക്കുകളിൽ കുഞ്ഞു പരിഭവം ഉണ്ടായിരുന്നു.. "വിഷ്ണുവേട്ടനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടക്കലോ എന്ന് കരുതി.. " "നീയിങ്ങനെ കരുതുന്നതാണ് ദീപ്തി എനിക്കൊരു ബുദ്ധിമുട്ട്.. " പറഞ്ഞുകൊണ്ട് ബൈക്ക് വീടിന്റെ ഗേറ്റിനു മുന്നിൽ നിർത്തി.. "ഇറങ്ങ്.. " ദീപ്തി ബൈക്കിൽ നിന്നും ഇറങ്ങി അവനെ നോക്കി... "പൊയ്ക്കോ.. നീ വീട്ടിലേക്ക് കയറിയിട്ടേ ഞാൻ പോവുന്നുള്ളൂ.. " "വിഷ്ണുവേട്ടൻ കയറുന്നില്ലേ.. " "ഇല്ല.. ചേച്ചിയും അളിയനും വന്നിട്ടുണ്ട്.. ഞാൻ ചെന്നിട്ട് വേണം അവർക്കും അത്താഴം കഴിക്കാൻ.. വെറുതെയെന്തിനാ അവരെ മുഷിപ്പിക്കുന്നേ.. " അവളെ നോക്കാതെ പറഞ്ഞു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ടതും അമ്മ ഉമ്മറത്തേക്കിറങ്ങി വന്നു.. അമ്മയെ കണ്ടപ്പോൾ വിഷ്ണു ബൈക്കും എടുത്ത് പോയി.. ദീപ്തി അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.. പിന്നീടൊരു നെടുവീർപ്പോടെ മുറ്റത്തേക്ക് നടന്നു....

"ആരാ ദീപ്തി അത് വിഷ്ണുവാണോ.. " "മ്മ്.. " ചെരുപ്പൂരി മുറ്റത്തെ പൈപ്പിൽ നിന്നും കാല് കഴുകി അകത്തേക്ക് കയറി.. "അവനെന്താ കയറാതെ പോയേ.. " "വീട്ടിൽ സുജ ചേച്ചിയും അളിയനും വന്നിട്ടുണ്ടെന്ന്.. ദീപുവും ദിവ്യയും എവിടെ..?" "അകത്തുണ്ട്.. പഠിക്കുവാ.. നാളെ പരീക്ഷയല്ലേ.. " അവളുടെ ബാഗിൽ നിന്നും ചോറ്റ് പാത്രവും എടുത്ത് അമ്മ അടുക്കളയിലേക്ക് നടന്നു.. ദീപ്തി നേരെ മുറിയിലേക്ക് കയറി മേലൊന്ന് കഴുകി പഴയൊരു ചുരിദാറും എടുത്തിട്ട് പുറത്തേക്ക് വന്നു.. ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന മുറിയിലേക്കൊന്ന് എത്തി നോക്കി.. ദിവ്യയും ദീപുവും ഉറക്കെ വായിച്ചു പഠിക്കുവാണ്.. അവരെ ശല്യം ചെയ്യാതെ അടുത്തുള്ള മറ്റൊരു മുറിയിലേക്ക് കയറി.. മുറിയിലേക്ക് കയറുമ്പോഴേ തൈലത്തിന്റേയും കഷായത്തിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം നാസികയിലേക്ക് തുളച്ചു കയറും.. "കരുണാകരൻ മാഷ് ഉറങ്ങിയോ..? "

അകത്തേക്ക് കയറുന്നതിനിടയിലവൾ ചോദിച്ചു.. "ഇല്ല ഇങ്ങ് പോര്.. " ചെറു ചിരിയോടെ അകത്തേക്ക് കയറി കയ്യിലുണ്ടായിരുന്ന കഷായത്തിന്റെ കവർ അവിടെ ഉണ്ടായിരുന്ന കുഞ്ഞു മരത്തിന്റെ മേശയിലേക്ക് വെച്ചു.. "എന്തിനാ കുട്ടീ പൈസ ഇല്ലങ്കിൽ ഇതെല്ലാം വാങ്ങിക്കാൻ നിന്നേ.. " "പൈസ ഇല്ലന്ന് അച്ഛനോട് ഞാൻ പറഞ്ഞോ.. ഇല്ലാലോ.. അപ്പോൾ ആ കാര്യം ഓർത്ത് അച്ഛൻ വിഷമിക്കേണ്ട.." നര വീണു ചുളുങ്ങിയ മുഖത്തവൾ പതിയെ തലോടി.. "നാളെ കഴിഞ്ഞു വൈദ്യരെ കാണാൻ പോവാം.. ഞാൻ ടോക്കൺ പറഞ്ഞിട്ടുണ്ട്... " അതിനയാൾ പതിയെ ഒന്ന് മൂളി.. "ചേച്ചി.." വാതിലിനടുത്ത് നിന്ന് ദിവ്യയും ദീപുവും ഒരുമിച്ച് വിളിച്ചുകൊണ്ട് ദീപ്തിയുടെ അടുത്തേക്ക് ചെന്നു.. "പഠിച്ചു കഴിഞ്ഞോ രണ്ടുപേരും... " "ഒരുവിധം കഴിഞ്ഞു..ബാക്കി നാളെ സ്കൂളിൽ ചെന്നിട്ട് നോക്കണം.." ദിവ്യ പറഞ്ഞു.. ശേഷം ദീപുവിന് നേരെ നോക്കി കണ്ണ് കൊണ്ട് എന്തോ കാണിച്ചു.. ഉടനടി അവൻ ഇല്ലെന്ന മട്ടിൽ തലയാട്ടി.. "രണ്ട് പേർക്കും എന്തോ പറയാൻ ഉണ്ടല്ലോ.. " "അത്.. ചേച്ചി.. " "ങ്ഹാ.. പോരട്ടെ.. " "ഓട്ടോഗ്രാഫ് വാങ്ങിക്കാൻ... "

"വാങ്ങിക്കാൻ.. " കാര്യം മനസ്സിലായിട്ടും വീണ്ടും ചോദിച്ചു.. "പൈസ... " "എത്ര വേണം.." "കൂടുതലൊന്നും വേണ്ട..നൂറ് രൂപ മതി... " ദീപു ഉടനെ പറഞ്ഞു.. നാളെ ഞാൻ ഇറങ്ങുമ്പോൾ എന്നെയൊന്ന് ഓർമിപ്പിച്ചാൽ മതി.. "ദീപ്തി.. പിള്ളേരേയും കൂട്ടി അത്താഴം കഴിക്കാൻ വാ.." "ദാ വരുന്നു.. അച്ഛൻ കഴിച്ചോ.." അയാളുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... "ഞാനിച്ചിരി കഞ്ഞി കുടിച്ചു.. മക്കള് പോയി കഴിച്ചിട്ടു വാ.." കാൽകീഴിൽ കിടന്നിരുന്ന പുതപ്പെടുത്ത് നെഞ്ച് വരെ പുതപ്പിച്ചു കൊണ്ട് പിള്ളേരേയും കൂട്ടി അത്താഴം കഴിക്കാൻ ചെന്നു.. ചൂട് കഞ്ഞിയും പയറും അമ്മയും മക്കളും ഒരുമിച്ചിരുന്ന് കഴിച്ചു.. അവരുടെ സ്വർഗ്ഗമായിരുന്നു ഓട് മേഞ്ഞ ആ കുഞ്ഞു വീട്.. നാളെ നേരത്തെ തന്നെ ജ്വല്ലറിയിലേക്ക് ചെല്ലാൻ പറഞ്ഞതുകൊണ്ട് ദീപ്തി വേഗം കഴിച്ചെഴുന്നേറ്റു റൂമിൽ പോയി കിടന്നു.. കടയിൽ ഇന്ന് നല്ല തിരക്കായിരുന്നു...അതിന്റെ ക്ഷീണം ശരീരത്തേയും ബാധിച്ചിരുന്നു.. ബെഡിലേക്ക് കിടന്നതേ കണ്ണുകൾ അടഞ്ഞു.. കണ്ണിൽ ഉറക്കം പിടിച്ചു വന്നതും അവളുടെ ഇരു വശത്തുമായി ദിവ്യയും ദീപുവും വന്നു കിടന്നു...

അവരേയും ചേർത്ത് പിടിച്ചുകൊണ്ടു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.. **** ആറ് മണിയുടെ അലാറം അടിച്ചതും ദീപ്തി അഴിഞ്ഞു കിടന്നിരുന്ന മുടിയും വാരിച്ചുറ്റി എഴുന്നേറ്റു.. പിള്ളേരെ ഉണർത്തേണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ മുറിവിട്ടിറങ്ങി.. അടുക്കളയിൽ നിന്നും തട്ടും മുട്ടും കേൾക്കുന്നുണ്ട്.. അതിൽ നിന്നും മനസ്സിലായി അമ്മ എഴുന്നേറ്റിട്ടുണ്ടെന്ന്.. ചെന്ന് നോക്കിയപ്പോൾ അമ്മ സാമ്പാർ ഉണ്ടാക്കാൻ തുടങ്ങുകയാണ്.. ഇഡലി ആവിയിൽ കിടന്ന് വേവുന്നുണ്ട്.. ചാരിയിട്ടിരുന്ന അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. ബ്രഷും പേസ്റ്റും എടുത്ത് ബാത്റൂമിലേക്ക് കയറി.. വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളൂ.. വെട്ടം വീഴാൻ കാത്തിരുന്നാൽ ഇന്നും ലേറ്റ് ആവും എന്നറിയാവുന്നത് കൊണ്ട് വേഗം തന്നെ ചൂലെടുത്തു മുറ്റം തൂത്തു.. അലക്കാൻ ഉണ്ടായിരുന്ന മുഷിഞ്ഞ തുണിയെല്ലാം അലക്കിയിട്ടു കുളിയും കഴിഞ്ഞാണ് പിന്നെ അകത്തേക്ക് കയറിയത്.. റൂമിലേക്ക് കയറി അലമാരയിൽ നിന്നും യൂണിഫോമിന്റെ സാരിയെടുത്തു വൃത്തിയിൽ ഉടുത്തു..

പിള്ളേരെ വിളിച്ചുണർത്തി ബാഗും എടുത്ത് അടുക്കളയിലേക്ക് തന്നെ ചെന്നു.. ബാഗ് അമ്മയുടെ കൈയിൽ കൊടുത്ത് പാത്രം എടുത്ത് അതിലേക്ക് രണ്ട് ഇഡ്ഡലിയും കുറച്ച് ചമ്മന്തിയും എടുത്തു.. അവിടെ നിന്ന് കൊണ്ട് തന്നെ കഴിച്ചു.. "ഇരുന്ന് കഴിക്ക് കുട്ടീ.. " "സമയമില്ലമ്മേ.. ഇപ്പോൾ തന്നെ എട്ടര കഴിഞ്ഞു.. " കഴിച്ച പാത്രം സിങ്കിലേക്കിട്ട് കൈ കഴുകി.. അമ്മയുടെ നേര്യതിന്റെ തുമ്പിൽ മുഖം തുടച്ചു.. ചോറും വെള്ളവും ബാഗിലേക്ക് വെച്ചു അവളെ ഏൽപ്പിച്ചു.. അമ്മയോട് യാത്ര പറഞ്ഞവൾ ഇറങ്ങി.. അച്ഛൻ ഇപ്പോഴൊന്നും എണീക്കില്ല.. പച്ച മരുന്നാണെങ്കിലും അതിന്റെ ക്ഷീണം അച്ഛന് ഉണ്ടാവാറുണ്ട്.. അതാണ് എണീക്കാൻ വൈകുന്നത്.. "ഓ...മറന്നു..." കാലിലിട്ട ചെരുപ്പ് വീണ്ടും അഴിച്ചു വെച്ച് അകത്തേക്ക് നടന്നു.. അമ്മയുടെ കയ്യിലേക്ക് ഇരുന്നൂറ് രൂപ വെച്ചു കൊടുത്തു..നൂറ് രൂപ കുട്ടികൾക്കു കൊടുക്കാനും ബാക്ക് നൂറ് കൊണ്ട് മീൻ വാങ്ങിക്കാനും പറഞ്ഞു അവൾ ധൃതിയിൽ ഇറങ്ങി.. ഇപ്പോഴേ ഇറങ്ങിയാലേ എട്ടേമുക്കാലിന്റെ ബസ് കിട്ടൂ.. അല്ലേൽ പിന്നേ ഒമ്പതേകാലിന്റെ ബസ്സിലേ ടൗണിലേക്ക് എത്താൻ പറ്റൂ... ഇടറോഡിലൂടെ നടക്കുമ്പോൾ ഏറെയും പരിചയക്കാരാണ്. അവർ ചോദിക്കുന്നതിനെല്ലാം ഒറ്റ വാക്കിൽ മറുപടി പറഞ്ഞു നടത്തതിന്റെ സ്പീഡ് കൂട്ടി..

കവലയിൽ എത്തിയതേ ടൗണിലേക്കുള്ള ബസ് വന്നു.. രാവിലെ ആയത് കൊണ്ട് തന്നെ നല്ല തിരക്കുണ്ടായിരുന്നു..തിരക്കിനിടയിൽ കൂടി എങ്ങനെയോ ബസിനുള്ളിൽ കയറി പറ്റി... ഇത് ദീപ്തി... പാവമൊരു സ്കൂൾ മാഷായ കരുണാകരന്റെയും വീട്ടമ്മയായ രാധയുടേയും മൂന്ന് മക്കളിൽ മൂത്തവൾ.. താഴെയുള്ളത് ദിവ്യ, ദീപക്... ഇരുവരും ഇരട്ടകളാണ്,,, പത്താം ക്ലാസ്സിൽ പഠിക്കുന്നു,,പഠിത്തത്തിൽ ഇരുവരും മിടുക്കരാണ്..അതുകൊണ്ട് തന്നെ പഠനവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങൾക്കും ദീപ്തി തടസ്സം പറയാറില്ല.. ദീപ്തി ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛന് ആക്‌സിഡന്റ് പറ്റിയത്.. അതിൽ പിന്നെ മാഷിന് അരക്ക് കീഴ്പോട്ടുള്ള ചലന ശേഷി നഷ്ടപ്പെട്ടു.അതുവരെ അയാളുടെ തണലിൽ ജീവിച്ചിരുന്ന അവരുടെ ജീവിതത്തിന്റെ താളം തെറ്റി.. ഉണ്ടായിരുന്ന ചെറിയ വീട് പണയപ്പെടുത്തി അച്ഛന്റെ ചികിത്സ നടത്തി..വലിയ വലിയ ഹോസ്പിറ്റലുകളിൽ ചികിത്സ നടത്തിയിട്ടും ഫലമൊന്നും ഉണ്ടായില്ല.. അതിന് ശേഷമാണ് ആയുർവേദചികിത്സ തുടങ്ങിയത്...

കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോകണമെങ്കിൽ തനിക്കൊരു ജോലി കൂടിയേ തീരൂ എന്നുള്ളത് കൊണ്ട് ഡിഗ്രി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു അച്ഛന്റെ സുഹൃത്തിന്റെ ജ്വല്ലറിയിൽ റിസപ്ഷനിസ്റ്റായി ജോലിക്ക് കയറി... പതിനയ്യായിരം രൂപയാണ് മാസം കിട്ടുന്നത്.. അതിൽ നിന്നും അച്ഛന്റെ ചികിത്സയും വീടിന്റെ ലോണും കുട്ടികളുടെ പഠന ചിലവും വീട്ടു ചിലവും എല്ലാം നടക്കണം.. ഇതെല്ലാം നടത്തി വരുമ്പോൾ മാസവസാനം മിച്ചം എന്ന് പറയാൻ അഞ്ഞൂറ് രൂപ പോലും തികച്ചെടുക്കാൻ ഉണ്ടാവില്ല കയ്യിൽ..ഡിഗ്രി കംപ്ലീറ്റ് ആവാത്തത് കൊണ്ട് തന്നെ ഇതിലും നല്ലൊരു ജോലി വേറെ കിട്ടാനില്ലതാനും..എന്നെങ്കിലുമൊരിക്കൽ തന്റെ കഷ്ടപ്പാട് തീരുമെന്നവൾക്കും ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു.. (തുടരും..)

വായനക്കാരേ.. പുതിയൊരു കഥക്ക് തുടക്കം കുറിക്കുകയാണ്.. ഇതുവരെ എന്റെ എല്ലാ കഥകൾക്കും തന്ന പിന്തുണ ഇതിനും നൽകുമെന്ന് വിചാരിക്കുന്നു.. ദീപ്തിയുടെ ജീവിതത്തിലൂടെ കുറച്ച് ദിവസം നമുക്കും സഞ്ചരിക്കാം അവളോടൊപ്പം.. കൂടെ ഉണ്ടാകുമെന്ന് കരുതുന്നു.. 💕 ©️

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story