മഞ്ഞുരുകും കാലം : ഭാഗം 10

Manjurukumkalam

രചന: ഷംസീന

മാല പണയം വെച്ചതും കയ്യിൽ ഉണ്ടായിരുന്നത് നുള്ളിപെറുക്കിയും കിട്ടിയ പണം പിറ്റേന്ന് രാവിലെ തന്നെ ദീപ്തി ബാങ്കിൽ അടച്ചു.. എത്രയും പെട്ടന്ന് ബാക്കി തുക കൂടി അടക്കാൻ എംഡി ആവശ്യപ്പെട്ടു.. മുന്നിൽ അത് അടക്കാനുള്ള വഴിയൊന്നും ഇല്ലെങ്കിലും വെറുതെയവൾ അതിനൊന്ന് മൂളി... ജ്വല്ലറിയിലേക്ക് പോയി പതിവ് ജോലികളിലേക്ക് തിരിഞ്ഞു.. ശെരിക്കും മടുപ്പായി തുടങ്ങിയിരിക്കുന്നു ജീവിതം...വിശ്രമമില്ലാത്ത ഓട്ടം ശരീരത്തിനെ മാത്രമല്ല ഇടക്ക് മനസ്സിനെയും തളർത്തുന്നു..വീഴ്ചകളിൽ തളരാതെ ചേർത്ത് പിടിക്കാൻ തനിക്കും ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്നവൾ വെറുതെ ആശിച്ചു.. ദീപ്തിയുടെ മുഖത്തെ പ്രസാദയില്ലായ്മ കണ്ട് ജയ അടുത്തു വന്നു കാര്യം തിരക്കി.. മനസ്സിലെ ഭാരം ജയയോട് പറഞ്ഞു തീർത്തപ്പോൾ ഒരാശ്വാസം തോന്നി..എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല..

അത് മാത്രമേ അവൾക്കും പറയാൻ കഴിഞ്ഞുള്ളൂ.. വൈകീട്ട് ജോലി കഴിഞ്ഞ് തിരിച്ചു പോകാൻ നേരം കടയുടെ മുതലാളിയോട് കുറച്ച് പണം കടമായി തരാൻ ദീപ്തി ചോദിച്ചു.. ഉറപ്പൊന്നുമില്ല.. എന്നാലും നോക്കാമെന്നു പറഞ്ഞു... ഇനി അത് കിട്ടിയാൽ തന്നെ പിന്നെയും വേണം നല്ലൊരു തുക ബാങ്കിൽ അടക്കാൻ.. ആലോചിച്ചിട്ടവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. വീട്ടിൽ അമ്മയോടും അച്ഛനോടും പറഞ്ഞിട്ടില്ല ജപ്തി നോട്ടീസ് വന്ന കാര്യം.. പറഞ്ഞാൽ തന്നെ ആ പാവങ്ങൾ എന്ത് ചെയ്യാൻ ആണ്.. മനസ്സ് വിഷമിപ്പിക്കാം അത്ര തന്നെ.. അച്ഛന് ഇപ്പോൾ നല്ല മാറ്റമുണ്ട് അതുകൊണ്ടു തന്നെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആണ് വൈദ്യര് അച്ഛനോട് പറഞ്ഞിരിക്കുന്നത്.. അമ്മയ്ക്കും ബിപിയുണ്ട്.. പെട്ടന്നിത് കേൾക്കുമ്പോൾ അമ്മയും തളർന്നു പോകും..അപ്പോഴും തോറ്റ് പോകുന്നത് താൻ തന്നെ ആയിരിക്കും.. ഓരോന്നങ്ങനെ മനസ്സിൽ കണക്ക് കൂട്ടി ബസിൽ ഇരുന്ന് ഉറങ്ങിപോയിരുന്നു ദീപ്തി.. കണ്ടക്ടർ വന്നു ഇറങ്ങാറായി എന്ന് പറഞ്ഞു തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്..

"ഇതെന്താ പതിവില്ലാത്തൊരു ഉറക്കം.. " സ്ഥിരം കയറുന്ന ആളായത് കൊണ്ട് ദീപ്തിയെ അയാൾക്ക് പരിചിതമായിരുന്നു.. മറുപടിയായി അയാൾക്കൊരു പുഞ്ചിരിയും സമ്മാനിച്ചു ബസിൽ നിന്നിറങ്ങി കാലുകൾ വലിച്ചു വെച്ചു വീട്ടിലേക്ക് നടന്നു.. ***** "ജയേ.. " തൊഴുതിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നാരോ വിളിച്ചത്.. ജയ തിരിഞ്ഞുനോക്കി.. തന്റെ അടുത്തേക്ക് ചിരിയോടെ നടന്നു വരുന്ന മല്ലികയെ കണ്ടു അവളുമൊന്ന് ചിരിച്ചു.. "ഈ നേരത്തൊരു ദർശനം പതിവില്ലാത്തതാണല്ലോ.. " ജയയുടെ അടുത്തെത്തിയതേ മല്ലിക ചോദിച്ചു.. "മോൾടെ പേരിലൊരു വഴിപാട് ഉണ്ടായിരുന്നു.. " പറയുന്നതോടൊപ്പം ഇരുവരും മുന്നോട്ട് നടന്നു.. "നിന്നെയിപ്പോ അവിടേക്കൊന്നും കാണുന്നില്ലല്ലോ..ഗോപു ചോദിക്കാറുണ്ട് ജയേച്ചി വരാറില്ലേ എന്ന്.." "സമയം ഇല്ലാത്തത് കൊണ്ടാണ് ചേച്ചി..എന്തായാലും ഒഴിവു പോലൊരു ദിവസം ഞാൻ ഇറങ്ങാം.. കാശിയേട്ടൻ.." ജയ ചോദിക്കാനായി മടിച്ചു.. "അത് പോലെ തന്നെ മാറ്റമൊന്നും ഇല്ല.. ആരോടും മിണ്ടാതെ മുറിയിലങ്ങനെ അടച്ചിരിക്കും..

പിന്നേയും അമ്മുക്കുട്ടിയെ കാണുമ്പോഴായിരുന്നു പുറത്തേക്കിറങ്ങിയിരുന്നത്.. ഇപ്പോൾ അതും ഇല്ലല്ലോ.." മല്ലിക വേദനയോടെ പറഞ്ഞു നിർത്തി..നെടുവീർപ്പിട്ടു.. "പിന്നീട് ഡോക്ടറേയൊന്നും കാണിച്ചില്ലേ.." "കാണിച്ചു..അദ്ദേഹവും കൈ ഒഴിഞ്ഞമട്ടാണ്.. അവനൊരു മാറ്റം ആവശ്യമാണെന്ന് പറഞ്ഞു.. അത് ചിലപ്പോൾ ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥലത്ത് നിന്നോ ആവാം .. ഡോക്ടർ പറഞ്ഞത് വെച്ച് ഈ നാട് തന്നെ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾ ഒരുങ്ങി.. പക്ഷേ കാശി വഴങ്ങിയില്ല.. അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണ് വിട്ട് എവിടേക്കും വരുന്നില്ലെന്ന് പറഞ്ഞു.. പിന്നെയുള്ളത് അവനെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു.. അതിനവൻ പാതി സമ്മതം മൂളിയെങ്കിലും മാണിക്യ മംഗലത്തെ ഭ്രാന്തനായ ചെറുക്കന് പെണ്ണ് തരാൻ ആരും തയ്യാറല്ല..ആ പ്രതീക്ഷയും അവിടെ അവസാനിച്ചു.."

നേര്യതിന്റെ തുമ്പാൽ മിഴികോണിൽ നിന്നും ഒഴുകി വന്ന കണ്ണുനീരൊപ്പി.. "ചേച്ചി വിഷമിക്കാതെ.. കാശിയേട്ടന് വേണ്ടി ജനിച്ചവൾ ഇവിടെ തന്നെ ഉണ്ടാവും.. വൈകാതെ അവൾ കാശിയേട്ടനിലേക്ക് എത്തും.. പ്രതീക്ഷ കൈ വിടരുത്.. നമ്മുടെയെല്ലാം ഓരോ ദിവസവും ആരംഭിക്കുന്നത് തന്നെ പുത്തൻ പ്രതീക്ഷകളിൽ നിന്നല്ലേ.." ജയ മല്ലികയുടെ കൈ കവർന്നെടുത്തു ആശ്വസിപ്പിച്ചു.. "എന്റെ കുഞ്ഞിന് വേണ്ടി എത്ര പണം മുടക്കാനും ഞാൻ തയ്യാറാണ്.. അവൻ പഴയത് പോലെ കളിച്ചു ചിരിച്ചു സന്തോഷത്തോടെ നടക്കുന്നതൊന്ന് കണ്ടാൽ മതി.." വാക്കുകളിൽ ഒരമ്മയുടെ ആവലാതിയുണ്ടായിരുന്നു.. ജയ മല്ലിക പറഞ്ഞതിനെ കുറിച്ചാലോചിച്ചു..ശോഭയോടെ ഒരുവളുടെ മുഖം ജയയുടെ മനസ്സിൽ തെളിഞ്ഞു.. "നീയെന്താ ജയേ ആലോചിക്കുന്നെ.." മല്ലിക ചിന്തിച്ചു നിൽക്കുന്ന ജയയുടെ തോളിലൊന്ന് തട്ടി..

"ഏയ്‌ ഒന്നൂല്യ മല്ലികേച്ചി....ഇനി കാണുമ്പോൾ ചിലപ്പോൾ ചേച്ചിക്ക് സന്തോഷിക്കാനുള്ളൊരു വകയുമായിട്ടായിരിക്കും ഞാൻ വരുന്നത്.." അത്ര മാത്രം പറഞ്ഞുകൊണ്ടവൾ അവിടെ നിന്നും നടന്നു നീങ്ങി.. ജയ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ മല്ലിക അവൾ പോയ വഴിയേ നോക്കി നിന്നു.. ***** വീട്ടിൽ തിരിച്ചെത്തിയ മല്ലിക വീടാകെ അലങ്കോലപെട്ട് കിടക്കുന്നത് കണ്ട് തറഞ്ഞു നിന്നു.. ചിന്നി ചിതറി കിടക്കുന്ന കുപ്പിചില്ലുകൾക്കിടയിലൂടെ പതിയെ അവർ കാലുകൾ എടുത്ത് വെച്ചു മുന്നോട്ട് നടന്നു... "ഗോപൂ.. ഗോപൂ.. " ചുറ്റും നോക്കിയവർ വിളിച്ചു.. "ചെറിയമ്മേ.. " അടഞ്ഞു കിടന്നിരുന്ന വാതിൽ വലിച്ചു തുറന്ന് കൊണ്ട് ഗോപിനാഥ് അവിടേക്ക് വന്നു... അവന്റെ ചുവന്നു കലങ്ങിയ കണ്ണുകൾ കണ്ട മല്ലികയുടെ ഉള്ളുനൊന്തു.. "ന്താ കുട്ട്യേ ഇണ്ടായേ... " വ്യസനത്തോടെയവർ അവനെ മാറിലേക്ക് ചേർത്ത് പിടിച്ചു.. "അവിടെ.. ഏട്ടൻ... " ഹാളിലെ ഗോവണിയുടെ താഴെയുള്ള മൂലയിലേക്കവൻ കൈ ചൂണ്ടി...അവരുടെ കണ്ണുകളും അവിടേക്ക് ചലിച്ചു..

ഹാളിന്റെ മൂലയിൽ മുട്ടിൽ മുഖമൊളിപ്പിച്ചു പതുങ്ങിയിരിക്കുന്ന കാശിയെ കണ്ട് അവരുടെ ഉള്ളിൽ നിന്നൊരു ഗദ് ഗദം വന്നു തൊണ്ട കുഴിയിൽ തടഞ്ഞു നിന്നു.. കുറേ നാലുകളായി ഇതുപോലൊരു ഭ്രാന്തമായ അവസ്ഥയിൽ നിന്നും തന്റെ കാശിക്ക് മോചനം കിട്ടിയതായിരുന്നു.. വീണ്ടും പഴയ അവസ്ഥയിലേക്കവനെ തള്ളിവിട്ട ദൈവത്തോടവർക്ക് അന്നേരം ദേഷ്യം തോന്നി.. തന്റെ തോളിലേക്ക് ചാഞ്ഞു കരച്ചിലടക്കാൻ പാട് പെടുന്ന ഗോപുവിനെ അവിടെയുള്ള കസേരയിലേക്കിരുത്തി ഏറി വന്ന ഹൃദയമിടിപ്പോടെ അവർ കാശിയുടെ അരികിലേക്ക് നടന്നു... "മോനെ.. കാശി.. " വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി.. പൊടുന്നനെ തലയുയർത്തിയ അവന്റെ തീക്ഷണമായ കണ്ണുകൾ കണ്ടവർ കൈ പിൻവലിച്ചു.. "കാശി.. എഴുന്നേൽക്ക് വാ നമുക്ക് മുറിയിലേക്ക് പോവാം.. " മല്ലിക അവനെ അനുനയിപ്പിച്ചിച്ചു.. "ഞാൻ വരില്ല... നിക്ക് പേടിയാ.." കൊച്ചു കുട്ടികളെ പോലെയവൻ പറഞ്ഞു ഒന്നുകൂടെ ചുവരിനോട് ചേർന്നിരുന്നു..

"പേടിക്കാനൊന്നുമില്ല.. മോനൊന്ന് ഉറങ്ങി എണീറ്റാൽ ഈ പേടിയെല്ലാം പോവും.. വാ എഴുന്നേൽക്ക്.. " അവർ അവനെ നിലത്ത് നിന്നും ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു മുറിയിലേക്ക് നടന്നു... "ഇവിടെ കിടക്ക്.. ചെറിയമ്മ ഇപ്പൊ വരാം.. " ആർദ്രമായി പറഞ്ഞിട്ടവർ പുറത്തേക്കിറങ്ങി.. തിരികെ വരുമ്പോൾ ഗോപുവും ഉണ്ടായിരുന്നു കൂടെ.. കണ്ണുകൾ തുറന്ന് മുകളിലേക്ക് നോക്കി കിടക്കുന്ന കാശിയുടെ അരികിലായി മല്ലിക വന്നിരുന്നു തലയിൽ തലോടി...ആ സ്വാന്ത്വനത്തിൽ അവന്റെ കണ്ണുകൾ അടഞ്ഞു പോകുന്നത് കണ്ട ഗോപു കയ്യിൽ കരുതിയിരുന്ന മരുന്ന് നിറച്ച സിറിഞ്ച് കാശിയുടെ കൈ ഞരമ്പിലേക്ക് കുത്തി.. അവനൊന്ന് ഞരങ്ങി..മുഖം ചുളിഞ്ഞു.. കാശിയുടെ മുഖത്തെ വേദന കാണാൻ കഴിയാതെ മല്ലിക കണ്ണുകളെ ഇറുകെ മൂടി..

മരുന്നവന്റെ സിരകളിലൂടെ ഒഴുകി പ്രവർത്തിച്ചു തുടങ്ങിയതും പാതിയടഞ്ഞ കണ്ണുകൾ മുഴുവനായും അടച്ചുകൊണ്ട് സ്വപ്‌നങ്ങൾ ഇല്ലാത്ത നിദ്രയിലേക്കവൻ ആഴ്ന്നു വീണു.. അവനുറങ്ങിയെന്ന് കണ്ടതും മല്ലിക ഗോപുവിന് നേരെ തിരിഞ്ഞു.. "ഞാൻ ടീവിയിൽ മൂവി കാണുകയായിരുന്നു.. ഏട്ടൻ പിറകിൽ വന്നു നിന്നത് ഞാൻ അറിഞ്ഞില്ല.. സിനിമയിൽ വാഹനങ്ങൾ തമ്മിൽ ആക്‌സിഡന്റ് ആവുന്നൊരു ഭാഗം വന്നതും ഏട്ടൻ അലറി വിളിച്ചു എല്ലാം എടുത്തെറിഞ്ഞു പൊട്ടിച്ചു.. ഞാൻ തടയാൻ കുറേ ശ്രമിച്ചു .. പക്ഷേ ഏട്ടൻ കൂടുതൽ..." ബാക്കി പറയാൻ കഴിയാതെയവൻ വിതുമ്പിക്കൊണ്ട് മല്ലികയുടെ മടിയിലേക്ക് ചാഞ്ഞു.. തന്റെ മക്കളുടെ ദുരിതം നിറഞ്ഞ ജീവിതം ഓർത്ത് അവരുടെ ഉള്ളിലെ അമ്മ മനം വേദനിച്ചു കൊണ്ടിരുന്നു... ഒന്നും ചെയ്യാൻ കഴിയാത്തൊരു നിസ്സഹായയായി പോയല്ലോ താനെന്നോർത്തവർക്ക് നെഞ്ചു പിടഞ്ഞു......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story