മഞ്ഞുരുകും കാലം : ഭാഗം 11

Manjurukumkalam

രചന: ഷംസീന

മുഷിഞ്ഞ തുണികൾ അലമ്പി പിഴിഞ്ഞു അഴയിൽ വിരിക്കുമ്പോഴാണ് വേലി കടന്നു വരുന്ന ജയയെ ദീപ്തി കണ്ടത്.. ബക്കറ്റിൽ ഉണ്ടായിരുന്ന അവശേഷിച്ച ഷർട്ട്‌ കൂടെ അഴയിലേക്കിട്ട് നനഞ്ഞ കൈ ഇട്ടിരുന്ന ചുരിദാറിന്റെ ടോപ്പിൽ തുടച്ചു പുഞ്ചിരിയാലെ ജയയുടെ അടുത്തേക്ക് ചെന്നു.. ദീപ്തിയെ കണ്ടതും ജയയും ചിരിച്ചു.. "ഇതെന്താ ചേച്ചി ഈ വഴിക്കൊക്കെ പതിവില്ലാത്തതാണല്ലോ.. " "അതെന്താടി പെണ്ണേ എനിക്ക് ഇങ്ങോട്ട് വന്നൂടെ.. " ജയ പരിഭവിച്ചു.. "ഹാ പിണങ്ങാതെ,, ഞാൻ ചുമ്മാ പറഞ്ഞതല്ലെ.. മോളെ കൊണ്ടുവന്നില്ലേ.." ദീപ്തി ജയയുടെ പിറകിലേക്ക് നോക്കി ചോദിച്ചു.. "ഞാൻ ബസിനാ വന്നത്.. മോളെയും താങ്ങി ബസിൽ കയറാൻ ബുദ്ധിമുട്ടാണ്.. അതുകൊണ്ട് അവളെ അമ്മയെ ഏൽപ്പിച്ചിങ്ങു പോന്നു.. " "ആഹാ.. അപ്പോൾ അമ്മായിയും മരുമോളും ഒന്നായല്ലോ.. " വാക്കുകളിൽ കുസൃതി നിറച്ചു ദീപ്തി ചോദിച്ചു.. "എത്രയെന്നു വെച്ചാടി ഇങ്ങനെ വഴക്കും വക്കാണവുമായി നടക്കുന്നേ.. അവർക്ക് മടുപ്പില്ലെങ്കിലും എനിക്ക് മടുത്തു തുടങ്ങി..

ഇപ്പോഴും ഇടക്ക് ചൊറിയാൻ വരാറൊക്കെ ഉണ്ട് ഞാൻ അങ്ങോട്ട് ശ്രദ്ധിക്കാറില്ല.. എന്തോ മോളെ ഭയങ്കര ഇഷ്ടമാണ്.. അതുകൊണ്ട് അവളുടെ കാര്യത്തിൽ ഇപ്പൊ പേടിയില്ല,, അമ്മ നോക്കിക്കോളും.." ജയയുടെ വാക്കുകളിൽ വല്ലാത്തൊരു ആഹ്ലാദം ഉണ്ടായിരുന്നു.. "ഇവിടെ നിന്ന് മുഷിയാതെ ചേച്ചി അകത്തേക്ക് വാ.." ദീപ്തി ജയയേയും കൂട്ടി വീടിനുള്ളിലേക്ക് കയറി.. "അമ്മേ.. അമ്മേ... " ദീപ്തി അകത്തേക്ക് നോക്കി വിളിച്ചു..ജയ അപ്പോഴേക്കും അച്ഛന്റെ അടുത്ത് പോയി വിശേഷമെല്ലാം തിരക്കി... "ഇപ്പൊ എങ്ങനെ ഉണ്ട് മാഷേ.. അസുഖമൊക്കെ കുറവുണ്ടോ..? " ജയയുടെ അദ്ധ്യാപകൻ കൂടിയായിരുന്നു ദീപ്തിയുടെ അച്ഛൻ.. "അങ്ങനെ അങ്ങ് പോവുന്നു കുട്ടീ.. ഭേദമെന്ന് പറയാൻ ഒക്കില്ല.. എന്നാൽ ഭേദമുണ്ട് താനും..എന്റെ കുട്ടിയുടെ നെട്ടോട്ടം കാണുമ്പോൾ ഈശ്വരൻ എന്നെ കൂടുതൽ കിടത്താതെ വേഗം അങ്ങോട്ട് വിളിച്ചെങ്കിൽ എന്നും ആഗ്രഹിക്കുന്നുണ്ട്.." വ്യസനത്തോടെ മാഷ് പറഞ്ഞു.. നര വീണ കൺപീലികൾക്കിടയിൽ ഒരു തുള്ളി കണ്ണുനീർ വന്നു തടഞ്ഞു നിന്നു..

"ദീപ്തി കേൾക്കണ്ട മാഷ് ഇപ്പൊ പറഞ്ഞത്... അവൾ ജീവിക്കുന്നത് തന്നെ നിങ്ങൾക്ക് വേണ്ടിയാ..." "ആ. ഇതാര് ജയലക്ഷ്മിയോ..മോൾക്കിങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ.. " മാഷിനോട് ദീപ്തിയെ കുറിച്ച് പറയുന്നതിനിടയിൽ അമ്മ അവിടേക്ക് കയറി വന്നു.. "ഓർമയുള്ളത് കൊണ്ടല്ലേ അമ്മേ ഇങ്ങോട്ട് വന്നത്.. ഇങ്ങോട്ട് വരുന്നില്ലന്നേ ഉള്ളൂ നിങ്ങളുടെ എല്ലാവരുടേയും വിശേഷം ഞാൻ ദീപ്തിയോട് ചോദിക്കാറുണ്ട്.. " ജയ അടുത്തേക്ക് വന്നു അവരുടെ കൈകൾ കവർന്നു.. "വാ ചേച്ചി ചായ കുടിക്കാം.. " ദീപ്തി ജയയെ കാപ്പി കുടിക്കാനായി വിളിച്ചു.. ഏലക്കാ ഇട്ട നല്ല ചൂട് കട്ടൻചായയും മൊരിഞ്ഞ ഉള്ളിവടയും ദീപ്തി ടേബിളിൽ കൊണ്ട് വന്നു വെച്ചു.. "ദിവ്യയും ദീപുവും എവിടെ.. " ഉള്ളിവടയിൽ നിന്ന് ഒരെണ്ണം എടുത്ത് കടിച്ചു കൊണ്ട് ചോദിച്ചു.. "അവര് ട്യൂഷന് പോയി.. ഇന്ന് അവധിയല്ലേ അതുകൊണ്ട് രാവിലെയാണ് ട്യൂഷൻ.. " ദീപ്തി കസേര വലിച്ചു ജയയുടെ എതിർ വശത്തായി ഇരുന്നു.. "അമ്മയും ഇരിക്ക്.." ജയ അമ്മയെ നിർബന്ധിച്ചു അവിടെ പിടിച്ചിരുത്തി..

"ഞാൻ ഇങ്ങോട്ട് ചുമ്മാ വന്നതൊന്നും അല്ല.. നിങ്ങൾക്കെല്ലാവർക്കും സന്തോഷമുള്ളൊരു വാർത്തയും കൊണ്ടാണ് എന്റെ വരവ്.. " ചൂടുള്ള കട്ടൻ കാപ്പി വലിച്ചു കുടിച്ചു ജയ അവരെ നോക്കി.. ദീപ്തിയും അമ്മയും അതെന്ത് കാര്യമാണെന്നറിയാൻ ജയ ബാക്കി പറയുന്നതിനായി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.. "ഒരു വിവാഹലോചനയുമായിട്ടാണ് എന്റെ വരവ്.." "ആർക്ക്.. " ജയ പറഞ്ഞത് മനസ്സിലാവാതെ ദീപ്തി എടുത്തടിച്ചു ചോദിച്ചു.. "വേറെ ആർക്കാ നിനക്ക് തന്നെ.. " "ദീപ്തിക്കോ..എവിടുന്നാ മോളെ പയ്യൻ.." "അമ്മക്കൊക്കെ അറിയുമായിരിക്കും,,, മാണിക്യ മംഗലം തറവാട്ടുകാര്.. അവിടെ നിന്നാണ്.. " ഉത്സാഹത്തോടെ ജയ അമ്മയെ നോക്കി.. "അയ്യോ..അവരൊക്കെ വലിയ വലിയ ആളുകളല്ലേ.." "പണം കൊണ്ട് അവർ വലിയവർ ആയിരിക്കും എന്നാൽ ഉള്ള് കൊണ്ട് നമ്മുടെ പോലെ തന്നെ പാവങ്ങളാ...കരുണയുള്ളവരാ.."

ജയയുടെ വാക്കുകളിൽ ആ കുടുബത്തോടുള്ള അളവറ്റ സ്നേഹം കവിഞ്ഞൊഴുകി.. "ചേച്ചി..ഞാനിപ്പോൾ വിവാഹമൊന്നും കഴിക്കാൻ ഉദ്ദേശിച്ചിട്ടില്ല.. അത് ചേച്ചിക്കും അറിയാവുന്നതല്ലേ.. പിന്നെന്തിനാ ഇങ്ങനൊരു ആലോചനയുമായി വന്നത്.." ദീപ്തി നീരസത്തോടെ പറഞ്ഞു.. "അവൾ അതൊക്കെ പറയും..മോള് പറ പയ്യന്റെ പേരെന്താ.." ആകാംഷയോടെ അമ്മ ചോദിച്ചു.. "കാശി നാഥൻ... ദീപ്തിക്ക് എന്ത് കൊണ്ടും ചേരും.." ജയ അവളെയൊന്ന് നോക്കി..ദീപ്തി കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ മുഖം തിരിച്ചു.. "മോള് മാഷിനോട് കൂടിയൊന്ന് ചോദിക്കൂ... എല്ലാവർക്കും താല്പര്യം ആണേൽ നമുക്ക് മുന്നോട്ട് പോവാം.. " അമ്മ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.. ജയ അവിടുന്നെണീറ്റ് മാഷിന്റെ അടുത്തേക്ക് പോയി കാര്യങ്ങളെല്ലാം പറഞ്ഞു.. മാഷിനും എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല..ജയയുടെ ഉള്ളിൽ നേരിയ പ്രതീക്ഷ മുള പൊട്ടി.. "ചേച്ചി ഇങ്ങ് വന്നേ... " മാഷിന്റെ മുറിക്ക് പുറത്ത് നിന്ന് എല്ലാം കേട്ട ദീപ്തി ജയയുടെ കയ്യിൽ പിടിച്ചു വലിച്ചു മുറ്റത്തേക്കിറങ്ങി..

"ചേച്ചിയിത് എന്ത് ഉദ്ദേശിച്ചാ..എന്റെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ..എന്റെ കൊച്ചുങ്ങളെ ഒരു കരപറ്റിക്കാതെ ഞാൻ ആരുടേയും താലിക്കു മുന്നിൽ കഴുത്ത് നീട്ടില്ല..ഇത് ദീപ്തിയുടെ വാക്കാ.." ദീപ്തി മുറുകിയ മുഖത്തോടെ പറഞ്ഞു.. "നീയിങ്ങനെ ടെൻഷൻ ആവാതെ ദീപ്തി..ഈ ഒരു വിവാഹം കൊണ്ട് നിന്റെ എല്ലാ പ്രശ്നങ്ങളും സോൾവ് ആവും.. നിന്റെ കൂടപ്പിറപ്പുകളുടെ ഭാവിയും സുരക്ഷിതമാവും.." ജയ അവളെ അനുനയിപ്പിച്ചു... "ചേച്ചി എന്താ പറഞ്ഞു വരുന്നത്.. " "നീ കാശി നാഥനെ വിവാഹം കഴിക്കുകയാണെങ്കിൽ നിന്റെ എല്ലാ കട ബാധ്യതയും അവർ വീട്ടും.. പിന്നെ ദിവ്യയുടേയും ദീപുവിന്റെയും എല്ലാ പഠന ചിലവും അവർ ഏറ്റെടുക്കും.. മാഷിന്റെ മുന്നോട്ടുള്ള ചികിത്സയുടെ കാര്യങ്ങളും നോക്കും.." "ഞാൻ അയാളെ വിവാഹം ചെയ്യുന്നതിന് പകരമായി അവരെന്തിനാണ് തിരികെ എന്നെ സഹായിക്കുന്നത്.. " ദീപ്തി ഉള്ളിലുള്ള സംശയം അത് പോലെ ചോദിച്ചു.. "അതിന് കാരണമുണ്ട് ദീപ്തി... കാശി സാധാരണ മനുഷ്യരെ പോലെയല്ല.. അവന് മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ട്..

അതുകൊണ്ടാണവർ ഇങ്ങനൊരു ഓഫർ മുന്നോട്ട് വെച്ചത്.." "ചേച്ചി.. " അവൾ ഇടറിയ സ്വരത്തോടെ ജയയെ വിളിച്ചു.. ഒരുവേള ജയക്കും അവളുടെ അവസ്ഥയോർത്ത് സഹതാപം തോന്നി.. "നോവിന്റെ കാണാ കയങ്ങളിലേക്ക് വീഴാൻ അനുവദിക്കാതെ ദൈവം നിന്റെ മുന്നിലേക്ക് ഇട്ട് തന്നൊരു കച്ചിതുരുമ്പാണിത്..എനിക്ക് ആ കുടുംബത്തോടുള്ള സ്നേഹം കൊണ്ട് പറയുകയൊന്നും അല്ല ഞാൻ.. നിന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.. അതിലുപരി നിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ടും.. കാശിയെ നീ വിവാഹം ചെയ്താലും അയാളാലൊരു ദോഷവും നിനക്കുണ്ടാവില്ല നന്മയെ ഉണ്ടാവൂ.. ഒരിക്കലും നിന്റെ മേൽ ഞാനിത് അടിച്ചേൽപ്പിക്കില്ല.. നിന്റെ പൂർണ തൃപ്തി അതാണ് വേണ്ടത്..നീ ആലോചിച്ചിട്ടൊരു തീരുമാനം പറ.. ഞാൻ ഇറങ്ങട്ടെ..അല്ലേൽ ഇനി കവലയിൽ നിന്നും ബസ് കിട്ടില്ല.." അരുമയോടെ ദീപ്തിയുടെ തോളിലൊന്ന് തട്ടി ജയ നടന്നു നീങ്ങി.. എന്ത് തീരുമാനം എടുക്കണമെന്നറിയാതെ ദീപ്തിയുടെ മനസ്സ് ഉഴറി....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story