മഞ്ഞുരുകും കാലം : ഭാഗം 12

Manjurukumkalam

രചന: ഷംസീന

ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പോയി കൊണ്ടിരുന്നു... ദീപുവിന്റെയും ദിവ്യയുടേയും പബ്ലിക് എക്സാം കഴിഞ്ഞു.. ഇരുവർക്കും മികച്ച വിജയം തന്നെ കൈ വരിക്കാൻ കഴിയുമെന്ന് ദീപ്തിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു.. അച്ഛന്റെ കിടത്തി ചികിത്സക്കിനി രണ്ട് മാസം കൂടിയേ ഉള്ളൂ.. അതിനും വേണം നല്ലൊരു തുക.. കൂടെ ബാങ്കിലെ ലോണും.. മുഴുവൻ തുകയും അടച്ച് ലോൺ ഒന്ന്കൂടി പുതുക്കിയാൽ ചികിത്സക്കുള്ള പണം കിട്ടും...ബാങ്കിലെ മേനേജർ പറഞ്ഞ അവധി കഴിയാൻ ഇനി ഒരാഴ്ച്ച കൂടിയേ ഉള്ളൂ.. അതിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്.. എന്ത് ചെയ്യും എന്നാലോചിച്ചു അവൾ വേവലാതിപെട്ടു.. അച്ഛന്റെ ചികിത്സക്കുള്ള പണമെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ അതൊരു വലിയ ആശ്വാസം തന്നെയാവും..

ഓരോന്നും ആലോചിച്ചു മനസ്സിന്റെ സമാധാനം നഷ്ടപ്പെടുന്നെന്ന് തോന്നിയ ദീപ്തി കിടന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നു.. എത്ര ദിവസമായി താനൊന്ന് സമാധാനമായി ഉറങ്ങിയിട്ട്..കണ്ണടച്ചാൽ കാണുന്നത് മുഴുവൻ തന്റെ മാറിൽ കരഞ്ഞുകൊണ്ട് പതിഞ്ഞിരിക്കുന്ന ദിവ്യയേയും ദീപുവിനെയുമാണ്... അവരുമായി തെരുവിലേക്കിറങ്ങുന്നത് തനിക്ക് ആലോചിക്കാൻ കൂടി കഴിയുന്നില്ല.. ഈശ്വരൻ തനിക്ക് മുന്നിൽ എന്തെങ്കിലുമൊരു വഴി കാണിച്ചു തരുമായിരിക്കും... നിദ്ര കണ്ണുകളെ പുൽകില്ലെന്നറിഞ്ഞിട്ടും ദീപ്തി വെറുതെ കട്ടിലിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു.... **** "വിഷ്ണുവേട്ടൻ ഉറങ്ങിയോ... " തന്റെ അരികിൽ കിടക്കുന്ന ശ്രുതിയുടെ ചോദ്യം കേട്ട് അവൻ വെറുതെയൊന്ന് മൂളി.. "എന്തേ.. എന്തെങ്കിലും ആവശ്യം ഉണ്ടോ... " കല്യാണം കഴിഞ്ഞു രണ്ട് മാസത്തിൽ അധികമായെങ്കിലും വിഷ്ണു ശ്രുതിയോട് കൂടുതൽ അടുപ്പമൊന്നും കാണിച്ചിരുന്നില്ല..

അത് അവളോട് ഇഷ്ടകുറവുണ്ടായിട്ടൊന്നും അല്ല.. പക്ഷേ എന്തോ മനസ്സ് തുറന്നവളോട് ഇതുവരെ ഒന്ന് ചിരിക്കാൻ പോലും ശ്രമിച്ചിട്ടില്ലവൻ.. അവളൊട്ട് അതിന് ആരോടും പരാതിയും പറഞ്ഞിട്ടില്ല.. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ വിഷ്ണുവേട്ടന്റെ താലി കഴുത്തിൽ അണിഞ്ഞത്.. അതുകൊണ്ട് പൂർണ മനസ്സോടെ എന്നെങ്കിലും ഒരു ദിവസം അവൻ തന്നെ അംഗീകരിക്കുമെന്ന് അവൾ വിശ്വസിച്ചിരുന്നു.. "ഇല്ല.. ഞാൻ വെറുതെ.. ഉറങ്ങിയോ എന്നറിയാൻ.. " ഗൗരവത്തിലുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ പറയാൻ വന്നതവൾ അതുപോലെ വിഴുങ്ങി.. "കാര്യം പറ ശ്രുതി.. " വീണ്ടും ഗൗരവത്തോടെയുള്ള സ്വരം അവിടെ മുഴങ്ങി... "വിഷ്ണുവേട്ടന് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ..? " അവന്റെ നെറ്റിച്ചുളിഞ്ഞു.. "നിനക്കങ്ങനെ തോന്നിയോ..?" വിഷ്ണു അവളുടെ നേരെ കൈ തലയിലേക്ക് താങ്ങി ചെരിഞ്ഞു കിടന്നു..

"അങ്ങനെ ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം..ഒരു അകലം എപ്പോഴും വിഷ്ണുവേട്ടൻ എന്നിൽ നിന്നും പാലിക്കുന്നുണ്ട്.." പറയുമ്പോൾ സ്വരം വല്ലാതെ ചിലമ്പിച്ചു പോയിരുന്നു.... "എടോ ഞാൻ പറഞ്ഞിരുന്നതല്ലേ തന്നോടെല്ലാം.. എനിക്കിത്തിരി സമയം വേണമെന്ന്..എന്നിട്ടും താനെന്താ എന്നെയൊന്ന് മനസ്സിലാക്കാത്തത് " അവന്റെ വാക്കുകളിലെ നീരസം പ്രകടമായിരുന്നു.. "എനിക്കറിയാം..എന്നാലും ചോദിക്കാതിരിക്കാൻ കഴിയുന്നില്ല..എന്നെ നല്ലൊരു സുഹൃത്ത് ആയിട്ടെങ്കിലും കണ്ടൂടെ.." അപേക്ഷാ സ്വരത്തിലവൾ പറഞ്ഞു.. "എനിക്ക് വേണ്ടി വിലയിട്ടയാളെ ഞാനെങ്ങനെ സുഹൃത്തായി കാണും.." വിഷ്ണു എടുത്തടിച്ച പോലെ ചോദിച്ചു.. അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ശ്രുതിക്കാകെ പരിഭ്രമമായി.. "വിഷ്ണുവേട്ടൻ എന്താ പറഞ്ഞത്.. " ശ്രുതി ബെഡിൽ നിന്നും എഴുന്നേറ്റ് മുറിയിൽ ലൈറ്റ് ഓൺ ചെയ്തു..

വെളിച്ചം പരന്നതും അവനും എഴുന്നേറ്റിരുന്നു.. വെളിച്ചത്തിലവന്റെ മുഖം കണ്ടപ്പോൾ ശ്രുതിക്കല്പം ഭയം തോന്നി..ഇത്രയും കടുപ്പത്തോടെ അവനെ കാണുന്നത് ആദ്യമായിട്ടായിരുന്നു.. "ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായില്ല.." വീണ്ടുമവന്റെ ശബ്ദം അവിടെ മുഴങ്ങി.. "സ്വന്തം മകൾക്ക് വേണ്ടി ലക്ഷങ്ങൾ കൊടുത്ത് എന്നെ വിലക്ക് വാങ്ങിയതല്ലേ നിന്റെ അച്ഛൻ..ഇതൊന്നും ഞാൻ അറിയില്ലെന്ന് കരുതിയോ.. സത്യങ്ങൾ ഒരുകാലത്തും മൂടി വെക്കാൻ കഴിയില്ല ശ്രുതി.." നാവുകൾക്ക് കൂച്ചു വിലങ്ങിട്ടത് പോലെ അവൾ മറുപടി പറയാനാവാതെ നിന്നു.. ഈ കല്യാണത്തിന് പിന്നിൽ ഇങ്ങനൊരു ചതി നടന്നിട്ടുണ്ടെന്ന് അവളും അപ്പോഴാണ് അറിഞ്ഞിരുന്നത്.. "വിഷ്ണുവേട്ട,, ഇതൊന്നും.. ഇതൊന്നും എന്റെ അറിവോടെ അല്ല..ഞാനും ഇപ്പോഴാണ് അറിയുന്നത്.." നിറഞ്ഞു വന്ന കണ്ണുകളാൽ അവളവനെ നോക്കി.

. "ഇതൊന്നും അറിയില്ലെന്നോ.. ഇത് വിശ്വസിക്കാൻ മാത്രം അത്ര മണ്ടനൊന്നും അല്ല ഞാൻ.. അല്ലെങ്കിലും എന്നെ എല്ലാവരും കൂടി ഒരു കോമാളി ആക്കുവല്ലായിരുന്നോ.. അറിയാൻ വൈകി പോയി..അറിഞ്ഞിരുന്നേൽ താനിന്നിവിടെ എന്നോടൊപ്പം ഈ മുറിയിൽ ഉണ്ടാവില്ലായിരുന്നു.." കടുത്ത മുഖത്തോടെ പറഞ്ഞുകൊണ്ട് വിഷ്ണു വാതിൽ തുറന്ന് കാറ്റുപോലെ പുറത്തേക്ക് പോയി... "വിഷ്ണുവേട്ട.. ഞാനൊന്ന് പറഞ്ഞോട്ടെ.. " പിന്നിൽ നിന്നും വിതുമ്പലോടെ പറയുന്നതൊന്നുമവൻ ചെവികൊണ്ടില്ല.. തലയിണയിൽ മുഖം അമർത്തിയവൾ പൊട്ടികരഞ്ഞു.. വിഷ്ണുവേട്ടനെ സ്വന്തം ആക്കണമെന്ന് കരുതിയിരുന്നു.. പക്ഷേ അതിങ്ങനെ ഒരു ചതിയിലൂടെ ആവണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല.. വിഷ്ണുവിന്റെ അമ്മക്ക് ഇഷ്ടമായിട്ടാണ് അവർ വിവാഹത്തിന് മുൻ കൈ എടുക്കുന്നത് എന്നാണ് തന്നോട് പറഞ്ഞിരുന്നത്.. തന്റെ അച്ഛൻ വിലപേശി ഈ വിവാഹം നടത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. വിഷ്ണു ഇനി തന്നെ കൂടുതലായി വെറുക്കുമോ എന്ന ചിന്ത അവളുടെ ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ടിരുന്നു..

അതിനാൽ കരച്ചിലിന്റെ ആക്കവും കൂടി... കുറച്ച് സമയം കഴിഞ്ഞു തിരികെ മുറിയിലേക്ക് വന്ന വിഷ്ണു ഉറങ്ങിക്കിടക്കുന്ന ശ്രുതിയെ കണ്ടു.. മുഖത്ത് കണ്ണുനീർ ചാലുകൾ തീർത്ത പാടുകൾ മായാതെ അപ്പോഴും ഉണ്ടായിരുന്നു.. ഒന്ന് നെടുവീർപ്പിട്ടു കൊണ്ടവൻ അവളുടെ അരികിലായി കിടന്നു.. *** "മോളെ ദീപ്തി.." "എന്താ അമ്മേ.. " ചോറ്റ് പാത്രം ബാഗിലേക്ക് വെച്ചുകൊണ്ടവൾ ചോദിച്ചു.. "സാധനങ്ങളെല്ലാം തീർന്നിരിക്കുവാണ്.. മോൾടെ അടുത്ത് പൈസ എന്തേലും ഉണ്ടേൽ വരുമ്പോ എന്തെങ്കിലും കുറച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു കൊണ്ടുവാ..." അവർ മടിച്ചു മടിച്ചു അവളോടായി പറഞ്ഞു.. "എനിക്ക് ഓർമയുണ്ട് അമ്മേ..ഞാൻ വരുമ്പോൾ കൊണ്ടുവരാം.. ഒരു നാലര ആവുമ്പോൾ അച്ഛനെ റെഡിയാക്കി നിർത്തൂ.. ഇന്ന് വൈദ്യരെ കാണാൻ പോവേണ്ടതല്ലേ..." ദീപ്തി ബാഗ് തോളിലിട്ട് മുറ്റത്തേക്കിറങ്ങി വേഗത്തിൽ ബസ്സ്റ്റോപ്പ്‌ ലക്ഷ്യം വെച്ച് നടന്നു..

അന്ന് വിവാഹലോചനയുമായി വന്ന ശേഷം അവളുടെ അനുകൂലമായ മറുപടി ഒന്നും കിട്ടാതെയായപ്പോൾ ജയ പിന്നെ ദീപ്തിയോട് അതിനെ പറ്റി പറഞ്ഞിട്ടില്ല.. മറ്റു പല ചർച്ചകളും അവർക്കിടയിൽ വരുമായിരുന്നെങ്കിലും ഇതിനെ പറ്റി മനപ്പൂർവം രണ്ട് പേരും ഒന്നും പറയാറില്ല.. കടയിലെത്തി പതിവ് ജോലികളിലേക്ക് തിരിഞ്ഞു.. ഇന്നും രണ്ട് മൂന്ന് കല്യാണപാർട്ടികൾ ഓർണമെൻറ്സ് എടുക്കാൻ വന്നത് കൊണ്ട് നിന്ന് തിരിയാൻ സമയം ഉണ്ടായിരുന്നില്ല.. കടയുടെ ഓർണറോട് ആ മാസത്തെ സാലറി മുൻകൂറായി വാങ്ങിച്ചു ദീപ്തി അതുമായി വീട്ടിലേക്ക് തിരിച്ചു .. ബസിൽ നിന്നിറങ്ങി കവലയിൽ നിന്നും കുറച്ച് പലചരക്കു സാധനങ്ങൾ വാങ്ങി..ഒരു ഓട്ടോ പിടിച്ചു വീട്ടിൽ എത്തി അച്ഛനേയും ദീപുവിനെയും എടുത്ത് വൈദ്യരുടെ അടുത്തേക്ക് ചെന്നു.. കുറച്ച് നേരത്തെ പരിശോധനക്കൊടുവിൽ അച്ഛനേയും കൂട്ടി വൈദ്യർ കോൺസൽറ്റിംഗ് റൂമിൽ നിന്നും പുറത്തേക്ക് വന്നു..

അവിടെയുള്ള അറ്റെൻഡർ പുറത്തിരിക്കുന്ന ദീപ്തിയെയും ദീപുവിനെയും വന്നു വിളിച്ചതും അവർ അകത്തേക്ക് കയറി.. "ദീപ്തി ഇരിക്കൂ.. " തെളിഞ്ഞ മുഖത്തോടെ ഇരിക്കുന്ന അച്ഛനെയൊന്ന് നോക്കിയവൾ ചെയറിലേക്കിരുന്നു.. 'ദീപ്തി ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധയോടെ കേൾക്കണം.. " വൈദ്യർ അവളോടായി പറഞ്ഞു.. അവളൊന്ന് തലയാട്ടി വൈദ്യർ പറയുന്നതിനായി കാതോർത്തു.. "മാഷിന്റെ നാഡികളും പേശികളും മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.. നമുക്ക് ഈ ഒരു സാഹചര്യത്തിൽ തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം. രണ്ട് മാസത്തേക്ക് നീട്ടി വെക്കേണ്ടതിന്റെ ആവശ്യമില്ല.. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞു എല്ലാ സജ്ജീകരണങ്ങളോടും കൂടി അച്ഛനെ ഇവിടെ കൊണ്ടുവന്നു അഡ്മിറ്റ് ചെയ്‌തോളൂ..

അതിന് മുന്നേ അഡ്വാൻസ് ആയി രണ്ട് ലക്ഷം രൂപയോളം കെട്ടിവെക്കണം.. ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ ഇത് കുറച്ച് ചിലവേറിയ ചികിത്സാ രീതിയാണെന്ന്.. എത്രയും പെട്ടന്ന് ട്രീറ്റ്മെന്റ് ആരംഭിച്ചാൽ അത്രയും നല്ലത്.." വൈദ്യർ പറഞ്ഞു നിർത്തിയതും ദീപ്തിയുടെ ഉള്ളൊന്നാളി..ഒരു വശത്ത് അച്ഛൻ എത്രയും വേഗം എഴുന്നേറ്റ് നടക്കുമെന്നുള്ള സന്തോഷമാണെങ്കിൽ മറ്റൊരു വശത്ത് ഇത്രയും കുറച്ച് ദിവസത്തിനുള്ളിൽ ഈ വലിയൊരു തുക താൻ എങ്ങനെ കണ്ടെത്തുമെന്നുള്ള വേവലാതിയായിരുന്നു.. എത്രയും വേഗം അച്ഛനെ കൊണ്ടുവന്നു അഡ്മിറ്റ് ചെയ്യാമെന്ന് ഡോക്ടർക്ക് ഉറപ്പ് നൽകി ദീപ്തി മാഷിനേയും ദീപുവിനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ചയിൽ അവളുടെ ഹൃദയം പോലും നിലച്ചു പോയിരുന്നു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story