മഞ്ഞുരുകും കാലം : ഭാഗം 13

Manjurukumkalam

രചന: ഷംസീന

 വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ചയിൽ അവളുടെ ഹൃദയം പോലും നിലച്ചു പോയിരുന്നു.. ഓട്ടോയിൽ ഇരിക്കുന്ന അച്ഛനെ പോലും ശ്രദ്ധിക്കാതെ ഇടറുന്ന കാലടികളോടെ ഓടി.. "എന്താ.. എന്തായിത്... " അവിടെ നിൽക്കുന്ന ബാങ്ക് മേനേജറിനോട് വെപ്രാളത്തോടെ ചോദിച്ചു.. "ജപ്തി നോട്ടീസ് പതിക്കുവാണ്.. " അയാൾ തന്റെ മുന്നിൽ നിൽക്കുന്ന ആ പാവം പെണ്ണിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു... "ഇതിപ്പോ ഇത്ര പെട്ടന്ന്.. ഞാൻ.. ഞാൻ പറഞ്ഞതല്ലേ കുറച്ചൂടെ അവധി വേണമെന്ന്.. എങ്ങനെയെങ്കിലും അടക്കാമെന്ന് പറഞ്ഞതല്ലേ... " പറഞ്ഞപ്പോഴേക്കുമവളുടെ കണ്ണുകൾ ചാലിട്ടൊഴുകിയിരുന്നു..ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു കൊണ്ടവൾ പതിച്ച നോട്ടീസ് വലിച്ചു പറിച്ചു കളയാനായി ഒരുങ്ങി.. "കുട്ടീ ഞങ്ങളുടെ ജോലിയെ തടസ്സപെടുത്തരുത്...ഇത് എംഡി യുടെ തീരുമാനമാണ്..ഇനിയും മൂന്ന് ദിവസമുണ്ട്..

എങ്ങനെയെങ്കിലും അടക്കാൻ നോക്കൂ...അത്ര മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളൂ.." നിസ്സഹായതയോടെ പറഞ്ഞിട്ടയാൾ മറ്റുള്ളവരേയും കൂട്ടി അവിടെ നിന്നും മടങ്ങി... മുറ്റത്തെ ഒരു മൂലയിൽ നിന്ന് നേര്യതിന്റെ തുമ്പാൽ വാ മൂടി വിതുമ്പലടക്കുന്ന അമ്മയെ കണ്ടതും അവളുടെ ഉള്ളൊന്നുലഞ്ഞു... അമ്മയോട് ചാരി ദിവ്യയും നിൽപ്പുണ്ട്.. അവളും ആകെ തളർന്നാണ് നിൽക്കുന്നത്.. നിറഞ്ഞു വന്ന കണ്ണുകളോടെ അവരെ നോക്കി... അപ്പോഴവളുടെ കണ്ണുകളിൽ ജീവിതത്തിൽ തോറ്റു പോയവളുടെ വേദനയായിരുന്നു തളം കെട്ടി നിന്നിരുന്നത്.. അപ്പോഴാണവൾക്ക് തന്റെ അച്ഛനെ പറ്റി ഓർമ വന്നത്.. ഓടി പിടഞ്ഞു അങ്ങോട്ട് ചെന്നതും കണ്ടു ദീപുവിന്റെ കയ്യിൽ ചാരി തളർന്നിരിക്കുന്ന തന്റെ അച്ഛനെ...നരച്ച കൺപീലികളിൽ തങ്ങി നിൽക്കുന്ന മിഴിനീർ തുള്ളികൾ അവളുടെ ഉള്ളം നോവിച്ചു...

വേലിക്കടുത്തും ഇടവഴിയിലും നിന്ന് തന്റെ വീട്ടിലേക്ക് എത്തി നോക്കുന്നവരെ രൂക്ഷമായൊന്ന് നോക്കി അച്ഛനിരുന്നിരുന്ന വീൽ ചെയ്യറും തള്ളിക്കൊണ്ടവൾ അകത്തേക്ക് കയറി,,മനസ്സിന്റെ വിങ്ങലടക്കി കൊണ്ട്...പിറകെ അമ്മയേയും ദിവ്യയേയും ചേർത്ത് പിടിച്ചു ദീപുവും... അവരും കൂടി അകത്തേക്ക് കയറിയതും തുറിച്ചു നോക്കുന്ന കണ്ണുകൾക്ക്‌ മുന്നിലവൾ വാതിൽ കൊട്ടിയടച്ചു... അന്യന്റെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാനാണ് ഇന്നും ആളുകൾക്ക് ഉത്സാഹം..കാലം മാറിയെങ്കിലും മനുഷ്യന്റെ പ്രവർത്തികൾ മാറ്റമില്ലാതെ തന്നെ തുടരുന്നു.. ദീപ്തി നെടുവീർപ്പിട്ടൊന്ന് തിരിഞ്ഞതും കണ്ടു ദയനീയതയോടെ തന്നെ നോക്കുന്ന നാല് ജോഡി കണ്ണുകളെ.... "ന്തിനാ കുട്ടീ എല്ലാ സങ്കടവും ഒറ്റക്ക് മനസിലിട്ട് നീറ്റിക്കൊണ്ടിരുന്നത്.. " അമ്മയുടെ തേങ്ങൽ ഉയർന്നതും ദീപ്തി വന്നവരെ ചേർത്ത് പിടിച്ചു..

"നിക്കൊരു സങ്കടവും ഇല്ലമ്മേ.. നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നതിൽ എനിക്കിന്നും സന്തോഷമേ ഉള്ളൂ..പക്ഷേ ഇവിടെ ഞാൻ തോറ്റുപോയി.. ഞെ കൊണ്ട് കഴിഞ്ഞില്ല.." ദീപ്തി അമ്മയുടെ തോളിലേക്ക് ചാഞ്ഞു അവരെ മുറുകെ പൊത്തി പിടിച്ചു..ചുടു കണ്ണുനീർ അവരുടെ തോളിലൂടെ ഒഴുകി.. 'മോള് വിഷമിക്കാതെ വാ കീറിയ ദൈവം അതിനുള്ള വഴിയും കാണാതിരിക്കില്ല..ന്റെ കുട്ടീ സങ്കടപ്പെടേണ്ട.. ഒന്നും ഒത്തില്ലേൽ നമുക്ക്‌ ഈ വീടങ്ങു വിൽക്കാം.." വേദനയോടെ മാഷ് പറഞ്ഞതും ദീപ്തി അമ്മയുടെ ചുമലിൽ നിന്നും തലയുയർത്തി നോക്കി..മറുപടി പറയാൻ കഴിയാതെയവൾ നിശ്ചലമായി നിന്നു.. അച്ഛനെപ്പോഴും പറയുമായിരുന്നു.. സുഖമായാലും ദുഖമായാലും ഈ കൊച്ചു വീട്ടിൽ മതിയെന്ന്.. തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വിട്ട് എങ്ങോട്ടും വരില്ലെന്ന്... ഇവിടെ കിടന്ന് തന്നെ മരിക്കണമെന്ന്..

അങ്ങനെ ഇത്രയധികം ഇഴയടുപ്പമുള്ള ഈ വീട് വിൽക്കണമെന്ന് പറയുമ്പോൾ അച്ഛന്റെ ഉള്ളം എത്രത്തോളം വേദനിച്ചു കാണും.. ആ ഓർമ്മകൾ അവളുടെ ഉള്ള് പൊള്ളിച്ചു... "ചേച്ചി.. " അച്ഛനടുത്തേക്ക് പോകാൻ നിന്നവളെ പിറകിൽ ഒരലർച്ചയോടെ ദീപു വിളിച്ചതും ഞെട്ടി കൊണ്ടവൾ തിരിഞ്ഞു നോക്കി... നെഞ്ചിൽ കൈ വെച്ച് വേദന തിങ്ങിയ മുഖത്തോടെ ദിവ്യയുടേയും ദീപുവിന്റെയും കയ്യിൽ കിടക്കുന്ന അമ്മയെ കണ്ടതും ഉള്ളിലൊരു ആന്തലുണ്ടായി... "അമ്മേ.. " നിലവിളിച്ചു കൊണ്ടവൾ അമ്മയുടെ അടുത്തേക്കോടി.. അപ്പോഴേക്കുമവരുടെ കണ്ണുകൾ മറിഞ്ഞു കൊണ്ടിരുന്നു.. ദീപ്തി വെപ്രാളത്തോടെ അവിടുന്നെഴുന്നേറ്റ് ബാഗിൽ നിന്നും ഫോണെടുത്തു ഓട്ടോയ്ക്ക് വിളിച്ചു..പെട്ടന്ന് തന്നെ വരാൻ പറഞ്ഞു.. തിരിഞ്ഞു അമ്മയുടെ അടുത്തേക്ക് തന്നെ ഓടി.. കുറേ നേരം തട്ടി വിളിച്ചു കൊണ്ടിരുന്നതും അമ്മയിൽ നിന്നൊരു ഞെരക്കം മാത്രം പുറത്തേക്ക് വന്നു..

അപ്പോഴേക്കും മുറ്റത്ത് ഓട്ടോ വന്ന സൗണ്ട് കേട്ടിരുന്നു.. ദീപു ഓടിച്ചെന്ന് ഓട്ടോക്കാരനെയും കൂട്ടി അകത്തേക്ക് വന്നു.. അവരെല്ലാം കൂടെ അമ്മയെ ഓട്ടോയിലേക്ക് കിടത്തി.. കൂടെ ദീപ്തിയും കയറി അവരുടെ തലയെടുത്ത് മടിയിലേക്ക് വെച്ചു.. അപ്പോഴുമവളുടെ കണ്ണുകൾ തോർന്നിട്ടില്ലായിരുന്നു.. അച്ഛന് കൂട്ടിനായി ദിവ്യയെ നിർത്തികൊണ്ട് ദീപുവും ഓട്ടോയിൽ കയറിയതും അയാൾ വേഗത്തിൽ തന്നെ ഓട്ടോ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു.. ആശുപത്രിയിൽ എത്തിയതും വേഗം തന്നെ അമ്മയെ icu വിലേക്ക് കയറ്റി.. സംഘർഷം അലയടിക്കുന്ന മനസ്സോടെ ദീപ്തി ഒരു വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും icu വിന് മുന്നിലൂടെ നടന്നു കൊണ്ടിരുന്നു.. കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞു കിടക്കുന്ന icu ഡോറിനടുത്തേക്ക് പാഞ്ഞു... ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും അകത്തു നിന്നും ഡോക്ടർ പുറത്തേക് വന്നു. കൂടെയൊരു നഴ്സും.. ഡോക്ടറേ കണ്ടതും ദീപ്തിയും ദീപുവും അയാളുടെ അടുത്തേക്ക് ചെന്നു.. "ഡോക്ടർ അമ്മക്ക്... " ദീപ്തി ആശങ്കയോടെ ചോദിച്ചു..

"ചെറിയൊരു നെഞ്ച് വലിവാണ് പേടിക്കാനൊന്നുമില്ല,, പെട്ടന്ന് ഉണ്ടായ ഷോക്കിൽ സംഭവിച്ചതാണ്.. എന്നിരുന്നാലും എത്രയും പെട്ടന്ന് എക്കോ എടുത്ത് നോക്കണം.. അത് കഴിഞ്ഞേ പ്രോപ്പറായൊരു ട്രീറ്റ്മെന്റ് പേഷ്യന്റിന് കൊടുക്കാൻ കഴിയുകയുള്ളു... " അത്രയും പറഞ്ഞിട്ട് ഡോക്ടർ icu വിന് അകത്തേക്ക് തന്നെ പോയി.. "ദാ ഈ ബില്ലൊന്ന് അടച്ചിട്ടുവരണം.. എക്കോ എടുക്കാൻ ഉള്ളതാണ് ലേറ്റ് ആക്കരുത്.. " ദീപ്തിയുടെ കയ്യിലേക്ക് ബിൽ വെച്ചു കൊടുത്തു.. ഇത്രയും വലിയൊരു എമൗണ്ട് ഈ കുറഞ്ഞ സമയം കൊണ്ട് തനിക്ക് ഉണ്ടാക്കാൻ കഴിയുമോ.. വേദനയോടെയവൾ ഓർത്തു... "ചേച്ചി,, പൈസക്ക്.. " അവൾ വേഗം കാതിൽ കിടന്നിരുന്ന സ്വർണത്തിന്റെ സ്റ്റഡ് ഊരിയെടുത്തു... "ഇവിടെ അടുത്തൊരു ജ്വല്ലറിയുണ്ട്.. അടച്ചിട്ടുണ്ടാവില്ല... നീയിത് കൊണ്ടുപോയി വിറ്റിട്ട് കിട്ടുന്ന പണവുമായി ഇങ്ങ് വാ..

എന്നിട്ട് എത്രയും പെട്ടന്ന് എക്കോയെടുക്കാം.. ബാക്കി അത് കഴിഞ്ഞു നോക്കാം.." അത്രയും പറഞ്ഞിട്ടും സ്റ്റഡ് വാങ്ങിക്കാതെ ചുവന്നു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കിയിരിക്കുന്ന ദീപുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്ത് നിർബന്ധിച്ചവനെ അവിടെ നിന്നും പറഞ്ഞയച്ചു.. Icu വിനു മുന്നിട്ടിരുന്ന ബെഞ്ചിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുമ്പോഴാണ് അടുത്തരുടെയോ സാനിധ്യം അറിഞ്ഞത്.. പെട്ടന്ന് തന്നെയവൾ മിഴികൾ തുറന്നു.. സഹതാപത്തോടെ തന്നെ നോക്കിയിരിക്കുന്ന വിഷ്ണുവിനെ കണ്ടതും അവൾ ചെറുതായൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. എന്നാൽ അവിടേയും അവളുടെ കണ്ണുകൾ അവളെ ചതിച്ചു.. അവ നിർത്താതെ മിഴിനീർ വാർത്തു കൊണ്ടേയിരുന്നു...... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story