മഞ്ഞുരുകും കാലം : ഭാഗം 14

Manjurukumkalam

രചന: ഷംസീന

സഹതാപത്തോടെ തന്നെ നോക്കിയിരിക്കുന്ന വിഷ്ണുവിനെ കണ്ടതും അവൾ ചെറുതായൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. എന്നാൽ അവിടേയും അവളുടെ കണ്ണുകൾ അവളെ ചതിച്ചു.. അവ നിർത്താതെ മിഴിനീർ വാർത്തു കൊണ്ടേയിരുന്നു.. "ഏയ്‌.. ദീപ്തി,, എന്താടോ ഇത് തളരാതെ.. താൻ കൂടി തളർന്നാൽ പിള്ളേരേയും മാമയെയും ആര് സമാധാനിപ്പിക്കും.. അമ്മായിക്ക് ഒന്നും സംഭവിക്കില്ലെടോ,, വിഷമിക്കാതെ... " വിഷ്ണു അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... കുറച്ച് കഴിഞ്ഞതും icu വിന്റെ ഡോർ തുറന്ന് വെളുത്ത വസ്ത്രം ധരിച്ച നഴ്സ് പുറത്തേക് തലയിട്ട് നോക്കി... "രാധയുടെ കൂടെ വന്നത്.. " അവർ ചോദിച്ചപ്പോൾ ദീപ്തി അവരുടെ അടുക്കലേക്ക് ഓടി.. "അമ്മക്ക്... " "ബോധം വീണിട്ടുണ്ട്..കുട്ടിയാണോ ദീപ്തി... " അവരുടെ നെറ്റി ചുളിഞ്ഞു.. "അതെ.. " "എങ്കിൽ അകത്തേക്ക് വന്നോളൂ.. അമ്മ മോളെ കാണണം എന്നും പറഞ്ഞു ഒരേ വാശിയാ... "

നേർത്തൊരു ചിരിയോടെ നഴ്സ് പറഞ്ഞതും ദീപ്തി വിഷ്ണുവിനെയൊന്ന് നോക്കി icu വിനുള്ളിലേക്ക് കടന്നു... ഉത്സാഹത്തോടെ വീടിനകത്തും പുറത്തും ഓടി നടക്കുന്ന തന്റെ അമ്മ യന്ത്രങ്ങളുടെ സഹായത്താൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതും നെഞ്ചോന്നുലഞ്ഞു... ആ ഹൃദയഭേദകമായ കാഴ്ച അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. തളർന്നു പോകുമെന്നു തോന്നിയ ആ വേളയിൽ നഴ്സ് വന്നവളെ ചേർത്ത് പിടിച്ചു അമ്മയുടെ അടുത്തുള്ള സ്റ്റൂളിലേക്കിരുത്തി.. "അമ്മേ... " പതിയെ അവൾ അവരുടെ കൈ തലത്തിലൊന്ന് തൊട്ടു.. മരുന്നുകളുടെ മയക്കത്താൽ അടഞ്ഞിരുന്ന കൺപോളകൾ ആയാസപ്പെട്ടു കൊണ്ടവർ തുറന്നു.. തന്റെ മുന്നിൽ എല്ലാം നഷ്ടപ്പെട്ടവളെ പോലിരിക്കുന്ന തന്റെ പൊന്നു മോളെ കണ്ടതും അവരുടെ ഹൃദയഭാരവും വർധിച്ചു...

"ന്റെ കുട്ടി പേടിച്ചുപോയോ.... പേടിക്കേണ്ടടാ... അമ്മക്കൊന്നുമില്ല.." അവശതയിലും അവർ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു.. അമ്മയെ നോക്കാൻ കഴിയാതെയവൾ അവരുടെ കൈ തലത്തിൽ നെറ്റിയമർത്തി വിതുമ്പലടക്കി... "അതേയ് സമയം കഴിഞ്ഞുട്ടോ.. ഡോക്ടർ വന്നാൽ വഴക്ക് എനിക്കായിരിക്കും കിട്ടുക.." മറ്റൊരു നഴ്സ് വന്നു പറഞ്ഞതും ദീപ്തി മനസ്സില്ലാ മനസ്സോടെ അവരുടെ കൈകൾ തന്നിൽ നിന്നും അടർത്തിമാറ്റി.. "അമ്മ പേടിക്കേണ്ട. അമ്മയെ ഞാൻ പഴയതിലും ആരോഗ്യത്തോടെ തിരിച്ചു കൊണ്ടുവരും... " കുനിഞ്ഞു കൊണ്ടവരുടെ നെറ്റിയിലൊന്ന് അമർത്തി മുത്തി പുറത്തേക്കിറങ്ങി.. പുറത്ത് അവളേയും കാത്ത് ജയയും ഉണ്ടായിരുന്നു.. വിഷ്ണുവും ജയയും ക്ലാസ്സ്‌ മേറ്റ്സ് ആയിരുന്നു..അതിനാൽ അവൻ വിളിച്ചു പറഞ്ഞു വന്നതായിരിക്കും ജയയെന്ന് അവൾക്ക് മനസ്സിലായി.. ദീപ്തിയെ കണ്ടതേ ജയ അടുത്തേക്ക് വന്നു.. അവളേയും ചേർത്ത് പിടിച്ചു ഒഴിഞ്ഞ ബെഞ്ചിലേക്കിരുന്നു.. നേരം ഇരുട്ടായി തുടങ്ങിയിരുന്നു.. Icu വിനു. മുന്നിൽ അകത്തു കിടക്കുന്നവർക്കായി കാത്തു നിന്നവരെല്ലാം ഓരോരുത്തരായി ഒഴിഞ്ഞു തുടങ്ങി...

ബില്ല് അടക്കാൻ പോയ ദീപുവിനെയും കൂട്ടി വിഷ്ണു ക്യാന്റീനിലേക്ക് പോയി.. അവന് ഊണ് വാങ്ങിച്ചു കൊടുത്തു.. ദീപ്തിയുടെ വീട്ടിലേക്ക് അമ്മായിക്ക് ഇപ്പോൾ കുഴപ്പമില്ലെന്നും പറഞ്ഞു.. ഇടയിൽ ശ്രുതി വിളിച്ചിട്ടുണ്ടായിരുന്നു വിഷ്ണുവിനെ കാര്യങ്ങൾ അറിയാൻ.. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു.. ദീപ്തിയേച്ചിക്ക് കൂട്ടിന് വരട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ടാ എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞു... ദീപുവിനെയും കൂട്ടി വന്ന വിഷ്ണു കാണുന്നത് ചുവരിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുന്ന ദീപ്തിയെയാണ്...അടുത്ത് തന്നെ ജയയും ഉണ്ട്.. വിഷ്ണു അവളുടെ അടുത്തായി ഇരുന്നു തട്ടിവിളിച്ചു.. ദീപ്തി കണ്ണ് തുറന്നതും കയ്യിൽ കരുതിയിരുന്ന ചൂടുള്ള കാപ്പി അവളുടെ നേരെ നീട്ടി.. വേണ്ടെന്നവൾ നിരസിച്ചെങ്കിലും വിഷ്ണുവും ജയയും നിർബന്ധിച്ചപ്പോൾ അവളത് വാങ്ങി.. കാപ്പി കുടിക്കാതെ വീണ്ടും ആലോചനയോടെ ഇരിക്കുന്ന ദീപ്തിയെ അവൻ ശാസനയോടെ ഒന്ന് നോക്കി..

ഇനി അവനേയും വെറുപ്പിക്കേണ്ടന്ന് കരുതി ദീപ്തി കാപ്പി ചുണ്ടോട് അടുപ്പിച്ചു.. രാത്രി അവരെല്ലാം icu വിനു മുന്നിൽ തന്നെ കഴിച്ചു കൂട്ടി.. വിഷ്ണു റൂമെടുത്ത് ദീപ്തിയോട് അവിടെ പോയി കിടക്കാൻ നിർബന്ധിച്ചെങ്കിലും അവൾ അവിടേക്ക് ചെല്ലാൻ കൂട്ടാക്കിയില്ല... ***** രാവിലെയായതും വിഷ്ണു ദീപുവിനെയും കൂട്ടി വീട്ടിലേക്ക് പോയി.. അത്യാവശ്യം വേണ്ട സാധനങ്ങൾ എടുക്കാൻ... ജയയോടും പൊക്കോളാൻ ദീപ്തി പറഞ്ഞെങ്കിലും ജയ പോയില്ല.. കടയിലേക്ക് വിളിച്ചു അന്നേ ദിവസത്തെ ലീവ് പറഞ്ഞു.. പത്തു മണിയോട് കൂടെ ഡോക്ടർ വന്നു രാധയെ എക്കോ എടുക്കാനായി കൊണ്ടുപോയി.. കൊണ്ടുപോകുന്നതിനു മുന്നേ ദീപ്തിക്ക് ഒന്ന് കാണിച്ചു കൊടുക്കുകയും ചെയ്തു... എക്കോ എടുത്ത് കഴിഞ്ഞു വീണ്ടും icu വിന് ഉള്ളിലേക്ക് തന്നെ കയറ്റി... ദീപ്തിയെ ഡോക്ടർ ഒപി യിലേക്ക് വിളിപ്പിച്ചു.. കൂടെ ജയയും ചെന്നു.. "ദീപ്തി..ഞാൻ ഉള്ളത് തുറന്ന് പറയാം.. മറച്ചു വെച്ചതുകൊണ്ട് അമ്മയുടെ കണ്ടീഷന് മാറ്റമൊന്നും വരാൻ പോവുന്നില്ല.." ഡോക്ടറൊന്ന് നിർത്തി തന്റെ മുന്നിൽ നിർവികാരതയോടെ ഇരിക്കുന്നവളെ നോക്കി...

നെടുവീർപ്പിട്ടു കൊണ്ടയാൾ വീണ്ടും തുടർന്നു... "അമ്മയുടെ കണ്ടീഷൻ ഇത്തിരി മോശമാണ്.. മൊത്തത്തിൽ നാല് ബ്ലോക്ക്‌ എക്കോയിൽ കാണുന്നുണ്ട്..എത്രയും പെട്ടന്ന് നമുക്കത് നീക്കം ചെയ്യണം.. ബൈപാസ് സർജറിയാണ് പോസ്സിബിൾ ആയിട്ടുള്ളത്... " എത്ര പിടിച്ചു നിർത്തിയിട്ടും ദീപ്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരു ബലത്തിനായി ജയയുടെ കയ്യിൽ അമർത്തി പിടിച്ചു... അതിൽ നിന്നും ജയക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവളനുഭവിക്കുന്ന മാനസിക സംഘർഷം... "ദീപ്തിക്കറിയാലോ ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണ്... അതുകൊണ്ട് തന്നെ സർജറിക്ക് മുന്നേ വലിയൊരു തുക തന്നെ കെട്ടിവെക്കേണ്ടിവരും.. " "എത്ര പണം വേണമെങ്കിലും കെട്ടിവെക്കാം.. എനിക്ക് ന്റെ അമ്മയെ തിരിച്ചു തന്നാൽ മതി... " അയാൾക്ക്‌ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പൊട്ടി കരഞ്ഞു... "ദീപ്തി... " ജയ അവളെ ചേർത്ത് പിടിച്ചു..

"വിഷമിക്കാതെടോ,, ഞങ്ങളൊക്കെയില്ലേ കൂടെ,,, നമുക്ക് വഴിയുണ്ടാക്കാം.. " ഡോക്ടർ വാത്സല്യത്തോടെ അവളെ നോക്കി.. തന്റെ മകളുടെ അത്ര പ്രായം പോലും ഇല്ല മുന്നിലിരുന്ന് പൊട്ടി കരയുന്ന പെൺകുട്ടിക്ക്...ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ കുടുംബത്തിന് വേണ്ടി തന്റെ സന്തോഷങ്ങളെല്ലാം മാറ്റി വെച്ചവൾ.. അയാളുടെ ഹൃദയം ആർദ്രമായി... "അമ്മയുടെ ഓപ്പറേഷൻ പറ്റിയാൽ ഇന്ന് തന്നെ ചെയ്യണം.. പണം.. പണം ഞാൻ എങ്ങനെയെങ്കിലും അടച്ചോളാം... " ഉറച്ച വാക്കുകളോടെ പറഞ്ഞുകൊണ്ട് ഡോക്ടറേ നന്ദിപൂർവ്വം നോക്കി പുറത്തേക്ക് നടന്നു...

അപ്പോഴും പണം എവിടുന്ന് സംഘടിപ്പിക്കും എന്നത് ഒരു ചോദ്യ ചിന്നമായി തന്നെ നിന്നു... ദീപുവും വിഷ്ണുവും വന്നതും ജയ കാര്യങ്ങളെല്ലാം പറഞ്ഞു.. വിഷ്ണു തന്റെ അക്കൗണ്ടിൽ കുറച്ച് പണം ഉണ്ട് അതെടുക്കാം എന്ന് പറഞ്ഞു.. പക്ഷേ ദീപ്തിയുടെ ആത്മാഭിമാനം അതിന് സമ്മതിച്ചില്ല.. കൂടാതെ അമ്മായിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് കൂടിയാണ് സ്നേഹത്തോടെ അവൻ വെച്ചു നീട്ടിയ പണം നിരസിച്ചത്... സമയം കടന്ന് പോകുന്തോറും ദീപ്തിയുടെ ആധിയും കൂടി കൂടി വന്നു... തലക്കെല്ലാം വല്ലാത്ത ഭാരം പോലെ..കയ്യും കാലും തളർന്നു പോകുന്ന.... ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ ദീപ്തി ജയയോട് പറഞ്ഞ കാര്യം കേട്ട് ജയ ഉൾപ്പടെ എല്ലാവരും ഞെട്ടി....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story