മഞ്ഞുരുകും കാലം : ഭാഗം 15

Manjurukumkalam

രചന: ഷംസീന

ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ ദീപ്തി ജയയോട് പറഞ്ഞ കാര്യം കേട്ട് ജയ ഉൾപ്പടെ എല്ലാവരും ഞെട്ടി... "ജയേച്ചി.. എനിക്ക് കാശിനാഥനുമായിട്ടുള്ള വിവാഹത്തിന് സമ്മതമാണ്.." ഉറച്ച സ്വരത്തിൽ പറഞ്ഞു.. ജയ വിശ്വാസം വരാത്തത് പോലെ അവളെ തന്നെ നോക്കി.. "ദീപ്തി.. " "അതെ ചേച്ചി.. സമ്മതമാണ്..പകരം ഒരേയൊരു കാര്യം.. " അവൾ പറയാൻ പോകുന്നത് എന്താണെന്നറിയാൻ അവരെല്ലാം അവളിൽ തന്നെ ശ്രദ്ധ കൊടുത്തു.. "എന്റെ അമ്മയുടെ ജീവൻ.. അത്.. അത് മാത്രം എനിക്ക് തിരികെ തന്നാൽ മതി.. " മുഖം പൊത്തി കൊണ്ടവൾ പൊട്ടികരഞ്ഞു... "ദീപ്തി.. മോളെ ഇങ്ങനെ കരയാതെ.. നമുക്ക് വേറെ എന്തെങ്കിലും വഴികാണാം.. പെട്ടന്നാലോചിച്ചു തീരുമാനിക്കേണ്ട ഒന്നല്ല ഇത്.." ജയ അവളുടെ തലയിൽ തഴുകി..ദീപ്തി കരച്ചിലോന്നടങ്ങിയതും മുഖമുയർത്തി..

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് വിഷ്ണുവിന്റെ നെഞ്ച് പിടഞ്ഞു.. "ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ് ചേച്ചി...ഇനിയും ആരുടെ കയ്യിൽ നിന്നും കടം വാങ്ങിക്കാൻ വയ്യ.. ഇതാവുമ്പോൾ പണയമായി എന്റെ ജീവിതം തന്നെയാണല്ലോ കൊടുക്കുന്നത്.. ആരോടും കടപ്പെട്ടിരിക്കേണ്ട ആവശ്യവുമില്ല..." പറയുമ്പോൾ ചിലമ്പിച്ചു പോയിരുന്നു അവളുടെ സ്വരം... "ദീപ്തി.. നീയിതെന്ത് ഭ്രാന്താണ് പറയുന്നത്..പണത്തിനു പകരം നിന്റെ ജീവിതം പകരം നൽകാനോ.." വിഷ്ണു രോഷം പൂണ്ടു.. "അതെ.. എന്റെ അമ്മയ്ക്കും കൂടപിറപ്പുകൾക്കും വേണ്ടി എനിക്കിത് ചെയ്തെ മതിയാകൂ.. ചേച്ചി അവരോട് വിളിച്ചു പറഞ്ഞേക്കൂ..." "ദീപ്തി ഒന്നൂടെ ആലോചിച്ചിട്ട്.. " "ഒന്നും ആലോചിക്കാനില്ല വിഷ്ണുവേട്ടാ.. ഇതെന്റെ തീരുമാനമാണ്.. എന്റെ മാത്രം.. " അത്രയും പറഞ്ഞുകൊണ്ടവൾ അവിടെ നിന്നും എഴുന്നേറ്റ് പോയി...

"ജയ ഇതൊരിക്കലും നടക്കില്ല.. ഒരു ഭ്രാന്തന് വേണ്ടി തുലക്കാൻ ഉള്ളതാണോ അവളുടെ ജീവിതം.. നടക്കില്ല ജയാ.." വിഷ്ണു അസ്വസ്ഥനായി.. "ചിലപ്പോൾ ആ ഭ്രാന്തനായിരിക്കും ഇവളെ ആരേക്കാളും കൂടുതൽ സ്നേഹിക്കാൻ പോകുന്നതെങ്കിലോ.. ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്.. ആ ഭ്രാന്തൻ ഒരിക്കലും ദീപ്തിയെ പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ല... " പറഞ്ഞുകൊണ്ട് ജയ ദീപുവിനേയും കൂട്ടി ദീപ്തിയുടെ പിന്നാലെ ചെന്നു... വിഷ്ണു ദേഷ്യത്തിൽ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിപ്പോയി.. മുകളിലുള്ള ബാൽക്കണിയിൽ ചാരി നിന്നു വിഷ്ണു ബൈക്കെടുത്ത് ദേഷ്യത്തിൽ പോവുന്നത് ദീപ്തി കാണുന്നുണ്ടായിരുന്നു.. ചെയ്യുന്നത് ശെരിയോ തെറ്റോ എന്നവൾക്ക് മനസ്സിലാവുന്നില്ലായിരുന്നു... മുന്നിൽ തെളിയുന്നത് പ്രതീക്ഷയോടെ തന്നെ നോക്കുന്ന അമ്മയുടെ കണ്ണുകൾ മാത്രമാണ്..അത് കണ്ടില്ലെന്ന് നടിക്കാൻ തനിക്കൊരിക്കലും ആവില്ല... ****

ദീപ്തി ജയയുടെ ഫോണിൽ നിന്നും അച്ഛന് വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു...മാഷിനും തന്റെ മകളുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് മൗനാനുവാദം നൽകി.. ജയയോട് ദീപ്തി പ്രത്യേകം പറഞ്ഞിരുന്നു കാശിയുടെ അസുഖ വിവരമൊന്നും വീട്ടിലുള്ളവർ അറിയരുതെന്ന്.. പ്രത്യേകിച്ച് അച്ഛനും അമ്മയും.. ദീപു പിന്നെ വിഷ്ണു പറഞ്ഞതെല്ലാം കേട്ട് കാര്യങ്ങൾ മനസ്സിലാക്കി എടുത്തിരുന്നു.. എന്നിരുന്നാലും മറ്റുള്ളവർ ഈ വിവരം ഇപ്പോൾ അറിയരുതെന്ന് ദീപ്തി അവനോട് ചട്ടം കെട്ടിയിരുന്നു... ദീപ്തിയുടെ പൂർണ സമ്മതം കിട്ടിയതും ജയ മല്ലികാമ്മക്ക് വിളിച്ചു വിവരങ്ങളെല്ലാം ധരിപ്പിച്ചു.. കൂടെ ദീപ്തിയുടെ അവസ്ഥയും.. അവർ അതിനോടൊന്നും യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല..

എത്രയും പെട്ടന്ന് രാധയുടെ ഓപ്പറേഷന് വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും പറഞ്ഞു... നിമിഷങ്ങൾക്കകം മാണിക്യ മംഗലം ഗ്രൂപ്പിന്റെ മേനേജർ ഹോസ്പിറ്റലിൽ എത്തി..രാധയുടെ ചികിത്സക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തു.. ജയയാണ് വേണ്ടതെല്ലാം പറഞ്ഞുകൊടുത്തത് ദീപ്തി നിർവികാരതയോടെ ആളൊഴിഞ്ഞൊരു കോണിൽ മാറിയിരിക്കുകയായിരുന്നു... ഉച്ചയോടെ രാധയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റി..സെക്കന്റുകൾ മിനിട്ടുകളായി മണിക്കൂറുകളായി അമ്മയുടെ യാതൊരു വിവരവും അകത്തു നിന്നും ലഭിച്ചില്ല.. ഇനി അമ്മക്ക് എന്തെങ്കിലും പറ്റിക്കാണുമോ,,,ദീപ്തിക്ക് ആകപ്പാടെ ടെൻഷനായി.. മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു.. മുഖത്ത് നനുത്തൊരു പുഞ്ചിരിയും ഉണ്ട്... "ഡോക്ടർ,, അമ്മക്ക്...!" "ഹോ താനിങ്ങനെ ടെൻസ്ഡ് ആവാതെ..

ഓപ്പറേഷൻ സക്സസ്ഫുൾ ആണ്.. രണ്ട് ദിവസം അമ്മ icu വിൽ ഒബ്സെർവേഷനിൽ കിടക്കട്ടെ,, അത് കഴിഞ്ഞു റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം.." ദീപ്തി അയാളുടെ നേരെ കൈകൾ കൂപ്പി നന്ദി അറിയിച്ചു.. മനസ്സിൽ നിന്നൊരു കല്ലെടുത്തു വെച്ച ഭാരം ഒഴിവായിരിക്കുന്നു... തന്റെ അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.. ഇതിൽപരം സന്തോഷം വേറെന്തുണ്ട്.. ദീപ്തി ജയയെ ഇറുകെ പുണർന്നു... *** ദീപ്തിയുടെ തീരുമാനത്തിന് യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞ വിഷ്ണുവിനെ പിന്നീട് ഹോസ്പിറ്റലിലേക്കൊന്നും കണ്ടില്ല... രണ്ട് ദിവസം കഴിഞ്ഞതും അമ്മയെ റൂമിലേക്ക് മാറ്റി.. ദീപു വീട്ടിൽ നിന്ന് അച്ഛനേയും ദിവ്യയേയും വിളിച്ചു കൊണ്ടുവന്നു.. ഒരുമാസത്തെ റസ്റ്റ്‌ ആണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.. ജയ രണ്ട് ദിവസം ലീവ് ആയിരുന്നതിനാൽ ഇന്ന് കടയിലേക്ക് പോയി.. വൈകീട്ട് വീട്ടിലേക്ക് പോവുന്ന വഴിയിൽ ഹോസ്പിറ്റലിൽ കയറാമെന്ന് പറഞ്ഞു.. വൈകീട്ട് അമ്മക്ക് കാപ്പിയിൽ ബ്രെഡ് നനച്ചു കൊടുക്കുമ്പോഴാണ് ജയ വരുന്നത് കൂടെ ആടിത്യം തുളുമ്പുന്നൊരു സ്ത്രീയും... അവർ ദീപ്തിയെ നോക്കി പുഞ്ചിരിച്ചു...

അവൾ അമ്മയുടെ അടുത്ത് നിന്നും എഴുന്നേറ്റ് ആളെ മനസ്സിലാവാത്ത പോലെ ജയയെ നോക്കി.. "മല്ലികാമ്മ.. കാശിയുടെ ചെറിയമ്മ.. " ജയ അവരെ പരിചയപ്പെടുത്തി.. മാഷിനും രാധക്കും അത്ഭുതമായി.. കാരണം തങ്ങളെക്കാൾ എത്രയോ പണം കൊണ്ടും പദവികൊണ്ടും മുകളിൽ നിൽക്കുന്ന മാണിക്യമംഗലത്തെ മല്ലിക തങ്ങളെ കാണാൻ ഇവിടേക്ക് വന്നിരിക്കുന്നു.. മല്ലിക രാധയുടെ അടുത്തേക്ക് വന്നു സുഖവിവരങ്ങളെല്ലാം അന്യോഷിച്ചു.. എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അറിയിക്കാൻ മടിക്കരുതെന്ന് പറഞ്ഞു.. ഇടയിൽ മാഷിനോടും സംസാരിക്കുന്നുണ്ടായിരുന്നു.. കുറച്ച് മാറി ടേബിളിൽ ചാരി നിൽക്കുന്ന ദീപ്തിയുടെ അടുത്തേക്കവർ ചെന്നു.. ദീപ്തി മല്ലികയെ കണ്ടപ്പോൾ നനുത്തൊരു പുഞ്ചിരി സമ്മാനിച്ചു.. "മോളെന്താ ഒഴിഞ്ഞു മാറി നിൽക്കുന്നേ... പരിഭവമാണോ..."

മല്ലിക അവളുടെ കവിളിൽ കൈവെച്ചു കൊണ്ട് വാത്സല്യത്തോടെ നോക്കി.. "ഒത്തിരി നന്ദിയുണ്ട്.. എന്റെ അമ്മയെ തിരികെ തന്നതിന്.. ഞങ്ങളെ സഹായിച്ചതിന്.. ഒരിക്കലും മറക്കില്ല.." ദീപ്തി അവരുടെ കൈകൾ കൂട്ടിപിടിച്ചു വിതുമ്പി.. "ഇതാണോ ജയേ നീ പറഞ്ഞ ഉശിരുള്ള ദീപ്തി.. ഇതൊരു തൊട്ടാവാടിയാണല്ലോ.. " ചിരിയോടെ തന്നെ ചോദിച്ചുകൊണ്ട് ജയയുടെ നേരെ തിരിഞ്ഞു... "അതൊക്കെ നമുക്ക് ശെരിയാക്കാം മല്ലികേച്ചി... ഇതിപ്പോ ആദ്യമായിട്ട് കണ്ടത്തിന്റെയൊരു അമ്പരപ്പാണ്.. " "എന്തായാലും എന്റെ കാശി മോന് ചേരും.. നിക്ക് അത്രയും മതി.." മല്ലിക അവളെ ചേർത്ത് പിടിച്ചു നിറഞ്ഞ പുഞ്ചിരിയാലെ എല്ലാവരേയും നോക്കി.. ആ പുഞ്ചിരി തന്നെ എല്ലാവരുടെയും മനസ്സിലും തണുപ്പ് പടർത്തിയിരുന്നു.. ഇനി തന്റെ ജീവിതത്തിൽ നടക്കാൻ പോവുന്നതെന്തെന്നറിയാതെ ദീപ്തിയും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story