മഞ്ഞുരുകും കാലം : ഭാഗം 16

Manjurukumkalam

രചന: ഷംസീന

മൂന്ന് ദിവസം കഴിഞ്ഞപ്പോൾ രാധയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.. ഇതിനിടയിൽ ഒരു തവണ കൂടെ മല്ലിക ദീപ്തിയെ കാണാൻ വന്നിരുന്നു.. നല്ലൊരു ദിവസം നോക്കി ചടങ്ങ് പ്രകാരം കാശിയേയും കൂട്ടി പെണ്ണ് കാണാൻ വരാമെന്നവർ മാഷിനോടും രാധയോടുമായി പറഞ്ഞു.. വീട്ടിലെത്തിയ ദീപ്തി പിറ്റേന്ന് മുതൽ ജോലിക്ക് പോയി തുടങ്ങി... അന്ന് ഹോസ്പിറ്റലിൽ നിന്നും പോയതിൽ പിന്നെ വിഷ്ണുവിന്റെ വിവരമൊന്നും ഉണ്ടായിരുന്നില്ല.. ദീപ്തി രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും അവൻ ഫോൺ ഓഫ് ചെയ്ത് വെച്ചു.. ജോലി കഴിഞ്ഞു വരുന്ന വഴിയിൽ ദീപ്തി അവന്റെ കടയിലേക്ക് ചെന്നു.. പെട്ടന്ന് ദീപ്തിയെ കണ്ട വിഷ്ണു അമ്പരന്നു.. "ദീപ്തിയെന്താ ഇവിടെ..എന്തെങ്കിലും വാങ്ങിക്കാൻ വന്നതാണോ.." അതേ അമ്പരപ്പോടെ തന്നെ ചോദിച്ചു.. "അല്ല.. ഞാൻ വിഷ്ണുവേട്ടനെ കാണാൻ വന്നതാണ്.. അന്ന് പോയതിൽ പിന്നെ അങ്ങോട്ട് കണ്ടതേ ഇല്ലല്ലോ.. അച്ഛൻ ചോദിച്ചിരുന്നു.."

"ഞാനിങ്ങനെ ഓരോ തിരക്കിൽ പെട്ടിട്ട്.. " "കിടന്ന് ഉരുളണ്ട എനിക്കറിയാം അങ്ങോട്ട് വരാത്തതിന്റെ കാരണം എന്താണെന്ന്.." അവന്റെ പതർച്ച കണ്ടവൾ പറഞ്ഞു.. "വാ നമുക്കങ്ങോട്ട് മാറി നിൽക്കാം.. " വിഷ്ണു അവളേയും കൂട്ടി കുറച്ചപ്പുറത്തേക്ക് നിന്നു.. "നീ വന്ന കാര്യം പറഞ്ഞില്ല.. " ദീപ്തിയുടെ മുഖത്തേക്ക് നോക്കാതെയവൻ ചോദിച്ചു.. "ഞായറാഴ്ച കാശിയുടെ വീട്ടിൽ നിന്നും ആളുകൾ വരുന്നുണ്ട് പെണ്ണ് കാണാൻ വേണ്ടി.. വിഷ്ണുവേട്ടൻ വരണം ശ്രുതിയേയും അമ്മായിയേയും കൂട്ടി..അച്ഛൻ വിളിക്കും.. പരിഭവിച്ചു മാറി നിൽക്കരുത്.." "തീരുമാനം മാറ്റിയില്ല അല്ലേ ദീപ്തി.." അവന്റെ വാക്കുകളിൽ നീരസം കലർന്നിരുന്നു.. "തീരുമാനമങ്ങനെ മാറ്റാൻ ഒക്കില്ലല്ലോ വിഷ്ണുവേട്ട..അമ്മയുടെ ഓപ്പറേഷൻ വീടിന്റെ ലോൺ അച്ഛന്റെ ചികിത്സക്കുള്ള പണം ഇതെല്ലാം നടന്നത് എന്റെ ഈ തീരുമാനത്തിന്റെ മേലാണ്..

നല്ലതാണേലും ചീത്തയാണേലും അത് ഞാൻ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാണ്..അതിലെനിക്ക് യാതൊരു സങ്കടവും ഇല്ല.." അവൾ പറഞ്ഞതിനവൻ വെറുതെയൊന്ന് മൂളി തലയാട്ടി.. "ഞാൻ പോകുവാണേ.. ഞായറാഴ്ച മറക്കരുത്.. " ഒരുവട്ടം കൂടെ ഓർമിപ്പിച്ചു കൊണ്ടവൾ നടന്നു നീങ്ങി.. **** വിഷ്ണുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും സോഫയിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന ശ്രുതി ചെന്ന് വാതിൽ തുറന്നു കൊടുത്തു.. അവൻ ബൈക്ക് ഓഫ്‌ ചെയ്ത് അകത്തേക്ക് കയറി.. തന്റെ മുന്നിൽ നിൽക്കുന്നവളെ ഒരു നോട്ടം കൊണ്ട് പോലും പരിഗണിച്ചില്ല.. "നീയിതുവരെ ഉറങ്ങിയില്ലേ..?" കുഴഞ്ഞു കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടതും മദ്യപിച്ചിട്ടുണ്ടെന്നവൾക്ക് മനസ്സിലായി.. "അമ്മ എന്തിയേ..?" "അമ്മ ചേച്ചിടെ വീട്ടിൽ പോയി.." അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..

"എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല..എന്തെങ്കിലും വിശേഷിച്ചിട്ടുണ്ടോ..?" "മ്മ്.. ചേച്ചിക്ക് വിശേഷം ഉണ്ടെന്ന് ഉച്ച കഴിഞ്ഞപ്പോൾ ദിനേശേട്ടൻ വിളിച്ചു പറഞ്ഞു....ഒത്തിരി തവണ വിളിച്ചിരുന്നു,, ഏട്ടൻ ഫോൺ എടുത്തില്ല.. " "മ്മ്.." "അത്താഴം എടുക്കട്ടെ.. " "വേണ്ടാ.. ഞാൻ കഴിച്ചു.. " പറഞ്ഞിട്ടവൻ റൂമിലേക്ക് കയറി.. ഉമ്മറത്തെ വാതിൽ അടച്ചു പുറത്തെ ലൈറ്റും ഓഫ്‌ ചെയ്ത് ശ്രുതിയും മുറിക്കകത്തേക്ക് കയറി.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‍ദം കേൾക്കുന്നുണ്ട്.. വിഷ്ണു കുളിക്കുവാണെന്ന് മനസ്സിലായി.. അടഞ്ഞു കിടക്കുന്ന ഡോറിലേക്ക് നോക്കി നെടുവീർപ്പിട്ട് ശ്രുതി കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു.. കുറച്ച് കഴിഞ്ഞ് അവൻ അടുത്ത് വന്നു കിടന്നതവൾ അറിഞ്ഞു.. തിരിഞ്ഞു നോക്കാൻ തോന്നിയില്ല.. എങ്കിലും അവൻ ഇതുവരെ ഇല്ലാത്തൊരു ശീലം പെട്ടന്ന് തുടങ്ങാൻ കാരണം എന്താണെന്നറിയാൻ അവളുടെ മനസ്സ് വ്യഗ്രരതപൂണ്ടു.. ശ്രുതി മെല്ലെ തല ചെരിച്ചു നോക്കി... വിഷ്ണു ഉറങ്ങിയിട്ടില്ലെന്ന് കണ്ടതും അവനു നേരെ തിരിഞ്ഞു കിടന്നു..

"വിഷ്ണുവേട്ടൻ മദ്യപിച്ചിട്ടുണ്ടല്ലേ... " "ഉണ്ട്.." ഗൗരവത്തിൽ അവന്റെ മറുപടിയും വന്നു.. "അതിന് മാത്രം എന്തുണ്ടായി.. " "നിനക്കറിയില്ലേ എന്തുണ്ടായി എന്ന്..നിന്റെയും എന്റെ അമ്മയുടേയും ഒരൊറ്റ സ്വാർത്ഥതകൊണ്ട് ഒരു പാവം പെണ്ണിന്റെ ജീവിതം നശിക്കാൻ പോവുകയാണ്.. നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നവൾക്ക് ഒരു താങ്ങായി ഞാൻ ഉണ്ടാവുമായിരുന്നു..ഒരാൾക്കും വിട്ടു കൊടുക്കാതെ.." പറയുമ്പോൾ സ്വരം ഇടരുന്നുണ്ടായിരുന്നു.. അവന്റെ വാക്കുകളാൽ ആ പെണ്ണിന്റെ ഹൃദയം കീറി മുറിഞ്ഞു ചോര വാർക്കുന്നതവൻ അറിയുന്നില്ലായിരുന്നു.. "വിഷ്ണുവേട്ട.. " ഇടർച്ചയോടെ അവൾ വിളിച്ചു.. എന്നാലവൻ അത് കേട്ടതായി പോലും നടിച്ചില്ല.. "നിനക്കറിയോ ഞാൻ അവളെ എന്തു മാത്രം സ്നേഹിച്ചിരുന്നെന്ന്.. എന്റെതാണെന്ന് ചെറുപ്പം മുതലേ കേട്ട് വളർന്നതാ.. എന്നിട്ടും ദൈവം ഒരു കരുണയും കൂടാതെ അവളെ എന്നിൽ നിന്നും തട്ടിയെടുത്തു.. അല്ല നീ തട്ടിതെറിപ്പിച്ചു ..." അവൻ വാക്കുകളാൽ ഏൽപ്പിക്കുന്ന പ്രഹരം താങ്ങവയ്യാതെ വാ പൊത്തി കരച്ചിലടക്കിയവൾ..

കണ്ണുകൾ നിറഞ്ഞൊഴുകി... "അവൾ മനസ്സറിഞ്ഞൊന്ന് ശപിച്ചാൽ തീരും നിന്റെയും എന്റെ അമ്മയുടേയും ജീവിതം..പക്ഷേ അവൾക്കതിന് കഴിയില്ല..അവളൊരു പാവമാടോ.." വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു.. ചിലമ്പിച്ച അവന്റെ സ്വരം ഉള്ളം കൊണ്ടവൻ കരയുകയാണെന്നുള്ളതിന് തെളിവായിരുന്നു... അവനു തിരിച്ചു മറുപടി പോലും കൊടുക്കാൻ കഴിയാതെ അവളാകെ തകർന്നിരുന്നു... തന്റെ നിരപരാധിത്വം അവനു മുന്നിൽ ഒരുപാട് തവണ തുറന്നു പറഞ്ഞിട്ടും അവനതിലെ ശെരി കണ്ടെത്താൻ പോലും ശ്രമിച്ചില്ലല്ലോ എന്നത് അവളിലെ കരച്ചിലിന്റെ ആക്കം കൂട്ടി.. തലയിണയിൽ മുഖം അമർത്തിയവൾ പൊട്ടികരഞ്ഞു... അവളുടെ കരച്ചിൽ ചീളുകൾ കാതിൽ വന്നു മുഴക്കം പോലെ പതിക്കുന്നുണ്ടെങ്കിലും ഒരു വാക്ക് കൊണ്ട് പോലും അവളെ ആശ്വസിപ്പിക്കാൻ അവൻ മുതിർന്നില്ല..

കാരണം ഈ ഹൃദയ വേദന അവൾ അർഹിക്കുന്നുണ്ടെന്ന് അവന്റെ മനസ്സ് നൂറാവർത്തി പറഞ്ഞു കൊണ്ടിരുന്നു... **** ഞായറാഴ്ച്ച ദിവസം രാവിലെ തന്നെ രാധ തിരക്കിട്ട ജോലിയിലാണ്.. പതിനൊന്ന് മാണിയോട് കൂടി ചെറുക്കൻ കൂട്ടര് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്.. പെണ്ണ് കാണൽ മാത്രമല്ല ചെറിയൊരു മോതിരം മാറൽ ചടങ്ങ് കൂടി തീരുമാനിച്ചിട്ടുണ്ട്.. അധികം ആളുകളെ ഒന്നും വിളിച്ചിട്ടില്ല.. മാഷിന്റെ മൂന്നാല് സുഹൃത്തുക്കളേയും വിഷ്ണുവിനെയും വീട്ടുകാരെയുമാണ് വിളിച്ചിട്ടുള്ളത്.. സുധയും സുജയും ആദ്യം തന്നെ വരുന്നില്ലെന്ന് പറഞ്ഞു.. സുജക്ക് വിശേഷം ഉണ്ടത്രേ.. അതുകൊണ്ട് യാത്ര ചെയ്യാൻ പാടില്ലെന്നാണ് കാരണമായി പറഞ്ഞത്.. വന്നിട്ടും വലിയ പ്രയോജനമൊന്നുമില്ല മാറി നിന്ന് കുറ്റം പറയാൻ മാത്രം കൊള്ളാം.. അതുകൊണ്ട് തന്നെ മാഷ് നിർബന്ധിക്കാനും പോയില്ല..

വിഷ്ണു ശ്രുതിയേയും കൂട്ടി വരാമെന്ന് മാഷിന് വാക്ക് കൊടുത്തിരുന്നു.. അതവൻ പാലിക്കുകയും ചെയ്തു.. രാവിലെ തന്നെ ശ്രുതിയേയും കൂട്ടി അവൻ വന്നു.. അന്ന് മദ്യപിച്ചു വന്നതിന് ശേഷം ശ്രുതി വിഷ്ണുവിനോട് കൂടുതൽ അടുപ്പത്തിന് പോയിട്ടില്ല.. അവനെന്തെങ്കിലും ചോദിച്ചതിന് മാത്രം മറുപടി കൊടുക്കും.. സുധയും വീട്ടിൽ ഇല്ലാത്തതു കൊണ്ട് രണ്ട് പേരും തമ്മിലുള്ള അകലം വർധിച്ചു..ആവശ്യത്തിന് മാത്രം ഇരുവരും തമ്മിൽ സംസാരിക്കും..എങ്കിലും ചടങ്ങിന് വിളിച്ചപ്പോൾ ശ്രുതി എതിരൊന്നും പറയാതിരുന്നത് വിഷ്ണുവിന് അതിശയമായി തോന്നി.... ശ്രുതിയെ ദീപ്തിയുടെ അടുത്തേക്ക് പറഞ്ഞുവിട്ട് വിഷ്ണു അമ്മായിയോടൊപ്പം അടുക്കളയിൽ പാചകത്തിൽ സഹായിച്ചു..ദീപുവും അവരുടെ കൂടെ കൂടി..കാശിയുടെ വീട്ടിൽ നിന്നും അധികം ആളുകൾ ഒന്നും വരുന്നില്ല.. എന്നാലും വരുന്നവർക്ക് ചെറിയൊരു സദ്യ ഒരുക്കുന്നുണ്ട്... "മതി ശ്രുതി.. എനിക്കിതൊന്നും ചേരില്ല.." "ചേച്ചി ഒന്ന് അടങ്ങിയിരുന്നേ.. ഇത് ഞാൻ നോക്കിക്കോളാം.."

തലയിൽ പൂ വെച്ചു കൊടുക്കുന്നതിനിടയിൽ ദീപ്തി ശ്രുതിയോട് പരിഭവിച്ചു.. "അവൾ അതൊക്കെ പറയും.. പണ്ടേ അങ്ങനെയാണ്.." ശ്രുതിക്ക് സപ്പോർട്ടായി ജയ അവിടേക്ക് വന്നു.. "ചേച്ചി വന്നോ.. എന്താ വൈകിയേ..മോളെ കൊണ്ടുവന്നില്ലേ.." "ബസ് കിട്ടിയില്ലെടി..മോള് വിഷ്ണുവിന്റെ അടുത്തുണ്ട്.." "ഒരുക്കം കഴിഞ്ഞില്ലേ അവരിങ്ങ് എത്താറായി.. " പുറത്ത് നിന്നും വിഷ്ണു വിളിച്ചു ചോദിച്ചു.. "ഇപ്പൊ കഴിയും...." ദിവ്യ പറഞ്ഞു.. "വേഗം ആയിക്കോട്ടെ.. " പറഞ്ഞുകൊണ്ടവൻ അവിടെ നിന്നും ഉമ്മറത്തേക്ക് ചെന്നു.. "മതി പെണ്ണേ.. അവരെന്നെ കാണാത്തതൊന്നും അല്ലല്ലോ.. " വീണ്ടും മുഖത്ത് ചായങ്ങൾ പുരട്ടാൻ ഒരുങ്ങുന്ന ശ്രുതിയെ തടഞ്ഞു കൊണ്ട് ദീപ്തി കസേരയിൽ നിന്നും എഴുന്നേറ്റു.. "ഈ ചേച്ചിയെ കൊണ്ട് തോറ്റു.. " ശ്രുതി കുറുമ്പോടെ പറഞ്ഞതിന് ദീപ്തി അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു അവളെ നോക്കി ചിരിച്ചു..

മാമ്പഴ മഞ്ഞയിൽ ഗോൾഡൻ ബോർഡർ വരുന്ന സാരിയും അതിന് മാച്ചിങ് ആയി മെറൂൺ കളറിൽ വീതിയുള്ള സ്വർണ കസവു വരുന്ന ബ്ലൗസുമാണ് ദീപ്തിയുടെ വേഷം.. ഇടതൂർന്ന് നിതംബം മറഞ്ഞു കിടക്കുന്ന മുടി ഇരുവശത്തു നിന്നും കുറേശെ എടുത്ത് ക്ലിപ്പിട്ട് വിടർത്തിയിട്ടു.. നെറ്റിയിൽ ചുവന്ന പൊട്ടും ചന്ദനക്കുറിയും.. വിടർന്ന മിഴികളുടെ അഴക് കൂട്ടാൻ കണ്മഷി കടുപ്പിച്ചെഴുതി.. കാതിൽ കുഞ്ഞു കമ്മലും കയ്യിൽ രണ്ട് വളകളും..വേറെ ചമയങ്ങളൊന്നുമില്ല..അല്ലാതെ തന്നെയവളൊരു ദേവതയെ പോലെ തോന്നിച്ചു.. പുറത്ത് വാഹനങ്ങളുടെ ശബ്‍ദം കേട്ടപ്പോൾ ചെറുക്കനും കൂട്ടരും വന്നിട്ടുണ്ടെന്ന് മനസ്സിലായി.. ദീപ്തിയുടെ ഹൃദയമിടിപ്പ് കൂടി.. ആദ്യമായിട്ടാണ് ഇങ്ങനൊരു പെണ്ണ് കാണലിന് നിന്ന് കൊടുക്കുന്നത്.. അതിന്റെ എല്ലാം വെപ്രാളവും അവളുടെ മുഖത്ത് കാണാം..

ശ്രുതിയും ദിവ്യയും അവളെ ഓരോന്നും പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു.. അതിനവൾ അവരെ കണ്ണുകൾ കൂർപ്പിച്ചു ദേശിച്ചു നോക്കും.. പുറത്ത് നിന്നും അമ്മയും വിഷ്ണുവും കൂടി ആളുകളെ ക്ഷണിക്കുന്നതും ഇരിക്കാൻ പറയുന്നതുമെല്ലാം കേൾക്കുന്നുണ്ട്.. തന്നെ വിളിക്കുന്നതും കാത്ത് ദീപ്തി പരവേഷത്തോടെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..പേടി കാരണം കയ്യും കാലും വിറക്കുന്നുണ്ടായിരുന്നവൾക്ക്.. "മോളെ ശ്രുതി...ദീപ്തിയേയും കൂട്ടി ഇങ്ങ് വാ.. " പുറത്ത് നിന്നും മാഷ് വിളിച്ചു പറഞ്ഞതും ശ്രുതിയും ജയയും ദീപ്തിയേയും കൂട്ടി പുറത്തേക്ക് വന്നു... അണിഞ്ഞൊരുങ്ങി നിൽക്കുന്ന ദീപ്തിയെ കണ്ടതും കൂടിനിന്നവരുടെയെല്ലാം മുഖം തിളങ്ങി.. ദീപ്തി എന്നാൽ ആരേയും തലയുയർത്തി നോക്കിയില്ല.. നാണമോ പരവേഷമോ എന്താണെന്നവൾക്ക് തന്നെ അറിയില്ലായിരുന്നു... വെള്ളം നിറച്ച ഗ്ലാസ്‌ അടങ്ങിയ ട്രേ രാധ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു എല്ലാവർക്കും കൊടുക്കാനായി പറഞ്ഞു.. അമ്മയെ ഒന്ന് നോക്കി വിറക്കുന്ന കൈകളോടെ ദീപ്തിയത് വാങ്ങി അവരുടെ അടുത്തേക്ക് നടന്നു........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story