മഞ്ഞുരുകും കാലം : ഭാഗം 17

Manjurukumkalam

രചന: ഷംസീന

മുന്നിലിരിക്കുന്ന കാശിയെ തലയുയർത്തി നോക്കാനവൾക്ക് ജാള്യത തോന്നി.. തന്റെ മുന്നിലേക്ക് നീണ്ടു വന്ന ട്രേയിൽ നിന്നും കാശി വെള്ളമെടുത്തു..പിന്നീട് ജയ മറ്റുള്ളവർക്കും കൊടുത്തു.. മല്ലികമ്മയുടെ കൂടെ ഇരിക്കുന്ന പയ്യനെ കണ്ട് ദീപ്തി സൂക്ഷിച്ചു നോക്കി.. "കാശിയുടെ അനിയനാണ് ഗോപിനാഥ്.. " മല്ലിക പറഞ്ഞപ്പോൾ ദീപ്തി അവനെ നോക്കി നനുത്തൊരു പുഞ്ചിരി നൽകി.. ഗോപു കണ്ണുകൾ ചിമ്മി ചിരിച്ചു.. വെള്ളം കൊടുത്ത് കഴിഞ്ഞതും ദീപ്തി അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു.. അപ്പോഴാണവൾ കാശിയെ ശ്രദ്ധിക്കുന്നത്.. അലസമായി കിടക്കുന്ന താടിയും മുടിയും.. ആരേയും തലയുയർത്തി നോക്കുക്കയോ സംസാരിക്കുകയോ ചെയ്യുന്നില്ല.. കൊടുത്ത വെള്ളം കൂടി അതേ പടി കയ്യിൽ പിടിച്ചിരിപ്പാണ്.. ജയേച്ചി പറഞ്ഞിട്ടുണ്ട് ആള് സൈലന്റ് ആണെന്ന്.. ചിലപ്പോൾ അതായിരിക്കും.. "അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിക്കാനൊന്നും ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് ചടങ്ങിലേക്ക് കടക്കാം.. അല്ലേ മാഷേ... "

എല്ലാവരെയും നോക്കി പറഞ്ഞിട്ട് മല്ലിക ദീപ്തിയുടെ അടുത്തേക്ക് വന്നു.. "വാ.. " അവളേയും കൂട്ടി കാശിയുടെ അടുത്തായി നിർത്തി.. അവനോട് ചേർന്ന് നിൽക്കുമ്പോൾ അവൾക്ക് നേരിയ ഭയം തോന്നിയിരുന്നു.. ഇഷ്ടമില്ലാത്തതെന്തെങ്കിലും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ കാശി പരിസരം പോലും നോക്കാതെ പ്രതികരിക്കും.. ഇപ്പോഴും കാശിയുടെ അസുഖ വിവരത്തെ പറ്റി അമ്മയ്ക്കും അച്ഛനും ഒന്നും തന്നെ അറിയില്ല.. കല്യാണം കഴിഞ്ഞ് പതിയെഅവരെ പറഞ്ഞു മനസ്സിലാക്കാമെന്ന് താൻ തന്നെയാണ് മല്ലികാമ്മയോട് പറഞ്ഞത്.. മല്ലിക കാശിയുടെ കയ്യിലേക്ക് മോതിരം വെച്ചു കൊടുത്തു.. വിഷ്ണുവും മൂത്ത സഹോദരന്റെ സ്ഥാനത്തു നിന്ന് ദീപ്തിയുടെ കയ്യിൽ മോതിരം കൊടുത്തു.. ദീപ്തി തന്റെ മോതിര വിരൽ അവനു നേരെ നീട്ടി.. കാശി ആദ്യമൊന്ന് മടിച്ചെങ്കിലും മല്ലിക കണ്ണുകളടച്ചു അനുവാദം നൽകിയതും തന്റെ പേര് കൊത്തിയ മോതിരം കാശി അവളുടെ വിരലിൽ അണിയിച്ചു...

ദീപ്തിയും തിരികെ തന്റെ പേര് കൊത്തിയ മോതിരം അവന്റെ വിരലിൽ അണിയിച്ചു.. പിന്നീട് ഗോപു കാശിയേയും കൂട്ടി പുറത്തേക്കിറങ്ങി.. അവനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് മാഷിനും രാധക്കും ഉള്ളിൽ ചെറിയ ഭയം ഉടലെടുത്തു.. അതവർ മല്ലികയോട് പങ്കു വെക്കുകയും ചെയ്തു.. "കാശിമോന് ഇഷ്ടമില്ലാതെയാണോ ഈ വിവാഹം.. " "അങ്ങനെയൊന്നും ഇല്ല മാഷേ.. അവന്റെ പൂർണ സമ്മതത്തോട് കൂടിയാണ് ഇത് നടത്തുന്നത്.. അവനധികം സംസാരിക്കാറില്ല.. ഇനിയിപ്പോ ദീപ്തി വന്നാൽ എല്ലാം നേരെ ആയിക്കൊള്ളും.." മല്ലികാമ്മയുടെ വാക്കുകളിൽ നേരിയൊരു ആശ്വാസം അവർക്ക് കിട്ടി..എങ്കിലും ഉള്ളിൽ എന്തോ ഒരു സന്ദേഹം കടന്നു കൂടിയിരുന്നു.. ചടങ്ങുകളെല്ലാം കഴിഞ്ഞ് സദ്യയും കഴിച്ചു വന്നവരെല്ലാം മടങ്ങി.. ഒരുമാസം കഴിഞ്ഞുള്ള ശുഭ മുഹൂർത്തത്തിൽ അമ്പലത്തിൽ വെച്ച് താലി കെട്ടാൻ തീരുമാനിച്ചു..

കുടുംബക്കാർ മാത്രം പങ്കെടുക്കുന്ന ചെറിയൊരു ചടങ്ങ്.. അതായിരുന്നു എല്ലാവർക്കും താല്പര്യം... **** ഉമ്മറത്തെ തിണ്ണയിലിരുന്ന് ആകാശത്തെ താരകങ്ങളെ നോക്കി കാണുകയായിരുന്നു ദീപ്തി.. ഇത്രയും നേരം ആകെ ബഹളമായിരുന്നു വീട്ടിൽ..എല്ലാവരും കുറച്ചു മുന്നേയാണ് പിരിഞ്ഞു പോയത്.. ഓരോന്നും ആലോചിച്ചങ്ങനെ ഇരിക്കുമ്പോൾ തന്റെ മോതിര വിരലിൽ കിടന്നു തിളങ്ങുന്ന മോതിരത്തിലേക്കവളുടെ മിഴികൾ പാഞ്ഞു.. തിണ്ണയിൽ നിന്നും കയ്യെടുത്ത് മുഖത്തിന്‌ നേരെ കൊണ്ടുവന്നു.. അതിൽ തെളിഞ്ഞു കാണുന്ന പേരിലൂടെയൊന്ന് തഴുകി.. കാശി...എന്ന് സ്വർണ ലിപിയിൽ ഭംഗിയായി എഴുതിയിട്ടുണ്ട്... അവളുടെ ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടു.. കാശിയേട്ടൻ.. ചുണ്ടുകൾ മൊഴിഞ്ഞു.. അവളുടെ ഉള്ളിൽ അവന്റെ മുഖം തെളിഞ്ഞു വന്നു.. താടി കവിളുകളുടെ മുക്കാൽ ഭാഗവും മറഞ്ഞു കിടക്കുന്നതിനാൽ മുഖം അങ്ങനെ ശെരിക്കും കാണില്ല..

എന്നിരുന്നാലും വിശാദം തളം കെട്ടിയ കണ്ണുകൾ അവന്റെ ഉള്ളിലെ നോവ് എടുത്തു കാട്ടുന്നുണ്ടായിരുന്നു.. അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിച്ചതിന്റെ ഷോക്ക്‌ ആണ് കാശിയേട്ടന്റെ ഇപ്പോഴുള്ള മാറ്റത്തിനു കാരണമെന്ന് മല്ലികാമ്മ പറഞ്ഞിട്ടുണ്ട്..വർഷം ഇത്ര ആയിട്ടും അതിൽ നിന്നും മുക്തി ലഭിച്ചിട്ടില്ലെങ്കിൽ തന്റെ പ്രെസെൻസ് കൊണ്ട് കാശ്യേട്ടന് മാറ്റം സംഭവിക്കുമോ.. ഇനി ഇതല്ലാതെ വേറെ എന്തെങ്കിലും പ്രശ്‌നം കാശ്യേട്ടന്റെ മനസ്സിനെ അലട്ടുന്നുണ്ടോ..ഒന്നും മനസ്സിലാവുന്നില്ലല്ലോ ദേവി.. "ചേച്ചിയെന്താ ഇവിടെ വന്നിരിക്കുന്നേ..?" ചോദിച്ചുകൊണ്ട് ദീപു അവിടേക്ക് വന്നു.. "ഒന്നുല്ലെടാ.. ഞാൻ വെറുതെ.. ഇവിടിങ്ങനെ ഇരിക്കാൻ നല്ല സുഖമുണ്ട്.." കുഞ്ഞു ചിരിയോടെ ദീപ്തി അവനെ നോക്കി.. ദീപു അവളുടെ അടുത്തേക്ക് വന്നു മടിയിലേക്ക് ചാഞ്ഞു.. ദീപ്തിയുടെ വിരലുകൾ അവന്റെ മുടിയിഴകളെ വാൽസല്യത്തോടെ തഴുകി കൊണ്ടിരുന്നു..

"ചേച്ചിക്ക് ഞങ്ങളെ വിട്ട് പോവുന്നതിൽ സങ്കടമില്ലേ.. " "അതെന്ത് ചോദ്യമാട..എനിക്ക് സങ്കടം ഇല്ലാതിരിക്കോ..ഞാൻ ശ്വസിക്കുന്നത് പോലും നിങ്ങൾക്ക് വേണ്ടിയല്ലേ.." "ഞങ്ങൾക്ക് വേണ്ടി തന്നെയല്ലേ ചേച്ചി എല്ലാമറിഞ്ഞിട്ടും കാശിയേട്ടനെ വിവാഹം കഴിക്കാൻ തയ്യാറാവുന്നേ.. " അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.. "ആര് പറഞ്ഞു നിങ്ങൾക്ക് വേണ്ടി മാത്രമാണെന്ന്.. " അവളൊന്ന് നിർത്തി അവനെ നോക്കി.. "നിങ്ങൾക്ക് വേണ്ടി മാത്രമല്ല പ്രതീക്ഷയറ്റു നിൽക്കുന്ന കാശ്യേട്ടന്റെ കുടുംബത്തിന് കൂടി വേണ്ടിയാ..അവരുടെ കളഞ്ഞു പോയ സന്തോഷം ഈ ഒരു വിവാഹത്തോടെ തിരികെ ലഭിക്കുകയാണേൽ അതിലും വലിയൊരു പുണ്യം വേറെയില്ല.. " "എന്നാലും ചേച്ചി.. " "ഒന്നുമുണ്ടാവില്ലെടാ.. എനിക്ക് പ്രതീക്ഷയുണ്ട് കാശിയേട്ടന്റെ കൂടെ എനിക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവുമെന്ന്.." പ്രതീക്ഷയോടെയുള്ള തന്റെ ചേച്ചിയുടെ വാക്കുകൾ കേട്ടവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. "അയ്യേ.. ആൺകുട്ടികൾ കരയേ.... ഇനി ചേച്ചിയുടെ സ്ഥാനത്ത് നിന്ന് പഠിത്തമൊക്കെ കഴിഞ്ഞു നല്ലൊരു ജോലിയൊക്കെ വാങ്ങി ഈ കുടുംബം നോക്കേണ്ടത് നീയാണ് .

അതിനുള്ള കരുത്ത് ഇപ്പോഴേ ആർജിച്ചെടുക്കണം.. അല്ലെങ്കിൽ ചേച്ചിയെ പോലെ പാതി വഴിയിൽ തളർന്നു വീഴും.. എനിക്ക് നിന്നിൽ ഒരുപാട് പ്രതീക്ഷയുണ്ട് അത് തെറ്റിക്കരുത്..ഞാനില്ലെങ്കിലും അമ്മയേയും അച്ഛനേയും ദിവ്യയേയും പൊന്നുപോലെ നോക്കണം.. ഒരുപക്ഷെ ചേച്ചി നോക്കിയതിനേക്കാൾ കൂടുതൽ കരുതലും സ്നേഹവും നൽകി.. " അത്യധികം വാത്സല്യത്തോടെ ദീപ്തി പറഞ്ഞു നിർത്തി.. പറയുമ്പോൾ അവളുടെ ശബ്‍ദത്തിലെ ഇടർച്ച ദീപുവിന് വ്യക്തമായിരുന്നു..അത് അവന്റെ ഉള്ളിലും നോവുണർത്തി.. തന്റെ മുടിയിൽ ചലിച്ചു കൊണ്ടിരുന്ന ദീപ്തിയുടെ കൈ എടുത്ത് പിടിച്ചു ആ കൈ വെള്ളയിൽ അമർത്തി ചുംബിച്ചു.. അത്രമാത്രം മതിയായിരുന്നു അവൾക്ക് തന്റെ കുഞ്ഞനിയനിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ.. "പോയി കിടന്നോ.. മഞ്ഞു കൊള്ളേണ്ടാ.." തന്റെ മടിയിൽ കിടന്ന് ഉറക്കം തൂങ്ങുന്ന ദീപുവിനെയവൾ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു.. ചിണുങ്ങി കൊണ്ടവൻ എഴുന്നേറ്റു.. "ചേച്ചിയും വാ.. ഞാൻ ചേച്ചിയുടെ കൂടെയാ.."

"ഞാൻ കുറച്ച് നേരം കൂടെ ഇരിക്കട്ടെ. നീ ചെന്നോ.. " "വാ ചേച്ചി.. " വീണ്ടുമവൻ ചിണുങ്ങിയതും ദീപ്തി തിണ്ണയിൽ നിന്നും എഴുന്നേറ്റ് അവനേയും കൂട്ടി അകത്തെ മുറിയിലേക്ക് കിടന്നു.. മുറിയിലേക്ക് ചെന്നപ്പോൾ കാണുന്നത് മൂടി പുതച്ചുറങ്ങുന്ന ദിവ്യയെയാണ്.. അവളെ ഒരു അരികിലേക്ക് നീക്കി കിടത്തി ദീപ്തി അവിടെ കിടന്നു.. അവളുടെ ഇപ്പുറത്തെ സൈഡിൽ ദീപുവും.. ദീപ്തി അടുത്ത് വന്നു കിടന്നതറിഞ്ഞ ദിവ്യ തിരിഞ്ഞു അവളെ കെട്ടിപിടിച്ചു കിടന്നു.. ദീപുവും അവളെ കെട്ടിപ്പിടിച്ചു കണ്ണുകളടച്ചു.. തന്റെ കൂടപ്പിറപ്പുകളെ ചേർത്ത് പിടിച്ചു കൊണ്ടവളും നിദ്രയെ പുൽകി....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story