മഞ്ഞുരുകും കാലം : ഭാഗം 18

Manjurukumkalam

രചന: ഷംസീന

ദീപ്തി കടയിലേക്ക് പോവാൻ ഇറങ്ങുമ്പോഴാണ് മുറ്റത്തേക്കൊരു കാർ വന്നു നിന്നത്.. അതിൽ നിന്നും ഇറങ്ങുന്ന മല്ലികയേയും ഗോപുവിനെയും കണ്ടപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. തോളിലുണ്ടായിരുന്ന ബാഗ് തിണ്ണയിലേക്ക് വെച്ച് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.. "ദീപ്തി കടയിൽ പോവാൻ ഇറങ്ങിയതാണോ..?" ചോദിച്ചുകൊണ്ട് മല്ലിക അവളുടെ കൈകൾ കവർന്നു.. "അതെ..ചെറിയമ്മ എന്താ ഒരു മുന്നറിയിപ്പില്ലാതെ.. " "ഞങ്ങൾ അമ്പലത്തിലേക്ക് വന്നതായിരുന്നു ഏട്ടത്തിയമ്മേ.. എന്നാൽ ഇവിടെയും ഒന്ന് കയറാമെന്ന് കരുതി... " ഗോപു പറഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു..എന്നിട്ടവരെ അകത്തേക്ക് ക്ഷണിച്ചു.. "അമ്മയില്ലേ ദീപ്തി.. " "ഉണ്ട്,, തൊടിയിലേക്കിറങ്ങിയിരുന്നു ഞാൻ വിളിക്കാം.." അതും പറഞ്ഞു ദീപ്തി വീടിന്റെ പിറകിലേക്ക് പോയി.. കുറച്ചു കഴിഞ്ഞു അവൾ അമ്മയേയും കൂട്ടി വന്നു.. "ഇതാര് മല്ലികാമ്മയോ.." ചോദിച്ചു കൊണ്ട് നേര്യതിന്റെ തലപ്പാൽ കഴുത്തിലൂടെയൊന്ന് തുടച്ചു.. "ക്ഷേത്രത്തിലേക്ക് വന്നതായിരുന്നു..

എന്നാൽ അതിന്റെ കൂടെ നിങ്ങളേയും കാണാമെന്നു വിചാരിച്ചു.. " "നിങ്ങളിരിക്ക് ഞാൻ ചായ എടുക്കാം... " "ചായയൊന്നും വേണ്ട രാധേച്ചി.. ഞങ്ങളിപ്പോൾ ഇറങ്ങും.. നമുക്ക് നാളെയോ മറ്റന്നാളോ താലിയും പുടവയും എടുക്കാൻ പോയാലോ.. അത് ചോദിക്കാൻ കൂടി വേണ്ടിയാ വന്നത്.. " മല്ലികാമ്മ മറുപടിക്കായി അവരെ നോക്കി.. "അതിപ്പോ.. നിങ്ങളുടെ ഇഷ്ടം പോലെ.. ഞങ്ങൾക്കതിൽ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ല.." "ദീപ്തിക്ക്‌ എതിർപ്പെന്തെങ്കിലും ഉണ്ടോ..? " രാധ പറഞ്ഞപ്പോൾ മല്ലികാമ്മ ദീപ്തിയുടെ അഭിപ്രായം കൂടെ ചോദിച്ചു.. "ഇല്ല..ഇന്ന് കടയിൽ നിന്നിറങ്ങും.. പിന്നെ വേറെ തിരക്കുകളൊന്നും ഇല്ലല്ലോ.." "എന്നാൽ നമുക്ക് നാളെ പോകാമല്ലേ..ഞങ്ങൾ ടൗണിലെ ഷോപ്പിൽ നിൽക്കാം.. കാർ അയക്കാം നിങ്ങൾ അവിടേക്ക് എത്തിയാൽ മതി.." "അങ്ങനെ ആയിക്കോട്ടെ മല്ലികാമ്മേ.. "

പിന്നീടവർ കല്യാണത്തിന്റെ ഓരോരോ ചർച്ചകളിലേക്ക് കടന്നു.. ദീപ്തിക്കാണേൽ പോവാൻ സമയവുമായി..പക്ഷേ അവരോടതെങ്ങനെ ചോദിക്കുമെന്ന് മടിച്ചു നിൽക്കുവായിരുന്നു.. "ദീപ്തിക്ക് ഇറങ്ങാൻ സമയം ആണെങ്കിൽ പൊക്കോളൂ.. ഞങ്ങൾ കുറച്ചൂ നേരം കൂടെ ഇരുന്നിട്ടെ പോവൂ.. " ചെറു ചിരിയോടെ മല്ലിക പറഞ്ഞപ്പോൾ അവരോട് യാത്ര പറഞ്ഞു ദീപ്തി പോയി.. "ആരാ രാധേ അവിടെ വന്നിരിക്കുന്നേ..? " മുറിയിൽ നിന്നും മാഷ് വിളിച്ചു ചോദിച്ചു.. "അത് മല്ലികാമ്മയും ഗോപുവുമാണ്.. " രാധ മുറിയിലേക്ക് ചെന്നപ്പോൾ അതിന് പിറകെ തന്നെ മല്ലികയും ഗോപുവും അവിടേക്ക് ചെന്നു.. "മാഷ് ഉറങ്ങുകയാവും എന്ന് കരുതിയാ ശല്യപ്പെടുത്താതിരുന്നേ..അസുഖമൊക്കെ എങ്ങനെയുണ്ട് കുറവുണ്ടോ..?" മല്ലിക മുറിയിലേക്ക് കടന്നു വന്നപ്പോൾ അവർക്കിരിക്കാനായി രാധ കസേര വലിച്ചിട്ടു കൊടുത്തു... "ആശ്വാസം ഉണ്ട് മല്ലികേ..ഇനിയിപ്പോ കണ്ണടഞ്ഞാലും കുഴപ്പല്ല .. ന്റെ കുട്ടീടെ ജീവിതം ഒരു കരക്കടിഞ്ഞല്ലോ അത് മതി.. " ആ വൃദ്ധന്റെ കണ്ണുകൾ ഈറനായി..

"ഞങ്ങൾ ക്ഷേത്രത്തിലേക്കാണ് വന്നത് എന്ന് പറഞ്ഞത് വെറുതെയാ രാധേച്ചി..ഇവിടേക്ക് തന്നെയാ ഇറങ്ങിയത് പ്രധാനപ്പെട്ടൊരു കാര്യം പറയാൻ വേണ്ടി...ദീപ്തി ഇറങ്ങട്ടെ എന്ന് കരുതി.." മല്ലികാമ്മ മുഖവുരയോടെ പറഞ്ഞു തുടങ്ങിയപ്പോൾ മാഷും രാധയും മുഖത്തോട് മുഖം നോക്കി.. "എനിക്കറിയാം നിങ്ങളുടെ മനസ്സിലെ ആശങ്ക..വേറൊന്നും അല്ല ഞങ്ങടെ കാശിയെ പറ്റിയാ പറയാനുള്ളത്.. ദീപ്തി നിങ്ങളെ അറിയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് ഇതുവരേയും സത്യങ്ങൾ ഞാൻ മൂടിവെച്ചത്.. കല്യാണത്തിന് മുൻപേ ഞാൻ നിങ്ങളോട് ഈ കാര്യം പറഞ്ഞില്ലെങ്കിൽ അത് വലിയൊരു ചതിയാവും.." ഇടർച്ചയോടെ അവർ പറഞ്ഞു.. "മല്ലിക പറഞ്ഞുവരുന്നത്.." "കാശിക്ക്.." ബാക്കി പറയാൻ കഴിയാതെ മല്ലികയുടെ തൊണ്ടകുഴിയിലൊരു ഗദ്ഗദം വന്നു തടഞ്ഞു..ഗോപു അവരെ വന്നു ചേർത്ത് പിടിച്ചു.. "മാഷേ..ഏട്ടൻ.. ഏട്ടൻ മെന്റലി സ്റ്റേബിൾ അല്ല.." ഗോപുവിന്റെ തുറന്നു പറച്ചിലിൽ മാഷും രാധയും ഞെട്ടി.. ഇരുവരുടേയും മുഖത്ത് തന്റെ മകളെ കുറിച്ചുള്ള ആകുലത വ്യക്തമായിരുന്നു..

"ഗോപു പറയുന്നത് കാശിക്ക് മാനസികമായി.. " തളർന്ന സ്വരത്തോടെ ആ വൃദ്ധൻ ചോദിച്ചു...ഗോപുവിന്റെ തല താഴ്ന്നു.. "പറയാതിരിക്കണമെന്ന് പല തവണ കരുതി.. പക്ഷെ മനസാക്ഷി അതിന് അനുവദിക്കുന്നില്ല..ചെയ്യുന്നത് തെറ്റാണെന്ന് ഓരോ തവണയും കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു.." "മല്ലികാമ്മേ.." രാധ നിസ്സഹായതയോടെ വിളിച്ചു.. "കുഞ്ഞിലേ ഒന്നും അവന് കുഴപ്പം ഇല്ലായിരുന്നു... ഏട്ടനും ഏട്ടത്തിയും മരിച്ചതിൽ പിന്നെയാണ് അവൻ ഇങ്ങനെ മാനസികമായി തളർന്നത്.. പക്ഷേ ഇതൊരു താൽകാലികമായുള്ളൊരു മനസ്സിന്റെ വിഭ്രാന്തിയാണെന്നാണ് ഡോക്ടെഴ്‌സ് പറയുന്നത്..ചിലപ്പോളൊരു വിവാഹത്തിലൂടെ ഈ അവസ്ഥക്ക് മാറ്റം വരാമെന്നും ഉറപ്പ് തന്നിട്ടുണ്ട്.." "നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാകും മല്ലികേ..നിങ്ങളുടെ അവസ്ഥയും.. എന്നാലും ഈ അവസാന നിമിഷത്തിൽ നിങ്ങൾ വന്നു ഇങ്ങനൊരു കാര്യം പറയുമ്പോൾ.." "മാഷേ എനിക്ക് മനസ്സിലാവും നിങ്ങളിപ്പോൾ എന്താ ചിന്തിക്കുന്നതെന്ന്..ഒരാൾക്കും ഇങ്ങനൊരു കാര്യം അംഗീകരിക്കാൻ പറ്റില്ല..

എന്നാലും ഞാൻ പറയുവാ ന്റെ കുട്ടിയേ കൈ വിടരുത്.. ദീപ്തിയിലാണ് ഞങ്ങളുടെ പ്രതീക്ഷ മുഴുവൻ..ദീപ്തി മോൾക്ക് ഒരു കുറവും ഉണ്ടാവാതെ ഞങ്ങൾ നോക്കിക്കോളാം.." "ചെറിയമ്മേ.. " ഭ്രാന്തിയെ പോലെ അവർ പുലമ്പുന്നത് കേട്ട് ദയനീയതയോടെ ഗോപു വിളിച്ചു.. "എന്താ മല്ലികേ ഇത്..മാണിക്യ മംഗലത്തെ ഒരു അംഗം ഞങ്ങളോട് അപേക്ഷിക്കുകയോ.. കാശി ഇപ്പൊ ഞങ്ങളുടെ കൂടെ മകനല്ലേ.. ആദ്യം ഒരു ആശങ്ക ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ അത് ഒട്ടും ഇല്ല.. നിങ്ങൾ ഇത് മറച്ചു വെച്ച് പിന്നീട് ഇത് അറിയുമ്പോഴായിരിക്കും ഇതിലും വേദനയാവുന്നത്.. ഞങ്ങളുടെ മോളുടെ സന്തോഷം ഇതാണെങ്കിൽ ഞങ്ങൾക്കും അത് തന്നെയാണ് വലുത്.." "മാഷേ.. നിങ്ങളുടെ ഈ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല.." മല്ലിക മാഷിന്റെ കൈകൾ കവർന്നു.. 'ജയ വന്നു പറഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ദീപ്തി മോളെ ഇഷ്ടമായി.. അല്ലെങ്കിൽ ഏതൊരു ബന്ധത്തിനും എതിർപ്പ് പറയുന്ന കാശി ഇതിന് എതിർപ്പൊന്നും പറയാതിരുന്നപ്പോൾ ആശ്വാസം തന്നെയായിരുന്നു..

എന്നാലും മനസ്സിൽ ഒരു നോവായിരുന്നു നിങ്ങളോട് എല്ലാം മറച്ചു വെച്ചതിൽ.. " "എന്തായാലും ഇപ്പോൾ അതും മാറിയില്ലേ.. നിങ്ങളുടെ കരുണ കൊണ്ടാണ് ഞങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത് പോലും.. അതിന് പ്രത്യുപകാരമായി ഇത്രയെങ്കിലും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്തില്ലെങ്കിൽ ദൈവം ഞങ്ങളോട് പൊറുക്കില്ല.. എല്ലാം നല്ലതിനായിരിക്കും എന്ന് വിശ്വസിക്കുക.." രാധ നിറഞ്ഞ മനസ്സാലെ തന്നെ മല്ലികയോട് പറഞ്ഞു.. മനസ്സിലെ കാർമേഘം ഒഴിഞ്ഞു മാറിയ ആശ്വാസത്തിൽ മല്ലികയും ഗോപുവും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.. രാധയും അവരോടൊപ്പം കാറ് വരെ ചെന്നു.. "വരട്ടെ രാധേച്ചി..നാളെ നേരത്തെ അങ്ങേത്തിക്കോണം.. പിന്നെ ഞങ്ങൾ പറഞ്ഞതൊന്നും ദീപ്തി മോള് അറിയേണ്ട.. കുട്ടിക്ക് ചിലപ്പോൾ സങ്കടാവും.." മല്ലിക പറഞ്ഞതിന് സമ്മതമെന്നോണം രാധ തലയനക്കി.. മല്ലിക അവരെ നോക്കി പുഞ്ചിരിച്ചു കാറിൽ കയറി കൂടെ ഗോപുവും.. അവരുടെ കാർ അകലേക്ക്‌ പോകുന്നത് നോക്കി രാധ നിന്നു.. എല്ലാം നല്ലതായി അവസാനിക്കണേ എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു ആ സമയം അവരുടെ ഉള്ളിൽ......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story