മഞ്ഞുരുകും കാലം : ഭാഗം 19

Manjurukumkalam

രചന: ഷംസീന

 "എടാ നീ ശ്രുതിയുമായിട്ട് എങ്ങനെയാ..ഇപ്പോഴും പഴയത് പോലെ തന്നെയാണോ..? " ഉച്ചയൂണ് കഴിഞ്ഞു വെറുതെ മാവിൻ ചുവട്ടിലിരുന്ന് വിശ്രമിക്കുമ്പോഴാണ് സുജയുടെ ഭർത്താവ് സതീഷ് വിഷ്ണുവിനോട് ചോദിച്ചത്.. "മ്മ്.. " അവൻ അലസമായൊന്ന് മൂളി.. സുജയുടെ വീട്ടിലേക്ക് രാവിലെ വന്നതാണ് വിഷ്ണുവും ശ്രുതിയും.. സുധ ഇപ്പോഴും ഇവിടെ തന്നെയാണ് നിൽക്കുന്നത് സുജക്ക് കൂട്ടായി.. "വിഷ്ണു അവളൊരു പാവമാടാ.. " "അത് എനിക്കും കൂടി തോന്നേണ്ടേ.. എന്നോട് എല്ലാവരും ചെയ്തത് എനിക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല.. " അമർഷത്തോടെ വിഷ്ണു പറഞ്ഞു നിർത്തി അവിടെ നിന്നും എഴുന്നേറ്റു.. "അവൾ നിന്നോട് എന്ത് ചെയ്തെന്നാ നീയി പറയണേ..അവൾ നിന്നെ സ്നേഹിച്ചു ആ ഒരു തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ.. അവളുടെ സ്നേഹത്തെ മുതലെടുത്തത് നിന്റെ അമ്മയും പെങ്ങളുമാണ് അല്ലാതെ അവളോ അവളുടെ അച്ഛനോ അല്ല.. ഒരേ ഒരു മകളുടെ ഇഷ്ടം നടക്കാൻ നിന്റെ അമ്മയുടെ ആവശ്യങ്ങൾക്ക് മുന്നിൽ അയാളും കണ്ണടച്ചു.. അതാണ് സത്യം.."

സതീശന്റെ വാക്കുകൾ കേട്ട വിഷ്ണു ഞെട്ടി.. അപ്പോൾ താൻ അന്ന് അമ്മയിൽ നിന്ന് അറിഞ്ഞതെല്ലാം കള്ളമായിരുന്നോ.. അവന്റെ മനസ്സ് സന്ദേഹം പൂണ്ടു.. "നീയിത്രയൊക്കെ അവഗണിച്ചിട്ടും അവൾ എന്താണെന്നോ വീണ്ടും ഒരു പട്ടിയെ പോലെ നിന്റെ അടുത്ത് കടിച്ചു തൂങ്ങി കിടക്കുന്നത്,, അത് നിന്നോട് ഒരാളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.. പക്ഷേ ആ സ്നേഹം അനുഭവിക്കാൻ നിനക്ക് അർഹതയില്ല.. " "സതീഷേട്ടാ.. " സതീശന്റെ ദേഷ്യവും സങ്കടവും കലർന്നുള്ള വാക്കുകൾ അവനിലൊരു ഇടുത്തീ പോലെ വന്നു പതിച്ചു.. "അവളിന്ന് വരെ കരഞ്ഞിട്ട് ഞാൻ കണ്ടിട്ടില്ല.. പക്ഷേ ഇന്ന് ഞാൻ കണ്ടു അവളുടെ കണ്ണുകളിൽ ഒരു കുന്നോളം നൊമ്പരങ്ങൾ ഒളിഞ്ഞിരിക്കുന്നത്..ഒരു ഏട്ടനായ എനിക്ക് അത് മനസ്സിലാവും.. ഇനിയും വിഷമിപ്പിക്കല്ലേടാ ആ പാവം പെണ്ണിനെ.. നീയെന്ന് വെച്ചാൽ അതിന് ഭ്രാന്താണ്.."

ഇടറിയ സ്വരത്താൽ പറഞ്ഞുകൊണ്ട് സതീഷ് വിഷ്ണുവിന്റെ തോളിലൊന്ന് തട്ടി അവിടേ നിന്നും പോയി.. അപ്പോഴും സതീഷനിൽ നിന്നും അറിഞ്ഞ സത്യങ്ങളിൽ പ്രകമ്പനം കൊള്ളുകയായിരുന്നു അവന്റെ ഉള്ള്.. എല്ലാം തന്റെ തെറ്റാണ് ഒരിക്കൽ പോലും താൻ അവളെ കേൾക്കാൻ ശ്രമിച്ചിട്ടില്ല അവഗണിച്ചിട്ടേ ഉള്ളൂ ഈ ദിവസമത്രെയും..ആരോടൊക്കെയോ ഉള്ള ദേഷ്യം പലപ്പോഴും അവളോട് തീർത്തിട്ടുണ്ട്.. എന്നിട്ടും അവൾ തന്നോട് ഇതുവരേയും മുഖം കറുപ്പിച്ചിട്ടില്ല.. ശ്രുതിയെ കുറിച്ച് ഓർക്കുന്തോറും അവന്റെ മനസ്സ് നീറി കൊണ്ടിരുന്നു.. വൈകുന്നേരത്തോട് കൂടി വിഷ്ണുവും ശ്രുതിയും സുജയുടെ വീട്ടിൽ നിന്നും ഇറങ്ങി.. സതീശനോടവൻ യാത്ര പറഞ്ഞെങ്കിലും അയാൾ അവനെ അവഗണിച്ചു പുറത്തേക്കിറങ്ങി പോയി.. ബൈക്കിൽ ആയിരുന്നു അവർ വന്നിരുന്നത്.. തീർത്തും നിശബ്‍ദമായൊരു യാത്ര..

അത് പിന്നെ എപ്പോഴും അങ്ങനെ ആയത് കൊണ്ട് രണ്ടാൾക്കും പുതുമയൊന്നും തോന്നിയില്ല.. ശ്രുതിയെ വീടിനു മുന്നിൽ ഇറക്കി വിഷ്ണു കടയിലേക്കാണെന്നും പറഞ്ഞു പോയി.. അവനാകെ അസ്വസ്ഥാനാണെന്നവൾക്ക് അവന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായി.. എന്തായിരിക്കും വിഷ്ണുവേട്ടനെ അലട്ടുന്ന വിഷമം.. അവനെ കുറിച്ച് ആലോചിച്ചു കൊണ്ട് തന്നെ വാതിൽ തുറന്നു അകത്തേക്ക് കയറി.. ****** കടയിലെ എല്ലാവരേയും കല്യാണത്തിന് ക്ഷണിച്ചു അവരോടെല്ലാം ഒരിക്കൽ കൂടി യാത്ര പറഞ്ഞു ജയ അവിടുന്നിറങ്ങി ഇനിയൊരു മടങ്ങി വരവില്ലാതെ..പോവുന്ന വഴിയിൽ വീട്ടിലേക്കുള്ള അല്ലറ ചില്ലറ സാധനങ്ങളും വാങ്ങി.. ഇനിയധികം ദിവസമില്ലല്ലോ കല്യാണത്തിന്. ആളുകളെയെല്ലാം ക്ഷണിച്ചു തുടങ്ങണം.. അടുത്ത ബന്ധുക്കളും പിന്നെ കുറച്ചു അയൽവാസികളും അച്ഛന്റെ സുഹൃത്തുക്കളും അങ്ങനെ പോകും ലിസ്റ്റ്..

വിഷ്ണുവേട്ടൻ അമ്മയേയും കൂട്ടി കല്യാണം ക്ഷണിക്കാൻ പോകാമെന്നാണ് പറഞ്ഞിട്ടുള്ളത്.. ഒരു തരത്തിൽ വിഷ്ണുവേട്ടൻ കൂടെയുള്ളതും ഒരു ആശ്വാസമാണ് എല്ലാത്തിനും കൂടി താൻ ഓടേണ്ടതില്ലല്ലോ.. വീട്ടിലെത്തി മേല് കഴുകി മുഷിഞ്ഞ തുണിയെല്ലാം അലക്കിയിട്ടു.. തൊണ്ട വരണ്ടിട്ടുണ്ട് അപ്പോൾ തന്നെ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി വായിലേക്ക് കമിഴ്ത്തി.. അമ്മ കോഴികളെ കൂട്ടിൽ കയറ്റുകയാണ്.. തള്ള കോഴി വേഗം കയറിയെങ്കിലും കുഞ്ഞുങ്ങൾ കയറാതെ അമ്മയെ വട്ടം ചുറ്റിക്കുവാണ്.. ഡോക്ടർ അമ്മയോട് അധികം ശരീരം ഇളക്കരുതെന്ന് പറഞ്ഞിട്ടുണ്ട് അത്കൊണ്ട് അമ്മയെ അകത്തേക്ക് പറഞ്ഞുവിട്ട് അവൾ തന്നെ കോഴിക്കുഞ്ഞുങ്ങളെ കൂട്ടിൽ മുളച്ചു.. നിലവിളക്ക് കത്തിച്ചു ഉമ്മറത്തു കൊണ്ടുവെച്ചു.. തന്റെ മൊബൈലിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന ദിവ്യയേയും ദീപുവിനേയും വിളിച്ചു വിളക്കിന് മുന്നിലിരുത്തി നാമം ജപിക്കാൻ പറഞ്ഞു..

ദീപ്തിയും അവരോടൊപ്പം ഇരുന്നു.. അത് കഴിഞ്ഞു ദീപ്തി കുറച്ചു നേരം മാഷിന്റെ അടുത്ത് പോയി സംസാരിച്ചിരുന്നു.. അച്ഛന്റെ ശബ്‍ദത്തിൽ എന്തോ ഒരു വേദന ഒളിഞ്ഞിരിക്കുന്നതായി തോന്നി.. അമ്മയുടെ മുഖത്തും ഉണ്ട് വിശാദ ഭാവം.. പിള്ളേരോട് ചോദിച്ചിട്ടാണെങ്കിൽ അവരൊന്നും വിട്ട് പറയുന്നുമില്ല..കാര്യപ്പെട്ടതാണേൽ അമ്മ തന്നോട് പറയാതിരിക്കില്ല ആ ഒരു ചിന്തയോടെ ദീപ്തി ഉറക്കത്തെ പുൽകി.. ***** പിറ്റേന്ന് ഡ്രെസ്സും മറ്റും എടുക്കാൻ പോവേണ്ടത് കൊണ്ട് രാധ നേരത്തെ തന്നെ എണീറ്റു.. ദീപ്തിയാണേൽ അവധിയല്ലേ എന്ന ആശ്വാസത്തിൽ പോവുന്ന കാര്യമെല്ലാം മറന്നു അറിയാതെ കിടന്നുറങ്ങിപ്പോയി.. ദിവ്യ വന്നു വിളിച്ചപ്പോഴാണ് അവൾ എണീക്കുന്നത് തന്നെ.. "അമ്മക്കെന്നെ വിളിച്ചൂടായിരുന്നോ ഞാൻ അറിയാതെ ഉറക്കത്തിൽ പെട്ടു.." ഭക്ഷണം ടേബിളിൽ കൊണ്ടുവന്നു വെക്കുന്ന രാധയോടവൾ പരിഭവിച്ചു..

"അത് സാരമില്ല മോളെ.. നീ ഉറങ്ങിക്കോട്ടെ എന്ന് കരുതി.. എനിക്ക് സഹായത്തിനു ദിവ്യ ഉണ്ടായിരുന്നു.. നീ പോയി വേഗം കുളിച്ചു റെഡിയാവാൻ പോവാനുള്ള വണ്ടി ഇപ്പൊ വരും.." രാധ ധൃതി കൂട്ടി.. "എവിടെ പോവാൻ.. " "എന്റെ ചേച്ചി ഇന്നലെ ഡ്രസ്സ്‌ എടുക്കാൻ പോവുന്നേ.. " ദിവ്യ അവളുടെ തലക്കിട്ടു കിഴുക്കി.. "ഓ ഞാനത് മറന്നു.." "നിന്ന് സമയം കളയാതെ വേഗം ചെന്നു റെഡിയാവാൻ നോക്ക്.. " രാധ തിടുക്കത്തിൽ പറഞ്ഞിട്ട് മാഷിന്റെ മുറിയിലേക്ക് കയറിപ്പോയി.. മാഷിന്റെ ദേഹമെല്ലാം തുടച്ചു വൃത്തിയാക്കി ചൂടുള്ള പൊടിയരി കഞ്ഞിയും കൊടുത്തു.. ദീപുവിന്റെ സഹായത്തോടെ മാഷിനെ വീൽ ചെയറിലേക്കിരുത്തി ഹാളിൽ കൊണ്ടുവന്നിരുത്തി.. അപ്പോഴേക്കും ദീപ്തിയും ദിവ്യയും റെഡിയായി വന്നിരുന്നു.. ചുവപ്പിൽ കറുപ്പ് ഡിസൈനുള്ള സിംപിൾ കോട്ടൺ സാരിയായിരുന്നു ദീപ്തി ധരിച്ചിരുന്നത്.. "നിനക്കിന്നെങ്കിലും ഒരു ചുരിദാർ എടുത്തിട്ടൂടെ ദീപ്തി.

. ഏത് സമയവും ഇതും ചുറ്റി നടന്നോളും.. " രാധ അവളെ സ്നേഹത്തിൽ ശാസിച്ചു.. "ഇതൊക്കെ മതിയമ്മേ.. എനിക്കും ഇതാണ് ഇഷ്ടം.. " ചെറു ചിരിയോടെ അവൾ പറഞ്ഞു.. "നിന്നോട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.. " ഓരോന്നും പിറുപിറുത്തു രാധ മുറിയിലേക്ക് കയറി ഒരു നേര്യത് ഉടുത്തു വന്നു.. മാഷിന് കൂട്ടിരിക്കാൻ മാഷിന്റെ സുഹൃത്ത് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. അദ്ദേഹം അവർ ഇറങ്ങുന്നതിനു പത്ത് മിനിറ്റ് മുന്നേ വന്നു.. കുറച്ചു കഴിഞ്ഞു കാശിയുടെ വീട്ടിൽ നിന്നും അവർക്ക് പോവാനുള്ള കാർ വന്നു.. അവർ അച്ഛനോട് യാത്ര പറഞ്ഞു അതിൽ കയറി.. ആ കാർ നേരെ പോയത് ടൗണിലെ വലിയൊരു ഷോപ്പിംഗ് കോംപ്ലക്സിലേക്കാണ്.. ദീപുവും ദിവ്യയും ആദ്യമായിട്ടാണ് ഇത്രയും വലിയൊരു ഷോപ്പിലേക്ക് വരുന്നത് അതിന്റെ അമ്പരപ്പ് അവരുടെ മുഖത്തുണ്ട്താനും.. അവരെ കണ്ടതും മല്ലിക കാറിനടുത്തേക്ക് വന്നു.. അവരേയും കൂട്ടി ഷോപ്പിനകത്തേക്ക് കയറി........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story