മഞ്ഞുരുകും കാലം : ഭാഗം 2

Manjurukumkalam

രചന: ഷംസീന

ബസ് സ്റ്റാൻഡിൽ എത്തിയതും അതിൽ നിന്നും ഇറങ്ങി കടയിലേക്ക് നടന്നു.. "ദീപ്തി.. നിന്നേ,,, ഞാനും വരുന്നു... " അവൾ തിരിഞ്ഞു നോക്കി.. സാരി ഒതുക്കി പിടിച്ചു വേഗത്തിൽ നടന്നു വരുന്ന ജയയെ കണ്ടു.. "ഇന്നെന്താ വൈകിയേ ചേച്ചി... " ജയ അരികിൽ എത്തിയതും ഇരുവരും നടത്തം ഒരുമിച്ചാക്കി... "ഒന്നും പറയേണ്ട ദീപ്തി... ഇന്നെങ്കിലും നേരത്തെ ഇറങ്ങട്ടെ എന്ന് കരുതി കാലത്തെ എണീറ്റ് ജോലിയെല്ലാം ഒരുക്കി വെച്ചു.. അപ്പൊ ദാണ്ടേ അങ്ങേരുടെ അമ്മ കയറിവരുന്നു.. എന്റെ അമ്മായിമ്മ.." ദീപ്തി ചിരിച്ചു.. "ഈ ദിവസവും പോയെന്ന് പറഞ്ഞാൽ മതിയല്ലോ.." "എന്തായിരുന്നു ഇന്നത്തെ പ്രശ്നം.. " "സ്ഥിരം ഉള്ളത് തന്നെ.. അങ്ങേരെ ജോലിക്കൊന്നും വിടാതെ ഞാനെന്റെ സാരി തലപ്പിൽ കെട്ടിവെച്ചിരിക്കുകയാണെന്നും പറഞ്ഞു തുടങ്ങിയില്ലേ പൂരപ്പാട്ട്..

പോരാഞ്ഞിട്ട് എന്റെ കിടാവിനെയും കെട്ടഴിച്ചു വിട്ടു എന്റെ തന്തക്കും തള്ളക്കും വിളിച്ചു അവരങ്ങ് പോയി.. കിടാവിനെ തിരഞ്ഞു പിടിച്ചു കൊണ്ടുവന്നപ്പോഴേക്കും ഫസ്റ്റ് ബസ് പോയി.. പിന്നെ വന്ന ബസിൽ എങ്ങനെയോ ഏന്തി വലിഞ്ഞു കയറി ഇവിടം വരെയെത്തി.. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം.." പറയുന്നതിനിടയിൽ ജയ ദീപ്തിയുടെ കയ്യിൽ പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു.. "ചേട്ടനൊരു ജോലി നോക്കിക്കൂടെ.. എന്നാൽ ചേച്ചിക്കിങ്ങനെ ചക്രശ്വാസം വലിക്കേണ്ട കാര്യമില്ലല്ലോ.. " "നമുക്ക് പറയാനല്ലേ പറ്റൂ ദീപ്തി...അങ്ങേര് ഗവണ്മെന്റ് ജോലിക്കേ പോകൂ എന്നും പറഞ്ഞു ഒരൊറ്റ വാശിയിലാ.. എന്റെ വിധി.. അല്ലാതെന്ത്.." സംസാരിച്ചു കൊണ്ട് തന്നെ കടയിലെത്തി... ജയയും ദീപ്തിയുടെ കൂടെ തന്നെയാണ് ജോലി ചെയ്യുന്നത്,,സെയിൽസിൽ... ദീപ്തി ബാഗ് ഡ്രോയിലേക്ക് വെച്ച് മേനേജരുടെ റൂമിലേക്ക് പോയി.. ജോലി റിസപ്ഷനിസ്റ്റ് ആയിട്ടാണെങ്കിലും ഇടയിൽ സെയിൽസിലും നിൽക്കാറുണ്ട്...അവരെ കൂടാതെ വേറെ കുറച്ച് ജീവനക്കാരും ഉണ്ട്..

സ്ത്രീകളായി ഇവർ മാത്രമേ ഉള്ളൂ.. മേനേജർ അന്ന് ചെയ്തു തീർക്കേണ്ട ജോലികളുടെ കൃത്യമായ വിവരണം ദീപ്തിക്ക് നൽകി.. തന്റെ ജോലിയിൽ ആത്മാർത്ഥത പുലർത്തുന്നത് കൊണ്ട് തന്നെ മേനേജർക്കവളോട് പ്രേത്യേക ഇഷ്ടം ഉണ്ട് താനും.. അന്ന് കാര്യമായി കസ്റ്റമേഴ്സ് ഒന്നും വന്നില്ലെങ്കിലും ചെയ്തു തീർക്കാനുള്ള മറ്റു പല ജോലികളും ഉണ്ടായിരുന്നു.. അഞ്ചു മണിയായപ്പോൾ ദീപ്തിയും ജയയും ഇറങ്ങി... ജയ വേറെ വഴിയാണ്.. അവളോട് യാത്ര പറഞ്ഞു ദീപ്തി ബസിൽ കയറി,,, കവലയിൽ ഇറങ്ങി.. പലചരക്കു കടയിൽ കയറി വീട്ടിലേക്ക് വേണ്ട കുറച്ച് സാധനങ്ങളും വാങ്ങി.. "ഇന്ന് നേരത്തെയാണല്ലോ.. " സാധനം വാങ്ങിച്ചതിന്റെ ബാക്കി പൈസ തിരികെ കൊടുക്കുമ്പോൾ കടക്കാരൻ കുശലാന്യോഷണം നടത്തി..തിരികെയൊരു പുഞ്ചിരി നൽകി ഇരു കയ്യിലും സാധനങ്ങളുമായി വീട്ടിലേക്ക് നടന്നു.... ***** "ചേച്ചി.. വരുന്നുണ്ടോ.. വൈകിയാൽ നടയടക്കും കേട്ടോ ... " ദിവ്യ മുറ്റത്ത് നിന്നും വിളിച്ചു പറഞ്ഞു.. ദീപ്തി നെറ്റിയിലൊരു പൊട്ടും തൊട്ട് തിടുക്കത്തിൽ വന്നു.. "പോവാം... "

ജോലി കഴിഞ്ഞ് നേരത്തെ വരുന്ന ദിവസങ്ങളിൽ ഇങ്ങനെയൊരു അമ്പലത്തിൽ പോക്ക് പതിവുള്ളതാണ്.. വീടിന്റെ പിറക് വശത്തുള്ള പാടത്തൂടെ നടന്നാൽ വേഗത്തിൽ അമ്പലത്തിൽ എത്താം... അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയപ്പോഴാണ് ആൽത്തറയിൽ ഇരിക്കുന്ന വിഷ്ണുവിനെ ദീപ്തി കണ്ടത്.. ദിവ്യയോട് നടന്നോളാൻ പറഞ്ഞു വിഷ്ണുവിന്റെ അടുത്തേക് നടന്നു.. ദീപ്തിയെ കണ്ടതും നോക്കികൊണ്ടിരുന്ന ഫോൺ പോക്കറ്റിലേക്കിട്ടു കൊണ്ട് ആൽത്തറയിൽ നിന്നും ഇറങ്ങി.. "ഇന്നെന്താ കടയിൽ പോയില്ലേ.. " ചോദിച്ചുകൊണ്ട് ദീപ്തി ഒരു നുള്ള് ചന്ദനം എടുത്ത് അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.. "പോയിരുന്നു.. ഉച്ചക്ക് ശേഷം ലീവ് ആക്കി..." "അതെന്തേ.. " "ഒന്നൂല്ല്യ...എന്നും ഈ ഓട്ടം തന്നെയല്ലേ.. " ഇരുവരും അമ്പല കുളത്തിനടുത്തേക്ക് നടന്നു... താഴത്തെ പടിയിലായി വിഷ്ണു ഇരുന്നു.. അവനെന്തോ തന്നോട് പറയാനുണ്ടെന്ന് ദീപ്തിക്ക് തോന്നി..അവനെ നോക്കി കൊണ്ട് തന്നെ തന്നെ മുകളിലായുള്ള പടിയിൽ ഇരുന്നു... "നിന്റെ ഉദ്ദേശം എന്താ...? "

മൗനത്തെ കീറി മുറിച്ചുകൊണ്ട് വിഷ്ണു അവളുടെ നേരെ തിരിഞ്ഞിരുന്നു ചോദിച്ചു.. പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അവനെ ഉറ്റുനോക്കി.. "എത്ര കാലം എന്ന് വെച്ചാ ദീപ്തി ഇതിങ്ങനെ നീട്ടികൊണ്ട് പോവുന്നേ.. നിനക്കും എനിക്കും ദിവസം ചെല്ലുന്തോറും പ്രായം കൂടുകയാണ് അല്ലാതെ കുറയുകയല്ല.." അവന്റെ സ്വരം അല്പം ഗൗരവത്തിലായി.. "വിഷ്ണുവേട്ടൻ എന്താ പറഞ്ഞു വരുന്നേ.. " "നീ ഉദ്ദേശിച്ചത് തന്നെ നമ്മുടെ വിവാഹകാര്യം.. " വിഷ്ണു തുറന്നടിച്ചു പറഞ്ഞപ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനെ തന്നെ നോക്കി... "അതിനെ പറ്റിയൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല ഏട്ടാ.. ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എല്ലാ കാര്യങ്ങളും.." "എന്ത് കാര്യങ്ങൾ ദീപ്തി..നിന്റെ ബാധ്യതകളോ അതോ ഉത്തരവാദിത്തങ്ങളോ.. ഞാനും നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ നിന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാവുമെന്ന്.. കല്യാണം കഴിഞ്ഞാലും നിന്റെ കടമകളിൽ നിന്നും ഒളിച്ചോടണമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ..ഉണ്ടോ.." തികച്ചും ശാന്തമായിരുന്നു അവന്റെ സ്വരം.. "ഇല്ല.. " ദീപ്തി പതിയെ പറഞ്ഞു..

"പിന്നെന്താ നിനക്കുള്ള തടസ്സം... " "ഞാൻ പറഞ്ഞല്ലോ,, ഒരു വിവാഹത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോൾ..അച്ഛന്റേയും അമ്മയുടേയും കാര്യം പോട്ടെ,,ഞാൻ വിഷ്ണുവേട്ടന്റെ കൂടെ വന്നാൽ ആ പൊടികുഞ്ഞുങ്ങളുടെ കാര്യം ആര് നോക്കും..അവരുടെ ഭാവി ഞാൻ ആയിട്ട് കളയണോ.." "എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. വിവാഹം കഴിഞ്ഞാൽ നിന്റെ ബാധ്യതകളും കടമകളും തീർക്കാൻ ഞാനും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞതല്ലേ..വേറൊരാളുടെ സഹായം സ്വീകരിക്കാൻ അപ്പോൾ നിന്റെ അഭിമാനം സമ്മതിക്കുന്നില്ല.." "വിഷ്‌ണുവേട്ടൻ അങ്ങനെയാണോ കരുതിയിരിക്കുന്നെ.. " ഉള്ളിലെ വേദന കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന്റെ ഉള്ളും നീറി.. തിണ്ണയിൽ വെച്ചിരുന്ന അവളുടെ കൈ എടുത്ത് തന്റെ ഉള്ളം കയ്യിലേക്ക് വെച്ചു..

"നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലെടി..നിനക്കറിയാലോ അമ്മയെ,, കല്യാണം കല്യാണം എന്നും പറഞ്ഞു പിറകേ കൂടിയിരിക്കുകയാണ്.. പോരാത്തതിന് ഇന്നലത്തെ ചേച്ചിയുടെയും അളിയന്റെയും വരവോടെ അതൊന്നൂടെ ആളിക്കത്തി.." അവനൊന്ന് നെടുവീർപ്പിട്ടു.. "അളിയന്റെ ബന്ധത്തിലുള്ള ഏതോ ഒരു കുട്ടിയുടെ കാര്യവും പറഞ്ഞു പിറകെ കൂടിയിരിക്കുകയാണ്..ഒരു സ്വര്യം തരാതെ.. എല്ലാം കൂടി ആലോചിച്ചു വട്ടായിട്ടാ നിന്റെ അടുത്തേക്ക് വന്നത്..അപ്പോൾ നിന്റെ തണുപ്പൻ മട്ടിലുള്ള മറുപടി കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. സോറി.." ദയനീയതയോടെ അവളെ നോക്കി പറഞ്ഞു.. "സാരമില്ല വിഷ്ണുവേട്ട..എനിക്ക് മനസ്സിലാവും ഏട്ടനെ..നമ്മുടെ റിലേഷൻ ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ.. വർഷങ്ങളായിട്ടുള്ളതല്ലേ.. എല്ലാവർക്കും അത് അറിയുകയും ചെയ്യും.. അമ്മായിയോട് ഞാൻ സംസാരിച്ചോളാം.. അതല്ലാതെ നിക്ക് വേറെ വഴിയൊന്നും ഇല്ല.. എന്നോട് ദേഷ്യം തോന്നല്ലേ.. അത് മാത്രം എനിക്ക് സഹിക്കില്ല.."

"എന്തിനാടി പെണ്ണേ എനിക്ക് ദേഷ്യം.. മ്മ് നിനക്ക് വേണ്ടി ഈ ജന്മം മുഴുവനും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..ഈ മനസ്സിൽ വേറെ ഒരാൾക്കും ഇടം കൊടുക്കില്ലെങ്കിൽ.." വിഷ്ണു അവളെ ചേർത്ത് പിടിച്ചു തോളിൽ തട്ടി...അന്നേരമവൾക്കും ഒരു ചേർത്ത് പിടിക്കൽ ആവശ്യമായിരുന്നു.. "നേരം വൈകി പോയാലോ.. " ഇരുട്ട് പരക്കാൻ തുടങ്ങിയതും വിഷ്ണു ചോദിച്ചു.. "മ്മ്.. " പതിയെ ഒന്ന് മൂളി കൽപടിയിൽ നിന്നും എഴുന്നേറ്റു നടന്നു.. ദീപ്തിയെ വീട്ടിലേക്കാക്കി വിഷ്ണു പോയി... രാത്രി അമ്മ അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു കിടന്നു... വിഷ്ണുവേട്ടൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിലത്രയും.. കുഞ്ഞിലേ മുതൽ കേട്ടു വളർന്നതാണ് വിഷ്ണുനുള്ളതാണ് ദീപ്‌തിയെന്ന്... കുഞ്ഞായിരുന്നപ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും വളർന്നു വരുന്നതിനനുസരിച്ച് വിഷ്ണുവേട്ടനോടുള്ള ഇഷ്ടവും ഉള്ളിൽ കൂടു കൂട്ടി....വിഷ്ണുവേട്ടനും അങ്ങനെ തന്നെയായിരുന്നു.. അച്ഛൻ കിടപ്പിലായി കുടുംബ ഭാരം തലയിൽ ഏറ്റെടുത്തപ്പോഴും കൈത്താങ്ങായി കൂടെയുണ്ടായിരുന്നു... പലപ്പോഴും തന്റെ വിഷമം കണ്ട് പണം വെച്ചു നീട്ടിയിട്ടുണ്ട്...തണലായി കൂടെ ഉണ്ടായാൽ മാത്രം മതിയെന്ന് പറഞ്ഞു വെച്ചു നീട്ടിയ പണം സ്നേഹത്തോടെ നിരസിക്കാറായിരുന്നു പതിവ്...

ഇന്നിപ്പോൾ വിഷ്ണുവേട്ടൻ ക്ഷോഭിച്ചതിൽ തെറ്റ് പറയാൻ ആവില്ല.. എത്രയോ വർഷങ്ങളായി തനിക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നു... തന്നിൽ നിന്നും അനുകൂലമായൊരു മറുപടി കേൾക്കാൻ... എന്നായിരിക്കും അതിന് കഴിയുക... തന്റെ കഷ്ടപ്പാടുകൾ മാറി ഇനി എന്നാണ് ഈ ജന്മം ഞങ്ങൾക്കൊരുമിച്ചൊരു സന്തോഷകരമായ ജീവിതം ഉണ്ടാവുക.. ചിന്തകൾ പല വഴിക്കും സഞ്ചരിച്ചു തുടങ്ങി.... ഫോണെടുത്തു സമയം നോക്കിയപ്പോൾ രാത്രി ഒരു മണിയേ ആയിട്ടുള്ളൂ... ഒമ്പത് മണിക്ക് കയറി കിടന്നതാണ്.. ഇത്രയും സമയം ഉറങ്ങാതെ കിടന്നത് കൊണ്ടാവാം തല വേദന എടുക്കുന്നുണ്ടായിരുന്നു.. കിടന്നിടത്ത് പുതപ്പ് മാറ്റി എഴുന്നേറ്റ് ബാഗിൽ നിന്നും പൈൻ കില്ലർ എടുത്ത് കഴിച്ചു നെറ്റിയിൽ കുറച്ച് ബാമും പുരട്ടി.. തിരികെ വന്നു കിടന്നിട്ടും ഉറക്കം അവളുടെ ഏഴയലത്ത് പോലും എത്തിയില്ല.. കണ്ണും തുറന്ന് വെച്ച് കറങ്ങുന്ന സീലിംഗ് ഫാനിലേക്കും നോക്കി കിടന്നു.. കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് വിഷ്ണുവേട്ടന്റെ കലങ്ങിയ കണ്ണുകളാണ്............... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story