മഞ്ഞുരുകും കാലം : ഭാഗം 20

Manjurukumkalam

രചന: ഷംസീന

രാവിലെ തിരക്കിട്ട പണിയിലാണ് ശ്രുതി.. തിങ്കളാഴ്ചയായത് കൊണ്ട് വിഷ്ണുവിന് കടയിലേക്ക് നേരത്തെ പോവേണ്ടതുണ്ട് .. ചെന്നിട്ട് വേണം കടയിലേക്കുള്ള ചരക്ക് എടുക്കാൻ പോവാൻ.. സാമ്പാറിനുള്ള പരിപ്പും പച്ചക്കറികളും അരിഞ്ഞു കുക്കറിൽ ഇട്ടിട്ടുണ്ട്.. പാചകമൊന്നും വല്യ വശമില്ലെങ്കിലും യൂട്യൂബിൽ നോക്കി ഉണ്ടാക്കും.. കഴിച്ചു നോക്കി ആരും ഇതുവരേയും മോശം പറഞ്ഞിട്ടില്ല.. അത് തന്നെ ആശ്വാസം... ദോശക്കുള്ള മാവെടുത്ത് ചൂടായ പാനിലേക്ക് ഒഴിച്ചു ചുറ്റിച്ചെടുക്കുമ്പോഴാണ് തന്നോട് ആരോ ചേർന്ന് നിൽക്കുന്നത് പോലെയവൾക്ക് തോന്നിയത്.. ഞെട്ടികൊണ്ടവൾ തിരിഞ്ഞു നോക്കി.. മുഖത്തൊരു ചെറു പുഞ്ചിരിയുമായി തന്നോട് ചേർന്ന് നിൽക്കുന്ന വിഷ്ണുവിനെ കണ്ടതും അവളുടെ മിഴികൾ വിടർന്നു..കല്യാണം കഴിഞ്ഞു ഇത്രയധികം ദിവസങ്ങൾ ആയിട്ടും ആദ്യമായിട്ടാണ് അവനിൽ നിന്നും ആദ്യമായാണ് ഇതുപോലൊരു പെരുമാറ്റം.. കാണുന്നത് സ്വപ്നം തന്നെയാണോ എന്നറിയാൻ അവൾ സ്വയമൊന്ന് പിച്ചിനോക്കി.. "സ്സ്.. " നൊന്തതും സ്വപനമല്ലെന്നവൾക്ക് മനസ്സിലായി..

അമ്പരപ്പോടെ വീണ്ടും അവനെ നോക്കി എന്നാലവന്റെ മുഖത്ത് കള്ളച്ചിരിയാണ്.. "ഇങ്ങേർക്ക് എന്തോ പറ്റിയിട്ടുണ്ട്.. " അവനെ നോക്കി മനസ്സിൽ പറഞ്ഞു ക്കൊണ്ടവൾ അവനിൽ നിന്നും അകന്ന് മൊരിഞ്ഞു വന്ന ദോശയിലേക്ക് നെയ്യൊഴിച്ചു ചട്ടിയിൽ നിന്നും ഇളക്കിയെടുത്ത് കേസറോളിലേക്കിട്ടു.. വീണ്ടും ഒരു തവി മാവെടുത്ത് ചട്ടിയിലേക്കൊഴിച്ചു ചുറ്റിച്ചതും ചെവിക്കരികിൽ പതിഞ്ഞ സ്വരം.. "സോറി.. " അവളാകെ വിറച്ചു പോയിരുന്നു.. കയ്യിലുള്ള തവി വലിയൊരു ശബ്‍ദത്തോടെ താഴേക്ക് പതിച്ചു.. വിഷ്ണു ഞെട്ടി കൊണ്ടവളിൽ നിന്നും അകന്നു മാറി.. "ഞാൻ.. അത്.. " എന്ത് പറയണമെന്നറിയാതെ പതറി പോയിരുന്നവൾ..

അവനെ നോക്കാനുള്ള മടികൊണ്ടവൾ ഗ്യാസ് ഓഫ്‌ ചെയ്ത് അവിടുന്ന് പോവാനൊരുങ്ങി.. പോവാൻ തുടങ്ങിയ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൻ തന്നിലേക്ക് ചേർത്തു..അവന്റെ ഈറനായ ശരീരത്തിലെ തണുപ്പ് അവളുടെ ദേഹത്തേക്കും വ്യാപിച്ചു.. പിടക്കുന്ന മിഴികളോടെയവൾ തലയുയർത്തി നോക്കി.. "പരിഭവമാണോ എന്നോട്.. " ആർദ്രമായ സ്വരത്തോടെ എന്നാൽ അതിലേറെ വാത്സല്യത്തോടെയവൻ ചോദിച്ചു.. നിറഞ്ഞു തുടങ്ങിയ മിഴികളോടെയവൾ അവനെ നോക്കി.. "എനിക്കറിയാം നിനക്കെന്നോട് ദേഷ്യവും പരിഭവവും എല്ലാമുണ്ടെന്ന്.. ക്ഷമിക്കെടി എന്നോട് തെറ്റ് പറ്റിപ്പോയി.. ആ തെറ്റ് തിരുത്താൻ നീ എനിക്കൊരു അവസരം താ.. " തന്റെ ഉള്ളം കയ്യെടുത്ത് അവളുടെ കവിളിനോട് ചേർത്ത് വെച്ചു..ചിലമ്പിച്ചു പോയിരുന്നവന്റെ സ്വരം.. എന്ത് മറുപടി പറയണമെന്നറിയാതെ അവൾ മൗനമായി നിന്നു.. അവൾ അവനെ നോക്കികാണുകയായിരുന്നു.. അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം തേടുകയായിരുന്നു..

തേടിയതെന്തോ അതേ ആഴത്തിൽ തിരികെ കിട്ടിയത് പോലെ അവളുടെ കണ്ണുകൾ തിളങ്ങി.. "ഞാനിത് സ്വപ്നമല്ലെന്ന് വിശ്വസിച്ചോട്ടെ... " യന്ത്രികമായവൾ ചോദിച്ചു.. നിറഞ്ഞ പുഞ്ചിരിയായിരുന്നവന്റെ മറുപടി.. "വിശ്വസിച്ചോടി പെണ്ണേ.." അവൻ അവളുടെ കവിളിൽ നോവിക്കാത്ത വിധത്തിലൊന്ന് പിച്ചി.. കവിളൊന്ന് തടവി കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി.. "എന്നെയൊന്ന് കെട്ടിപിടിക്കാമോ സ്വപ്നമല്ലെന്ന് വിശ്വസിക്കാൻ.. " വീണ്ടുമവൾ ചോദിച്ചതും ഇരു കൈകളും അവളുടെ നേരെയവൻ നീട്ടി പിടിച്ചു.. വിങ്ങുന്ന മുഖത്തോടെയവൾ അവന്റെ മാറിലേക്ക് ഒരു കിളികുഞ്ഞിനെ പോലെ പറ്റി കൂടി.. അവനവളെ ഇറുകെ പുണർന്നു.. അപ്പോഴേക്കുമവൾ പൊട്ടി കരഞ്ഞു പോയിരുന്നു.. അവൻ അവളുടെ നെറുകിൽ മുഖം ചേർത്ത് വെച്ചു.. തന്റെ കൈകൾ കൊണ്ടവളുടെ മുടിയിൽ പതിയെ തഴുകി കൊണ്ടിരുന്നു..

കരച്ചിൽ ചീളുകളുടെ ശബ്‍ദം പതിയെ കുറഞ്ഞു വന്നു അത് നേർത്ത തേങ്ങലുകളിലേക്ക് വഴിമാറി... തീർത്തും നിശബ്‍ദമായ വേളയിൽ ഇരുവരുടേയും ഹൃദയമിടിപ്പ് മാത്രം അവിടെ ഉയർന്നു കേട്ടു... മുഖം അമർത്തി തുടച്ചു കൊണ്ട് ശ്രുതി അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി.. അവളുടെ കണ്ണുനീരിനാൽ അവന്റെ ദൃഡമായ മാറിലെ രോമങ്ങളെല്ലാം നനഞ്ഞു കുതിർന്നു നെഞ്ചിൽ പറ്റിപ്പിടിച്ചിരുന്നു.. "സോറി വിഷ്ണുവേട്ട.. ഞാൻ പെട്ടന്ന് കേട്ടപ്പോൾ കൈവിട്ടുപോയി.. " അവൾ അവന്റെ നെഞ്ചിൽ കൈവെച്ചു തുടക്കാനൊരുങ്ങി.. അവനവളുടെ കൈകൾ പിടിച്ചു വെച്ചു.. "വേണ്ടടോ.. അതവിടെ ഇരുന്നോട്ടെ.. താൻ പോയി റെഡിയായി വാ നമുക്കൊന്ന് പുറത്ത് പോവാം.." അവനവളുടെ പാറിപറന്നു മുഖത്തേക്ക് വീണുകിടന്ന മുടിയെല്ലാം മാടിയൊതുക്കി വെച്ചു.. "അപ്പോൾ ദോശ.. " "അതവിടെ ഇരുന്നോട്ടെ ബാക്കി മാവെടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചേക്ക്...

നമുക്കിന്ന് പുറത്ത് നിന്ന് കഴിക്കാം.." "അത് വേണോ...?" "വേണം.. വേഗം ആയിക്കോട്ടെ.. " വിഷ്ണു തിരക്കിട്ട് പറഞ്ഞിട്ട് അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു മുറിയിലേക്ക് പോയി.. അവൻ പോയ വഴിയേ നോക്കി പുഞ്ചിരിച്ചു കൊണ്ടവൾ മാവെടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചു... മനസ്സിലെ കാർമേഘമെല്ലാം മാറി അവിടം വെളിച്ചം വീഴുന്നതവൾ അറിഞ്ഞു.. ****** ദീപ്തിയേയും വീട്ടുകാരെയും കണ്ടതും മല്ലിക അവരുടെ അടുത്തേക്ക് ചെന്നു.. "ഗോപുവും കാശിയും അകത്തുണ്ട്.. വാ.. " മല്ലിക അവരേയും കൂട്ടി ഷോപ്പിനകത്തേക്ക് കയറി.. കാശിയുണ്ടെന്ന് കേട്ടതും അവളിൽ അറിയാതൊരു വെപ്രാളം നിറഞ്ഞു..

അവന്റെ ഗൗരവമേറിയ മുഖവും കുഞ്ഞി കണ്ണുകളും മനസ്സിലൂടെ മിന്നി മാഞ്ഞു.. ഇത്രയും പെട്ടന്ന് തനിക്കവനെ അംഗീകരിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല..എന്തോ ആ മനുഷ്യനോട് പറഞ്ഞറിയിക്കാൻ ആവാത്തൊരു വാത്സല്യമാണ് ഉള്ളിന്റെ ഉള്ളിൽ തോന്നുന്നത്..ഇതുവരെ ആ മുഖം ഒന്ന് കണ്ടിട്ടുന്നെല്ലാതെ ആ ശബ്‍ദമൊന്ന് കേട്ടിട്ടില്ല,,അടുത്ത് നിന്ന് സംസാരിച്ചിട്ടില്ല,,എന്നിരുന്നാലും തന്റെ ഉള്ളിലും അദ്ദേഹത്തിനൊരു സ്ഥാനമുണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സ്ഥാനം.. അകത്തേക്ക് കയറിയതേ കണ്ടു ഫോണിലേക്ക് തലകുമ്പിട്ടിരിക്കുന്ന കാശിയെ അപ്പുറത്ത് സെയിൽസ് ഗേളിനോട് എന്തോ സംസാരിച്ചു ഗോപുവും നിൽക്കുന്നുണ്ട്.. അടുത്തേക്ക് വരുന്ന കാലടികളുടെ ശബ്‍ദം കേട്ടിട്ടാവണം അവൻ തലയുയർത്തി നോക്കി......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story