മഞ്ഞുരുകും കാലം : ഭാഗം 22

Manjurukumkalam

രചന: ഷംസീന

രാത്രിയിൽ വിഷ്ണുവിന്റെ ബൈക്കിനു പിന്നിൽ അവനോട് ചേർന്നിരുന്നു കൊണ്ടുള്ള യാത്ര ശ്രുതിയെ സന്തോഷവതിയാക്കി.. ഇത്രയും ആസ്വദിച്ചൊരു യാത്ര ഇതാദ്യമാണ്.. മുന്നോട്ട് സഞ്ചരിക്കുന്തോറും കാണുന്ന ഓരോ കാഴ്ചക്കും പുതുമയുള്ളത് പോലെ.. വിഷ്ണുവിന്റെ ബൈക്ക് ചെന്നു നിന്നത് ദീപ്തിയുടെ വീടിന്റെ മുറ്റത്താണ്.. "വെളിച്ചമൊന്നും കാണുന്നില്ല അവരെല്ലാം കിടന്നെന്ന് തോന്നുന്നു.." ശ്രുതി ചുറ്റും നോക്കി.. "നീ എന്തായാലും ഇറങ്ങ് ഇവിടെ വരെ വന്നതല്ലേ.. വിളിച്ചുനോക്കാം.. " വിഷ്ണു ബൈക്ക് സ്റ്റാന്റിൽ ഇട്ടു.. ശ്രുതി ഇറങ്ങിയതും അവനും ഇറങ്ങി.. ബൈക്കിന്റെ ശബ്‍ദം കേട്ടിട്ടാവണം ഉമ്മറത്തെ ലൈറ്റ് പ്രകാശിച്ചു.. ഇതാരാണീ നേരത്ത്.. ദീപ്തി മുടി വാരിചുറ്റി കെട്ടിവെച്ചു മുൻവശത്തെ വാതിൽ തുറന്നു.. മുറ്റത്ത് നിൽക്കുന്നവരെ കണ്ടതും അവളുടെ മുഖം തിളങ്ങി..

ചിരിച്ചു കൊണ്ടവൾ ധൃതിയിൽ അവരുടെ അടുത്തേക്ക് വന്നു.. അവരും ചെറു പുഞ്ചിരിയോടെ ഉമ്മറത്തേക്ക് കയറി.. "നിങ്ങൾ ഈ രാത്രിയിൽ എവിടെ പോയി വരുവാ.. " ചോദിക്കുന്നതോടൊപ്പം ഒതുക്കി വെച്ചിരുന്ന കസേര അവർക്കായി വലിച്ചിട്ടു കൊടുത്തു.. "ഞങ്ങളൊന്ന് കറങ്ങിയിട്ട് വരുന്ന വഴിയാ.. അപ്പോൾ ഇവിടെയും ഒന്ന് കയറാമെന്ന് കരുതി.." വിഷ്ണുവു കസേരയിലേക്ക് അമർന്നിരുന്നു.. ഒപ്പം ശ്രുതിയും.. അപ്പോഴേക്കും ദീപ്തിയുടെ അമ്മയും എണീറ്റ് വന്നിട്ടുണ്ടായിരുന്നു.. "ഉറക്കം മുറിഞ്ഞല്ലേ.. ഞാൻ വിഷ്ണുവേട്ടനോട് പറഞ്ഞതാണ് അവർ ഉറങ്ങിക്കാണുമെന്ന്.." ശ്രുതി കസേരയിൽ നിന്ന് എഴുന്നേറ്റ് രാധമ്മയുടെ അടുത്തേക്ക് വന്നു.. "ഇല്ല കുട്ട്യേ.. ഉറങ്ങിയിട്ടൊന്നും ഇല്ലായിരുന്നു.. ക്ഷീണം കാരണം ഒന്ന് കിടന്നന്നെ ഉള്ളൂ.. " രാധമ്മ അവളുടെ നെറുകയിൽ തലോടി..

"മാമ ഉറങ്ങിയോ.. " വിഷ്ണു ദീപ്തിയുടെ മുഖത്തേക്ക് നോക്കി.. "അച്ഛനിപ്പോൾ നേരത്തെ ഉറങ്ങും.. ഈയിടെയായി വല്ലാത്തൊരു ക്ഷീണമാ ആൾക്ക്,, നാളെയൊന്ന് വൈദ്യരെ കാണിക്കണം.... " ദീപ്തി വ്യസനത്തോടെ പറഞ്ഞു.. "എങ്കിൽ ഞാൻ രാവിലെ വരാം നമുക്കൊരുമിച്ചു കൊണ്ടുപോവാം.. " വിഷ്ണു ഭാവമേദുമില്ലാതെ പറഞ്ഞു.. "അതൊന്നും വേണ്ട വിഷ്ണുവേട്ട.. ഞാൻ കൊണ്ടുപൊക്കോളാം.. " ദീപ്തിയുടെ കണ്ണുകൾ ശ്രുതിയുടെ മുഖത്തായിരുന്നു.. അവളുടെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു..എത്രയൊക്കെ സ്നേഹമുണ്ടെന്ന് പറഞ്ഞാലും തന്റെ ഭർത്താവ് മുൻ കാമുകിയോട് അടുത്തിടപഴകുന്നത് ആർക്കും തന്നെ ഇഷ്ടമാവില്ല.. താൻ കാരണം അവരുടെ ജീവിതത്തിൽ ഒരു കരട് വീഴരുതെന്നവൾക്ക് നിർബന്ധം ഉണ്ടായിരുന്നു.. "ചേച്ചി എങ്ങനെ തനിച്ചു പോവാനാണ്.. ഈ അവസ്ഥയിൽ മാഷിനെയും കൊണ്ട് തനിച് പോവുന്നത് ബുദ്ധിമുട്ടാവും..കാലത്ത് വിഷ്ണുവേട്ടൻ വരും കാറുമായിട്ട് അതിൽ പോയാ മതി.. ഇതിൽ ഇനി മാറ്റമില്ല.."

ശ്രുതി ചിരിയോടെ പറഞ്ഞുകൊണ്ട് ദീപ്തിയുടെ കഴുത്തിലൂടെ കൈ ചുറ്റി നിന്നു.. "എനിക്കറിയാം ഈ മനസ്സിൽ ഇപ്പൊ എന്താണെന്ന്,, ഞാൻ എന്ത് വിചാരിക്കും എന്ന് കരുതിയല്ലേ ഈ ഒഴിഞ്ഞുമാറ്റം.. എന്നാലേ കേട്ടോ എനിക്ക് എന്റെ ഭർത്താവിനേക്കാൾ വിശ്വാസമാണ് ചേച്ചിയെ.. അറിയാതെ ഒരു ഉറുമ്പിനെ പോലും ചേച്ചിക്ക് നോവിക്കാൻ കഴിയില്ലെന്നെനിക്കറിയാം.. " അവൾ ദീപ്തിയുടെ കവിളിൽ അമർത്തി ചുംബിച്ചു.. ശ്രുതിയിൽ നിന്ന് കേട്ട ഓരോ വാക്കുകളും ദീപ്തിയുടെയും വിഷ്ണുവിന്റെയും കണ്ണുകൾ ഒരുപോലെ നനയിച്ചു.. "വന്നിട്ടിത്ര നേരമായിട്ടും കുടിക്കാനൊന്നും എടുത്തില്ലല്ലോ.. നിങ്ങളിവിടെ ഇരിക്ക് ഞാൻ വെള്ളം കൊണ്ടുവരാം.. " അകത്തേക്ക് പോകാനൊരുങ്ങിയ രാധമ്മയെ വിഷ്ണു തടഞ്ഞു.... "ഒന്നും വേണ്ട അമ്മായി ഞങ്ങൾ പുറത്തൂന്ന് കഴിച്ചിട്ടാണ് വന്നത്.. ഇനിയിപ്പോ നേരെ വീട്ടിൽ ചെല്ലണം ഉറങ്ങണം.. "

പറഞ്ഞുകൊണ്ട് വിഷ്ണു കസേരയിൽ നിന്നും എഴുന്നേറ്റു.. "മറ്റന്നാൾ മുതൽ കല്യാണം വിളിച്ചു തുടങ്ങാം.. അത് കഴിഞ്ഞു സദ്യക്കും മറ്റും ആളെ ഏർപ്പാടാക്കാം.. എന്താ ദീപ്തി അങ്ങനെ പോരെ.. " ദീപ്തി സമ്മതമെന്ന രീതിയിൽ തലയാട്ടി.. "എന്നാ ഞങ്ങൾ ഇറങ്ങുവാ.. നാളെ ഞാൻ ഒരു ഒമ്പത് മണിയാവുമ്പോൾ വരാം നീയും ദീപുവും മാഷിനെയും കൂട്ടി റെഡിയായി നിന്നോ.. " വിഷ്ണു ഷർട്ടിന്റെ കൈയൊന്ന് തെരുത്ത് കയറ്റി.. "വാ ശ്രുതി പോവാം.. " "പോട്ടെ ചേച്ചി.. " ദീപ്തിയോടായി പറഞ്ഞു രാധയെ നോക്കി തലകുലുക്കി യാത്ര പറഞ്ഞു ശ്രുതി വിഷ്ണുവിനോടൊപ്പം ഇറങ്ങി.. "ശ്രുതി ഒന്നവിടെ നിന്നേ.. " ബൈക്കിൽ കയറാനൊരുങ്ങിയ ശ്രുതിയെ തടഞ്ഞുകൊണ്ട് ദീപ്തി അകത്തേക്കൊടി ഒരു കവറുമായി തിരിച്ചു വന്നു.. "ഇത് മോൾക്കൊരു സാരിയാണ് കല്യാണത്തിന് ഉടുക്കാൻ .. ഇഷ്ടപ്പെടുമോ എന്നറിയില്ല.. "

ആ കവർ ദീപ്തി ശ്രുതിയുടെ കയ്യിൽ കൊടുത്തു.. ശ്രുതി വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി.. അവനൊരു ചിരിയോടെ കണ്ണുകൾ ചിമ്മി വാങ്ങിച്ചോളാൻ പറഞ്ഞതും അവളത് ദീപ്തിയുടെ കയ്യിൽ നിന്നും വാങ്ങി തുറന്നു നോക്കി.. "ഇത് അടിപൊളിയായിട്ടുണ്ടല്ലോ.. " അവളുടെ വിടർന്ന മിഴികൾ കണ്ട് ദീപ്തിയുടെ മുഖത്തുമൊരു പുഞ്ചിരി വിരിഞ്ഞു.. ദീപ്തിയെ ഒന്നൂകൂടെ പുണർന്നു സാരി തിരികെ കവറിലേക്കിട്ട് യാത്ര പറഞ്ഞു അവർ അവിടുന്ന് പോയി.. ഇരുവരുടെയും സന്തോഷത്തോടെയുള്ള പോക്ക് കണ്ട് അവളുടെ മനസ്സും നിറഞ്ഞു.. നിശ്ചയത്തിന് വന്നപ്പോൾ ഉള്ളിൽ ഒരു സംശയം ഉണ്ടായിരുന്നു ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന്.. അത് ഒരു നൊമ്പരമായി മനസ്സിനെ ഇത്രനാളും അലട്ടിയിരുന്നു. എന്നാലിപ്പോൾ അത് പൂർണമായും മാറി.. "നിന്ന് മഞ്ഞു കൊള്ളാതെ അകത്തേക്ക് കയറ് ദീപ്തി.. " രാധ മുറ്റത്ത് ആലോചനയോടെ നിൽക്കുന്ന ദീപ്തിയോട് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി.. അതിന് പിന്നാലെ തന്നെ ദീപ്തിയും കയറി ഉമ്മറത്തെ വാതിൽ അടച്ചു മുദ്രയിട്ടു.. *****

വീട്ടിൽ എത്തിയ വിഷ്ണുവും ശ്രുതിയും കതക് തുറന്നു അകത്തേക്ക് കയറി ഹാളിലെ ലൈറ്റ് ഓൺ ചെയ്തു... സുധ അന്ന് പോയതാണ് പിന്നെ ഇതുവരേയും വന്നിട്ടില്ല.. വിഷ്‌ണു ശ്രുതി താൻ കടയിലേക്ക് പോയാൽ തനിച്ചാണെന്നും പറഞ്ഞു ഒരുപാട് തവണ വിളിച്ചിരുന്നു എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല... സുജക്ക് ഇപ്പോൾ ഒരാൾ കൂടെ എപ്പോഴും വേണമെന്നാണ് അവർ പറയുന്ന കാരണം.. വിഷ്ണു അതിന് ശേഷം പിന്നീട് വിളിക്കാനും തുനിഞ്ഞില്ല..അട്ടയിൽ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന് പഴമക്കാർ പറയുന്നത് തന്റെ അമ്മയുടെ കാര്യത്തിൽ ശെരിയാണെന്നുള്ളത് അവന് മനസ്സിലായിരുന്നു.. ശ്രുതി ഫ്രഷായി വന്നതും വിഷ്ണുവും കുളിച്ചു വന്നു.. സോഫയിൽ ഇരുന്ന് ടിവി കാണുന്ന ശ്രുതിയുടെ അരികിലായി വിഷ്ണു വന്നിരുന്നു..അവളുടെ നീണ്ടു മെലിഞ്ഞ കൈകൾ എടുത്ത് തന്റെ കയ്യിലേക്ക് വെച്ചു.

അതിൽ പതിയെ ഒന്ന് തഴുകി തന്റെ ചുണ്ടോട് ചേർത്തു..അവന്റെ അധരങ്ങളുടെ നനുത്ത ചൂടിൽ ശ്രുതിയൊന്ന് വിറച്ചു..കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി.. ചുണ്ടുകളിൽ നാണത്തിൽ കലർന്നൊരു പുഞ്ചിരി വിടർന്നു.. "ഇതെന്തിനാണെന്നോ.. " വിഷ്ണു അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് നോക്കി കൊണ്ട് ആർദ്രമായി ചോദിച്ചു.. "മ്മ്ഹ്.. " ഇല്ലെന്നവൾ തല ചലിപ്പിച്ചു.. "എന്നെ ഇത്രയേറെ വിശ്വസിക്കുന്നതിന് അങ്ങേയറ്റം ഞാൻ തന്നെ അവഗണിച്ചിട്ടും ഒരു വെറുപ്പിന്റെ കണിക പോലും ഇല്ലാതെ എന്നെ സ്നേഹിക്കുന്നതിന്.. ദീപ്തിയെ സംശയത്തിന്റെ കണ്ണുകൾ കൊണ്ട് നോക്കാതെ ഒരു കൂടപ്പിറപ്പിനെ പോലെ ചേർത്ത് നിർത്തിയതിന്.. ഇതിന് പകരം നിനക്ക് ഞാൻ എന്ത് തന്നെ നൽകിയാലും അതൊന്നും തന്റെ മനസ്സിന്റെ നന്മക്ക് പകരമാവില്ല എന്നറിയാം,, എന്നാലും.. "

ബാക്കി പറയാൻ അനുവദിക്കാതെയവൾ അവന്റെ വാ തന്റെ കൈകൾ കൊണ്ട് മൂടി.. "ഇതിന് പകരം എനിക്ക് ഒന്നും തന്നെ വേണമെന്നില്ല വിഷ്ണുവേട്ട.. ഈ നെഞ്ചിൽ ദീപ്തി ചേച്ചിക്ക് കരുതിവെച്ച സ്നേഹമെല്ലാം ഒരു തരിമ്പ് പോലും കുറവില്ലാതെ എനിക്ക് പകർന്നു തന്നാൽ മതി,, ഈ ജന്മം മുഴുവൻ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ... " നിറഞ്ഞു വന്ന കണ്ണുകൾ തന്റെ വിരലുകളാൽ അവൻ തുടച്ചു കൊടുത്തു.. അവളുടെ കൈകളെ എടുത്തുമാറ്റി മുഖം കൈകുമ്പിളിൽ എടുത്തു തൂ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ആ സ്നേഹചുംബനത്തിൽ മിഴിയിൽ നിന്നും രണ്ട് തുള്ളി അടർന്നവന്റെ മടിയിലേക്ക് വീണു..അവന്റെ നെഞ്ചിന്റെ ചൂടിലേക്കവളെ അടക്കിപിടിച്ചു ഇനി അവനിൽ നിന്നൊരു മോചനം ഇല്ലാത്തത് പോലെ... അവളും കൊതിച്ചുപോയിരുന്നു അവന്റെ സ്നേഹത്തോടെ പ്രണയത്തോടെയുള്ളൊരു ചേർത്തു നിർത്തലിനായി........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story