മഞ്ഞുരുകും കാലം : ഭാഗം 23

Manjurukumkalam

രചന: ഷംസീന

പിറ്റേന്ന് രാവിലെ തന്നെ വിഷ്ണു ദീപ്തിയുടെ വീട്ടിലേക്ക് വന്നു.. മാഷിനേയും കൂട്ടി അവർ വൈദ്യന്റെ അടുത്ത് പോയി.. അടുത്ത ആഴ്ച വന്നു മഠത്തിൽ അഡ്മിറ്റ്‌ ആവാൻ വേണ്ടി വൈദ്യർ പറഞ്ഞു.. അടുത്ത ആഴ്ച എന്ന് പറയുമ്പോൾ ദീപ്തിയുടെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന്.. ഇപ്പോൾ താൽക്കാലത്തേക്കുള്ള മരുന്നുകൾ കുറിച്ച് കൊടുത്തു.. ദീപ്തിയേയും മാഷിനേയും വീട്ടിലിറക്കി ദീപുവിനേയും കൂട്ടി വിഷ്ണു കടയിലേക്ക് പോയി.. ഇപ്പോൾ ദീപുവാണ് കടയിൽ സഹായത്തിനായി നിൽക്കുന്നത്..രണ്ടാഴ്ച കഴിഞ്ഞാൽ റിസൾട്ട്‌ വരും അതുവരെ തന്റെ വട്ട ചിലവിനുള്ളതും അത്യാവശ്യം വീട്ടിലേക്ക്‌ വേണ്ട ആവശ്യത്തിനുമാണ് ദീപു കടയിലേക്ക് പോവുന്നത്..ഇപ്പോഴെയുള്ള അവന്റെ ഉത്തരവാദിത്വ ബോധം ദീപ്തിയിൽ ആശ്വാസം നിറച്ചു.. പിന്നീടുള്ള ദിവസങ്ങൾ വിഷ്ണു രാധയേയും കൂട്ടി അടുത്ത ബന്ധു വീടുകളിൽ വിവാഹം ക്ഷണിക്കാനായി പോയി കൂട്ടത്തിൽ സുജയുടെ വീട്ടിലും അവിടെയാണല്ലോ സുധ യുള്ളത്...

സുധയിൽ നിന്ന് നല്ല വാക്കുകളൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും കുത്തുവാക്കുളോ ശാപവാക്കുകളോ അവരുടെ വായിൽ നിന്നും തന്റെ കുടുംബത്തിന്റെയോ ദീപ്തിയുടെയോ നേരെ വീഴരുതെന്ന് രാധ ആഗ്രഹിച്ചിരുന്നു.. വിഷ്ണുവിനെ പേടിച്ചിട്ടോ അതോ വേറെ എന്തെങ്കിലും മുന്നിൽ കണ്ടിട്ടോ എന്തോ സുധയിൽ നിന്നും സുജയിൽ നിന്നും കാര്യമായ ആക്രമണമൊന്നും ഉണ്ടായില്ല.. എല്ലാവരേയും വിവാഹത്തിന് ക്ഷണിച്ചു അവർ അവിടുന്ന് മടങ്ങി.. തിരിച്ചു വരുന്ന വഴിയിൽ കുറച്ചു അയൽവാസികളേയും വിവാഹത്തിന് ക്ഷണിച്ചു... കേട്ടവരൊക്കെയും മാണിക്യ മംഗലത്ത്കാരുടെ പ്രതാപത്തെ വാഴ്ത്തി.. ദീപ്തിയുടെ ഭാഗ്യമാണ് ഇങ്ങനെയൊരു ബന്ധമെന്ന് പറഞ്ഞു... മല്ലികമ്മയും ഗോപുവും ഇടക്ക് ദീപ്തിയെ വിളിച്ചു വിശേഷങ്ങൾ അന്യോഷിക്കാറുണ്ടെങ്കിലും കാശി ഒരിക്കൽ പോലും അവളെ വിളിച്ചില്ല.. മല്ലികമ്മയോട് സംസാരിക്കുമ്പോൾ ഇടയിൽ ദൂരെ നിന്ന് കാശിയുടെ ശബ്‍ദം അവളുടെ കർണപുടങ്ങൾ ശ്രവിക്കാറുണ്ടായിരുന്നു..

എപ്പോഴൊക്കെയോ അവളിൽ നിന്നും നഷ്ടപ്പെട്ട അല്ലെകിൽ ആരൊക്കെയോ ചേർന്ന് തട്ടിയെടുത്ത പ്രണയം വീണ്ടും പൂത്തു തളിർക്കുവാൻ തുടങ്ങിയിരുന്നു.. ***** ദിവസങ്ങൾ കടന്നുപോയി.. ദീപ്തിയുടെ വീടിന്റെ മുറ്റത്തൊരു കുഞ്ഞു കല്യാണപ്പന്തൽ ഉയർന്നു.. ആരുടെയൊക്കെയോ വാർത്തമാനങ്ങൾ അതിനുള്ളിൽ നിന്നും മുഴങ്ങി കേൾക്കുന്നുണ്ട്.. മാഷ് ഉമ്മറത്ത് കസേരയിൽ പ്രൗഡിയോടെ ഇരുപ്പുറപ്പിച്ചിട്ടുണ്ട്.. ദീപു പന്തല് പണിക്കാരോടൊപ്പം അല്ലറ ചില്ലറ ജോലികളുമായി കൂടിയിട്ടുണ്ട്.. നാളെ ക്ഷേത്രത്തിലേക്ക് കുറച്ചു പേർക്ക് മാത്രമേ ക്ഷണമുള്ളൂ.. അതിനാൽ ഇന്നിവിടെ കുഞ്ഞൊരു രാത്രി കല്യാണം വെക്കാമെന്നത് മാഷിന്റെ നിർബന്ധമാണ്.. മാഷിന്റെ കൂടെ ജോലി ചെയ്തിരുന്നവരും കുറച്ചു നാട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാവരും കൂടെ കുഞ്ഞൊരു ആഘോഷം.. ഗേറ്റ് കടന്ന് ചുവന്നൊരു സ്വിഫ്റ്റ് കാർ മുറ്റത്തേക്ക് കടന്നു വന്നു.. അതിൽ നിന്നും പുഞ്ചിരി തൂകി ആദ്യം തന്നെ ശ്രുതി ഇറങ്ങി വന്നു.. പിറകെ തന്നെ സുധയും സുജയും സതീഷനും..

സതീശന്റെയൊഴികെ സുധയുടെയും സുജയുടെയും മുഖം വലിയ തെളിച്ചമില്ലാതെയുണ്ട്.. വിഷ്‌ണു കാർ വീടിന്റെ ഒരു മൂലയിലേക്ക് ചേർത്ത് നിർത്തി ബാഗുകളുമായി ഇറങ്ങി അതെല്ലാം ദീപുവിന്റെ കയ്യിൽ വെച്ചു കൊടുത്തു.. കാറിന്റെ ശബ്ദം കേട്ടിട്ടാവണം ദിവ്യ അകത്തു നിന്നും പുറത്തേക്ക് വന്നു.. ശ്രുതിയെ കണ്ടതും കയ്യോടെ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി.. "ഇവൾക്ക് നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലെന്ന് തോന്നുന്നു... " സുജ സുധയുടെ ചെവിയിൽ മുറുമുറുത്തു.. "നിങ്ങളെന്താ സുധേ വന്ന കാലിൽ നിൽക്കുന്നത് അകത്തേക്ക് കയറി വാ.. " "ഓ.. " മാഷ് അവരെ അകത്തേക്ക് ക്ഷണിച്ചതും വലിയ താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് കയറി.. "ദീപ്തിയെവിടെ മാമേ..ഇവിടെങ്ങും കാണുന്നില്ലല്ലോ.." ചോദിച്ചുകൊണ്ട് വിഷ്ണു അകത്തേക്ക് കയറി..

"അവൾ അമ്പലത്തിലൊന്ന് പോയതാണ്.. ഇത്ര നേരമായിട്ടും കാണുന്നില്ല.. " അയാൾ ആദി പൂണ്ടു.. "എന്നാ ഞാനൊന്ന് പോയി നോക്കിയിട്ട് വരാം.. " വിഷ്ണു മുറ്റത്തേക്കിറങ്ങാൻ ഒരുങ്ങിയതും ഇടവഴിയിൽ കൂടി നടന്നു വരുന്ന ദീപ്തിയെ കണ്ടു.. "ആള് ദാ വരുന്നുണ്ടല്ലോ.. " ചിരിയോടെ വിഷ്ണു മാഷിനെ നോക്കി പറഞ്ഞപ്പോഴേക്കും ദീപ്തി നടന്നു അവരുടെ അടുത്തേക്ക് എത്തിയിരുന്നു.. "ന്താ കുട്ട്യേ ഇത്ര വൈകിയേ.. " "അമ്പലത്തിൽ തിരക്കായിരുന്നു.. ഭഗവാനേ കണ്ട് തൊഴുതിറങ്ങിയപ്പോഴേക്കും ആകെ വശം കെട്ടു.. " പറയുന്നതിനൊപ്പം ദീപ്തി ഇല ചീന്തിൽ നിന്നും പ്രസാദം എടുത്ത് മാഷിന്റെ ചുളിഞ്ഞ നെറ്റിയിൽ നീട്ടി വരച്ചു കൊടുത്തു ശേഷം വിഷ്ണുവിന്റെ നേരെ പ്രസാദം നീട്ടി..അവനും ഒരു നുള്ളെടുത്തു നെറ്റിയിൽ തൊട്ടു... "ശ്രുതി വന്നില്ലേ വിഷ്ണുവേട്ട... " "എല്ലാവരും വന്നിട്ടുണ്ട് നീയൊന്ന് അകത്തേക്ക് ചെല്ല്.. നാളെ നിന്റെ കല്യാണമാണ്..വേഗം പോയി ഈ വേഷമൊക്കെ മാറിക്കെ ആളുകൾ വന്നു തുടങ്ങിയിട്ടുണ്ട്.." വിഷ്ണു ധൃതി കൂട്ടി.. "ഇതൊക്കെ മതിയെന്നെ.. വരുന്നവർ എന്നെ കാണാത്തതൊന്നും അല്ലല്ലോ.. " ദീപ്തി ചുണ്ടുകൾ കൂർപ്പിച്ചു..

"നീയേ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി.." വിഷ്ണുവിന്റെ ഗൗരവം പൂണ്ട മുഖം കണ്ടതും ദീപ്തി ചിരിയോടെ അകത്തേക്ക് നടന്നു... "ന്റെ കുട്ടീടെ കഷ്ടപ്പാടുകളെല്ലാം ഈ കല്യാണത്തോടെ മാറി കിട്ടിയാൽ മതിയായിരുന്നു... " ആ വൃദ്ധന്റെ കണ്ണുകൾ ഈറനണിഞ്ഞു.... "മാമ വിഷമിക്കാതെ എല്ലാം നേരെയാവും.. " പറഞ്ഞുകൊണ്ട് വിഷ്ണു മുറ്റത്തേക്കിറങ്ങി..പിറകിൽ സദ്യ ഒരുക്കുന്നിടത്തേക്ക് നടന്നു.. അവർക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകി അവരോടൊപ്പം കൂടി... അകത്തേക്ക് കയറിയ ദീപ്തിയെ ജയയും ശ്രുതിയും കയ്യോടെ മുറിയിലേക്ക് കൊണ്ടുപോയി.. കൂടെ അമ്മുക്കുട്ടിയും ഉണ്ട്... അവളെത്ര ഒരുങ്ങേണ്ട എന്ന് പറഞ്ഞിട്ടും അവർ അത് കേൾക്കാതെ ചെറിയ രീതിയിൽ ദീപ്തിയെ ഒരുക്കി.. ഇതെല്ലാം കണ്ട് സുധയുടെയും സുജയുടെയും മുഖത്ത് കുശുമ്പ് നിറയുന്നുണ്ടായിരുന്നു.. തന്റെ മകൻ തള്ളി കളഞ്ഞിട്ടും അവൾക്ക് ഇത്രയും വലിയൊരു വീട്ടിൽ നിന്നൊരു ബന്ധം വന്നതിൽ സുദയുടെ ഉള്ളിൽ ഏറിയ അമർഷം ഉണ്ടായിരുന്നു..

അത് പ്രകടിപ്പിക്കാനുള്ളൊരു അവസരത്തിനായി അവർ തക്കം പാർത്തിരുന്നു.. രാധ തിരക്കിട്ട ജോലികളിൽ ആണ്.. വീട്ടിലെ ആദ്യത്തെ ഒരു ചടങ്ങല്ലേ,, ഒന്നിനും ഒരു കുറവും വരരുതെന്ന് മാഷിന് നിർബന്ധം ഉണ്ട്..കല്യാണ ചിലവിനുള്ള പണം മല്ലിക കൊടുത്തെങ്കിലും മാഷ് അത് സ്നേഹത്തോടെ നിരസിച്ചു.. ഇതെങ്കിലും തന്റെ മകൾക്ക് വേണ്ടി ചെയ്യണം എന്നുള്ളത് അദ്ദേഹത്തിന്റെ നിർബന്ധം ആയിരുന്നു.. അയൽവാസികളെല്ലാം വന്നു തുടങ്ങി കുറച്ചു ബന്ധുക്കളും.. എല്ലാവർക്കും രാത്രിയിലേക്ക് കുഞ്ഞു സദ്യ ഒരുക്കുന്നുണ്ട്... ഓരോരോരുത്തരും ദീപ്തിയെ കണ്ട് വാർത്തമാനമൊക്കെ പറഞ്ഞു പിന്നീട് നാട്ടു വിശേഷങ്ങൾ പറഞ്ഞും അല്ലറ ചില്ലറ പണികൾക്ക് സഹായിച്ചും അവിടെ കൂടി.. തന്റെ അമ്മയുടേയും അച്ഛന്റേയും മുഖത്തെ സന്തോഷം കാണുമ്പോൾ ദീപ്തിയുടെ ഉള്ളിൽ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു..

ഇത്രയും പ്രസന്നതയോടെ അവരെ ഈ അടുത്ത കാലത്തൊന്നും അവൾ കണ്ടിട്ടില്ലായിരുന്നു.. നേരം സന്ധ്യ മയങ്ങി... പന്തലിന്റെ ഓരോ ഭാഗങ്ങളിൽ വെളിച്ചം പകരാനായി ട്യൂബ് ലൈറ്റ് പ്രകാശിച്ചു..പാചകശാലയിൽ നിന്നും വിവിധ രുചികളുടെ ഗന്ധം അവിടെയൊട്ടാകെ പരന്നു.. ശ്രുതിയുടെ നിർബന്ധ പ്രകാരം ദീപ്തിയുടെ കയ്യിൽ മെഹന്തി ഇട്ടു കൊടുത്തു.. ജയയെ കൂടാതെ ദീപ്തിയുടെ വേറെ ഒന്ന് രണ്ട് സുഹൃത്തുക്കൾ കൂടി വന്നിട്ടുണ്ടായിരുന്നു.. അവരോടൊപ്പം ഇരുന്ന് സംസാരിക്കുമ്പോഴാണ് അടുക്കള ഭാഗത്തു നിന്നും സുധയുടെ വർത്തമാനം കേൾക്കുന്നത്.. ആരെയോ കൊള്ളിച്ചാണ് പറയുന്നതെന്ന് ഇടക്കിടക്ക് ഉയരുന്ന ശബ്‍ദത്തിൽ നിന്നും മനസിലാക്കാം... ദീപ്തി കൂട്ടുകാരോട് ഇപ്പൊ വരാമെന്ന് പറഞ്ഞു അവിടേക്ക് നടന്നു.. അവിടെ എത്തിയപ്പോൾ കണ്ടത് നേര്യതിന്റെ തലപ്പ് കൊണ്ട് വാ മൂടി തേങ്ങുന്ന അമ്മയെയാണ്..

"മാണിക്യ മംഗലത്തെ നൊസ്സുള്ള പയ്യനെയല്ലേ ഇവിടുത്തെ ഭൂലോക രമ്പ കെട്ടാൻ പോവുന്നത്..എന്ത് പണമുണ്ടെന്ന് പറഞ്ഞിട്ടെന്താ ജീവിത കാലം മുഴുവനും ആ വട്ട് ചെക്കനേയും നോക്കി കഴിയാണനാണ് അവൾടെ വിധി..." സുധ വായിൽ വന്നതെല്ലാം വിളിച്ചു പറയുന്നുണ്ട്..കേട്ട് നിന്നവരെല്ലാം സ്ഥഭ്ധരായി... കാരണം അവർക്കത് പുതിയ അറിവായിരുന്നു.. ദീപ്തി ഒരു നിമിഷം വിറങ്ങലിച്ചു നിന്നു.. ആര് സത്യം അറിയരുതെന്ന് വിചാരിച്ചോ അവർ തന്നെ എല്ലാം അറിഞ്ഞിരിക്കുന്നു..ദുർബല ഹൃദയമുള്ള തന്റെ അമ്മക്കിത് താങ്ങാൻ കഴിയുമോ.. "അമ്മേ.. " വേവലാതിയോടെ വിളിച്ചുകൊണ്ടവൾ രാധയുടെ തോളിൽ കൈ വെച്ചു.. അവർ പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി.. ഇത്രയും നേരം സന്തോഷത്തോടെ ഇരുന്നിരുന്ന മുഖത്തെ നൊമ്പരം കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു.. "ദീപ്തി,, മോളെ ... " തിരിഞ്ഞു നിന്നവർ അവളെ നോക്കി കണ്ണ് നിറച്ചു.. "അമ്മേ.. ഞാൻ.. " ദീപ്തിക്ക് ആ നിമിഷം എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു..

രാധ അവിടെ കൂടിയിരുന്നു മുറു മുറുക്കുന്നവരെയൊന്ന് നോക്കി ദീപ്തിയേയും വലിച്ചു അകത്തളത്തിലേക്ക് നടന്നു.. "അമ്മേ ഞാനൊന്ന് പറഞ്ഞോട്ടെ.. " നടക്കുന്നതിനിടയിൽ ദീപ്തി പറയുന്നുണ്ട്.. എന്നാൽ രാധ അതൊന്നും കേൾക്കാതെ അവളേയും കൂട്ടി മുറിക്കകത്ത് കയറി കതക് വലിച്ചടച്ചു.. **** "അമ്മേ.. എന്ത് ഭ്രാന്താണ് ഇവിടെ കിടന്ന് വിളിച്ചു കൂവിയത്.. ഇതിനായിരുന്നോ പെട്ടിയും കിടക്കയും എടുത്തിങ്ങ് പോന്നത്.. " കാര്യമറിഞ്ഞ വിഷ്ണു സുധയുടെ നേരെ കയർത്തു.. "എനിക്കല്ലടാ നിന്റെ മറ്റവളെ കെട്ടാൻ പോവുന്നവനാ ഭ്രാന്ത്‌.. നല്ല മുഴുത്ത വട്ടാണെന്നാ നാട്ടുകാര് പറയുന്നത്.. " "ദേ തള്ളേ പ്രായത്തിനു മൂത്തതാണ് എന്നൊന്നും നോക്കത്തില്ല വേണ്ടാതീനം പറഞ്ഞാൽ അടിച്ചു അണപ്പല്ല് ഞാൻ താഴെയിടും.. " ക്ഷമകെട്ട ജയ ദേഷ്യത്തിൽ പറഞ്ഞു.. "ആഹാ നിനക്ക് അത്രക്കൊക്കെ ധൈര്യമുണ്ടോ.. " സുധ ജയയെ നോക്കി പല്ല് കടിച്ചു.. പ്രശ്നം വഷളാകും എന്ന് കരുതിയ ശ്രുതി ജയയേയും വലിച്ചു അവിടെ നിന്നും പോയി.. പോവുന്ന പോക്കിൽ സുധയെ ദഹിപ്പിച്ചൊന്ന് നോക്കുകയും ചെയ്തു..

"ഇപ്പൊ സമാധാനം ആയല്ലോ അമ്മയ്ക്കും മോൾക്കും,,, ഇനി ഒരു നിമിഷം ഇവിടെ നിൽക്കാൻ പാടില്ല ഇപ്പൊ ഇറങ്ങിക്കോണം.." വിഷ്ണു അവസാന വാക്കെന്നോണം പറഞ്ഞു അവിടെ നിന്നും പോയി.. "മനുഷ്യന്റെ സമാധാനം കളയാനായിട്ട് വന്നോളും.. " പോവുന്ന പോക്കിൽ വിഷ്ണു പിറുപിറുത്തു.. സുധ സുജയേയും കൂട്ടി ആരെയും നോക്കാതെ അവിടെ നിന്നിറങ്ങി.. *** "അമ്മേ ഞാൻ മനപ്പൂർവം ഒന്നും മറച്ചു വെച്ചതല്ല.. നിങ്ങളാരും സമ്മതിക്കില്ലെന്ന് കരുതി... " ഇടർച്ചയോടെ പറഞ്ഞുകൊണ്ട് ദീപ്തി അമ്മയെ നോക്കി.. "മോളെ ദീപ്തി.. എന്റെ കുഞ്ഞു വിഷമിക്കേണ്ട.. അമ്മയ്ക്കും അച്ഛനും എല്ലാം അറിയാടാ.. " ദീപ്തി ഞെട്ടികൊണ്ട് അമ്മയെ നോക്കി.. "അതെ കുഞ്ഞേ.. ഞങ്ങളോട് മല്ലികാമ്മ എല്ലാം പറഞ്ഞിട്ടുണ്ട്..ഞങ്ങളോട് സത്യങ്ങൾ പറയാതെ ഈ വിവാഹം നടത്തിയാൽ അതിൽ ഐശ്വര്യവും സമാധാനവും ഉണ്ടാവില്ലെന്ന് കരുതി അവർ ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്..

ഞങ്ങളുടെ പൂർണ സമ്മതത്തോട് കൂടിയാണ് ഈ കല്യാണം.. ഈ വിവാഹത്തോടെ എന്റെ കുട്ടിക്ക് നല്ലത് മാത്രമേ വരൂ എന്നും അച്ഛനും അമ്മയ്ക്കും ഉറപ്പുണ്ട്... അതുകൊണ്ട് കൂടിയാണ് ഞങ്ങൾ ഇതിന് സമ്മതം മൂളിയത്...എന്റെ മോള് കാരണം കാശിമോന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെങ്കിൽ അതിലും വലിയൊരു പുണ്യം വേറെയില്ലല്ലോ..." രാധമ്മ നിറഞ്ഞു വന്ന കണ്ണുകളാൽ പറഞ്ഞു നിർത്തിയതും ദീപ്തി അവരെ ഇറുകെ പുണർന്നു.. തന്റെ അമ്മയോടും അച്ഛനോടും നീതികേട് കാണിക്കുകയാണോ എന്നൊരു ചിന്ത ഇന്നീ നിമിഷം വരെ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോഴത് മാറിക്കിട്ടി.. എല്ലാവരുടേയും അനുഗ്രഹത്തോടെ തന്നെയാണ് ഈ വിവാഹം നടക്കുന്നതെന്നറിഞ്ഞതും അവളുടെ ഉള്ളിലും സന്തോഷം നിറഞ്ഞു......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story