മഞ്ഞുരുകും കാലം : ഭാഗം 24

Manjurukumkalam

രചന: ഷംസീന

കല്യാണ പുടവയുടുത്ത് തന്റെ മുന്നിൽ നിൽക്കുന്ന മകളെ അദ്ദേഹം നിറഞ്ഞ മനസ്സാൽ അനുഗ്രഹിച്ചു.. ഇനി ഈ വീട്ടിൽ എപ്പോഴെങ്കിലും വരുന്നൊരു വിരുന്നുകാരി മാത്രമാണ് താനെന്നുള്ള തിരിച്ചറിവ് ദീപ്തിയിൽ ചെറിയൊരു നോവ് പടർത്തി.. എന്നാലും ഈ മാറ്റം എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിൽ അനിവാര്യം ആണെന്നുള്ളത് ഇന്നുവരെ ആരും അംഗീകരിക്കാത്തൊരു സത്യമാണ്.. മുതിർന്നവരുടെയെല്ലാം അനുഗ്രഹത്തോടെ ദീപ്തി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...കടും പച്ച നിറത്തിലുള്ള പുടവയിൽ അവളൊരു ദേവതയെ പോലെ തോന്നിച്ചു.. അവരവിടെ എത്തുന്നതിനു മുന്നേ തന്നെ കാശിയും വീട്ടുകാരും അവിടെ എത്തിച്ചേർന്നിരുന്നു.. മല്ലികാമ്മ നിറഞ്ഞ പുഞ്ചിരിയാലെ ദീപ്തിയെ ക്ഷേത്രത്തിനകത്തേക്ക് കൂട്ടി കൊണ്ടുപോയി.. നടയിൽ നിന്ന് കൈകൾ കൂപ്പി തൊഴുതു കൊണ്ട് നിൽക്കുമ്പോഴാണ് തൊട്ടടുത്ത് ആരുടെയോ സാന്നിധ്യം ദീപ്തിക്ക് അനുഭവപ്പെട്ടത്...

മുഖം തിരിച്ചു നോക്കിയ ദീപ്തി കണ്ടു തന്റെ അടുത്തായി തൊഴു കൈകളോടെ നിൽക്കുന്ന കാശിയെ.. അവളുടെ ഉടലൊന്ന് വിറച്ചു.. ഇത്രയും അടുത്ത് ഇതാദ്യമായാണ് ചേർന്ന് നിൽക്കുന്നത്.. തൊഴുതു കഴിഞ്ഞതും കാശി ദീപ്തിയുടെ കൈ ചേർത്തു പിടിച്ചു നടന്നു... കാശിയുടെ പെട്ടന്നുള്ള നീക്കത്തിൽ ദീപ്തിയുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു... കാശി ദീപ്തിയെ മല്ലികാമ്മയുടെ അടുത്ത് കൊണ്ടുപോയി നിർത്തി.. ശേഷം അവൻ മാറി നിൽക്കുന്ന വിഷ്ണുവിനരികിലേക്ക് ചെന്നു.. മല്ലികാമ്മ ദീപ്തിയെ കുടുംബക്കാർക്കെല്ലാം പരിചയപ്പെടുത്തി കൊടുത്തു... നിമിഷ നേരം കൊണ്ട് തന്റെ സൗമ്യതയോടെയുള്ള സംസാരവും പെരുമാറ്റവും കൊണ്ട് ദീപ്തി അവർക്കെല്ലാം പ്രിയപ്പെട്ടവളായി മാറി..ദീപ്തിയെ പോലൊരു പെൺകുട്ടിയേ കിട്ടിയത് കാശിയുടെ ഭാഗ്യമാണെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു..

തന്റെ മകളെ ഓർത്ത് രാധയുടെയും മാഷിന്റെയും മനസ്സ് അഭിമാനം പൂണ്ടു.. മുഹൂർത്തത്തിന് സമയമായതും ജയയും ശ്രുതിയും ദീപ്തിയെ കാശിയുടെ അടുത്തായി കൊണ്ട് നിർത്തി... പൂജാരി നീട്ടിയ മഞ്ഞ ചരടിൽ കോർത്ത കാശിനാഥൻ എന്ന പേര് കൊത്തിയ താലി ദേവിയുടെ നടയിൽ വെച്ചു കൊണ്ടവൻ അവളുടെ കഴുത്തിൽ ചാർത്തി കൊടുത്തു... കൈകൾ കൂപ്പി കൊണ്ടവൾ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന താലിയിലേക്ക് നോക്കി.. അതേ നിമിഷം തന്നെ ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു... ഈ കാഴ്ച്ച കണ്ടു നിന്ന വിഷ്ണുവിന്റെ മിഴിയിൽ നിന്നൊരു തുള്ളിയടർന്ന് താഴേക്ക് വീണു... ആരെങ്കിലും കാണുന്നതിന് മുന്നേയവൻ തന്റെ കലങ്ങിയ കണ്ണുകൾ തുടച്ചു.. എന്നാൽ ശ്രുതി കാണുകയായിരുന്നു വിഷ്ണുവിന്റെ മുഖത്തെ നൊമ്പരം.. എത്ര മറന്നെന്നു പറഞ്ഞാലും നഷ്ടപ്രണയം എപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങലായി ഉണ്ടാവും.. ശ്രുതി വിഷ്ണുവിന്റെ അരികിൽ വന്നു നിന്നു അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ടു പിടിച്ചു തോളിലേക്ക് ചാഞ്ഞു..

തളരരുത് കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞു.. ആ നിമിഷം വിഷ്ണുവിനും അവളുടെ സാന്നിധ്യം ഒരു ആശ്വാസം തന്നെയായിരുന്നു... ***** ചടങ്ങുകളെല്ലാം കഴിഞ്ഞതും ദീപ്തി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി... ദീപുവും ദിവ്യയും അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.. ഒടുവിൽ ശ്രുതിയും വിഷ്ണുവും ചേർന്നാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.. തന്റെ അച്ഛന്റേയും അമ്മയുടേയും കൂടപ്പിറപ്പുകളുടെയും മുഖത്തെ വിഷമം കാണുമ്പോൾ അവളുടെ ഉള്ളും നീറുന്നുണ്ടായിരുന്നു... അവരെ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റം വേദനിക്കുന്നതും തനാണെന്ന് അവൾക്കറിയാമായിരുന്നു... അവരുടെ വേദന കാണാൻ കഴിയാതെയവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരികിടന്നു... കൺ കോണിലൂടെ ഒഴുകി ഇറങ്ങുന്ന ചുടു കണ്ണുനീർ ആരോ തുടച്ചു മാറ്റിയതറിഞ്ഞ ദീപ്തി കണ്ണുകൾ തുറന്നു.. തന്റെ മുഖത്തേക്ക് വേദനയോടെ നോക്കിയിരിക്കുന്ന കാശിയെ കണ്ടവളുടെ മുഖത്ത് വാത്സല്യം തുളുമ്പി...ജയേച്ചി പറഞ്ഞതുപോലെ മാനസികമായി യാതൊരു പ്രശ്നവും അവനക്കുണ്ടെന്ന് അവൾക്ക് തോന്നിയില്ല.. മുഖത്ത് കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയൊളിപ്പിച്ച യുവാവ്....

***** മല്ലികാമ്മ നീട്ടിയ നിലവിളക്കും പിടിച്ചു കൊണ്ടവൾ വലതു കാൽ വെച്ച് മാണിക്യ മംഗലം വീട്ടിലേക്ക് കയറി.. സർവ്വ ഐശ്വര്യവും ഈ കുടുംബത്തിന് ഉണ്ടാവണമേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു... വീട്ടിലേക്ക് കയറിയ ശേഷം കാശിയെ അവിടെയെങ്ങും കണ്ടതേയില്ല...അയൽവാസികളായ ചില ആളുകൾ വന്നു പരിചയപ്പെട്ടു... ബന്ധുക്കളെല്ലാം ക്ഷേത്രത്തിൽ നിന്ന് തന്നെ മടങ്ങി പോയിരുന്നു... ജയ വന്നവളെ മുകളിലെ കാശിയുടെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി.. "നിനക്ക് പേടിയുണ്ടോ ദീപ്തി... " അവളുടെ തലയിലെ പൂ അഴിച്ചു മാറ്റുന്നതിനിടയിൽ ജയ ചോദിച്ചു... "എനിക്കോ.. അല്ല എന്തിനാ പേടി... " ദീപ്തി സംശയത്തോടെ ചോദിച്ചു... "അല്ലെടി.. എല്ലാവരും പറയുന്നത് പോലെ കാശി ഉപദ്രവിക്കുകയോ മറ്റോ ചെയ്യുമോ എന്ന്... " ജയ ഒരല്പം മടിയോടെ പറഞ്ഞു....

"ഈ ചേച്ചിക്കിതെന്താ.. നിക്കൊരു പേടിയും ഇല്ല..കാശിയേട്ടൻ നമ്മൾ വിചാരിച്ചത് പോലെയൊരു പ്രശ്നക്കാരൻ അല്ലെന്ന് തോന്നുന്നു.. നേരത്തെ ഞാൻ കാറിൽ ഇരുന്ന് കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കണ്ണുകളായിരുന്നു നിറഞ്ഞിരുന്നത്.. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയായിരുന്നു മുഖത്ത്..." ദീപ്തി ഏതോ ഓർമയിൽ പറഞ്ഞു.. "നിനക്ക് കാശിയെ അങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ.." ജയ ഒരിത്തിരി കുറുമ്പോടെ ചോദിച്ചു.. "ഒന്ന് പോ ചേച്ചി... " ദീപ്തി ജയയുടെ കയ്യിൽ നോവിക്കാത്ത വിധത്തിലൊന്ന് തല്ലി..ദീപ്തിയുടെ മുഖത്തെ തെളിച്ചം കണ്ട് ജയയുടെ ഉള്ളിലെ ഭാരവും ഒഴിഞ്ഞു പോയിരുന്നു... ദീപ്തിയുടെ മുടിയും ആഭരണങ്ങളുമെല്ലാം അഴിച്ചു മാറ്റാൻ സഹായിച്ചു ജയ ദീപ്തിക്ക് മാറിയുടുക്കാൻ ഉള്ളതും കൊടുത്ത് ഫ്രഷാവാൻ പറഞ്ഞുവിട്ടു... ഇത്രയും സമയം പട്ടുസാരിയുടെ ഉള്ളിൽ കിടന്ന് ഞെരിപിരി കൊണ്ട ദേഹത്തേക്ക് തണുത്ത വെള്ളം വന്നു പതിച്ചപ്പോൾ തെല്ലൊരാശ്വാസം തോന്നി ദീപ്തിക്ക്..

ജയേച്ചി കയ്യിൽ തന്ന ചുരിദാർ ഇടാതെ അലമാരയിൽ നിന്നൊരു കോട്ടൺ സാരിയെടുത്തു ഉടുത്തു.. സാരിയാണ് എപ്പോഴും ഇഷ്ടപെട്ട വേഷം.. ചുരിദാർ ധരിക്കുമ്പോൾ വല്ലാത്തൊരു വിമ്മിഷ്ടമാണ്.. മുടി കുളിപ്പിന്നൽ കെട്ടി കണ്ണാടിയുടെ മുന്നിൽ പോയി നിന്നു..സാരിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന താലി മാലയെടുത്ത് പുറത്തേക്കിട്ടു.. പാതി മാഞ്ഞു കിടക്കുന്ന സിന്ദൂര രേഖയിൽ വിരലുകളാലൊന്ന് തഴുകി.. അവളുടെ ഉള്ളിൽ വിഷ്ണുവിന്റെ മുഖം തെളിഞ്ഞു വന്നു..ഹൃദയം വേദനിച്ചുവോ.. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ആ കൈകൾ കൊണ്ട് ഈ കഴുത്തിലൊരു താലി.. കുഞ്ഞുനാൾ മുതൽ എല്ലാവരുടേയും നാവിൽ നിന്നും പറഞ്ഞു കേട്ടതും അത് തന്നെയായിരുന്നു... എന്നാൽ വിധി മറ്റൊന്നായി.. ആരൊക്കെയോ മറഞ്ഞു നിന്ന് വലിച്ച ചരടിലെ വെറും കളിപ്പാവകളായി മാറിയ നിമിഷം നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ....

ഇന്ന് താൻ മറ്റൊരാളുടെ താലിക്ക് അവകാശിയായിരിക്കുന്നു..അയാളുടെ കൈകളാൽ തന്റെ സീമന്ത രേഖയിൽ കുങ്കുമം പടർന്നിരിക്കുന്നു.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു..ജീവിതം ഇത്ര പെട്ടന്ന് മാറിമറിയുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല..ഇനിയും തനിക്ക് വേണ്ടി കാലം പരീക്ഷണങ്ങൾ കാത്തു വെച്ചിട്ടുണ്ടാവുമോ..? ഉള്ളിൽ നുരഞ്ഞു പൊന്തിയ ചോദ്യത്തിന് ഉത്തരം അവൾക്ക് ലഭിച്ചില്ല... വാതിലിലുള്ള തുടരെ തുടരെയുള്ള തട്ട് കേട്ടാണ് ദീപ്തി കണ്ണാടിയുടെ മുന്നിൽ നിന്നും ഞെട്ടി മാറിയത്.. സാരി ഒന്നൂടെ പിടിച്ചിട്ടു കൊണ്ടവൾ ചെന്നു വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടവൾ വാതിലിന്റെ ഒരരികിലേക്ക് മാറി നിന്നു.. അഴിഞ്ഞുലഞ്ഞ ഷർട്ടും പാറി പറന്ന മുടിയും കലങ്ങി ചുവന്ന കണ്ണുകളും.. നേരത്തെ കണ്ട കാശിയെ അല്ലെന്നവൾക്ക് തോന്നി...

"താൻ ഫ്രഷായെങ്കിൽ താഴെ പൊക്കോളൂ.. അവിടെ ചെറിയമ്മ അന്യോഷിക്കുന്നുണ്ട്... " അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു കൊണ്ടവൻ ടവലും എടുത്ത് ബാത്റൂമിലേക്ക് കയറി.. അവൻ പോയ വഴിയേ തെല്ലൊരു നിമിഷം നോക്കി നിന്ന ദീപ്തി ഒരു നെടുവീർപ്പോടെ താഴേക്ക് ചെന്നു.. താഴെയെത്തിയ ദീപ്തി കാണുന്നത് അമ്മുവിനെയും എടുത്ത് പോകാൻ തുടങ്ങുന്ന ജയയെയാണ്.. "ചേച്ചി പോവായോ..? " ദീപ്തി വിഷമത്തോടെ ചോദിച്ചു.. "ഇപ്പോൾ ഇറങ്ങിയാൽ കവലയിൽ നിന്ന് നേരിട്ടൊരു ബസ് ഉണ്ട് വീടിനടുത്തേക്ക് അതിൽ കയറി വീട് പറ്റാം..ഏട്ടൻ വരില്ലെന്ന് പറഞ്ഞു.. അമ്മയേയും കൂട്ടി ഹോസ്പിറ്റലിൽ പോയിരിക്കുവാണെന്ന്.. എന്നാൽ പോട്ടെടി.. ഒഴിവു പോലെ പിന്നീട് വരാം.." ജയ പുഞ്ചിരിയോടെ അവളെയൊന്ന് പുണർന്നു.. ശേഷം മല്ലികാമ്മയോടും യാത്ര പറഞ്ഞു അവിടുന്നിറങ്ങി...

ജയയും മോളും പോയതും ദീപ്തിക്ക് ശെരിക്കും അവിടെ ഒറ്റപ്പെട്ടത് പോലെ തോന്നി.. അവൾ നേരെ അടുക്കളയിൽ നിൽക്കുന്ന മല്ലികാമ്മയുടെ അടുത്തേക്ക് ചെന്നു.. അവരോട് ഒന്നും രണ്ടും പറഞ്ഞിരുന്നു.. സ്വന്തം മോളോട് പെരുമാറുന്നത് പോലെയാണ് അവരുടെ സംസാരവും പ്രവർത്തികളും.. ദീപ്തിക്ക് ആ സമയം തന്റെ അമ്മയെ ഓർമ വന്നു.. മല്ലികാമ്മ കൂടുതലും സംസാരിക്കുന്നത് കാശിയെ പറ്റിയാണ്.. അവന്റെ കുട്ടികാലത്തെ കുസൃതികളാണ് ഏറെയും സംസാരത്തിൽ കടന്നു വരുന്നത്... ഇങ്ങനെയൊരു ചെറിയമ്മയെ കിട്ടിയ കാശിയും ഗോപുവും ഭാഗ്യവാന്മാർ ആണെന്നന്നവൾക്ക് തോന്നി.. സ്വന്തം മക്കളെ പോലും കഴുത്ത് ഞെരിച്ചു കൊല്ലുകയും റോഡരികിൽ ഉപേക്ഷിച്ചു കളയുകയും ചെയ്യുന്ന അമ്മമാരുള്ള ഈ ലോകത്ത് സ്വന്തം സഹോദരന്റെ മക്കളെ തന്റെ മക്കളെ പോലെ നോക്കുന്ന മല്ലികാമ്മയോടവൾക്ക് ബഹുമാനവും അതിലുപരി സ്നേഹവും തോന്നി....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story