മഞ്ഞുരുകും കാലം : ഭാഗം 25

Manjurukumkalam

രചന: ഷംസീന

 നേരത്തെ മുറിയിൽ കയറിയ കാശി രാത്രി ഒരുപാടായിട്ടും പുറത്തേക്കിറങ്ങിയില്ല.. ദീപ്തിയിൽ ചെറിയൊരു ആശങ്ക ഉടലെടുത്തു.. "ഏട്ടത്തി പേടിക്കേണ്ടാ.. ഇത് ഏട്ടന് ഇടയ്ക്കുള്ളതാ.. ഒത്തിരി സങ്കടം വരുമ്പോഴാണ് ഏട്ടനിങ്ങനെ മുറിയിൽ ഒറ്റക്കിരിക്കാറ്.. " ടെൻഷനോടെ സാരിയുടെ മുന്താണിയിൽ കൈ വിരൽ ചുറ്റി കൊണ്ടിരിക്കുന്ന ദീപ്തിയെ നോക്കി ഗോപു പറഞ്ഞു.. "പക്ഷേ അമ്പലത്തിൽ നിന്നൊന്നും ആൾക്ക് പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ..? " ദീപ്തിയുടെ ഉള്ളിലുള്ള ചോദ്യം അത്പോലെ പുറത്തേക്ക് വന്നു.. ഗോപു ചെറുതായോന്ന് ചിരിച്ചു.. "അതെന്താണെന്നോ ഈ ഏട്ടത്തിയെ എന്റെ ഏട്ടന് വല്ലാതങ്ങ് ഇഷ്ടപ്പെട്ടത് കൊണ്ടാണ്... " ദീപ്തി പറഞ്ഞത് മനസ്സിലാവാതെ അവനെ നോക്കി.. "ഞാൻ പറഞ്ഞത് സത്യമാന്നെ..ഏട്ടനറിയാതെയും ഏട്ടനറിഞ്ഞു കൊണ്ടും ഒരുപാട് പെൺകുട്ടികളെ ഏട്ടന് വേണ്ടി ആലോചിച്ചു.. അപ്പോഴൊക്കെയും ഏട്ടൻ ശക്തമായി അതിനെ എതിർത്തു.. എന്നാൽ ഏട്ടത്തിയെ പെണ്ണ് കണ്ട് വന്നതിനു ശേഷം ഏട്ടനിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങി..

ഞങ്ങളോടൊന്നും സംസാരിക്കുക പോലും ചെയ്യാതിരുന്ന ഏട്ടൻ അത്യാവശ്യത്തിനെങ്കിലും മിണ്ടാൻ തുടങ്ങി.. എല്ലാം ഏട്ടത്തി കാരണമാണ്.. അതിന്റെ രഹസ്യം എന്താണെന്നൊന്നും എനിക്കറിയില്ല അത് ഏട്ടന് മാത്രമേ അറിയൂ..പതിയെ ഏട്ടത്തി ചോദിച്ചു മനസ്സിലാക്കിയാൽ മതി.. ആളൊരു പാവമാണ്.. എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ അറിയൂ..." ഗോപു പറഞ്ഞതൊന്നും അപ്പോഴും ദീപ്തിക്ക് വിശ്വാസം വന്നില്ല.. എല്ലാം ഒരു മായാലോകത്തെന്ന പോലെ അവൾ കേട്ട് കൊണ്ടിരുന്നു... "മോളെ ദീപ്തി.. ഒന്നിങ്ങു വന്നേ... " മല്ലികാമ്മ അടുക്കളയിൽ നിന്നും വിളിച്ചതും ഗോപുവിനോട് ഇപ്പൊ വരാമെന്നും പറഞ്ഞു അവൾ അവിടുന്നെഴുന്നേറ്റു.. "വീട്ടിൽ നിന്ന് അമ്മ വിളിച്ചിരുന്നു .. നിന്റെ ഫോൺ എന്തിയേ.. വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു.. അമ്മക്കൊന്ന് വിളിച്ചേക്ക്... " മല്ലികാമ്മ ഫോൺ അവളുടെ നേരെ നീട്ടി.. അപ്പോഴാണ് ഫോൺ താൻ റൂമിൽ വെച്ചു മറന്ന കാര്യം അവൾക്ക് ഓർമ വന്നത്.. അവൾ പെട്ടന്ന് തന്നെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചു... "മോള് തിരക്കിലായിരുന്നോ...?"

ഫോൺ എടുത്ത ഉടനെ അമ്മ ചോദിച്ചു.. "അല്ല അമ്മേ.. ഞാൻ വെറുതെ ഗോപുവിനോട് സംസാരിച്ചിരിക്കുവായിരുന്നു.. അച്ഛനും പിള്ളേരുമൊക്കെ എവിടെ..?" "അച്ഛൻ നേരത്തെ കിടന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നു.. പിന്നെ നാളെ മഠത്തിലേക്ക് പോവേണ്ടതും അല്ലേ.. പിള്ളേര് എന്റെ അടുത്ത് തന്നെ ഉണ്ട്... " "മ്മ് ഞാൻ രാവിലെ അങ്ങ് എത്തിയേക്കാം..കൊണ്ടുപോവാനുള്ള സാധനങ്ങളെല്ലാം എടുത്ത് വെച്ചോ..?" "അതൊക്കെ എടുത്തു വെച്ചിട്ടുണ്ട്...നീ ഓടിപിടിച്ചു വരുവൊന്നും വേണ്ടാ.. വെറുതെ അവിടെയുള്ളവരെ മുഷിപ്പിക്കേണ്ട.. വിഷ്ണുവും ശ്രുതിയും വരാമെന്ന് പറഞ്ഞിട്ടുണ്ട്.." അവരുടെ വാക്കുകളിൽ ഒരമ്മയുടെ വേവലാതി ഉണ്ടായിരുന്നു...ചെന്നു കയറിയ വീട്ടിൽ തന്റെ മോൾടെ നേരെ ആരുടേയും മുഖം ഇരുളരുതെന്ന് അവരാഗ്രഹിച്ചിരുന്നു.. "അമ്മ അതൊന്നും ഓർത്ത് ടെൻഷൻ ആവേണ്ട..ഇനി നാളെ അച്ഛനെ കാണാൻ പറ്റിയില്ലേൽ പിന്നെ ആറ് മാസം കഴിയേണ്ടേ ഒന്ന് കാണാൻ..." രാധയിൽ നിന്നൊരു നെടുവീർപ്പുയർന്നു.. "ഞാൻ എന്നാ വെക്കുവാണ് മോളെ അടുക്കളയിൽ ഇത്തിരി പണിയുണ്ട്... "

രാധ ഫോൺ കട്ട്‌ ചെയ്തതും അറിയാതവളുടെ കണ്ണുകൾ നിറഞ്ഞു... "അമ്മ എന്ത് പറഞ്ഞു..? " മൗനമായി നിൽക്കുന്നവളെ നോക്കി മല്ലികാമ്മ ചോദിച്ചു.. "നാളെ അച്ഛനേയും കൊണ്ട് മഠത്തിലേക്ക് പോവേണ്ടതല്ലേ,, അതിനെ പറ്റി പറയുവായിരുന്നു.. " "നമുക്ക് നാളെ രാവിലെ അങ്ങോട്ട് പോവാം.. അതാവുമ്പോ മാഷിനെ ഒന്ന് കാണുകയും ചെയ്യാമല്ലോ... " അവർ പറഞ്ഞപ്പോൾ അവൾക്ക് എതിർപ്പ് പറയാൻ തോന്നിയില്ല.. സമ്മതമെന്നോണം അവൾ തലയാട്ടി.. ***** രാത്രിയിൽ അത്താഴം കഴിക്കാനും കാശി താഴേക്ക് വന്നില്ല.. അവനുള്ള ഭക്ഷണം ഗോപു മുറിയിലേക്ക് കൊണ്ടുപോയി കൊടുത്തു...ചോദിച്ചപ്പോൾ പറഞ്ഞു ഏട്ടൻ ഞങളുടെ കൂടെയിരുന്ന് കഴിക്കാറില്ലെന്ന്.. ദീപ്തിക്കും ആഹാരം കഴിക്കാൻ തോന്നിയില്ല.. വീട്ടിൽ നിന്നും വിട്ടു നിന്നതിന്റെ സങ്കടമോ അതോ കാശി വരാത്തതിന്റെ നീരസമോ അവൾ നുള്ളി പെറുക്കി കഴിച്ചെന്നു വരുത്തി... കിടക്കാൻ വേണ്ടി മുറിയിലേക്ക് പോവാൻ തുടങ്ങുമ്പോഴാണ് മല്ലികാമ്മ ഒരു ഗ്ലാസ്‌ പാലും കൂടെ രണ്ട് മൂന്ന് ഗുളികകളും അവളുടെ കയ്യിൽ വെച്ച് കൊടുത്തത്...

അവൾ അതിനെയും അവരേയും മാറി മാറി നോക്കി.. "ഇനി മുതൽ മോള് വേണം അവന്റെ എല്ലാ കാര്യങ്ങളും നോക്കാൻ..രാത്രിയിൽ മാത്രമേ മരുന്നുള്ളൂ.. പേടിക്കുകയൊന്നും മോളെ അവൻ ഉപദ്രവിക്കില്ല അത് ചെറിയമ്മക്ക് ഉറപ്പുണ്ട്.. " അവർ പതിയെ അവളുടെ കവിളിലൊന്ന് തട്ടി മുറിയിലേക്ക് പറഞ്ഞു വിട്ടു.. കാശിയെ പേടിയുള്ളത് കൊണ്ടല്ല ഈ പരവേശം എന്നവൾക്ക് മനസ്സിലായി..ആദ്യമായി ഒരു പുരുഷന്റെ മുറിയിലേക്ക് കടന്നു ചെല്ലുന്നതിന്റെയാണ്.. വിറക്കുന്ന കാലടികളോടെ മുകളിലേക്കുള്ള ഓരോ പടികളും കയറി.. അടഞ്ഞു കിടക്കുന്ന വാതിലിനു മുന്നിൽ എത്തിയതും വാതിലിനു മുകളിൽ തട്ടണോ വേണ്ടയോ എന്നാലോചിച്ചോന്ന് ശങ്കിച്ചു നിന്നു.. പിന്നെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഓർമ വന്നപ്പോൾ രണ്ടും കല്പ്പിച്ചു വാതിലിൽ പതിയെ ഒന്ന് തട്ടി.. ഏറെ നേരം പിന്നിട്ടിട്ടും വാതിൽ തുറക്കുന്നില്ലെന്ന് കണ്ടതും വീണ്ടും ഒരു വട്ടം കൂടി തട്ടി...

നിമിഷങ്ങൾക്കകം അവളുടെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു... മുടിയെല്ലാം പാറിപറന്നു ചുവന്നു കലങ്ങിയ കണ്ണുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന കാശിയെ കണ്ട് അവളൊരടി പിറകിലേക്ക് നീങ്ങി.. കയ്യിലിരുന്ന പാൽ അറിയാതെ നിലത്തേക്ക് തുളുമ്പി വീണു... "അറിയാതെ ഉറങ്ങിപ്പോയി.. താൻ അകത്തേക്ക് വാ... " പരിഭ്രമിച്ചു നിൽക്കുന്നവളെ നോക്കി ചെറു ചിരിയോടെ കാശി പറഞ്ഞു.. അവൾ മടിച്ചു മടിച്ചു മുറിക്കകത്തേക്ക് പ്രവേശിച്ചു...അവൾ അകത്തേക്ക് കയറിയതും കാശി വാതിൽ ചേർത്തടച്ചു മുദ്രയിട്ടു.. ദീപ്തിയുടെ ഉള്ളൊന്ന് വിറച്ചു... അവൾ പാൽ ഗ്ലാസ്‌ അടുത്ത് കണ്ട ടേബിളിലേക്ക് വെച്ചു.. ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്നെടുത്ത് മരുന്നും വെള്ളവും അവനു നേരെ നീട്ടി... കാശി ദീപ്തിയുടെ ഓരോ പ്രവർത്തികളും സൂക്ഷ്മതയോടെ നിരീക്ഷിച്ചു.. ഒന്നും തന്നെ മിണ്ടാതെ അവളുടെ കയ്യിൽ നിന്നും മരുന്ന് വാങ്ങി കാശി വായിലേക്കിട്ടു വെള്ളമൊഴിച്ചു.. ഗ്ലാസ്‌ തിരികെ അവളുടെ കയ്യിലേക്ക് കൊടുത്തു... ഗ്ലാസ്‌ തിരികെ ടേബിളിലേക്ക് വെച്ച ദീപ്തി ടേബിളിനോട് ചേർന്ന് ചാരി നിന്നു..

കാശി കുറച്ചു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അതിന് ശേഷം ബാത്റൂമിലേക്ക് കയറിപ്പോയി... അവൻ പോയതും ദീപ്തി മുറിയെല്ലാം കണ്ണോടിച്ചു.. നല്ല അടുക്കും ചിട്ടയും ഉള്ള മുറി...ഒരു ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട് അതിനൊപ്പം ഒരുപാട് മെഡലുകളും ട്രോഫിസും സർട്ടിഫിക്കെറ്റ്സും...അതിലെ പേര് വായിച്ചപ്പോൾ ദീപ്തി ശെരിക്കും അത്ഭുതപ്പെട്ടുപോയി.. എല്ലാം കാശിക്ക് കിട്ടിയതായിരുന്നു.. ഇത്രയും അറിവും കഴിവും ഉള്ളൊരാൾ മാനസികമായി ഇത്രയും തളരണമെങ്കിൽ അമ്മയും അച്ഛനും മരിച്ചത് കൂടാതെ വേറെ എന്തെങ്കിലും ഒരു തക്കതായ കാരണവും ഉണ്ടാവും..ദീപ്തിയുടെ ചിന്തകൾ കാശിയുടെ ഭൂതകാലം തിരഞ്ഞു കൊണ്ടിരുന്നു... ദീപ്തി ചില പുസ്തകങ്ങൾ എടുത്ത് നോക്കി..താൻ ജീവിതത്തിൽ വായിച്ചിട്ട് കൂടിയില്ലാത്ത ഇംഗ്ലീഷ് സാഹിത്യങ്ങളാണ് അതെല്ലാം...

ദീപ്തി എടുത്തത് പോലെ തന്നെ പുസ്തകങ്ങൾ തിരികെ അവിടെ വെച്ച് ഷെൽഫ് അടച്ചു.. പിന്നീടവൾ അടഞ്ഞു കിടക്കുന്ന ബാൽക്കണി തുറന്നിട്ടു അവിടേക്ക് നടന്നു..കൈവരിയിൽ പിടിച്ചു കൊണ്ട് ഇരുട്ടിന്റെ ഭംഗിയെ ആസ്വദിച്ചു.. കനത്ത കൂരിരുട്ടിന് പോലും എന്തൊരു ശാന്തത ആണെന്നവൾക്ക് തോന്നി.. ആരുടെയും ശല്യമില്ലാതെ നിലാവ് തന്റെ പ്രണയിനിയോട് സല്ലാപം പറയുകയാണ്.. വിണ്ണിലെ താരകങ്ങൾ അവളെ നോക്കി കണ്ണ് ചിമ്മി.. കാശി വരുന്നതറിഞ്ഞ ദീപ്തി തിരിഞ്ഞു നോക്കി.. ഒരു ഒറ്റമുണ്ട് മാത്രമാണ് വേഷം.. വിരിഞ്ഞ നെഞ്ചിലെ കറുത്ത രോമങ്ങൾക്ക് മറയായി തോളിനു കുറുകെ വെളുത്തൊരു ടർക്കി കൊണ്ട് പുതച്ചിട്ടുണ്ട്...കഴുത്തിലെ നീളമുള്ള രുധ്രാക്ഷമാല ദൃഡമായ വിരിഞ്ഞ നെഞ്ചിലെ അഴക് കൂട്ടി...നനവാർന്ന ഇടതൂർന്ന നീളൻ മുടികളിൽ ചിലത് മുഖത്തേക്ക് ഞാണ്‌ കിടപ്പുണ്ട്...

വെള്ളം ഇറ്റ് വീഴുന്ന നീണ്ടു വളർന്ന താടിയും മീശയും..പക്ഷേ മുഖത്ത് തീർത്തും ശാന്ത ഭാവമാണ്.. ദീപ്തിയുടെ മിഴികൾ തെല്ലു നേരം അവനിൽ ഉടക്കി... "തണുത്ത കാറ്റ് വീശുന്നുണ്ട്.. അകത്തു വന്നു കിടക്കാൻ നോക്ക്...വരുമ്പോൾ ബാൽക്കണി അടച്ചേക്കൂ.." ഗൗരവത്തിൽ പറഞ്ഞിട്ട് ടർക്കി നെഞ്ചിലേക്ക് വലിച്ചിട്ടു അവൻ തിരിഞ്ഞു നടന്നു... "ഇത്രക്കും ഗൗരവം ഉണ്ടായിരുന്നോ.. " ദീപ്തിയുടെ ചുണ്ടുകൾ കൂർത്തു... "ദീപ്തി... " "ഓ.. " കാശി അകത്തു നിന്നും തെല്ലുറക്കെ വിളിച്ചതും അവളറിയാതെ മറുപടി പറഞ്ഞു... പിന്നീടാണവൾക്ക് ബോധം വന്നത്.. കാശി തന്റെ പേര് ചൊല്ലി വിളിച്ചത് അവളിൽ സന്തോഷം നിറച്ചു... ഇനിയും അവനെ മുഷിപ്പിക്കേണ്ടെന്ന് കരുതി ദീപ്തി തെല്ലു പരിഭ്രമത്തിൽ ബാൽക്കണി ചാരി അവനടുത്തേക്ക് ചെന്നു...

മുറിയിൽ ചെന്നപ്പോൾ കണ്ടത് കണ്ണുകൾക്ക് കുറുകെ കൈ മറച്ചു വെച്ചു കിടക്കുന്ന കാശിയെയാണ്.. ആളുടെ കാൽ വിരലുകളുടെ ചലനത്തിൽ നിന്നും മനസ്സിലാക്കാം ഉറങ്ങിയിട്ടില്ലെന്ന്... ദീപ്തി ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാലടികളോടെ നടന്നു മറുപ്പുറത്തായി കിടന്നു... അവളുടെ നെഞ്ച് ക്രമാതീതമായി മിടിക്കാൻ തുടങ്ങി...ആദ്യമായിട്ടൊരു പുരുഷനടുത്ത് കിടക്കുന്നതിന്റെ എല്ലാ പരവേശവും അവൾക്കുണ്ടായിരുന്നു...കാശിയെ തിരിഞ്ഞൊന്ന് നോക്കണമെന്നുണ്ടെങ്കിലും ഉള്ളിലെ ജാള്യത അതിനനുവദിച്ചില്ല... ഏറെ നേരം അവനിൽ ചുറ്റി കറങ്ങി കൊണ്ടിരുന്ന അവളുടെ ബുദ്ധിയും മനസ്സും ആ ചിന്തകളെ വെടിഞ്ഞു നിദ്രയെ പുൽകി... ഇതേ സമയം തന്റെ നഷ്ടപ്രണയം ഓർത്ത് അകലെയൊരാളുടെ ഹൃദയം നോവുന്നുണ്ടായിരുന്നു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story