മഞ്ഞുരുകും കാലം : ഭാഗം 26

Manjurukumkalam

രചന: ഷംസീന

ശ്രുതിയുടെ മടിയിൽ തലവെച്ചു കിടക്കുന്ന വിഷ്ണുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.. ദീപ്തിയെ കുറിച്ചോർക്കേ അവനൊരു നോവ് അനുഭവപ്പെട്ടു..ചുട്ടുപൊള്ളുന്ന ഓർമകൾക്ക് മേലൊരു കുളിർക്കാറ്റെന്ന പോലെ ശ്രുതിയുടെ തലോടൽ അവനു സ്വാന്ത്വനമേകി.. "ദീപ്തിയേച്ചിയെ കുറിച്ചാണോ വിഷ്ണുവേട്ടൻ ചിന്തിക്കുന്നേ...?" അവളുടെ വാക്കുകളിൽ വേദനയായിരുന്നില്ല മറിച്ച് അവനോടുള്ള വാത്സല്യവും അലിവും ആയിരുന്നു... നേർത്തൊരു മൂളൽ മാത്രം അവനിൽ നിന്നും മറുപടിയായി വന്നു.. ഇരുവർക്കുമിടയിൽ കനത്ത മൗനം തളം കെട്ടി... "തനിക്കറിയുമോ ഇന്നുവരെ അവൾ അവൾക്ക് വേണ്ടി ജീവിച്ചിട്ടില്ല...ജീവിച്ചത് മുഴുവനും അവളുടെ ചുറ്റുമുള്ളവർക്ക് വേണ്ടിയാണ്.. അല്ലെങ്കിൽ എന്റെ അമ്മയുടെ ശാപവാക്കുകൾക്ക് മുന്നിൽ അവളെന്നെ വേണ്ടെന്ന് വെക്കില്ലായിരുന്നു.."

അവന്റെ വാക്കുകളിൽ കനത്ത നിരാശയുണ്ടായിരുന്നു.. ആ സമയം ചെറു പുഞ്ചിരിയാലെ നടന്നിരുന്ന കൗമാരക്കാരിയുടെ മുഖം തെളിഞ്ഞു അവന്റെ മനസ്സിൽ വന്നു... ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ലക്ഷ്യമില്ലാതെ അലയേണ്ടി വന്നപ്പോഴും തളരാതെ പിടിച്ചു നിന്നവൾ.. ചിലപ്പോൾ തോന്നും അവളാണ് ഈ ലോകത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീയെന്ന്...ചിലപ്പോൾ അവളേക്കാൾ ദുർബലയായവൾ ഇല്ലെന്നും...കുടുംബത്തിന് വേണ്ടി തന്റെ ജീവിതം പോലും ബലി കഴിപ്പിച്ചവൾ...അവൾക്കൊരു തണലാവണമെന്ന് ആഗ്രഹിച്ചപ്പോഴും മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി തന്റെ ഇഷ്ടം വേണ്ടെന്നു വെച്ചവൾ.. ഇനിയെങ്കിലും അവൾക്ക് സന്തോഷം മാത്രം നൽകണേ എന്നവൻ മനസുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. ശ്രുതിയുടെ വിരലുകൾ അവന്റെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു...

"ചെന്നു കിടക്കാൻ നോക്ക് നേരം ഒത്തിരിയായില്ലേ.. " വിഷ്ണു ശ്രുതിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് കണ്ണും മുഖവും അമർത്തി തുടച്ചു... "കൊതിച്ച സ്നേഹം കിട്ടാതിരിക്കുന്നത് വലിയൊരു വേദന തന്നെയാണല്ലേ.. " ഏതോ ഓർമയിൽ ശ്രുതി അവനെ നോക്കി ചോദിച്ചു... "വേദനയല്ലെടോ ഒരു തരം നഷ്ടബോധം.. അത്രമേൽ ആഗ്രഹിച്ചു കിട്ടാതിരിക്കുമ്പോൾ തോന്നുന്നൊരു നിസ്സഹായവസ്ഥ.. " വിഷ്ണു ആലോചനയോടെ ഇരിക്കുന്ന ശ്രുതിയെ നോക്കി.. "എനിക്കറിയാം ഞാനും കുറേ കാലം അനുഭവിച്ചതാണ് ഈ വിരഹ വേദന.." വിഷ്ണു അവൾ പറഞ്ഞതിന്റെ പൊരുളറിയാതെ നെറ്റി ചുളിച്ചു.. "വിഷ്ണുവേട്ടനെ ആലോചിച്ച് ...സുജേച്ചിയുടെ കല്യാണത്തിന് ചുറു ചുറുക്കോടെ ഓടി നടക്കുന്ന കല്യാണപെണ്ണിന്റെ ആങ്ങളയെ കണ്ടപ്പോൾ തൊട്ട് മനസ്സിൽ തോന്നിയതാണ് അയാളോടുള്ള പ്രണയം..

എന്നാൽ വിഷ്ണുവേട്ടനും ദീപ്തിയേച്ചിയും പരസ്പരം സ്നേഹിക്കുന്നവരാണെന്നറിഞ്ഞപ്പോൾ തകർന്നുപോയി എന്റെ ഹൃദയം.. പക്ഷേ ഒരിക്കലും ഈ സ്നേഹം വെട്ടി പിടിക്കണം എന്നാഗ്രഹിച്ചതല്ല.. അതിനൊട്ടും ശ്രമിച്ചിട്ടുമില്ല.. അതിനിടയിൽ നടന്നതെല്ലാം ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു.. സുജേച്ചിയോട് ആരും പറഞ്ഞിട്ടുണ്ടായിരുന്നില്ല കുട്ടികളില്ലാത്തതിന്റെ പേരിൽ ഇവിടെ കൊണ്ടുവിടുമെന്ന്... അതെല്ലാം അവരുടെ നാടകം ആയിരുന്നെന്നു ഏട്ടൻ പറയുമ്പോഴാണ് ഞാൻ അറിയുന്നത്..എനിക്ക് വിഷ്ണുവേട്ടനോടുള്ള ഇഷ്ടം അവർ മുതലെടുക്കുകയായിരുന്നെന്ന് അറിയാൻ വൈകിപ്പോയി..." ഏറെ വേദനയോടെയവൾ പറഞ്ഞു നിർത്തി... "എന്റെ ഭാഗത്തും തെറ്റുണ്ട്..സത്യങ്ങൾ തിരിച്ചറിയാൻ ഞാനും ശ്രമിച്ചില്ല.. " വിഷ്ണു അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊടുത്തു.. "സാരമില്ല.. ഇപ്പോൾ എന്റെ കൂടെയുണ്ടല്ലോ അതിൽപരം സന്തോഷം എനിക്കില്ല..." ശ്രുതി വിഷ്ണുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് നെറ്റിയിൽ പതിയെ ചുണ്ടുകൾ പതിപ്പിച്ചു..

ആ ചുംബന ചൂടിൽ അവന്റെ മിഴികൾ താനെ അടഞ്ഞു.. വിഷ്ണു അവളേയും കൂട്ടി മുറിയിലേക്ക് നടന്നു.. തന്നിൽ നിന്നും അകലം പാലിച്ചു കിടക്കുന്നവളെ തന്റെ ഇട നെഞ്ചിലേക്ക് വലിച്ചു ചേർത്തു പൊതിഞ്ഞു പിടിച്ചു.. അവളുടെ ചൊടിയിൽ നാണത്തിൽ കലർന്നൊരു പുഞ്ചിരി മിന്നിമാഞ്ഞു... തന്റെ പ്രാണന്റെ ഹൃദയമിടിപ്പ് കേട്ട് കൊണ്ടവൾ ശാന്തമായ നിദ്രയെ പുൽകി... **** രാവിലെയുള്ള ഇളം തെന്നലിന്റെ കുളിര് മേനിയിലൂടെ തഴുകി കടന്നു പോവുന്നതറിഞ്ഞതും ദീപ്തി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു അവൾക്ക് താൻ എവിടെയാണെന്ന് മനസ്സിലാക്കാൻ... അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടുന്നതിനിടയിൽ അവളുടെ നോട്ടം ബെഡിലെ ശൂന്യമായി കിടക്കുന്ന തന്റെ എതിർ ഭാഗത്തേക്ക് നീണ്ടു...ആ ഭാഗം ഒഴിഞ്ഞു കിടക്കുന്നത് കണ്ടതും അവളുടെ കണ്ണുകളൊന്ന് ചുരുങ്ങി..

കട്ടിലിൽ നിന്നെഴുന്നേറ്റ് കൊണ്ടവൾ പതിയെ തുറന്നു കിടക്കുന്ന ബാൽക്കണിക്കടുത്തേക്ക് ചുവടുകൾ വെച്ചു... ഇരുമ്പ് ചങ്ങലകൾ ഉലയുന്ന ശബ്ദം കേട്ടതും ദീപ്തി കണ്ണുകളെ ആ ദിശയിലേക്ക് പായിച്ചു..ഇളം വെയിലേറ്റ് കണ്ണുകൾ അടച്ചു ആട്ടു കട്ടിലിൽ കിടക്കുന്ന കാശിയെ കണ്ടതും അവളുടെ ഉള്ളൊന്ന് തണുത്തു... അവനെ ശല്യം ചെയ്യാതെ തിരിഞ്ഞു നടന്നു ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷായി വന്നു... മുടിയിലെ വെള്ളം പുറം മേനിയെ നനച്ചു തുടങ്ങിയതും തോർത്തെടുത്തു തലയിൽ കെട്ടിവെച്ചു... അലമാരയിൽ നിന്നും ഒരു നേര്യതും മുണ്ടും എടുത്തുടുത്തു... നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയെടുത്തു നേര്യതിനു പുറത്തേക്കിട്ടു... ടേബിളിൽ ഇരുന്നിരുന്ന സിന്ദൂരച്ചെപ്പെടുത്ത് നെറുകയിൽ തൊട്ടു മുറി തുറന്നു പുറത്തേക്കിറങ്ങി... പൂജാ മുറിയിൽ നിന്നും പ്രാർത്ഥിച്ചിറങ്ങി വരുന്ന മല്ലികാമ്മയെ കണ്ടതും അവർക്കായൊരു കുഞ്ഞു പുഞ്ചിരി നൽകി... "മോളിത്ര നേരത്തെ എഴുന്നേറ്റോ.. കുറച്ചു നേരം കൂടെ കിടക്കമായിരുന്നില്ലേ... " മല്ലികാമ്മ വാത്സല്യത്തോടെ പറഞ്ഞു..

"മണി ആറ് കഴിഞ്ഞില്ലേ ഇനി കിടന്നാലും ഉറക്കം വരില്ല.. " ചെറു ചിരിയോടെ പറഞ്ഞുകൊണ്ടവൾ പൂജാമുറിയിലേക്ക് കയറി പ്രാർത്ഥിച്ചു... തിരികെ വന്നപ്പോൾ മല്ലികാമ്മയെ അവിടെ കണ്ടില്ല..ചുറ്റും ഒന്ന് നോക്കിയ ശേഷമവൾ അടുക്കളയിലേക്ക് നടന്നു.... **** മല്ലികയോടൊപ്പം നിന്ന് ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാൻ സഹായിച്ച ശേഷം ഉമ്മറത്തേക്ക് നടന്നു.. അവിടെ പടിയിലായി കിടന്നിരുന്ന പത്രം എടുത്ത് വെറുതെയൊന്ന് നിവർത്തി നോക്കി.. വലിയ അക്ഷരങ്ങളിൽ കണ്ട ഹെഡ്ലൈൻസിലൂടെ വെറുതെയൊന്ന് കണ്ണുകൾ ഓടിച്ച ശേഷം പത്രം മടക്കി അതുമായി അകത്തേക്ക് നടന്നു... കയ്യിലൊരു ചായകപ്പുമായി തനിക്കെതിരെ വരുന്ന മല്ലികാമ്മയെ കണ്ടവൾ അവിടെ നിന്നു.. അവരടുത്തെത്തിയതും ആ കപ്പ് അവളുടെ നേരെ നീട്ടി.. "കാശിക്കുള്ളതാ.. കൂടെ കയ്യിലുള്ള പത്രവും കൊടുത്തേക്ക്... " തന്നെയും കപ്പിനേയും മാറി മാറി നോക്കുന്ന ദീപ്തിയെ കണ്ടവർ പറഞ്ഞു.. ദീപ്തി ചെറുപുഞ്ചിരിയോടെ അതുമായി മുകളിലെ മുറിയിലേക്ക് നടന്നു... വാതിൽ തുറന്നു അകത്തേക്ക് കയറിയതും ആരുമായോ കൂട്ടിയിടിച്ചു..

എന്നിരുന്നാലും കയ്യിലുള്ള ചായ കപ്പ് താഴെ വീഴാതെ മുറുകെ പിടിച്ചു.. അടച്ചു പിടിച്ചിരിക്കുന്ന കണ്ണുകൾ പതിയെ തുറന്നതും കണ്ടു കൈ മുട്ടിൽ പിടിച്ചു തന്നെ വീഴാതെ പിടിച്ചിരിക്കുന്ന കാശിയെ.. ഉള്ളൊന്ന് തുടിച്ചോ.. ആ കൈകളുടെ തണുത്ത സ്പർഷം തന്റെ ശരീരമാകെ പൊതിയുന്നത് പോലെയവൾക്ക് തോന്നി... അവളെ പിടിച്ചു നേരെ നിർത്തി കയ്യിലുള്ള പത്രവും ചായകപ്പും വാങ്ങി അവളെ തറപ്പിച്ചൊന്ന് നോക്കി കാശി മുറിവിട്ട് പുറത്തേക്ക് പോയി.. എന്തിനെന്നറിയാതെ ദീപ്തിയുടെ ഹൃദയം അപ്പോഴും ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു.. **** താഴെ നിന്നും മല്ലികാമ്മയുടെ വിളി കേട്ടതും ദീപ്തി വേഗം അങ്ങോട്ട് ചെന്നു... താഴെ എത്തിയപ്പോൾ കാശി ഉൾപ്പടെ എല്ലാവരും പ്രാതൽ കഴിക്കാൻ റെഡിയായി ടേബിളിന് മുന്നിൽ ഇരിപ്പുണ്ട്.. ദീപ്തിയും കൈ കഴുകി ഗോപുവിന്റെ അടുത്തുള്ള കസേരയിൽ വന്നിരുന്നു.. അത് കണ്ടതും കാശിയുടെ കണ്ണുകളൊന്ന് കുറുകി.. ചെറിയൊരു സ്വാർത്ഥത അവനിലും ഉടലെടുത്തു.. കല്ലിച്ച മുഖത്തോടെയവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി...

വേഗം കഴിച്ചെഴുന്നേറ്റ് ദേഷ്യത്തിൽ എണീറ്റ് പോയി... ദീപ്തി തലയുയർത്തിയവനെ നോക്കി.. അവന്റെ മുഖത്തെ കോപം കണ്ടതും അവൾ പൊടുന്നനെ തലവെട്ടിച്ചു.. "കഴിച്ചു കഴിഞ്ഞെങ്കിൽ മോള് പോയി റെഡിയായിക്കോ വീട്ടിലേക്ക് പോവേണ്ടതല്ലേ..? " പാത്രത്തിൽ വെറുതെ വിരലിട്ടിളക്കുന്ന ദീപ്തിയെ നോക്കി മല്ലികാമ്മ പറഞ്ഞതും അവൾ പാത്രവുമെടുത്ത് എഴുന്നേറ്റു... ***** മുറിയിൽ കയറിപ്പോൾ കാശിയെ അവിടെയെങ്ങും കണ്ടില്ല... ഉടുത്തിരുന്ന നേര്യത് പുത്തൻ ആയത് കൊണ്ട് അത് മാറിയുടുക്കാതെ മുടി ജടയെല്ലാം കളഞ്ഞു കോതി മെടഞ്ഞു മുന്നിലേക്കിട്ടു.. ഷെൽഫിലെ ബോക്സിൽ നിന്നും ഒരു കുഞ്ഞു ചുവന്ന പൊട്ടെടുത്ത് നെറ്റിയിൽ തൊട്ടു റെഡിയായി... മല്ലികാമ്മ റെഡിയായോ എന്ന് നോക്കാൻ വേണ്ടി ചെല്ലുമ്പോഴാണ് അവരുടെ മുറിയിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി വരുന്ന കാശിയെ കണ്ടത്..

അവനെ കണ്ടതും അവളുടെ കാലുകൾ നിശ്ചലമായി..കറുത്ത ഫുൾ സ്ലീവ് ഷർട്ടും അതിനിണങ്ങുന്ന മുണ്ടും ഉടുത്തു വരുന്ന കാശിയുടെ കണ്ടവളുടെ മിഴികൾ വിടർന്നു.. അവൻ നടന്നവളുടെ അടുത്തെത്തി.. കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നവളെ കണ്ട് ചെറുതായോന്ന് മുരടനക്കി.. ദീപ്തി അവനിൽ നിന്നും കണ്ണുകളെ പിൻവലിച്ചു പിറകിൽ നിൽക്കുന്ന മല്ലികാമ്മയെ നോക്കി.... "ഞാൻ വരുന്നില്ല കുട്ട്യേ.. നിക്ക് ഇന്ന് ഹോസ്‌പിറ്റലിലൊന്ന് പോവണം.. മാസാ മാസമുള്ള ചെക്കപ്പിന്.. ഷുഗറും പ്രശറും എല്ലാമുണ്ട്... നിങ്ങള് പോയിട്ട് വാ.... " അവർ പറഞ്ഞതിനെ എതിർക്കാതെ ദീപ്തി തലയാട്ടി സമ്മതം അറിയിച്ചു കാശ്ശിയോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു... ഇരുവരേയും തനിച്ചു വിട്ട് പരസ്പരം അടുത്തറിയാനുള്ള അവസരം ഒരുക്കുകയായിരുന്നവർ... തന്റെ പഴയ കാശിയെ തിരിച്ചു കിട്ടുമെന്ന വിശ്വാസത്തിൽ......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story