മഞ്ഞുരുകും കാലം : ഭാഗം 27

Manjurukumkalam

രചന: ഷംസീന

കാശിയോടൊപ്പം നിറഞ്ഞ ചിരിയാലെ നടന്നു വരുന്ന ദീപ്തിയെ കണ്ട് വിഷ്ണുവിന്റെ ചൊടിയിൽ അവർക്കായൊരു പുഞ്ചിരി വിടർന്നു... ദിവ്യയും ദീപുവും അവരുടെ അടുത്തേക്ക് ഓടി ദീപ്തിയെ ഇറുകെ പുണർന്നു.. ആ നിമിഷം കാശി നോക്കി കാണുകയായിരുന്നു അവളുടെ മുഖത്തെ സന്തോഷം... ദീപ്തി പിറകിൽ നിൽക്കുന്ന കാശിയെ ഒന്ന് തിരിഞ്ഞു നോക്കി അവരുടെ കൂടെ അച്ഛന്റെ അടുത്തേക്ക് നടന്നു... വീൽ ചെയറിൽ ഇരിക്കുന്ന അച്ഛനടുത്ത് മുട്ടുകുത്തിയിരുന്ന് ആ മടിയിലേക്ക് തല ചായ്ച്ചു.. അയാളുടെ തണുത്തുറഞ്ഞ കൈകൾ അവളുടെ നെറുകെയിൽ ഇടതടവില്ലാതെ ഒഴുകി കൊണ്ടിരുന്നു.. "മോൻ അകത്തേക്ക് വാ... " മുറ്റത്ത് നിൽക്കുന്ന കാശിയെ രാധ അകത്തേക്ക് ക്ഷണിച്ചു.. അപ്പോഴാണ് ദീപ്തിക്കും അവന്റെ ഓർമ വന്നത്.. മടിയോടെ അച്ഛന്റെ മടിയിൽ നിന്നും എഴുന്നേറ്റു.. അവനെന്ത് തോന്നി കാണും എന്ന ആശങ്ക അവളിലുണ്ടായി... എന്നാലവൻറെ മുഖത്തെ ചിരി കണ്ടപ്പോൾ അത് വന്നപോലെ തന്നെ അകലുകയും ചെയ്തു... കാശി മാഷിന്റെ അടുത്തേക്ക് വന്നു...

അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങി... "മാഷിന് എന്നെ മനസ്സിലായോ...? " അവന്റെ ചോദ്യം കേട്ട് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി... കരുണാകരൻ മാഷ് തന്റെ ഓർമയിൽ എവിടെയെങ്കിലും ഇതിന് മുൻപ് ഈ മുഖം കണ്ടിട്ടുണ്ടോ എന്ന് തിരഞ്ഞു..എന്നാൽ ഇതുപോലൊരു മുഖം കണ്ടതായി പോലും ഓർമയില്ലായിരുന്നു... "ഞാൻ മാഷിന്റെ വിദ്യാർത്ഥിയായിരുന്നു രണ്ട് വർഷം..അത് കഴിഞ്ഞു സ്കൂൾ മാറിപ്പോയി... മാഷിനോർമ്മയുണ്ടോ എപ്പോഴും അടുത്ത ക്ലാസ്സിലെ കുട്ടികളുമായി അടിപിടി കൂടി അച്ഛനെ വിളിച്ചു കൊണ്ടുവരുന്ന നാഥനെ.." കാശി പറഞ്ഞതുകേട്ട് ഓർമയിലെവിടെയോ ഒരു കൊച്ചു പയ്യന്റെ മുഖം തെളിഞ്ഞു വന്നു... തല്ല് കൂടി അച്ഛനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞാൽ പിറ്റേന്ന് തന്നെ അച്ഛനെ കൂട്ടി വരും എന്നിട്ട് എല്ലാവരുടേയും മുന്നിൽ വെച്ച് യാതൊരു മടിയും കൂടാതെ താൻ ചെയ്ത തെറ്റ് തുറന്നു പറയുകയും അച്ഛന്റെ കയ്യിൽ നിന്ന് മറ്റു അദ്ധ്യാപകരുടെ മുന്നിൽ വെച്ച് തല്ല് വാങ്ങിക്കുകയും ചെയ്തിരുന്നു

ധിക്കാരിയായ ചെക്കൻ.. എന്നാൽ താൻ എപ്പോഴും അവന്റെ കൂടെയായിരുന്നു.. എത്ര താന്തോന്നിത്തരം കാണിക്കുമെന്ന് പറഞ്ഞാലും തന്റെ ക്ലാസ്സിൽ അവൻ അനുസരണയുള്ളൊരു നല്ല വിദ്യാർത്ഥിയായിരുന്നു..അദ്ദേഹത്തിന്റെ കണ്ണുകൾ ആനന്താശ്രുക്കളാൽ നിറഞ്ഞു.. "നിക്ക് ആദ്യം കണ്ടപ്പോൾ മനസ്സിലായില്ലല്ലോ കുട്ട്യേ... " അദ്ദേഹം കാശിയുടെ കൈകൾ കവർന്നു.. "അതെനിക്ക് മനസ്സിലായി.. വർഷം ഇത്രയും ആയില്ലേ.. എപ്പോഴെങ്കിലും ഓർമ വന്നാലോ എന്ന് കരുതിയാണ് ഇത്രയും ദിവസം പറയാതിരുന്നത്... താന്തോന്നിയായി നടന്നിരുന്ന എനിക്ക് നന്മ മാത്രം പറഞ്ഞുതന്ന എല്ലാവരും ചുറ്റും നിന്ന് കുറ്റപ്പെടുത്തുമ്പോഴും എന്നെ ചേർത്ത് നിർത്തിയ പ്രിയ അധ്യാപകനെ എനിക്ക് മറക്കാൻ കഴിയില്ലല്ലോ...അപകടം വിവരം അറിഞ്ഞപ്പോൾ കാണാൻ വരണം എന്നുണ്ടായിരുന്നു എന്നാൽ കഴിഞ്ഞില്ല

ഞാൻ എന്നെ തന്നെ തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..." ഇടറുന്ന വാക്കുകളാൽ അവൻ പറഞ്ഞു നിർത്തി... തങ്ങളുടെ മുന്നിൽ നിസ്സഹായതയോടെ നിൽക്കുന്ന കാശിയെ കണ്ട് അവരുടെ മനസ്സും നീറി.. ദീപ്തി കാശിയുടെ അടുത്തേക്ക് വന്നു അവന്റെ കൈകളിൽ പിടി മുറുക്കി.. തളരരുത് താൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞു... "ഇനിയും സംസാരിച്ചു നിന്നാൽ ചിലപ്പോൾ മഠത്തിൽ എത്താൻ വൈകും.. നമുക്കിറങ്ങിയാലോ മാമേ.. " വിഷ്ണു മൂടികെട്ടിയ സന്ദർഭത്തിന് അയവ് വരുത്തി.. "ഇറങ്ങാം വിഷ്ണു... " തന്റെ മുഖത്തെ കണ്ണടയൂരി കണ്ണുകളൊന്ന് തുടച്ചുകൊണ്ട് മാഷ് പറഞ്ഞപ്പോൾ കാശി അദ്ദേഹത്തിന്റെ വീൽ ചെയർ പതിയെ മുന്നോട്ട് തള്ളി... വിഷ്ണുവും ദീപ്തിയും തിണ്ണയിൽ നിരത്തി വെച്ചിരുന്ന ബാഗുകൾ എടുത്ത് പിറകെ നടന്നു... "ശ്രുതി വന്നില്ലേ വിഷ്ണുവേട്ടാ ആളെ ഇവിടെ ഒന്നും കണ്ടില്ല.... " ബാഗുകൾ ഓരോന്നായി കാറിന്റെ ഡിക്കിയിലേക്ക് എടുത്തു വെക്കുന്നതിനിടയിൽ ദീപ്തി ചോദിച്ചു.. "ഇല്ല.. ആൾക്ക് രാവിലെ മുതലൊരു പനിക്കോളുണ്ട്..

ഞാൻ തന്നെയാ പറഞ്ഞത് വരേണ്ടെന്ന്.. അതിന് മുഖവും വീർപ്പിച്ചു അവിടെ ഇരിപ്പുണ്ട്..." ഇന്ന് ഈ ലോകത്ത് തന്റെ ദുഖങ്ങളും സന്തോഷങ്ങളും അറിയാവുന്ന ഏക വ്യക്തി തന്റെ പാതി...ശ്രുതിയുടെ ഓർമയിൽ അവന്റെ ചൊടികൾ പുഞ്ചിരി തൂകി... ശ്രുതിയെ പറ്റി പറയുമ്പോൾ അവന്റെ മുഖത്തെ തിളക്കം ദീപ്തിയും ശ്രദ്ധിച്ചിരുന്നു... "എന്നാൽ ഞങ്ങൾ പോയി വരാം.." കാറിന്റെ ഡിക്കിയടച്ചു വിഷ്ണു എല്ലാവരോടും യാത്ര പറഞ്ഞു... ദീപ്തി തന്റെ അമ്മയേയും കൂടപ്പിറപ്പുകളെയും ചേർത്ത് പിടിച്ചു.. തന്റെ അച്ഛൻ പൂർണ ആരോഗ്യം വീണ്ടെടുത്ത് തിരികെ വരേണമേ എന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു... നിറഞ്ഞു വന്ന കണ്ണുകളെ പെയ്യാൻ അനുവദിക്കാതെ അച്ഛനെ സന്തോഷപൂർവം യാത്രയാക്കി... കാശിയും വിഷ്ണുവുമാണ് മാഷിനേയും കൊണ്ട് മഠത്തിലേക്ക് പോയത്.. അവിടെ കൂടെ നിൽക്കാൻ ആരുടെയും ആവശ്യമില്ല.. ആറ് മാസം അവിടെയുള്ള വൈദ്യരുടെ മേൽനോട്ടത്തിലാവും പരിചരണവും മറ്റു കാര്യങ്ങളും... യാത്രയിലുട നീളം മാഷ് കാശിയുടെ കുസൃതികളെ പറ്റി വാ തോരാതെ സംസാരിച്ചു..

കാശിയും അന്നേരം കൊച്ചു പയ്യനാവുകയായിരുന്നു...കളിയും ചിരിയുമായി ദീർഘ യാത്രക്കൊടുവിൽ വലിയൊരു ഗേറ്റ് കടന്ന് കാർ അകത്തേക്ക് പ്രവേശിച്ചു... മഠത്തിന് മുന്നിൽ കാർ നിർത്തിയതും കാശി അതിൽ നിന്നും പുറത്തേക്കിറങ്ങി.. അവന് ചുറ്റും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം പരന്നു... ചുറ്റും മരങ്ങളാലും പേരറിയാത്ത കുറെയേറെ ഔഷധ സസ്യങ്ങളാലും നിറഞ്ഞ വിശാലമായ മുറ്റവും പരിസരവും... ആളുകൾക്ക് വിശ്രമിക്കാനെന്നോണം ഓരോ മരത്തിനു കീഴേയും സിമെന്റിൽ തീർത്ത ഇരിപ്പിടങ്ങൾ... വിവിധ തരം കിളികളുടെ ശബ്‍ദങ്ങൾ അവിടെയാകെ മുഴങ്ങി കേൾപ്പുണ്ട്..എല്ലാം വേഗത്തിലൊന്ന് കണ്ണോടിച്ചു നോക്കിയ ശേഷം കാശി കാറിന്റെ ഡിക്കിയിൽ നിന്നും മാഷിന്റെ വീൽ ചെയർ പുറത്തേക്കെടുത്തു... മാഷിനെ എടുക്കാനായി തുനിഞ്ഞ വിഷ്ണുവിനെ തടഞ്ഞു അവൻ തന്നെ അദ്ദേഹത്തെ വീൽ ചെയറിലേക്കിരുത്തി...

അപ്പോഴേക്കും അകത്തു നിന്നും മഠത്തിലെ ഒന്ന് രണ്ട് സ്റ്റാഫുകൾ പുറത്തേക്ക് വന്നു... പിന്നീടവർ മാഷിനേയും കൊണ്ട് അകത്തേക്ക് നടന്നു.. പിന്നിലായി കാശിയും വിഷ്ണുവും.. അവർ നേരെ പോയത് വൈദ്യരുടെ അടുത്തേക്കാണ്.. അദ്ദേഹം അവർക്ക് അവിടുത്തെ ചിട്ടകളെ പറ്റിയും ചികിത്സാ രീതികളെ പറ്റിയും പറഞ്ഞു കൊടുത്തു..ഇടയ്ക്കിടെയുള്ള സന്ദർശനം അനുവദിക്കില്ല..മാസത്തിൽ ഒരിക്കൽ ഒരു ഫോൺ കാൾ.. ഇടയിൽ അത്യാവശ്യം ഉണ്ടെങ്കിൽ വിവരം അറിയിക്കും... ഇത്രയും പറഞ്ഞ ശേഷം അവിടുത്തെ സ്റ്റാഫുകളോട് മാഷിനായി ഒരുക്കിയ മുറിയിലേക്ക് അവരെ കൊണ്ടുപോകാനായി പറഞ്ഞു... മുറിയും ചുറ്റുപാടുകളുമെല്ലാം കണ്ട് തൃപ്തിയായ വിഷ്ണുവും കാശിയും മാഷിനോട് യാത്ര പറഞ്ഞു മഠത്തിൽ നിന്നും ഇറങ്ങി.. തിരികെ പോവുന്നതിനു മുൻപ് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് എഴുതി മാഷിനൊരു കുറവും ഇവിടെ വരരുതെന്ന് പറഞ്ഞു കാശി വൈദ്യരെ ഏൽപ്പിച്ചു... ****

തിരികെയുള്ള യാത്ര വിരസതയാണെന്ന് മനസ്സിലാക്കിയ കാശി ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിഷ്ണുവിനെ കുറിച്ച് ചോദിച്ചു... വിഷ്ണു ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് വാചാലനായി....തന്റെ കടയെ പറ്റിയും ശ്രുതിയെ പറ്റിയുമെല്ലാം കാശിയോട് പറഞ്ഞു കൊണ്ടിരുന്നു...മാഷിന് സംഭവിച്ച അപകടത്തെ പറ്റിയും പിന്നീട് ദീപ്തി അനുഭവിച്ച യാതനകളെ കുറിച്ചും വിഷ്ണുവിൽ നിന്നും അറിഞ്ഞ കാശിയുടെ മിഴികോണിൽ അവൾക്കായൊരു തുള്ളി മിഴിനീർ ഉരുണ്ടു കൂടി...താനും ദീപ്തിയും പരസ്പരം സ്നേഹിച്ചവരായിരുന്നെന്ന് കാശി അറിയാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു... ഇടയിൽ ഇരുവരും ഓരോ നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു... കവലയിൽ എത്തിയതും വിഷ്ണു കാശിയോട് കാർ നിർത്താൻ ആവശ്യപ്പെട്ടു... "ഞാനിവിടെ ഇറങ്ങുവാ.. കടയിലൊന്ന് പോണം.. ഇന്ന് സ്റ്റോക്ക് വരുന്ന ദിവസമാണ്.. "

തന്നെ നോക്കുന്ന കാശിയോട് യാത്ര പറഞ്ഞു വിഷ്ണു കട ലക്ഷ്യം വെച്ച് നടന്നു നീങ്ങി... വിഷ്ണു നടന്നകലുന്നത് കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്ന കാശി ദീർഘമായൊന്ന് നിശ്വസിച്ചു കൊണ്ട് കാർ ദീപ്തിയുടെ വീട്ടിലേക്ക് തിരിച്ചു... കാറിന്റെ ഹോണടി കേട്ട ദീപ്തി അടുക്കളയിൽ നിന്നും കോലായിലേക്ക് ഓടിവന്നു... ഉച്ചക്ക് ചോറുണ്ണാൻ കാശി ഉണ്ടാകും എന്നതിനാൽ അവന് വേണ്ടുന്ന ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവൾ കൂടെ അമ്മയും ഉണ്ട്... ചെറിയ കിതപ്പോടെ കോലായിൽ തന്നെ നോക്കി നിൽക്കുന്ന ദീപ്തിയെ കണ്ട കാശിയുടെ ചുണ്ടുകൾ വിടർന്നു... വിദ്ധക്തമായി ആ പുഞ്ചിരി അവളിൽ നിന്നും മറച്ചു പിടിച്ചുകൊണ്ടു അവൻ കാറിനുള്ളിൽ നിന്നും ഇറങ്ങി... "താനെന്താടോ എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത്... " കോലായിലേക്ക് കയറിയ കാശി ദീപ്തിയുടെ കവിളിലൊന്ന് തട്ടി... "മ്മ്ച്ചും.. " അവൾ ഒന്നുമില്ലെന്ന് ചുമ്മൽ കൂച്ചി.. "താൻ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം എടുത്തേ.. വല്ലാത്ത ദാഹം.. " കാശി ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടൺ അഴിച്ചു തിണ്ണയിലേക്കിരുന്നു...

ദീപ്തി അടുക്കളയിലേക്ക് ചെന്നു തണുത്ത സംഭാരം എടുത്ത് കൊണ്ടു വന്നു കൊടുത്തു...കാശി അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു... "ഹോ.. ഇപ്പോഴാ ഒന്ന് ആശ്വാസമായത്... പുറത്തൊക്കെ എന്തൊരു ചൂടാ... " അവൻ തന്റെ തുറന്നു കിടക്കുന്ന ഷർട്ടിനിടയിലൂടെ നെഞ്ചിലേക്ക് ഊതികൊണ്ടിരുന്നു.. "അച്ഛൻ... " പതിഞ്ഞ സ്വരത്തിലുള്ള ദീപ്തിയുടെ ചോദ്യം കേട്ടതും കാശി തലയുയർത്തി.. "അച്ഛന് കുഴപ്പമൊന്നുമില്ല..വൈദ്യരോട് എല്ലാ കാര്യങ്ങളും പറഞ്ഞേൽപ്പിച്ചിട്ടുണ്ട്... മാസത്തിലൊരു തവണ അവിടെ നിന്നും കാൾ വരും മാഷിന്റെ... വേറെ സന്ദർശനമൊന്നും അനുവദിക്കില്ല..." കാശി പറയുന്നത് കേട്ട് കട്ടിളപ്പടിയിൽ ചാരി നിന്ന രാധയിൽ നിന്നും ഒരു നെടുവീർപ്പുയർന്നു... "അമ്മ വിഷമിക്കാതെ,, മാഷ് പഴയതിലും ഉഷാറായി തിരിച്ചു വരും... " കാശി ഇത്രയും സൗമ്യമായി സംസാരിക്കുന്നത് ദീപ്തി കണ്ണിമ വെട്ടാതെ നോക്കിനിന്നു..

ഇന്നലെ വീട്ടിൽ കണ്ട ആളേ അല്ല.. എന്തൊക്കെയോ പുതിയ ചില മാറ്റങ്ങൾ... "മ്മ്... വിഷ്ണു എന്തിയേ..? " രാധയുടെ ചോദ്യം കേട്ട ദീപ്തി ചിന്തകളിൽ നിന്നും പുറത്തേക്ക് വന്നു അമ്മയെ നോക്കി... "വിഷ്ണു കവലയിൽ ഇറങ്ങി.." കാശി മറുപടി കൊടുക്കുന്നതോടൊപ്പം ദീപ്തിയെ പാളി നോക്കി.. എന്നാലവൾ മറ്റെവിടെയോ ശ്രദ്ധ പതിപ്പിച്ചു നിൽക്കുകയായിരുന്നു... "എങ്കിൽ മോൻ വാ ഊണിനു സമയമായില്ലേ... " രാധ കാശിയെ ഊണ് കഴിക്കാനായി ക്ഷണിച്ചു അടുക്കളയിലേക്ക് നടന്നു... ദീപ്തിയോടൊപ്പം അകത്തേക്ക് കയറിയ കാശി തീൻ മേശയിൽ ആദ്യം സ്ഥാനം പിടിച്ചിരിക്കുന്ന ദിവ്യയേയും ദീപുവിനേയും കുറുമ്പോടെ നോക്കി... ദീപുവിന്റെ അടുത്ത് ഇരിക്കാനായി തുനിഞ്ഞ കാശിയെ പിടിച്ചു വലിച്ചു ദിവ്യ തന്റെ അടുത്തിരുത്തി...ദീപുവിന്റെ ചുണ്ടുകൾ പരിഭവത്താൽ കൂർത്തു... ദീപ്തിയും അമ്മയും കൂടി മൂവർക്കും ഊണ് വിളമ്പി.. കാശിയുടെ നിർബന്ധം കാരണം അമ്മയും ദീപ്തിയും അവരോടൊപ്പം ഇരുന്നു... കാശി ദീപുവിനോടും ദിവ്യയോടും വാ തോരാതെ സംസാരിക്കുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു...

ഗോപുവിനോട് പോലും ഇത്രയധികം സംസാരിക്കുന്നതവൾ കണ്ടിട്ടില്ലായിരുന്നു... കാശി ദീപ്തിക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നതും അവളെ നിർബന്ധിച്ചു കഴിപ്പിക്കുന്നതും കണ്ട രാധയുടെ മിഴികൾ ഈറനണിഞ്ഞു... തന്റെ മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല പാതിയെയാണ് ദൈവം അവൾക്കായി കൊടുത്തത്... കാശിയുടെ കൂടെ തന്റെ മകൾ സന്തോഷവതിയായിരിക്കുമെന്ന് അവർക്ക് മനസ്സിലായി....മല്ലികാമ്മ പറഞ്ഞത് പോലെ കാശിയെ ഇടക്ക് പിടികൂടുന്നൊരു പെരുമ്പാമ്പ് മാത്രമാണ് അവന്റെ രോഗമെന്ന് അവർക്ക് ബോധ്യപ്പെട്ടു... തന്റെ അമ്മയുടേയും കൂടപ്പിറപ്പുകളുടെയും മുഖത്തെ സന്തോഷം കണ്ട ദീപ്തിയുടെ മനസ്സും തെളിഞ്ഞു... അവൾ ഇടയ്ക്കിടെ കാശിയെ പാളി നോക്കി... അവൻ തന്റെ ഇടം കണ്ണാലെ അത് കാണുന്നുണ്ടെങ്കിലും കാണാത്തത് പോലെ ഇരുന്നു... സന്തോഷത്തോടെ ഊണ് കഴിച്ചു കഴിഞ്ഞു എല്ലാവരും കൂടിയിരുന്നു കുറച്ചു നേരം ഇരുന്നു വിശേഷമെല്ലാം പറഞ്ഞ ശേഷം കാശിയും ദീപ്തിയും അമ്മയോടും സഹോദരങ്ങളോടും യാത്ര പറഞ്ഞ ശേഷം മാണിക്യമംഗലത്തേക്ക് യാത്ര തിരിച്ചു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story