മഞ്ഞുരുകും കാലം : ഭാഗം 28

Manjurukumkalam

രചന: ഷംസീന

"എന്തേ പെണ്ണ് കാണാൻ വന്നപ്പോൾ അച്ഛന്റെ വിദ്യാർത്ഥി ആയിരുന്നെന്ന് പറയാതിരുന്നത്... " പുറത്തേക്ക് നോക്കിയിരുന്ന ദീപ്തി കാർ ഓടിക്കുന്ന കാശിയെ തലചെരിച്ചൊന്ന് നോക്കി... കാശിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. "ആണെന്ന് പറഞ്ഞാൽ ഈ താന്തോന്നിക്ക്‌ മാഷ് പെണ്ണിനെ തന്നില്ലെങ്കിലോ... " കുറുമ്പോടെ പറഞ്ഞതും ദീപ്തിയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു... പിന്നീടവളൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു... കാർ വലിയൊരു ഓഫീസിനു മുന്നിൽ നിന്നതും ദീപ്തി പുറത്തേക്ക് നോക്കി... "താനിവിടിരിക്ക്,, ഞാൻ ഇപ്പൊ വരാം... " കാശി കാർ തുറന്നു പുറത്തേക്കിറങ്ങി ഓഫീസിലേക്ക് പോയി.. "M.M groups.. " ദീപ്തി അവിടെയുള്ള ബോർഡിലെ പേര് വായിച്ചു... അകത്തേക്ക് കയറിയ കാശിയെ പുറത്തേക്ക് കാണാതിരുന്നതിനാൽ ദീപ്തി കാത്തിരുന്നു മുഷിഞ്ഞിരുന്നു... അവൾ പതിയെ സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചു... "എടോ.. എന്തൊരു ഉറക്കമാ ഇത്... " കാശി അവളെ തട്ടിവിളിച്ചതും ദീപ്തി പിടഞ്ഞെണീറ്റു.. "നല്ല ആളാ.. ഇതിനകത്തു കിടന്ന് ഉറങ്ങിയല്ലേ... "

കാശി മുഖത്തേക്ക് പാറി വീണ അവളുടെ മുടിയിഴകളെ മാടിയൊതുക്കി ചെവിയിടുക്കിലേക്ക് വെച്ചു... "കാണാഞ്ഞപ്പോൾ അറിയാതെ കിടന്നു മയങ്ങിപ്പോയി.. " അവൾ ചമ്മലോടെ നേരെയിരുന്നു... കാശി അവളെയൊന്ന് നോക്കി കാർ വീട്ടിലേക്ക് തിരിച്ചു... മുറ്റത്തെ ചെടികൾക്ക്‌ വെള്ളം നനക്കുകയായിരുന്ന മല്ലിക കാശിയുടെ കാർ വരുന്നത് കണ്ടതും ഹോസ് ചെടിയിലേക്ക് ഇട്ടു കൊടുത്തു ഉമ്മറത്തേക്ക് ചെന്നു... ദീപ്തി കാറിൽ നിന്നും ഇറങ്ങി പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് ചെന്നു... "ഇതെന്തേ ഇത്ര പെട്ടന്നിങ്ങു പോന്നത്.. ഞാൻ കരുതി രാത്രിയെ വരുമായിരിക്കുള്ളൂ എന്ന്.. " അവർ ദീപ്തിയെ നോക്കി ചോദിച്ചു... "എനിക്ക് ഓഫീസിൽ ഒന്ന് കയറേണ്ട ആവശ്യം ഉണ്ടായിരുന്നു അതാ പെട്ടന്നിങ്ങു പോന്നത്... " അത്രയും പറഞ്ഞു കൊണ്ടവൻ കാറ്റുപോലെ അകത്തേക്ക് കയറിപ്പോയി... "മാഷിനെ മഠത്തിൽ ആക്കിയോ...? "

മല്ലികാമ്മ ദീപ്തിയേയും കൂട്ടി അകത്തേക്ക് കയറുന്നതിനൊപ്പം ഓരോ വിശേഷങ്ങളായി ചോദിച്ചു കൊണ്ടിരുന്നു... "കാശിയേട്ടനും വിഷ്ണുവേട്ടനും കൂടി അച്ഛനെ മഠത്തിലാക്കി..ഇനി എന്റെ അച്ഛൻ പഴയത് പോലെ എണീറ്റ് നടന്നാൽ മതി എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ..." "എല്ലാം ശെരിയാവും കുട്ടീ.. ഈശ്വരൻ എല്ലാം കാണുന്നുണ്ട് അവനെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ലല്ലോ... " അവരിൽ നിന്നൊരു നെടുവീർപ്പുയർന്നു... "മോള് ചെന്നു വേഷമൊക്കെ മാറിവാ.. ചെറിയമ്മ ചായ എടുക്കാം... " അവർ ദീപ്തിയെ മുകളിലേക്ക് പറഞ്ഞു വിട്ട് ചായ എടുക്കാനായി പോയി ... ***** ദീപ്തി മുറിയിൽ എത്തിയപ്പോൾ കാശി വസ്ത്രം പോലും മാറാതെ അങ്ങനെ ബെഡിൽ കിടക്കുന്നതാണ് കണ്ടത്.. അവന്റെ അടഞ്ഞു പോകുന്ന കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു അവന്റെ ക്ഷീണം... ദീപ്തി പതിയെ അവനടുത്തായി വന്നിരുന്നു... ആദ്യമൊന്ന് മടി തോന്നിയെങ്കിലും പിന്നെ തനിക്ക് ചെയ്തു തീർക്കേണ്ട കർത്തവ്യത്തെ കുറിച്ചോർത്തപ്പോൾ അവളുടെ കൈകൾ അറിയാതെ അവന്റെ തൂനെറ്റിയിലേക്ക് ചലിച്ചു..

അവിടെ നിന്നും അവന്റെ നീളൻ മുടിയിഴകളിലേക്കും... തണുത്ത മൃദുലമായ കൈവിരലുകൾ തന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതറിഞ്ഞ കാശി മിഴികൾ തുറന്നു... പരിഭ്രമത്തോടെ തന്റെ അടുത്തിരിക്കുന്നവളെ കണ്ടതും അവൻ ക്ഷീണമെല്ലാം മാറ്റി വെച്ചു നേരെയിരുന്നു... "താനെന്താടോ ക്ളീഷേ ഭാര്യമാരെപ്പോലെ ഇങ്ങനെ പരിഭ്രമിച്ചിരിക്കുന്നെ.. ഞാൻ കേട്ടറിഞ്ഞ ദീപ്തിയേ അല്ലല്ലോ താനിപ്പോൾ... " അവൻ തലയ്ക്കു പിന്നിലേക്ക് കൈവെച്ചു കട്ടിലിന്റെ ക്രാസിയിലേക്ക് ചാഞ്ഞു... "അത് പിന്നെ ഒന്നുമില്ല... കിടക്കുന്നത് കണ്ടപ്പോൾ വയ്യാ എന്ന് തോന്നി അതുകൊണ്ട്... " അവൾ പാതിയിൽ നിർത്തി അവനെ നോക്കി... അവളുടെ പിടക്കുന്ന കരിമിഴി കണ്ണുകളിലേക്ക് അവന്റെ നോട്ടം പാഞ്ഞു.. അതിൽ അവൻ തന്നോടുള്ള പ്രണയം അലയടിക്കുന്നുണ്ടോ എന്ന് തിരഞ്ഞു കൊണ്ടിരുന്നു... "അതുകൊണ്ട്... " കുസൃതിയോടെ അവളെ നോക്കി ചോദിച്ചു... അവളൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടതും അവൻ പതിയെ അവളുടെ മടിയിലേക്ക് ചാഞ്ഞു... "എന്തായാലും പാതിയിൽ നിർത്തിയതല്ലേ ഇനി മുഴുവനാക്കിക്കോ... "

അടക്കി പിടിച്ച ചിരിയോടെ പറയുന്നതിനോടൊപ്പം കാശി അവളുടെ കൈ തന്റെ മുടിയിലേക്ക് വെച്ചു... "ചെയ്യടോ.. നല്ല സുഖം തോന്നുന്നുണ്ടായിരുന്നു തന്റെ വിരലുകൾ മുടിയിലൂടെ തഴുകി നടക്കുമ്പോൾ... " ആർദ്രമായവൻ അവളെ നോക്കി... പതിയെ അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ മായാജാലം തീർത്തു കൊണ്ടിരുന്നു.... ആ മാന്ത്രികതയിൽ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി... അവൻ നന്നായി ഉറക്കം പിടിച്ചെന്ന് മനസ്സിലായതും തല മടിയിൽ നിന്നും എടുത്ത് മാറ്റി പകരം തലയിണ വെച്ചു കൊടുത്തു എഴുന്നേറ്റു... അവനൊന്ന് ഞെരങ്ങി തിരിഞ്ഞു കിടന്നു... അവനെ ഉണർത്തേണ്ടെന്ന് കരുതി ദീപ്തി ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് അപ്പുറത്തെ മുറിയിൽ ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷായി വന്നു... കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയിലെ വെള്ളം തുവർത്തി എടുക്കുമ്പോഴാണ് പിറകിൽ നിന്നാരോ അവളെ പൊതിഞ്ഞു പിടിച്ചത്... വെപ്രാളത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കൊച്ചു കുട്ടികളെ പോലെ തന്റെ തോളിൽ തലചായ്ച്ചുറങ്ങുന്ന കാശിയെ... അവൾ പതിയെ അവന്റെ കവിളിലൊന്ന് തഴുകി... "എന്തിയേ എഴുന്നേറ്റ് പോയത്... " പതിഞ്ഞ സ്വരത്തിലവൻ ചോദിച്ചു തോളിൽ നിന്നും തലയുയർത്തി...

"സന്ധ്യയായില്ലേ... വിളക്ക് വെക്കേണ്ടതല്ലേ... " അവളും ആർദ്രമായി മറുപടി കൊടുത്തു... "അതൊക്കെ ചെറിയമ്മ ചെയ്‌തോളും... താൻ വന്നു കുറച്ചു നേരം കൂടെ അടുത്തിരിക്ക്... " ആ സമയവൻ ശെരിക്കുമൊരു കൊച്ചു കുഞ്ഞിനെ പോലെയായിരുന്നു... "അത് പറ്റില്ല... ഇന്ന് മുതൽ ഞാൻ വിളക്ക് വെക്കണം എന്നാണ് ചെറിയമ്മ പറഞ്ഞിട്ടുള്ളത്... " ദീപ്തി കാശിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു... "നിനക്ക് ഞാൻ ആണോ ചെറിയമ്മയാണോ വലുത്... " അവന്റെ ഒച്ച ഉയർന്നു.... "അത് കാശ്യേട്ടൻ... " അവന്റെ ഭാവമാറ്റം കണ്ടു ഭയന്ന ദീപ്തി പെട്ടന്ന് പറഞ്ഞു... "എന്നാൽ വാ വന്നെന്റെ അടുത്തിരിക്ക്... " അവളുടെ കൈകളിൽ ബലമായി പിടിച്ചുകൊണ്ടു ബെഡിലേക്കിരുത്തി... ശേഷം അവളുടെ മടിയിലേക്ക് തലവെച്ചു വയറിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൻ കിടന്നു...ദീപ്തിയുടെ ഉള്ളിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയി.. ഇനിയും അവനെ ദേഷ്യം പിടിപ്പിക്കേണ്ടെന്ന് കരുതിയവൾ അവന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു... ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങളിൽ നിന്നും അവൻ ഉറക്കം പിടിച്ചെന്ന് മനസ്സിലായി..

അവനിൽ നിന്നും തന്റെ നാഭിയിലേക്ക് പതിക്കുന്ന ചുടു നിശ്വാസം അവളിലെ ഹൃദയമിടിപ്പിനെ കൂട്ടിക്കൊണ്ടിരുന്നു... നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു...കുറേ നേരമായിട്ടും ദീപ്തിയെ താഴേക്ക് കാണാതിരുന്ന് അന്യോഷിച്ചു ചെന്ന മല്ലികാമ്മ കാണുന്നത് കട്ടിലിന്റെ ക്രാസിയിൽ തലചായ്ച്ചു കണ്ണുകൾ അടച്ചു കിടക്കുന്ന ദീപ്തിയെയാണ്...മടിയിൽ കിടക്കുന്ന കാശിയുടെ മുടിയിലൂടെ ഇഴയുന്ന അവളുടെ വിരലുകളുടെ ചലനത്തിൽ നിന്നും അവൾ ഉറക്കം പിടിച്ചിട്ടില്ലെന്നു മനസ്സിലായ മല്ലിക ഡോറിലൊന്ന് തട്ടി... ദീപ്തി കണ്ണുകൾ തുറന്നു ഡോറിനടുത്തേക്ക് നോക്കി.. അവൾ അനങ്ങിയതും കാശി ചിണുങ്ങി കൊണ്ട് അവളിലേക്ക് കൂടുതൽ അമർന്നു കിടന്നു... "മോളെ താഴേക്ക് കാണാഞ്ഞപ്പോൾ വന്നു നോക്കിയതാ.... " അവർ അകത്തേക്ക് കയറാതെ വാതിലിനോരം നിന്ന് കൊണ്ട് തന്നെ പറഞ്ഞു... "ചെറിയമ്മ അകത്തേക്ക് വാ... " അവിടെ തന്നെ നിൽക്കുന്ന അവരെ അവൾ അകത്തേക്ക് ക്ഷണിച്ചു... "വേണ്ടാ.. ഉറക്കം മുറിഞ്ഞാൽ ചെക്കന് കലി കയറും.. അവൻ ഉണരുമ്പോൾ താഴേക്ക് വാ..

വന്നിട്ടിതുവരെ ഒന്നും കഴിച്ചില്ലല്ലോ... " അവർ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു... മല്ലിക വാതിൽ ചാരി താഴേക്ക് പോയി... "ഓ അപ്പോൾ അതായിരുന്നല്ലേ കാര്യം... " കുറുമ്പോടെ ചോദിച്ചുകൊണ്ട് പതിയെ അവന്റെ മൂക്കിൻ തുമ്പിലൊന്ന് പിടിച്ചു വലിച്ചു അവൾ അടക്കി ചിരിച്ചു...ഉറങ്ങുമ്പോഴുള്ള അവന്റെ നിഷ്കളങ്കമായ മുഖത്തിലൂടെ അവളുടെ വിരലുകൾ ആർദ്രമായി ഒഴുകി നടന്നു... ****** "ഇതെന്തിനാ പെണ്ണേ നീ മുഖം വീർപ്പിച്ചു നടക്കുന്നേ... " തനിക്ക് ചോറ് വിളമ്പി തരുന്ന ശ്രുതിയോട് വിഷ്ണു കാര്യം അറിയാതെ ചോദിച്ചു... "ഒന്നുമില്ല... അല്ലെങ്കിലും എന്റെ കാര്യമൊക്കെ അന്യോഷിക്കാൻ ആർക്കാണ് ഇവിടെ സമയം... " അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു... തന്റെ ദേഷ്യം മുഴുവൻ അവിടെ സിങ്കിൽ കിടന്നിരുന്ന പാത്രങ്ങളോട് തീർത്തു.... "നീയാ പാവം പാത്രങ്ങളെ നോവിക്കേണ്ടാ...

അത്രക്ക് ദേഷ്യമുണ്ടെൽ എന്നോട് തീർത്തോടി... " കുസൃതിയോടെ പറഞ്ഞുകൊണ്ടവൻ അവളെ പിന്നിലൂടെ പുണർന്നു... എന്നിട്ടും അവൾ തന്നെ മൈന്റ് ചെയ്യുന്നില്ലെന്ന് കണ്ടതും അവളുടെ കാതിലെ സെക്കന്റ് സ്റ്റഡ് ചേർത്ത് കുഞ്ഞു കടി വെച്ചു കൊടുത്തു.. "ഔച്ച്.. " അവൾ അവനിൽ നിന്നും പിടഞ്ഞു മാറി... കുറുമ്പോടെ തന്നെ നോക്കി ചിരിക്കുന്ന വിഷ്ണുവിന്റെ നേരെ കണ്ണുരുട്ടി കാണിച്ചു കൊണ്ടവൾ ചാടിതുള്ളി അവിടെ നിന്നും പോയി...പിറകെ തന്നെ വിഷ്ണുവും... ബെഡിൽ ചെരിഞ്ഞു കിടക്കുന്നവളെയൊന്ന് നോക്കി വാതിൽ ലോക്ക് ചെയ്തു അവളുടെ അടുത്തായി വന്നു കിടന്നു... പതിയെ തലചെരിച്ചൊന്ന് നോക്കിയപ്പോഴും അവൾ അതേ കിടപ്പ് തന്നെയാണ്.. വിഷ്ണു നിരങ്ങി നിരങ്ങി അവളോട് ചേർന്ന് കിടന്നു... ഒറ്റ നിമിഷം കൊണ്ടവൻ അവളെ തിരിച്ചു തന്റെ നെഞ്ചിലേക്ക് കിടത്തി... "വിട് വിടെന്നെ..."

അവൾ കിടന്ന് കുതറി.. "ഈ പിണക്കത്തിന്റെ കാരണം പറയാതെ നിന്നെ വിടുന്ന പ്രശ്നമില്ല..." അവൻ അവളെ ഒന്നൂടെ മുറുകെ പിടിച്ചു... "പിന്നെ എന്തിനാ ഈ മുഖം ഇങ്ങനെ ബലൂൺ പോലെ വീർപ്പിച്ചു വെച്ചിരിക്കുന്നെ...? " വിഷ്ണു അവളുടെ കവിളിൽ വിരല് കൊണ്ടൊന്ന് കുത്തി... "അത് പിന്നെ എന്നെ കൂട്ടാതെ പോയില്ലേ ദീപ്തിയേച്ചിയുടെ വീട്ടിലേക്ക് അതുകൊണ്ട്...." അവൾ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് പറഞ്ഞു... "അതാണോ...കൊണ്ടുപോവാഞ്ഞത് എന്റെ ഭാര്യക്ക് പനി ആയിരുന്നത് കൊണ്ടല്ലേ... അടുത്ത തവണ പോവുമ്പോൾ കൊണ്ടുപോവാം അല്ലേൽ നമുക്ക് നാളെ പോവാം... എന്താ മതിയോ.. " തെളിഞ്ഞ മുഖത്തോടെ വിഷ്ണു പറഞ്ഞതിനവൾ തലയാട്ടി... "ഇനിയെന്റെ ഭാര്യയോന്ന് ചിരിച്ചേ... " വിഷ്ണു ചോദിച്ചപ്പോൾ അവൾ അവനു നേരെ ഇളിച്ചുകാട്ടി... പെട്ടന്നവൾ അവന്റെ താടിക്കിടയിലൂടെ കവിളിൽ അമർത്തി കടിച്ചു... "ആ വിടെടി നോവുന്നു... " കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അടക്കി പിടിച്ച ചിരിയോടെ ശ്രുതി തന്റെ പല്ലുകൾ അവന്റെ കവിളിൽ നിന്നും അടർത്തിമാറ്റി..... "നീയെന്താടി പട്ടിയാണോ.. ചോര പൊടിഞ്ഞല്ലോ... " വിഷ്ണു കവിൾ അമർത്തി തിരുമ്മി... അവൾ പല്ലിളിച്ചു കാട്ടി... "നിന്നെ ഇന്ന് ഞാൻ.. " കുസൃതിയോടെ പറഞ്ഞുകൊണ്ട് അവൻ അവളുമായോന്ന് മറിഞ്ഞു... ശ്രുതിയുടെ ഉള്ളൊന്നാളി... അവന്റെ മുഖത്തെ കള്ളച്ചിരിയും കണ്ണുകളിൽ അലയടിക്കുന്ന പ്രണയവും അവളിലെ പെണ്ണിനെ തളർത്തി കൊണ്ടിരുന്നു...

വിഷ്ണു ശ്രുതിയുടെ മുഖത്തേക്ക് ഉറ്റുനോക്കി...പിടക്കുന്ന മിഴികളും വിറക്കുന്ന അദരങ്ങളും... ആ ചോര ചുവപ്പാർന്ന അദരങ്ങളെ സ്വന്തമാക്കുവാൻ ഒരുവേള അവൻ ആഗ്രഹിച്ചു.... അവളുടെ പിടയുന്ന മിഴികളിലേക്ക് നോട്ടം എയ്തു കൊണ്ട് അവൻ തന്റെ ചുണ്ടുകൾ അവളുടേതുമായി കൊരുത്തു.. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു... ആദ്യ ചുംബന ലഹരിയിൽ ഇരുവരും മതിമറന്നു...അവളുടെ വിരലുകൾ അവന്റെ പുറം മേനിയിലമർന്നു... ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ ഇരുവർക്കും ശ്വാസം വിലങ്ങിയതും വിഷ്ണു അവളിൽ നിന്നും തന്റെ ചുണ്ടുകളെ വേർപ്പെടുത്തി... ചുവന്നു തുടുത്ത മുഖത്തോടെ തന്നെ പ്രണയാർദ്രമായി നോക്കി കിടക്കുന്നവളുടെ നെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ചു...അവിടെ നിന്നും മൂക്കിലേക്കും താടിയിലേക്കും കവിളിലേക്കും അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു... കണ്ണുകൾ കൂമ്പി അടച്ചു കിടക്കുന്നവളെ തന്റെ മാറിലേക്ക് വലിച്ചു കിടത്തി... "ബാക്കി നാളെ... എന്റെ കൊച്ചിന്റെ പനിയൊക്കെ മാറട്ടെ... " അവൻ പറഞ്ഞത് കേട്ട് നാണത്തോടെയവൾ അവന്റെ മാറിലേക്ക് മുഖം ഒളിപ്പിച്ചു........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story