മഞ്ഞുരുകും കാലം : ഭാഗം 29

Manjurukumkalam

രചന: ഷംസീന

കാശിയേയും ദീപ്തിയേയും താഴോട്ട് കാണാതിരുന്നപ്പോൾ ഗോപു അവരെ അന്യോഷിച്ചു മുകളിലേക്ക് ചെന്നു..വാതിൽ ചാരി ഇരുന്നിരുന്നത് കൊണ്ട് അവനത് തള്ളി തുറന്നു അകത്തേക്ക് കടന്നു.. ദീപ്തിയുടെ മടിയിൽ തലവെച്ചു കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന കാശിയെ കണ്ടു അവൻ അത്ഭുതത്തോടെ നോക്കി...വേറൊന്നും കൊണ്ടല്ല അമ്മയുടെ മരണ ശേഷം കാശി ആരുമായും അധികം അടുത്തിരുന്നില്ല എന്തിനേറെ ഇത്രയേറെ സ്നേഹിക്കുന്ന ചെറിയമ്മയോട് പോലും അവൻ അതിരിൽ കവിഞ്ഞൊരു സ്നേഹം കാണിച്ചിരുന്നില്ല... കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടക്കുന്ന ദീപ്തിയെ തട്ടി വിളിച്ചു... "ഏട്ടത്തി,, ഏട്ടത്തി... " ദീപ്തി കണ്ണുകൾ വലിച്ചു തുറന്നു.. "ശൂ.. ശബ്ദമുണ്ടാക്കല്ലേ... " ചൂണ്ടുവിരൽ ചുണ്ടിലേക്ക് ചേർത്ത് വെച്ചു കൊണ്ടവൾ പറഞ്ഞു...

ഒന്നും മനസ്സിലാകാതിരുന്ന ഗോപു കാര്യം എന്താണെന്ന് ചുണ്ടനക്കി ചോദിച്ചു... ദീപ്തി പതിയെ അവന്റെ തലയെടുത്ത് തലയിണയിലേക്ക് വെച്ചു എഴുന്നേറ്റു ഗോപുവിനെയും കൂട്ടി പുറത്തേക്ക് നടന്നു.. "ഏട്ടത്തി ഇതെന്താ കള്ളന്മാരെ പോലെ പതുങ്ങി നടക്കുന്നേ... " പതുങ്ങി നടക്കുന്ന ദീപ്തിയെ പിടിച്ചു നിർത്തി ഗോപു കണ്ണുകൾ കൂർപ്പിച്ചു.. "ഏട്ടൻ ഉണർന്നാൽ പിന്നെ വിടില്ലന്നെ.. ഇപ്പൊ തന്നെ എത്ര നേരമായെന്നോ ഞാൻ അവിടെ ഇരിക്കുന്നു... " ദീപ്തി മുറിയിലേക്കൊന്ന് എത്തി നോക്കി... "അതെന്തേ.. അല്ലേലും ഏട്ടന് ഈ നേരത്ത് ഉറക്കം പതിവില്ലാത്തത് ആണല്ലോ... " "അറിയില്ല ഗോപു.. ആള് പെട്ടന്ന് വൈലന്റ് ആവുന്നത് പോലെ തോന്നി... അതാണ് ഞാൻ ഇത്രയും നേരം അവിടെ ഇരുന്നത് തന്നെ.. ചെറിയമ്മക്ക് എന്ത് തോന്നിക്കാണുമോ എന്തോ... " അവൾ ടെൻഷനോടെ വിരലുകൾ ഞൊട്ട പൊട്ടിച്ചു കൊണ്ടിരുന്നു...

"ചെറിയമ്മക്കൊന്നും തോന്നില്ല അതോർത്തു ഏട്ടത്തി ടെൻഷൻ ആവേണ്ട... ഏട്ടന്റെ കാര്യം നോക്കി കഴിഞ്ഞു ബാക്കിയുള്ള കുറച്ചു സമയം ഞങ്ങൾക്കായി മാറ്റി വെച്ചാൽ മതി.. ഏട്ടന് പൂർണമായും ഭേദമായാൽ അതിൽപരം സന്തോഷം വേറെയില്ല... " ഗോപുവിന്റെ വാക്കുകളിൽ വല്ലാത്തൊരു നിരാശയുണ്ടായിരുന്നു... "വിഷമിക്കാതെ ഗോപു... നിന്റെ ഏട്ടനെ പഴയതിനേക്കാൾ ഉഷാറാക്കി ഞാൻ നിന്റെ മുന്നിൽ നിർത്തി തരും.. ഇത് ഏട്ടത്തി നിനക്ക് തരുന്ന വാക്കാണ്... " ദീപ്തി അവന്റെ കൈകൾ കവർന്നു... "ഏട്ടത്തി വാ നമുക്ക് അത്താഴം കഴിക്കാം.. ചെറിയമ്മ കുറേ നേരം കൊണ്ട് അവിടെ കാത്തിരിപ്പുണ്ട്.. " ഗോപു ദീപ്തിയേയും കൂട്ടി താഴേക്ക് ചെന്നു... അത്താഴത്തിനു മുന്നിലിരുന്ന് ഉറക്കം തൂങ്ങുന്ന മല്ലികാമ്മയെ കണ്ടതും അവളുടെ ഉള്ളിലൊരു നോവുണർന്നു... "ചെറിയമ്മേ... " അവൾ ചെന്നവരെ തട്ടി വിളിച്ചു...

"മോള് വന്നോ.. കാശി എന്തിയേ... " മുഖം അമർത്തി തുടച്ചു കൊണ്ടവർ ചോദിച്ചു... "എണീറ്റിട്ടില്ല.. നല്ല ഉറക്കമാ,, ഉണർത്താൻ തോന്നിയില്ല... " ദീപ്തി കസേര വലിച്ചിട്ടു അവരുടെ അടുത്തിരുന്നു... മുന്നിലിരുന്ന പ്ളേറ്റുകൾ നേരെ വെച്ചു അവൾ തന്നെ എല്ലാവർക്കും അത്താഴം വിളമ്പി... **** കാശിക്കുള്ള ഭക്ഷണവുമായി മുകളിലേക്ക് പോവുന്ന ദീപ്തിയുടെ കയ്യിൽ മല്ലികാമ്മ ഇന്നും ഗുളിക നൽകി... "ഇതെന്തിനുള്ള ഗുളികയാണ്...? " അവൾ നെറ്റി ചുളിച്ചു... "ഉറങ്ങാൻ വേണ്ടി.. അല്ലേൽ വേണ്ടാത്ത ഓരോന്നും ആലോചിച്ചു കൂട്ടിയവൻ ഉറങ്ങാതെ കിടക്കും.. മോൾക്കും ചിലപ്പോൾ ഉറങ്ങാൻ കഴിഞ്ഞെന്നു വരില്ല... " അവർ വേദനയോടെ പറഞ്ഞു... "ഇനി ഈ ഗുളികയുടെ ആവശ്യമില്ല ചെറിയമ്മേ.. ഞാൻ നോക്കിക്കോളാം..." ദീപ്തി ഗുളിക വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു.. "മോളെ അത് വേണോ...?" അവരിൽ വല്ലാത്തൊരു ഉൽഗണ്ടയുണ്ടായി..

"എന്നെ ചെറിയമ്മക്ക് വിശ്വാസമില്ലേ.. ഞാൻ നോക്കിക്കോളാം... " അത്രയും ഉറപ്പ് നൽകി അവൾ ഭക്ഷണവുമായി മുറിയിലേക്ക് പോയി... **** ഭക്ഷണം ടേബിളിൽ വെച്ചു ദീപ്തി കാശിയെ തട്ടി വിളിച്ചു... ഇത്രയും ദിവസം ഉണ്ടായിരുന്ന അപരിചിതത്വം പാടെ വിട്ടുമാറിയിരുന്നു.. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവൻ അവളിൽ സ്വാധീനം ചെലുത്തിയെടുത്തിരുന്നു.. കാശി ഞെരങ്ങി കൊണ്ട് കണ്ണുകൾ തുറന്നു... മുന്നിൽ മിഴികൾ വിടർത്തി തന്നെ നോക്കി നിൽക്കുന്ന ദീപ്തിയെ കണ്ടു ചിരിയോടെ എണീറ്റിരുന്നു മൂരി നിവർന്നു വാച്ചിലേക്കൊന്ന് നോക്കി... "സമയം ഇത്രയും ആയോ..? താനെന്താടോ എന്നെ വിളിക്കാതിരുന്നത്..? " "ഇതാപ്പോ നന്നായെ.. ഞാൻ വിളിക്കാഞ്ഞതാണോ..എത്ര തവണ വിളിച്ചെന്നോ.. എന്നെ പോലും താഴേക്ക് വിടാതെ ഇവിടെ പിടിച്ചിരുത്തി.. " ദീപ്തി പരിഭവത്തോടെ പറഞ്ഞു..

"ആണോ.. ഞാൻ അറിഞ്ഞില്ലെടോ... ഈ അടുത്ത കാലത്തൊന്നും ഇത്രയും ശാന്തമായൊരു ഉറക്കം എനിക്ക് കിട്ടിയിട്ടില്ല...ഒന്ന് കണ്ണടക്കണമെങ്കിൽ പിൽസ് കഴിക്കണം... " വേദനയോടെ പറയുന്ന കാശിയെ കാൺകെ അവളുടെ മിഴികൾ സചലമായി... അവൾ അവനിൽ നിന്നും മാറി ടേബിളിൽ അടച്ചുവെച്ചിരുന്ന ഭക്ഷണവുമായി അടുത്തേക്ക് വന്നു.. "കൈ കഴുകി വന്നു കഴിക്ക്.. ഞങ്ങളെല്ലാം കഴിച്ചു കഴിഞ്ഞു... " ദീപ്തിയുടെ കവിളിലൊന്ന് നുള്ളി കാശി വാഷ്റൂമിൽ പോയി കയ്യും മുഖവും കഴുകി വന്നു... അവൾ പ്ലേറ്റ് അവനു നേരെ നീട്ടി... പ്ലേറ്റ് വാങ്ങാതെ കള്ള ചിരിയോടെ തന്നെ നോക്കുന്ന കാശിയെ നോക്കി കണ്ണുരുട്ടി... "കഴിക്ക് കാശിയേട്ടാ... " "വാരി തന്നാൽ കഴിക്കാം... " ദീപ്തി വീണ്ടും പറഞ്ഞതും അവൾക്കുള്ള മറുപടി നൽകി കാശി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു... ദീപ്തി യാതൊരു മടിയും കൂടാതെ അവനടുത്തിരുന്ന് ചോറ് കുഴച്ചു ഉരുളയാക്കി അവനു നേരെ നീട്ടി... കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൻ ഓരോ ഉരുളയും വാങ്ങി കഴിച്ചു..

"ഇന്ന് കിട്ടിയ ആനുകൂല്യമൊന്നും നാളെ കിട്ടില്ലാട്ടോ..നാളെ ഞങ്ങളുടെ കൂടെ താഴെ വന്നിരുന്നു വേണം അത്താഴം കഴിക്കാൻ..." കഴിച്ചു കഴിഞ്ഞതും ദീപ്തി കാശിയെ നോക്കി പറഞ്ഞു... "അതൊന്നും നടക്കില്ല...താൻ എന്നും ഇതുപോലെ ഇവിടെ കൊണ്ടുവന്നു വാരി തന്നാൽ മതി..." "നടക്കില്ല കാശിയേട്ട.. നമ്മൾ ഇത്രയും കുറച്ചു പേരല്ലേ ഇവിടെ ഉള്ളൂ.. അപ്പോൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാ... " അത്രമാത്രം പറഞ്ഞു കാശിയെയൊന്ന് നോക്കി ദീപ്തി കഴിച്ച പാത്രവുമായി പുറത്തേക്കിറങ്ങി... ദീപ്തി പോയി കഴിഞ്ഞതും കാശി ചിന്തയോടെ എഴുന്നേറ്റ് ബാൽക്കാണിയിലേക്ക് നടന്നു... അവൾ പറഞ്ഞതിലും കാര്യമുണ്ടെന്നവന് തോന്നി...താൻ ചെറിയമ്മയോടും ഗോപുവിനോടും ശെരിക്കൊന്ന് മിണ്ടിയിട്ട് വർഷങ്ങളായി... എന്തിനേറെ പറയുന്നു അച്ഛനും അമ്മയും മരിച്ചതിനു ശേഷം ഉള്ളുതുറന്നൊന്ന് ചിരിച്ചിട്ട് പോലുമില്ല... എന്നാൽ ഇപ്പോൾ താൻ അറിയാതെ തന്റെ ഉള്ളിലുള്ള നോവെല്ലാം ഉരുകി ഇല്ലാതാവുന്നത് പോലെ..

എന്തോ ഒരു പോസിറ്റീവ് എനർജി തനിക്ക് ചുറ്റും വന്നു നിറയുന്നത് പോലെ... ഇനി ആരിൽ നിന്നും ഒളിച്ചു നടക്കാതെ എല്ലാവരോടും പഴയത് പോലെ അല്ലെങ്കിലും അതിന് ചിലപ്പോൾ കഴിയില്ലായിരിക്കും എന്നാലും അവരുടെ ആരുടേയും മനസ്സ് നോവിക്കാത്ത വിധം ചിരിച്ചു കളിച്ചു നടക്കണമെന്നവൻ തീരുമാനമെടുത്തു...!! **** "ഇതെന്താ കുറേ നേരമായല്ലോ ആലോചന തുടങ്ങിയിട്ട്... എന്നോടും കൂടി പറ എന്താ ആലോചിക്കുന്നതെന്ന്... " ദീപ്തി ആലോചനയോടെ നിൽക്കുന്ന കാശിയോട് ചോദിച്ചു അടുത്ത് ചെന്നു നിന്നു... "ഒന്നുമില്ലെടോ,, ഞാൻ ചുമ്മാ... അമ്മയേയും അച്ഛനേയും കുറിച്ചെല്ലാം ഓർമ വന്നു... " വേദന തിങ്ങിയ മുഖത്തോടെ ദീപ്തി കൈവരിയിൽ വെച്ചിരുന്ന അവന്റെ കയ്യിൽ തന്റെ കൈ ചേർത്ത് വെച്ചു... "ആക്‌സിഡന്റ് ആയിരുന്നു...നിയന്ത്രണം വിട്ടൊരു ലോറി വന്നിടിച്ചു.. അതിൽ അച്ഛനേയും അമ്മയേയും നഷ്ടമായി.. പാതി ചത്ത ശരീരവുമായി എന്നെ മാത്രമാണ് തിരികെ കിട്ടിയത്..." "കാശിയേട്ട... " വിങ്ങലോടെ വിതുമ്പുന്നവന്റെ തോളിലേക്കവൾ തല ചായ്ച്ചു... നിമിഷങ്ങൾ മൗനമായി കടന്നു പോയി...

ഇരുവരും ഇരുട്ടിന്റെ നിശബ്‍ദതയിലേക്ക് മിഴികൾ നാട്ടി നിന്നു... ലോകത്ത് ഓരോ വിധത്തിലുള്ള വിഷമങ്ങൾ അനുഭവിക്കുന്ന എത്ര ആളുകളാണ് ഉള്ളത്... അതിൽ ഏറെ വിഷമകരമായതാണ് മക്കൾ ജീവിച്ചിരിക്കെ മാതാപിതാക്കൾ മരിക്കുന്നത്... തനിക്കും അറിയാവുന്നതല്ലേ അച്ഛന്റെ തണൽ നഷ്ടപ്പെടുമ്പോഴുള്ള വേദന... എങ്കിലും അതൊന്നും കാശിയുടെ അത്രയും ആഴമുള്ളതാണെന്നവൾക്ക് തോന്നിയില്ല...കാശിയെ കുറിച്ചോർക്കേ എന്തെന്നില്ലാത്തൊരു സങ്കടം അവളുടെ ഉള്ളിൽ നിന്നും തികട്ടി വന്നു... "എന്റെ ടാബ്ലറ്റ് എവിടെ...? " ഏറെ നേരത്തെ മൗനത്തിനൊടുവിൽ അവൻ ചോദിച്ചു... ദീപ്തി തോളിൽ നിന്നും തലയുയർത്തി അവനെ നോക്കി "ഞാൻ എടുത്തില്ല... ഇനി മുതൽ അതിന്റെ ആവശ്യമില്ല... സങ്കടമാണേലും സന്തോഷമാണേലും ഞാനുമായി പങ്കു വെക്കാം എന്നിട്ടും മനസ്സിന്റെ വേദന കുറയുന്നില്ലെങ്കിൽ നമുക്ക് ടാബ്ലറ്റ് കഴിക്കാം... "

അവൾ അവന്റെ മറുപടി അറിയാനായി നിന്നു... "എടോ അതൊന്നും ശെരിയാവില്ല... ഞാൻ ചിലപ്പോൾ നിയന്ത്രണം വിട്ട് പെരുമാറും.. അത് ചിലപ്പോൾ തനിക്കൊരു ബുദ്ധിമുട്ടാവും... " കാശി നെറ്റിയൊന്നുഴിഞ്ഞു... "ആ ബുദ്ധിമുട്ട് ഞാനങ്ങു സഹിച്ചോളാം.. കാശ്യേട്ടൻ ചെന്നു കിടക്കാൻ നോക്ക്... " ദീപ്തി അവനെ ഉന്തി തള്ളി മുറിയിലേക്ക് കയറ്റി വിട്ടു... ശേഷം അവളും ബാൽക്കണിയുടെ വാതിൽ ചാരി മുറിക്കകത്തേക്ക് ചെന്നു... കാശി ഫ്രഷായി ഇറങ്ങി വന്നതും ദീപ്തിയും കയറി ഫ്രഷായി വേഷമൊക്കെ മാറി വന്നു... "ഇതെന്താ കിടക്കുന്നില്ലേ... " റൂമിലൂടെ അക്ഷമയോടെ നടക്കുന്ന കാശിയെ കണ്ടവൾ ചോദിച്ചു... "ടാബ്ലറ്റ് കഴിക്കാതെ ഉറക്കം വരുമെന്ന് തോന്നുന്നില്ല.. ആകെക്കൂടെ മനസ്സിനൊരു അസ്വസ്ഥത... " കാശി നെഞ്ചോന്നുഴിഞ്ഞു... "അതെല്ലാം കാശിയേട്ടന്റെ തോന്നലാണ്.. വന്നു കിടന്നേ.. വാ.. " അവൾ കാശിയെ പിടിച്ചു വലിച്ചു ബെഡിൽ കൊണ്ടുവന്നു കിടത്തി...

പുതപ്പെടുത്ത് അരയോളം പുതപ്പിച്ചു കൊടുത്തു...ശേഷം ലൈറ്റ് ഓഫ്‌ മറുവശത്തായി വന്നു കിടന്നു... കാശി ദീപ്തിയുടെ വശത്തേക്ക് ചെരിഞ്ഞു കിടന്നു അവളെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ടിരുന്നു... വലിയ വിടർന്ന കണ്ണുകളും ഇളം റോസ് നിറത്തിലുള്ള ചുണ്ടുകളും ഉണ്ട കവിളുകളും അവളുടെ ഭംഗി എടുത്തുകാട്ടി..ഫാനിന്റെ ചുടു കാറ്റിൽ അവളുടെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ അവൻ മാടിയൊതുക്കി... അവന്റെ തഴമ്പിച്ച കൈകളുടെ ചെറുചൂടിൽ അവളുടെ കണ്ണുകൾ താനെ അടഞ്ഞു... സുഖ നിദ്രയിലാഴ്ന്ന ദീപ്തി കാശിയുടെ നിലവിളി കേട്ട് ഞെട്ടിയുണർന്നു... ചാടി പിടഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു.. ബെഡിൽ അവനെ കാണാതെ വന്നപ്പോൾ അവൾക്കാകെ പരിഭ്രമമായി.. കണ്ണുകൾ കൊണ്ട് ചുറ്റും പരതിയപ്പോൾ ഷെൽഫിന്റെ ഒരരികിൽ ഭയത്തോടെ പതുങ്ങിയിരിക്കുന്ന കാശിയെ കണ്ടു അവളുമൊന്ന് ഭയന്നു.. വിറക്കുന്ന കാലുകളോടെ അവൾ അവനടുത്തേക്ക് ഓരോ ചുവടുകളായി മുന്നോട്ട് വെച്ചു...

മുട്ടിൽ മുഖമൊളിപ്പിച്ചിരിക്കുന്നവന്റെ ചുമലിലൊന്ന് തട്ടി... "കാശ്യേട്ടാ.. " ദീപ്തിയുടെ ശബ്‍ദം കേട്ടതും കാശി തലയുയർത്തി... ഭയം കൊണ്ടവളുടെ ശരീരമാകെ വിറപൂണ്ടു... കാശിയുടെ കലങ്ങി ചുവന്ന കണ്ണുകളും വിയർപ്പൊഴുകുന്ന മുഖവും എന്തൊക്കെയോ പിറുപിറുക്കുന്ന ചുണ്ടുകളും ദീപ്തിക്ക് കൂടുതൽ ഭയമായി തുടങ്ങി...കാശി വീണ്ടും മുഖം കാൽമുട്ടുകളിലേക്ക് ഒളിപ്പിച്ചു.... ഇനിയും താൻ പ്രതികരിക്കാതെ നിന്നാൽ ചിലപ്പോൾ കാശി നിയന്ത്രണം വിട്ട് പെരുമാറുമെന്നവൾക്ക് തോന്നി... അവൾ അവനെ സൗമ്യമായി നോക്കികൊണ്ട് അവനടുത്തായിരുന്നു... "കാശ്യേട്ടാ... " ആർദ്രമായവൾ വിളിച്ചു... മുട്ടിലൊളിപ്പിച്ച അവന്റെ മുഖം ബലമായി പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി...നിമിഷ നേരം കൊണ്ടവന്റെ തിളക്കമാർന്ന കണ്ണുകളിൽ വിശാദം തങ്ങി നിൽക്കുന്നത് പോലെയവൾക്ക് തോന്നി... അവൾ പതിയെ അവന്റെ കവിളിലൊന്ന് തലോടി.. പൊടുന്നനെ കാശി അവളെ ഇറുകെ പുണർന്നു... ആ പിടുത്തതിൽ തന്റെ അസ്ഥികൾ പോലും നുറുങ്ങുന്നതായവൾക്ക് തോന്നി....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story