മഞ്ഞുരുകും കാലം : ഭാഗം 3

Manjurukumkalam

രചന: ഷംസീന

 പിറ്റേന്ന് അച്ഛനേയും കൊണ്ട് വൈദ്യരുടെ അടുത്ത് പോവാൻ ഉള്ളത് കൊണ്ട് ദീപ്തി ഉച്ചക്ക് ശേഷം ലീവ് എടുത്തു.. കവലയിൽ നിന്നും ഓട്ടോ പിടിച്ചു വീട്ടിലെത്തി അച്ഛനേയും സഹായത്തിനായി ദീപുവിനേയും കൂട്ടി വൈദ്യരുടെ അടുത്തേക്ക് പോയി.. ടൗണിൽ ക്ലിനിക്കിൽ ആണ് പരിശോധന.. ഉഴിച്ചിലോ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ മഠത്തിലേക്ക് മറ്റും അവിടെ വെച്ചാണ് വിദഗ്ദമായ ചികിത്സകൾ നടക്കുന്നത്.. കട്ടിലിൽ നിന്നും അനങ്ങാതെയും മിണ്ടാതേയും കിടന്നിരുന്ന മാഷിനെ ഇങ്ങനെ വീൽ ചെയറിൽ ഇരിക്കാൻ പാകത്തിനും ഒന്നോ രണ്ട് വാക്കുകൾ സംസാരിക്കാൻ പറ്റുന്ന വിധത്തിലെങ്കിലും ആക്കിയത് ഈ വൈദ്യരാണ്.. അതുകൊണ്ട് തന്നെ അച്ഛന്റെ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധന ദീപ്തി മുടക്കാറില്ല.. പരിശോധന കഴിഞ്ഞ് തെളിഞ്ഞ മുഖത്തോടെയാണ് വൈദ്യർ പുറത്തേക്ക് വന്നത്... "മോൾടെ പ്രാർത്ഥന ദൈവം കേട്ടു.. " അദ്ദേഹം പറഞ്ഞപ്പോൾ ദീപ്തി ദീപുവിന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴേക്കും വൈദ്യരുടെ സഹായി മാഷിനേയും കൊണ്ട് അങ്ങോട്ട് വന്നു..

അദ്ദേഹത്തിന്റെ മുഖത്തും സന്തോഷം തന്നെയായിരുന്നു... "അച്ഛനെ എത്രയും പെട്ടന്ന് എണീറ്റ് നടക്കാൻ പറ്റും...ശരീരത്തിനൊക്കെ ബലം വന്നു തുടങ്ങിയിട്ടുണ്ട്.. മരുന്ന് മുടക്കരുത്..ഇനി രണ്ടാഴ്ച കൂടുമ്പോൾ വരേണ്ട മാസത്തിൽ ഒരു തവണ വന്നാൽ മതി,, ഒരു ആറ് മാസം വരെ.. അത് കഴിഞ്ഞ് അച്ഛനെ മഠത്തിലേക്ക് മാറ്റണം തുടർന്നുള്ള ചികിത്സ അവിടെയായിരിക്കും.. ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിലാണ് അവനിൽ വിശ്വാസം അർപ്പിക്കുക.. കൈവിടില്ല..." വൈദ്യർ പറഞ്ഞു നിർത്തിയപ്പോൾ അടുത്തിരുന്ന അച്ഛന്റെ കയ്യിലവൾ മുറുകെ പിടിച്ചു... ദീപ്തിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു... അവൾ നന്ദിയോടെ വൈദ്യരെ നോക്കി കൈകൂപ്പി അച്ഛനേയും കൊണ്ട് അവിടെ നിന്നും ഇറങ്ങി... ***** വീട്ടിലേക്കുള്ള ഇടറോഡ് തിരിഞ്ഞപ്പോഴാണ് ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നത്..

ശബ്‍ദത്തിൽ നിന്ന് തന്നെ ദീപ്തി ആളെ തിരിച്ചറിഞ്ഞു..സംസാരത്തിന്റെ ശൈലി കണ്ടിട്ട് ആരോടോ വഴക്കിടുവാണെന്ന് വ്യക്തമാണ്...ആരോടായിരിക്കും.. വീടിനടുത്തേക്ക് എത്തുംന്തോറും ശബ്‍ദത്തിന്റെ കാഠിന്യം കൂടി കൂടി വന്നു... ദീപ്തിക്കാകെ വല്ലായ്മ തോന്നി.. ഓട്ടോ മുറ്റത്ത് നിർത്തിയതും അവൾ വേഗത്തിൽ തന്നെ അതിൽ നിന്നും ഇറങ്ങി.. അതിനോടകം വീട്ടിൽ നിന്നുമാണ് ബഹളം കേൾക്കുന്നതെന്ന് മനസ്സിലായിരുന്നു.. പേഴ്സിൽ നിന്നും പൈസ എടുത്ത് കൊടുത്തു..വീൽ ചെയറിലേക്ക് അച്ഛനെ അവളും ദീപുവും കൂടി താങ്ങിയിരുത്തി .. അച്ഛനെ കൊണ്ടുവരാൻ ദീപുവിനെ ഏല്പിച്ചു ദീപ്തി അകത്തേക്കോടി.. "അമ്മേ.. " അടുക്കള വാതിലിനോട് ചേർന്ന് നേര്യതിന്റെ തുമ്പ് കൊണ്ട് വാ പൊത്തി നിന്ന് കരയുന്ന അമ്മയെ ഉറക്കെ വിളിച്ചു.. ശബ്‍ദം കേട്ട് ഉച്ചത്തിൽ സംസാരിച്ചിരുന്ന വിഷ്ണുവിന്റെ അമ്മ സുധ തിരിഞ്ഞു നോക്കി.. "ഓ വന്നോ കൊച്ചു തമ്പുരാട്ടി... നാണമുണ്ടോ കൊച്ചേ നിനക്ക് എന്റെ മോന്റെ പിറകെ ഇങ്ങനെ നടക്കാൻ... ചെറുപ്പത്തിൽ വിവരമില്ലാത്തവർ എന്തോ പറഞ്ഞെന്നു കരുതി ഇപ്പോഴും അത് മനസിലിട്ട് നടക്കുകയാണ്.. എന്തായാലും കൊള്ളാം.." "അമ്മായി,,,, സൂക്ഷിച്ചു സംസാരിക്കണം... " ദീപ്തി അവരുടെ നേരെ കൈചൂണ്ടി..

"ഇല്ലേൽ നീ എന്തോ ചെയ്യും.. അല്ലേ,,, ഞാൻ പറയുന്നതാണോ കുറ്റം.. " "സുധേ നീയൊന്ന് മിണ്ടാതിരിക്ക്,, വേണ്ടത് എന്താണെന്നു നമുക്ക് ആലോചിച്ചു ചെയ്യാം... " അങ്ങോട്ട് വന്ന മാഷ് അപേക്ഷയോടെ പറഞ്ഞു.... "ആലോചിക്കാൻ ഒന്നുമില്ല. ഇന്നത്തോടെ തീരണം ഈ മൂദേവിക്ക് എന്റെ മോനുമായിട്ടുള്ള ബന്ധം...അവൾ തൊലിവെളുപ്പും കാട്ടി ആണുങ്ങളെ വഴിതെറ്റിക്കാൻ ഇറങ്ങിയേക്കുവാണ്..നാശം " ദേഷ്യത്തോടെ ദീപ്തിയതിന് മറുപടി പറയാൻ ഒരുങ്ങിയതും അമ്മയവളെ തടഞ്ഞു... "എനിക്ക് ആണായിട്ട് അവനെ ഉള്ളൂ... അവന് ശോഷിച്ച ഈ തറവാട്ടിൽ നിന്നും പെണ്ണെടുക്കാൻ മാത്രം മഹാമനസ്കത ഉള്ളവളൊന്നും അല്ല ഞാൻ.. അടുത്ത ചിങ്ങം വന്നാൽ ചെറുക്കന് വയസ്സ് മുപ്പത്താണ്.. ഇനിയെന്നാ മൂക്കിൽ പല്ല് മുളച്ചിട്ടാണോ കല്യാണം... ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം.." "എന്ത് തീരുമാനമാ സുധേ നിനക്കറിയേണ്ടേ... " കടുത്ത മുഖത്തോടെ മാഷ് ചോദിച്ചു...

"ഇവളിനി വിഷ്ണുവിന്റെ പിറകെ പോകില്ല എന്നുള്ള തീരുമാനം.. ഇവളിങ്ങനെ അവന്റെ മുന്നിലോട്ട് ചെന്നിട്ടാണ് കെട്ടുന്നെങ്കിൽ ഇവളേ കെട്ടൂ എന്ന് പറഞ്ഞു ചെറുക്കൻ ഒറ്റക്കാലിൽ നിൽക്കുന്നത്.. ഇനിയത് പറ്റത്തില്ല... " "അതാണോ അമ്മായിക്ക് വേണ്ടത്... എന്നാൽ കേട്ടോ ദീപ്തിയുടെ ജീവിതത്തിൽ ഇനി വിഷ്ണു എന്നൊരാൾ ഉണ്ടായിരിക്കില്ല.. " ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ പറഞ്ഞു.. "ഇത് നീ എന്നോടല്ല അവനോട് പറയണം.. എങ്കിലേ അവൻ വേറൊരു വിവാഹത്തിന് സമ്മതിക്കൂ... " "ഞാൻ തന്നെ വിഷ്ണുവേട്ടനോട് പറഞ്ഞോളാം..." ദീപ്തി അത്രയും പറഞ്ഞതും സുധ വിജയഭാവത്തിൽ പോവാനായി തിരിഞ്ഞു... "അമ്മായി..പോവാൻ വരട്ടെ... " ഇനിയെന്താ എന്നുള്ള മട്ടിലവർ തിരിഞ്ഞു... ചെറുപ്പം മുതൽ വിഷ്ണുവേട്ടൻ ദീപ്തിക്കുള്ളതാണെന്ന് പറഞ്ഞുകേട്ടാണ് ഞാൻ വളർന്നത്. അതിന്റെ മുൻ നിരയിൽ നിങ്ങളായിരുന്നു താനും..

അതൊന്നും ഇപ്പോൾ ഞാൻ ഓർമിപ്പിക്കുന്നില്ല... അമ്മായി പറഞ്ഞത് പോലെ ഞങ്ങളിപ്പോൾ ഇത്തിരി ശോഷിച്ച അവസ്ഥയിൽ തന്നെയാണ്.. എന്ന് കരുതി അമ്മായിയുടെ അടുത്തേക്കോ കുടുംബത്തിലേക്കോ വന്നിട്ടില്ലല്ലോ സഹായവും ചോദിച്ചുകൊണ്ട് ... പണം വരും പോകും,, പക്ഷേ സ്നേഹബന്ധങ്ങൾ മുറിഞ്ഞാൽ അത് അകലുക തന്നെ ചെയ്യും.. ഒരിക്കലും കൂട്ടി ചേർക്കാൻ കഴിയാത്ത വിധം.." അത്രയും അവരെ നോക്കി പറഞ്ഞുകൊണ്ട് ദീപ്തി വെട്ടി തിരിഞ്ഞു അകത്തേക്ക് പോയി.. എന്നാലിതൊന്നും തന്റെ രോമത്തിൽ പോലും തൊട്ടില്ലെന്ന മട്ടിൽ സുധ അവരെ നോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.... *****

ആരും തന്നെ ശല്യം ചെയ്തു വരാതിരിക്കാൻ വേണ്ടി ദീപ്തി മുറിയുടെ വാതിൽ അകത്തു നിന്നും കുറ്റിയിട്ടു,,, ബെഡിലേക്ക് കിടന്നു.. കണ്ണിൽ നിന്നും ധാരയായി മിഴിനീർതുള്ളികൾ തലയിണയിലേക്ക് വീണു കൊണ്ടിരുന്നു...തേങ്ങലടിയുടെ ശബ്ദം പുറത്തേക് വരാതിരിക്കാൻ തലയിണയിൽ മുഖം അമർത്തി കിടന്നു.. എത്ര നേരം എന്നറിയില്ല.. കണ്ണടക്കുമ്പോൾ മുന്നിൽ തെളിയുന്നത് വിഷ്ണുവേട്ടന്റെ മുഖമാണ്.. ഈ ജന്മം മറക്കാൻ കഴിയുമോ തനിക്ക്,, അത്ര ആഴത്തിൽ മനസ്സിൽ പതിഞ്ഞല്ലേ ആ മുഖവും പ്രണയവും... പക്ഷേ ഇനിയും തനിക്കുവേണ്ടി വിഷ്ണുവേട്ടൻ കാത്തിരിക്കുന്നതിൽ അർത്ഥമില്ല..

അമ്മായി പറഞ്ഞതാണ് ശെരി,,, ചെറുപ്പത്തിൽ ആരോ എന്തോ പറഞ്ഞെന്നു കരുതി അത് മനസ്സിലിട്ട് വളർത്തിയെടുത്ത ഞങ്ങളാണ് വിഡ്ഢികൾ... വിഷ്ണുവേട്ടനിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല.. ഉള്ളിൽ ആഴത്തിൽ മുറിവാകുമെങ്കിലും പറിച്ചു കളയണം മനസ്സിൽ നിന്ന് എന്നന്നേക്കുമായി... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ... ഒരുപാട് നേരത്തെ കൂട്ടികിഴിക്കലിനൊടുവിൽ ഫോണെടുത്തു വിഷ്ണുവിനെ വിളിച്ചു. നാളെ വൈകുന്നേരം ആൽ തറയുടെ അവിടെ വരാൻ പറഞ്ഞു... കാര്യമെന്താണെന്നവൻ ചോദിച്ചെങ്കിലും വേറൊന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു.. ഉടുത്തിരുന്ന സാരി മാറ്റി ചുരിദാർ ധരിച്ചു.. മുടിയെല്ലാം ഉച്ചിയിൽ വാരികെട്ടി,, മനസ്സിനെ കല്ലാക്കി കൊണ്ട് മുറിവിട്ട് പുറത്തേക്കിറങ്ങി................ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story