മഞ്ഞുരുകും കാലം : ഭാഗം 30

Manjurukumkalam

രചന: ഷംസീന

അവൾ പതിയെ അവന്റെ കവിളിലൊന്ന് തലോടി.. പൊടുന്നനെ കാശി അവളെ ഇറുകെ പുണർന്നു... ആ പിടുത്തതിൽ തന്റെ അസ്ഥികൾ പോലും നുറുങ്ങുന്നതായവൾക്ക് തോന്നി... "എനിക്ക് പേടിയാവുന്നു.. എന്നെ തനിച്ചാക്കല്ലേ.. നിക്ക് പേടിയാ.." അവൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു... അവനെ സമാധാനിപ്പിക്കാനെന്നോണം ദീപ്തി തലയിൽ തലോടി കൊണ്ടിരുന്നു... "ഞാനില്ലേ കൂടെ പിന്നെന്തിനാ പേടിക്കുന്നെ..വാ നമുക്ക് ബെഡിൽ കിടക്കാം..." ആദ്യമൊന്നവൻ എണീക്കാൻ മടിച്ചെങ്കിലും ദീപ്തി വീണ്ടും വാത്സല്യത്തോടെ പറഞ്ഞപ്പോൾ അവൾക്കായി വഴങ്ങി കൊടുത്തു... ദീപ്തി അവനെ എഴുന്നേൽപ്പിച്ചു ബെഡിൽ കിടത്തി... "എന്നെ വിട്ട് പോവല്ലേ.. " കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ ദീപ്തിയെ കാശി തടഞ്ഞു.. "ലൈറ്റ് ഓഫ്‌ ചെയ്യാൻ... " "വേണ്ട ലൈറ്റ് അണക്കേണ്ടാ... " കാശി ബെഡിലേക്ക് ചുരുണ്ട് കൂടി.. ദീപ്തി അവനടുത്തായി കിടന്നു തലയിൽ തഴുകി കൊണ്ടിരുന്നു..പൊടുന്നനെ അവൻ അവളെ ഇറുകെ പുണർന്നു മാറിലേക്ക് മുഖം അമർത്തി...

അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ ഞെട്ടിത്തരിച്ചു... എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം പകച്ചു നിന്നു... അവൾ അവന്റെ മുഖത്തേക്ക് നോക്കി.. കൊച്ചു കുഞ്ഞുങ്ങളെ പോലെ മുഖം മറച്ചാണ് കിടക്കുന്നത്... എന്നിരുന്നാലും ഉയർന്നു താഴുന്ന ശ്വാസവിശ്വാസത്തിൽ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി.. അവന്റെ ചുടു നിശ്വാസം അവളുടെ മാറിലൂടെ ഒഴുകി ശരീരമാകെ പടർന്നു.. അവളിൽ വല്ലാത്തൊരു വെപ്രാളം നിറഞ്ഞു.. വീണ്ടുമവൻ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നതും അവൾ മുതുകിൽ പതിയെ തട്ടികൊടുത്തു.. അവൻ ഒന്നൂടെ മാറിലേക്ക് പറ്റിച്ചേർന്നു...അവളുടെ സ്വാന്ത്വനത്തിൽ അവന്റെ കണ്ണുകൾ താനെ അടഞ്ഞു... തന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കാശിയെ ചേർത്ത് പിടിച്ചു അവളും എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു... *****

സൂര്യ രശ്മികൾ കർട്ടനിടയിലൂടെ മുഖത്തേക്ക് വന്നു പതിച്ചതും പുളിച്ച കണ്ണുകൾ തിരുമ്മി ദീപ്തി കണ്ണുകൾ തുറന്നു.... കൈകൾക്ക് വല്ലാത്ത വേദന അനക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല... അവൾ തലചെരിച്ചു കാശിയെ നോക്കി... രാത്രി എങ്ങനെയാണോ കിടന്നിരുന്നത് അത് പോലെ തന്നെയാണ് ഇപ്പോഴും കിടക്കുന്നത്... മാറിൽ നിന്നും തെന്നി മാറിയ സാരി നേരെയിട്ടുകൊണ്ട് അവന്റെ തലയുടെ കീഴിൽ നിന്നും തന്റെ കൈകൾ വലിച്ചെടുത്തു... അവനൊന്ന് ചിണുങ്ങി കമിഴ്ന്നു കിടന്നു..കയ്യൊന്ന് കുടഞ്ഞു മുടിയും വാരിചുറ്റിയവൾ എഴുന്നേറ്റു ... കാശിയെ നോക്കുന്തോറും അവളുടെ ഹൃദയം ആർദ്രമായി.. പതിയെ കുനിഞ്ഞു കൊണ്ട് അവന്റെ വിരിഞ്ഞ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു.. അവനായുള്ള ആദ്യ ചുംബനം...ആ ഒരു സന്തോഷത്തോടെ തന്നെയവൾ ഫ്രഷാവാൻ പോയി...

ഫ്രഷായി കഴിഞ്ഞു ഒരു കോട്ടൺ സാരിയും വാരി ചുറ്റി താഴേക്ക് ചെന്നു.. കാശിക്കുള്ള ചായ ഇടുമ്പോഴാണ് ചെറിയമ്മ എണീറ്റ് വന്നത്...അവർ കാശിയുടെ ഇന്നലത്തെ അവസ്ഥയെ പറ്റി ചോദിച്ചു.. അവൾ ഒന്നും പറഞ്ഞില്ല,, വെറുതെ അവരെ കൂടെ വിഷമിപ്പിക്കേണ്ടാ എന്ന് തോന്നി കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി...ആ ആശ്വാസത്തിൽ അവർ എല്ലാ ദൈവങ്ങളേയും വിളിച്ചു നന്ദി പറയുന്നത് കാശിക്ക് ചായയുമായി പോവുന്ന ദീപ്തി കേൾക്കുന്നുണ്ടായിരുന്നു... അവളൊരു നെടുവീർപ്പോടെ അവരെ തിരിഞ്ഞുനോക്കി... ദീപ്തി ചായയുമായി ചെന്നപ്പോഴും കാശി എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല... അവൾ ചായ ടേബിളിൽ വെച്ചു സാരിയുടെ മുന്താണിയെടുത്ത് അരയിൽ തിരുകി... "കാശ്യേട്ടാ,,, കാശ്യേട്ടാ... എഴുന്നേറ്റെ... " തട്ടിവിളിച്ചിട്ടും അവൻ തിരിഞ്ഞു കിടന്നു എന്നതല്ലാതെ ഉണർന്നില്ല...

ക്ഷമകെട്ട ദീപ്തി ജഗ്ഗിലുള്ള വെള്ളമെടുത്ത് അവന്റെ മുഖത്തേക്ക് തെളിച്ചു... "ഏയ്‌.. " ഈർഷ്യയോടെ കാശി മുഖത്തെ വെള്ളം തുടച്ചു എഴുന്നേറ്റു... കണ്ണുകൾ കൂർപ്പിച്ചു തന്നെ നോക്കുന്ന ദീപ്തിയുടെ നേരെ കണ്ണുരുട്ടി പേടിപ്പിച്ചു ദേഷ്യത്തിൽ ബെഡിൽ നിന്നും എഴുന്നേറ്റ് പോയി... ദീപ്തി ഉള്ളിൽ ചിരിച്ചു കൊണ്ട് തലയിലെ തോർത്ത്‌ മുണ്ടെഴിച്ചു മുടി കുളിപ്പിന്നൽ കെട്ടി... സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് നെറ്റിയിൽ തൊട്ട് മുറിവിട്ട് പോവാനായി തുടങ്ങുമ്പോഴാണ് കയ്യിൽ പിടിച്ചാരോ വലിച്ചത്... വാതിൽ ലോക്ക് ചെയ്യുന്ന കാശിയെ കണ്ടതും അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി...അവനടുത്തേക്ക് വരുന്നതിനനുസരിച്ചവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു... അവന്റെ നോട്ടം അവളുടെ പിടക്കുന്ന കരിനീല കണ്ണുകളിൽ തങ്ങി നിന്നു... അതിന്റെ മാസ്മരികതയിൽ സ്വയം മറന്നവൻ അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തു... ഇരുവരുടേയും ഹൃദയം ശക്തിയിൽ മിടിച്ചു കൊണ്ടിരുന്നു... ദീപ്തിയുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു..

ഇന്നലെ നടന്ന കാര്യങ്ങളുടെ ഒരു ലാഞ്ചന പോലും അവന്റെ മുഖത്തുണ്ടായിരുന്നില്ല.. അവൾ അവനിൽ നിന്നും അകന്നുമാറാൻ ശ്രമിക്കുന്തോറും അവൻ കൂടുതൽ കൂടുതൽ അവളെ തന്നിലേക്ക് അടക്കി പിടിച്ചു.. മുഖത്തോട് മുഖം നോക്കി നിൽക്കവേ കണ്ണുകൾ പരസ്പരം ഇടഞ്ഞതും തന്റെ നീളൻ മുടിയിഴകളിലെ വെള്ളം അവളുടെ മുഖത്തേക്ക് ശക്തിയിൽ കുടഞ്ഞു... "ഇതെന്തിനാണെന്നോ രാവിലെ തന്നെ എന്റെ ഉറക്കം കളഞ്ഞതിന്.. " കുസൃതിയോടെ പറഞ്ഞുകൊണ്ട് അവൻ അവളിലുള്ള പിടി അയച്ചു.. അപ്പോഴാണ് അവന്റെ കണ്ണുകൾ നെറ്റിയിൽ നിന്നും പടരുന്ന അവളുടെ കുങ്കുമത്തിൽ പതിച്ചത്...തന്റെ ടർക്കിയുടെ തുമ്പ് കൊണ്ടത് തൂത്തു കൊടുത്ത ശേഷം അവിടെ തന്റെ ചുണ്ടുകൾ പതിക്കാൻ ആഞ്ഞതും പെട്ടന്നവൾ അവനെ തള്ളി മാറ്റി പുറത്തേക്കോടി... "നിന്നെ എന്റെ കയ്യിൽ കിട്ടും... " അവൾ പോയ വഴിയേ നോക്കി പറഞ്ഞുകൊണ്ടവൻ പുഞ്ചിരിച്ചു.... അതിനുശേഷം അവൾ മുകളിലേക്ക് പോയതേ ഇല്ല... ബ്രേക്ക്‌ഫാസ്റ്റ് എടുത്ത് ടേബിളിൽ വെക്കുമ്പോഴാണ് താഴേക്കിറങ്ങി വരുന്ന കാശിയെ കണ്ടത്...

ഒളിക്കണ്ണാലെ അവനെയൊന്ന് നോക്കി മറഞ്ഞു നിന്നു... ദീപ്തിയെ ചുറ്റും കണ്ണുകൾ കൊണ്ട് തിരഞ്ഞെങ്കിലും കണ്ടില്ല.. അവനിൽ വല്ലാത്തൊരു നിരാശ മൂടി... "ഏട്ടൻ ഇത് ആരെയാ തിരയുന്നെ...? " അറിയാമായിരുന്നിട്ടും അവനെ വെറുതെ ശുണ്ഠി പിടിപ്പിക്കാനായി ഗോപു ചോദിച്ചു... "ആരേയും ഇല്ല.." ഗൗരവത്തിൽ പറഞ്ഞിട്ടവൻ തലകുമ്പിട്ടിരുന്നു... "കഷ്ടപ്പെട്ട് നോക്കിയതല്ലേ,, ദോ ആള് വരുന്നുണ്ട്... " ചായയുമായി വരുന്ന ദീപ്തിയെ നോക്കി ഗോപു പറഞ്ഞു.. ദീപ്തി ഗോപുവിനെ നോക്കി കണ്ണുരുട്ടി... "എന്നെ നോക്കി കണ്ണുരുട്ടുവൊന്നും വേണ്ടാ ഇവിടെ ഒരാൾ കണ്ണിലെണ്ണ ഒഴിച്ചു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം ഇത്തിരിയായി... " ഗോപു കാശിയെ ഒളികണ്ണിട്ട് നോക്കി.. "വന്നു വന്നു ചെക്കന്റെ നാവിനു ഒരു ലൈസൻസും ഇല്ലാതെയായി.. മിണ്ടാണ്ടിരുന്ന് കഴിക്കാൻ നോക്കെടാ... " ചെറിയമ്മ ഗോപുവിന്റെ ചെവിയിലൊന്ന് കിള്ളി അവന്റെ അടുത്തിരുന്നു... ചായ കാശിയുടെ അരികിലേക്ക് നീക്കി വെച്ചു ദീപ്തിയും അവന്റെ അടുത്തിരുന്നു... ആരും പരസ്പരം സംഭാഷണങ്ങളൊന്നുമില്ലാതെ മൗനമായി കഴിച്ചെഴുന്നേറ്റു...

കഴിച്ചു കഴിഞ്ഞു കാശി മുകളിലേക്ക് തന്നെ പോയി ഗോപു പുറത്തേക്കും...ദീപ്തിയും ചെറിയമ്മയും അല്ലറ ചില്ലറ പണികളുമായി അവിടെ കൂടി... പണികളെല്ലാം കഴിഞ്ഞു കുളിക്കാനായി ദീപ്തിയുടെ തലയിൽ എണ്ണയിട്ടു കൊടുക്കുവാണ് മല്ലിക... അവർ തല മസ്സാജ് ചെയ്യുമ്പോൾ അതിന്റെ ആലസ്യത്തിൽ ദീപ്തി കണ്ണുകൾ അടച്ചങ്ങനെ ഇരുന്നു... "കാശിയേട്ടന്റെ അച്ഛനും അമ്മയ്ക്കും എന്ത് പറ്റിയതാണ്... ഇന്നലെ കാശ്യേട്ടൻ ചെറുതായിട്ട് പറഞ്ഞു തന്നു അപ്പോഴേക്കും ആള് അപ്സെറ്റായി..." ദീപ്തി തിരിഞ്ഞിരുന്ന് മല്ലികാമ്മയെ നോക്കി.. "വാഹനാപകടം ആയിരുന്നു... ചീറി പാഞ്ഞൊരു ലോറി ഇവർ സഞ്ചരിച്ച കാറിനു നേരെ വന്നിടിച്ചു... അവിടെ വെച്ച് തന്നെ ഏട്ടൻ മരിച്ചു ഏട്ടത്തി രണ്ട് ദിവസം വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് പോയത്... പിന്നീടുണ്ടായിരുന്നത് കാശിയായിരുന്നു...

ജീവിതത്തിനും മരണത്തിനും ഇടക്ക് ദിവസങ്ങൾ തള്ളിനീക്കി.. മരിച്ചുപോയ ആ ആത്മാക്കളുടെ കണ്ണീരിന്റെ ഫലമാവാം പാതി ചത്ത മനസ്സോടെ അവനെ തിരികെ കിട്ടി..കാർ ഓടിച്ചിരുന്നത് അവനായിരുന്നു.. അതുകൊണ്ട് തന്നെ താൻ മൂലമാണ് തന്റെ അച്ഛനും അമ്മയും മരിക്കാൻ ഇടയായതെന്ന് അവന്റെ ബോധമനസ്സ് ഉൾകൊണ്ടു... കുറെയേറെ ചികിത്സകൾ നടത്തി യാതൊന്നും ഫലം കണ്ടില്ല... പഴയ കളിയില്ല ചിരിയില്ല എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ഇരുട്ടിൽ അഭയം പ്രാപിച്ചു ഇരിക്കും... ഇടക്ക് മാനസിക സംഘർഷം അധികമാവുമ്പോൾ സ്വയം നോവിക്കുകയോ അല്ലെങ്കിൽ ഈ വീട്ടിലെ ഓരോ സാധനങ്ങളും എറിഞ്ഞുടക്കുകയോ ചെയ്യും...പിന്നീട് കുറച്ചെങ്കിലും മാറ്റം കണ്ടു തുടങ്ങിയത് മോളെ കണ്ടപ്പോഴാണ്... മോളോട് ഒരു അപേക്ഷയെ ഉള്ളൂ എന്റെ കുഞ്ഞിനെ കൈവിടരുത്..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കുമവർ വിതുമ്പി പോയിരുന്നു.. ദീപ്തിയുടെ കണ്ണുകളും നിറഞ്ഞൊഴുകി..അവൾ അവരെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു... "ദീപ്തി... " മുകളിൽ നിന്നും കാശിയുടെ വിളി കേട്ടതും മല്ലിക അവളെ അവന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു... എന്നിട്ടവർ തന്റെ ഏട്ടനെയും ഏട്ടത്തിയെയും അടക്കം ചെയ്ത തെക്കേ തൊടിയിലേക്ക് നടന്നു.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story