മഞ്ഞുരുകും കാലം : ഭാഗം 31

Manjurukumkalam

രചന: ഷംസീന

"താൻ എവിടെയായിരുന്നു.. എത്ര നേരം കൊണ്ട് ഞാൻ വിളിക്കുന്നതാ... " കാശി വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വെച്ചു ഗൗരവത്തിൽ ചോദിച്ചു... "ഞാൻ താഴെ ചെറിയമ്മയോടൊപ്പം... അവളൊന്ന് പരുങ്ങി... "മ്മ് താൻ വന്നിവിടിരിക്ക് നമുക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം..." ദീപ്തി കുറച്ചകലമിട്ട് അവനോടൊപ്പം ചാരുപടിയിൽ ഇരുന്നു...കാശിക്ക് തന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും അവൾ മനസ്സിലാക്കി... "കാശ്യേട്ടന് എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ...? " ദീപ്തി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി... "വിഷ്ണുവിന് തന്നെ ഇഷ്ടമായിരുന്നോ.. I mean love..? " അവളുടെ മുഖത്തെ പതർച്ച അവൻ വ്യക്തമായി മനസ്സിലാക്കി.. എവിടെയോ ഒരു കുഞ്ഞു നോവ് അനുഭവപ്പെട്ടു... "എന്തിയേ വിഷ്ണുവേട്ടൻ വല്ലതും പറഞ്ഞോ... " ദീപ്തി നെറ്റിചുളിച്ചു..

"ഏയ്‌,, എനിക്കെന്തോ അങ്ങനെ തോന്നി... " കാശി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു... "ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു...പൈങ്കിളി ഒന്നുമല്ലായിരുന്നു കേട്ടോ..പരസ്പരം മനസ്സിലാക്കി സ്നേഹിച്ച രണ്ട് പേർ.. ചെറുതിലെ വീട്ടുകാർ പറഞ്ഞുറപ്പിച്ചു വെച്ചതായിരുന്നു ഞാനും വിഷ്ണുവേട്ടനും തമ്മിലുള്ള വിവാഹം... അതിന് ശേഷമാണ് അച്ഛന് അപകടം സംഭവിച്ചതും ഞങ്ങളുടെ കുടുംബം ആകെ താളം തെറ്റിയതും... നിത്യ ചിലവിന് പോലും വഴിയില്ലാതെ വന്നപ്പോൾ പഠിത്തം നിർത്തി ജോലിക്ക് പോവുക എന്ന ഒരു വഴി മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ... കൂടപ്പിറപ്പുകളുടെയും അമയുടെയും കണ്ണീരിന് മുന്നിൽ ഞാൻ എന്റെ സ്വപ്നങ്ങളെ പാതി വഴിയിൽ ഉപേക്ഷിച്ചു ഒരു ജ്വല്ലറിയിൽ ജോലിക്ക് കയറി.. അവിടെ നിന്ന് പരിചയപ്പെട്ടതാണ് ജയേച്ചിയെ... പിന്നീടങ്ങോട്ട് കഷ്ടപ്പാടിന്റെ നാളുകളായിരുന്നു..എന്റെ കഷ്ടപ്പാട് കാണുമ്പോൾ സഹായവുമായി വിഷ്ണുവേട്ടൻ വരും പക്ഷേ ഞാനത് സ്വീകരിക്കില്ല.. എന്റെ അഭിമാനം അതിന് സമ്മതിച്ചില്ല എന്ന് വേണം പറയാൻ...

പിന്നീട് വിഷ്ണുവേട്ടന്റെ അമ്മ ഞങ്ങളുടെ വിവാഹം നടക്കില്ലെന്നും ഈ ബന്ധത്തിൽ നിന്നും ഞാനായിട്ട് ഒഴിയണമെന്നും പറഞ്ഞു... ബന്ധങ്ങൾ എന്നും ബന്ധനങ്ങൾ ആണെന്നെനിക്ക് അന്ന് മനസ്സിലായി... കണ്ണീരോടെ ആണെങ്കിലും ആ ബന്ധം ഞാൻ അവിടെ ഉപേക്ഷിച്ചു... അതിന് ശേഷം വിഷ്ണുവേട്ടന്റെ കല്യാണം കഴിഞ്ഞു... സങ്കടമൊന്നും തോന്നിയില്ല ആളെങ്കിലും രക്ഷപെട്ടല്ലോ എന്ന സമാധാനം ആയിരുന്നു...പിന്നീടാണ് ജയേച്ചി കാശിയേട്ടന്റെ ആലോചനയുമായി വരുന്നത്... ആദ്യം ഞാനതിന് സമ്മതിച്ചില്ല വേറൊന്നും അല്ല ഞാൻ വിവാഹം കഴിഞ്ഞു പോയാൽ എന്റെ കുടുംബം ആര് നോക്കും എന്നുള്ള വേവലാതി....അത് കഴിഞ്ഞു അമ്മയുടെ വയ്യായ്കയും വീടിന്റെ ലോണും എല്ലാം കൂടെ ഒരുമിച്ചു വന്നു എന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു... ഞാൻ കാരണം എന്റെ കുടുംബം വഴിയാഥാരം ആവേണ്ട എന്ന് കരുതി ഞാൻ വിവാഹത്തിന് സമ്മതം മൂളി...

ഇതാണ് അധികം ആർക്കും അറിയാത്ത ദീപ്തിയുടെ ജീവിതം..വിഷ്ണുവേട്ടന്റെ സ്നേഹം ഞാനായിട്ട് കണ്ടില്ലെന്ന് നടിച്ചതാണ് മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി..." പതിഞ്ഞ സ്വരത്തിലവൾ തന്റെ ജീവിതം അവനു മുന്നിൽ തുറന്നുകാട്ടി.. "അപ്പോൾ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ വിവാഹത്തിന് സമ്മതിച്ചത്... " ആർദ്രമായുള്ള അവന്റെ ചോദ്യം ദീപ്തിയെ ഞെട്ടിച്ചു... ഇഷ്ടം കൊണ്ട് തന്നെയല്ലേ താൻ കാശ്യേട്ടനെ വിവാഹം ചെയ്തതെന്നവൾ അവളോട് തന്നെ നൂറാവർത്തി ചോദിച്ചു കൊണ്ടിരിന്നു... "താൻ ചോദിച്ചതിന് മറുപടി തന്നില്ല... " അവളുടെ മറുപടി അറിയാൻ കാശിയിൽ ആകാംഷയേറി.. "ആദ്യമൊക്കെ എനിക്ക് ഉൾകൊള്ളാൻ കഴിയുമോ എന്ന ഭയം ഉണ്ടായിരുന്നു.. എന്നാൽ കാശ്യേട്ടനെ കണ്ടതു മുതൽ ആ ഭയം പാടെ വിട്ടകന്നു...ഞാൻ മൂലം കാശ്യേട്ടന്റെ ജീവിതത്തിലെ സന്തോഷം തിരികെ ലഭിക്കുമെന്നെനിക്ക് തോന്നി...

പക്ഷേ എന്ന് ഈ മോതിരം എന്റെ കയ്യിൽ വീണുവോ അന്ന് മുതൽ നിങ്ങളോട് മാത്രമാണ് എനിക്ക് പ്രണയം തോന്നിയിട്ടുള്ളത് ഇന്നീ നിമിഷം വരെ അതിനൊരു കുറവും വന്നിട്ടില്ല..." ഒന്ന് നിർത്തി കൊണ്ടവൾ അവനെ നോക്കി...അവൻ ദീപ്തിയെ ശ്രദ്ധയോടെ ശ്രവിക്കുകയായിരുന്നു... അത് കണ്ടതും അവൾ തുടർന്നു... "എനിക്കറിയാം കാശിയേട്ടൻ ഇപ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന് എന്റെ ബാധ്യതകളെല്ലാം തീർത്തത് കൊണ്ടായിരിക്കും പ്രണയം തോന്നിയതെന്ന്... ഒരിക്കലുമല്ല ശെരിക്കും ഇഷ്ടം ആയത് കൊണ്ട് തന്നെയാണ്..." അവൾ നിറ കണ്ണുകളാൽ അവനെ നോക്കി.. "എടോ താനിത് എന്തൊക്കെയാ വിളിച്ചു പറയുന്നേ.. ഇങ്ങനെയൊക്കെയാണോ താൻ എന്നെ കുറിച്ച് ധരിച്ചു വെച്ചിരിക്കുന്നത്.." കാശി അവളെ ചേർത്ത് പിടിച്ചു.. "കാശ്യേട്ടാ ഞാൻ.. " എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവൾ നിന്നു..

"പണം എന്ന് ആവശ്യങ്ങൾക്ക് ഉപകരിക്കാൻ അല്ലെടോ അല്ലെങ്കിൽ ആ കടലാസ് തുണ്ടുകൾക്ക്‌ യാതൊരു വിലയും ഇല്ല...പിന്നെ ഞാൻ വിഷ്ണുവിന്റെ കാര്യം ചോദിച്ചത് ചുമ്മാ അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളൂ അത് തനിക്കിത്രയും ഫീൽ ആവും എന്ന് കരുതിയില്ല..." ഇടർച്ചയോടെ കാശി പറഞ്ഞു നിർത്തി... "നിക്ക് ഫീൽ ആയിട്ടൊന്നും ഇല്ല കാശിയേട്ടൻ എന്നെ തെറ്റിദ്ധരിച്ചു കാണുമോ എന്നോർത്തുള്ളൊരു വിഷമം അത്രേ ഉള്ളൂ... അല്ലേലും എന്റെ ഭാഗത്തും തെറ്റുണ്ട് വിഷ്ണുവേട്ടനെ പറ്റി ഞാൻ പറയേണ്ടതായിരുന്നു..." "അവളുടെ വാക്കുകളിൽ വല്ലാത്തൊരു കുറ്റബോധം കലർന്നിരുന്നു... ഇനിയിപ്പോ അതിനെ പറ്റിയൊരു സംസാരം വേണ്ടാ...നമ്മുടെ ജീവിതത്തിൽ മൂന്നാമതൊരു വ്യക്തിക്ക് യാതൊരു പ്രസക്തിയും ഇല്ല കേട്ടല്ലോ...പഴയതെല്ലാം മറന്ന് ഭാവിയെ കുറിച്ച് ആലോചിക്ക്... "

അവളുടെ കവിളിലൊന്ന് തട്ടി കാശി അവിടെ നിന്നും എഴുന്നേറ്റ് പോയി... "ഈ മനുഷ്യനെ മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ... " അവൻ പോവുന്നതും നോക്കി നിന്നവൾ മനസ്സിൽ ചിന്തിച്ചു... **** കലത്തിൽ കിടന്നു തിളയ്ക്കുന്ന ചോറിന്റെ വേവ് നോക്കുമ്പോഴാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം ശ്രുതി കേട്ടത്... ആരായിരിക്കും ഈ നേരത്ത്,,, ചിന്തിച്ചു കൊണ്ടവൾ തവി സ്ലാവിലേക്ക് വെച്ചുകൊണ്ട് വാതിൽ തുറക്കാനായി ചെന്നു... വാതിൽ തുറന്നപ്പോൾ കുറച്ചധികം ബാഗുകളുമായി മുന്നിൽ നിൽക്കുന്ന സുധയെയും സുജയേയും കണ്ടു അവൾ അമ്പരന്നു... "ഇതെന്താ അമ്മയും ചേച്ചിയും ഒരു മുന്നറിയിപ്പുമില്ലാതെ... " അതേ അമ്പരപ്പോടെ തന്നെ ചോദിച്ചു.. "അതെന്താ നോട്ടീസ് അടിച്ചിറക്കിയിട്ട് വേണോ ഞങ്ങളുടെ വീട്ടിലേക്ക് വരാൻ,,, മാറ് പെണ്ണേ അങ്ങോട്ട്..." സുജ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് തന്റെ വീർത്തു വന്ന വയറും താങ്ങി അകത്തേക്ക് നടന്നു... "വിഷ്ണു എന്തിയേ..?" സുധ കുറച്ചു മയത്തിൽ ചോദിച്ചു... "ഏട്ടൻ കടയിൽ പോയി.. " "കടയിലോ അതോ മറ്റവളുടെ വീട്ടിലോ... "

അവർ അവളെ അടിമുടി നോക്കി.. "കടയിൽ തന്നെയാണ് പോയത്.." ശ്രുതി തന്റെ അണപ്പല്ല് ഞെരിച്ചു... "മ്മ്,, ആ ബാഗുകൾ എടുത്ത് അകത്തേക്ക് വെച്ചേക്ക്.. ഹോ പുറത്തൊക്കെ എന്തൊരു ചൂടാ,, കുറച്ചു നേരം കിടക്കട്ടെ..." അവർ അകത്തേക്ക് പോയതും ശ്രുതി ബാഗുകൾ എടുത്ത് മുറിയിലേക്ക് വെച്ചു.. "ഇവിടെ വെപ്പും കുടിയും ഒന്നുമില്ലേ.." അടുക്കളയിൽ നിന്നും സുജയുടെ ഉറക്കെയുള്ള ശബ്ദം കേട്ടതും അവൾ അവിടേക്ക് പാഞ്ഞു... "എന്താ ചേച്ചി,, എന്താ വേണ്ടത്... " അവളുടെ പെരുമാറ്റം ഇഷ്ടമാവാതിരുന്ന ശ്രുതി ഉള്ളിലെ ദേഷ്യം അടക്കി കാര്യം തിരക്കി.. "ഇവിടെ കഴിക്കാൻ ഒന്നുമില്ലേന്ന്.. " സുജ ചീറിയതും അവൾ രാവിലെ ഉണ്ടാക്കിയ ഇഡലിയും ചമ്മന്തിയും എടുത്ത് കൊടുത്തു തന്റെ പണിയിലേക്ക് തിരിഞ്ഞു... ഉച്ചക്കത്തേക്കുള്ളതെല്ലാം റെഡിയാക്കി അവൾ കുളിക്കാനായി പോയി...

കുളിച്ചു വന്നപ്പോൾ അമ്മയും മോളും ഹാളിലിരുന്നു ഊണ് കഴിക്കുന്നുണ്ട്.. തന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാത്തതിൽ അവൾക്ക് ചെറിയൊരു സങ്കടം തോന്നി.. അവർ കഴിച്ചു കഴിഞ്ഞ പാത്രം കഴുകി സ്റ്റാൻഡിൽ വെക്കുമ്പോഴാണ് വിഷ്ണുവിന്റെ ബൈക്കിന്റെ സൗണ്ട് കേട്ടത്... അവർക്ക് രണ്ട് പേർക്കും കഴിക്കാനുള്ള പാത്രം എടുത്ത് വെച്ചു അവൾ ഉമ്മറത്തേക്ക് ചെന്നു... വിഷ്ണു ചിരിച്ചു കൊണ്ടവളുടെ അടുത്തേക്ക് വന്നു... "ഇതെന്താ പതിവില്ലാതെ ഈ നേരത്തൊരു കുളി.. " അവളുടെ മുടിയിൽ ഇറ്റി വീഴുന്ന വെള്ളം കണ്ടവൻ ചോദിച്ചു.. "പണിയെല്ലാം ഇപ്പൊ കഴിഞ്ഞേ ഉള്ളൂ,, ഏട്ടൻ വാ ഊണ് കഴിക്കാം.. " ശ്രുതി അവന് ചോറ് വിളമ്പി കൂടെ അവളും ഇരുന്നു.. "അമ്മയും ചേച്ചിയും വന്നിട്ടുണ്ട്... " കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.. "എപ്പോ.. എന്നിട്ടെവിടെ ഇവിടെ ഒന്നും കാണാനില്ലല്ലോ..." അവൻ ചുറ്റും ഒന്ന് നോക്കി.. "മുറിയിലുണ്ട്... വിളിക്കണോ.." "വേണ്ട.. താനിരുന്ന് കഴിക്ക് അത് കഴിഞ്ഞ് നോക്കാം... " കഴിച്ചു കഴിഞ്ഞതും വിഷ്ണു കൈകഴുകി സുധയുടെ മുറിയിലേക്ക് ചെന്നു..

"അമ്മേ... " "ആ നീ വന്നോ... അമ്മ ഉറങ്ങുവാണ് വിളിക്കണോ..." സുജയായിരുന്നു മറുപടി കൊടുത്തത്.. "ഇതെന്താ ഒന്ന് വിളിച്ചു പറയുക കൂടി ചെയ്യാതെ ഇങ്ങ് പോന്നത്..." അവൻ ചോദിച്ചു.. "പോരണമെന്ന് തോന്നി പോന്നു.. ഇനി അതിനും നിന്നോടും നിന്റെ കെട്ടിയോളോടും കാരണം ബോധിപ്പിക്കണോ.. " സുധ നീരസത്തിൽ ചോദിച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു... "വേണമെന്നില്ല.. അമ്മയുടെ വീടല്ലേ അമ്മക്കെപ്പോ വേണേലും വരാലോ...ഞാൻ എന്നാൽ ഇറങ്ങുവാ കടയിൽ ആളില്ല..." ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ വഴക്കിലേക്ക് കടക്കും എന്ന് മനസ്സിലായ വിഷ്ണു കടയിലേക്ക് തിരികെ പോയി.. വിഷ്ണു പോയതും സുജ അവളുടെ ഭരണം തുടങ്ങി... ശ്രുതി ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കി തുടങ്ങി... ശ്രുതിയും സുജ ഏത് വരെ പോവും എന്ന് നോക്കാൻ വേണ്ടി മറുത്തൊന്നും പറയാതെ അവൾ പറയുന്നതനുസരിച്ചു നിന്നു... അവൾക്കേറെ വിഷമം തോന്നിയത് ഇതെല്ലാം കണ്ടിട്ടും സുധ ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുന്നത് കണ്ടാണ്...

എങ്ങനെയെങ്കിലും രാത്രി ഒന്നായാൽ മതിയെന്നവൾക്ക് തോന്നി... രാത്രിയിൽ പണിയെല്ലാം ഒതുക്കി വിഷ്ണുവിന്റെ നെഞ്ചോരം ചേർന്ന് കിടക്കുമ്പോഴും അവൾ സുജയുടെ പെരുമാറ്റത്തെ കുറിച്ചൊന്നും പറഞ്ഞില്ല.. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടന്ന് കരുതി... എന്നാൽ അവളുടെ മുഖം മാറിയാൽ മനസ്സിലാവുന്ന വിഷ്ണുവും അവളോടായി ഒന്നും ചോദിച്ചില്ല... അവൾ സ്വയം തന്നോട് പറയട്ടെ എന്നവൻ കരുതി.. രാവിലെയുള്ള ബഹളം കേട്ടാണ് വിഷ്ണു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്... അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് ബഹളം കേട്ടിടത്തേക്ക് ഓടി... അവിടെ ചെന്നപ്പോൾ കണ്ടത് ശ്രുതിയെ കടിച്ചു കീറാനായി നിൽക്കുന്ന സുജയെയാണ്.. അവന് അടിമുടി വിറഞ്ഞു കയറി.. "ചേച്ചി... " വീണ്ടും ഒരംഗത്തിന് ഒരുങ്ങുന്ന സുജയെ അവൻ ദേഷ്യത്തിൽ വിളിച്ചു.. അന്നേരം വിഷ്ണുവിനെ അവിടെ പ്രതീക്ഷിക്കാതിരുന്ന സുജ ഞെട്ടികൊണ്ടവനെ നോക്കി........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story