മഞ്ഞുരുകും കാലം : ഭാഗം 32

Manjurukumkalam

രചന: ഷംസീന

"ചേച്ചി... " വീണ്ടും ഒരംഗത്തിന് ഒരുങ്ങുന്ന സുജയെ അവൻ ദേഷ്യത്തിൽ വിളിച്ചു.. അന്നേരം വിഷ്ണുവിനെ അവിടെ പ്രതീക്ഷിക്കാതിരുന്ന സുജ ഞെട്ടികൊണ്ടവനെ നോക്കി... കണ്ണുകൾ നിറച്ചു നിസ്സഹായതയോടെ നിൽക്കുന്ന ശ്രുതിയെ കണ്ടപ്പോൾ അവന്റെ നെഞ്ചോന്ന് പിടഞ്ഞു... "ചേച്ചി എന്താവശ്യത്തിനാ ഇവളുടെ നേരെ കയർക്കുന്നെ...മനപ്പൂർവം കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കുകയാണോ... " അവൻ കോപത്തോടെ ചോദിച്ചു.. "ഇതാപ്പോ നന്നായെ.. നിന്റെ ഭാര്യ ഒപ്പിച്ചു വെച്ച പണി കണ്ടോ..." സുജ അങ്ങനെ പറഞ്ഞപ്പോൾ വിഷ്ണു ശ്രുതിയെ ഒന്ന് നോക്കി.. അവൾ തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെ നിന്നു.. "എന്റെ പുത്തൻ സെറ്റ് സാരിയിലാണ് ചുവപ്പ് ചായം ആക്കി വെച്ചിരിക്കുന്നത്.. ഇനി അത് എന്തിനെങ്കിലും പറ്റുമോ... " സുജ അഴയിൽ കിടക്കുന്ന സാരിയെ ചൂണ്ടി പറഞ്ഞു..

"ഒരു സാരിയല്ലേ അത് ഞാൻ വാങ്ങി തന്നാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ അല്ലാതെ തല പോവുന്ന കാര്യമൊന്നും അല്ലല്ലോ... പിന്നെ നിങ്ങൾ രണ്ടാളും ഇവളോടിങ്ങനെ പോരെടുക്കാൻ ഞാൻ ഇവളെ ഒളിച്ചോടി കൊണ്ടുവന്നു കല്യാണം കഴിച്ചതൊന്നും അല്ല നിങ്ങളുടെയെല്ലാം ഇഷ്ടപ്രകാരം കെട്ടികൊണ്ട് വന്നതാണ്.. നിങ്ങള് ഇപ്പൊ ഇവളോട് കാണിക്കുന്ന നീരസത്തിന്റെ കാരണം എനിക്ക് വളരെ വ്യക്തമായി അറിയാം.. പക്ഷേ ഇനി നിങ്ങൾ എത്ര തലകുത്തി മറിഞ്ഞാലും ദീപ്തിയുടെ കുടുംബത്തെ ഞങ്ങൾ കൈവിടില്ല.. അത് എന്നേക്കാൾ കൂടുതൽ ഉറപ്പ് ദാ ഇവൾക്കുണ്ട്..." അവൻ ശ്രുതിയെ ചേർത്ത് പിടിച്ചു.. "ഇനി ചേച്ചി കാരണത്താൽ ഇവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടാൽ ആ നിമിഷം ഞാൻ ഇങ്ങനെ എനിക്കൊരു കൂടപ്പിറപ്പ് ഉണ്ടെന്ന കാര്യം അങ്ങട് മറക്കും.. പിന്നെ ഇവൾ നിങ്ങളുടെ വേലക്കാരി ഒന്നും അല്ല..

അവരവരുടെ കാര്യങ്ങൾ സ്വയം ചെയ്യുക അതല്ല അതിന് പറ്റില്ല എങ്കിൽ ഇവിടെ നിൽക്കണമെന്നില്ല.. ഇത്രയും ദിവസം നിങ്ങൾ ആരും ഉണ്ടായിട്ടല്ല ഞങ്ങൾ ഇവിടെ ജീവിച്ചത്.. ഇനി ഇതുപോലെ എന്നെകൊണ്ട് പറയാനൊരു അവസരം ഉണ്ടാക്കരുത്,,, കേട്ടല്ലോ രണ്ടാളും..." ഒരു താക്കീത് പോലെ അവരെ നോക്കി പറഞ്ഞു കൊണ്ട് വിഷ്ണു ശ്രുതിയേയും കൂട്ടി അകത്തേക്ക് കയറിപ്പോയി... ***** ഫോണിലെ അലാറം മുഴങ്ങിയതും ദീപ്തി കണ്ണുകൾ തുറന്നു... എഴുന്നേൽക്കാൻ നോക്കുമ്പോഴാണ് തന്റെ മേൽ ഒരു ഭാരം പോലെ തോന്നിയത്... അവൾ ഏന്തി വലിഞ്ഞു ബെഡ്‌ ലാമ്പ് ഓൺ ചെയ്തു... ഇരു കൈകൾ കൊണ്ടും തന്നെ പൊതിഞ്ഞു പിടിച്ചു കിടന്നുറങ്ങുന്ന കാശിയെ കണ്ടവളിൽ ചെറിയൊരു നാണം ഉടലെടുത്തു... ഇന്നലെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കിടന്നുറങ്ങി.. എന്നാൽ പേടിയാണെന്ന് പറഞ്ഞു തന്നെ ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ സമ്മതിക്കാതെ കെട്ടിപിടിച്ചു ഒരേ കിടപ്പായിരുന്നു..

ആ കിടപ്പിൽ താനും അറിയാതെ ഉറങ്ങിപ്പോയി.. ഇന്നലെ നിമിഷങ്ങളെ കുറിച്ചോർക്കുന്തോറും അവൾക്കൊരു കുസൃതി തോന്നി...അവൾ ഒന്നുയർന്നു പൊന്തി അവന്റെ മീശ തുമ്പിലൊന്ന് കടിച്ചു... "സ്സ്... " വേദന കൊണ്ടവൻ അവിടെ ഒന്നുഴിഞ്ഞു കണ്ണുകൾ തുറന്നു... ദീപ്തി കണ്ണുകൾ അടച്ചു ഒന്നും സംഭവിക്കാത്തത് പോലെ കിടന്നു.. കാശി കുറച്ചു സമയം എന്താ നടന്നതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു..എന്നിട്ട് ദീപ്തിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. കൺപോളകൾക്ക് മുകളിലൂടെ ചലിക്കുന്ന കൃഷ്ണമണികളും ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കുസൃതി ചിരിയും കണ്ടതും കാശിക്ക് കാര്യം പിടികിട്ടി.. അവൻ തന്റെ ചൂണ്ടു വിരൽ അവളുടെ നെറ്റിമുതൽ താഴേക്ക് ഒഴുക്കി.. ദീപ്തി ശ്വാസം അടക്കി പിടിച്ചു കിടന്നു...അവളുടെ ഉടലാകെ വിറപൂണ്ടു..വിരലുകളുടെ ചലനം താടി തുമ്പിൽ നിന്നതും അവൻ വീണ്ടുമൊന്നവളെ നോക്കി...

അവളുടെ അടച്ചു പിടിച്ച മിഴികളിലെ പിടപ്പ് അവനു മനസ്സിലായിരുന്നു...അവൻ താടിത്തുമ്പിൽ നിന്നും വിരൽ മാറ്റി മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.. ദീപ്തിയുടെ കൈകൾ ബെഡ്ഷീറ്റിൽ മുറുകി...അവൻ അവളുടെ താടിത്തുമ്പ് ലക്ഷ്യം വെച്ചു നീങ്ങി...മുഖമൊന്നുയർത്തി തന്റെ ദന്തങ്ങൾ കൊണ്ടവിടെ പതിയെ കടിച്ചു... "സ്സ്... " ദീപ്തി അറിയാതെ എരിവലിച്ചു.. കാശിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. അവൾ മിഴികൾ തുറന്നപ്പോൾ കാണുന്നത് തന്റെ താടിത്തുമ്പിൽ പല്ലുകൾ ആഴ്ത്തിയിരിക്കുന്ന കാശിയെയാണ്.. അവളെ നോക്കി കൊണ്ട് തന്നെയവൻ പല്ലുകൾ അടർത്തിമാറ്റി തന്റെ കൊണ്ടൊന്നവിടെ ഉഴിഞ്ഞു... അവളുടെ ഉള്ളിൽ കൂടൊരു മിന്നൽ പിണർ പാഞ്ഞുപോയി... പൊടുന്നനെ ദീപ്തി അവനെ തള്ളിമാറ്റി എഴുന്നേറ്റിരുന്നു.. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു... ഇപ്പോൾ കാശിയുടെ മുഖത്തെ ഭാവം എന്തായിരിക്കും എന്നറിയാവുന്ന ദീപ്തിക്ക് അവനെ നോക്കാൻ വല്ലാത്തൊരു ചമ്മൽ തോന്നി...ഇടം കണ്ണിട്ട് അവനെയൊന്ന് നോക്കി,,

കുസൃതി ചിരിയാലെ തന്നെ തന്നെ നോക്കി കിടക്കുവാണ്... അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോവാൻ തുടങ്ങിയപ്പോഴേക്ക് സാരിയുടെ മുന്താണിയിൽ പിടുത്തം വീണിരുന്നു... "എന്നെ നോവിച്ചിട്ട് അങ്ങനങ്ങു പോയാലോ..." അവൻ കാതോരം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. "ഞാൻ..വെറുതെ..ഒരു..കുസൃതിക്ക്... " അവൾ നിന്ന് വിയർത്തു... "എന്നാൽ എനിക്കും ഒരു കുസൃതി തോന്നുന്നുണ്ട്... " "എ. എന്ത് കുസൃതി...?" വല്ലാത്തൊരു ഭാവത്തോടെ അവൻ പറഞ്ഞതും അവളാകെ വെപ്രാളം പൂണ്ടു... "അതോ...?ഇന്നലെ തന്നത് പോലെ ദാ ഇവിടെ ഒരു ചുടു ചുംബനം തന്നേക്ക് എന്നാൽ തന്നെ ഞാൻ വെറുതെ വിടാം.." അവൻ തന്റെ നെറ്റിയിൽ തൊട്ടു കൊണ്ട് പറഞ്ഞു... "അപ്പൊ ഇന്നലെ ഉറങ്ങിയില്ലായിരുന്നോ...?" അവൾ സംശയത്തോടെ അവനെ നോക്കി... 'ഉറങ്ങിയിരുന്നു എന്നാൽ ഉണർന്നപ്പോഴാണ് താൻ ചുംബിക്കുന്നത് കണ്ടത് അപ്പോൾ പിന്നെ കണ്ണുകൾ അടച്ചുകൊണ്ടത് ആസ്വദിച്ചു... "

അവൻ വീണ്ടും കുസൃതിയോടെ പറഞ്ഞപ്പോൾ അവൾക്കാകെ നാണമായി...അവൾ അവന്റെ കൈക്കുള്ളിൽ കിടന്നു കുതറി... "തരാതെ നിന്നെ വിടില്ല പെണ്ണേ..? " കാശി അവളെ മുറുകെ പിടിച്ചു... ചുംബനം കൊടുക്കാതെ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ദീപ്തി കാശിയുടെ തലയ്ക്കു പിന്നിൽ തന്റെ കൈകൾ വെച്ച് നെറ്റി തന്റെ മുഖത്തേക്ക് അടുപ്പിച്ചു വിറക്കുന്ന അധരങ്ങളാൽ അവിടെ ചുംബിച്ചു... കുറച്ചു നിമിഷങ്ങൾ അവൻ ദീപ്തിയുടെ ചുണ്ടുകളുടെ മൃദുലതയും തണുപ്പും അറിഞ്ഞു... അവൾ ചുണ്ടുകൾ പിൻവലിച്ചതും കണ്ണുകൾ ചിമ്മി കൊണ്ടവൻ അവളെ നോക്കി ചിരിച്ചു... ***** കട്ടിലിൽ തല കുമ്പിട്ടിരിക്കുന്നവളെ അവൻ ദേഷ്യത്തിൽ നോക്കി ... "എന്നെയെന്തിനാ നോക്കി ദഹിപ്പിക്കുന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല... " ശ്രുതി കൊച്ചു കുട്ടിയേ പോലെ പരിഭവിച്ചു... "നീയൊന്നും ചെയ്തിട്ടില്ല അതിന്റെ കൂടെ ചേർത്താണല്ലോ എനിക്ക് പറയേണ്ടി വന്നത്... " "അത് പിന്നെ... " "ശൂ.. " എന്തോ പറയാൻ വന്നവളെ അവൻ നിശബ്‍ദമാക്കി...

"എന്നോട് തല്ലുണ്ടാക്കുന്നതിന്റെ പകുതി നാക്ക്‌ മതിയല്ലോ ചേച്ചിയോട് പിടിച്ചു നിൽക്കാൻ എന്നിട്ടും നീയെന്തിനാ ചുമ്മാ അതും കേട്ട് കൊണ്ട് നിന്നത്... പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യണം അല്ലേൽ ഇതുപോലെ ഓരോന്ന് വന്നു തലയിൽ കയറി നിരങ്ങും... " വിഷ്ണു വാത്സല്യത്തോടെ അവളെ ശാസിച്ചു....അവൻ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു... "രാവിലെ തന്നെ ഒച്ചയെടുത്തിട്ടാണെന്ന് തോന്നുന്നു വല്ലാത്ത തലവേദന നീയൊരു കട്ടൻ എടുത്തേ... " വിഷ്ണു പറഞ്ഞതും ശ്രുതി കട്ടിലിൽ നിന്നും എഴുന്നേറ്റു... വിഷ്ണു മൊബൈൽ എടുത്തു നോക്കുമ്പോഴാണ് ചായ ഇടാൻ പോവാതെ വാതിൽ പടിയിൽ നിന്ന് പരുങ്ങുന്ന ശ്രുതിയെ ശ്രദ്ധിച്ചത്.. "മ്മ് എന്തേ... " അവൻ മൊബൈൽ മാറ്റി വെച്ച് അവളെ കൂർപ്പിച്ചു നോക്കി... "അത്..." "നിന്ന് കിണുങ്ങാതെ താൻ കാര്യം പറയുന്നുണ്ടോ..? " "ഞാൻ എപ്പോഴാ ഏട്ടനുമായി തല്ലുണ്ടാക്കിയേ...?" വിഷ്ണു ഒച്ചയെടുത്തതും അവൾ പെട്ടന്ന് പറഞ്ഞു.. "എന്താ.. " പറഞ്ഞത് മനസ്സിലാവാതെ വിഷ്ണു ചോദിച്ചു...

"അല്ല നേരത്തെ പറഞ്ഞില്ലേ ഞാൻ ഏട്ടനുമായി വഴക്കുണ്ടാക്കിയെന്ന് അതാ ചോദിച്ചേ... " "ഓ.. അത് ഞാൻ ആ ഓളത്തിലങ്ങ് പറഞ്ഞുപോയതാ... " അവൻ അബദ്ധം പറ്റിയത് പോലെ നാവ് കടിച്ചു... "മ്മ്.. " അവനെ കണ്ണുരുട്ടി നോക്കി കൊണ്ടവൾ ചായ ഇടാനായി പോയി... ചായക്ക് വെള്ളം സ്റ്റോവിൽ വെച്ചു തിളക്കാനായി കാത്തു നിന്ന സമയം കൊണ്ട് ശ്രുതി അടുക്കളപ്പടിയിൽ നിന്ന് അലക്ക് കല്ലിന്റെ അവിടേക്ക് എത്തി നോക്കി... അവിടെ സുധ നിന്ന് അലക്കുന്നുണ്ട്.. ഓരോ ജോഡി വസ്ത്രം അലക്കുമ്പോഴും അമ്മക്കുള്ള നിർദ്ദേശവുമായി സുജയും കുറച്ചു മാറി നിൽക്കുന്നുണ്ട്... അവൾക്ക് ചെറിയൊരു വിഷമം തോന്നി വയ്യാത്ത അമ്മയെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിൽ എന്നാൽ സുജയുടെ അഹങ്കാരം ഓർക്കേ അവൾ അത് കണ്ടില്ലെന്ന് നടിച്ചു തിരികെ അടുക്കളയിലേക്ക് ചെന്നു.. ****** രാത്രി എല്ലാവർക്കുമുള്ള അത്താഴം വിളമ്പി വെക്കുമ്പോഴാണ് കാശിയേയും കൂട്ടി പടികളിറങ്ങി വരുന്ന ദീപ്തിയെ മല്ലികാമ്മ കണ്ടത്... അവരുടെ മിഴികൾ ഈറനായി..

"ഇതെന്താ കണ്ണും നിറച്ചു നിൽക്കുന്നേ.. നോക്കി നിൽക്കാതെ അത്താഴം വിളമ്പ് ചെറിയമ്മേ... " കാശി അവരെ നോക്കി പറഞ്ഞതും അവർ അത്യധികം സന്തോഷത്തോടെ അവന്റെ മുന്നിലുള്ള പാത്രത്തിലേക്ക് അത്താഴം വിളമ്പി... ദീപ്തി നോക്കിക്കാണുകയായിരുന്നു മല്ലികാമ്മയുടെ മുഖത്തെ സന്തോഷം... "നിങ്ങളും ഇരിക്ക്... " കാശിയെ നോക്കി നിൽക്കുന്ന ദീപ്തിയേയും മല്ലികയേയും നോക്കികൊണ്ടവൻ പറഞ്ഞു...അവർ അവന്റെ ഇരുവശങ്ങളിലും വന്നിരുന്നു...കാശി അവരുടെ പ്ലേറ്റിലേക്ക് ചോറും കറിയും വിളമ്പി കൊടുത്തു കഴിക്കാനായി പറഞ്ഞു... "ഗോപു എവിടെ...? " കഴിക്കുന്നതിനിടയിൽ ചുറ്റും കണ്ണുകൾ കൊണ്ട് തിരഞ്ഞവൻ ചോദിച്ചു... "അവൻ കൂട്ടുകാരുടെ കൂടെ പുറത്തേക്ക് പോയി.. വെക്കേഷൻ കഴിയാറായില്ലേ ഇനി പോവാൻ പറ്റില്ലല്ലോ... " മല്ലികാമ്മ മറുപടി കൊടുത്തു... "മ്മ്.. കളി ഇത്തിരി കൂടുന്നുണ്ട്...കറക്കമൊക്കെ നിർത്തി പഠനത്തിൽ ശ്രദ്ധിക്കാൻ പറ..." ഗൗരവത്തിൽ പറഞ്ഞു കൊണ്ട് കാശി മതിയാക്കി എഴുന്നേറ്റു... "ഇത്ര പെട്ടന്ന് കഴിഞ്ഞോ,,ഒന്നും കഴിച്ചില്ലല്ലോ..."

ദീപ്തി അവന്റെ പാത്രത്തിലേക്ക് നോക്കി പറഞ്ഞു... "വിശപ്പില്ലെടോ... താൻ നിർബന്ധിച്ചത് കൊണ്ട് വന്നിരുന്നെന്നെ ഉള്ളൂ... " കൈ ടർക്കിയിൽ thudachu കൊണ്ട് അവൻ മുറ്റത്തേക്കിറങ്ങി... "കാശി മോന് നല്ല മാറ്റമുണ്ടല്ലേ...? " മല്ലിക പ്രതീക്ഷയോടെ ദീപ്തിയുടെ മുഖത്തേക്ക് നോക്കി... "മാറ്റമുണ്ട് ഇപ്പോൾ പഴയത് പോലെ രാത്രിയിൽ ഒച്ചവെച്ചു കരയുന്നൊന്നും ഇല്ല.. ശാന്തമായി ഉറങ്ങും..." മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കാശിയെ നോക്കി കൊണ്ടവൾ പറഞ്ഞു... "നിക്കറിയാം ന്റെ കുട്ടിയേ ഈശ്വരൻ കൈ വിടില്ലെന്ന്..." നിറഞ്ഞുവന്ന കണ്ണുകളാൽ അവർ അവളെ നോക്കി കഴിപ്പ് മതിയാക്കി എഴുന്നേറ്റ് പോയി... കഴിച്ച പാത്രമെല്ലാം എടുത്തു വെച്ചു അടുക്കളയും മറ്റും വൃത്തിയാക്കി മുകളിലേക്ക് കയറിയ ദീപ്തി മുറിയിൽ കാശിയെ കാണാതെ പരിഭ്രമിച്ചു... അവൾ താഴേക്കുള്ള പടികൾ വേഗത്തിൽ ഇറങ്ങി മുറ്റത്തേക്കോടി...

വീടിന് ചുറ്റും അവനെ തിരഞ്ഞെങ്കിലും കണ്ടില്ല... തിരികെ വീടിനകത്തേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് തെക്കേ തൊടിയിൽ ആരോ പുറം തിരിഞ്ഞു നിൽക്കുന്നതായി തോന്നിയത്...അവൾ ചെറിയൊരു ഭയത്തോടെ അങ്ങോട്ട് നടന്നു... അനക്കമില്ലാതെ നിൽക്കുന്ന കാശിയുടെ ചുമലിൽ കൈ വെച്ചു കൊണ്ടവൾ വിളിച്ചു... "കാശ്യേട്ടാ... " കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൻ തിരിഞ്ഞു നിന്നവളെ നോക്കി... "ഏട്ടനെന്താ ഇവിടെ വന്നു നിൽക്കുന്നേ...? " അവൾ അവനേയും പിന്നീട് അവിടെയുള്ള കുഴിമാടത്തിലേക്കും നോക്കി... "എന്റെ അച്ഛനും അമ്മയുമാണ്... എനിക്കെന്തോ അവരെ കാണാൻ വല്ലാത്തൊരു കൊതി... " അവൾ നോക്കുന്നത് കണ്ടവൻ പറഞ്ഞു... ശേഷം അവളേയും ചേർത്ത് പിടിച്ചു അവിടെയുള്ള മരത്തിനു ചുവട്ടിലേക്കിരുന്നു........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story