മഞ്ഞുരുകും കാലം : ഭാഗം 33

Manjurukumkalam

രചന: ഷംസീന

"എന്നെ കുറിച്ച് നിനക്ക് എന്തറിയാം...? " ഭാവമേതുമില്ലാതെയുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പരിഭ്രമിച്ചു... "മാണിക്യ മംഗലത്തെ മുഴുഭ്രാന്തനായ പുത്രൻ കാശിനാഥൻ,,അതാണ് നാട്ടുകാർക്ക് മുന്നിലും കുടുംബക്കാർക്ക് മുന്നിലും എനിക്കുള്ള പദവി.. ഇതിനെല്ലാം മുന്നേ അധികമാർക്കും അറിയാത്തൊരു കാശിനാഥൻ ഉണ്ടായിരുന്നു,,പ്രിയപ്പെട്ടവരുടെ കാശി..." അവന്റെ കഴിഞ്ഞു പോയ.ജീവിതം കേൾക്കാനായവൾ കാതോർത്തിരുന്നു... "അമ്മയും ഞാനും അച്ഛനും ഗോപുവും അടങ്ങുന്ന കൊച്ചു കുടുംബം...എന്റെ അച്ഛന്റെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന മാണിക്യമംഗലം ഗ്രൂപ്പ്‌..മുത്തശ്ശനും മുത്തശ്ശിയും നേരത്തെ തന്നെ മരിച്ചിരുന്നത് കൊണ്ട് സ്വന്തം എന്ന് പറയാൻ അച്ഛന്റെ സഹോദരി മല്ലിക മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഞാൻ കുഞ്ഞായിരിക്കുമ്പോഴാണ് അപ്പച്ചിയുടെ വിവാഹം ഉറപ്പിക്കുന്നത് സ്നേഹിച്ച ആളുമായി...

വിവാഹമെല്ലാം മംഗളമായി തന്നെ നടന്നു... കല്യാണപിറ്റേന്ന് സാധങ്ങൾ വാങ്ങിക്കാനായി പുറത്തേക്ക് പോയ അപ്പച്ചിയുടെ ഭർത്താവിന്റെ വെള്ളപുതപ്പിച്ച മൃതദേഹമാണ് പിന്നെ വീട്ടിലേക്ക് വന്നത്...പെട്ടന്ന് കുഴഞ്ഞു വീണു മരിച്ചതാണെന്നാണ് അറിയാൻ കഴിഞ്ഞത്... അതിന് ശേഷം അപ്പച്ചിയാകെ തളർന്നു.. ചുറ്റും സ്നേഹം കൊണ്ട് മൂടിയിരുന്നവർ കുത്തുവാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു... അപ്പച്ചിയുടെ ജാതകദോഷം കൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനൊരു അപകടം വന്നതെന്ന് പറഞ്ഞു... കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും അധികരിച്ചപ്പോൾ അച്ഛൻ അപ്പച്ചിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു... നാളുകൾ മുന്നോട്ട് നീങ്ങുന്തോറും അപ്പച്ചിയിലും മാറ്റം സംഭവിച്ചു... അദ്ദേഹത്തിനെ മറക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ അച്ഛന് വേണ്ടിയവർ മറന്നെന്ന് നടിച്ചു...

എന്റെ അമ്മ അപ്പച്ചിയെ ഒരു കുറവും വരുത്താതെ നോക്കി.. അപ്പച്ചിക്ക് ഞാനെന്ന് വെച്ചാൽ ജീവനായിരുന്നു.. പിന്നീടൊരു വിവാഹത്തിന് അപ്പച്ചിയെ എല്ലാവരും നിർബന്ധിച്ചെങ്കിലും അവർ അതിന് സമ്മതം മൂളിയില്ല... അങ്ങനെയിരിക്കെയാണ് ഗോപുവിന്റെ ജനനം... അവന് അമ്മയേക്കാൾ ഇഷ്ടം അപ്പച്ചിയെയായിരുന്നു.. അവൻ തന്നെയാണ് ആദ്യം അപ്പച്ചിയെ ചെറിയമ്മ എന്ന് വിളിച്ചു തുടങ്ങിയത്... പെറ്റമ്മയല്ലെങ്കിലും അപ്പച്ചി അവന് പോറ്റമ്മയായി...അവൻ വിളിക്കുന്നത് കേട്ട് ഞാനും ചെറിയമ്മേ എന്ന് വിളിച്ചു തുടങ്ങി..ഭർത്താവോ കുഞ്ഞുങ്ങളോ ഇല്ലാത്ത ചെറിയമ്മക്ക് ഞങ്ങൾ മക്കളായി.. അച്ഛൻ ബിസിനെസ്സിൽ ഉയരങ്ങളിൽ എത്തി... മാണിക്യ മംഗലം ഗ്രൂപ്പ്‌ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ബിസിനെസ്സ് സാമ്രാജ്യം ആയി വളർന്നു... അച്ഛനെക്കാൾ ഉയരത്തിൽ എന്നെ എത്തിക്കുക എന്നതായിരുന്നു അച്ഛന്റെ ലക്ഷ്യം അതിനായി കേരളത്തിലെ മികച്ച കോളേജിൽ എന്നെ MBA ക്ക്‌ അയച്ചു..

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർത്തുവെക്കാൻ മധുരമായ ഓർമ്മകൾ സമ്മാനിച്ച കാലഘട്ടം ആയിരുന്നത്..അവിടെ നിന്നും എനിക്ക് കിട്ടിയ സൗഹൃദങ്ങളിൽ ഒന്നായിരുന്നു നീലിമ... തന്റെ വാക്ചാതുര്യം കൊണ്ട് ഏവരെയും നിമിഷനേരം കൊണ്ട് വരുതിയിലാക്കുന്നവൾ..പോകെ പോകെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി... തനിക്ക് അവളോട് തോന്നിയ വെറുമൊരു ഇൻഫെക്റ്റുവേഷൻ ആയിരിക്കും അതെന്ന് കരുതി ആദ്യമൊന്നും അതിനെ ഗൗനിച്ചില്ല..പിന്നീട് മനസ്സിലായി തനിക്കവളോട് തോന്നുന്നത് പ്രണയമാണെന്ന് അതിനാൽ തന്നെ എത്രയും പെട്ടന്ന് തന്റെ പ്രണയം അവളെ അറിയിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി...ഒട്ടും വൈകാതെ തന്നെ എന്റെ പ്രണയം അവളെ അറിയിച്ചു.. അവളതിനെ ആദ്യം ചിരിച്ചു തള്ളി,, പിന്നീട് നിരന്തരമായുള്ള എന്റെ ശല്യം കാരണം തിരിച്ചും എന്നെ ഇഷ്ടമാണെന്നവൾക്ക് പറയേണ്ടി വന്നു...

പിന്നീടുള്ള നാളുകൾ ഞങ്ങളുടെ പ്രണയകാലം ആയിരുന്നു... ഏവരും ഞങ്ങളുടെ പ്രണയം കണ്ടു അസൂയപൂണ്ടു... Mba കഴിഞ്ഞിറങ്ങിയ ഞാൻ നല്ലൊരു അവസരം വന്നപ്പോൾ അച്ഛനോടും അമ്മയോടും ചെറിയമ്മയോടും എന്റെ ഇഷ്ടത്തെ കുറിച്ച് പറഞ്ഞു...എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടത്തിനും വില കല്പിക്കുന്ന എന്റെ കുടുംബം ഇതിനും മറുത്തൊരു വാക്ക് പറഞ്ഞില്ല എല്ലാവർക്കും സമ്മതമാണെന്ന് പറഞ്ഞു.... അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ നീലിമയെ കാണണം എന്നുള്ളൊരു ആഗ്രഹം പ്രകടിപ്പിച്ചു അന്ന് ഞാൻ അച്ഛന്റെ കൂടെ ബിസിനെസ്സിൽ ശ്രദ്ധിച്ചു തുടങ്ങിയ സമയം ആയിരുന്നു...ഒഴിവുള്ളൊരു ദിവസം അമ്മയേയും കൂട്ടി നീലിമയെ കാണാൻ പോവാം എന്ന് വാക്ക് നൽകി... ഒരു ഞായറാഴ്ച അച്ഛനേയും അമ്മയേയും കൂട്ടി നീലിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു..

ചെറിയമ്മയും ഗോപുവും അന്ന് ചെറിയമ്മയുടെ കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിന് പോയിരിക്കുവായിരുന്നു... നീലിമയോട് പറയാതെ ഒരു സർപ്രൈസ് വിസിറ്റ് ആയിരുന്നു അത്...നാളുകളേറെ കാണാതിരുന്ന് പെട്ടന്നവളെ കാണാൻ പോവുമ്പോഴുള്ളൊരു എക്സൈറ്റ്മെന്റ് തനിക്കും ഉണ്ടായിരുന്നു..യാത്രയുടെ ഇടക്ക് ഒരു ബോട്ടിൽ വെള്ളം വാങ്ങി അമ്മയെ ഏൽപ്പിച്ചു.. കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ അമ്മയോട് എന്തോ പറഞ്ഞു തിരിഞ്ഞതും എതിരെ ചീറി പാഞ്ഞ് വന്നൊരു ലോറി ഇടിച്ചതും ഒരുമിച്ചായിരുന്നു... " അപ്പോഴേക്കുമവന്റെ വാക്കുകൾ പതറി തുടങ്ങിയിരുന്നു...നെടുവീർപ്പിട്ടു കൊണ്ടവൻ ബാക്കി പറഞ്ഞു തുടങ്ങി... "എന്റെ തെറ്റായിരുന്നു ഞാൻ... ഞാൻ ശ്രദ്ധിക്കണമായിരുന്നു... ബോധം മറയുമ്പോഴും രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ അമ്മയേയും അച്ഛനേയും ചെന്നൊന്ന് വാരി പുണരാൻ തോന്നി എന്നാൽ മുറിവുകളാൽ ചോര വാർന്ന തന്റെ ശരീരം അതിനു വഴങ്ങിയില്ല...

അപകടം നടന്നതറിഞ്ഞു ചുറ്റുപാടുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി... അവർ ഞങ്ങളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു... ജീവിതത്തിനും മരണത്തിനും ഇടക്ക് കഴിഞ്ഞ ദിവസങ്ങൾ,,,അതിൽ അച്ഛനെയോ അമ്മയെയോ കൂടപ്പിറപ്പിനെയോ ഓർമയുണ്ടായിരുന്നില്ല...ദിവസങ്ങൾക്ക് ശേഷം ഓർമ വന്നപ്പോൾ ആദ്യം കണ്ണുകൾ തിരഞ്ഞത് അച്ഛനേയും അമ്മയേയും ആയിരുന്നു.. കണ്ണുകൾ ആഗ്രഹിച്ചത് കാണാൻ കഴിയാതെ വന്നപ്പോൾ ഉള്ളിൽ അരുതാത്ത ചിന്തകൾ പൊട്ടിമുളച്ചു.. ഭ്രാന്ത്മായ മനസ്സോടെ അച്ഛനേയും അമ്മയേയും അന്യോഷിച്ചു...തന്റെ മാനസിക നില തെറ്റിതുടങ്ങി എന്ന് മനസ്സിലായിട്ടാവണം ഡോക്ടർ മയങ്ങാനുള്ള ഇൻജെക്ഷൻ നൽകി... മണിക്കൂറുകൾക്ക് ശേഷം ബോധം തിരികെ വന്നപ്പോഴും ഉള്ളിൽ അമ്മയേയും അച്ഛനെയും കുറിച്ചുള്ള ആധിയായിരുന്നു..

കരഞ്ഞു തളർന്ന മുഖവുമായി icu വിലേക്ക് കയറിവരുന്ന ചെറിയമ്മയുടെയും ഗോപുവിന്റെയും മുഖം ഇന്നും തന്റെ ഉള്ളിൽ മായാതെ കിടപ്പുണ്ട്...അമ്മയേയും അച്ഛനേയും കുറിച്ച് അവരോടും അന്യോഷിച്ചെങ്കിലും വിതുമ്പലടക്കി തന്നെ നോക്കി കണ്ണുകൾ നിറച്ചു എന്നതല്ലാതെ യാതൊരു മറുപടിയും കിട്ടിയില്ല.. ഒടുവിൽ ഡോക്ടർ തന്നെ എന്നോട് ആ സത്യം തുറന്നു പറഞ്ഞു..!!! ഈ ലോകത്ത് നിന്നും തന്റെ അച്ഛനും അമ്മയും എന്നന്നേക്കുമായി വിടവാങ്ങിയെന്ന്...ആ ഒരു വാർത്ത എന്റെ മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. കാരണം അവരായിരുന്നു എന്റെ ഊർജം എന്റെ കരുത്ത്... പിന്നീടങ്ങോട്ട് എന്റെ മനസ്സ് കൈപിടിയിൽ ഒതുങ്ങാതെയായി... ആരോടും മിണ്ടാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി തനിച്ചിരിക്കാൻ ഞാൻ ആഗ്രഹിച്ചു... അവസാനമായി അവരെയൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള വേദന എന്നെ വേട്ടയാടാൻ തുടങ്ങി

അതിലുപരി എന്റെ കൈകൊണ്ടാണല്ലോ അവരുടെ ജീവൻ പൊലിഞ്ഞു പോയത് എന്നുള്ള കുറ്റബോധവും,, എല്ലാം കൂടെ എന്റെ സമനിലയാകെ തെറ്റിച്ചു ഞാൻ ഒരു മുഴു ഭ്രാന്തനായി മാറി... മാസങ്ങൾ കഴിഞ്ഞു ഞാൻ എന്റെ ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങി എന്നാൽ എന്നെ ഓർത്ത് ഉരുകുന്ന രണ്ട് ജന്മങ്ങളെ കുറിച്ച് ഞാൻ ഓർത്തത് പോലുമില്ല... ഇനിയും ഹൃദയ വേദന താങ്ങാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഞാൻ ആരോടും പറയാതെ വീട് വീട്ടിറങ്ങി നീലിമയെ ജീവിത സഖിയായി കൂടെ കൂട്ടുക എന്നതായിരുന്നു ലക്ഷ്യം.. എന്റെ മനസ്സിലെ മുറിവുണക്കാൻ അവൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് ഞാൻ വിശ്വസിച്ചു... നാളുകൾക്കു ശേഷം എന്നെ കാണുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന ആഹ്ലാദം പ്രതീക്ഷിച്ചു ചെന്ന ഞാൻ കണ്ടത് അവളുടെ മുഖത്ത് എന്നെ കാണുമ്പോൾ ഉണ്ടാവുന്ന വെറുപ്പും പുച്ഛവും മാത്രമായിരുന്നു ...ഒരു തെരുവ് നായയെ ആട്ടിയോടിക്കുന്ന പോലെ എന്നെയവൾ അവളുടെ വീട്ട് പടിക്കൽ നിന്നും ആട്ടിയോടിച്ചു..

എന്തുകൊണ്ടോ അതിലെനിക്ക് യാതൊരു പരിഭവമോ സങ്കടമോ തോന്നിയില്ല.. മനസ്സ് ചത്തു വെറും ജഡമായി ജീവിക്കുന്ന എനിക്ക് എന്ത് മനോവേദന... നിർവികാരമായ മനസ്സോടെ അവിടെ നിന്നും ഇറങ്ങി തിരികെ വീട്ടിലേക്കെത്തിയത് രണ്ട് ദിവസം കഴിഞ്ഞാണ്... വീട്ടിലെത്തിയ ഞാൻ നേരെ പോയത് അച്ഛന്റേയും അമ്മയുടേയും കുഴിമാടത്തിന് അരികിലേക്കാണ്..അവിടെ അവരുടെ മുന്നിൽ പെയ്തു തീർത്തു ഞാൻ എന്റെ വിഷമങ്ങൾ...കാരണം എന്നെ ഈ ലോകത്ത് ആത്മാർതമായി സ്നേഹിച്ചത് അവർ മാത്രമായിരുന്നു..പിന്നീടങ്ങോട്ട് എന്റെ ഓർമയിലോ മനസ്സിലോ നീലിമയുടെ ഒരു അവശേഷിപ്പും ഉണ്ടായിരുന്നില്ല...മനപ്പൂർവം അവളെ മറന്നു തുടങ്ങി.. വാശിയായിരുന്നു വേറെ ആരോടും അല്ല എന്നോട് തന്നെ,, അർഹിക്കാത്തത് ആഗ്രഹിച്ചതിനുള്ള വാശി...താൻ അനുഭവിച്ച അതേ വിരഹ വേദന ഞാനും അനുഭവിച്ചതാടോ എന്നാൽ അത് മറ്റൊരു തരത്തിൽ ആണെന്ന് മാത്രം... " വല്ലാത്തൊരു നോവോടെ പറഞ്ഞുകൊണ്ട് കാശി അവളുടെ മുഖത്തേക്ക് നോക്കി..

അവളുടെ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ അവന്റെ ഉള്ളൊന്നുലച്ചു.. തന്റെ കഴുത്തിൽ താലി ചാർത്തിയവന്റെ ഉള്ളിൽ ഇത്രയേറെ നൊമ്പരങ്ങൾ ഉണ്ടായിരുന്നോ എന്നുള്ളത് അവളുടെ വേദന ഇരട്ടിയാക്കി... താൻ ജീവിതത്തിൽ അനുഭവിച്ചത് ഇതിന്റെയൊന്നും പത്തിലൊന്ന് പോലുമില്ലെന്നവൾക്ക് തോന്നി... "വാ... " നിർവികാരതയോടെ ഇരിക്കുന്നവളെ കൈകൾ വിടർത്തി കൊണ്ട് അരുമയോടെ കാശി തന്നിലേക്ക് ക്ഷണിച്ചു... അന്നേരമവൾക്കും ചായാനൊരു തോൾ ആവശ്യമായിരുന്നു.. അവന്റെ ഹൃദയതാളം അവൾക്ക് ആശ്വാസമേകി,,, കരങ്ങൾ അവളിൽ തലോടലായി,, ഏറെ നേരം അവരാ നിൽപ്പ് തുടർന്നു ... ഇരുവർക്കും ആശിർവാദമെന്നപോലെ തണുത്ത ഇളം തെന്നൽ അവരെ തഴുകി തലോടി കടന്നു പോയി... അവർക്ക് ചുറ്റും പാലപ്പൂവിന്റെ വന്യമായ സുഗന്ധം പരന്നു.. ദീപ്തി കാശിയുടെ മാറിൽ നിന്നും തലയുയർത്തി ചുറ്റും കണ്ണുകളോടിച്ചു... അകലെ നിൽക്കുന്നൊരു പാലപ്പൂ മരം കണ്ണിൽ പെട്ടതും ചൊടികൾ വിടർന്നു...അവളുടെ പാദങ്ങൾ അവിടേക്ക് ചലിച്ചു അവളെ പിന്തുടർന്ന് കാശിയും...

പാലപ്പൂ മരത്തിന്റെ ചുവട്ടിലെത്തിയ ദീപ്തി താഴെ കിടന്നിരുന്ന പൂവെടുത്ത് തന്റെ നാസികയോട് ചേർത്തു ശ്വാസമൊന്നാഞ്ഞു വലിച്ചു...പാലപ്പൂവിനോടുള്ള അവളുടെ ഭ്രാന്തമായ പ്രണയം കണ്ടതും കാശി മരമൊന്ന് പിടിച്ചുലച്ചു... നിറയെ പൂത്തു നിന്നിരുന്ന മരത്തിലെ പൂവുകളെല്ലാം ഒരു മഴപോലെ അവളുടെ മേലേക്ക് പതിച്ചു.. കൈകൾ വിടർത്തി കൊണ്ടവൾ ഒരോ പൂവിനേയും തന്നിലേക്ക് ആവാഹിച്ചു...സ്വയം മറന്നു സന്തോഷത്താൽ മതിമറന്നു നിൽക്കുന്ന ദീപ്തിയെ കാശി അരയിലൂടെ ചുറ്റിപ്പിടിച്ചയർത്തി തന്നിലേക്ക് അടുപ്പിച്ചു..ദീപ്തിയുടെ ശരീരം വിറപൂണ്ടു,, അവനോട് ചേർന്നു നിൽക്കുമ്പോൾ താൻ സ്വയം മറക്കുന്നത് പോലെയവൾക്ക് അനുഭവപ്പെട്ടു...

"നിനക്കിപ്പോൾ പാലപ്പൂവിന്റെ ഗന്ധമാണല്ലോ പെണ്ണേ... " അവളുടെ കാതോരം ആർദ്രമായവൻ പറഞ്ഞു...അവന്റെ തണുത്ത വിശ്വാസത്തിൽ ഇക്കിളി പൂണ്ടവൾ കൈപിടിയിൽ നിന്നും ഊർന്നിറങ്ങി അവനഭിമുഖമായി നിന്നു... അവളുടെ നാണത്തിൽ കലർന്ന പുഞ്ചിരിയും നിലാവിന്റെ ശോഭയാൽ തിളങ്ങുന്ന മുഖവും അവന്റെ ഉള്ളിലെ നോവുകളെയെല്ലാം മായ്ച്ചു കളഞ്ഞു.. അവളുടെ വട്ടമുഖം അവൻ തന്റെ കൈകളിൽ കോരിയെടുത്തു.. ഇരുവരുടേയും കണ്ണുകൾ തമ്മിൽ പ്രണയം കൈമാറിയ നിമിഷം അവന്റെ ചുണ്ടുകൾ അവളുടെ സീമന്തരേഖയിലമർന്നു...കണ്ണുകൾ അടച്ചു കൊണ്ടവൾ തന്റെ ഹൃദയം കൊണ്ട് ആ ചുംബനത്തെ സ്വീകരിച്ചു... "ഇനി കാശ്യേട്ടൻ തനിച്ചല്ല...സങ്കടമായാലും സന്തോഷമായാലും ഞാൻ ഉണ്ടാവും കൂടെ ഒരു നിഴലായി...

എന്നെ എന്ന് കാശ്യേട്ടന് മടുക്കുന്നുവോ അന്ന് ഞാൻ യാതൊരു പരിഭവും കൂടാതെ ഈ ജീവിതത്തിൽ നിന്നും പടിയിറങ്ങും..." നിറഞ്ഞു വന്ന കണ്ണുകളാൽ അവൾ അവനെ നോക്കി.. "എനിക്ക് തന്നെ മടുക്കില്ലെടോ..!കാരണം എന്താണെന്നോ എന്റെ ഹൃദയത്തിലെ മുറിവുണക്കാൻ തനിക്ക് മാത്രമാണ് സാധിച്ചത്,,എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതും തന്റെ പ്രണയമാണ്..തന്റെ നിസ്വാർതമായ പ്രണയത്തിൽ ഒരു തടവുപുള്ളി മാത്രമാണ് ഞാൻ അതിൽ നിന്നും ഈ ജന്മവും വരും ജന്മങ്ങളിലും ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല,, അത്രമാത്രം നിന്നിൽ ഞാൻ അടിമപ്പെട്ടുപോയി... " അവന്റെ പ്രണയം തുളുമ്പുന്ന വാക്കുകൾ അവളെ കുളിരണിയിച്ചു... ദീപ്തിയുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി...അവനും അവളെ ഇറുകെ പുണർന്നു...ഇരുവരും ഏറെ നേരം തങ്ങളുടെ പ്രണയലോകത്തിൽ അലഞ്ഞു നടന്നു........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story