മഞ്ഞുരുകും കാലം : ഭാഗം 34

Manjurukumkalam

രചന: ഷംസീന

"ദീപ്തി... ദീപ്തി... " "മീൻ വാങ്ങിക്കാൻ ആണെന്നും പറഞ്ഞു ഇപ്പൊ പോയതല്ലേ ഉള്ളൂ ഇത്ര പെട്ടന്ന് തിരിച്ചെത്തിയോ... " മുറ്റത്ത് നിന്നും കാശിയുടെ ഉച്ചത്തിലുള്ള വിളി കേട്ടതും കഴുകി കൊണ്ടിരുന്ന പാത്രം അവിടെയിട്ട് മനസ്സിൽ ചിന്തിച്ചു കൊണ്ടവൾ അവനടുത്തേക്ക് ചെന്നു.. "ഇവനിതെന്താ പതിവില്ലാതെ കിടന്നു വിളിക്കുന്നെ...? " മല്ലികാമ്മ അകത്തെ മുറിയിൽ നിന്നും വന്നുകൊണ്ട് ധൃതിയിൽ നടക്കുന്ന ദീപ്തിയോട് ചോദിച്ചു... "അറിയില്ല ചെന്നു നോക്കട്ടെ എന്തെങ്കിലും അത്യാവശ്യം കാണും... " ഉമ്മറത്തേക്കിറങ്ങിയ ദീപ്തി ചിരിയോടെ നിൽക്കുന്ന കാശിയെ കണ്ടു നെറ്റിച്ചുളിച്ചു... "നീയെന്താ ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നെ പോയി കാറിൽ നിന്നും അവരെ വിളിച്ചിറക്കി കൊണ്ടുവാ... " അവൻ പറഞ്ഞതും അവൾ പിന്നിലുള്ള കാറിലേക്കൊന്ന് എത്തി നോക്കി..അപ്പോഴേക്കും മല്ലികാമ്മയും അവിടേക്ക് എത്തിയിരുന്നു...

"നീയൊന്ന് ചെന്നു നോക്കിയേ ദീപ്തി.. അല്ലാണ്ട് ഇവൻ മനുഷ്യനെ കയറാക്കുക എന്നല്ലാതെ കാര്യം പറയില്ല... " മല്ലികാമ്മയും കൂടി നിർബന്ധിച്ചപ്പോൾ വേറെ നിവർത്തിയില്ലാതെ ദീപ്തി കാറിനടുത്തേക്ക് നടന്നു... അവളടുത്തെത്തുന്നതിന് മുൻപേ കാർ തുറന്നു അതിലുള്ളവർ പുറത്തിറങ്ങിയിരുന്നു... "അമ്മേ.." പുഞ്ചിരിയോടെ കാറിൽ നിന്നും ഇറങ്ങുന്ന രാധയെ കണ്ടതും അവൾ ഓടി ചെന്നു കെട്ടിപിടിച്ചു... "ചേച്ചിക്ക് ഞങ്ങളെ വേണ്ടല്ലേ...?" പിറകിലൂടെ വന്നു ദിവ്യയും ദീപുവും പരിഭവിച്ചതും അവൾ അമ്മയെ വിട്ട് അവരേയും ചേർത്ത് പിടിച്ചു... "ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ... " ദീപ്തി അമ്മയോട് ചോദിച്ചു.. അപ്പോഴും അവളുടെ ചൊടിയിൽ മായാത്തൊരു പുഞ്ചിരിയുണ്ടായിരുന്നു... "പിന്നെ നോട്ടീസ് അച്ചടിച്ചിട്ട് വേണോ ഞങ്ങൾക്ക് ചേച്ചിയെ കാണാൻ വരാൻ... ആഹ്.."

ദിവ്യ കുറുമ്പോടെ പറഞ്ഞതും രാധ അവളുടെ കയ്യിലൊന്ന് തല്ലി... "ഞങ്ങൾ ഇവിടെ ടൗൺ വരെ വന്നതാ ഇവരുടെ അഡ്മിഷൻ ശെരിയാക്കാൻ... വിഷ്ണു ഉണ്ടായിരുന്നു കൂടെ അവനാണ് എല്ലാം ശെരിയാക്കി തന്നത്..എന്നാ പിന്നെ ഇവിടെ വരെ വന്നതല്ലേ നിന്നേയും ഒന്ന് കണ്ടിട്ട് പോവാമെന്ന് കരുതി..." രാധ അവളുടെ തലയിൽ തഴുകി.. "എന്നിട്ട് വിഷ്ണുവേട്ടൻ എവിടെ...? " അവനെന്തോ തിരക്കുണ്ടെന്ന് പറഞ്ഞിട്ട് ഞങ്ങളെ ഇവിടെ കവലയിൽ വിട്ടിട്ട് പോയി.. "നീയിവരെ ഇവിടെ തന്നെ നിർത്തി വിശേഷം ചോദിക്കുവാണോ..?" കാശി അവരുടെ അടുത്തേക്ക് വന്നു.. "അയ്യോ ഞാനത് മറന്നു..അമ്മ വാ.. " അവരെല്ലാം അകത്തേക്ക് കയറി എന്നുറപ്പായതും ഏറ്റവും പിറകിലായിരുന്ന ദീപ്തിയെ കാശി പിടിച്ചു വലിച്ചു ഒരു തൂണിന്റെ മറവിലേക്ക് ചേർത്ത് നിർത്തി... "കാശിയേട്ടാ എന്താ ഈ കാണിക്കുന്നേ ആരെങ്കിലും കാണും.. " അവൾ അവന്റെ കയ്യിൽ കിടന്നു പിടച്ചു.. "കണ്ടോട്ടെ വല്ല പെണ്ണുങ്ങളോടും അല്ലല്ലോ എന്റെ പെണ്ണിനോടല്ലേ ഞാൻ കൊഞ്ചുന്നെ.. " കാശി അവളുടെ പിടക്കുന്ന മിഴിയിലേക്ക് നോക്കി...

"ഇത് കാശിനാഥൻ അല്ല പഞ്ചാര കുഞ്ചുവാണ്.. ഈയിടെയായി ഇത്തിരി പഞ്ചാര കൂടുതലാണ്... " അവൾ കാശിയുടെ കവിളിൽ നോവാത്ത വിധമൊന്ന് നുള്ളി.. "നിനക്ക് തോന്നിയല്ലേ..!എനിക്കും അങ്ങനെ തോന്നിയിരുന്നു ഈയിടെയായി ഞാൻ ഇത്തിരി റൊമാന്റിക് ആയോ എന്ന്... " പറഞ്ഞുകൊണ്ട് കള്ളച്ചിരിയോടെ കാശി അവളെ നോക്കി.. "അയ്യടാ.. മാറിയേ അങ്ങോട്ട്.. പിള്ളേരെങ്ങാനും വരും.. " അവൾ കാശിയെ തള്ളിമാറ്റാനായി ശ്രമിച്ചു.. എന്നാലവൻ കൂടുതൽ ബലം പ്രയോഗിച്ചു നിന്നു.. "ചേച്ചി.. ചേച്ചി... " അപ്പോഴേക്കും ദീപു ദീപ്തിയെ തിരഞ്ഞു അവിടേക്ക് എത്തിയിരുന്നു.. "ഇവന് കറക്റ്റ് ടൈമിംഗ് ആണല്ലോ.. മനുഷ്യനെ ഒന്ന് റൊമാന്റിക് ആവാനും സമ്മതിക്കില്ല... " കാശി മുഷിപ്പോടെ തല ചൊറിഞ്ഞു.. ആ അവസരം നോക്കി ദീപ്തി അവനെ തള്ളി മാറ്റി അകത്തേക്കോടി... **** "ഇന്നെന്താ വൈകിയേ...? " ഉച്ചക്ക് മൂന്നു മണിയോടെ വീട്ടിലേക്ക് കയറി വരുന്ന വിഷ്ണുവിനെ കണ്ടു ശ്രുതി ചോദിച്ചു... എന്നും വരുന്ന നേരത്ത് കാണാതെ വന്നപ്പോൾ അവൾ ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും അവൻ ഫോൺ അറ്റന്റ് ചെയ്തിട്ടില്ലായിരുന്നു...

"ഞാൻ പറഞ്ഞിരുന്നില്ലേ പിള്ളേർക്ക് അഡ്മിഷൻ എടുക്കാൻ ടൗണിലെ സ്കൂളിലേക്ക് പോവുന്ന കാര്യം അതാണ് വൈകിയേ..പിന്നെ കടയിലും ഒന്ന് പോയി.." അവൻ കയ്യും മുഖവും കഴുകി കസേരയിലേക്കിരുന്നു.. "ചോറ് വിളമ്പട്ടെ...? " "വേണ്ട... വിശപ്പൊക്കെ കെട്ടടങ്ങി നീയൊരു കട്ടനിട് ഞാൻ മുറിയിൽ ഉണ്ടാവും..." അവൻ കസേരയിൽ നിന്നും എഴുന്നേറ്റു...ശ്രുതി ചായയിടാൻ അടുക്കളയിലേക്ക് ചെന്നു... "നീ ആർക്ക് അഡ്മിഷൻ എടുക്കുന്ന കാര്യമാണ് പറയുന്നേ..?" കടുത്ത മുഖത്തോടെ ഹാളിൽ നിന്നിരുന്ന സുജ ചോദിച്ചു.. "ആർക്കായാലും ചേച്ചിക്കെന്താ... " "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഞങ്ങളും അറിയട്ടെ അതാരാണെന്ന്... " സുജ മുറിയിലേക്ക് പോവാനൊരുങ്ങിയ വിഷ്ണുവിനെ തടഞ്ഞു നിർത്തി.. "ചേച്ചി വഴിയിൽ നിന്ന് മാറിക്കെ... " വിഷ്ണു സൗമ്യമായി തന്നെ പറഞ്ഞു... "നീ പറഞ്ഞിട്ട് പൊക്കോ.." സുജ വിടാൻ ഉദ്ദേശമില്ലായിരുന്നു.. "ചേച്ചി.. " അവനല്പം ഗൗരവത്തിൽ വിളിച്ചു.. "നീ അവള് ചോദിച്ചതിന് സമാധാനം പറഞ്ഞിട്ട് പൊക്കോ.." സുധയും അവളുടെ പക്ഷം ചേർന്നു.. "എനിക്ക് പറയാൻ മനസ്സില്ല... " വിഷ്ണു ഒച്ചയെടുത്തു...

"അമ്മേ അപ്പോൾ ഇത് ഇവന്റെ സംബന്ധക്കാരിയുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടി തന്നെയാണ് അതിൽ സംശയമില്ല... " സുജ മുനവച്ചു സംസാരിച്ചു.. വിഷ്ണുവിന് അടിമുടി വിറഞ്ഞു കയറി.. ദേഷ്യം സഹിക്കവയ്യാതെ അവൻ സുജയുടെ നേരെ കയ്യുയർത്തി... "വിഷ്ണുവേട്ടാ.. " ശ്രുതി ഉച്ചത്തിൽ വിളിക്കുന്നതോടൊപ്പം അവളുടെ കയ്യിലുള്ള ചായ ഗ്ലാസും തറയിൽ വീണു ചിഞ്ഞി ചിതറിയിരുന്നു... കോപത്തോടെ മുന്നിൽ നിന്നിരുന്ന സുജയെ തള്ളിമാറ്റി അവൻ മുറിക്കകത്തേക്ക് കയറി വാതിൽ കൊട്ടിയടച്ചു.... "മോളെ... " വീഴാൻ പോയ സുജയെ സുധ നിലവിളിയോടെ വന്നു പിടിച്ചു... ശ്രുതി പിന്നിൽ നിന്നും ചൂലെടുത്തു കൊണ്ടുവന്നു തറയിൽ വീണു കിടക്കുന്ന കുപ്പിച്ചില്ലുകൾ തൂത്തുവാരി.... വീണ്ടും ഒരു ഗ്ലാസ്‌ ചായകൂടിയിട്ട് അവൾ വിഷ്ണുവിനടുത്തേക്ക് ചെന്നു.. അപ്പോഴാണ് ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് സുധയോട് പതം പറഞ്ഞു കരയുന്ന സുജയെ അവൾ കണ്ടത്.. മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൾ അവർക്കടുക്കലേക്ക് നീങ്ങി.. "തൃപ്തിയായില്ലേ നിനക്ക് ഞങ്ങളെ തമ്മിലടിപ്പിച്ചപ്പോൾ.. "

സുജയുടെ ദേഷ്യം കണ്ടു ശ്രുതിക്ക് ചൊറിഞ്ഞു കയറി... "തൃപ്തിയായില്ല... ആ അടി ചേച്ചിക്ക് കൊള്ളേണ്ടതായിരുന്നു വെറുതെ ഞാനതിനെ തടഞ്ഞു.. ഇങ്ങനെയാണേൽ ചേച്ചി ഇനിയും അടിവാങ്ങിക്കാനുള്ള അവസരം ഉണ്ടാക്കുമല്ലോ അത് ഓർത്ത് സമാധാനിക്കാം... " അവളുടെ മറുപടി കേട്ട് അവർ കണ്ണുമിഴിച്ചിരുന്നു... "ആ വിഷയം വിട് ഞാനിപ്പോൾ പറയാൻ വന്നത് ഇതല്ല.. ഞാൻ പറഞ്ഞു വന്നത് എന്തെന്നാൽ ഇനി ദീപ്തിയേച്ചിയെ പറ്റി നിങ്ങളുടെ പിഴച്ച നാവ് കൊണ്ട് വല്ലതും പറഞ്ഞാൽ ആ നാവ് ഞാൻ അരിഞ്ഞു ഉപ്പിലിട്ട് വെക്കും...എനിക്ക് എന്റെ ഭർത്താവിനെ വിശ്വാസമാണ് ആരേക്കാളും അതിലുപരി ദീപ്തിയേച്ചിയെയും... അതുകൊണ്ട് എന്റെ ഭർത്താവ് പിഴച്ചു പോകുമോ എന്ന് വിചാരിച്ചു നിങ്ങൾക്കാർക്കും ധണ്ണം വേണ്ടാ...ഞങ്ങൾ ഇനിയും ദീപ്തിയേച്ചിയുടെ വീട്ടിൽ പോവുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യും അതിനെ ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല.. ശെരിയാണ് എനിക്ക് ദീപ്തിയേച്ചിയോട് വെറുപ്പുണ്ടായിരുന്നു...

പക്ഷേ ആ വിഷം നിങ്ങളാണ് എന്റെ ഉള്ളിൽ കുത്തി വെച്ചതെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി..നിങ്ങള് രണ്ടാളും കൂടെ എന്നെ വിഷ്ണുവേട്ടനെ കൊണ്ട് കെട്ടിച്ചത് എന്നെ ഇഷ്ടപ്പെട്ടത് കൊണ്ടൊന്നും അല്ല എന്ന് എനിക്കറിയാം...വിഷ്ണുവേട്ടൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്...എന്നാലും എനിക്ക് നിങ്ങൾ കാരണമാണ് വിഷ്ണുവേട്ടനെ കിട്ടിയത് അതുകൊണ്ട് ആ ഒരു ബഹുമാനവും സ്നേഹവും ഉള്ളത് കൊണ്ട് പറയുകയാണ് ദയവു ചെയ്ത് ഞങ്ങളുടെ ജീവിതത്തിൽ എത്തി നോക്കരുത്...ഇനി ഈ വീട്ടിൽ ഇതുപോലെ വല്ല സംസാരവും നടന്നാൽ ഞാൻ വിഷ്ണുവേട്ടനേയും വിളിച്ചു എന്റെ വീട്ടിൽ പോവും പറഞ്ഞില്ലെന്നു വേണ്ടാ..." അവർക്കൊരു മുന്നറിയിപ്പ് നൽകി ശ്രുതി അവിടെ നിന്നും പോയി... "ഓ അവളുടെ ഒരു ദീപ്തിയേച്ചി... " സുജ അവൾ പോയ വഴിയേ നോക്കി ചിറി കോട്ടി... "നിനക്ക് കിട്ടിയതൊന്നും പോരെ ഇനിയും ആ പെണ്ണിന്റെ വായിൽ നിന്ന് വാങ്ങിക്കൂട്ടണോ... " സുധ ശാസിച്ചപ്പോൾ സുജ ചാടിത്തുള്ളി അവിടെ നിന്നും എഴുന്നേറ്റ് പോയി... "നിന്റെ നാക്കിന് ഇത്രയൊക്കെ നീളം ഉണ്ടായിരുന്നോ..

അപ്പോൾ ഞാൻ വിചാരിച്ചത് പോലെ മിണ്ടാപൂച്ചയൊന്നും അല്ല... " എല്ലാം മറഞ്ഞു നിന്ന് കേട്ട വിഷ്ണു ചായ ഊതി കുടിക്കുന്നതിനിടയിൽ ശ്രുതിയോട് ചോദിച്ചു... "ഞാൻ അത്രയും പറയാൻ വിചാരിച്ചതല്ലായിരുന്നു ചേച്ചിയുടെ പെരുമാറ്റം അതിരു കടന്നപ്പോൾ നിയന്ത്രണം വിട്ടുപോയി... " അവൾ മടിയോടെ പറഞ്ഞു... "കുറഞ്ഞു പോയി എന്നേ ഞാൻ പറയുകയുള്ളൂ.. അമ്മയും മോളും എത്ര കിട്ടിയാലും പഠിക്കില്ല രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും തുടങ്ങും..." വിഷ്ണു ഒഴിഞ്ഞ ചായ ഗ്ലാസ്‌ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു.. "പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാലും നിവരില്ലല്ലോ... " ശ്രുതിയും അതിനെ ശെരിവെച്ചു... "നീ വല്ലാണ്ടങ്ങ് ക്ഷീണിച്ചു പോയല്ലോടി... " കട്ടിലിൽ ഇരുന്നിരുന്ന വിഷ്ണു അവളുടെ അടുത്തേക്ക് വന്നു പിറകിലൂടെ പുണർന്നു കൊണ്ട് പറഞ്ഞു...

"എനിക്ക് ക്ഷീണമൊന്നും ഇല്ല ഏട്ടന് തോന്നുന്നതാവും..ആകെ മുഷിഞ്ഞാണ് നിൽപ്പ് വിട്ടേ.. " അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി.. "അത് സാരമില്ല ഞാനങ്ങു സഹിച്ചു... " അവൻ ആർദ്രമായി പറഞ്ഞുകൊണ്ട് വിയർപ്പ് പൊടിഞ്ഞ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി.. "നിനക്ക് ഇവിടെ തന്നെ അടച്ചുപൂട്ടിയിരുന്നു മുഷിഞ്ഞിട്ടുണ്ടാവും നമുക്ക് നാളെ ഒരു ട്രിപ്പ്‌ പോവാം... കുറച്ചു ദിവസം നമ്മൾ മാത്രമായി അടിച്ചു പൊളിക്കാം.. " അവൻ അവളുടെ മറുപടിക്കായി കാത്തു.. "ഞാൻ വിഷ്ണുവേട്ടനോട് പറയാൻ ഇരിക്കുവായിരുന്നു... എനിക്കെന്തോ ഇവിടെ ചടഞ്ഞിരുന്ന് ബോറടിച്ചു തുടങ്ങി..." അവൾ തിരിഞ്ഞുനിന്ന് അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ തെരുത്തു പിടിച്ചുകൊണ്ടു പരിഭവിച്ചു... "പോവാടോ നാളെ തന്നെ പോവാം... " വിഷ്ണു അവളെ ഇറുകെ പുണർന്നു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു....... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story