മഞ്ഞുരുകും കാലം : ഭാഗം 35

Manjurukumkalam

രചന: ഷംസീന

"കാശിയെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു... " മുറ്റത്തെ മാവിൽ ദീപുവിനും ദിവ്യക്കും ഊഞ്ഞാൽ കെട്ടി കൊടുക്കുന്ന കാശിയെ നോക്കി രാധ പറഞ്ഞു.. ദീപ്തിയുംഇമ ചിമ്മാതെ അവനെ നോക്കുകയായിരുന്നു... ഉടുത്തിരുന്ന വെള്ളമുണ്ട് മടക്കി കുത്തി ഊഞ്ഞാലിലെ കയർ മുറുക്കുവാണ്... ഇടയ്ക്കിടെ നെറ്റിയിലെ വിയർപ്പുത്തുള്ളികളെ ചൂണ്ടു വിരലാൽ തുടച്ചു നീക്കുന്നുണ്ട്... ഊഞ്ഞാൽ കെട്ടി കഴിഞ്ഞതും പിള്ളേര് ആദ്യം ഞാൻ എന്ന് പറഞ്ഞു വഴക്ക് കൂടുന്നുണ്ട്.. ഇരുവരുടേയും വഴക്ക് കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ അവൻ അതിനൊരു പരിഹാരം കണ്ടു... ഉമ്മറത്തെ പടിയിൽ ചെറിയമ്മയുടെ മടിയിലേക്ക് ചാഞ്ഞിരുന്ന് തന്നെ നോക്കുന്ന ദീപ്തിയെ അവൻ കൈ മാടി അടുത്തേക്ക് വിളിച്ചു... അവൾ അരയിൽ കുത്തി വെച്ചിരുന്ന സാരിയുടെ മുന്താണി അഴിച്ചിട്ടു അവനടുത്തേക്ക് ചെന്നു...

"നമുക്കാദ്യം നിങ്ങടെ ചേച്ചിയെ ഇരുത്തി ഊഞ്ഞാലാട്ടാം.. അത് കഴിഞ്ഞ് നിങ്ങൾ... " കാശി പറഞ്ഞ നിബന്ധനക്ക്‌ ഒട്ടൊരു നിമിഷം ആലോചിച്ച ശേഷം അവർ സമ്മതം മൂളി... "ഏയ്‌ നിക്ക് ഊഞ്ഞാലൊന്നും ആടേണ്ട..പേടിയാ തലകറങ്ങും... " ദീപ്തി ഒരടി പിറകിലേക്ക് നീങ്ങി... "ഇത്രയും വളർന്നു വലുതായിട്ടും പേടിയോ.. നീ വെറുതെ തമാശ പറയാതെ കയറി ഇരുന്നേ ദീപ്തി... " "യ്യോ,, വേണ്ടന്നേ സത്യമായിട്ടും പേടിയാണ്.. " അവൾ അവിടെ നിന്നും പോവാനൊരുങ്ങി... "നിന്റെ പേടിയൊക്കെ ഞാൻ മാറ്റി തരാം..." പറയുന്നതിനൊപ്പം കാശി അവളെ പൊക്കിയെടുത്തു ഊഞ്ഞാലിൽ ഇരുത്തി കള്ള ചിരിചിരിച്ചു... "കാശിയേട്ട.. നിക്ക് പേടിയാട്ടോ... " ഊഞ്ഞാൽ പിറകിലേക്ക് വലിച്ചു ആട്ടാൻ തുടങ്ങുന്നവനെ നോക്കി കൊണ്ടവൾ ചിണുങ്ങി.. "അതിന് പേടിയാണെങ്കിൽ വിട്ടേക്ക് കാശി.. " ചെറിയമ്മ വിളിച്ചു പറഞ്ഞു..

"ഇങ്ങനെയൊക്കെയല്ലേ പേടി മാറുന്നേ അല്ലേ കൊച്ചേ.... " കുറുമ്പോടെ അവൻ പറഞ്ഞതും ദീപ്തി അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.. കാശി ഊഞ്ഞാലിൽ നിന്നും കൈകൾ എടുത്ത് മാറ്റിയതും അത് ഉയർന്നു പൊന്തി.. ദീപ്തി ഊഞ്ഞാലയുടെ ഇരുവശമുള്ള കയറിലും മുറുകെ പിടിച്ചു കണ്ണുകൾ അടച്ചിരുന്നു...... ഓരോ തവണ ഉയർന്നു പൊന്തി തിരികെ വന്നു അവന്റെ നെഞ്ചോരം ചേരുമ്പോൾ അവളുടെ ഭയം പതിയെ മാറി തുടങ്ങി.. അടച്ചു പിടിച്ചിരുന്ന മിഴികൾ തുറന്നു.. അധരങ്ങളിൽ നേർത്ത പുഞ്ചിരി വിരിഞ്ഞു.. പതിയെ തുടങ്ങിയ ഊഞ്ഞാലാട്ടൽ വേഗത്തിലായതും ദീപ്തിയുടെ പോയ ഭയം തിരികെ വന്നു... അവൾ ഊഞ്ഞാലിലിരുന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി... കാശിയാണേൽ ആട്ടി കൊണ്ടിരിക്കുവായിരുന്നു... അവളുടെ നിലവിളി കേട്ട് അടുക്കളയിലായിരുന്ന രാധയും മല്ലികാമ്മയും ഓടി വന്നു...

മല്ലികാമ്മയുടെ കയ്യിലെ ചുള്ളി കമ്പ് കണ്ടതും ദീപുവും ദിവ്യയും ഓടി അകത്തേക്ക് കയറി...കണ്ണുകൾ അടച്ചു പിടിച്ചിരുന്ന ദീപ്തിയും അവളുടെ ഓരോ ഭാവങ്ങളേയും തന്റെ ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ടിരുന്ന കാശിയും പിന്നിലൂടെ വരുന്ന മല്ലികാമ്മയെ കണ്ടില്ലേ... "ആഹ്..അമ്മേ... " മുതുകിൽ അധികം നോവിക്കാതെ പെട്ടന്നൊരടി വീണതും കാശി അലറിക്കൊണ്ട് തിരിഞ്ഞു നോക്കി... "മോളെ താഴെ ഇറക്കടാ..അവൻ കുഞ്ഞു കളി കളിക്കാൻ നിക്കുവാണ്.." ചെറിയമ്മ അവനു നേരെ കണ്ണുരുട്ടി... കാശി ചുണ്ടു പിളർത്തി ദീപ്തിയെ നോക്കി... അവൾ ചിരിയടക്കി പിടിച്ചിരുന്നു... അവൻ മുണ്ടൊന്ന് കുടഞ്ഞു മടക്കി കുത്തി ദീപ്തിയെ കൈകളിൽ കോരിയെടുത്തു അകത്തേക്ക് നടന്നു... കഴുത്തിലൂടെ കൈകൾ കോർത്തു പിടിച്ചു അവൾ അവനോട് ചേർന്ന് കിടന്നു...അവർ പോവുന്നത് രാധയും മല്ലികയും പുഞ്ചിരിയോടെ നോക്കി നിന്നു..

മുകളിലെ മുറിയിലേക്കുള്ള പടികൾ കയറുന്നതിനിടയിൽ ദീപ്തിക്കൊരു കുസൃതി തോന്നി.. ചെറിയമ്മ അവനെ നോവിച്ചതിലുള്ള ദേഷ്യം ഇപ്പോഴും മുഖത്തുണ്ട്... ദീപ്തി അവന്റെ വീർപ്പിച്ചു വെച്ച കവിളിൽ ചൂണ്ടു വിരൽ കൊണ്ട് പതിയെ ഒന്ന് കുത്തി... അവൻ അവളെ ശാസനയോടെ നോക്കി...ദീപ്തി ചുണ്ടുകൾ പിളർത്തി വീണ്ടുമവന്റെ മൂക്കിൻ തുമ്പ് പിടിച്ചു വലിച്ചു.. കോപത്താൽ ചുവന്ന മൂക്കിൻ തുമ്പൊന്ന് കൂടി ചുവന്നു.. അവളതൊരു കൗതുകത്തോടെ നോക്കി.. "പെണ്ണേ അടങ്ങിയിരുന്നോ.. ഇല്ലേൽ ഞാനിപ്പോൾ താഴെയിടും..." കാശി ഗൗരവത്തിൽ പറഞ്ഞപ്പോൾ ദീപ്തി പിണങ്ങി അവനെ മുറുകെ പിടിച്ചിരുന്നു... മുറിയിൽ എത്തിയതും അവളെ താഴെ നിർത്തി അവൻ വാതിൽ അടച്ചു മുദ്രയിട്ടു ദീപ്തിയുടെ അടുത്തെത്തി.. അവനെ കണ്ടു ബാൽക്കണിയിലേക്ക് ഓടാൻ തുനിഞ്ഞ ദീപ്തിയെ കാശി പൊക്കിയെടുത്തു ബെഡിലേക്കിട്ടു...

ശേഷമൊരു ചിരിയോടെ അവളുടെ ശരീരത്തിൽ തട്ടാതെ മുകളിൽ കൈകുത്തി നിന്നു... ഇരുവരും നല്ലത് പോലെ അണക്കുന്നുണ്ടായിരുന്നു... "ഈ പേടി തൊണ്ടിയാണോ ഇത്ര ദിവസം എന്റെ മുന്നിൽ പുലിയെ പോലെ നിന്നത്.... " പതിഞ്ഞ സ്വരത്തിൽ ചോദിച്ചുകൊണ്ട് അവളുടെ ഉണ്ടകണ്ണുകളിലേക്ക് നോക്കി...പിടക്കുന്ന കരിനീല മിഴികളിൽ കരിമഷിയുടെ അലങ്കാരം പോലും ആവശ്യമില്ലെന്നവന് തോന്നി.. "നിക്ക് പേടിയൊന്നുമില്ല... ഊഞ്ഞാലിൽ കയറിയാൽ തറകറങ്ങും അത് കുഞ്ഞിലേ മുതൽ ഉള്ളതാണ്... " അവൾ കുഞ്ഞൊരു പരിഭവത്തോടെ പറഞ്ഞു.. "മ്മ് അതുകൊണ്ടെനിക്കൊരു ഗുണമുണ്ടായി.." കള്ളച്ചിരിയോടെ കാശി അവളെ നോക്കി... "എന്ത് ഗുണം... " അവൻ പറഞ്ഞത് മനസ്സിലാവാതിരുന്ന ദീപ്തി ചോദിച്ചു.. "എന്താണെന്നോ..!!!എന്റെ ഈ പൊട്ടിപെണ്ണിനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ ഈ കൈകളിൽ കോരിയെടുത്തു ഇവിടെ വരെ കൊണ്ടുവരാൻ പറ്റിയില്ലേ... താൻ എന്റെ നെഞ്ചോരം ചേർന്നങ്ങനെ കിടക്കുമ്പോൾ എന്ത് ക്യൂട്ട് ആണെന്നോ.... " കാശി ദീപ്തിയുടെ കവിളിലൊന്ന് നുള്ളി.

. "നോവുന്നു കാശ്യേട്ടാ... " അവൾ ചിണുങ്ങിയതും പൊട്ടി ചിരിച്ചു കൊണ്ടവൻ അവളേയും ചേർത്ത് പിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു.... ****** സാധനങ്ങളെല്ലാം പാക്ക് ചെയ്തു വിഷ്ണുവിനേയും കാത്തിരിക്കുവാണ് ശ്രുതി.. കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ദീർഘയാത്ര ആയതുകൊണ്ട് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുത്തുവെച്ചിട്ടില്ലേ എന്നവൾ ഒന്നുകൂടെ ഉറപ്പ് വരുത്തി... "നീയിതെവിടെക്കാ ബാഗൊക്കെ പാക്ക് ചെയ്ത്... ഇവിടെ പൊറുതി മതിയാക്കിയോ..." സുജ അവളുടെ അടുത്ത് വന്നു പരിഹാസത്തോടെ ചോദിച്ചു... ഇവർക്ക് കിട്ടിയതൊന്നും പോരെന്നു തോന്നുന്നു ഇങ്ങനേയും നാണമില്ലാത്ത മനുഷ്യരുണ്ടോ... ശ്രുതി മുഖം ചുളിച്ചു... "നിനക്കെന്താടി ചെവി കേൾക്കത്തില്ലേ..." സുജ ദേഷ്യപ്പെട്ടു... "എനിക്ക് രണ്ട് ചെവിയും നന്നായി കേൾക്കാം ഒരു കുഴപ്പവുമില്ല...പിന്നെ ഇവിടുന്ന് പോവുന്ന കാര്യം,, അതെ ഞാനും എന്റെ കെട്ട്യോനും ഇവിടുന്ന് പോകുവാണ്..." ശ്രുതി വീറോടെ പറഞ്ഞു കഴിഞ്ഞതും മുറ്റത്തൊരു ബുള്ളറ്റിന്റെ ശബ്‍ദം കേട്ടു.. അവരുടെ ശ്രദ്ധ അവിടേക്കായി..

.ശ്രുതി ആരാണ് വന്നതെന്ന് നോക്കാനായി അങ്ങോട്ട് ചെന്നു... പുതിയ ബുള്ളറ്റിൽ സ്റ്റൈലൻ വേഷത്തിൽ ഇരിക്കുന്ന വിഷ്ണുവിനെ കണ്ടവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... അവൻ തന്നെയാണോ അതെന്നറിയാൻ അവൾ കണ്ണൊന്നു തിരുമ്മി നോക്കി... "നീയെന്താ ഇങ്ങനെ മിഴിച്ചു നിൽക്കുന്നേ.. വാ വന്നു കയറ് നമുക്ക് പോവേണ്ടേ... " ചോദിച്ചു കൊണ്ട് വിഷ്ണു അവൾക്കായൊരു പുഞ്ചിരി സമ്മാനിച്ചു...അത് കണ്ടതും ശ്രുതി ഓടി അവനടുത്തെത്തി... "ഇതെവിടുന്നു ഒപ്പിച്ചു..." കിതച്ചു കൊണ്ടവൾ ആകാംഷയോടെ ചോദിച്ചു... "ഒപ്പിച്ചതൊന്നും അല്ല,, എന്റെ ഭാര്യ ആദ്യമായിട്ടൊരു ആഗ്രഹം പറഞ്ഞതല്ലേ അപ്പൊ പിന്നെ ഞാനായിട്ട് അതിന് മുടക്കം പറയുന്നത് ശരിയല്ലല്ലോ... അതുകൊണ്ട് ഒന്നും നോക്കിയില്ല പഴയ ബൈക്ക് കൊടുത്ത് പുത്തനൊരു ബുള്ളറ്റിങ് വാങ്ങിച്ചു.. എങ്ങനുണ്ട് ഇഷ്ടായോ..." അവളുടെ തുളുമ്പാൻ വെമ്പി നിൽക്കുന്ന മിഴികളിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചു.. "പിന്നെ ഇഷ്ടമാവാതെ,,, ഒത്തിരി ഇഷ്ടമായി... " അത്യധികം സന്തോഷത്തോടെയവൾ പറഞ്ഞു...

ഇതെല്ലാം കണ്ടുനിന്ന സുജയുടെ മുഖം അസൂയ കൊണ്ട് വീർത്തു... ചാടി തുള്ളിക്കൊണ്ടവൾ അകത്തേക്ക് പോയി.. വിഷ്ണു ബുള്ളറ്റിൽ നിന്നും ഇറങ്ങി ശ്രുതിയേയും കൂട്ടി അകത്തേക്ക് ചെന്നു... മുഖം കനപ്പിച്ചിരിക്കുന്ന സുധയെ കണ്ട് ഇരുവരും മുഖത്തോട് മുഖം നോക്കി.. സുജ ഇവിടെ വന്നു എരിവും പുളിയും ചേർത്ത് എല്ലാം വിളമ്പിയിട്ടുണ്ടെന്ന് വളരെ വ്യക്തം... "വിഷ്ണു എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് എന്താണ് നിങ്ങളുടെ ഉദ്ദേശം... " സുധ ഗൗരവം പൂണ്ട സ്വരത്തോടെ ചോദിച്ചു... "എന്തുദ്ദേശം...? " അറിഞ്ഞിട്ടും അറിയാത്തത് പോലെ വിഷ്ണു നിന്നു... "എന്നേയും ഈ മാസം തികഞ്ഞു നിൽക്കുന്ന പെണ്ണിനേയും ഇവിടെ ഒറ്റക്കാക്കി പോവാനാണോ വിചാരിച്ചിരിക്കുന്നേ... " സുധ ഒച്ചയെടുത്തു... "അതിന് നിങ്ങൾ തനിച്ചല്ലല്ലോ രണ്ട് പേരില്ലേ... പോരെങ്കിൽ സതീഷേട്ടനെ കൂടെ വിളിച്ചോളൂ കൂട്ടിന്..." അവൻ ഭാവമേതുമില്ലാതെ പറഞ്ഞു... "അപ്പോഴും നിനക്ക് നിൽക്കാൻ പറ്റില്ലെന്ന് അർത്ഥം... " "ഞാൻ അങ്ങനെ പറഞ്ഞില്ല... ഇപ്പോഴെന്തായാലും പോയേ പറ്റൂ,, ഇത് ഒഴിവാക്കാൻ പറ്റാത്തൊരു യാത്രയാണ്...

പിന്നെ മാസം തികഞ്ഞു നിൽക്കുന്ന പെണ്ണെന്ന സംബോധന..!ആ വിചാരം വല്ലതും ചേച്ചിക്കുണ്ടോ... മനസ്സ് മൊത്തം അസൂയയും കുശുമ്പും കൊണ്ട് നടക്കുവല്ലേ... " "വിഷ്ണു... നിന്റെ ചേച്ചിയാണവൾ എത്രയോ വയസ്സിന് മുതിർന്നത്... " അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "ആ സ്ഥാനമൊക്കെ മനസ്സിൽ നിന്നും എന്നോ പോയി അമ്മേ... എന്നെ ഞാനല്ലതാക്കിയത് അമ്മയും ചേച്ചിയും കൂടിയാണ്... അതിലേക്ക് ദാ ഈ പെണ്ണിന്റെ ജീവിതം കൂടെ വലിച്ചിട്ടു നശിപ്പിച്ചു.. ഇനിയും നിങ്ങളുടെ മുന്നിൽ ഞാനൊരു കളിപ്പാവപോലെ നിൽക്കണമെങ്കിൽ ഇനിയത് നടക്കില്ല...പിന്നെ നിങ്ങളുടെ മനസാക്ഷി ഇല്ലാത്തവൻ അല്ല ഞാൻ സതീഷേട്ടൻ വരും കൂട്ടിന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..." അവന്റെ സ്വരത്തിൽ വല്ലാത്തൊരു നഷ്ടബോധം ഉണ്ടായിരുന്നു... "വാ ശ്രുതി സാധനങ്ങളെല്ലാം എടുത്ത് വേഗം ഇറങ്ങാൻ നോക്ക്..." നിറഞ്ഞു വന്ന കണ്ണുകളെ എല്ലാവരിൽ നിന്നും മറച്ചു കൊണ്ടവൻ മുറിയിലേക്ക് കയറി... ശ്രുതി നേരത്തെ പാക്ക് ചെയ്തു വെച്ച ബാഗുകൾ എടുത്ത് തോളിലിട്ടു പുറത്തേക്കിറങ്ങി....

"ഇറങ്ങുന്നു... " സുധയ്ക്ക് മുഖം കൊടുക്കാതെ അത്രമാത്രം പറഞ്ഞുകൊണ്ടവൻ ശ്രുതിയേയും കൂട്ടി മുറ്റത്തേക്കിറങ്ങി... ബുള്ളെറ്റ് എടുത്ത് അവളുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി കയറാൻ പറഞ്ഞു.. തോളിൽ കിടന്നിരുന്ന ബാഗിനെ ഒന്നൂടെ വലിച്ചിട്ടു കൊണ്ടവൾ അവന്റെ പിന്നിൽ കയറി... തന്നിൽ നിന്നും അകലം പാലിച്ചിരിക്കുന്നവളെ വലിച്ചു ചേർത്തിരുത്തി അവൻ ബുള്ളെറ്റ് മുന്നോട്ടെടുത്തു...അവൾ അവന്റെ പുറം മേനിയിൽ മുഖം വെച്ചു കിടന്നു... അവളുടെ ചെറു തലോടലിൽ തന്നിലുള്ള നൊമ്പരങ്ങളെല്ലാം അലിഞ്ഞില്ലാതാവുന്നതവൻ അറിഞ്ഞു... തങ്ങളുടെ പ്രണയ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കാൻ കാടും മലയും താണ്ടിയവർ യാത്ര തുടർന്നു........ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story