മഞ്ഞുരുകും കാലം : ഭാഗം 36

രചന: ഷംസീന
"ഹോ എന്തൊരു ചൂടാണ് ഒന്ന് കുളിച്ചേക്കാം... " സ്വയം പറഞ്ഞുകൊണ്ട് ദിവ്യ തോർത്തും എടുത്ത് അടുത്ത് കണ്ട മുറിയിലെ വാഷ്റൂമിലേക്ക് കയറി... നല്ലൊരു കുളിയും പാസാക്കി കയ്യിൽ കരുതിയിരുന്ന ദീപ്തിയുടെ ഒരു ചുരിദാറുമിട്ടവൾ പുറത്തിറങ്ങി... "ഇതാരാ ലൈറ്റ് ഓഫ് ചെയ്തെ ഞാൻ കയറുമ്പോൾ ഓൺ ആയിരുന്നല്ലോ... " മുറിയിലെ ഇരുട്ട് കണ്ട ദിവ്യ ചിന്തിച്ചു.. അവൾ ഇരുട്ടിൽ തപ്പി തടഞ്ഞു ലൈറ്റ് ഓൺ ചെയ്യാൻ തുടങ്ങുമ്പോഴാണ് ബെഡിൽ ആരോ കിടക്കുന്നതായവൾ ശ്രദ്ധിച്ചത്... "കള്ളന്മാർ വല്ലതുമാണോ....?" അവളുടെ ഉള്ളിലൂടൊരു ഭയം കടന്നുപോയി.. ഉറക്കെയൊന്ന് നിലവിളിക്കാൻ പോലും കഴിയാതെയവൾ അനങ്ങാതെ നിന്നു..ഒച്ചയുണ്ടാക്കാതെ അടുത്ത് കണ്ട ടേബിളിൽ പരതിയതും കയ്യിലെന്തോ തടഞ്ഞു... അവളതെടുത്ത് ബെഡിൽ കിടക്കുന്നയാളുടെ പുറം നോക്കി എറിഞ്ഞു തിരിഞ്ഞു നോക്കാതെ ഓടി.. "ആ അമ്മേ.. " വേദന പൂണ്ടയാൾ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു... ബെഡിൽ കിടക്കുന്ന ഫ്ലവർ വൈസ് കണ്ടയാൾ അത് കയ്യിലെടുത്തു...
"ഇതും കൊണ്ടാരാണ് എന്നെ എറിഞ്ഞത്... " അവിടെ ആരേയും കാണാതെ വന്നപ്പോൾ അയാൾ അതുമായി എഴുന്നേറ്റ് പുറത്തിറങ്ങി... "നീയെന്തിനാ ഗോപൂ നിലവിളിച്ചത്... " ഓടി കിതച്ചുകൊണ്ട് ചെറിയമ്മ മുകളിലേക്ക് കയറിവന്നു.. പിറകിൽ മറ്റുള്ളവരും.. "അത് പിന്നെ ഉറങ്ങിക്കിടന്നിരുന്ന എന്നെ ഇതും വെച്ച് ആരോ എറിഞ്ഞു... " കയ്യിലുള്ള വൈസ് അവൻ ഉയർത്തിക്കാട്ടി... "ഇതും വെച്ച് ആര് നിന്നെ എറിയാൻ.. നിനക്ക് തോന്നിയതാവും.. " കാശി പറഞ്ഞു... "അല്ല ഏട്ടാ സത്യമായിട്ടും എറിഞ്ഞു.. ഇല്ലേൽ ടേബിളിൽ ഇരുന്നിരുന്ന ഇതെങ്ങനെ ഞാൻ കിടക്കുന്ന ബെഡിൽ വന്നു... " ഗോപു ഉറപ്പിച്ചു പറഞ്ഞു... ചർച്ച മുറുകുമ്പോൾ ദീപ്തി ദിവ്യയെ നോക്കുകയായിരുന്നു... അവളായിരിക്കും ഈ കുസൃതി ഒപ്പിച്ചതെന്നവൾക്ക് മനസ്സിലായി... എന്നാൽ അവളെ കൂട്ടത്തിൽ കാണാനില്ലതാനും.... "ദിവ്യയെവിടെ അമ്മേ. ..?" അവൾ രാധയോട് തിരക്കി...
"ഇവിടെ എവിടെയോ... " ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ടവർ പറയാനൊരുങ്ങുമ്പോഴാണ് ഗോപു സോഫയുടെ പിറകിൽ ഒളിച്ചിരിക്കുന്ന ദിവ്യയെ കണ്ടത്...രാധയെ പറഞ്ഞു മുഴുവനാക്കാൻ അനുവദിക്കാതെ അവൻ അങ്ങോട്ട് ചെന്നു അവളുടെ ചെവിക്കു പിടിച്ചു എഴുന്നേൽപ്പിച്ചു.. "ആ..അമ്മേ... ഞെ വിട്,, ഞാൻ അറിഞ്ഞുകൊണ്ടല്ല കള്ളനാണെന്ന് വിചാരിച്ചിട്ടാണ്..." ദിവ്യ വേദനകൊണ്ട് തുള്ളി ചാടി... "അത് ശെരിയാ നിന്നെ കണ്ടാൽ ഒരു കള്ളലക്ഷണമുണ്ട്.. " ചിരി കടിച്ചു പിടിച്ചു ചെറിയമ്മ ഗോപുവിനെ നോക്കി പറഞ്ഞു... എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചു... "ചെറിയമ്മേ... " അവൻ ദിവ്യയിലുള്ള പിടിവിട്ട് ചിണുങ്ങി... ആ തക്കം നോക്കി ദിവ്യ കാശിയുടെ പിറകിലൊളിച്ചു... "നിന്നെ എന്റെ കയ്യിൽ കിട്ടുമെടി കാന്താരി... " കാശിയുടെ പിന്നിൽ നിന്ന് കോക്രി കാണിക്കുന്നവളെ ഗോപു ദേഷ്യത്തിൽ നോക്കി പറഞ്ഞു... "ഗോപു.... "
കാശി ശാസനയോടെ വിളിച്ചതും അവൻ ചവിട്ടി തുള്ളി മുറിയിലേക്ക് പോയി വാതിൽ വലിച്ചടച്ചു... "നിങ്ങളതൊന്നും കാര്യമാക്കണ്ട ഉറക്കം മുറിഞ്ഞാൽ അവൻ പിന്നെ ഇങ്ങനെയാ... " കണ്ണും മിഴിച്ചു നിൽക്കുന്ന ദീപ്തിയോടും മറ്റുള്ളവരോടും പറഞ്ഞിട്ട് മല്ലികാമ്മ രാധയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു... "എന്നാലും ആ പിശാഷ് എന്നാ പിടുത്തമാ പിടിച്ചത്... " ദിവ്യ തന്റെ ചെവിയൊന്ന് തടവി.. "ദിവ്യേ... " "ഏയ് ഞാനൊന്നും പറഞ്ഞില്ല..." ദീപ്തിയുടെ ഗൗരവത്തോടെയുള്ള വിളിക്ക് മറുപടി പറഞ്ഞു അവൾ താഴെക്കോടി പിറകെ തന്നെ ഗോപുവും... "അവളൊരു കുറുമ്പിയാണല്ലേ.. " അവർ പോവുന്നതും നോക്കി നിന്ന കാശി ചോദിച്ചു.. "മ്മ്... കുഞ്ഞിലേ മുതൽ അവൾ ഇങ്ങനെയായിരുന്നു.. ദീപുവിനും ഉണ്ടായിരുന്നു കുറുമ്പൊക്കെ അച്ഛൻ കിടപ്പിലായതിന് ശേഷം അവൻ അതെല്ലാം കുറച്ചു വളരെ പക്വതയോടെ പെരുമാറാൻ തുടങ്ങി.. ഇവൾക്കാണ് ഒരു മാറ്റവും ഇല്ലാത്തത്..." ഓർമകളിലൂടെ സഞ്ചരിച്ചു കൊണ്ടവൾ പറഞ്ഞു..
"പെൺകുട്ടികളായാൽ കുറച്ചു കുറുമ്പൊക്കെ വേണം അല്ലാതെ തന്നെ പോലെ ഏത് സമയവും ഇങ്ങനെ മസിലും പിടിച്ചിരിക്കാൻ പാടില്ല... " കാശി അവളുടെ പിന്നിയിട്ട മുടിയിലൊന്ന് പിടിച്ചു വലിച്ചു.. "സ്സ്... " ദീപ്തി അവനെ നോക്കി കണ്ണുകൾ കൂർപ്പിച്ചു... "താൻ ഈ ഉണ്ടാക്കണ്ണ് ഉരുട്ടുമ്പോൾ എന്തൊരു ഭംഗിയാണെന്നോ...ഇത് കാണാൻ വേണ്ടിയിട്ടാണ് ഞാൻ തന്നെയിങ്ങനെ ഇടക്ക് നോവിക്കുന്നെ..." അവൻ വല്ലാത്തൊരു കൊതിയോടെ അവളുടെ ഉണ്ടക്കണ്ണുകളിലേക്ക് നോക്കി... "അത്രക്ക് ഭംഗി വേണ്ടാ,, ഞാൻ മസിലു പിടിച്ചിരിക്കുവാണെന്നല്ലേ കാശ്യേട്ടൻ പറഞ്ഞത്... " അവൾ കൊച്ചു കുട്ടിയേ പോലെ പരിഭവിച്ചു.. "അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ..തന്റെ പ്രണയം കൊണ്ടല്ലെടോ എനിക്കിത്രയും മാറ്റം സംഭവിച്ചത്...ഇനിയും ഞാൻ പഴയത് പോലെ ആകുവാണെങ്കിൽ പോലും താൻ എന്നെ വിട്ടുപോവരുത്,,, അത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല.." വേദനകൊണ്ടവന്റെ വാക്കുകൾ മുറിഞ്ഞു.. "ഇത്രക്ക് പേടിയുണ്ടോ ഞാൻ കാശ്യേട്ടനെ വിട്ടു പോവുമെന്ന്.. മ്മ്.. "
ദീപ്തി അവന്റെ തണുത്ത കരങ്ങൾ കവർന്നു... അതിന് മറുപടിയെന്നോണം കാശി അവളെ ഇറുകെ പുണർന്നു... അവന്റെ ക്രമാതീതമായ ഹൃദയമിടിപ്പ് ഒരുവേള അവളിൽ ഭയം നിറച്ചു... അവൻ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുമോ എന്നവൾ ഭയന്നു...കാശിയെ തിരികെ പുണരാനായി കൈകൾ ഉയർത്തുമ്പോഴാണ് ആരുടെയോ ആക്കിയിട്ടുള്ള ചുമ കേട്ടത്... "മ്മ്ഹ്.. മ്മ്ഹ്... " ചെറു ചിരിയോടെ കട്ടിളപ്പടിയിൽ ചാരി അവരെത്തന്നെ നോക്കി നിൽക്കുന്ന ഗോപുവിനെ കണ്ടതും ദീപ്തി ചമ്മലോടെ താഴെക്കോടി.. "ഇതൊരു പബ്ലിക് പ്ലേസാണ് മിസ്റ്റർ കാശിനാഥൻ.. " ഗോപു ചിരി കടിച്ചു പിടിച്ചു കൊണ്ടവന്റെ അടുത്തേക്ക് വന്നു... "നീ പോടാ.. കറക്റ്റ് സമയത്ത് കയറി വന്നോളും തെണ്ടി..." കാശി പിറുപിറുത്തു കൊണ്ടാവിടെ നിന്നും പോയി... അവൻ അറിയുകയായിരുന്നു വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടുപോയ തന്റെ ഏട്ടനെ... വീണ്ടും തന്റെ ഏട്ടനിൽ പഴയ കുറുമ്പും കുസൃതിയും ആവോളമുള്ള കാശിനാഥനെ കാണാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്റെ ഏട്ടത്തിയുടെ പരിശ്രമം കൊണ്ടാണെന്നവൻ തിരിച്ചറിഞ്ഞു..
. മനസ്സുകൊണ്ടവൻ ഒരായിരം വട്ടം തന്റെ ഏട്ടത്തിയോട് നന്ദി പറഞ്ഞു... ****** ദീർഘ നേരത്തെ യാത്രക്കൊടുവിൽ ശ്രുതിയും വിഷ്ണുവും മൂന്നാറിലുള്ള റിസോർട്ടിൽ എത്തി ചേർന്നു....അത്യധികം ആഡംബരങ്ങോളോട് കൂടിയ മുറിയിലേക്കാണ് അവിടുത്തെ സ്റ്റാഫ് അവരെ കൊണ്ടുപോയത്.... ഇരുവർക്കും യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് ഒന്നുറങ്ങി എഴുന്നേറ്റിട്ടാവാം സ്ഥലമൊക്കെ കാണാൻ പോവുന്നതെന്ന് തീരുമാനിച്ചു... വിഷ്ണു ഫ്രഷായി വന്നപ്പോഴേക്കും ശ്രുതി വന്ന അതേ വേഷത്തിൽ തന്നെ കിടന്നു ഉറക്കം പിടിച്ചിട്ടുണ്ട്... കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ ഉറങ്ങുന്നവളെ അവനു ഉണർത്താൻ തോന്നിയില്ല.. ബെഡിൽ നിന്നും താഴേക്ക് വീണു കിടക്കുന്ന അവളുടെ കയ്യും കാലും എടുത്ത് നേരെവെച്ചു അവനും ഒരരിക് പറ്റി കിടന്നു... ക്ഷീണം നല്ലത് പോലെ ഉള്ളത് കൊണ്ട് തന്നെ പെട്ടന്നുറക്കം പിടിച്ചു... ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ശ്രുതി കണ്ണുകൾ തുറന്നത്... അടുത്ത് തന്നോട് പറ്റി ചേർന്നു കിടക്കുന്ന വിഷ്ണുവിനെ ഉണർത്താതെ അവൾ ടേബിളിൽ ഇരുന്നിരുന്ന ലാങ് ഫോണിന്റെ റിസീവർ എടുത്ത് ചെവിയിലേക്ക് വെച്ചു.. "ഹെലോ... "
"ഹെലോ മേം.. ലഞ്ച് റെഡിയായിട്ടുണ്ട്.. അങ്ങോട്ടെത്തിക്കണോ അതോ ഇവിടേക്ക് വരുവാണോ... " മറുപ്പുറത്തുള്ളയാൾ വളരെയധികം വിനയത്തോടെ ചോദിച്ചു... "ഇത്ര പെട്ടന്ന് ഉച്ചയായോ.. " അവൾ ചിന്തിച്ചു.. "ഹെലോ മേം.. " മറുപടിയൊന്നും കേൾക്കാതെ വന്നപ്പോൾ അയാൾ വീണ്ടും ചോദിച്ചു... "No.. ഇങ്ങോട്ടെടുത്തോളൂ.." "ഓക്കേ മേം.. " ഫോൺ കട്ടായതും അവൾ അതവിടെ വെച്ച് വിഷ്ണുവിനെ ശല്യപ്പെടുത്താതെ കൊണ്ടുവന്ന ബാഗിൽ നിന്നും ഡ്രെസ്സുമെടുത്ത് ഫ്രഷാവാൻ കയറി.. "വിഷ്ണുവേട്ടാ എഴുന്നേറ്റെ... ഇതെന്തൊരു ഉറക്കമാ,, നേരം എത്രയായെന്ന് അറിയോ...? " കുളികഴിഞ്ഞു വന്ന ശ്രുതി അവനെ തട്ടിവിളിച്ചു.. "ഒരഞ്ചു മിനിറ്റ് കൂടെ.. " പറഞ്ഞിട്ടവൻ കമിഴ്ന്നു കിടന്നു.. ശ്രുതി വീണ്ടും അവനെ വിളിക്കാൻ ഒരുങ്ങിയതും ഡോർ ബെൽ മുഴങ്ങി... അവൾ ചെന്നു വാതിൽ തുറന്നു.. "ഗുഡ് ആഫ്റ്റർ നൂൺ മാം.. ഫുഡ്.. " പുഞ്ചിരിയോടെ അയാൾ പറഞ്ഞു... "ദാ അവിടേക്ക് വെച്ചോളൂ... " ടേബിൾ ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ടവൾ ഒരു വശത്തേക്ക് മാറി നിന്നു...
അയാൾ ഫുഡ് അവിടെ വെച്ച് നന്ദിയും പറഞ്ഞുകൊണ്ട് തിരികെ പോയി... അയാൾ പോയി കഴിഞ്ഞതും വാതിൽ അടച്ചു ലോക്ക് ചെയ്ത് വിഷ്ണുവിനെ തിരിഞ്ഞു നോക്കി.. അവനപ്പോഴും കമിഴ്ന്നു കിടന്ന് ഉറങ്ങുകയാണ്.. അത് കണ്ടവൾക്കൊരു കുസൃതി തോന്നി... ഒച്ചയുണ്ടാക്കാതെ അവനടുത്തേക്ക് ചെന്നു തോളിലെ ഷർട്ട് നീക്കി അവിടെ അമർത്തി കടിച്ചു... അവളുടെ ദന്തങ്ങൾ ആഴത്തിൽ പതിയുന്നതിനനുസരിച്ചവൻ പുളഞ്ഞു.. എന്നിട്ടും അവൻ ഉണരുന്നില്ലെന്ന് കണ്ടതും അവൾ ഒന്നൂടെ അമർത്തി കടിച്ചു.. ഇപ്രാവശ്യം അവൻ വേദനകൊണ്ട് ചാടിയെണീറ്റു... കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അരികിൽ ഇരിക്കുന്നവളെ നോക്കിയതും അവൾ സോറി എന്ന് ചുണ്ടുകൾ കൊണ്ട് മൊഴിഞ്ഞു... ആ സമയത്തെ അവളുടെ നിഷ്കളങ്ക ഭാവം അവനിൽ അവളോടുള്ള പ്രണയം നിറച്ചു... ഒറ്റവലിക്കവൻ അവളെ തന്റെ ഇടനെഞ്ചിലേക്ക് വലിച്ചിട്ടു ചുവന്ന തുടുത്ത കുരുകൾ നിറഞ്ഞു നിൽക്കുന്ന കവിളിൽ നോവാത്ത വിധം കടിച്ചു..പിന്നീടവിടെ തന്റെ അധരങ്ങൾ കൊണ്ട് തലോടി.. "സ്സ്.. "
സുഖമുള്ളൊരനുഭൂതി ശരീരത്തിൽ വ്യാപിച്ചതും അവളുടെ കൈകൾ അവന്റെ ഷർട്ടിൽ ചുളിവുകൾ തീർത്തു... ചുമന്നു തുടുത്തു തന്റെ നെഞ്ചിൽ കിടക്കുന്നവളുടെ താടിത്തുമ്പിലുമൊന്ന് പതിയെ കടിച്ചു വിട്ടവൻ അവളെ ബെഡിലേക് കിടത്തി ഫ്രഷാവാൻ പോയി.. കുറച്ചു നിമിഷങ്ങൾക്ക് മുൻപ് നടന്ന മനോഹരമായ നിമിഷങ്ങളിൽ കുടുങ്ങി കിടക്കുവായിരുന്നു അവളുടെ മനസപ്പോഴും..വിഷ്ണു കുളി കഴിഞ്ഞു വന്നതൊന്നും അവളറിഞ്ഞില്ല... അവന്റെ അധരങ്ങളുടെ ചെറു ചൂട് ഇപ്പോഴും തന്റെ കവിളിൽ വ്യാപിക്കുന്നുണ്ടെന്നവൾക്ക് തോന്നി... "ഇവിടിങ്ങനെ സ്വപ്നവും കണ്ടു കിടന്നാൽ മതിയോ,, നമുക്ക് പുറത്തൊക്കെ ഒന്ന് പോവേണ്ടേ...?" ചോദിച്ചു കൊണ്ട് വിഷ്ണു അവളുടെ അരികിൽ വന്നിരുന്നു... ചമ്മലോടെ അവൾ അവിടുന്നെഴുന്നേറ്റ് ഫുഡ് എടുത്തു വെച്ചു... "ഇത്രക്കും നാണമാണേൽ ഞാൻ കുറച്ചു കഷ്ടപ്പെടും... "
കസേര വലിച്ചിട്ടിരിക്കുന്നതിനിടയിൽ തന്റെ നോക്കാതെ ഭക്ഷണം വിളമ്പുന്നവളെ നോക്കി വിഷ്ണു പറഞ്ഞു... "അയ്യേ.. ഈ വിഷ്ണുവേട്ടൻ ഒരു നാണവും ഇല്ല... " അവൻ പറഞ്ഞതുകേട്ട് ശ്രുതിക്ക് പരിഭ്രമമായി... പരിഭ്രമിച്ചു നിൽക്കുന്ന ശ്രുതിയെ തന്റെ അടുത്തേക്ക് വലിച്ചിരുത്തി അവൻ ഭക്ഷണം വായിലേക്ക് വെച്ചു കൊടുത്തു.. അവന്റെ സ്നേഹവും കണ്ണുകളിൽ തന്നോടുള്ള ആഴമുള്ള പ്രണയവും തിരിച്ചറിഞ്ഞവൾ അറിയാതെ തന്നെ വാ തുറന്നു.... ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞതും അവർ സ്ഥലങ്ങളൊക്കെ കാണാനായി പുറത്തേക്കിറങ്ങി... പരസ്പരം കൈകൾ കോർത്തു പിടിച്ചു കൊണ്ടവർ ആ വീഥിയിലൂടെ നടന്നു...ഇടയിൽ തണുപ്പുകൊണ്ടവൾ കൈകൾ ഉരസുമ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു...ഈ മനോഹരമായ നിമിഷങ്ങളൊന്നും കഴിഞ്ഞു പോവരുതേ എന്നവർ ഇരുവരും ഒരുപോലെ ആഗ്രഹിച്ചു...ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രമായ ലോകത്തിലേക്കവർ ചുരുങ്ങി....... തുടരും
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.