മഞ്ഞുരുകും കാലം : ഭാഗം 38

Manjurukumkalam

രചന: ഷംസീന

വൈകീട്ട് കാശി വരുന്നതും നോക്കി ഉമ്മറത്തിരിക്കുകയാണ് ദീപ്തി.. ചെറിയൊരു മഴക്കോളുണ്ട്... വാനം ഇരുണ്ട് മൂടിയതിനൊപ്പം ഒരിളം കാറ്റും അവിടെയെല്ലാം ചുറ്റി നടക്കുന്നുണ്ട്...ഈ വേനൽ ചൂടിൽ ചെറിയൊരു ചാറ്റൽ മഴപോലും ശരീരത്തിന് തണുപ്പേകും...ആ അനുഭൂതിയിൽ അവൾ ഒന്നുകൂടെ ചുരുണ്ടിരുന്നു... മഴ ചെറുതായി ചാറി തുടങ്ങിയതും മല്ലികാമ്മ അവളോട് അകത്തേക്ക് കയറാൻ ആവശ്യപ്പെട്ടു...അവളതിന് കൂട്ടാക്കാതെ തന്റെ കറുത്ത കുപ്പിവള അണിഞ്ഞ കൈകൾ മഴയിലേക്ക് നീട്ടിപിടിച്ചു അത് ആസ്വദിച്ചു... ഗോപു മഴ നനഞ്ഞു ബൈക്കിൽ വരുന്നത് കണ്ടതും അവൾ വേഗത്തിൽ അകത്തേക്ക് ഓടിപ്പോയി ഒരു തോർത്തെടുത്തു വന്നു... "ആകെ നനഞ്ഞല്ലോ ചെക്കാ.. " ഷർട്ടിലെയും പാന്റിലേയും വെള്ളം കുടഞ്ഞു കളയുന്ന ഗോപുവിനെ നോക്കി പറഞ്ഞുകൊണ്ട് അവൾ അവന്റെ മുടിയിലെ വെള്ളം ഒപ്പിക്കൊടുത്തു... "മതി ഏട്ടത്തി... " അവൻ മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞു മുകളിലെ മുറിയിലേക്കോടി..

.അവളുടെ മുഖത്ത് വാത്സല്യം നിറഞ്ഞു... അവനെ കാണുമ്പോഴൊക്കെയും ദീപുവിനെയാണ് ഓർമ വരാറ്.. അവനും ഇങ്ങനെ തന്നെയാണ് പതിഞ്ഞ സ്വഭാവം.. എന്നാൽ കുറുമ്പുകൾ ഏറെ കാണിക്കുന്നതും തന്നോടാണ്.. ദീപ്തി ഓർത്തു... കാശിയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടതും അവൾ ഉമ്മറത്തേക്ക് ചെന്നു...അവൻ ചെറു പുഞ്ചിരിയോടെ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് വന്നു...ദീപ്തി കയ്യിലുള്ള ബാഗ് വാങ്ങി അവനേയും കൂട്ടി അകത്തേക്ക് നടന്നു... "ഇന്ന് വലിയ സന്തോഷത്തിലാണലോ... " കാശിയുടെ ചുണ്ടിൽ മായാതെ നിൽക്കുന്ന പുഞ്ചിരി കണ്ടവൾ ചോദിച്ചു... "ഒരല്പം സന്തോഷം കൂടുതലാണെന്ന് കൂട്ടിക്കോ... നമ്മുടെ പൂട്ടികിടക്കുന്ന ടെക്സ്റ്റയിൽ ഷോപ്പ് റീ ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു അധികം വൈകാതെ...അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത് ഇനിയും അതിന് നേരെ മുഖം തിരിച്ചുകൂടാ..." അവൻ ഇരു കൈകളും അവളുടെ കഴുത്തിലൂടെയിട്ട് ചേർത്ത് പിടിച്ചു.. "ആണോ..നല്ല കാര്യമാണ് കാശിയേട്ടാ.. മരിച്ചുപോയ അച്ഛന്റെ ആ ആഗ്രഹമെങ്കിലും സാധിപ്പിച്ചു കൊടുക്കാനുള്ള കടമ ന്റെ കാശ്യേട്ടനുണ്ട് എങ്കിലേ ആ ആത്മാവിനു പൂർണ ശാന്തി ലഭിക്കൂ...."

അവൾ അവന്റെ നെഞ്ചിലേക്ക് ചാരി... "താൻ താഴേക്ക് ചെല്ല് ഞാനൊന്ന് ഫ്രഷായിട്ട് വരാം എന്നിട്ട് നമുക്ക് ഈ വിവരം ചെറിയമ്മയോടും ഗോപുവിനോടും പറയാം... " കാശി പറഞ്ഞതുകേട്ട് അവൾ താഴേക്ക് ചെന്നു.. എല്ലാവർക്കുമുള്ള ചായയും പലഹാരവും എടുത്ത് വെച്ചപ്പോഴേക്കും കാശിയും വന്നിരുന്നു... ദീപ്തി മുറിയിൽ കിടക്കുകയായിരുന്നു മല്ലികാമ്മയേയും വിളിച്ചു കൊണ്ടുവന്നു.. എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതിനിടയിൽ കാശി തന്റെ തീരുമാനം പറഞ്ഞു... മല്ലികാമ്മക്കും സന്തോഷമായി തന്റെ ഏട്ടനെ ഓർത്ത് ഒരുവേള അവരുടെ കണ്ണുകളും ഈറനണിഞ്ഞു... ****** യാത്ര കഴിഞ്ഞു തിരികെയെത്തിയ വിഷ്ണുവും ശ്രുതിയും കാണുന്നത് കട്ടിലിൽ അവശയായി കിടക്കുന്ന സുധയെയാണ്... ഇന്നലെ രാത്രി സതീഷേട്ടന് വിളിച്ചപ്പോൾ അമ്മക്കും ചേച്ചിക്കും കുഴപ്പമൊന്നുമില്ല സുഖമായി ഇരിക്കുന്നു എന്ന് പറഞ്ഞതായിരുന്നു.. എന്നിട്ടിപ്പോൾ പെട്ടന്നിതെന്തു പറ്റി... അവൻ ബാഗുകൾ ഇറക്കിവെച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു... "അമ്മേ,, എന്തു പറ്റി..."

അവൻ അവരുടെ അടുത്തേക്കിരുന്നു... "രണ്ട് മൂന്ന് ദിവസമായി നല്ല പനിയായിരുന്നു.. ഇപ്പൊ കുറവുണ്ട്... " അവർ അവശതയോടെ മറുപടി പറഞ്ഞു.. ശ്രുതി അപ്പോഴേക്കും അകത്തു നിന്നും ചൂടുവെള്ളം എടുത്ത് കൊണ്ടുവന്നു സുധക്ക് കൊടുത്തു... അവർ വല്ലാത്തൊരു ആർത്തിയോടെ അത് വാങ്ങി കുടിച്ചു.. "അമ്മയെ ഇവിടെ തനിച്ചാക്കി ചേച്ചിയെവിടെ പോയി... " വിഷ്ണു സുജയെ തിരക്കി... "അവളിന്നലെ രാത്രി സതീശനെയും വിളിച്ചു തിരികെ പോയി.. എന്നെ നോക്കാൻ വയ്യെന്ന്... " സങ്കടം വിങ്ങിയ മുഖത്തോടെ സുധ അവനെ നോക്കി.. "ശ്രുതി നീ അമ്മയുടെ മുഷിഞ്ഞ നൈറ്റി ഒന്ന് മാറ്റിക്കൊടുത്തെ ഞാൻ കാറെടുത്തിട്ട് വരാം..." "മ്മ്.. " ശ്രുതി അലമാരയിൽ നിന്നും ഒരു നൈറ്റി കൊണ്ടുവന്നു ഉമ്മറത്തെ വാതിൽ ചാരിയിട്ട് സുധയെ മാറ്റിയുടുപ്പിച്ചു.. അപ്പോഴേക്കും വിഷ്ണു കാറുമായി വന്നിരുന്നു.. ഇരുവരും കൂടി സുധയെ താങ്ങി പിടിച്ചു കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി... *****

"ഇത് പകർച്ച പനിയൊന്നും അല്ല...കയ്യിലെ വിരലിൽ അത്യാവശ്യം വലിയൊരു മുറിവുണ്ട് അത് പഴുത്ത് ഇൻഫെക്ഷൻ ആയതാണ്... പിന്നെ അമ്മ ഷുഗറിന്റെയൊക്കെ ടാബ്ലറ്റ് കഴിക്കുന്നതല്ലേ... പേടിക്കാനൊന്നുമില്ല രണ്ട് ദിവസം ഇവിടെ ഒബ്സെർവേഷനിൽ കിടക്കട്ടെ അത് കഴിഞ്ഞ് ബാക്കി നോക്കാം..." ഡോക്ടർ വിഷ്ണുവിനെ കൺസൽട്ടിങ് റൂമിലേക്ക് വിളിച്ചു പറഞ്ഞു... അവൻ പിന്നീട് അമ്മയെ അവിടെ അഡ്മിറ്റ് ചെയ്യാനുള്ള കാര്യങ്ങളൊക്കെ ചെയ്ത് പുറത്തേക്ക് പോയി... ശ്രുതി സുധയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൂടെ തന്നെ നിന്നു... പുറത്തേക്കിറങ്ങിയ വിഷ്ണു ഫോണെടുത്തു സതീശനെ വിളിച്ചു... ഒന്ന് രണ്ട് തവണ സതീഷ് കാൾ കട്ടാക്കിയെങ്കിലും വിഷ്ണുവിന്റെ നിരന്തരമുള്ള വിളിയിൽ അവൻ സഹികെട്ടു ഫോൺ എടുത്തു... "സതീശേട്ടൻ ഇതെവിടെയാണ്.. ഞാൻ എത്ര നേരം കൊണ്ട് വിളിക്കുന്നതാ.."

ഫോൺ എടുത്തപാടെ വിഷ്ണു ഗൗരവത്തിൽ ചോദിച്ചു... "ഞാൻ.. ഞാൻ വീട്ടിലുണ്ട്... " അയാളൊരു പതർച്ചയോടെ മറുപടി കൊടുത്തു... "അമ്മയുടെ ഫോണിലേക്ക് അടിച്ചിട്ട് കിട്ടുന്നില്ല അമ്മക്കൊന്ന് ഫോൺ കൊടുക്കാവോ അത്യാവശ്യമായിട്ടൊരു കാര്യം പറയാനാണ്... " വിഷ്ണു സതീശൻ ഇനി എന്ത് കള്ളമാണ് പറയുന്നത് എന്നറിയാൻ കാത്തിരുന്നു... "അത്.. അമ്മയും സുജയും കൂടി ഹോസ്പിറ്റലിൽ പോയി.. അവൾക്കിന്ന് ചെക്കപ്പ് ഉള്ള ദിവസമാണ്... " അയാൾ വീണ്ടുമൊരു കള്ളം കൂടി പറഞ്ഞു... "സതീഷേട്ടൻ എന്തിനാ പതറുന്നെ,,, എന്തെങ്കിലും പ്രശ്നമുണ്ടോ...? " "ഒ.. ഒന്നുല്ല നിങ്ങളെപ്പോഴാണ് വരുന്നത്... " "ഞങ്ങൾ ഇന്ന് വൈകീട്ട് തന്നെ എത്തി.. ഇപ്പോൾ ഹോസ്പിറ്റലിലാണ് അമ്മയേയും കൊണ്ട്... " വിഷ്ണുവിന്റെ മറുപടിയിൽ അയാൾ നന്നായി ഭയന്നു.. ഇനിയെന്ത് പറഞ്ഞു അവനെ അനുന്നയിപ്പിക്കുമെന്ന് അയാൾക്ക് യാതൊരു പിടിയും കിട്ടിയില്ല... "ഇത് തീരെ പ്രതീക്ഷിച്ചില്ല അല്ലേ... പറയാതെ വന്നത് എന്ത് കൊണ്ടും നന്നായി ഓരോരുത്തരുടെയും സ്വഭാവം മനസ്സിലാക്കാൻ പറ്റിയല്ലോ..."

വിഷ്ണുവിന്റെ വാക്കുകളിൽ അവരോടുള്ള പുച്ഛം കലർന്നു... "എന്റെ പൊന്നു വിഷ്ണു ഇതൊന്നും ഞാൻ അറിഞ്ഞു കൊണ്ടല്ല...നിങ്ങൾ പോയതിന്റെ പിറ്റേന്ന് തന്നെ ഞാൻ അവർക്ക് കൂട്ടിന് വീട്ടിലേക്ക് പോയതാണ്... അതിന്റെ പിറ്റേന്ന് എനിക്ക് ഒഴിച്ചു കൂടാൻ ആവാത്ത ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ തിരികെ പോന്നു.. ഒരു ദിവസം എന്ന് പറഞ്ഞത് രണ്ട് ദിവസമായി... തിരികെ ചെന്നപ്പോൾ കാണുന്നത് വയ്യാതെ കിടക്കുന്ന അമ്മയെയാണ്.. ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ഒരുങ്ങിയ എന്നെ വിലക്കിയത് നിന്റെ പെങ്ങളാണ്... അമ്മക്ക് വേണ്ടി ചിലവാക്കാനുള്ള പണം ഞങ്ങളുടെ കയ്യിൽ ഇല്ലെന്നും പറഞ്ഞു പിടിച്ച പിടിയാലേ നിന്റെ ചേച്ചി എന്നേയും കൂട്ടി അവിടെ നിന്ന് പോന്നു... എനിക്കിതിൽ എന്ത് ചെയ്യാൻ പറ്റും അവളെ രണ്ടെണ്ണം കൊടുത്ത് നിലക്ക് നിർത്താൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല നിനക്കറിയാലോ വർഷങ്ങളുടെ കാത്തിരിപ്പ് കൊണ്ടാണ് ഒരു കുഞ്ഞു പിറക്കാൻ പോവുന്നത് പിടിവിട്ട് ഞാൻ അവളെ എന്തെങ്കിലും ചെയ്തുപോയാൽ അതിനെയും ബാധിക്കുമല്ലോ എന്നോർത്തു ക്ഷമിച്ചു നിൽക്കുന്നതാണ്, നീ എന്റെ അവസ്ഥയും കൂടിയൊന്ന് മനസ്സിലാക്കണം..."

അയാൾ തന്റെ നിസ്സഹായത അവനോട് തുറന്നു പറഞ്ഞു... "എനിക്ക് മനസ്സിലാവും സതീഷേട്ടാ.. കാര്യമറിയാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു സതീഷേട്ടൻ അത് കാര്യമാക്കണ്ട അത് അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞുപോയതാണ്... ചേച്ചിയോട് പറഞ്ഞേക്ക് ഇനി ആ വീടിന്റെ പടി ചവിട്ടി പോവരുതെന്ന് അങ്ങനെ വന്നാൽ കൂടപ്പിറപ്പാണെന്നുള്ളത് ഞാനങ്ങു മറക്കും... " ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് വിഷ്ണു ഫോൺ കട്ട്‌ ചെയ്തു സുധയുടെ അടുത്തേക്ക് ചെന്നു... തളർന്നു അവശയായി കട്ടിലിൽ കിടക്കുന്ന അമ്മയെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.. എത്രയൊക്കെ തന്നെയും മറ്റുള്ളവരെയും ദ്രോഹിച്ചിട്ടുണ്ടെങ്കിലും അമ്മയെ ഇതുവരേയും വെറുക്കാൻ സാധിച്ചിട്ടില്ല.. അത് തന്നെയായിരിക്കും അവരുടെ അമ്മമാരുടെ വിജയവും... **** ദിനങ്ങൾ മുന്നോട്ട് ഓടികൊണ്ടിരുന്നു പിന്നീടൊരു തിരിച്ചു വരവ് ഇല്ലാത്തത് പോലെ...

ദീപുവിനും ദിവ്യക്കും പ്ലസ് വൺ ക്ലാസ്സ്‌ തുടങ്ങി... ഗോപുവിന്റെ ഡിഗ്രി ലാസ്റ്റ് ഇയറും.... കാശി ഇപ്പോൾ ദിവസവും ഓഫീസിൽ പോവുന്നുണ്ട് യാതൊരു മടിയും കൂടാതെ... പുതിയ കട പുതുക്കി പണിയുന്നത് നടന്നു കൊണ്ടിരിക്കുന്നു... അവിടുത്തെ കാര്യങ്ങളും ഓഫീസിലെ കാര്യങ്ങളും എല്ലാം കൂടെ കൈകാര്യം ചെയ്യുന്നത് കൊണ്ട് കാശിക്ക് നിന്നു തിരിയാൻ സമയം ഉണ്ടായിരുന്നില്ല.. എന്നിരുന്നാലും അവൻ ദീപ്തിക്ക്‌ വേണ്ടി തന്റെ പ്രണയം പകുത്തു നൽകാൻ കുറച്ചു സമയം കണ്ടെത്തിയിരുന്നു...മുടങ്ങാതെ മാസത്തിൽ ഒരു തവണയുള്ള മാഷിന്റെ കാൾ രാധമ്മയെ തേടിയെത്തി..മാഷിന്റെ ഉത്സാഹത്തോടെയുള്ള വാർത്തമാനത്തിൽ നിന്ന് തന്നെ അറിയാം ആളുടെ അസുഖം പകുതിയും മാറിയിട്ടുണ്ടെന്ന്.... ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും അധികം വൈകാതെ മാഷ് എണീറ്റ് നടക്കുമെന്നും വൈദ്യർ കാശിയോട് വിളിച്ചു പറഞ്ഞിരുന്നു...

സുധയെ അസുഖമെല്ലാം മാറി ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്നു... ശ്രുതി വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ ഒരംശം പോലുമില്ലാതെ അവരെ പരിപാലിച്ചു.... എന്നിരുന്നാലും സുജയുടെ കാര്യമോർത്ത് അവർക്ക് വല്ലാത്തൊരു വിഷമം ഉണ്ടായിരുന്നു അത് ശ്രുതിക്ക് മനസ്സിലാവുകയും ചെയ്തു... ശ്രുതി വിഷ്ണുവിനോട് കാര്യം പറഞ്ഞപ്പോൾ ഇനി സുജയുടെ പേര് പോലും ഇവിടെ ആരും പറയരുതെന്ന് അവൻ താക്കീത് നൽകി... ശ്രുതിക്ക് അവിടെ അടുത്തുള്ളൊരു കമ്പനിയിൽ ജോലി ശെരിയായിട്ടുണ്ട്... അടുത്ത ദിവസം മുതൽ ജോയിൻ ചെയ്യണം... പക്ഷേ വയ്യാത്ത അമ്മയെ എങ്ങനെ തനിച്ചാക്കി ജോലിക്ക് പോവുമെന്ന ആശങ്കയും അവളിൽ ഉണ്ടായിരുന്നു...സുധ ഇക്കാര്യം അറിഞ്ഞപ്പോൾ സന്തോഷത്തോടെ തന്നെ അവളോട് ജോലിക്ക് പോകാൻ പറഞ്ഞു... തനിക്കിപ്പോൾ യാതൊരു കുഴപ്പവും ഇല്ലെന്ന് കൂടി പറഞ്ഞതും ശ്രുതിക്കും ആശ്വാസമായി...

പിറ്റേന്ന് മുതൽ വീട്ടിലെ ഒട്ടുമിക്ക പണികളും തീർത്ത് ശ്രുതിയും ജോലിക്ക് പോയിത്തുടങ്ങി... രാവിലെ പണികൾ എളുപ്പം കഴിയാൻ വിഷ്ണുവും അവളെ അടുക്കളയിൽ വന്നു സഹായിക്കും... സുജ അന്നത്തെ ആ പ്രശ്നത്തിന് ശേഷം വീട്ടിലേക്ക് വന്നിട്ടില്ല... അമ്മയോടും ശ്രുതിയോടും അങ്ങനെ പറഞ്ഞെങ്കിലും വിഷ്ണു ഇടക്ക് സതീശനോട് വിളിച്ചു സുജയുടെ കാര്യങ്ങൾ ചോദിച്ചറിയാറുണ്ട്... ഇനിയും സുജ വീട്ടിലേക്ക് വന്നാൽ ചിലപ്പോൾ ഇപ്പോഴുള്ള സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടേക്കാം എന്ന് കരുതിയാണ് വിഷ്ണു ആ ഉദ്യമത്തിന് മുതിരാത്തത്... രാവിലെ ഇറങ്ങിയതാണ് ദീപ്തിയും കാശിയും വീട്ടിൽ നിന്ന്,,, കാശിയെ ഡോക്ടറെ കാണിച്ച് ശേഷം ചെറിയൊരു ഷോപ്പിംഗ് അതാണ് ഇരുവരുടേയും പ്ലാൻ... കൺസൾറ്റിങ് റൂമിനു മുന്നിൽ അവർ അക്ഷമരായി ഇരുന്നു..നഴ്സ് വന്നു കാശിയുടെ പേര് വിളിച്ചതും ഏറിയ ഹൃദയമിടിപ്പോടെ അവർ അകത്തേക്ക് കയറി......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story