മഞ്ഞുരുകും കാലം : ഭാഗം 39

Manjurukumkalam

രചന: ഷംസീന

"വരൂ കാശി ഇരിക്കൂ.... " ഡോക്ടർ അത്യധികം സന്തോഷത്തോടെ അവനെ ക്ഷണിച്ചു... നരച്ചു തുടങ്ങിയ താടിയും മുടിയും മുഖത്തൊരു വട്ടക്കണ്ണടയും ധരിച്ചൊരു മധ്യവയസ്കൻ...അയാളുടെ മുഖത്തുള്ള ഭാവം എന്താണെന്ന് ദീപ്തിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല... ദീപ്തി അയാളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ കസേരയിലേക്കിരുന്നു... "ഇത്... " ഡോക്ടർ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.. "എന്റെ വൈഫാണ്,, ദീപ്തി കാശിനാഥൻ... " കാശി അവളെ നിറഞ്ഞ പുഞ്ചിരിയോടെ പരിചയപ്പെടുത്തി... അദ്ദേഹം കാശിയെ കണ്ണുകളെടുക്കാതെ നോക്കി... വർഷങ്ങൾക്ക് മുന്നേ തന്റെ മുന്നിൽ പേടിച്ചു വിറച്ചു തലതാഴ്ത്തിയിരുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം അയാൾക്കോർമ്മ വന്നു...വേദന തിങ്ങിയ മുഖത്തു നിന്നും ഇന്ന് പുഞ്ചിരി തൂകുന്നൊരു മുഖം തനിക്ക് കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അത് അവന്റെ അടുത്തിരിക്കുന്ന ആ പെൺകുട്ടിയുടെ സ്നേഹമാണെന്നദ്ദേഹത്തിന് മനസ്സിലായി.. അദ്ദേഹം അവരെ നോക്കി പുഞ്ചിരിച്ചു...

"അപ്പൊ ഇതാണ് ആ മിടുക്കി അല്ലേ... മല്ലികാമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു പക്ഷേ പെട്ടന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല..." ഡോക്ടർ സൗഹാർദ്ദ രൂപേണ പറഞ്ഞു .. "കാശി ഇപ്പോൾ എന്തു തോന്നുന്നു... " "Fine സർ... " അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൻ സാധാരണ രീതിയിൽ മറുപടി പറഞ്ഞു.. "എങ്കിൽ വരൂ നമുക്ക് അകത്തിരുന്ന് സംസാരിക്കാം... " ഡോക്ടർ കാശിയെ മാത്രമായി അകത്തേക്ക് കൊണ്ടുപോയി... ദീപ്തിയുടെ മുഖം വാടിയതും അവൻ കണ്ണുകൾ ചിമ്മി കാണിച്ചു അദ്ദേഹത്തോടൊപ്പം അകത്തെ മുറിയിലേക്ക് പോയി... ദീപ്തിക്കുള്ളിൽ വല്ലാത്തൊരു അസ്വസ്ഥത ഉടലെടുത്തു... "മേഡം പേടിക്കുകയൊന്നും വേണ്ടാ അവരിപ്പോ ഇങ്ങ് വരും.. " അടുത്ത് നിന്ന നഴ്സ് ദീപ്തിയുടെ ടെൻഷൻ കണ്ടപ്പോൾ പറഞ്ഞു... മറുപടിയായി അവൾ തെളിച്ചമില്ലാതൊരു പുഞ്ചിരി നൽകി... കുറച്ചു കഴിഞ്ഞതും ഡോക്ടറും കാശിയും പുറത്തേക്ക് വന്നു... "ഇനി കാശി പുറത്തേക്ക് നിന്നോളൂ ഞാൻ ദീപ്തിയോടൊന്ന് തനിച്ചു സംസാരിക്കട്ടെ..." ഡോക്ടർ പറഞ്ഞത് പ്രകാരം കാശി മുറിക്ക് പുറത്തേക്കിറങ്ങി...

അവൻ പോയതും ഡോക്ടർ എന്താവും പറയാൻ പോവുക എന്ന ആകാംഷയോടെ അവൾ അദ്ദേഹത്തെ നോക്കി... "ദീപ്തിക്ക് ഞാൻ പറയാതെ തന്നെ അറിയുമായിരിക്കും കാശിയുടെ കാര്യങ്ങൾ... എന്റെ ഓർമയിൽ അഞ്ചു വർഷത്തിൽ അധികമായി കാശി എന്റെ പേഷ്യന്റ് ആണ്... ഇവിടെ വരുമ്പോൾ ആ ചെറുപ്പക്കാരന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു...എനിക്കിപ്പോഴും ഓർമയുണ്ട് മാതാപിതാക്കൾ തന്റെ അശ്രദ്ധ കൊണ്ടാണ് മരണപ്പെട്ടതെന്ന കുറ്റബോധത്താൽ എന്റെ മുന്നിലിരിക്കുന്ന കാശിയെ...ഇന്നതിൽ നിന്നും ഒരുപാട് മാറ്റം സംഭവിച്ചു...അവന്റെ നഷ്ടപ്പെട്ട സന്തോഷങ്ങളെല്ലാം തിരികെ കിട്ടി അതുപോലെ അവന്റെ മനസ്സും ഇപ്പോൾ ശാന്തമാണ്.. എല്ലാവരേയും പോലെ സാധാരണ ജീവിതം നയിക്കണമെന്ന് അവനും ആഗ്രഹിക്കുന്നു... ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ഇനിയൊരു ഷോക്ക് കാശിനാഥന് ഉണ്ടാവാതെ നോക്കണം ഇനി അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ കാശിയുടെ മനസ്സിന്റെയും ബുദ്ധിയുടെയും നിയന്ത്രണം തിരികെ കിട്ടുക എന്നത് വളരെ പ്രയാസമായിരിക്കും..."

പറയുന്നത് നിർത്തി ഡോക്ടർ തന്റെ മുന്നിലിരിക്കുന്നവളെ നോക്കി... അവളുടെ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ അയാളിലും ചെറിയൊരു നോവുണർത്തി... "ഞാൻ കുട്ടിയേ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഇതെന്റെ ജോലിയുടെ ഭാഗമാണ് എനിക്കിത് പറയാതിരിക്കാൻ കഴിയില്ല....കാശിയെ പരമാവധി ഹാപ്പിയായി ഇരുത്താൻ ശ്രമിക്കുക... ഇടയ്ക്കിടെ ഒരു യാത്ര പോവുക അല്ലെങ്കിൽ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുക അല്ലെങ്കിൽ അയാൾക്ക് ഇഷ്ടമുള്ളതെന്തോ അതിനോടൊപ്പം സപ്പോർട്ടായി നിൽക്കുക... ഇതെല്ലാം അയാളുടെ മാനസികനില മെച്ചപ്പെടുത്തും... ദീപ്തിക്ക് ഞാൻ പറഞ്ഞത് മനസ്സിലായല്ലോ..." "മനസ്സിലായി ഡോക്ടർ... " അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു... "ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു ഇനിയൊരു മെന്റൽ ഷോക്ക് കാശിക്ക് ഉണ്ടാവാതെ നോക്കേണ്ടത് ദീപ്തിയുടെ കടമയാണ് ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ...ഇനിയൊരു കൂടിക്കാഴ്ചക്ക്‌ ഇടവരാതിരിക്കട്ടെ,,,മരുന്നിന്റെയൊ ട്രീറ്റ്മെന്റിന്റെയോ ആവശ്യം ഇനിയില്ല അതിനേക്കാൾ ഫലം ചെയ്യും ഒരാളുടെ കറപുരളാത്ത സ്നേഹം...

സന്തോഷമായിട്ട് പോകൂ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കൂടെയുണ്ടാവും..." ഡോക്ടർ അനുഗ്രഹം പോലെ പറഞ്ഞതും ദീപ്തിക്കുള്ളിൽ തണുപ്പ് വീണു... അവളുടെ ചൊടികൾ വിരിഞ്ഞു അതേ തെളിച്ചമുള്ള മുഖത്തോടെ തന്നെ അവൾ കാശിയുടെ അടുത്തേക്ക് പോയി... ഡോക്ടർ പറഞ്ഞ മുഴുവൻ കാര്യങ്ങളും കാശിയോട് പറയാതെ ഇനി ട്രീട്മെന്റിന്റെ ആവശ്യമില്ലെന്നും എന്റെ കാശ്യേട്ടൻ ഇപ്പോൾ പെർഫെക്ട് ഓക്കേയാണെന്നും പറഞ്ഞു തന്റെ സന്തോഷം അവനിലേക്കും പകർന്നു... ***** "താൻ ഇന്ന് നേരത്തെ ഇറങ്ങുമോ... " ശ്രുതിയെ ഓഫീസിനു മുന്നിൽ ഇറക്കികൊണ്ട് വിഷ്ണു ചോദിച്ചു... "ചിലപ്പോൾ വൈകും ഇന്നലത്തെ കുറച്ചു പെന്റിങ് വർക്സ് ഉണ്ട്... " ശ്രുതി തോളിൽ കിടന്ന ബാഗ് നേരെയിട്ടു.. "ഞാൻ വരണോ..." "വേണ്ടന്നേ,,ഇവിടുന്ന് നമ്മുടെ ജംഗ്ഷൻ വരെ കൂട്ടിന് ആളുണ്ട് അത് കഴിഞ്ഞു രണ്ടടി നടന്നാൽ പോരെ.. ഏട്ടൻ വെറുതെ ബുദ്ധിമുട്ടേണ്ട..." "ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ.. താൻ ഇറങ്ങുമ്പോൾ വിളിച്ചാൽ മതി.." വിഷ്ണു വീണ്ടും നിർബന്ധം പറഞ്ഞപ്പോൾ അവൾ എതിർക്കാൻ നിന്നില്ല..

അവനോട് യാത്ര പറഞ്ഞു അവൾ ഓഫീസിനകത്തേക്ക് കയറി... വിഷ്ണു കടയിലേക്ക് ചെന്ന് പുതിയ സാധനങ്ങളുടെ കണക്ക് എടുക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നത്.. നോക്കുമ്പോൾ സതീഷേട്ടനാണ്. ഈ നേരത്തൊരു വിളി പതിവില്ലാത്തതാണല്ലോ ഇനി ചേച്ചിക്ക് എന്തെങ്കിലും..!അവൻ വേഗം ഫോണെടുത്തു ചെവിയോട് ചേർത്തു... "വിഷ്ണു നീ പെട്ടന്നൊന്ന് സിറ്റി ഹോസ്പിറ്റൽ വരെ വന്നേ... സുജക്ക് പെട്ടന്നൊരു വേദന ഇവിടെ കൊണ്ടുവന്നപ്പോൾ ഇവർ എന്തൊക്കെയോ പറയുന്നുണ്ട് നിക്കൊന്നും മനസ്സിലാവുന്നില്ല കയ്യും കാലുമൊക്കെ തളരുവാണ് നീ പെട്ടന്നൊന്ന് വരാൻ നോക്ക്... " "സതീഷേട്ടൻ പേടിക്കേണ്ടാ ഞാനിതാ ഇറങ്ങി... " അയാളുടെ ശബ്‍ദത്തിലെ ഭയവും വേദനയും മനസ്സിലായ വിഷ്ണു സതീശനെ സമാധാനപ്പെടുത്തി കടയും അടച്ചു ഹോസ്പിറ്റലിലേക്ക് പാഞ്ഞു... ബൈക്ക് ഓടിക്കുന്നതിനിടയിൽ ഒന്ന് രണ്ട് തവണ ശ്രുതിയെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തിരുന്നില്ല... വിഷ്ണു ഹോസ്പിറ്റലിൽ എത്തിയത് റിസപ്ഷന്റെ അടുത്തേക്ക് ഓടി..

. "മേം ഇവിടെ കുറച്ചു മുന്നേ കൊണ്ടുവന്ന സുജാത.." അവൻ കിതച്ചു കൊണ്ട് ചോദിച്ചു.. "വിഷ്ണു ഇങ്ങോട്ട് വാ... " അവനെ കണ്ട സതീശൻ വിളിച്ചു പറഞ്ഞു... അയാളെ പറഞ്ഞതും വിഷ്ണു ധൃതിയിൽ അവിടേക്ക് നടന്നു... "ചേച്ചി.... " അവൻ അടഞ്ഞു കിടക്കുന്ന ലേബർ റൂമിന്റെ വാതിൽ കണ്ടു ചോദിച്ചു... "അകത്തുണ്ട്...കുറച്ചു കഴിഞ്ഞാൽ ഓപ്പറേഷന് കയറ്റും.. കുഞ്ഞിനെന്തോ അനക്കക്കുറവ് ഉണ്ടെന്ന്..." അയാൾ ടെൻഷനോടെ നെഞ്ചുഴിഞ്ഞു ഒഴിഞ്ഞു കിടന്ന ബെഞ്ചിലേക്കിരുന്നു... ബ്രേക്ക്‌ ടൈമിൽ വിഷ്ണു മൂന്നു നാല് മിസ്സ്ഡ് കാൾസ് കണ്ട ശ്രുതി ഫോണെടുത്തു അവനെ തിരികെ വിളിച്ചു... "ഹെലോ,, വിഷ്ണുവേട്ട എന്തായിരുന്നു വിളിച്ചത്.... " അവൻ ഫോണെടുത്തതും അവൾ ചോദിച്ചു.. "താൻ ആഫ് ഡേ ലീവ് എടുത്ത് അമ്മയേയും കൂട്ടി സിറ്റി ഹോസ്പിറ്റലിലേക്ക് വാ.. " "അതെന്താ വിഷ്ണുവേട്ടാ അവിടെ...? " ശ്രുതിക്കും ടെൻഷനായി.. "ചേച്ചിക്ക് പൈൻ വന്നു ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.. താൻ അമ്മയേയും കൂട്ടി വേഗം വാ അമ്മയോട് ഇവിടെ വന്നിട്ട് പറയാം ഇല്ലേൽ അമ്മയുടെ ബിപി കൂടും.... "

പറഞ്ഞുകൊണ്ട് വിഷ്ണു ഫോൺ കട്ട്‌ ചെയ്തതും അവൾ മേനേജരോട് കാര്യങ്ങൾ പറഞ്ഞു ആഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് ചെന്നു... സുധയോട് ഒരിടം വരെ പോവാനുണ്ടെന്ന് പറഞ്ഞു പെട്ടന്ന് റെഡിയാവാൻ പറഞ്ഞു.. ശ്രുതിയും ഇട്ടിരുന്ന ജീൻസും ടോപ്പും അഴിച്ച് ഒരു കോട്ടൺ ചുരിദാർ ധരിച്ചു... അറിയാവുന്ന ഓട്ടോക്കാരെ വിളിച്ചെങ്കിലും അവരാരും സ്റ്റാൻഡിൽ ഇല്ലെന്ന് പറഞ്ഞു...ഇനി കവലയിൽ ചെന്നാലേ ഓട്ടോ കിട്ടൂ... അവൾ സുധയേയും കൂട്ടി കവലയിലേക്ക് നടന്നു..കവലയിൽ ചെന്നപ്പോഴ് ഒരു ഓട്ടോ പോലും അവിടെ ഉണ്ടായിരുന്നില്ല... ശ്രുതി ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് കാശിയും ദീപ്തിയും കാറിൽ അതുവഴി വന്നത്.. ഹോസ്പിറ്റലിൽ പോയി ദീപ്തിയുടെ അമ്മയേയും പിള്ളേരേയും കണ്ട് മടങ്ങും വഴിയാണ് വഴിയിൽ നിൽക്കുന്ന സുധയെയും ശ്രുതിയേയും ദീപ്തി കാണുന്നത്...കാശിയോട് കാർ നിർത്താൻ പറഞ്ഞു കൊണ്ടവൾ അതിൽ നിന്നും ഇറങ്ങി... ദീപ്തി വരുന്നത് കണ്ടതും ശ്രുതി അവളെ നോക്കി ചിരിച്ചു..

സുധയുടെ ഉള്ളിൽ ഇപ്പോഴും അവളോട് കുറച്ചൊരു കുശുമ്പ് ഉണ്ടെങ്കിലും അവരെ ബോധിപ്പിക്കാൻ വേണ്ടി ചിരിച്ചെന്നു വരുത്തി.. ദീപ്തിക്ക് കാര്യം മനസ്സിലായെങ്കിലും അവൾ അത് കാണാത്തത് പോലെനിന്നു... "നിങ്ങളെന്താ ഇവിടെ നിൽക്കുന്നേ.. എവിടെയെങ്കിലും പോവാൻ നിൽക്കുന്നതാണോ...?" ദീപ്തി കാര്യം തിരക്കി... "അതേ ചേച്ചി സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് പോവേണ്ടതുണ്ട്.. ഇവിടെയാണേൽ ഒരു ഓട്ടോ പോലും ഇല്ല കുറച്ചു നേരമായി കാത്തു നിൽക്കുന്നു... " ശ്രുതിയുടെ മുഖം ദയനീയമായി.. "ഞങ്ങൾ അതുവഴിയാണ് പോവുന്നത് നിങ്ങൾ കയറ് അവിടെ ഇറക്കാം... " "അയ്യോ അതൊന്നും വേണ്ടാ ചേച്ചിക്ക് ബുദ്ധിമുട്ടാവും... " ശ്രുതി സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു... "നീ ഇങ്ങനെ പറയുന്നതാണ് എനിക്ക് ബുദ്ധിമുട്ട്.. കളിക്കാതെ കയറ് കുട്ടീ... വാ അപ്പച്ചി..." ശ്രുതിയോട് പറയുന്നതിനൊപ്പം അവൾ സുധയെയും കൂട്ടി കാറിനടുത്തേക്ക് നടന്നു...കാശിയോട് കാര്യം പറഞ്ഞപ്പോൾ അവൻ എതിർപ്പൊന്നും പറഞ്ഞില്ല... "ആരാണ് ഹോസ്പിറ്റലിൽ..? " ഡ്രൈവ് ചെയ്യുന്നതിനിടയിൽ കാശി ചോദിച്ചു..

"അത്.. അത് പിന്നെ... " ശ്രുതി മറുപടി പറയാൻ കഴിയാതെ കുഴങ്ങി... "ഞാനും ചോദിക്കാൻ ഇരിക്കുവായിരുന്നു ആരെ കാണാനാ നമ്മൾ പോവുന്നത്... " സുധ ശ്രുതിയെ നോക്കി നെറ്റി ചുളിച്ചു... "അമ്മേ... അമ്മ ടെൻഷൻ ആവില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം..." "വളച്ചു കെട്ടാതെ കാര്യം പറ പെണ്ണേ... " സുധക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു... "അത്.. പിന്നെ സുജേച്ചിക്ക് പെട്ടന്നൊരു ലേബർ പൈൻ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട് അവിടേക്കാണ് നമ്മൾ പോവുന്നത്.... " "അയ്യോ എന്റെ മോൾക്ക് എന്തുപറ്റി... " കേട്ടപാടെ സുധ കരച്ചിൽ തുടങ്ങി... "അമ്മേ കരയല്ലേ പേടിക്കാൻ മാത്രം ഒന്നുമില്ല... " "അപ്പച്ചി ടെൻഷൻ ആവാതെ നമ്മൾ അവിടേക്ക് തന്നെയല്ലേ പോവുന്നത്.. ഒരഞ്ചു മിനിറ്റ് കൂടെ കഴിഞ്ഞാൽ ഹോസ്പിറ്റൽ എത്തും... " കാശി പറഞ്ഞു... "ഡേറ്റ് ആയിരുന്നോ ചേച്ചിക്ക്.." ദീപ്തി ശ്രുതിയോടായി ചോദിച്ചു... "ഇല്ല,, ഇതിപ്പോ എട്ടാം മാസമല്ലേ... " "മോനേ കാശി ഒന്ന് വേഗം പോവുമോ.. ന്റെ മോള് ആകെ പേടിച്ചിരിക്കാവും..." സുധ കരച്ചിലിനിടയിൽ പറഞ്ഞു...അവരുടെ ഉള്ളിലെ ആധി കണ്ടപ്പോൾ കാശി കാറിന്റെ വേഗത കൂട്ടി... നിമിഷങ്ങൾക്കുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി ചേർന്നു... അവരോടൊപ്പം കാശിയും ദീപ്തിയും ഹോസ്പിറ്റലിനകത്തേക്ക് കയറി.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story