മഞ്ഞുരുകും കാലം : ഭാഗം 4

Manjurukumkalam

രചന: ഷംസീന

 ആൽത്തറയിൽ ദീപ്തിയെയും കാത്തിരിക്കുവാണ് വിഷ്ണു... എന്തിനായിരിക്കും അവൾ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞിട്ടുണ്ടാവുക.. ഇനി ഇന്നലെ ചോദിച്ചതിന് അനുകൂലമായൊരു മറുപടിയും ആയിട്ടാവുമോ അവളുടെ വരവ്.. അങ്ങനെയാണേൽ ഒരു നൂറ്റൊന്ന് തേങ്ങ ഞാൻ ആ തിരുനടയിൽ വന്നുടച്ചോളാമേ ഭഗവതി ... നടയിലേക്ക് നോക്കി കൊണ്ട് ഉള്ളിൽ പ്രാർത്ഥിച്ചു.. പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിക്കാൻ തുടങ്ങുമ്പോഴാണ് റോഡിലൂടെ നടന്നു വരുന്ന ദീപ്തിയെ കണ്ടത്... എടുത്ത സിഗരറ്റ് അത് പോലെ തന്നെ പോക്കറ്റിലേക്കിട്ടു ദീപ്തിയുടെ അടുക്കലേക്ക് നടന്നു... "ഒത്തിരി നേരായോ വന്നിട്ട്... " നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കൈ കൊണ്ട് തുടച്ചുനീക്കി ദീപ്തി വിഷ്ണുവിനെ നോക്കി ചോദിച്ചു.. "ഇല്ല.. കുറച്ച് മുന്നേ വന്നേ ഉള്ളൂ... " "മ്മ്.. അങ്ങോട്ട് പോവാം..പൊതു വഴിയിൽ നിന്ന് കൊണ്ടുള്ള സംസാരം ശെരിയാവത്തില്ല.." ദീപ്തി പറഞ്ഞപ്പോൾ വിഷ്ണു അവളേയും കൂട്ടി അമ്പലകുളത്തിനടുത്തേക്ക് നടന്നു.. "എന്തിനാ നീ കാണണമെന്ന് പറഞ്ഞത്... "

വിഷ്ണു ദീപ്തിയോട് ചോദിച്ചുകൊണ്ട് പടവിലേക്കിരുന്നു.. അവളും അവനടുത്തായി ഇരുന്നു.. വിഷ്ണു അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.. തന്നെ ദൂരെ നിന്നും കാണുമ്പോഴേക്കും ചുണ്ടിൽ പുഞ്ചിരിയുമായി വരുന്നവളുടെ മുഖത്തിന്ന് ഗൗരവമാണ്.. തനിക്കായി ആ ചൊടിയിൽ കുഞ്ഞു പുഞ്ചിരി പോലും ഇല്ല..തന്റെ മുന്നിൽ ഇരിക്കുന്ന ദീപ്തി തീർത്തും അപരിചിതയായൊരു വ്യക്തിയാണെന്നവന് അന്നേരം തോന്നി.. അത് ശെരിവെക്കും പോലെ ദീപ്തി അവനുള്ള മറുപടി നൽകി.. "വിഷ്ണുവേട്ടൻ എന്നെ മറന്നേക്കൂ.. നമ്മുടെ വിവാഹം ഒരിക്കലും നടക്കില്ല..." യാതൊരു മുഖവുരയും കൂടാതെയുള്ള ദീപ്തിയുടെ തുറന്ന് പറച്ചിലിൽ വിഷ്ണു ഞെട്ടി കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "നീയിതെന്താ പറയുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ ദീപ്തി... വിവാഹം നടക്കില്ല പോലും.." അമർഷത്തോടെ വിഷ്ണു പറഞ്ഞു... "ഞാൻ ബോധത്തോടെ തന്നെയാണ് പറയുന്നത് വിഷ്ണുവേട്ട.. ചേരേണ്ടവർ ആണ് ചേരേണ്ടത്.. ഞാൻ ഒരിക്കലും വിഷ്ണുവേട്ടന് ചേർന്നവളല്ല..മറന്നേക്കൂ എന്നെ."

"അങ്ങനെ മറക്കാൻ വേണ്ടിയാണോ നിന്നെ ഞാൻ എന്റെ മനസ്സിൽ പതിപ്പിച്ചത്...പറ... പറയാൻ.." വിഷ്ണു അലറിക്കൊണ്ട് ദീപ്തിയുടെ ഇരു ചുമലിലും പിടിച്ചുകുലുക്കി.. "എനിക്കറിയില്ല..കുട്ടികാലത്തു ആരോ എന്തോ പറഞ്ഞെന്ന് കരുതി അതെല്ലാം നടക്കണമെന്നുണ്ടോ... ഇല്ലല്ലോ..." ദീപ്തി അവന്റെ കൈകൾ തട്ടിമാറ്റി.. "ആരോ എന്തോ പറഞ്ഞെന്ന് അല്ലേ.. നിനക്കിതെന്താ പറ്റിയത്.. ഇന്നലെ വരെ ഇല്ലാത്ത മാറ്റം പെട്ടന്നൊരു സുപ്രഭാതത്തിൽ വന്നെന്നു പറഞ്ഞാൽ എനിക്കത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് ദീപ്തി.. ഇതൊന്നും നീയായിട്ട് പറയുന്നതല്ല.. നിന്നെക്കൊണ്ട് ആരോ പറയിപ്പിക്കുന്നതാണ്.." അവൾ പറഞ്ഞതത്രെയും വിശ്വസിക്കാൻ അവനപ്പോഴും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.. "പെട്ടന്നൊരു ദിവസം തോന്നിയതല്ല.. ഞാൻ കുറേ ദിവസമായി ഇതിനെ പറ്റി ആലോചിക്കുന്നു..ഇന്നലെയാണ് ഒരു തീരുമാനത്തിൽ എത്തിയത്..."

"ദീപ്തി.." ഒച്ചയിടറികൊണ്ടവൻ വിളിച്ചു.. വിഷ്ണുവിന്റെ നിറഞ്ഞ കണ്ണുകൾ അവളുടെ ഉള്ളൊന്നുലച്ചു... എന്നാൽ അതിനേക്കാൾ പതിന്മടങ് വേഗതയിൽ സുധ പറഞ്ഞ ഓരോ വാക്കുകളും ദീപ്തിയുടെ മനസ്സിലേക്ക് ഓടിയെത്തി...ഹൃദയം കല്ലാക്കി കൊണ്ടവൾ അവനെ നോക്കി... വേണ്ട വിഷ്ണുവേട്ട... ഇനി ഇതിനെ പറ്റിയൊരു സംസാരം ഇല്ല.. നമ്മുടെ വിവാഹം നടക്കില്ല എന്നുള്ളത് എന്റെ തീരുമാനം ആണ്. അതിനി ആര് പറഞ്ഞാലും മാറാനും പോവുന്നില്ല.. ഇനി ഈ ഒരു ആവശ്യവുമായി വിഷ്ണുവേട്ടൻ എന്റെ മുന്നിലേക്ക് വരരുത്.. അമ്മായി കാണിച്ചു തരുന്ന പെൺകുട്ടിയെ വിവാഹം ചെയ്യണം... ഇനിയൊരിക്കലും ഏട്ടന്റെ മനസ്സിൽ ഞാനെന്ന വ്യക്തിക്കൊരു സ്ഥാനവും ഉണ്ടാവാൻ പാടില്ല.. വിഷ്ണുവേട്ടനോട് വെറുപ്പുണ്ടായിട്ടല്ല ഇങ്ങനൊരു തീരുമാനം എടുത്തത്..ഈ കാലമത്രയും എന്റെ അച്ഛൻ ഒരാളുടെ മുന്നിലും തലതാഴ്ത്തിയിട്ടില്ല

ഇനി ഞാൻ കാരണം അങ്ങനൊരു സാഹചര്യം ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്..അതിനേക്കാളുപരി ഒരാളുടേയും ശാപം എന്റെ കുടുംബത്തിന്റെ മേൽ വീഴരുതെന്നും ആഗ്രഹമുണ്ട്.. അതുകൊണ്ട് പറയുവാണ്,,, ഞാനും വിഷ്ണുവേട്ടനുമായുള്ള ബന്ധം ഇന്നത്തോടെ അവസാനിച്ചു...ഇനി ഇതുപോലൊരു കൂടി കാഴ്ച ഉണ്ടാവാതിരിക്കട്ടെ... " വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞുകൊണ്ട് കയ്യിൽ അവൻ അണിയിച്ച വിഷ്ണു എന്ന പേര് കൊത്തിയ മോതിരം ഊരി കയ്യിൽ വെച്ചു കൊടുത്തു,,എന്നിട്ടവനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ തിരിഞ്ഞു നടന്നു.. നിറഞ്ഞു തുടങ്ങിയ കണ്ണുകളെ പുറത്തേക്കൊഴുകാൻ അനുവദിക്കാതെ കൈ കൊണ്ട് തുടച്ചുനീക്കി പാടവരമ്പിലേക്കിറങ്ങി.. എത്രയും പെട്ടന്ന് വീട്ടിലെത്താൻ ഉള്ളു തുടിച്ചു.. കാലുകൾ വേഗത്തിൽ മുന്നോട്ടെടുത്ത് വെച്ചുകൊണ്ട് ദീപ്തി വീട്ടിലേക്ക് ഓടി.. ****

ദീപ്തി പറഞ്ഞിട്ട് പോയ ഓരോ വാക്കുകളും വിഷ്ണുവിന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.. ഒരിക്കൽ പോലും അവളിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.. അത്രക്കും ഇഷ്ടം ആയിരിന്നു അവൾക്ക് തന്നെ.. തനിക്കും തിരിച്ചു അങ്ങനെ തന്നെയായിരുന്നല്ലോ.. ഇത്രയും വർഷത്തിനിടക്ക് മുഖം കറുത്തൊരു വാക്കുപോലും അവളോട് താൻ പറഞ്ഞിട്ടില്ല എന്നിട്ടും തന്നെ വേണ്ടാ എന്ന് വെക്കാൻ മാത്രം തക്ക എന്ത് പ്രശ്നമായിരിക്കും ഈ ഒരുരാത്രി കൊണ്ട് അവൾക്ക് ഉണ്ടായിട്ടുണ്ടാവുക.. ഇടയിൽ അമ്മയുടെ പേര് പറഞ്ഞിരുന്നു.. ഇനി അമ്മ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ.. മുടിയിൽ കൈ കൊരുത്തു വലിച്ചവൻ ഭ്രാന്തനെ പോലെ അലറി... അവളുടെ ഓർമ്മകൾ നെഞ്ച് കുത്തി കീറുന്നു എന്ന് തോന്നിയതും ബൈക്കും എടുത്തുകൊണ്ടു ബാറിലേക്ക് പോയി.. വേദനിപ്പിക്കുന്ന ഓർമകളെ ബോധം കെട്ടുറങ്ങാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ലല്ലോ.. ദീപ്തി വീട്ടിലെത്തിയതും ഉമ്മറത്തിരുന്ന അമ്മയുടെ മടിയിലേക്ക് വീണു പൊട്ടികരഞ്ഞു...

കുറച്ച് മാറി ഇരുന്ന് പഠിക്കുകയായിരുന്ന ദിവ്യയും ദീപുവും അവളുടെ അടുത്തേക്ക് വന്നു.. "ചേച്ചി... " ഇരുവരും സങ്കടത്തോടെ വിളിച്ചപ്പോൾ കരച്ചിൽ നിർത്തി ദീപ്തി അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റു.. ദീപുവിന്റെയും ദിവ്യയുടേയും മുഖത്തേക്ക് നോക്കിയപ്പോൾ ഇരുവരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. "ചേച്ചിക്ക് ഒന്നുല്ലെടാ മക്കളേ.. " അവരെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു ദീപ്തി വേഗം മുഖം തുടച്ചു.. "ഇത്രയും കാലം മനസ്സിൽ ഇട്ടു നടന്നതല്ലേ.. പെട്ടന്നൊരു ദിവസം അതെല്ലാം വേണ്ടെന്ന് വെച്ചപ്പോഴുള്ള വിഷമം അത്രേ ഉള്ളൂ.. രണ്ട് ദിവസം കഴിഞ്ഞാൽ അതങ്ങ് മാറും... ചേച്ചിടെ കുട്ട്യോൾ പോയിരുന്നു പഠിച്ചോ.. " ദീപ്തി പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ അവരവിടുന്നെഴുന്നേറ്റ് പോയി.. "ദീപ്തി.. " "എന്താ അമ്മേ.. അമ്മയും കുട്ട്യോളെ പോലെ തുടങ്ങിയോ...നിക്ക് ഒന്നുമില്ലെന്ന് പറഞ്ഞില്ലേ.. പിന്നെന്താ.. അച്ഛനെവിടെ.. ഉറങ്ങുവാണോ.." "അല്ല,,മുറിയിലുണ്ട്.." "ഞാനൊന്ന് കണ്ടിട്ട് വരാം.. " "നിനക്ക് ചായ എടുക്കട്ടെ.. " അകത്തേക്ക് നടക്കാൻ തുടങ്ങിയ ദീപ്തിയോട് അമ്മ ചോദിച്ചു..

"ഇപ്പൊ വേണ്ടമ്മേ.. ഒന്ന് കിടക്കട്ടെ,,, നല്ല തലവേദന.. " ദീപ്തി അകത്തേക്ക് പോയതുംഒരു നെടുവീർപ്പോടെ അവൾ പോയ വഴിയേ നോക്കി അമ്മ ഇരുന്നു.. എന്നായിരിക്കും ദേവി എന്റെ കുട്ടിയുടെ കഷ്ടപ്പാടുകൾ തീരുന്നത്.. നീ കാണുന്നില്ലേ അവളുടെ സങ്കടം. അതോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുവാണോ.. അവർ ദൈവത്തോട് പരിഭവിച്ചു.. ***** വിഷ്ണുവിന്റെ ബൈക്ക്‌ മുറ്റത്തേക്ക് കടന്നതും സുധ കണ്ടു കൊണ്ടിരുന്ന സീരിയലിന്റെ സൗണ്ട് കുറച്ച് സിറ്റൗട്ടിലേക്കിറങ്ങി.. ബൈക്ക് നിർത്തി വിഷ്ണു ആടിയാടി അകത്തേക്ക് കയറി.. "നീയൊന്ന് നിന്നേ അവിടെ.. " അകത്തേക്ക് കയറാൻ നിന്ന വിഷ്ണുവിനെ സുധ തടഞ്ഞു.. ഈർഷ്യയോടെ വിഷ്ണു തിരിഞ്ഞു നോക്കി.. "എപ്പോൾ മുതൽ തുടങ്ങി ഈ ശീലം... " "ഇന്ന് മുതൽ എന്തേ നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ.. അല്ലേലും എന്ത് പറയാൻ നിങ്ങൾ പറഞ്ഞതിന്റെ ഫലം ആണല്ലോ ഞാനിപ്പോൾ അനുഭവിക്കുന്നേ... " വിഷ്ണു അവിടെ ഉണ്ടായിരുന്ന ചൂരൽ കസേരയിലേക്കിരുന്നു.. അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ സുധ വിഷ്ണുവിനെ ചൂഴ്ന്നു നോക്കി..

"അവളേ എന്നെ വിട്ട് പോയി.. എന്നെ അവൾക്കിനി വേണ്ടാ എന്ന്.. എന്തായാലും നിങ്ങടെ പ്രാർത്ഥന ദൈവം കേട്ടു.. സന്തോഷമായില്ലേ നിങ്ങൾക്ക്... അർമാദിക്ക് ഇവിടെ കിടന്ന്... " "നീയിതെന്തൊക്കെയാ ഈ പറയുന്നേ.. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല... നിന്നേക്കാൾ കാശുള്ളവനെ കണ്ടപ്പോൾ അവൾ നിന്നേ ഉപേക്ഷിച്ചതാടാ.. അല്ലാതെ ഞാൻ ഒന്നും പറഞ്ഞിട്ടല്ല " ഉള്ളിലെ സന്തോഷം മറച്ചു പിടിച്ചു സുധ പറഞ്ഞു... "ഒന്നും അറിഞ്ഞില്ല അല്ലേ.. അമ്മ ഇന്നലെ അവിടെ പോയി പ്രശ്നം ഉണ്ടാക്കിയത് ദീപു എന്നോട് പറഞ്ഞു..അമ്മ ഇത്രക്കും തരം താഴ്ന്നു പോയോ.. ഒരാളെ അളക്കേണ്ടത് പണം കൊണ്ടല്ല മറിച്ചു അയാളുടെ ഉള്ളിലെ നന്മ കൊണ്ടാണ്.. അമ്മക്കിപ്പോഴത് മനസ്സിലാവില്ല കാലം അത് തെളിയിച്ചു തരും.." "ഇനി നീ എന്തൊക്കെ ഇവിടെ കിടന്നു അവളെ പറ്റി എത്ര തന്നെ പ്രസംഗിച്ചാലും ആ പിഴച്ചവളെ ഞാനിവിടേക്ക് കയറ്റില്ല..

എന്റെ വാക്കിനെ എതിർത്തു നീയതിനു മുതിർന്നാൽ എന്റെ ശവമായിരിക്കും നീ കാണുക.. ഓർത്തുവെച്ചോ.. " "അമ്മേ... " "പോയവൾ പോയി ഇനി അവളേയും ഓർത്ത് ഇവിടെ കള്ളും കുടിച്ചു കൂത്താടി വരാൻ ആണ് ഭാവമെങ്കിൽ ഈ സുധ ആരാണെന്ന് നീ അറിയും..നിന്നെ ഇത്രത്തോളം വളർത്തി വലുതാക്കാൻ എനിക്കറിയാമെങ്കിൽ നിന്റെ മറ്റുള്ള കാര്യങ്ങളും തീരുമാനിക്കാൻ എനിക്ക് അവകാശം ഉണ്ട്.. "നാളെ കഴിഞ്ഞ് മറ്റന്നാൾ നമ്മൾ സുജയുടെ വീട്ടിലേക്ക് പോവുന്നു..എത്രയും വേഗം കല്യാണം നടത്തണം.." "നടക്കില്ല അമ്മേ.. ദീപ്തിയെ മറന്ന് വേറൊരു പെണ്ണിനെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല..." വിഷ്ണു സുധയെ എതിർത്തു.. "കഴിയണം ഇല്ലേൽ വിവാഹം കഴിഞ്ഞു ഇതുവരേയും കൊച്ചുങ്ങൾ ആവാത്ത നിന്റെ പെങ്ങളെ അവരിവിടെ കൊടുന്നു തള്ളും.. നിനക്ക് നിന്റെ കൂടപ്പിറപ്പാണോ അതോ ആ ഭാഗ്യം കെട്ടവളാണോ വലുതെന്നു എനിക്കിപ്പോൾ അറിയണം.." "അമ്മേ..ഇതെന്റെ ജീവിതമാണ് അത് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്.."

"അല്ല..ഞാൻ ആണ് നിന്റെ അമ്മ ഞാൻ തീരുമാനിക്കും.. ഇത്രയും കാലം നീ അവളുടെ വാലിൽ തൂങ്ങി നടന്നപ്പോൾ ഞാൻ ഒന്നും തന്നെ പറഞ്ഞില്ലല്ലോ.. ഇനിയത് നടക്കില്ല...ഇനിയും ഈ വിവാഹത്തിന് നീ സമ്മതിച്ചില്ലെങ്കിൽ അമ്മയുടേയും കൂടപ്പിറപ്പിന്റെയും ചിതക്ക് തീ കൊളുത്താൻ തയ്യാറായിക്കോ.." ഉറച്ച ശബ്‍ദത്തിൽ പറഞ്ഞുകൊണ്ട് സുധ അകത്തേക്ക് കയറിപ്പോയി.. ഇനി മുന്നോട്ട് എന്ത് എന്നുള്ളത് ഒരു ചോദ്യചിന്നമായി അവന്റെ മുന്നിൽ നിന്നു.. ദീപ്തിയുടെ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു...അവളുടെ ചുണ്ടിലെ ചിരി അവന്റെ ഹൃദയം കീറിമുറിച്ചുകൊണ്ടിരുന്നു.. തലയുടെ പിന്നിലേക്ക് കൈകൾ പിണച്ചു കൊണ്ടവൻ കസേരയിലേക്ക് ചാഞ്ഞു കിടന്നു കണ്ണുകളടച്ചു..അപ്പോഴും തന്റെ പ്രിയപ്പെട്ടവളുടെ മുഖമായിരുന്നു ഉള്ളിൽ മിഴിവോടെ തെളിഞ്ഞു നിന്നിരുന്നത്............. തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story