മഞ്ഞുരുകും കാലം : ഭാഗം 40

Manjurukumkalam

രചന: ഷംസീന

ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ എത്തിയപ്പോൾ കണ്ട കാഴ്ച എല്ലാവരുടേയും കണ്ണ് നനയിച്ചു പക്ഷേ അത് സന്തോഷം കൊണ്ടാണെന്നു മാത്രം... റോസ് ടർക്കിയിൽ പൊതിഞ്ഞ പഞ്ഞിക്കെട്ട് പോലുള്ള കുഞ്ഞിനെ നഴ്സ് സതീശന്റെ കൈകളിലേക്ക് വെച്ചു കൊടുത്തു... "മോളാണ്... " നഴ്സ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... ആ കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങി മാറോടു ചേർത്തപ്പോൾ അയാളിലെ മനുഷ്യനെ പൂർണനാക്കിയതിലുള്ള സന്തോഷം മുഖത്തുണ്ടായിരുന്നു... തന്നിലെ അച്ഛന്റെ വാത്സല്യം നേർത്തൊരു ചുംബനമായി അയാൾ ആ പോന്നോമനയുടെ കവിളിൽ നൽകി... എല്ലാവരുടെ കണ്ണുകളും ആ കുരുന്നിൽ തങ്ങി നിന്നു... കുഞ്ഞി കൈ വിരലുകൾ ചുരുട്ടി പിടച്ചു ഇടക്കിടക്ക് ചുണ്ട് നുണഞ്ഞു ഞെരിപിരി കൊണ്ട് മിഴികൾ മൂടി കിടക്കുന്ന ഒരു കൊച്ചു സുന്ദരി... എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് കാശി സതീശന്റെ കയ്യിൽ നിന്നും ആ പൊന്നോമനയെ വാങ്ങി ...സന്തോഷം കൊണ്ടവന്റെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു.. ദീപ്തിയും നോക്കി കാണുകയായിരുന്നു അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ...

"ഇനി കുറച്ചു കഴിഞ്ഞു മോളെ കൊതി തീരെ കാണാം കേട്ടോ..." അടുത്തു നിന്നിരുന്ന നഴ്സ് കളിയായി പറഞ്ഞുകൊണ്ട് കാശിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അകത്തേക്ക് തന്നെ പോയി... വിഷ്ണു കാശിയുടെ അടുത്തേക്ക് വന്നു സംസാരിച്ചു... അവനോട് സംസാരിക്കുമ്പോഴും കാശിയുടെ കണ്ണുകൾ ഇടയ്ക്കിടെ പ്രതീക്ഷയോടെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നീളും... അത്രമേൽ അവന്റെ ഉള്ളിൽ ആ കുഞ്ഞു മുഖം ഇടം പിടിച്ചിരുന്നു... ഓപ്പറേഷൻ ആയത് കൊണ്ട് തന്നെ സുജയെ നാളെ രാവിലെയാണ് മുറിയിലേക്ക് മാറ്റുകയുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് ദീപ്തിയും കാശിയും അവരോട് യാത്ര പറഞ്ഞു അവിടുന്നിറങ്ങി... സുധ വളരെ സൗമ്യമായി ദീപ്തിയോട് പെരുമാറുന്നത് കണ്ട് വിഷ്ണുവിന്റെ കണ്ണും മനസ്സും നിറഞ്ഞു... കാരണം വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും സ്നേഹത്തിൽ സുധ ദീപ്തിയോടൊന്ന് സംസാരിക്കുന്നത് പോലും...

എന്തായാലും അമ്മക്ക് ദീപ്തിയോടുള്ള നീരസം മാറിയതിൽ അവനൊരുപാട് സന്തോഷം തോന്നി.... ***** "ഇതെന്തിനാ വെറുതെയിരുന്നു മഞ്ഞുകൊള്ളുന്നെ... " ഗാർഡനിലെ ബെഞ്ചിൽ തനിച്ചിരിക്കുന്ന കാശിയെ കണ്ട് ദീപ്തി അടുത്തേക്ക് വന്നു ചോദിച്ചു... അവളെ കണ്ടതും ചെറു ചിരിയോടെ അടുത്തിരിക്കെന്ന് ആംഗ്യം കാണിച്ചു... അവൾ അവനടുത്തായി വന്നിരുന്നതും തോളിലൂടെ കയ്യിട്ടു കൊണ്ടവൻ അവളെ തന്നിലേക്ക് ഒന്നുകൂടെ അടുപ്പിച്ചിരുത്തി... "എന്തോ കാര്യമായിട്ട് പറയാനുണ്ടല്ലോ.. വേഗം പറ എന്താണെന്ന്..." കാശിയുടെ പതിഞ്ഞ പെരുമാറ്റം കണ്ട് സംശയം തോന്നിയ ദീപ്തി കള്ളച്ചിരിയോടെ പറഞ്ഞു... അവൻ അവളെ നോക്കി കണ്ണുകൾ ചിമ്മി ചിരിച്ചു എന്നിട്ട് തന്റെ മനസ്സ് തുറന്നു... "എടോ ആ പൊടികുഞ്ഞിനെ ഞാൻ എടുത്തില്ലേ ശെരിക്കും മറക്കാൻ പറ്റാത്തൊരു ഫീൽ ആയിരുന്നു..

എന്ത് മൃദുലമാണെന്നോ അതിന്റെ കവിളുകൾ ഒരു മാലാഖയെ പോലെ..." കൊച്ചു കുട്ടികളെ പോലെ കണ്ണുകൾ വിടർത്തികൊണ്ടവൻ പറഞ്ഞു... "കാശ്യേട്ടന് വേണോ അതുപോലൊരു മാലാഖയെ..." ദീപ്തിയുടെ ചോദ്യം കേട്ടതും അവന്റെ മിഴികൾ ഒന്നുകൂടെ വിടർന്നു ചുണ്ടുകൾ വിരിഞ്ഞു... "താൻ എന്താ പറഞ്ഞത്... " വിശ്വാസം വരാത്തത് പോലെ അവൻ വീണ്ടും ചോദിച്ചു.. "ന്റെ കാശ്യേട്ടന് ദാ ഇവിടെ നിന്നും പകുത്തു തരട്ടെ അതുപോലൊരു രാജകുമാരിയെ... " തന്റെ ഉദരത്തിലേക്ക് കൈകൾ ചേർത്ത് വെച്ചു കൊണ്ട് ആർദ്രമായി അവൾ ചോദിച്ചു... അവന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ നീർത്തിളക്കം പൊടിഞ്ഞു... തന്റെ പാതിയെ ഇറുകെ പുണർന്നു കൊണ്ടവൻ തന്റെ സന്തോഷം പ്രകടിപ്പിച്ചു...അവളെ കൈകളിൽ കോരിയെടുത്തു മുറിയിലേക്ക് നടന്നു.. നാണത്താൽ ചുവന്നു തുടുത്ത മുഖം അവന്റെ നെഞ്ചിലേക്ക് ഒളിപ്പിച്ചു കൊണ്ടവളും കിടന്നു..

. "അച്ഛേടെ പൊന്ന് എന്നാ അച്ഛന്റെ അടുത്തേക്ക് വരുന്നത്... " അവളുടെ നഗ്നമായ ആലില വയറിലേക്ക് മുഖം ചേർത്ത് വെച്ചു കൊണ്ടവൻ ചോദിച്ചു... അവന്റെ താടി രോമങ്ങൾ വയറിൽ ഉരഞ്ഞതും അവളൊന്ന് പുളഞ്ഞു... അവന്റെ അധരങ്ങൾ അവളുടെ ഉദരത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടി... ***** സുജയുടെ കുട്ടിയുടെ നൂല് കെട്ടാണ് ഇന്ന്... വിഷ്ണുവിന്റെ വീട്ടിൽ സൗകര്യം കുറവായത് കൊണ്ടു അധികം ആളുകളെയൊന്നും വിളിക്കാതെ ചെറിയൊരു ചടങ്ങായി നടത്താനായിരുന്നു എല്ലാവരുടേയും തീരുമാനം... പ്രസവശേഷം സുജയുടെ സ്വഭാവത്തിലും കാര്യമായ മാറ്റം സംഭവിച്ചു... ശ്രുതിയോടും സുധയോടും ഇപ്പോൾ നല്ല രീതിയിലാണ് ഇടപെഴകുന്നത്... കുടുംബത്തിലെ പ്രശ്നങ്ങൾ ഏറെക്കൊറെ ഒഴിവായതിൽ വിഷ്ണുവിനും ആശ്വാസം തോന്നുന്നുണ്ട്... ചടങ്ങിന് ദീപ്തിക്കും കാശിക്കും ക്ഷണമുണ്ടായിരുന്നു...

കാശി ഒരു പൊന്നിന്റെ കൊലുസു വാങ്ങിയാണ് ചടങ്ങിന് പോയത്... സതീശന്റെയും സുജയുടെയും മടിയിൽ കസവു മുണ്ടുടുത്ത് കിടക്കുന്ന കണ്മണിയെ അവൻ കണ്ണെടുക്കാതെ നോക്കിയിരുന്നു... നൂല് കെട്ട് കഴിഞ്ഞു കുഞ്ഞിന്റെ ചെവിയിൽ പേര് വിളിച്ചു... എല്ലാവരും ആ കുരുന്നിനെ സ്വർണം കൊണ്ടു മൂടി... ഏറ്റവും അവസാനമാണ് കാശി തന്റെ സമ്മാനം കൊടുത്തത്.. അവൻ തന്നെ അത് ആ കുഞ്ഞി കാലിൽ അണിയിച്ചു കൊടുത്തു...കാശിയുടെ സൗമ്യമായ പെരുമാറ്റമെല്ലാം കണ്ട് ദീപ്തിയുടെ ഭാഗ്യമാണ് ഇതുപോലൊരു ഭർത്താവെന്ന് വന്ന കുടുംബക്കാരെല്ലാം അടക്കം പറഞ്ഞു...കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം സദ്യയും കഴിച്ചു കാശിയും ദീപ്തിയും തിരികെ മടങ്ങി... "ഞാനൊന്ന് കുളിച്ചിട്ടു വരാം വിഷ്ണുവേട്ടൻ കിടന്നോ... " രാത്രിയിൽ പണിയെല്ലാം ഒതുക്കി മുറിയിലേക്ജ് വന്ന ശ്രുതി വിഷ്ണുവിനെ നോക്കി പറഞ്ഞുകൊണ്ട് അലമാരയിൽ നിന്നും മാറിയുടുക്കാനുള്ളത് എടുത്തു..

"നേരമിത്രയും ആയില്ലേ ഇനിയിപ്പോ കുളിയൊന്നും വേണ്ടാ വന്നു കിടന്നേ.." വിഷ്ണു കിടന്നുകൊണ്ട് അവളെ വിളിച്ചു.. "അയ്യേ അപ്പിടി മുഷിപ്പാണ് ഞാൻ പെട്ടന്ന് വരാം.." "അതൊന്നും വേണ്ടാ നിന്റെ നാറ്റം ഞാൻ സഹിച്ചോളാം..." അവളെ പോകാൻ അനുവദിക്കാതെ കട്ടിലിലേക്ക് വലിച്ചിട്ടു കൊണ്ടു അവളുടെ മുകളിലേക്കവൻ കിടന്നു... "എത്ര നാളെയെടോ ഇങ്ങനെ ഒന്ന് തന്നെ അടുത്ത് കിട്ടിയിട്ട്..." അവൻ അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞുകൊണ്ട് നെറ്റിയിലെ വിയർപ്പ് തന്റെ ആദരങ്ങളാൽ ഒപ്പിയെടുത്തു... "വിഷ്ണുവേട്ടാ വേണ്ടാട്ടോ... " അവൾ കിടന്ന് കുതറി.. "വേണം മോളെ.. " അവൻ പതിയെ പറഞ്ഞു... അവളുടെ ഹൃദയം ക്രമാതീതമായി മിടിച്ചു കൊണ്ടിരുന്നു... അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും അവൻ അവളുടെ ചുവന്ന ചുണ്ടുകൾ കവർന്നെടുത്തതും ഒരുമിച്ചായിരുന്നു...

ദീർഘ നേരത്തെ ചുംബനത്തിനൊടുവിൽ ഒരു പേമാരിയായി അവൻ അവളിലേക്ക് പെയ്തു തോർന്നു... ****** "ഈ ചെക്കന്റെ ഒരുക്കം ഇതുവരേയും കഴിഞ്ഞില്ലേ.. കല്യാണത്തിന് പോകുവാണെന്നാണ് വിചാരം..." മല്ലികാമ്മ അരിശം പൂണ്ടു... "അവൻ ഇപ്പൊ വരും ചെറിയമ്മേ,,, നിങ്ങൾ രണ്ടാളും കാറിലേക്ക് കയറ്..." ദീപ്തിയോടും മല്ലികാമ്മയോടും പറഞ്ഞുകൊണ്ട് കാശി ഗോപുവിനെ വിളിക്കാനായി അകത്തേക്ക് പോയി... ഇന്ന് ദീപ്തിയുടെ അച്ഛന്റെ പിറന്നാളാണ്... മാഷ് മഠത്തിലേക്ക് പോയിട്ട് ആറ് മാസം പിന്നിട്ടു.. അസുഖം പൂർണമായും ഭേദമായി... ഇപ്പോൾ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ മാഷിന് എഴുന്നേറ്റു നടക്കാൻ സാധിക്കും.... അച്ഛന്റെ പിറന്നാളാണ് അതുകൊണ്ട് അദ്ദേഹത്തിന്റെ സന്തോഷത്തിന് വേണ്ടി മഠത്തിൽ ഇപ്രാവശ്യത്തെ പിറന്നാൾ ആഘോഷിച്ചോട്ടെ എന്ന് കാശി ചോദിച്ചപ്പോൾ വൈദ്യർ എതിർപ്പ് പ്രകടിപ്പിച്ചില്ല... അതുകൊണ്ട് ഒരു ചെറിയ കേക്കും അച്ഛനൊരു കസവു മുണ്ടും ഷർട്ടും വാങ്ങിച്ചു അങ്ങോട്ട് പോകുവാണ് എല്ലാവരും കൂടെ... "സുന്ദരന്റെ ഒരുക്കം ഇതുവരേയും കഴിഞ്ഞില്ലേ... "

കണ്ണാടിയിൽ നോക്കി പൗഡർ ഇടുന്ന ഗോപുവിനെ കണ്ട് കാശി ചോദിച്ചു.. "ദാ കഴിഞ്ഞു ഏട്ടാ... " അവൻ മുഖത്തെ പൗഡർ അമർത്തി തുടച്ചു കാശിയുടെ അടുത്തേക്ക് വന്നു.. "എങ്ങനെയുണ്ട് ഏട്ടാ കൊള്ളാമോ.. " "പിന്നെ ഈ കോലത്തിൽ പാടത്തു കൊണ്ട് നിർത്തിയാൽ കണ്ണ് തട്ടില്ല..." കുറുമ്പോടെ പറഞ്ഞുകൊണ്ട് കാശി അവനേയും കൂട്ടി താഴേക്ക് ചെന്നു... "എന്തുവാ മുഖത്തെല്ലാം വലിച്ചു വാരി തേച്ചേക്കുന്നെ ഈ മെനകെട്ട കോലത്തിലാണോ നീ പൊരുന്നേ....." മല്ലികാമ്മ അവനെ കളിയാക്കി... "ഏട്ടത്തി... " അവൻ കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി... "ചെറിയമ്മേ ഗോപൂട്ടനെ കളിയാക്കല്ലെ അവൻ ഇന്നെങ്കിലും കുളിച്ചു കുട്ടപ്പനായല്ലോ എന്ന് കരുതി ആശ്വസിക്ക്.." ദീപ്തിയും അവനെ കളിയാക്കി.. അതുകൂടെ കേട്ടതും ഗോപുവിനാകെ വിറഞ്ഞു കയറി.. എല്ലാവരോടും പിണക്കം നടിച്ചു കൊണ്ടവൻ ദീപ്തിയോടൊപ്പം ബാക്ക് സീറ്റിൽ കയറി...

കുറച്ചു സമയങ്ങൾക്കകം അവർ ദീപ്തിയുടെ വീട്ടിലെത്തി... അവരോട് ഇറങ്ങേണ്ട എന്ന് പറഞ്ഞു കാശി തന്നെ അമ്മയേയും പിള്ളേരേയും വിളിച്ചു കൊണ്ടുവന്നു... കടുംപച്ചയും വൈൻ കളറും കോമ്പിനേഷനിൽ വരുന്ന ദാവണിയിൽ ദിവ്യ അതീവ സുന്ദരിയായിരുന്നു.. കണ്ണിമ വെട്ടാതെ ഗോപു അവളുടെ സൗന്ദര്യം ആസ്വദിച്ചു... "മുഴുവൻ ചോരയും ഊറ്റി കുടിക്കുമോ...?" കാതരികിൽ ദീപുവിന്റെ സ്വരം കേട്ടതും അവനൊന്ന് പരുങ്ങി... "ചമ്മുകയൊന്നും വേണ്ടാ എനിക്ക് ഈ കാര്യം എന്നോ മനസ്സിലായതാണ്... " ദീപു ചിരി കടിച്ചു പിടിച്ചു കൊണ്ടു പറഞ്ഞു... "എന്റെ പൊന്നളിയാ നീ മുത്താണ്... " ഗോപു പരിസരം മറന്നു അവനെ കെട്ടിപിടിച്ചു... "കെട്ടിപിടിക്കലും ഉമ്മവെക്കലുമൊക്കെ പിന്നെ ഇപ്പോൾ രണ്ടാളും ഏറ്റവും പിറകിൽ പോയിരുന്നേ... " കാശി ശാസനയോടെ പറഞ്ഞതും ഇരുവരും പിറകിലെ സീറ്റിലേക്കിരുന്നു... ഗോപുവിന്റെ മുന്നിലായാണ് ദിവ്യ ഇരുന്നത്... അവനെ കണ്ടപ്പോഴേ അവൾ മുഖം വീർപ്പിച്ചു വെച്ചു.. വേറൊന്നും അല്ല അന്നത്തെ ആ പ്രശ്നം തന്നെ.. "ഈ പെണ്ണ് ചിരിക്കത്തില്ലേ... "

ഗോപു പിറുപിറുത്തു എന്നിട്ട് നേരെ നോക്കിയതോ ദീപുവിന്റെ മുഖത്തേക്കും... വീണ്ടും ചമ്മിയ ഗോപു അവനെ നോക്കി ഇളിച്ചു കാട്ടി... "സ്കൂളിന്റെ മുന്നിലുള്ള കറക്കം അധികം വേണ്ട കേട്ടോ പിള്ളേരെല്ലാം പൂവാല ശല്യം ആണെന്ന് പറഞ്ഞു പ്രിൻസിയോട് പരാതി കൊടുത്തിട്ടുണ്ട് മിക്കവാറും നാളെ മുതൽ അവിടെ സെക്യൂരിറ്റി ഗാർഡ്‌സ് ഉണ്ടാവും അവരുടെ കയ്യിൽ നിന്നും നല്ല ഇടി കിട്ടും അതും മൂക്കിനിട്ട് ... " ദീപു അവനെയൊന്ന് പേടിപ്പിക്കാനായി പറഞ്ഞു...എന്നാൽ ഗോപു അതത്ര വിശ്വാസത്തിൽ എടുത്തില്ലെങ്കിലും ഉള്ളിൽ ചെറിയൊരു പേടിതോന്നി...പിന്നീടവൻ ദിവ്യയുടെ ഭാഗത്തേക്ക് നോക്കിയതേ ഇല്ല.. അടങ്ങി ഒതുങ്ങി നല്ല കുട്ടിയായി ഇരുന്നു... ദീർഘ നേരത്തെ യാത്രക്കൊടുവിൽ അവർ മഠത്തിൽ എത്തിചേർന്നു...ആരോഗ്യത്തോടെ എഴുന്നേറ്റ് നടക്കുന്ന മാഷിനെ കാണാനുള്ള കൊതിയോടെ അവരെല്ലാം കാറിൽ നിന്നും ഇറങ്ങി...

വൈദ്യൻ അവരെ മാഷിന്റെ അടുത്തേക്ക്‌ കൂട്ടി കൊണ്ടു പോയി.. അവർ ചെല്ലുമ്പോൾ കാണുന്നത് അവിടെയുള്ള മറ്റു രോഗികളോട് സംസാരിച്ചിരിക്കുന്ന മാഷിനെയാണ്... അവരെ കണ്ടതും അദ്ദേഹം അടുത്തേക്ക് നടന്നു വന്നു... അച്ഛനെ ദീപ്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...ദീപുവും ദിവ്യയും ഓടിച്ചെന്നു മാഷിനെ കെട്ടിപിടിച്ചു... തിരികെ അവരേയും കെട്ടിപിടിച്ചു നെറുകയിൽ ഒരു ചുടു ചുംബനവും നൽകി മാഷ് രാധമ്മയുടെ അടുത്തേക്ക് ചെന്നു.. അവരേയും തന്നിലേക്ക് നിറ ചിരിയോടെ ചേർത്ത് പിടിച്ചു...നിശ്ചലയായി നിൽക്കുന്ന ദീപ്തിയുടെ അടുത്തേക്കദ്ദേഹം വന്നതും പൊട്ടിക്കരഞ്ഞു കൊണ്ടവൾ മാഷിനെ കെട്ടിപിടിച്ചു...

കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു...അത്രക്കും ആത്മബന്ധമായിരുന്നു ആ അച്ഛനും മകളും തമ്മിൽ... ഇത്രയും നാളത്തെ വിശേഷവും മറ്റും മാഷ് എല്ലാവരോടുമായി പങ്കുവെച്ചു.. ശേഷം കാശി കൊണ്ടുവന്ന കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ചു.... മഠത്തിലുള്ളവരുടെ സഹായത്തോടെ വൈദ്യർ അവർക്കായി ഒരു കുഞ്ഞു സദ്യ ഒരുക്കിയിരുന്നു... എല്ലാവരും ഏറെ നാളുകൾക്ക് ശേഷം സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ ഇരുന്നു കഴിച്ചു... കഴിച്ചു കഴിഞ്ഞതും പാട്ടും കാലാപരിപാടികളുമായി സമയം പോയി... ഇരുന്ന് മടുപ്പ് തോന്നിയ കാശി മഠം ചുറ്റി നടന്നു കാണുമ്പോഴാണ് മനസ്സിനെ പിടിച്ചുലക്കുന്ന ആ കാഴ്ച കണ്ടത്......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story