മഞ്ഞുരുകും കാലം : ഭാഗം 41

Manjurukumkalam

രചന: ഷംസീന

കഴിച്ചു കഴിഞ്ഞതും പാട്ടും കാലാപരിപാടികളുമായി സമയം പോയി... ഇരുന്ന് മടുപ്പ് തോന്നിയ കാശി മഠം ചുറ്റി നടന്നു കാണുമ്പോഴാണ് മനസ്സിനെ പിടിച്ചുലക്കുന്ന ആ കാഴ്ച കണ്ടത്... തളർന്നു കിടക്കുന്ന ചെറുപ്പക്കാരനെ നിർബന്ധിച്ചു കഞ്ഞി കുടിപ്പിക്കുന്ന നീലിമ...ഒരു നിമിഷം എടുത്തു അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ...കഞ്ഞി കൊടുത്ത് അയാളുടെ മുഖമെല്ലാം വൃത്തിയാക്കി തിരിഞ്ഞപ്പോഴാണ് വാതിലിനരികിൽ നിൽക്കുന്ന കാശിയെ അവൾ കണ്ടത്... പൊടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി വാ മൂടികൊണ്ടവൾ തന്റെ കരച്ചിലടക്കാൻ പാടുപെട്ടു... "നീലു താനെന്തിനാ കരയുന്നെ... " പെട്ടന്നുള്ള അവളുടെ കരച്ചിൽ കണ്ടിട്ടാവണം കട്ടിലിൽ കിടക്കുന്ന ചെറുപ്പക്കാരൻ വിളിച്ചു ചോദിക്കുന്നുണ്ട്... "ഒ.. ഒന്നുമില്ല വിശ്വ... ഞാനിപ്പോ വരാം..." പറഞ്ഞുകൊണ്ടവൾ വാതിൽ ചാരി പുറത്തേക്ക് വന്നു... കാശി അപ്പോഴും അവളെ കണ്ടതിന്റെ ഷോക്കിൽ തന്നെയായിരുന്നു... അവളടുത്തേക്ക് വന്നതും തെളിച്ചമില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു..

പഴയ കാര്യങ്ങളെല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു...തന്റെ സമനില തെറ്റിപോകുമോ എന്ന് തോന്നിയ നിമിഷം അവൻ ദീപ്തിയുടെ ചിരിക്കുന്ന മുഖം ഓർത്തെടുത്തു ഒരു ദീർഘ ശ്വാസം എടുത്തു...... നിമിഷങ്ങൾക്കുള്ളിൽ മനസ്സ് സാധാരണ പോലെയായതും വിയർത്ത മുഖം അമർത്തി തുടച്ചു കൊണ്ടവൻ മുന്നിൽ നിൽക്കുന്ന നീലിമയെ നോക്കി... "കാശിയെന്താ ഇവിടെ...? " പതിഞ്ഞ സ്വരത്തിലവൾ ചോദിച്ചു... "ഞാൻ.. എനിക്ക് വേണ്ടപ്പെട്ടൊരാൾ ഇവിടെ ഉണ്ട് അദ്ദേഹത്തെ കൊണ്ടുപോകാൻ വന്നതാണ്..." അവൻ പതർച്ചയോടെ മറുപടി പറഞ്ഞു.. "നീലിമ എന്താ ഇവിടെ,,, അകത്തു കിടക്കുന്നത് ആരാണ്...?" കാശി ചോദിച്ചതും തിരികെയൊരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.. ജീവിതത്തിൽ തോറ്റു പോയവളുടെ പുഞ്ചിരി....

"ഹസ്‌ബെൻറ് ആണ്... മാസങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റ് ഒരുപാട് ട്രീറ്റ്മെന്റ്സ് ഒക്കെ ചെയ്തു ജീവൻ മാത്രമേ തിരിച്ചു കിട്ടിയുള്ളൂ...ഞാൻ ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയായിട്ടായിരിക്കും ഇതുപോലൊരു വിധി കാലം എനിക്കായി കരുതി വെച്ചത്... അങ്ങനെ വിശ്വസിക്കാനാണ് ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും..." നിസ്സഹായതയോടെ പറയുന്നവളെ കാശി ദയനീയമായി നോക്കി...അത്രയും നേരം അവളോട് ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പുമെല്ലാം എങ്ങോ പോയ്‌ മറഞ്ഞതുപോലെ... "കാശ്യേട്ടാ... " ദീപ്തി വിളിക്കുന്നത് കേട്ടതും മുഖത്തെ ഗൗരവം വെടിഞ്ഞു കൊണ്ടവൻ തിരിഞ്ഞുനോക്കി... അതാരായിരിക്കും എന്ന സംശയത്തോടെ അടുത്തുനിന്ന നീലിമയുടെ കണ്ണുകൾ ചുരുങ്ങി.... കാശിയെ തിരഞ്ഞു വന്ന ദീപ്തി അവൻ ഒരു പെൺകുട്ടിയോടൊപ്പം നിൽക്കുന്നത് കണ്ടതും നടത്തത്തിന്റെ വേഗത കുറച്ചു... "പോവണ്ടേ ഇന്നിവിടെ കൂടാൻ ആണോ പ്ലാൻ..." കാശിയുടെ അടുത്തെത്തിയ ദീപ്തി നീലിമയെ നോക്കിയൊന്ന് ചിരിച്ച് കാശ്ശിയോടായി ചോദിച്ചു..

"പോവാലോ,,, താൻ നടന്നോ ഞാനിതാ വരുന്നു..." "വേഗം വരണേ... " അവൻ അവളുടെ തോളിലൊന്ന് തട്ടി അവിടുന്ന് പറഞ്ഞുവിട്ടു... അവനടുത്ത് നിൽക്കുന്നത് ആരായിരിക്കും എന്നറിയാനുള്ള ആഗ്രഹത്തോടെ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... തിരിഞ്ഞു നോട്ടം കണ്ട് കണ്ണുകൾ ചിമ്മി കൊണ്ടവൻ നോക്കി മന്ദഹസിച്ചു ...നാണത്തോടെ മുഖം വെട്ടിച്ചു കൊണ്ടവൾ അവിടെ നിന്നും നടന്നു നീങ്ങി... "എന്റെ വൈഫാണ് ദീപ്തി.." അവളെ തന്നെ നോക്കി നിൽക്കുന്ന നീലിമയെ നോക്കി കൊണ്ട് കാശി പറഞ്ഞു...അവളുടെ മുഖത്തെ ഭാവമാറ്റം കാശി വ്യക്തമായി തന്നെ കണ്ടിരുന്നു... "വിവാഹം കഴിഞ്ഞിരുന്നോ.." അവൾ വിശ്വാസം വരാത്തത് പോലെ ചോദിച്ചു... "മ്മ്..ആറ് മാസം കഴിഞ്ഞു...എന്നാൽ ശെരി ഞാൻ പോവുന്നു.. കുറച്ചു തിരക്കുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതാണ് എന്റെ നമ്പർ വിളിച്ചാൽ മതി..."

അവൻ പേഴ്സിൽ നിന്നും തന്റെ കാർഡ്‌ എടുത്തു അവളുടെ നേരെ നീട്ടി... ഒരു മടിയോടു കൂടെ അവളത് വാങ്ങി...കാശി പോവുന്നതും നോക്കി നഷ്ടബോധത്തോടെ അവൾ അവിടെ ഉണ്ടായിരുന്ന തൂണിലേക്ക് ചാരി നിശബ്‍ദമായി മിഴിനീർ വാർത്തു... ****** .തിരികെ വീട്ടിലേക്കുള്ള യാത്രയിൽ കാശിയാകെ അസ്വസ്ഥതനാണെന്ന് ദീപ്തിക്ക് തോന്നി... ഇപ്പോൾ എല്ലാവരും കൂടെയുള്ളത് കൊണ്ട് കാര്യം എന്താണെന്ന് ചോദിക്കാൻ പറ്റാത്ത അവസ്ഥയും എന്തായാലും വീട്ടിലേക്ക് എത്തട്ടെ എന്നവൾ തീരുമാനിച്ചു.. സന്ധ്യ കഴിഞ്ഞാണ് അവരെല്ലാം വീട്ടിലെത്തിയത്.. മാഷിന്റെ നിർബന്ധം കാരണം അന്ന് കാശിക്കും മറ്റുള്ളവർക്കും അവിടെ നിൽക്കേണ്ടി വന്നു... രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴമെല്ലാം കഴിച്ചു കഴിഞ്ഞതും കാശി തലവേദനയാണെന്ന് പറഞ്ഞു മുറിയിലേക്ക് പോയി...

അവന്റെ പിറകെ പോവാൻ തുനിഞ്ഞ ദീപ്തിയെ പിള്ളേരെല്ലാം കൂടെ അടുത്ത് പിടിച്ചിരുത്തി.. അവിടുന്ന് എങ്ങനെ രക്ഷപ്പെടും എന്നാലോചിച്ചു തലപ്പുണ്ണാക്കി ഇരിക്കുമ്പോഴാണ് ഉമ്മറത്ത് നിന്നും മാഷ് അവളെ വിളിച്ചത്... "മോളെ ദീപ്തി... " "ആ.. ദാ വരുന്നു അച്ഛാ... " അവൾ പിള്ളേരെ തട്ടിമാറ്റി മാഷിന്റെ അടുത്തേക്കോടി... കസേരയിൽ കാല് തിണ്ണയിലേക്ക് നീട്ടിവെച്ചിരിക്കുന്ന മാഷിന്റെ അടുത്തായി അവൾ ചെന്നിരുന്നു...അദ്ദേഹത്തിന്റെ കാലിൽ പതിയെ തലോടി കണ്ണുകൾ നിറച്ചു... "എന്തിനാപ്പോ കരയുന്നെ,, അച്ഛനിപ്പോൾ പഴയത് പോലെ എണീറ്റ് നടക്കാൻ തുടങ്ങിയില്ലേ അപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്.. കണ്ണ് തുടക്ക്.." അയാൾ വാത്സല്യത്തോടെ പറഞ്ഞതും അവൾ അദ്ദേഹത്തിന്റെ മടിയിലേക്ക് തലചായ്ച്ചു... "കാശി പഴയത് പോലെ ഭ്രാന്തമായ അവസ്ഥയിലേക്ക് പോവാറുണ്ടോ..അച്ഛനങ്ങനെ തോന്നുന്നില്ല എന്നാലും ഉള്ളിലൊരു ആധി......"

ഒരച്ഛന്റെ ആധിയോടെ അദ്ദേഹം ചോദിച്ചു... "ഇപ്പോൾ പഴയത് പോലെയൊന്നും അല്ല അച്ഛാ,,,ആൾക്ക് നല്ല മാറ്റമുണ്ട്,, മല്ലികാമ്മ പറയുന്നത് പോലെ ഇപ്പോഴാണ് മാണിക്യ മംഗലത്തെ കാശി നാഥൻ ആയത്..." നിറഞ്ഞ പുഞ്ചിരിയോടെ അവൾ പറയുന്നത് കേൾക്കെ അയാളുടെ മനസ്സും ശാന്തമായി... അച്ഛനോട് കിടക്കാൻ പോകുവാണെന്ന് പറഞ്ഞു അവൾ മുറിയിലേക്ക് പോയി... മുറിയുടെ വാതിൽ തള്ളി തുറന്നു അകത്തുകയറി ഇരുട്ടത്ത് കിടക്കുന്ന കാശിയെ നെറ്റി ചുളിച്ചൊന്ന് നോക്കിയിട്ട് മുറിയിൽ ലൈറ്റ് ഓൺ ചെയ്തു അവനടുത്തേക്ക് ചെന്നു...മുറിയിലെ വെട്ടം തെളിയിച്ചതോ അവൾ അരികിൽ വന്നു നിന്നതോ ചിന്തയിൽ ആണ്ടു കിടക്കുന്ന അവൻ അറിഞ്ഞിരുന്നില്ല... ഒരു നെടുവീർപ്പിട്ടു കൊണ്ടവൾ അഴിഞ്ഞുലഞ്ഞ മുടി വാരി ചുറ്റി അവനടുത്തായി കിടന്നു...ദീപ്തി അടുത്തുകിടക്കേണ്ട താമസം ഇരു കൈകൾ കൊണ്ടും വാരി പുണരുന്ന കാശി ഇന്ന് അനക്കമൊന്നും ഇല്ലാതെ കിടക്കുന്നത് കണ്ടവൾക്ക് അങ്ങേയറ്റം ദേഷ്യം വന്നു...

അവന്റെ നഗ്നമായ നെഞ്ചിലെ രോമകൂപത്തിൽ അവൾ ശക്തിയിൽ പിടിച്ചു വലിച്ചു... "ആഹ്.. എന്തുവാടി,, ഇങ്ങനെ നോവിക്കുന്നെ..." അവൻ ചാടി എഴുന്നേറ്റ് അവളുടെ നേരെ കണ്ണുരുട്ടി... "പിന്നെ എന്തുവേണം..!എത്ര നേരമായി ഞാനിവിടെ പാറപോലെ ഇരിക്കുന്നു നിങ്ങൾക്ക് വല്ല അനക്കവും ഉണ്ടായിരുന്നോ... " അവളും അവനെ നോക്കി തിരികെ കണ്ണുരുട്ടി പറഞ്ഞതും അബദ്ധം പിണഞ്ഞത് പോലെ അവൻ നെറ്റിയൊന്നുഴിഞ്ഞു അവളെ നോക്കി ചിരിച്ചു... പക്ഷേ ആ ചിരിക്ക് അത്ര തെളിച്ചമില്ലെന്നുള്ളത് ദീപ്തിയും ശ്രദ്ധിച്ചിരുന്നു... "ഞാൻ കണ്ടില്ലെടോ സോറി,, വാ.. " അവൻ ബെഡിലേക്ക് കിടന്നുകൊണ്ട് ഇടതു കൈ വിടർത്തി വെച്ചു അവളെ തന്നിലേക്ക് ക്ഷണിച്ചു... ആ ഒരു നിമിഷം പിണക്കമെല്ലാം മറന്നു കൊണ്ടവൾ അവന്റെ ഇടനെഞ്ചിലേക്ക് ചാഞ്ഞു... അവന്റെ ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ് കാതിൽ അലയടിച്ചതും അവൾ തന്റെ മനസ്സിലുള്ളത് ചോദിച്ചു... "കാശിയേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ...? "

"ദീപ്തി നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് നമ്മൾക്കിടയിൽ ഇതുപോലൊരു മുഖവുരയുടെ ആവശ്യമില്ലെന്ന്.." അവന്റെ ശബ്ദം കനത്തതും ചോദിക്കാൻ വന്നത് ചോദിക്കണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തിലായവൾ ... "ദീപ്തി.. " അവൻ ശബ്‍ദം കനപ്പിച്ചു വീണ്ടും വിളിച്ചതും അവൾ അവനിലേക്ക് ഒന്നുകൂടെ ചേർന്ന് കിടന്നു.... "ദാ ഇവിടെ അസ്വസ്ഥതമാക്കുന്ന എന്തോ ഒരു കരട് വീണു കിടപ്പുണ്ടല്ലോ...ഞാൻ മഠത്തിൽ നിന്നും ഇറങ്ങിയത് മുതൽ ശ്രദ്ധിക്കുവായിരുന്നു പോവുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹവും സന്തോഷവുമൊന്നും തിരികെ വരുമ്പോൾ ഉണ്ടായിരുന്നില്ലല്ലോ..?" ദീപ്തിയുടെ വിരലുകൾ അവന്റെ ഇടനെഞ്ചിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു...അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു... "ഞാൻ ആരെയാണോ കാണരുതെന്ന് ആഗ്രഹിച്ചത് അയാളെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു,,, പക്ഷേ അതൊരു സന്തോഷകരമായുള്ളൊരു കൂടിക്കാഴ്ചയായിരുന്നില്ല... ആ സമയം മുതൽ ആശാന്തമാണ് മനസ്സ്..."

പറഞ്ഞു കഴിഞ്ഞതും അവൻ ദീപ്തിയെ തന്നിലേക്ക് അമർത്തി പിടിച്ചു നെറുകയിൽ ചുണ്ടുകൾ അമർത്തി കിടന്നു... "നീലിമയെ ആണോ കണ്ടത്..." ദീപ്തി ചോദിച്ചതിന് അവനിൽ ബലമില്ലാത്തൊരു മൂളൽ മറുപടിയായി വന്നു... "കാശ്യേട്ട... " അവന്റെ മൂളലിലെ ഇടർച്ച മനസ്സിലാക്കിയ ദീപ്തി വെപ്രാളത്തോടെ എണീറ്റു അവനെ നോക്കി.... "എടോ അത് നീലിമയാണെന്ന് എന്റെ മനസ്സിപ്പോഴും അംഗീകരിക്കുന്നില്ല...കാലം മുന്നോട്ട് സഞ്ചാരിക്കുന്തോറും ഒരാൾക്ക് ഇത്രയും മാറ്റം സംഭവിക്കുമോ...നീലിമ എന്നോട് ചെയ്തതിന് എനിക്കവളോട് വെറുപ്പും ദേഷ്യവും ഉണ്ടായിരുന്നെങ്കിലും അവൾ നശിക്കണമെന്ന് ഞാൻ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ല...ഒരു പക്ഷേ അന്നത്തെ സാഹചര്യം എന്നെ ഉപേക്ഷിക്കാൻ ആവും അവളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക..എനിക്കതിൽ ഇപ്പോൾ തെല്ലു സങ്കടവും ഇല്ല സതോഷമേയുള്ളൂ അതിനേക്കാൾ വലിയൊരു നിധിയെയാണ് ദൈവം എനിക്ക് മുന്നിലേക്ക് വെച്ചുനീട്ടിയത്... പക്ഷേ എന്താണെന്നറിയില്ല ഇന്ന് എന്റെ മുന്നിൽ ഒന്നുമില്ലാതെ നിസ്സഹായതയോടെ നിൽക്കുന്ന നീലിമയുടെ ചിത്രം ഉള്ളിൽ ഒരു നോവായി മായാതെ അങ്ങനെ കിടപ്പുണ്ട്..." കാശി നീലിമയിൽ നിന്നും അറിഞ്ഞ കാര്യങ്ങളെല്ലാം ദീപ്തിയുമായി പങ്കുവെച്ചു...

ദീപ്തിക്കും നീലിമയുടെ കാര്യം അറിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി... "കാശ്യേട്ടാ,, ആ കുട്ടിയേ നമുക്കൊന്ന് സഹായിച്ചൂടെ..ചിലപ്പോൾ അതിന് ആരുടെയെങ്കിലും ഒരു കൈ താങ്ങായി വേണമെങ്കിലോ..." അവൾ അവന്റെ ദേഹത്തു നിന്നും അകന്നു മാറി കട്ടിലിൽ എഴുന്നേറ്റിരുന്നു... "തനിതെന്താ പറയുന്നേ..ഞാൻ എന്റെ കാര്യം താനുമായി ഷെയർ ചെയ്തെന്നെ ഉള്ളൂ അത് താൻ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയത് കൊണ്ട് മാത്രമാണ് അല്ലാതെ പഴയ ബന്ധം വീണ്ടും പൊടി തട്ടിയെടുക്കാൻ തന്നോട് അനുവാദം വാങ്ങിച്ചതല്ല..." അവൻ കുപിതനായി എഴുന്നേറ്റിരുന്നു... "എനിക്കറിയാം കാശിയേട്ടാ... എന്നെ മറന്നൊരു ജീവിതം ഇനി ഏട്ടന് ഉണ്ടാവില്ലെന്നും ആരേക്കാളും നന്നായി എനിക്കറിയാം.. പക്ഷേ ഒരു വിധത്തിൽ ആ കുട്ടിയുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു...നമ്മൾ തളർന്നു പോകുന്ന സമയത്ത് താങ്ങാനൊരു കൈതാങ്ങുമില്ലാതെ നിൽക്കുക എന്നുള്ളത് ഏറ്റവും വേദന നിറഞ്ഞൊരു കാര്യമാണ്..

അത് ഒരുപാട് അനുഭവിച്ച ഒരാളാണ് ഞാൻ അതുകൊണ്ട് തന്നെ ആ വേദനയുടെ ആഴം എത്രത്തോളം ആണെന്ന് എനിക്കറിയാം...അതുകൊണ്ട് ആ കുട്ടിയേ കണ്ട് അതിന് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കണം..അതുകൊണ്ട് നമുക്കൊരു ദോഷവും വരാൻ പോവുന്നില്ല..." അവൾ അവന്റെ കൈകൾ കവർന്നു ദയനീയമായ മുഖത്തോടെ പറഞ്ഞു... "എന്നാലും ദീപ്തി എനിക്കെന്തോ അത് ശെരിയായി തോന്നുന്നില്ല... " അവന്റെ ഉള്ളിൽ വീണ്ടും പഴയ കാര്യങ്ങൾ തികട്ടി വന്നു... എന്തോ ഒരു അപകടം എവിടെയോ ഒളിഞ്ഞിറുക്കന്നതായവന് അനുഭവപ്പെട്ടു... "ഒരു ശെരിക്കേടും ഇല്ല... എത്രയും പെട്ടന്ന് തന്നെ നീലിമയെ കാണുന്നു ശേഷം ആ കുട്ടിയുടെ പ്രശ്നങ്ങളും പരിഹരിക്കുന്നു...നമ്മൾ കാരണം ഒരാളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയല്ലേ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യം..." അവൾ അത്രയും ഉറപ്പോടെ പറഞ്ഞതും അവന് പിന്നീടതിനെ എതിർക്കാൻ കഴിഞ്ഞില്ല.. പൂർണ മനസ്സോടെ അല്ലെങ്കിലും അവളുടെ സന്തോഷത്തിന് വേണ്ടി കാശിയും സമ്മതം മൂളി.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story